ചിത്രീകരണം: ഇ. മീര

കാനോലിക്കനാൽ

ഒമ്പത്: കാനോലിക്കനാൽ

കാനോലി കനാലിന്റെ കിഴക്കേ കരയിലാണ് ജോർജി ദിമിത്രോവ് എന്ന ദിമിത്രിയും കെ.എന്ന എഴുത്തുകാരനും ജനിച്ചു വളർന്ന കാട്ടൂർക്കടവ് ദേശം. ഇത് പഴയ കൊച്ചിരാജ്യത്താണ് ഉൾപ്പെടുന്നത്. കനാലിനു പടിഞ്ഞാറ് ബ്രിട്ടീഷ് മലബാർ. ജലഗതാഗതം അഭിവൃദ്ധിപ്പെടുത്താൻ വേണ്ടി അന്നത്തെ മലബാർ കളക്ടറായിരുന്ന എച്ച്.വി.കാനോലി എന്ന സായിപ്പ് കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ 1848ൽ നിർമ്മിച്ചതാണ് കനാൽ. പ്രധാനമായും നിലവിലുള്ള പുഴകളെ ബന്ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീടിത് വെസ്റ്റ് കോസ്റ്റ് കനാൽ എന്നും അറിയപ്പെട്ടു. കാട്ടൂർക്കടവ് കൂടാതെ ഒരുപാട് കടവുകൾ വേറെയുമുണ്ട്. വാളക്കടവ്, വെണ്ണക്കടവ്, പുളിക്കടവ്, കണ്ടശ്ശാൻകടവ്, പറയൻകടവ്, കാക്കാത്തുരുത്തിക്കടവ്, കാവിൽക്കടവ് അങ്ങനെ. കടവുകളെല്ലാം കാലാന്തരത്തിൽ വ്യാപാരകേന്ദ്രങ്ങളും അങ്ങാടികളുമായി രൂപം പ്രാപിച്ചു.

കാനോലിക്കനാലിൽ മനുഷ്യനോളം വലുപ്പമുള്ള വാളകൾ നീന്തിനടന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് കെ.എന്ന എഴുത്തുകാരൻ എഴുതിയിട്ടുണ്ട്. അക്കാലത്ത് ഇവിടെ ധാരാളം വാളവേട്ടക്കാരുണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. നീണ്ടകാലം ഇവിടത്തെ കമ്യൂണിസ്റ്റു പാർട്ടി സെക്രട്ടറിയായിരുന്ന ചെറുവാറെ രാമേട്ടനെ പേരുകേൾപ്പിച്ച വാളവേട്ടക്കാരനായി കെ. ഒരു കഥയിൽ അവതരിപ്പിച്ചിട്ടുണ്ട്. രാത്രി മുഴുവൻ വാളപിടുത്തം. പകൽ മനുഷ്യനെപ്പിടുത്തം എന്നാണ് ആഖ്യാനം. നാലുതവണ അദ്ദേഹത്തെ നീർനായ അക്രമിച്ചിട്ടുണ്ടെന്നും പറയുന്നു. അദ്ദേഹത്തിന്റെ കാലിന്റെ ചെറുവിരൽ നീർനായ കടിച്ചെടുത്തുവത്രെ.

സത്യവുമായി ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അതെല്ലാം. കൃത്രിമമായ ഭാവന. കിഴക്കൻ മലയിൽ കൂപ്പിൽ പണിയെടുക്കുന്ന കാലത്താണ് മഴുവീണു ചതഞ്ഞ് ചെറുവാറെ രാമേട്ടന് ചെറുവിരൽ നഷ്ടമായത്. മാത്രമല്ല, മനുഷ്യന്റെ വലുപ്പമുള്ള വാളയെ കനാലിൽ കണ്ടവർ ആരുമില്ല. നീർനായ എന്ന ജീവി ഈ പ്രദേശത്തെങ്ങുമില്ല.

വാളകളും നീർനായകളും ഉണ്ടായിരുന്നില്ലെങ്കിലും ഒരുകാലത്ത് ബോട്ടുഗതാഗതം കൊണ്ട് പേരുകേട്ടതായിരുന്നു കാനോലിക്കനാൽ. ചരക്കുബോട്ടുകളും യാത്രാബോട്ടുകളും ഉണ്ടായിരുന്നു. രാജാക്കന്മാരും നാടുവാഴികളും പട്ടാളസംഘങ്ങളും ഈ വഴി കടന്നു പോയി. മലബാറിലെ നമ്പൂതിരിമാർക്ക് മുറജപത്തിനു പോകാനുള്ള പ്രധാന പാതയായിരുന്നു ഇത്. കൊടുങ്ങല്ലൂരിലേക്കുള്ള കോമരങ്ങൾ. അവർ കടവുകളിൽ ഇറങ്ങി നിന്ന് ഭരണിപ്പാട്ട് പാടി. സ്ത്രീകൾ ചെവിപൊത്തി ഓടിപ്പാകാറുണ്ടത്രെ. കടവുകളിലെല്ലാം ബോട്ടുജെട്ടികൾ ഉണ്ടായിരുന്നു. അവിടെ ഗുദാമുകളും പാണ്ടകശാലകളും ഉണ്ടായി. ഓരോ കടവിൽ നിന്നും വ്യത്യസ്ത വിഭവങ്ങളാണ് ശേഖരിക്കപ്പെട്ടിരുന്നത്.

കാട്ടൂർക്കടവിൽ നിന്ന് പ്രധാനമായും നെല്ലും വെളിച്ചെണ്ണയും ചകിരിനാരും മെടഞ്ഞ ഓലയുമാണ് കയറ്റിപ്പോയിരുന്നത്. കടവിൽ കുന്നുപോലെ കൂട്ടിയിട്ടിരുന്ന നെല്ല് ചരക്കുബോട്ടുകളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ദിമിത്രിയോട് പറഞ്ഞിട്ടുള്ളത് അയാളുടെ അച്ഛന്റെ അമ്മയാണ്. കാതുകളിൽ സ്വർണ്ണത്തിന്റെ തോടയണിഞ്ഞിരുന്ന ഒരു സ്ത്രീ. പുല്ലാനിക്കാട്ടെ വല്യമ്മ എന്നാണ് അവരെ നാട്ടുകാർ വിളിച്ചിരുന്നത്. വലിയ കാര്യപ്രാപ്തിയാണ്. താൻ ഉദ്ദേശിച്ച കാര്യം നടക്കുന്നതുവരെ അവർ അടങ്ങിയിരിക്കുകയില്ല എന്ന് ആളുകൾ പറഞ്ഞു. ആരെയും അവർ കൂട്ടാക്കിയിരുന്നില്ല. സ്വന്തം ഭർത്താവ് കരുണൻ മാഷെപ്പോലും.

രണ്ട് മഹാപ്രളയങ്ങൾ കണ്ടതിന്റെ അനുഭവം അവർക്കുണ്ട്. ഇടക്കെല്ലാം അവർ അത് വിവരിക്കും. ഒരു പ്രളയകാലത്ത് അവർ ദിമിത്രിയുടെ അച്ഛൻ ചന്ദ്രശേഖരനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. അന്ന് അവർ ശരിക്കും ഭയന്നു.

"സർവ്വവും മൂടി. അങ്ങാടി കാണാനുണ്ടായിരുന്നില്ല. കാറ്റിൽ തെങ്ങുകളും മരങ്ങളും ശരശരാ വീണു. കൊളംബ് ബംഗ്ലാവിന്റെ കയ്യാലേമ്മലിക്ക് തെങ്ങു വീണു. ഇന്യെന്തൊക്ക്യാ വീഴ്വാന്ന് നിശ്ചയല്യ. നേരം രാത്രിയായി. ഇനി അവടെ താമസിച്ചാ അബദ്ധാവും. എവെടെക്ക്യാ പോണ്ടേ? എങ്ങന്യാ പൂവ്വാ? അപ്പഴാണ് ബാറ്ററി വെളക്കും കൊണ്ട് സായിപ്പ് വരണത്. എന്റെ മേല് മൂടാൻ മഴക്കുപ്പായം കൊണ്ടന്നു. സായിപ്പ് ഞങ്ങളെ ബോട്ടുബംഗ്ലാവിലേക്ക് കൊണ്ടുപോയി. ബംഗ്ലാവിന്റെ മുകളിലെ നെലയിൽ ഞങ്ങള് താമസിച്ചു. ഞാൻ പേടിച്ചു കരഞ്ഞപ്പോ അലക്സാണ്ട്രിയാ മദാമ്മ പറഞ്ഞു: "കരയണ്ട. കരയണ്ട. ഞാനില്ലേ, നിനക്ക്?'

"ഒരാഴ്ച കഴിഞ്ഞപ്പൊ അച്ഛൻ വന്ന് എന്നെ ആറാട്ടുകടവിലിക്ക് കൊണ്ടുപോയി. മഞ്ചലിലാ യാത്ര. നാല് അമാലമ്മാര്. വഴിലൊക്കെ തെങ്ങും മരങ്ങളും വീണു കിടക്കുന്നു. തകർന്ന വീടുകൾ ഒരുപാട് കണ്ടു. ചോലയിലറ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. അച്ഛൻ ചൊല്ലി:"കണ്ടീലയോ നീ മുകുന്ദാ! ധരണി- യിലുണ്ടായ മന്നരിൽ മുമ്പൻ ഭഗദത്തൻ തൻ കരിവീരനരികേ ധനുസ്സുമായ് സംക്രന്ദനാത്മജനെയ്ത ശരത്തിനാൽ വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ! ശിവ!'

"ആറാട്ടുകടവിലാണെങ്കിൽ അപ്പൊ കടലേറ്റം. അവടത്തെ വീട്ടിലെ ചായ്പ്പിലും മരുന്നു പെരേലും നൂറാളുകളുണ്ട് താമസക്കാര്. അവടെച്ചെന്ന് മൂന്നാംപക്കം ഞാൻ നിന്റെ അച്ഛനെ പ്രസവിച്ചു.'

കാട്ടൂർക്കടവിൽ കാനോലിക്കനാലിന്റെ തീരത്ത് അന്നു മൂന്നു ബംഗ്ലാവുകൾ ഉണ്ടായിരുന്നു. പുല്ലാനിക്കാട്ടുകാരുടെ കൊളംബ് ബംഗ്ലാവ്. കച്ചേരി ബംഗ്ലാവ്. ബോട്ടുകോൺട്രാക്ടർ സായിപ്പ് താമസിച്ചിരുന്ന ബോട്ടുബംഗ്ലാവ്. പിന്നെയുള്ളത് ഗുദാമുകളും കുറേ പാണ്ടകശാലകളുമാണ്. പലതും തകർന്നു. ഇപ്പോൾ കച്ചേരി ബംഗ്ലാവ് മാത്രമേ അവശേഷിക്കുന്നുള്ളു. അവിടെ ലാന്റ് റിക്കാർഡ്സ് ബ്യൂറോ ആപ്പീസ് പ്രവർത്തിക്കുന്നു.

ബോട്ടു സർവ്വീസ് നിലച്ചശേഷവും ഓല കയറ്റിയ പെരുവള്ളങ്ങൾ ഇവിടെന്നു പോയിരുന്നു. പഴയ ഒരു വർഷക്കാലത്ത് വെള്ളം പെരുകിയ സമയത്ത് ഒഴുക്കിനെതിരെ കഴുക്കോലൂന്നിപ്പോകുന്ന ആ വള്ളങ്ങൾ കാണാൻ അങ്ങാടിയിലെ എട്ടുപടി പാലത്തിന് മുകളിൽ കയറി നിന്നിരുന്നവരുടെ കൂട്ടത്തിൽ കെ.എന്ന എഴുത്തുകാരനും ദിമിത്രിയും ഉണ്ടായിരുന്നു. രണ്ടുപേരും രണ്ടു ഭാഗങ്ങളിലായിട്ടാണ് അന്ന് നിന്നത്. രണ്ടുപേർക്കും പ്രായം കുറവായിരുന്നു. നീല ട്രൗസറും വെള്ള ഷർട്ടും വേഷം. പോംപെ മാതാ ഹൈസ്കൂളിലെ യൂണിഫോമാണത്. ഊന്നുകാരുടെ ശരീരത്തിൽ മസിലുകൾ തെളിയുന്നതും വിയർപ്പു ചാലിടുന്നതും അവർ കണ്ടു. അത് ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിലായിരിക്കണം.

തുഴഞ്ഞു നീങ്ങുന്ന വഞ്ചികൾ കാണാനായി അന്ന് അവർ കയറി നിന്ന എട്ടുപടിപ്പാലം ഇപ്പോൾ ദ്രവിച്ചു. വീഴാറായ മട്ടിലാണ് അത് നിൽക്കുന്നത്. ഇരുമ്പു കൊണ്ടുള്ള ഒരു നടപ്പാലം പകരം ഉണ്ടാക്കിയിട്ടുണ്ട്. കടവിലെ ആഴ്ചച്ചന്ത ഏതാണ്ട് നിലച്ചമട്ടാണ്. ചന്തപ്പറമ്പ് ശൂന്യമായി.

അന്ന് അവർ പാലത്തിൽ കയറി നിന്ന ദിവസം ചന്തയിലും അങ്ങാടിയിലുമായി പതിവിലേറെ ആളുകൾ വന്നു കൂടിയിരുന്നു. രണ്ട് വിശേഷ സംഗതികൾ അന്നുണ്ടായിരുന്നു. ഒന്ന് പാലത്തിനപ്പുറത്തെ കർമ്മലനാഥ പള്ളിയിൽ വിൻസന്റ് ഡി പോളിന്റെ ഊട്ടു തിരുനാൾ. ദൂരദേശങ്ങളിൽ നിന്നുപോലും നാനാജാതി മതസ്ഥരായ ആളുകൾ വന്ന് അവിടെന്ന് ഊണുകഴിക്കും. പാരിഷ് ഹാളിൽ വിരിച്ച പായയിൽ ചോറിന്റെ വെളുത്ത കുന്നുകൾ ഉണ്ടാവും. വഞ്ചിയിലാണ് സാമ്പാർ പകർന്നുവെക്കുക എന്ന് കേട്ടുകേൾവിയുണ്ടായിരുന്നു. പുറത്ത് ബലൂൺകാരും പൈനണി കച്ചവടക്കാരും നിരക്കും. ചേറ്റുവനിന്ന് അലുവ വിൽപ്പനക്കാർ. നല്ല മൂർച്ചയുള്ള കത്തികൊണ്ട് കരിമ്പ് വെട്ടി വിൽക്കുന്നവർ. ഉഴുന്നട, പൊരി. കുന്നുപോലെ കൂട്ടിയിട്ട മധുരനാരങ്ങകൾ.

രണ്ടാമത്തെ വിശേഷം അന്ന് ബോട്ടുകടവ് അങ്ങാടിമുക്കിൽ നടന്ന ഒരു രാഷ്ട്രീയ യോഗമായിരുന്നു. മിച്ചഭൂമിസമരം കഴിഞ്ഞ് ജയിൽ മോചിതനായ എ.കെ.ജി. നടത്തിയ രാഷ്ട്രീയ പ്രചരണ ജാഥക്ക് നൽകിയ സ്വീകരണം. ഫാദർ വടക്കനും കെ.എസ്.പി. നേതാവ് ജോൺ മാഞ്ഞൂരാനും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഫാദർ വടക്കൻ അന്ന് ഖദർ കൊണ്ടു തുന്നിയ ഒരു ളോഹയാണ് ധരിച്ചിരുന്നത്. ഒരു പുരോഹിത വേഷധാരിയെ കണ്ടപ്പോൾ ഊട്ടുതിരുനാളിനു വന്നവരും അടുത്തുകൂടി. അങ്ങനെ അതൊരു വൻപുരുഷാരമായി. സ്വീകരണം കഴിഞ്ഞ് പ്രസംഗിക്കാനായി എ.കെ.ജി. എഴുന്നേറ്റപ്പോൾ ആളുകൾ ഒന്നിച്ച് അടുത്തേക്കു നീങ്ങി.

"ഞങ്ങൾക്ക് സഖാവിനെ കാണാൻ വയ്യ.'
പിറകിലായ ആളുകൾ വിളിച്ചു പറഞ്ഞു.
അപ്പോൾ ബി.വെല്ലിങ്ങ്ടന്റെ തോളിൽ പിടിച്ച് എ.കെ.ജി. മേശപ്പുറത്ത് കയറി നിന്നു. കയ്യിലെ മൈക്കിലൂടെ അദ്ദേഹം പറഞ്ഞു.
"തിരുവതാംകൂർ രാജാവിന്റെ മുടവൻമുകൾ കൊട്ടാരവളപ്പിൽ എന്നെ അറസ്റ്റു ചെയ്യാൻ വന്ന പൊലീസിനോട് ഞാൻ ചോദിച്ചു: ഏതു നിയമം വെച്ചാണ് താൻ എന്നെ അറസ്റ്റ് ചെയ്യുന്നത്? ഒന്നു പറയ് കേൾക്കട്ടെ. ഞാൻ പാർലിമെന്റിലിരുന്ന് നിയമമുണ്ടാക്കുന്ന ആളാണ്. എടോ ഇത് മിച്ചഭൂമിയാണ്. ഓരോരുത്തർക്കും കയ്യിൽ വെക്കാവുന്ന ഭൂമിക്ക് പരിധിയുണ്ട്. അതിൽ കവിഞ്ഞ ഭൂമിയാണ്. ഈ രാജ്യത്തെ മണ്ണിൽ പണിയെടുക്കുന്ന കൃഷിക്കാർക്ക് അവകാശപ്പെട്ട ഭൂമി. രാജ്യത്ത് എത്ര ശതമാനം കൃഷിക്കാർക്ക് സ്വന്തായിട്ട് ഭൂമീണ്ട്ന്ന് തനിക്ക് അറിയാമോ? എത്ര കാലായി നമ്മടെ പി.കെ.മീനാക്ഷി പാടത്ത് കൊയ്യാനും കെട്ടാനും പോവുന്നു. അവരേപ്പോലെ കൃഷിപ്പണി വശൊള്ള ആൾക്കാര് വേറേണ്ടോ? ഈ സഖാവ് മീനാക്ഷിക്ക് കൃഷിഭൂമിയുണ്ടോ?'
"നിങ്ങള് പറയ്. ഉണ്ടോ?' അദ്ദേഹം ഉച്ചത്തിൽ ചോദിച്ചു.
"ഇല്ല.' ആളുകൾ ഉറക്കെ വിളിച്ചു പറഞ്ഞു.

അപ്പോഴാണ് ദിമിത്രി ആൾക്കൂട്ടത്തിനിടയിൽ തന്റെ അമ്മയെ കാണുന്നത്. അവർ നിരത്തു വക്കിലിട്ട ഒരു ബഞ്ചിൽ ഇരിക്കുകയായിരുന്നു. തൊട്ടരികത്ത് സുശീലഗോപാലൻ. എ.കെ.ജി. പറയുന്നത് കേട്ട് സൂശീല മീനാക്ഷിയെ ചേർത്തു പിടിച്ച് പൊട്ടിച്ചിരിച്ചു. പക്ഷേ മീനാക്ഷി കരഞ്ഞു.

ആ സമയത്ത് ആൾക്കൂട്ടത്തിനിടയിൽ വൃത്തിയുള്ള നീലട്രൗസറും വെള്ള ഷർട്ടുമിട്ട് കെ. നിൽക്കുന്നത് ദിമിത്രി കണ്ടു. അയാൾ അന്ന് വല്ലാതെ മെലിഞ്ഞിട്ടായിരുന്നു. അയാൾ എ.കെ.ജി.യെ വിസ്മയംപൂണ്ട് നോക്കി നിൽക്കുകയാണ്.

ദിമിത്രി പിന്നെ അവിടെ നിന്നില്ല. അവൻ കനാലോരത്തുകൂടെ കൊളംബ് ബംഗ്ലാവിലേക്ക് നടന്നു.
പള്ളിയിലേക്ക് നടക്കുന്നവരിൽ ചിലയാളുകൾ സംസാരിച്ചു:
"ഏതാ ആ അച്ചൻ? അയ്യാളെന്തിനാ കമ്യൂണിസ്റ്റുകളടെ കൂടെ നടക്കണ്?'
"അത് അച്ചനൊന്നും ആവില്ല. അവര് വേഷം കെട്ടിച്ച് കൊണ്ടു നടക്കണതാവും. കമ്യൂണിസ്റ്റുകളല്ലേ ആൾക്കാര്. ജഗജില്ലികളാണ്.'

അക്കാലത്ത് ബംഗ്ലാവിൽ നിന്നുള്ള നടപ്പാത കനാലിൽ ചെന്നു മുട്ടുമായിരുന്നു. അവിടെ വെള്ളത്തിലേക്കിറങ്ങാൻ അന്ന് പടവുകളുണ്ട്. പടവുകൾ പലതും തകർന്നിരുന്നു. പടവിനടുത്ത് പലനിറത്തിലുള്ള രാജമല്ലികളും ഒരു പാരിജാതവും ഉണ്ടായിരുന്നു. ചന്തയിലേക്ക് പോകുന്ന വള്ളങ്ങൾ അവിടെ അടുപ്പിച്ചിടാറുണ്ട്. പാരിജാതമരത്തിൽ അവ കെട്ടിയിടും. വള്ളക്കാർ കയ്യാലയിൽ വന്നിരുന്ന് കൊണ്ടുവന്ന ഭക്ഷണം പൊതിയഴിച്ചു കഴിക്കും.

അക്കാലമായപ്പോഴേക്കും കൊളംബ് ബംഗ്ലാവ് ജീർണ്ണിച്ചിരുന്നു. കെട്ടിമേയാത്തതു കൊണ്ട് കയ്യാലപ്പുര മഴകൊണ്ടു തകർന്നു. പ്രതാപിയായ കരുണൻ മാഷ് മരണപ്പെട്ടിരുന്നു. സുഗതൻ ഉദ്യോഗവുമായി പാലക്കാട്ട്. വെല്യമ്മയും ദിമിത്രിയും മാത്രമാണ് ബംഗ്ലാവിൽ താമസിച്ചിരുന്നത്. കാലത്ത് മുറ്റമടിക്കാനും ഭക്ഷണം തയ്യാറാക്കാനും ഒരു സ്ത്രീ വന്നിരുന്നു. വല്യമ്മ ഏതാണ്ടും കിടപ്പിലായിരുന്നു അന്ന്. അവർക്ക് ചെവി തീരെ കേൾക്കാതായി. അതുകൊണ്ട് അവർ സംസാരവും നിർത്തി. അൽപ്പം മാത്രം എന്തെങ്കിലും ഭക്ഷണം കഴിക്കും. ബംഗ്ലാവിന്റെ ദ്രവിച്ചു തുടങ്ങിയ മോന്തായത്തിലേക്ക് കണ്ണുനട്ട് സദാസമയവും അവർ കിടക്കും.

ബോട്ടുബംഗ്ലാവാണ് ആദ്യം തകർന്നത്. അതിന്റെ തകർന്ന അവശിഷ്ടങ്ങൾ മാത്രമേ ജോർജി കണ്ടിട്ടുള്ളു. ബോട്ടുബംഗ്ലാവ് അക്കാലത്തെ ഭരണവർഗ്ഗ രാഷ്ട്രീയത്തിന്റെ ഗുഢാലോചനാ കേന്ദ്രമായിരുന്നുവെന്ന് കെ. കഥകളിൽ വിവരിച്ചിട്ടുണ്ട്. അക്കരെ മലബാറിൽ നടക്കുന്ന ദേശീയസമരങ്ങൾക്കെതിരെ പൊലീസുദ്യോഗസ്ഥരും ജന്മികളും ഒന്നിച്ചിരുന്ന് ചില ആലോചനകൾ നടത്തിയിട്ടുണ്ടെന്നാണ് വ്യാഖ്യാനം. ബോട്ടുകോൺട്രാക്ടർ റോബർട്ട് സായിപ്പായിരുന്നു സൂത്രധാരൻ. ആ സമയത്ത്

അവിടെ മദ്യവും മദിരാക്ഷിയും ഉണ്ടായിരുന്നുവത്രെ.

സത്യത്തിൽ അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ല. ബോട്ടുബംഗ്ലാവിലെ റോബർട്ട് സായിപ്പ് എന്നു പറയുന്നയാൾ വെള്ളക്കാരനല്ല. ചെറായിക്കാരനായ ഒരു പാവം പിടിച്ച പറങ്കിയായിരുന്നു. അദ്ദേഹത്തിന്റെ മദാമ്മയായ അലക്സാണ്ട്രിയ ഒരു ദളിത് സ്ത്രീ ആയിരുന്നു. ചെറുനീലി എന്നായിരുന്നു അവരുടെ പഴയ പേര്. ബോട്ടുഗതാഗതം ലേലത്തിൽ പിടിച്ച കമ്പനിയുടെ മാനേജർ ആയിരുന്നു സായിപ്പ്. അദ്ദേഹത്തിന് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. ബോട്ടുസർവ്വീസ് നിലച്ചപ്പോൾ ആ ദമ്പതികൾ എവിടെക്കോ പോയി. കുറേകാലം അനാഥമായിക്കിടന്ന ബംഗ്ലാവ് കാലാന്തരത്തിൽ നശിച്ചു.

ബോട്ടുബംഗ്ലാവ് സജീവമായിരുന്ന കാലത്ത് അവിടെ സൽക്കാരങ്ങൾ നടന്നിരുന്നു എന്നത് വാസ്തവമാണ്. സൽക്കാരത്തിനു വേണ്ടി അവിടെ പോയതിന്റെ കഥകൾ പുല്ലാനിക്കാട്ടെ വല്യമ്മ ദിമിത്രിയോട് പറഞ്ഞിട്ടുണ്ട്. അന്നത്തെ നിലക്ക് അത്യന്തം പരിഷ്കൃതമായ ഒരു ഭവനമായിരുന്നു അത്. ചുമരുകൾക്ക് നല്ല ഉയരമുണ്ടായിരുന്നു. ആർച്ചുപോലെ വളച്ചു പണിത വലിയ ജനലുകൾ. പലനിറത്തിലുള്ള കണ്ണാടി വാതിലുകളായിരുന്നു. ജനൽപ്പടികളിന്മേൽ കുട്ടികൾക്ക് കിടന്നുറങ്ങാൻ മാത്രം വീതിയുണ്ടായിരുന്നു.

വിരുന്നുകളും സദ്യകളും എന്നും കാട്ടൂർക്കടവിന്റെ പ്രത്യേകത ആയിരുന്നു. ഓണം, വിഷു, ഗുരുദേവ ജയന്തി, പൂരങ്ങളും പെരുന്നാളുകളും. ഇതിനോടനുബന്ധിച്ചെല്ലാം വീടുകളിൽ വലിയ മട്ടിലുള്ള സൽക്കാരങ്ങൾ പതിവുണ്ട്. ഓണത്തിനും, ക്രിസ്തുമസ്സിനും, പെരുന്നാളിലും, കൊയ്ത്തിനും ബോട്ടുബംഗ്ലാവിൽ വിരുന്നു നടക്കും. നാട്ടുപ്രമാണിമാരാണ് വരിക. പല പല അടുപ്പുകളിലായി പോത്തിറച്ചിയും മീനും താറാവും കിടന്നു തിളക്കുന്നുണ്ടായിരിക്കും. തട്ടിൽ പാലപ്പുറത്ത് പത്രോസ് പറവൂരിൽ നിന്നു വരുത്തിയ ജോലിക്കാരിൽ ആരെങ്കിലും ഒരാളായിരിക്കും അന്നത്തെ ബട്ട്ളർ. അത് അയാളുടെ കരവിരുത് കാണിക്കാനുള്ള അവസരമായിട്ടാണ് കരുതിയിരുന്നത്.

ഗുരുമഠത്തിലെ കാവടിക്കാണ് പുല്ലാനിക്കാട്ട് കൊളംബ് ബംഗ്ലാവിൽ രാത്രി സൽക്കാരം നടക്കുക. അന്ന് അടുക്കളയിൽ നിന്ന് വിഭവങ്ങൾ കയ്യാലയിലേക്ക് ഒഴുകും. ചേന്ദൻ എന്നു പേരുള്ള ഒരു ഭൃത്യൻ ഉണ്ടായിരുന്നു അന്ന് അവിടെ. അയാൾക്കായിരുന്നു സൽക്കാരത്തിന്റെ സർവ്വാധികാരം. അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് അയാൾ കിതക്കുന്നുണ്ടാവും. അന്ന് കയ്യാലയിൽ നിന്ന് പാതിരവരെ കരുണൻ മാഷടെ സംസാരവും അതിഥികളുടെ പൊട്ടിച്ചിരിയും പിന്നെ പാട്ടും അലർച്ചകളും കേൾക്കും. അതു കേൾക്കുമ്പോൾ ദിമിത്രിക്ക് വലിയ ഭയം തോന്നും. ആ സമയത്ത് പുറത്ത് പൂമുഖത്തോ കളത്തിലോ കയ്യാലയിലോ പ്രത്യക്ഷപ്പെടാൻ അയാൾക്ക് അനുവാദമുണ്ടായിരുന്നില്ല. ചേന്ദനാണ് അവനെ നിയന്ത്രിച്ചിരുന്നത്. അയാൾ വന്ന് ചെവിയിൽ പറയും:
"പൊറത്ത് വന്നാലുണ്ടല്ലോ, അടിച്ച് എല്ലൊടിച്ചിടും ഞാൻ. ചേന്ദനെ നിനക്ക് അറിയാണ്ടാണ്. ബംഗ്ലാവിലെ പെലേനാ ഞാൻ. വേലന്മാരടെ വീട്ടിലെ കുട്ടീനെ സൽക്കരിക്കാനൊന്നും എന്നെ കിട്ടില്ല. അതു ഞാൻ പറഞ്ഞട്ടുണ്ട്.'

അറച്ചോട് എന്ന മുറിയിൽ ദിമിത്രി പതുങ്ങിക്കിടക്കും. കരച്ചിൽ വന്നിരുന്നെങ്കിലും അയാൾ കരഞ്ഞിരുന്നില്ല. ആ വലിയ വീട്ടിൽ തന്റെ കരച്ചിൽ ഉയരാൻ പാടില്ലെന്ന തോന്നൽ അയാൾക്കുണ്ടായിരുന്നു.

മണ്ണാൻതുരുത്തിൽ അമ്മയോടൊത്ത് കഴിഞ്ഞിരുന്ന കാലത്ത് ദിമിത്രി ഇഷ്ടംപോലെ കരഞ്ഞിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉറക്കെ കരയും. ആ കരച്ചിൽ കേട്ട് പാടത്ത് പണി നോക്കാൻ വന്ന തട്ടിൽ സൂസിയമ്മ ചോദിച്ചിട്ടുണ്ട്:
"ഇതെന്ത് ചെകുത്താൻ പിടിച്ച ചെക്കനാണ്? എപ്പഴും ഇങ്ങനെ ഒരു നെലോളി.'

ആ വീടിന്റെ ചാണകം മെഴുകിയ ഇറയത്ത് നീന്തി നടന്ന് നിറുത്താതെ കരയുമ്പോൾ അയാളുടെ അമ്മയുടെ അച്ഛൻ കണ്ടൻകുട്ടിയാശാൻ അപ്പുറത്തിരുന്ന് ചെണ്ട മുറുക്കുന്നുണ്ടാവും. കരയുന്ന കുട്ടിയെ കേൾപ്പിക്കാൻ വേണ്ടി അദ്ദേഹം ചെണ്ടയിൽ ഒന്നു മുട്ടും. വീണ്ടും ഒരു മുട്ട്. അത് കേൾക്കുമ്പോൾ കരച്ചിൽ നിറുത്തി അവൻ ശ്രദ്ധിക്കും. പിന്നെ ഇറയത്തു കൂടെ ഇഴഞ്ഞു ചെന്ന് ചെണ്ടയിൽ പിടിച്ച് എഴുന്നേറ്റു നിൽക്കും. അതിന്മേൽ മുട്ടാൻ ശ്രമിക്കും. അപ്പോൾ ചെറിയൊരു ശബ്ദം പുറത്തുവരും.

"അങ്ങനെ, അങ്ങനെ. മുട്ടി മുട്ടി വെല്യൊരു ചെണ്ടക്കാരനാവണ്ടേ?'
കണ്ടൻകുട്ടിയാശാൻ പറയും.

അക്കാലത്ത് അയാളുടെ അമ്മ ഒട്ടുമിക്ക സമയത്തും പാടത്തായിരിക്കും. ഓരോ കാലത്തും ഓരോ പണികൾ ഉണ്ട്. കട്ടയുടക്കൽ, വിത, ഞാറുനടൽ, പുല്ലു പറിക്കൽ, കൈത്തേക്ക്, വളമിടൽ, കൊയ്ത്ത്. കൃഷിപ്പണിയില്ലാത്ത കാലങ്ങളിൽ അവർ തന്റെ അമ്മക്കൊപ്പം കനാലിൽ ചകിരിപ്പണിക്ക് പോകാറുണ്ട്.

അച്ഛനുമായി വേർപെട്ടു മണ്ണാൻ തുരുത്തിൽ താമസിക്കുന്ന കാലത്തും കൊയ്ത്തിനു വേണ്ടി അമ്മ ബംഗ്ലാവിൽ വരാറുണ്ട്. അന്ന് ദിമിത്രി അവിടെ ഉണ്ട്. കൊയ്തശേഷം കളത്തിൽ വെച്ച് മെതിച്ച് പാറ്റിയ നെല്ല് അറയിൽ കൊണ്ടിടാൻ വേണ്ടി അവർ അകത്ത് കടക്കാറുണ്ട്. നെല്ലളന്ന് തന്റെ പതമ്പ് വിഹിതം ചാക്കിലാക്കി അവർ ചുമന്നുകൊണ്ടു പോകും. മറ്റ് പണിക്കാർക്കൊപ്പം വടക്കേ ഇറയത്തിരുന്ന് കഞ്ഞി കുടിക്കുന്ന അമ്മയെ അയാൾ കാണും. ആ സമയത്ത് അമ്മ അയാളെ ഗൗനിക്കാറില്ല.

മണ്ണാൻതുരുത്തിലെ മീനാക്ഷിയും പുല്ലാനിക്കാട്ടെ ചന്ദ്രശേഖരനും തമ്മിലെ പ്രണയവും വിവാഹവും കാട്ടൂർക്കടവിന്റെ ചരിത്രത്തിലെ പ്രധാന അധ്യായമാണ്. കമ്യൂണിസ്റ്റ് പാർട്ടിയാണ് അവരുടെ വിവാഹം നടത്തിയത്. കച്ചേരി ബംഗ്ലാവിൽ വെച്ച് വിവാഹ ഉടമ്പടിയിൽ ഒപ്പുവെച്ച ശേഷം അവർ പാർട്ടി ആപ്പീസിലേക്കു വന്നു. അവിടെ വെച്ച് മാലയിട്ടു. വലിയൊരു ഘോഷയാത്രയായിട്ടാണ് വരനും വധുവും സംഘവും കൊളംബ് ബംഗ്ലാവിലേക്ക് നീങ്ങിയത്. നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നു. ചിലർ ചുവന്ന കൊടിയും പിടിച്ചിരുന്നു.

പാർട്ടി സെക്രട്ടറി ചെറുവത്തേരി ചക്രപാണി വാര്യർ ആ ജാഥക്ക് നേതൃത്വം നൽകി. പിന്നീട് കൽക്കത്താ മാധവൻ എന്നറിയപ്പെട്ട തെയ്യപ്പള്ളി മാധവൻ, കൊട്ടാരം ഭാസ്ക്കരൻ, കുഞ്ഞുമൊയ്തീൻ, ചെറുവാറെ രാമൻ എന്നിവർ മുന്നിൽ നിന്നു. ചെമ്മാണിയോട് ശങ്കരൻ എന്ന കൗമാരം വിടാത്ത കുട്ടിയും അവർക്കൊപ്പം ചേർന്നു. ബംഗ്ലാവിന്റെ കയ്യാലപ്പടി കടന്ന് കളം നിറഞ്ഞ് ആളുകൾ നിന്നു.

വീട്ടിൽ എത്തിയ പാടെ വരൻ ചന്ദ്രശേഖരൻ തന്റെ കഴുത്തിലെ മാല ഉപേക്ഷിച്ച് ഒരു കൊടുങ്കാറ്റിന്റെ വേഗത്തിൽ വീട്ടിനകത്തേക്ക് കയറിപ്പോയി. ഗോവണി പടികൾ കയറി തന്റെ മുറിയിലെ കസേരയിൽ അയാൾ ഇരുന്നു. അയാൾ അപ്പോൾ കിതക്കുന്നുണ്ടായിരുന്നു.

ഉമ്മറത്തെ ചാരുകസേരയിൽ പതിവുപോലെ കരുണൻ മാഷ് കിടന്നിരുന്നു. മുറ്റത്തു നിൽക്കുന്നവരെ അദ്ദേഹം നിരീക്ഷിച്ചു. ചക്രപാണിവാര്യരെ അദ്ദേഹം ഗൗനിച്ചു. അവരൊന്നിച്ച് മുമ്പ് പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇരിഞ്ഞാലക്കുട അയ്യങ്കാവ് പാടത്ത് ഇ.ഗോപാലകൃഷ്ണമേനോൻ ദേശീയപതാക ഉയർത്തിയ സമയത്ത് വാര്യർ ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയാവുന്നത് കരുണൻ മാഷ് കണ്ടിട്ടുള്ളതാണ്. അദ്ദേഹം ചോദിച്ചു:
"എന്താ വാര്യരേ, വിശേഷിച്ച്?'
വാര്യർ പറഞ്ഞു:
"വിശേഷൊക്കെ കരുണൻ മാഷ്ക്ക് അറിവുള്ളതാണ്. നാട്ടിലെ എല്ലാവരുക്കും അറിവുണ്ട്. ഈ നിൽക്കുന്ന പെങ്കുട്ടീനെ അറിയ്യോ?'
കരുണൻ മാഷ് കണ്ണിൽ വശത്ത് കൈവെച്ചു നോക്കി.
"ഇവള് ഇമ്മടെ തുരുത്തിലെ കണ്ടൻകുട്ടീടെ മോളല്ലേ? കൃഷിപ്പണിക്കാലത്ത് മെതിക്ക്യാൻ വന്ന് കണ്ടട്ടുണ്ട്. എന്റെ കണ്ണും കാഴ്ച്ച്യേം ഇപ്പത്ര ശര്യല്ല. നാട്ടിലെ പുത്യേ ചെറുപ്പക്കാര്യൊന്നും ഇപ്പ കണ്ടാ തിരിച്ചറീല്ല.'
വാര്യർ ഉൽക്കണ്ഠപ്പെട്ടു:
"കാഴ്ചക്കൊറവുണ്ടോ? ചെലപ്പൊ തിമിരത്തിന്റെ തൊടക്കാവും. വെച്ചു കൊണ്ടിരിക്കരുത്. മണക്കുന്നനെ ഒന്നു പോയി കാണായിരുന്നു. ഓപ്പറേഷൻ വേണംച്ചാ തൃശ്ശൂര് പോയി കണ്ണ് നമ്പീശനെ കാണ്വാ നല്ലേ.'
"ങ്ങാ, നോക്കാം. എന്തുപറ്റി ഈ മണ്ണാത്തിപ്പെങ്കിടാവിന്?'
കരുണൻ മാഷ് ചോദിച്ചു.
വാര്യർ പറഞ്ഞു.
"ഇവൾടെ പേര് മീനാക്ഷി. ഇവളും ഇവടത്തെ ചന്ദ്രശേഖരനും തമ്മിലെ വിവാഹം ഇന്ന് കാട്ടൂർക്കടവ് കച്ചേരി ബങ്കളാവില് വെച്ച് നടന്നു. ഞാനും ഈ കൊട്ടാരം ഭാസ്ക്കരനും ആയിരുന്നു സാക്ഷികള്.'

കരുണൻ മാഷ് കസേരയിൽ നിന്ന് എഴുന്നേറ്റു നിന്നു.
"സാക്ഷികൾ എന്നു വെച്ചാൽ കൊച്ചിത്തമ്പുരാന്മാർ എന്നൊന്നും അർത്ഥല്യല്ലോ. ഇനീപ്പോ ഭാഷയിൽ അങ്ങനെ വെല്ല വകഭേദോം വന്നോന്ന് അറീല്യ. പുരോഗമനത്തിന്റെ കാലല്ലേ? ചന്ദ്രശേഖരൻ എന്റെ മകനാണ്. പുല്ലാനിക്കാട്ടെ കുടുംബാംഗം. ഞാൻ അവന്റെ അച്ഛനായിട്ടു വരും. ഞാൻ അറിയാത്ത കല്യാണത്തിന്റെ കാര്യം ഇവടെ വന്നു പറയണ്ട. അത് വെല്ല പാർട്ടി ആപ്പീസിലും കലാസമിതീലും പോയി പറഞ്ഞാ മതി.'
വാര്യർ ക്ഷമ വിടാതെ പറഞ്ഞു:
"കരുണൻ മാഷ് ഇപ്പൊ ഭാഷാവ്യാഖ്യാനം ഒന്നും നടത്തണ്ട. ഈ മീനാക്ഷീം രാജശേഖരനും പ്രായപൂർത്തിയായ യുവാക്കളാണ്. ഇവര് കുറേ കാലമായി അടുപ്പത്തിലായിരുന്നു. നാട്ടിൽ എല്ലാവർക്കും അറിയാം അത്. ചന്ദ്രശേഖരന്റെ കുട്ടി ഇവളുടെ ഉദരത്തിൽ വളരണുണ്ട്.'

കരുണൻ മാഷ് ചിരിച്ചു:
"വളരട്ടെ. വയറ്റിൽ കിടക്കുന്ന മനുഷ്യഭ്രൂണം വളരൂലോ? ഒമ്പതോ പത്തോ മാസം കഴിഞ്ഞാല് അത് പൊറത്ത് വരും. അതിലൊന്നും ഒരു അതിശയോല്യ. മണ്ണാത്തിപ്പെണ്ണങ്ങൾക്ക് വയറ്റിലുണ്ടാവണതും പ്രസവിക്കണതും ആദ്യത്തെ കാര്യൊന്ന്വല്ലല്ലോ. അതുപ്പൊ വാര്യത്തെ പെണ്ണങ്ങളാന്ന്ച്ചാലും വയറ്റിലുണ്ടായാൽ പെറും. പെറണല്ലോ. പെറ്റില്ലെങ്കില് ആകെ ഒരു തിക്കുമുട്ടല്ലേ?'

കൊട്ടാരം ഭാസ്ക്കരൻ ഒരടി മുന്നിലേക്ക് കയറി നിന്നു. എങ്ങോട്ടോ നോക്കി അശ്രദ്ധ ഭാവിച്ച് അയാൾ അരയിൽ നിന്നും കത്തി പുറത്തെടുത്തു. അതുകൊണ്ട് സ്വന്തം തോളിൽ ഒന്നു ചൊറിഞ്ഞു. ചക്രപാണി വാര്യർ ഭാസ്കരന്റെ കയ്യിൽ മുറുക്കെപ്പിടിച്ചു.
ആ സമയം കരുണൻ മാഷ് താണു. അദ്ദേഹം കസേരയിൽ ഇരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. അതീവമായ നിരാശയോടെ അദ്ദേഹം പറഞ്ഞു.
"വാര്യരേ, നമ്മള് ഒന്നിച്ച് തൃശൂരെ തേക്കിൻകാട്ടില് ഒരുപാട് നടന്നവരാണ്. താങ്കൾ എന്നോട് ഈ കടുംകയ്യ് ചെയ്യുംന്ന് ഞാൻ കരുതീല. ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കില് നാട്ട് നടപ്പനുസരിച്ച് എന്ത് നഷ്ടപരിഹാരം കൊടുത്തട്ടായാലും പരിഹരിക്കാവുന്ന കാര്യായിരുന്നു ഇത്. ഇവടെക്കൊണ്ട് എത്തിച്ചൂല്ലേ? എന്നോട് എന്തു വിരോധണ്ടായിട്ടാ താങ്കൾക്ക്?'
വാര്യർ പറഞ്ഞു:
"മനുഷ്യബന്ധങ്ങൾക്ക് സ്നേഹം മാത്രാണ് കരുണൻ മാഷെ നഷ്ടപരിഹാരം. വലിച്ചെറിയപ്പെട്ട ഒരുപാട് സ്ത്രീകൾടെ ചരിത്രണ്ട് നമ്മടെ നാടിന്. റോട്ടിലും കാനയിലും കെടന്ന് പ്രസവിച്ചവര്. ന്നാല് കാലം മാറ്വാണ്.'
"ഗുരുവിന്റെ ശിഷ്യൻ കറുപ്പയ്യാ സ്വാമി പണികഴിപ്പിച്ചതാണ് ഈ ബംഗ്ലാവ്. അന്ന് ഇതിന്റെ യശസ്സ് അങ്ങ് ശിവഗിരി, അരുവിപ്പുറം വരെണ്ടാർന്നു. വാര്യർക്ക് അതൊക്കെ ഓർമ്മേണ്ടാവും.'
കരുണൻ മാഷ്ടെ കണ്ഠമിടറി.
"നല്ല ഓർമ്മേണ്ട്. കറുപ്പയ്യാസ്വാമീനെ കണ്ടട്ടില്ലാന്നേള്ളൂ. എല്ലാം കേട്ടട്ടുണ്ട്. അദ്ദേഹത്തിന്റെ ഗുരു നാരായണഗുരുസ്വാമി ആണല്ലോ മനുഷ്യർക്കിടയിൽ ജാതിവ്യത്യാസം ഇല്യാന്ന് കേരളീയരെ പഠിപ്പിച്ചത്. കുട്ടിക്കാലത്ത് ആ മൊഴികൾ കേട്ടിട്ടാണ് ഞാനും ലോകത്തെ മനസ്സിലാക്കിയത്. പാവപ്പെട്ട മനുഷ്യരെ മേൽജാതിക്കാര് ചവിട്ടിയരക്കുന്നു. ഗുരുവാണ് നമ്മുടെയൊക്കെ കണ്ണു തുറപ്പിച്ചത്. ഗുരു നൽകുന്ന വെളിച്ചത്തിലാണ് പുല്ലാനിക്കാട്ടെ കളത്തിൽ മീനാക്ഷി എന്ന ഈ പെൺകുട്ടി നിൽക്കുന്നത്.'
ആ സമയത്ത് കൊട്ടാരം ഭാസ്ക്കരൻ വികാരഭരിതനായി മുദ്രാവാക്യം വിളിച്ചു.
"ഇൻകുലാബ് സിന്ദാബാദ്. കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്. ശ്രീനാരായണഗുരു സിന്ദാബാദ്. ജാതി ജന്മി നാടുവാഴിത്തം തുലയട്ടെ.'
സംഘാംഗങ്ങൾ ഏറ്റുവിളിച്ചു.
ചക്രപാണി വാര്യർ മീനാക്ഷിയോട് പറഞ്ഞു:
"മീനാക്ഷി അകത്തു കയറിക്കോളൂ. വലതുകാൽ തന്നെ വെച്ചോളൂ. ഒന്നും പേടിക്കാനില്ല. ഒരിക്കലും ധൈര്യം കൈവിടരുത്. പ്രതിബദ്ധങ്ങൾ എല്ലാം താൽക്കാലികമാണ് എന്നു കരുതുക. കാലാന്തരത്തിൽ ദേഷ്യവും വിരോധവും കെട്ടടങ്ങും. മനുഷ്യൻ ശരിക്കു പറഞ്ഞാൽ നല്ലവനാണ്. സ്നേഹം കൊണ്ട് പരിഹരിക്കാനാവാത്തത് ഒന്നുമില്ല.'
മീനാക്ഷി അകത്തു കടന്നു. അവിടെ അവൾ ആരെയും കണ്ടില്ല. അവൾക്ക് അറിയാത്തതല്ല ആ വീടിന്റെ അകം. കൃഷിപ്പണിക്കാലത്ത് വരാറുള്ളതാണ്. പിച്ചള ഗോളകങ്ങൾ കൊണ്ട് അലങ്കരിച്ച വലിയവാതിൽ കടക്കുന്നത് ഒരു ഇടനാഴിയിലേക്കാണ്. മേൽത്തട്ടിൽ മരത്തിൽ കൊത്തിയ പൂക്കളും മുഖരൂപങ്ങളും ഉണ്ട്. ഇടനാഴി ചെന്നു മുട്ടുന്നേടത്ത് അറ. ഇരുവശത്തും മുറികൾ. അറയോട് ചേർന്ന് മുകളിലേക്കുള്ള ഗോവണി. പിന്നെ മേലടുക്കള. കീഴടുക്കള. മേലടുക്കളയിൽ വലിയൊരു പത്തായം ഉണ്ട്. പത്തായത്തിൽ ചാരി അവൾ നിന്നു. മണിക്കൂറുകളോളം. ആരും അവളുടെ അടുത്തു വന്നില്ല. ഒരു ശബ്ദവും അവൾ കേട്ടില്ല. വല്ലാതെ കാലു കഴച്ചപ്പോൾ അവൾ നിലത്തിരുന്നു. തളർന്നപ്പോൾ കിടന്നു. കഴുത്തിലണിഞ്ഞിരുന്ന പൂമാല നിലത്തേക്ക് ഊർന്നു കിടന്നിരുന്നു.

എവിടെയോ ആരോ പാടുന്നതായി അവൾ കേട്ടു. വലിയ ബഹളമാണ്. അതു കൊണ്ട് പാട്ട് വ്യക്തമായി കേൾക്കാനാവുന്നില്ല. പിന്നെ വ്യക്തമായി. പുഴക്കക്കരെയാണ് പാട്ട്. പാട്ടുകേട്ട ദിക്കിലേക്ക് പരസ്പരം കൈകോർത്തു പിടിച്ചുകൊണ്ട് ചന്ദ്രശേഖരനു മീനാക്ഷിയും പുഴയിലൂടെ ഓടുകയാണ്. മണൽത്തിട്ട കഴിഞ്ഞ് വെള്ളമുള്ളേടത്ത് എത്തിയപ്പോൾ മീനാക്ഷി വീണുപോയി.

അവൾ ഞെട്ടിയുണർന്നു. ഒന്നു മയങ്ങി പോയതാണ്. ആരോ അവളെ തൊട്ടു. കണ്ണുതുറന്നപ്പോൾ കണ്ടു: അത് പുല്ലാനിക്കാട്ടെ വെല്യമ്മയാണ്. ചന്ദ്രശേഖരന്റെ അമ്മ. നേരം നന്നായി ഇരുട്ടിയിരുന്നു.

അവരുടെ കയ്യിൽ ഒരു പാത്രം കഞ്ഞി ഉണ്ടായിരുന്നു. ഒന്നും പറയാതെ കഞ്ഞി അവളുടെ മുന്നിൽ വെച്ചു. അവൾ എഴുന്നേറ്റിരുന്ന് കഞ്ഞി കുടിക്കാൻ തുടങ്ങി.
ആ കാഴ്ച നോക്കിയിരുന്ന് വെല്യമ്മ തേങ്ങി. അവർ പറഞ്ഞു:
"ഒന്നൂല്യെങ്കിലും ഒരു വയറ്റുകണ്ണി അല്ലേ ഇത്?'▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments