ചിത്രീകരണം: ഇ. മീര

ഹെർബർട്ട് സ്പെൻസർ ഫാം

മൂന്ന്: ഹെർബർട്ട് സ്‌പെൻസർ ഫാം

ത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്തനായ ഇംഗ്ലീഷ് ഫിലോസഫറാണ് ഹെർബർട്ട് സ്‌പെൻസർ. അദ്ദേഹത്തിന്റെ നാമത്തിൽ തമിഴ്‌നാട്ടിലെ തിരുവണ്ണാമലക്കടുത്ത് പാട്ടമാളി എന്ന ഗ്രാമത്തിൽ ഒരു ഫാം ഉണ്ട്. രണ്ട് വൃദ്ധന്മാർ ചേർന്നാണ് അതു തുടങ്ങിയത്. ഫാദർ തെനാദിയറും ക്ലെമൻറ്​ പീറ്ററും. പ്രധാനി ഫാദർ തെനാദിയർ തന്നെ. സദാ നിശ്ശബ്ദനായ ക്ലെമന്റ് പീറ്റർ വെറുമൊരു അനുയായി മാത്രം. ജീവിതത്തിൽ ഇനിയുള്ള കാലം എവിടെയെങ്കിലും കൊത്തിക്കിളച്ചു ജീവിക്കണമെന്നു മാത്രമേ അദ്ദേഹം ആഗ്രഹിക്കുന്നുള്ളു.

പിന്നീട് രണ്ടുപേർ കൂടി രണ്ടുകാലത്തായി അവിടെ എത്തിച്ചേർന്നു. നിത്യസഞ്ചാരിയായ ഒരു മെഹമൂദും ഇരുമ്പുപണിക്കാരനായ ഒരു ജോസഫും. മെഹമൂദ് താരതമ്യേന യുവാവാണ്. വല്ലപ്പോഴും മാത്രമേ ഫാമിൽ ഉണ്ടാവുകയുള്ളൂ. അവരെ അവിടത്തെ അന്തേവാസികൾ എന്നോ അഭയാർത്ഥികൾ എന്നോ പറയാം. പിന്നെ അവിടെയുള്ള മനുഷ്യജീവികൾ തെനാദിയരുടെ രണ്ടു പരിചാരകരും അവർ പരിചരിക്കുന്ന അഞ്ച് ഉന്മാദികളുമാണ്. ആരാണ് പരിചാരകർ ആരാണ് ഉന്മാദികൾ എന്നു തിരിച്ചറിയാനാവുകയില്ല. എല്ലാവർക്കും കറുപ്പ് നിറത്തിലുള്ള ളോഹ പോലത്തെ ഒറ്റയുടുപ്പാണ്. തെനാദിയരുടെ വേഷവും കറുപ്പുടുപ്പു തന്നെ. സഭാവസ്ത്രം ഉപേക്ഷിച്ചതിനു ശേഷം അദ്ദേഹം രൂപകൽപ്പന ചെയ്തുണ്ടാക്കിയതാണ് അത്.

മനുഷ്യരല്ലാത്ത നിരവധി ജീവികളുണ്ട്. പലയിനം കോഴികൾ. ശബ്ദമുണ്ടാക്കുകയും മനുഷ്യരെ ആക്രമിക്കാനൊരുമ്പെടുകയും ചെയ്യുന്ന കൾക്കം എന്ന പക്ഷി. യജമാനനെ അനുസരിച്ചു ശീലമില്ലാത്ത കുറേ നായ്ക്കൾ. രാത്രിവാസത്തിനു ചേക്കേറുന്ന പക്ഷികൾ. മെഹമൂദിന്റെ മുളങ്കുടിലിലാണ് നായ്ക്കളും പക്ഷികളും പാർക്കുന്നത്. മെഹമൂദ് വരുന്ന ദിവസങ്ങളിൽ കുറഞ്ഞൊരു അസ്വസ്ഥതയോടെ അദ്ദേഹത്തെ അവർ സഹിക്കും.

കാട്ടൂർക്കടവിലെ ചെറുപുഷ്പം മിഷൻ ആശുപത്രിയിൽ തന്റെ അമ്മയുടെ രോഗശയ്യയിൽ നിന്നുള്ള ദിമിത്രിയുടെ പലായനം അവസാനിച്ചത് ഹെർബർട്ട് സ്‌പെൻസർ ഫാമിലാണ്. രണ്ടു ദിവസങ്ങൾ നീണ്ടു ആ യാത്ര. ഒരു പുലർച്ച നേരത്താണ് അയാൾ ഫാമിൽ എത്തിയത്. അവിടെ വന്ന് അയാൾ ജോസഫിനെ അന്വേഷിച്ചു. അവർ കോളേജിലെ സഹപാഠികൾ ആയിരുന്നു. കണ്ടപാടെ ജോസഫിനോട് അയാൾ പറഞ്ഞു:
"ജോസഫ്, എനിക്ക് കുറച്ചു സമയം കിടക്കണം.'
അയാൾ കിടന്നു. ആ കിടപ്പിൽ നിന്ന് പിറ്റേദിവസം പുലർച്ചക്കാണ് അയാൾ എഴുന്നേറ്റത്.

ആ സമയത്ത് മെഹമൂദ് തന്റെയൊരു ദീർഘയാത്ര കഴിഞ്ഞ് മടങ്ങി വന്നിരുന്നു. വെളുപ്പിന് അദ്ദേഹം ഫാമിലെ ഒരു വേപ്പുമരത്തിനു കെട്ടിയ തറയിൽ ഇരുന്ന് സൂര്യനെ പ്രാർത്ഥിക്കുന്നത് ദിമിത്രി കണ്ടു. വിചിത്രമായ ഒരു സംഗതി ആ വേപ്പുമരത്തെ ആരോ സാരിയുടുപ്പിച്ചിരുന്നു എന്നതാണ്. കൂടാതെ മരത്തിന്റെ ശിഖരങ്ങളിൽ പല നിറങ്ങളിലുള്ള സാരികൾ തൂക്കിയിട്ടിരുന്നു.

"ആ വൃക്ഷം ഉന്മാദികളുടെ ദൈവമാണ്.'
ജോസഫ് പറഞ്ഞു.

ധ്യാനിക്കുന്ന മെഹമൂദിന്റെ മുഖത്ത് ചെറിയൊരു മന്ദഹാസം ഉണ്ടായിരുന്നു. പക്ഷേ അയാളുടെ കണ്ണുകൾ വിഷാദം പ്രകടിപ്പിക്കുന്നുണ്ട്. സന്തോഷമാണോ സങ്കടമാണോ അനുഭവിക്കുന്നതെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. നീണ്ട താടിയുണ്ട്. മുടി പറ്റെ വെട്ടിയതായിരുന്നു. കുഴിഞ്ഞ കണ്ണുകളുള്ള മെലിഞ്ഞു നീണ്ട ഒരു മനുഷ്യൻ. അയഞ്ഞ ചാരനിറമുള്ള പാത്താൻ വസ്ത്രങ്ങളാണ് അയാൾ ആ സമയത്ത് ധരിച്ചിരുന്നത്. ടി.വി.യിൽ കാണാറുള്ള അഫ്ഗാൻ തീവ്രവാദികളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ വേഷം. പക്ഷേ മെഹമൂദ് ഒരു സന്യാസിയാണെന്ന് ജോസഫ് പറഞ്ഞു. അദ്വൈത ദർശനത്തെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ മഠം അയാളെ പുറത്താക്കിയിരിക്കുയാണ്.

ദിമിത്രി പുറത്തേക്കു നോക്കി. ഒരു നീല ആവരണം പോലെയാണ് ഉദിച്ചു വരുന്ന വെയിൽ പാട്ടമാളിക്കു മേൽ വീണു കിടക്കുന്നത്. ഗ്രാമത്തിന്റെ അതിരുകൾ കുറേ കുന്നുകളാണ്. കരിങ്കല്ലുകൾ അശ്രദ്ധമായി കൂട്ടിയിട്ടതു പോലെയാണ് കുന്നുകൾ. താഴ്വാരത്തെ വയലുകളിൽ തുവരയും ചോളവും വളരുന്നു. കുറേ സ്ഥലത്ത് ചെണ്ടുമല്ലിപ്പൂക്കൃഷിയുണ്ട്. പിന്നെ മരങ്ങൾ അവക്ക് തോന്നിയ പോലെ വളർന്നു നിൽക്കുന്ന കുറേ കാട്ടുപറമ്പുകൾ. അതിൽ ഒരിടത്താണ് ഹെർബർട്ട് സ്‌പെൻസർ ഫാം.

ഒരു കുഴൽക്കിണറിനെ ആശ്രയിച്ചുള്ള ചില വിളകളാണ് അവിടെയുള്ളത്. കോവൽ, പാവൽ തുടങ്ങിയവക്കുള്ള പന്തലുകൾ. പലതും ഒഴിഞ്ഞുകിടക്കുന്നു. താഴെ വയലിനോട് ചേർന്ന തട്ടുകളിൽ ചീരയും തുവരയും കൊത്തമല്ലിയുമുണ്ട്. പിന്നെ നാലഞ്ചു കുടിലുകൾ. മഹാത്മജി ദക്ഷിണാഫ്രിക്കയിലെ ടോൾസ്റ്റായി ഫാമിൽ ചെയ്തതുപോലെ വിവിധയിനം പഴങ്ങൾ കൃഷി ചെയ്യാനാണ് തെനാദിയർ ആദ്യഘട്ടത്തിൽ. ശ്രമിച്ചത്. മാവ്, പ്ലാവ്, സപ്പോട്ട, പേരക്ക, ഓറഞ്ച്, ചെറി, മുന്തിരി എന്നിങ്ങനെ. അതിൽ പിഴവു പറ്റി. പല ഫലങ്ങളും അവിടത്തെ മണ്ണിന് യോജിച്ചതായിരുന്നില്ല. മാത്രമല്ല ചിലത് ദീർഘകാല വിളകൾ ആയിരുന്നു. കായ്ക്കാൻ പത്തും ഇരുപതും കൊല്ലം ആവശ്യമുള്ളത്. വരുമാനമൊന്നുമില്ലാതെ തെനാദിയർ വിഷമിച്ചു.

നേരത്തേ ഗാന്ധി ഏറ്റെടുത്തതുകൊണ്ടു മാത്രമാണ് തെനാദിയർ തന്റെ ഫാമിന് ടോൾസ്റ്റോയിയുടെ പേരിടാഞ്ഞത്. മികച്ചൊരു വായനക്കാരൻ, അതും നോവൽ വായനക്കാരൻ ആയ തെനാദിയർ ലിയോ ടോൾസ്റ്റോയിയുടെ വലിയ ആരാധകനാണ്. "ഉയിർത്തെഴുന്നേൽപ്പ്' എന്ന നോവലിലെ ഒരു ലഘുപരാമർശത്തിൽ നിന്നാണ് അദ്ദേഹം ഹെർബർട്ട് സ്‌പെൻസറെ കണ്ടെടുത്തത്. സ്വകാര്യസ്വത്തിനെക്കുറിച്ചുള്ള സ്‌പെൻസറുടെ നിലപാടുകൾ അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. സ്വകാര്യസ്വത്ത് പാപമാണെന്ന് തെനാദിയർ കരുതി. "ദൈവത്തോടു ചെയ്യുന്ന വലിയ നീതികേടാണ് അത്.' അദ്ദേഹം സദാ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ കേരളത്തിലെ ഏതൊരു സുറിയാനി സഭാപാതിരിയേയും പോലെ അദ്ദേഹം കാൾ മാർക്‌സിന്റെ കടുത്ത വിരോധിയുമായിരുന്നു.

ഏറെ അലച്ചിലിനു ശേഷമാണ് ദിമിത്രി ഫാമിൽ എത്തിയത്. ചെറുപുഷ്പം ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരുന്നു. കോവണിപ്പടികൾ ഇറങ്ങി ഇരുണ്ട ഇടനാഴിയിലൂടെ വേഗത്തിൽ നടക്കുമ്പോൾ ഒരു ശബ്ദം കേട്ടു. ഒരു ചോദ്യം:"നീ എവിടേക്കാണ്?'
വിളക്കുപിടിച്ചു നിന്ന് മണവാട്ടി സിസ്റ്റർ ചോദിക്കുകയാണ്.

മറുപടി പറയാൻ നിന്നില്ല. വേഗം നടന്ന് റോഡിലെത്തി. ബസ് സർവ്വീസ് നിലച്ചിരുന്നു. ഓട്ടോറിക്ഷകളും ഇല്ല. കാട്ടൂർക്കടവിൽ നിന്ന് പുറത്തു കടക്കണം എന്ന വാശിയിൽ അയാൾ തൃശൂർ പട്ടണം വരെ നടന്നു. ഏതാണ്ട് ഇരുപതു കിലോമീറ്റർ ദുരമുണ്ട്. അവിടെന്ന് തീവണ്ടിയും ബസ്സും മാറിക്കയറി തിരുവണ്ണാമലയിൽ എത്തുമ്പോൾ രണ്ടുദിവസം പിന്നിട്ടിരുന്നു. സ്റ്റേഷനിലെ സിമന്റു ബഞ്ചിൽ ഇരുന്നു. കിടന്നാൽ ചിലപ്പോൾ ബോധംകെട്ട് ഉറങ്ങി പോകുമെന്ന് അയാൾ ഭയന്നു. യാത്രാക്ഷീണവും ഉറക്കബാക്കിയും അയാളെ ഏതാണ്ട് ഉന്മാദത്തിന്റെ വക്കിൽ എത്തിച്ചിരുന്നു.

അപ്പോൾ നേരം പുലർന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു. എവിടെന്നോ മണ്ണുവേവുന്ന പോലെ ഒരു മണം വന്നപ്പോൾ അയാൾ എഴുന്നേറ്റു നിന്നു ശ്വസിച്ചു. ശ്മശാനത്തിൽ നിന്നുള്ള ഗന്ധമാണോ? അപ്പോഴേക്കും പലവിധ ഗന്ധങ്ങൾ വന്ന് സ്റ്റേഷനിൽ കൂടിക്കലർന്നു. വെജിറ്റേറിയൻ സ്റ്റാളിൽ നിന്ന് ദോശ വേവുന്ന മണം. സ്ത്രീകൾ മുടിയിൽ ചൂടിയിരിക്കുന്ന മുല്ലപ്പൂവിന്റ മണം. ഏതോ ഒരു വണ്ടിക്കു സമയമായിട്ടുണ്ടെന്നു തോന്നുന്നു. ആളുകൾ സ്റ്റേഷനിൽ നിറഞ്ഞു. സ്ത്രീകൾ ഒച്ചവെച്ചു. തൊട്ടടുത്ത ബഞ്ചിലിരുന്ന് ഒരു സ്ത്രീ കുഞ്ഞിനു മുലകൊടുക്കുന്നുണ്ടായിരുന്നു. മുലപ്പാലിന്റെ നേർത്ത മണം പരന്നു.

അവിടെയിരുന്ന് അയാൾ തന്നോടു തന്നെ ചോദിച്ചു:"എന്തിനാണ് നിങ്ങൾ അമ്മ കിടക്കുന്ന ആശുപത്രിയിൽ നിന്ന് പാഞ്ഞു പോന്നത്?'

"ജീവിതത്തിൽ ചില ഒളിച്ചോട്ടങ്ങൾ ആവശ്യമുണ്ട്.'

"എന്നു വെച്ചാൽ?'

"ആമയേപ്പോലെ ആവശ്യാനുസരണം ഉൾവലിയാൻ മനുഷ്യർക്ക് ആവില്ലല്ലോ. പാമ്പ്, കീരി, പഴുതാര എന്നിങ്ങനെ വെളിപ്പെടാൻ അവകാശമില്ലാത്ത ചില ജീവികളുണ്ട്. അത്തരം ഒരു ജീവിയാണ് ഞാൻ. വെളിച്ചത്ത് കണ്ടാൽ സമൂഹം എന്നെ ചോദ്യം ചെയ്യും.'

അയാൾ ഫേസ്ബുക്ക് തുറന്ന് കെ. എന്ന എഴുത്തുകാരൻ പി.കെ.മീനാക്ഷിയെക്കുറിച്ച് എഴുതിയ ചരമക്കുറിപ്പ് വായിച്ചു. സാമാന്യം ദീർഘമായ ഒരു ലേഖനം തന്നെയായിരുന്നു അത്. "ജീവിതം എന്ന പോരാട്ടം.' ചരമോപചാര പ്രസംഗങ്ങളിലെ മരവിച്ച വാക്കുകൾ. അയാൾക്ക് അവജ്ഞതോന്നി. പതിവുപോലെ പോസ്റ്റിനു കീഴെ ഡി. കാട്ടൂർക്കടവ് എന്ന പ്രൊഫൈൽ ഉപയോഗിച്ച് അയാൾ കമന്റ് ചെയ്തു:"കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു ബലിമൃഗമായിരുന്നു ആ പാവം സ്ത്രീ. കള്ളക്കണ്ണീരുകൊണ്ട് അവരെ ഇനിയും അപമാനിക്കരുത്.'

സ്റ്റേഷനു പുറത്ത് കടന്ന് അയാൾ ജോസഫ് താമസിക്കുന്ന പാട്ടമാളി എന്ന ഗ്രാമം അന്വേഷിച്ചു. കുറേ ദൂരമുണ്ടായിരുന്നു അവിടേക്ക്. നാലഞ്ചു മരങ്ങളുടെ തണലിൽ ഒരു ടീഷാപ്പിനെ ചുറ്റിപ്പറ്റി നിൽക്കുന്ന കവലയിൽ അയാൾ എത്തി.

"ഇതാൻ പാട്ടമാളി.'

വെറ്റിലക്കറ പറ്റിയ പല്ലുകൾ കാണിച്ച് ചിരിച്ച് ഒരു വൃദ്ധൻ ശരിവെച്ചു. അദ്ദേഹത്തിന്റെ നരച്ചു വെളുത്ത കൊമ്പൻ മീശയിലേക്ക് നോക്കിക്കൊണ്ട് ജോഷി ചോദിച്ചു:"ഹെർബർട്ട് സ്‌പെൻസർ ഫാം?'

"അത് തെരിയാത്.' ഒരു മയവുമില്ലാതെ വൃദ്ധൻ പറഞ്ഞു.

അപ്പോൾ ദിമിത്രി ശരിക്കും അമ്പരന്നു. ഈ ഓട്ടപ്പാച്ചിലിൽ മുഖ്യ ആവലംബം നഷ്ടമാവുകയാണോ? കീശയിൽ കരുതിയ കടലാസ് അയാൾ ഒരിക്കൽ കൂടി വായിച്ചു. ജോസഫ്, ഹെർബർട്ട് സ്‌പെൻസർ ഫാം, പാട്ടമാളി, നിയർ തിരുവണ്ണാമലെ. ഓർമ്മയിൽ നിന്ന് താൻ തന്നെ കടലാസിൽ പകർത്തിയതാണ്. ഓർമ്മ പിഴച്ചിട്ടുണ്ടെങ്കിൽ ഈ കടലാസിന് പ്രസക്തിയില്ല.

പക്ഷേ ടീഷാപ്പിനു ചുറ്റും കൂടിയിരിക്കുന്ന മനുഷ്യർ ഗൗരവത്തിൽ കൂടിയാലോചിക്കാൻ തുടങ്ങി. അവർ തമ്മിൽ ഉച്ചത്തിൽ തർക്കിച്ചു. ആ തർക്കം മനസ്സിലാക്കാനുള്ള തമിഴ് ദിമിത്രിക്ക് വശമുണ്ടായിരുന്നില്ല. എല്ലാവരും വൃദ്ധന്മാരാണ്. കറുത്തു മെലിഞ്ഞവർ. എല്ലാവർക്കും നരച്ച കൊമ്പൻ മീശയുണ്ട്. മുഷിഞ്ഞു മങ്ങിയ വെള്ളവസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു. നിലത്ത് കുന്തുകാലിൽ ഇരുന്ന ഒരാൾ തെല്ല് പ്രയാസപ്പെട്ട് എഴുന്നേറ്റു. അടുത്തുവന്ന് അയാൾ ചോദിച്ചു:"അന്ത മലയാളത്തുക്കാരൻ പാതരിയാരോട വിടാ?'
ദിമിത്രി മറുപടി പറഞ്ഞില്ല. പക്ഷേ അയാൾ മുന്നോട്ട് നടന്ന് പറഞ്ഞു:"വാങ്ക.'

ദിമിത്രി അദ്ദേഹത്തിനു പിറകെ നടന്നു. വല്ലാത്ത രൂപമാണ് ആ മനുഷ്യന്റെ. നല്ല ഉയരമുണ്ട്. ശരീരത്തിന് ആനുപാതികമല്ലാത്ത നീണ്ടകാലുകൾ. അതുകൊണ്ട് നടക്കുമ്പോൾ ചെരിയുന്നു. ഒടിഞ്ഞു വീഴും എന്നു തോന്നും."നീങ്ക കേരളാവിലിരുന്ത് വർറീങ്കളാ?' അദ്ദേഹം ചോദിച്ചു.

ദിമിത്രി തലയാട്ടി.

"എങ്ക തലൈവർ വേദനായകത്തെ ഉങ്കളുക്കു തെരിയുമാ?'
വൃദ്ധൻ വീണ്ടും ചോദിച്ചു.

ദിമിത്രി മറുപടി പറഞ്ഞില്ല.

"വേദനായകത്തുക്ക് തെരിയാത മൊഴിയില്ലെ. അവരുക്കു തെരിയാത വിസയമില്ലെ. സിനിമാനടികൻ സൂര്യ തെരിയുമാ? അവര് ഇങ്കേ വന്ത് വേദനായകം വീട്ടിൽ തങ്കിയിരുക്കാര്. വേദനായകത്തോട നൺപര് താ നീങ്ക കേക്കുറ പാതിരിയാര്.'
വൃദ്ധൻ വർത്തമാനത്തിലേക്കു കടന്നു:

പാട്ടമാളിയിൽ ആദ്യമായി കുഴൽക്കിണർ കുഴിച്ചത് ഈ പാതിരിയാണ്. അതുകണ്ട് തലൈവർ വേദനായകവും ഒരുപാട് കിണറുകൾ കുഴിച്ചു. അങ്ങനെ വരണ്ടു കിടന്നിരുന്ന ഈ പ്രദേശങ്ങളിലെല്ലാം കൃഷി ആരംഭിച്ചു. അക്കാലത്ത് ഓരോ ചന്തക്കും ഫാമിൽ നിന്ന് വണ്ടിക്കണക്കിന് മലക്കറികൾ പോകാറുണ്ട്. ഇപ്പോൾ പാതിരിക്ക് കൃഷിയിൽ വേണ്ടത്ര ശ്രദ്ധയില്ല. എവിടെന്നൊക്കെയോ കുറേ ഭ്രാന്തന്മാരെ കൊണ്ടുവന്നു നിർത്തി ചികിത്സിക്കുകയാണ്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ഭ്രാന്തന്മാർ ധരിക്കുന്നത്. ഇടക്ക് അവിടെന്ന് അവരുടെ കൂക്കുവിളിയും കരച്ചിലും കേൾക്കാറുണ്ട്.

കാടുകൾക്കിടയിൽ തെളിഞ്ഞു കണ്ട ചെറുവഴിയിലൂടെയായിരുന്നു നടത്തം. ഒരു ചെറിയ വയൽ പിന്നിട്ടു. വളർന്ന ചോളങ്ങൾക്കിടയിൽ നിന്ന് കറുത്ത മനുഷ്യർ എത്തി നോക്കി.

"ഇത് താ അന്ത പാതിരിയാരോട ഇടം.'
വഴികാട്ടിയായ വൃദ്ധൻ പറഞ്ഞു.

"ആ കാരണവർ പറഞ്ഞ ഭ്രാന്തന്മാരിൽ ഒരാളാണ് ഞാൻ.'
അങ്ങനെ പറഞ്ഞ് ജോസഫ് തന്റെ താടിയുഴിഞ്ഞ് ചിരിച്ചു.

നീണ്ട നാൽപ്പതു വർഷങ്ങൾക്കു ശേഷമായിരുന്നു അവരുടെ കൂടിക്കാഴ്ച. ആദ്യവട്ടം തമ്മിൽ കാണുമ്പോൾ ജോസഫ് മൂന്നാം വർഷത്തെ ഡിഗ്രി ക്ലാസിൽ പഠിക്കുകയായിരുന്നു. രണദിവെ പ്രീഡിഗ്രിക്കും. ജോസഫ് ദ ബ്ലാക്ക് സ്മിത്ത് എന്ന പേരിൽ കോളേജ് മാഗസിനിൽ കവിതയെഴുതിയിരുന്ന കാലത്തെ രൂപത്തിൽ നിന്നും അയാൾ വല്ലാതെ മാറിയിരിക്കുന്നു. പല ജന്മങ്ങൾ കൊഴിഞ്ഞു പോയ ഒരു ഉണക്കമരം പോലെയായി. ഒരു കൈക്ക് സ്വാധീനക്കുറവുണ്ട്. നരച്ചും കരുവാളിച്ചും പല്ലുകൾ കൊഴിഞ്ഞും പടുവൃദ്ധനേപ്പോലെ തോന്നും. ദിമിത്രിയും ഏറെ മാറിയിട്ടുണ്ട്. തടിച്ചു. കുടവയറുണ്ട്. എങ്കിലും കുന്നുകളുടെ നിഴൽ വീണു കിടക്കുന്ന പാട്ടമാളിയിലെ ആ പുലർകാലത്തിൽ തമ്മിൽ തിരിച്ചറിയാവുന്ന എന്തോ ചിലത് ഇരുവരിലും ബാക്കി നിന്നിരുന്നു.

"നിങ്ങൾ ഉറക്കമുണരുന്നത് കാത്തിരിക്കുകയായിരുന്നു ഞാൻ.'
മെഹമൂദ് ദിമിത്രിയോട് പറഞ്ഞു.

"അമ്മയുടെ മരണശയ്യയിൽ നിന്ന് ഓടിപ്പോന്നതാണ് എന്ന് ജോസഫേട്ടൻ പറഞ്ഞു. അതു സാരമുള്ള കാര്യമല്ല. ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും മനസ്സുകൊണ്ടെങ്കിലും ഓടിപ്പോകാത്തവർ ആരുമില്ല. സന്യാസിമാർ വേറെന്താണ് ചെയ്യുന്നത്? മഠത്തിൽ ചേരാൻ വേണ്ടി ഞാൻ യാത്ര പറഞ്ഞപ്പോൾ എന്റെ ഉമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. പതിനൊന്നു മക്കളുണ്ടായിരുന്നു അവർക്ക്. ഞാൻ പതിനൊന്നാമനാണ്. എത്ര ശ്രമിച്ചിട്ടും അവരുടെ ആ കരച്ചിൽ എന്റെ മനസ്സിൽ നിന്നു വിട്ടുപോയില്ല. നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങളുടെ മനസ്സിൽ അമ്മയുടെ കരച്ചിൽ ഇല്ലല്ലോ.'

ദിമിത്രി മെഹമൂദിനോട് ചോദിച്ചു."എന്തിനാണ് നിങ്ങളെ മഠത്തിൽ നിന്നു പുറത്താക്കിയത്?'

മെഹമൂദ് പറഞ്ഞു:"എനിക്കറിയില്ല. പുറത്താക്കിയതാണോ പുറത്തു പോന്നതാണോ എന്നും നിശ്ചയമില്ല. പുറത്താക്കലും പുറത്തു പോരലും ചേർന്നതാണ് മനുഷ്യജീവിതം.'

ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ഒരു മഠത്തിലായിരുന്നു മെഹമൂദ്. അവരുടെ ചില ബ്രാഞ്ചുകളിൽ അദ്ദേഹം മഠാധിപതിയായി പ്രവർത്തിച്ചിട്ടുണ്ട്. കണക്കു കൂട്ടാൻ പഠിച്ചത് അന്നാണെന്ന് അദ്ദേഹം പറഞ്ഞു. വരവ്, ചിലവ്, വിറ്റുവരവ്, ലാഭം, നഷ്ടം എന്നിങ്ങനെ കോളങ്ങൾ തിരിച്ച് എഴുതാൻ പരിശീലിച്ചു. ഒരു ബ്രാഞ്ചിനോട് ചേർന്ന് ഒരു അൺ എയിഡഡ് സ്‌കൂൾ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് രണ്ടു കൈകൊണ്ടുമുള്ള കണക്കെഴുത്ത് വശമാക്കിയത്. എ കണക്കും ബി കണക്കും അവിടെ ഉണ്ട്. അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതിന് രണ്ട് അക്വിറ്റൻസ് രജിസ്റ്ററുകൾ ഉണ്ടായിരുന്നു. ഒന്ന് തുക എഴുതിയതും മറ്റൊന്ന് എഴുതാത്തതും.

ആശ്രമത്തിൽ ആയിരിക്കെ അവിടത്തെ മുഖ്യമഠാധിപതി മെഹമൂദിനോട് ചോദിച്ചു:"താങ്കൾ ഇസ്‌ലാംമതം പൂർണ്ണമായി ഉപേക്ഷിച്ചു കഴിഞ്ഞോ, മെഹമൂദ്?'

മെഹമുദ് മറുപടി പറഞ്ഞു:"ഇല്ല.'

"ഇല്ലേ? പിന്നെ നിങ്ങൾക്ക് എങ്ങനെ ഗുരുവിന്റെ അനുയായി ആയി തുടരാൻ കഴിയും? അച്ഛന്റെ കൂടെ ഉത്സവം കാണാൻ പോവുകയും അമ്മയുടെ മടിയിൽ ഇരിക്കുകയും വേണം എന്നു തീരുമാനിച്ചാൽ ശരിയാവുമോ?'

മഠം വിട്ടശേഷം സ്വതന്ത്രമായ സഞ്ചാരങ്ങളാണ്. ഈ വിശാലമായ ലോകത്തിന്റെ എവിടെയെങ്കിലുമൊക്കെ തനിക്കു കേൾക്കാനും തന്നെ കേൾക്കാനും കഴിയുന്ന ആരെങ്കിലും ഉണ്ടാവുമെന്ന് മെഹമൂദ് കരുതുന്നു. അത് ഒരാളായാലും മതി. ഇനി അങ്ങനെയൊരാൾ ഇല്ലാതെ വരുന്ന കാലത്ത് അവനവനിൽ നിന്നു തന്നെ കേൾക്കാമെന്നും അവനവനോട് തന്നെ പറയാമെന്നും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഇവിടത്തെ ഹെർബർട്ട് സ്‌പെൻസർ ഫാം ഒരു ഇടത്താവളമാണ്. അങ്ങനെ കുറെ താവളങ്ങളുണ്ട്. ഇടക്കു ചെന്നു താമസിക്കും. രണ്ടു മാസമായി അദ്ദേഹം ബ്രിട്ടനിൽ ആയിരുന്നു. അവിടെ പല സ്റ്റേറ്റുകളിൽ സഞ്ചരിച്ചു. പ്രഭാഷണം നടത്തി. ഗുരുവിന്റെ ആത്മോപദേശശതകം ആയിരുന്നു വിഷയം.

ഫാമിന്റെ അധിപതി ഫാദർ തെനാദിയറും ഒരു ബഹിഷ്‌കൃത സന്യാസിയാണ്. ഒരു ക്രിസ്ത്യൻ പാതിരിയായിരുന്നു അദ്ദേഹം. സത്യത്തിൽ തെനാദിയർ എന്നത് അദ്ദേഹത്തിന് ചാർത്തിക്കിട്ടിയ ഒരു കുറ്റപ്പേരായിരുന്നു. സെമിനാരിയിൽ വെച്ചു തന്നെ. പക്ഷേ അദ്ദേഹം അത് സ്വന്തമായി സ്വീകരിച്ചു. അക്കാലത്ത് "പാവങ്ങൾ'' എന്ന നോവലിന്റെ നിരന്തരമായ വായന അദ്ദേഹത്തിൽ ഉന്മാദത്തിന്റെ ചില ലക്ഷണങ്ങൾ ഉണ്ടാക്കിയിരുന്നു.

ചില്ലറ വഴക്കുകൾ കൊണ്ട് സഭയിൽ നിന്നു തെറ്റിപ്പിരിഞ്ഞപ്പോൾ ഇവിടെ വന്ന് ഫാം സ്ഥാപിച്ചു. എവിടെന്നോ വന്ന ക്ലെമന്റ് പീറ്ററും അദ്ദേഹത്തോട് ചേർന്നു. ഇതൊരു പുതിയ സഭയായിട്ടാണ് തെനാദിയർ കരുതുന്നത്. ഉന്മാദികളായ തന്റെ അഞ്ചു ശിഷ്യന്മാർ ഈ സഭയെ ലോകത്തിൽ പ്രചരിപ്പിക്കും എന്ന് അദ്ദേഹം കരുതുന്നു. യേശുവും ഹെർബർട്ട് സ്‌പെൻസറും കൂടിച്ചേരുന്ന ഒരു വിചിത്രമായ ആശയലോകത്തെയാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. അതുപയോഗിച്ച് ഒരുവഴിക്ക് മാർക്‌സിസത്തേയും മറ്റൊരു വഴിക്ക് മുതലാളിത്തത്തേയും പ്രതിരോധിക്കാൻ കഴിയും.

ഫാം എന്നു പറയുന്നുണ്ടെങ്കിലും ആ വക സംഗതികളിലൊന്നും ഇവിടെ ഇപ്പോൾ കാര്യമായിട്ടില്ല. ക്ലെമന്റ് പീറ്റർ അവിരാമം കൊത്തിക്കിളക്കുന്നുണ്ടെന്നു മാത്രം. കിളയാണ് ആ മനുഷ്യന്റെ ആവിഷ്‌ക്കാര രീതി എന്നു തോന്നുന്നു. അത് അദ്ദേഹം നന്നായി ആസ്വദിക്കുന്നുണ്ട്. ഇനി കൃഷിയില്ലെങ്കിലും അദ്ദേഹം കിളച്ചു കൊണ്ടിരിക്കും. നരച്ചു വളർന്ന താടിക്കും മുടിക്കും താഴെ ചെമ്പുനിറമുള്ള ശരീരത്തിൽ വിയർപ്പു ചാലിട്ടു കൊണ്ടിരിക്കയാണ്.

ഉന്മാദരോഗികളെ പാർപ്പിച്ചു പരിചരിക്കുക എന്നതാണ് തെനാദിയരുടെ ഇപ്പോഴത്തെ പ്രവൃത്തി. വിദേശത്ത് സെമിനാരിയിൽ ആയിരിക്കുന്ന കാലത്ത് ബന്ധപ്പെടാനിടയായ ആന്റി സൈക്യാട്രി മൂവ്‌മെന്റാണ് അദ്ദേഹത്തിന്റെ പ്രാഥമിക പ്രചോദനം. തോമസ് സോസ്, ഡേവിഡ് കൂപ്പർ എന്നീ വിദഗ്ധരുടെ പുസ്തകങ്ങൾ ഫാമിലെ ചുമരലമാരയിൽ പൊടിപിടിച്ച് ഇരിക്കുന്നുണ്ട്. പക്ഷേ പുസ്തകങ്ങളല്ല മനോധർമ്മമാണ് തെനാദിയർ പ്രയോഗിക്കുന്നത്. അഞ്ച് രോഗികൾ മാത്രമാണ് ഇപ്പോൾ തെനാദിയരുടെ കൈവശത്തിൽ ഉള്ളത്. അപൂർവ്വമായി മാത്രമേ അവർ പുറത്തു പോവുകയുള്ളു. ആ സമയം അവർ ലോകത്തെ സംശയത്തോടെ നോക്കും.

ഉന്മാദം എന്ന അവസ്ഥയെക്കുറിച്ച് ഫാദർ തെനാദിയർ സ്വന്തമായ ചില നിഗമനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യം ഒരു മോശപ്പെട്ട അവസ്ഥയായി അദ്ദേഹം കരുതുന്നില്ല. കവി, കാമുകൻ, ഭ്രാന്തൻ എന്ന ഒരു സങ്കൽപ്പം ഉണ്ടല്ലോ. എല്ലാത്തരം വ്യവസ്ഥകളിൽ നിന്നുമുള്ള മനസ്സുകൊണ്ടുള്ള മോചനമാണത്. വേറിട്ടൊരു ജീവിതം. പ്രതിഭാശേഷിയുടെ സമുന്നത ഘട്ടമായി അതിനെ പരിഗണിക്കാം. ആ അവസ്ഥയെ സമൂഹത്തിന് ഉപകാരപ്പെടുന്ന മട്ടിൽ വിനിയോഗിക്കാൻ കഴിയണം. അദ്ദേഹം വിശദീകരിക്കുന്നു:

"ഇവിടെ നമ്മൾ ആരുടേയും പ്രാന്തു മാറ്റാൻ ഉദ്ദേശിക്കുന്നില്ല. അവരെ ഇഷ്ടമുള്ളത് ചെയ്യാൻ അനുവദിക്കുകയാണ്. വൈകുന്നേരങ്ങളിൽ ഞങ്ങൾ കുന്നുകയറിപ്പോയി അവിടെ നിന്ന് ഒന്നിച്ചു കൂവി വിളിക്കാറുണ്ട്. മറ്റു പ്രതിഭകളേയും ഇങ്ങോട്ട് ആകർഷിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കലാപ്രതിഭകളും ഉന്മാദപ്രതിഭകളും തമ്മിലുള്ള സമന്വയവും സംവാദവും ആവശ്യമുണ്ട്. പണ്ട് തൃശ്ശൂര് വല്ലപ്പുഴ വൈദ്യർ വൈക്കം മുഹമ്മദ് ബഷീറിനെ ചികിത്സിച്ച സുഖപ്പെടുത്തിയത് ഓർമ്മയില്ലേ?'

ബഷീറിനെപ്പോലെയുള്ള മഹത് വ്യക്തികളെ അന്തേവാസികളായി കിട്ടാത്തതിൽ തെനാദിയർക്ക് നിരാശയുള്ളതുപോലെ തോന്നി. അദ്ദേഹത്തിന്റെ കൂടെയുള്ള അഞ്ചുപേരും അനാഥരായി റോഡിൽ അലഞ്ഞു നടന്നിരുന്നവരാണ്. എഴുതാനും വായിക്കാനും അറിയാത്ത പാവങ്ങൾ. സാധാരണക്കാരായ ഈ ഭ്രാന്തന്മാരെ ഉപയോഗിച്ചുകൊണ്ടു വേണം തെനാദിയർക്ക് ഒരു നവോലോകം നിർമ്മിക്കാൻ.

ആ സമയത്ത് തെനാദിയരുടെ കുടിലിനകത്തുനിന്ന് ഉച്ചത്തിലുള്ള ആരവം കേട്ടു. ഉന്മാദികളിലാരാൾ വിളിച്ചു പറയുകയാണ്."പ്രളയം പ്രളയം. സർവ്വത്ര പ്രളയം. ലോകം അവസാനിക്കുകയാണ്. രക്ഷകനെ കാത്തിരിക്കുക.'

"അത് പ്രിന്റർ മാനുവേലാണ്. മലയാളിയാണ്.'
ജോസഫ് പറഞ്ഞു.

ഉന്മാദികളും പരിചാരകരും അവിടെ ചമ്രം പടിഞ്ഞിരുന്ന് ടി.വി.കാണുകയായിരുന്നു. ഒരു പഴയ ടി.വി.യാണ്. കേരളത്തിലെ പ്രളയദൃശ്യങ്ങളായിരുന്നു ആ സമയത്ത് കാണിച്ചിരുന്നത്. മുങ്ങിക്കിടക്കുന്ന ഗ്രാമങ്ങൾ, പട്ടണങ്ങൾ. ഒറ്റപ്പെട്ടു പോയ മനുഷ്യരുടെ നിലവിളികൾ. അടിക്കടി വെള്ളം ഉയരുകയാണ്. പല രാജ്യങ്ങളിൽ നിന്നും പ്രവാസികൾ വിളിച്ചുകൊണ്ടിരിക്കുന്നു. അവരുടെ മാതാപിതാക്കളെ ബന്ധപ്പെടാനാവുന്നില്ല.

"മീനവർകൾ പടകുടൻ വരികിരാർകൾ'
ഒരു ഉന്മാദി പറഞ്ഞു.

"ഹെലികോപറ്റർ വന്താച്ച്'
വേറൊരാൾ.

"എല്ലാം അവസാനിക്കുകയാണോ?'
ജോസഫ് ആരോടെന്നില്ലാതെ ചോദിച്ചു.

തെനാദിയറുടെ അരികിൽ രോഗിയായി ഒരിക്കൽ എത്തിയതാണെങ്കിലും ജോസഫ് അവിടത്തെ കരിങ്കുപ്പായം ധരിക്കാൻ കൂട്ടാക്കിയില്ല. ജോസഫ് തന്റെ ഒരു ബന്ധു ആയതു കൊണ്ട് ഫാദർ അത് സഹിക്കുന്നു. ഇടക്കു പറയും:"ജോസഫോ? അവൻ വസ്ത്രം ധരിക്കുന്നതു തന്നെ ഒരു ഭാഗ്യമാണ്.'

പിന്നെ കൂട്ടിച്ചേർക്കും."നക്‌സലൈറ്റിനെ ഭ്രാന്തുപിടിക്കുക എന്നല്ല പറയേണ്ടത്. ഭ്രാന്തിനെ നക്‌സലൈറ്റ് പിടിക്കുക എന്നാണ്.'

തന്റെ പഴയ തൊഴുത്താണ് ബന്ധുവായ ജോസഫിനു താമസിക്കാനായി ഫാദർ തെനാദിയർ നൽകിയിരിക്കുന്നത്. പുല്ലുകൂട് സിറ്റൗട്ടാക്കിയും ചാണകക്കുഴി അടുക്കളയാക്കിയും ജോസഫ് അതുപയോഗിക്കുന്നു. തികഞ്ഞ സംതൃപ്തിയോടെ. മുറിയുടെ ചുമരിന്റെ മൂലയിൽ ചെറിയ തട്ടുണ്ടാക്കി രൂപക്കൂട് ഒരുക്കിയിട്ടുണ്ട്. അത് കണ്ട് ദിമിത്രി പറഞ്ഞു:

"കാവേരിയുടെ കത്തിൽ നിങ്ങൾ ദൈവവിശ്വാസിയായി മാറിയിട്ടുണ്ടാവും എന്ന് എഴുതിയിരുന്നു.'

ജോസഫ് ഒരു നിമിഷം നിശ്ശബ്ദനായി നിന്നു. പിന്നെ പറഞ്ഞു:"കാവേരി എന്തിനാണ് അതൊക്കെ ഓർത്തു വിഷമിക്കുന്നത്? മൂവ്‌മെന്റിൽ ഉണ്ടായിരുന്ന കാലത്തും ഞാൻ ക്രിസ്തുവിൽ വിശ്വസിച്ചിരുന്നു. ഇരുമ്പുപണിക്കാരന് മരപ്പണിക്കാരനെ അവിശ്വസിക്കേണ്ട കാര്യമില്ല.'
അവൻ അവിടെ ഒരു മെഴുകുതിരി കത്തിച്ചു വെച്ചു.

പകൽസമയങ്ങളിൽ ജോസഫ് ജോലിക്കു പോകും. തിരുവണ്ണാമലയിലെ വർക്ക്‌ഷോപ്പിലാണ് പണി. അത്യാവശ്യം വേണ്ട യന്ത്രങ്ങളൊക്കെയുള്ള പണിശാലയാണ്. വരുമാനം കുറവാണെങ്കിലും തന്റെ ജോലിയിൽ അദ്ദേഹം പരിപൂർണ്ണ തൃപ്തനാണ്. ജോസഫ് പറഞ്ഞു:"ഞാൻ അവിടെ പഴയതരം ആലയാണ് ഉപയോഗിക്കുന്നത്. ഇരുമ്പു ചുട്ടു ചതച്ചെടുക്കും. മടവാളിനും തൂമ്പക്കുമൊക്കെ നല്ല ഡിമാന്റുണ്ട്. കൈ സ്വാധീനമില്ലാത്തതുകൊണ്ട് ചുട്ട ഇരുമ്പിൽ കൂടം കൊണ്ട് ആഞ്ഞടിക്കാൻ ബുദ്ധിമുട്ടുണ്ട്. പണ്ട് അപ്പന്റെ ആലയിലിരുന്ന് ഞാൻ കൊറെ അടിച്ചു പരത്തിയിട്ടുണ്ടല്ലോ. അന്ന് ഒരു തോക്കുണ്ടാക്കണം എന്നായിരുന്നു മോഹം. പൂർവ്വീകരായിട്ട് ഞങ്ങൾ ഇരുമ്പുപണിക്കാരാണ്. ഇരുമ്പുപണിയിൽ സത്യമുണ്ട്.'

"ലെയ്ത്തിൽ ഇരുമ്പു ചതഞ്ഞു തീ പാറുന്നത് കാണുമ്പോൾ വിപ്ലവം ആരംഭിച്ചതായി കരുതി ജോസഫേട്ടൻ ആവേശഭരിതനാകും.'
മെഹമൂദ് പൊട്ടിച്ചിരിച്ചു.

കോളേജ് വിട്ടതിനു ശേഷം ജോസഫിനെക്കുറിച്ച് ദിമിത്രി പലവട്ടം അന്വേഷിച്ചിരുന്നു. ഒന്നാം വർഷ പ്രീഡിഗ്രി ക്ലാസിൽ വന്ന് അയാളെ മീറ്റിംഗിനു വിളിച്ചു കൊണ്ടുപോയത് ജോസഫാണ്. രഘുത്തമന്റെ നിർദ്ദേശാനുസരണം. കോളേജിനു കിഴക്കുള്ള പറങ്കിമാവിൻ തോട്ടത്തിൽ ചകിരിക്കുളത്തിനു ചുറ്റുമുള്ള കൈതക്കാട്ടിനടുത്തുവെച്ചായിരുന്നു യോഗം. അന്നത്തെ സി.പി.ഐ.എം.എൽ. പാർട്ടിയുടെ വിദ്യാർത്ഥി സംഘത്തിന്റെ ഏരിയാ സെക്രട്ടറിയായിരുന്നു ജോസഫ്. അവിടെ രഘുത്തമനും കാവേരിയും ഉണ്ടായിരുന്നു. രഘുത്തമനായിരുന്നു അന്ന് സ്റ്റുഡൻസിന്റെ ചാർജുള്ള പാർട്ടി നേതാവ്. കാട്ടൂർക്കടവിലെ വിപ്ലവകാരി ചെറുവത്തേരി ചക്രപാണി വാര്യരുടെ മരുമകൻ.

അതിനകം ദിമിത്രി കെ.എസ്.യു.വിന്റെ മെമ്പർഷിപ്പ് എടുത്തിരുന്നു അതറിഞ്ഞ് രഘുത്തമൻ ചോദിച്ചു."സി.പി.എം.നേതാവ് പി.കെ.മീനാക്ഷിയുടെ മകൻ എന്തുകൊണ്ടാണ് എസ്.എഫ്.ഐ.ക്കാരെ അവഗണിച്ച് കെ.എസ്.യു.വിൽ ചേർന്നത്?'

ദിമിത്രി മിണ്ടാതിരുന്നു.

രഘുത്തമൻ ചിരിച്ചു:"ഉത്തരമില്ലാത്ത ചില ചോദ്യങ്ങളുണ്ട്, അല്ലേ? എന്തായാലും കെ.എസ്.യു. മെമ്പർഷിപ്പ് കയ്യിൽ വെച്ചോളൂ. പരസ്യമായി അതിൽ പ്രവർത്തിക്കാം. അതൊരു രക്ഷയാണ്. നമ്മുടേത് ഒരു രഹസ്യ സംഘടനയാണ്.'

വർഷങ്ങൾക്കു ശേഷം രഘുത്തമൻ തൃശൂരിൽ ദിമിത്രി ജോലി ചെയ്യുന്ന ആപ്പീസിൽ വന്നിരുന്നു. ജോസഫിനെപ്പറ്റി അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:"ജോസഫോ? അവൻ മാനസീകാസ്വാസ്ഥ്യം പിടിപെട്ട് എവിടെയോ അലയുകയാണ്. കസ്റ്റഡിയിൽ വെച്ചുണ്ടായ മർദ്ദനത്തിൽ അവന്റെ തലയോട് പൊട്ടിയിരുന്നു.'

"രഘുത്തമന്റെ നിഗമനത്തിൽ തെറ്റുണ്ട്.'
ജോസഫ് പറഞ്ഞു:

"ജയിലിൽ നിന്ന് വിട്ടപ്പോൾ ചേട്ടൻ വന്ന് എന്നെ മംഗലാപുരത്തേക്ക് കൊണ്ടുപോയി. ആൾ അന്നവിടെ ഇരുമ്പുപണി ചെയ്തിരുന്നു. ഒരു വലിയ ആല. പിന്നെ അത് വർക്ക് ഷാപ്പായി. ലോക്കപ്പിൽ വെച്ച് മർദ്ദനമേറ്റിട്ടല്ല എനിക്ക് ഭ്രാന്ത് പിടിച്ചത്. മർദ്ദിക്കപ്പെട്ടു എന്നത് ശരിയാണ്. തലയോടിന് ക്ഷതം സംഭവിക്കുകയും ചെയ്തു. അതുകാരണം ഒരു കയ്യിന്റെ സ്വാധീനം കുറഞ്ഞു. പക്ഷേ അതുകൊണ്ടൊന്നും ഭ്രാന്തു പിടിച്ചില്ല. ചേട്ടൻ എന്നെ ഡോക്ടരെ കാണിച്ചു ചികിത്സിച്ചു. ഏതാണ്ട് ആറുമാസക്കാലം ഞാൻ മംഗലാപുരത്ത് കഴിച്ചുകൂട്ടി. ഒരുവിധം നടക്കാറായപ്പോൾ ഞാൻ കേരളത്തിലേക്ക് പോയി. പഴയ സുഹൃത്തുക്കളേയും സഖാക്കളേയും കാണാൻ ശ്രമിച്ചു. മൂവ്‌മെന്റ് പാടെ നിശ്ചലമാണ്. പലരോടും ഞാൻ സംസാരിച്ചു. രാവും പകലും ഇരുന്ന് സംസാരിച്ചു. ചിലർക്കെല്ലാം എന്നെ കാണുന്നത് തന്നെ ഭയമായിരുന്നു. ഏതാണ്ട് എല്ലാവരും അവരവരുടെ ജീവിതവഴികൾ കണ്ടെത്തിക്കഴിഞ്ഞിരുന്നു. അക്കാലത്താണ് അസ്വാസ്ഥ്യം എന്നെ പിടികൂടിയത്.'

"പിന്നെ ഞാൻ എവിടെയായിരുന്നുവെന്ന് എനിക്ക് ഓർമ്മയില്ല. എങ്ങനെയാണ് തെനാദിയരച്ചൻ എന്നെ കണ്ടെടുത്തതെന്നും അറിയില്ല. അപ്പോഴേക്കും ഞാൻ ഇമ്മട്ടിൽ വൃദ്ധനായിക്കഴിഞ്ഞിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങളാണ് പിടിവിട്ട് പോയത്. കാൽ നൂറ്റാണ്ട്.'

മെഹമൂദ് ചിരിച്ചു:"ജോസഫേട്ടന്റെ ഈ താടിയും മുടിയും ഒന്നു കറുപ്പിച്ചാൽ മതി. യുവാവായി മാറ്റിയെടുക്കാൻ കഴിയും. കുറച്ച് പല്ലുകളും വെച്ചു പിടിപ്പിക്കേണ്ടി വരും. ഇക്കാലത്ത് അതൊന്നും അത്ര പ്രശ്‌നമല്ല.'

വൈകുന്നേരമായപ്പോൾ ഫാമിനു ചുറ്റും കിളികൾ ഒച്ച വെക്കാൻ തുടങ്ങി. വെയിൽ കൂടാതെ പാട്ടമാളി ഊരിലെ ഒരു പ്രത്യേകത കിളികളുടെ സാന്നിധ്യമാണ്. കഠിനമായ വെയിലടിക്കുമ്പോൾ മാത്രം അവ ഇടക്കാടുകളിലെ മരങ്ങളിൽ കയറിയിരിക്കും. ഫാദർ തെനാദിയർ കിളികൾക്ക് വന്നിരിക്കാനും വെള്ളം കുടിക്കാനുമായി ഒരു വൈക്കോൽപ്പുര ഉണ്ടാക്കിയിട്ടുണ്ട്. ആ വഴി കടന്നു പോകുമ്പോൾ പക്ഷിക്കാഷ്ടത്തിന്റെ നാറ്റം വരും.

അന്നത്തെ പണി നിർത്തി ക്ലെമന്റ് പീറ്റർ തന്റെ ഓലക്കുടിലിനു മുന്നിലെ വട്ടക്കസേരയിൽ ഇരിപ്പുണ്ടായിരുന്നു. അപ്പോൾ തന്നെ കുളിച്ചതേയുള്ളു. തുവർത്തുന്ന പതിവില്ലെന്നു തോന്നുന്നു. നരച്ചു വളർന്ന മുടിയിൽ നിന്നും താടിയിൽ നിന്നും വീണ വെള്ളം അർദ്ധനഗ്‌നമായ ചുവന്ന ശരീരത്തിലൂടെ ഒഴുകുന്നുണ്ടായിരുന്നു. നേരത്തേ വിയർപ്പ് ഒഴുകിയിരുന്നതുപോലെ.

"വരൂ. ഓരോ കപ്പ് കരുപ്പെട്ടിക്കാപ്പി തരാം.'
അദ്ദേഹം തന്റെ സുഹൃത്തുക്കളെ ക്ഷണിച്ചു.

കൃഷിപ്പണി നിർത്തി വിശ്രമിക്കാനൊരുങ്ങുമ്പോൾ പീറ്റർ ഒരു കലം നിറയെ കരപ്പെട്ടിക്കാപ്പി തിളപ്പിക്കും. കാപ്പിയാണ് അദ്ദേഹത്തിന്റെ പ്രധാന ഭക്ഷണം. കാപ്പി കുടിച്ചുകൊണ്ട് അദ്ദേഹം ആത്മഭാഷണം നടത്തും. ഏതോ ഒരു ഭാഷയിലാണത്. പോർച്ചുഗീസാണെന്ന് അദ്ദേഹം പറയുന്നു. ഒരാൾക്ക് തന്റെ രക്തത്തിൽ കലർന്ന ഭാഷയിൽ സംസാരിക്കാൻ പ്രത്യേകം പരിശീലനമൊന്നും ആവശ്യമില്ലെന്നാണ് വാദം.

എറണാകുളത്തെ മുളവുകാട് ദ്വീപിൽ ജനിച്ച ക്ലെമന്റ് പീറ്റർ വളരെ വൈകിയാണ് തന്റെ ജന്മപരമ്പരയുടെ വേരുകൾ അങ്ങ് പോർച്ചുഗലിലാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞത്. അതോടെ അദ്ദേഹം ആ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. അതിനകം അദ്ദേഹം ജീവിതത്തിൽ പല രംഗങ്ങളും ആടിക്കഴിഞ്ഞിരുന്നു. എഞ്ചിനീയറിംഗ് ബിരുദമെടുത്ത് ലോകം ചുറ്റി. ഇറ്റലിയിൽ വെച്ച് ഒരു മദാമ്മയെ വിവാഹം ചെയ്തു. അഞ്ചു കൊല്ലത്തിനകം അവർ പിരിഞ്ഞു. രണ്ടു കുട്ടികളുണ്ട്. അവർ വല്ലപ്പോഴും പപ്പയെ കാണാൻ വരും. ഇവിടെ വന്നിട്ട് വർഷങ്ങളായി. ഒരിക്കൽ പോലും ഫാം വിട്ട് അദ്ദേഹം പുറത്തു പോയിട്ടില്ല.

ക്ലെമന്റ് ഒരു തളികയിൽ വെച്ച ചില്ലുഗ്ലാസുകളിൽ ചായകൊണ്ടുവന്നു.

ആരോടെന്നില്ലാതെ ദിമിത്രി പറഞ്ഞു:"കാട്ടൂർക്കടവിൽ ഇപ്പോൾ ശവസംസ്‌ക്കാരച്ചടങ്ങുകൾ കഴിഞ്ഞിട്ടുണ്ടാവും. അവർ ഒരുപിടി ചാരമായി മണ്ണിൽ കലർന്നു കഴിഞ്ഞു. ആൾക്കൂട്ടം എന്നെ അന്വേഷിക്കുന്നുണ്ടാവും. കുറ്റവിചാരണ ചെയ്യാനാണ്. ആളുകൾ എന്റെ രക്തത്തിൽ പാപത്തിന്റെ നിഴൽ കാണുന്നു.'

കുറച്ചു സമയം ആരും ഒന്നും പറഞ്ഞില്ല. പിന്നെ മെഹമൂദ് പറഞ്ഞു:"നിങ്ങൾ വലിയൊരു തെറ്റിദ്ധാരണയിൽ ആണെന്നു തോന്നുന്നു. ഞാൻ കുറച്ചൊക്കെ ലോകം ചുറ്റിയിട്ടുണ്ട്. പല ദേശങ്ങളിൽ പോയി താമസിച്ചു. ഈ ലോകത്തിൽ അപരനെ ശ്രദ്ധിക്കുന്ന ആളുകൾ ഇപ്പോൾ തീരെ കുറവാണ്. എല്ലാവരും അവനവനെയാണ് നോക്കുന്നത്. അഥവാ അന്യനെ നോക്കുന്നുണ്ടെങ്കിൽത്തന്നെ കാണുന്നത് തന്നെത്തന്നെയാണ്. നിങ്ങൾക്കല്ലാതെ നിങ്ങളെ ആർക്കും അറിഞ്ഞുകൂടാ.'

ദിമിത്രിയുടെ പറഞ്ഞു:"വേറെ ആർക്കും അറിയില്ലെങ്കിലും അവന് അറിയാമല്ലോ?'

"ആർക്ക്?'

"കെ. എന്ന എഴുത്തുകാരന്.'

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments