ചിത്രീകരണം: ഇ. മീര

കാട്ടൂർക്കടവ് 2018

19: കടലിന്റെ മർമ്മരങ്ങൾ

‘നാരായണീസദനം' എന്നായിരുന്നു ആ വീടിന്റെ പേര്.
കല്ലുകൊണ്ടു കെട്ടിയ ഇരുനില മാളിക.
ആ വീട് ഇന്നുണ്ടോ എന്നു നിശ്ചയമില്ല.
പക്ഷേ ദിമിത്രിയുടെ മനസ്സിൽ അതു തകരാതെ ഇപ്പോഴും ഉണ്ട്.
ഒരു ദിവസം മാത്രമേ അവിടെ ചെലവഴിച്ചിട്ടുള്ളു എങ്കിലും.
ഒരു പകുതി പകലും ഒരു രാത്രിയും. രാത്രി അയാൾ ഉറങ്ങി.
അടുത്തു കിടന്നിരുന്ന വല്യമ്മ ഉറങ്ങിയതായി തോന്നിയില്ല.
തെല്ലകലെ കിടന്ന് കടൽ വല്ലാതെ ക്ഷോഭിക്കുന്നുണ്ടായിരുന്നു.

പിന്നീട് കടലിന്റെ സാന്നിദ്ധ്യത്തിലെല്ലാം അയാൾ ആ ദിവസത്തെ ഓർക്കാറുണ്ട്. അയാൾക്ക് കടലിനെ ഭയമാണ്. ഇത്രയേറെ മുതിർന്നിട്ടും ആ ഭയത്തിന് അറുതിയായിട്ടില്ല. അവലംബമില്ലാത്ത ശൂന്യതയായിട്ടാണ് അയാൾ കടലിനെ കാണുന്നത്. അനന്തമായ ആ ശൂന്യത തന്നെ വലിച്ചടുപ്പിച്ച് വിഴുങ്ങിക്കളയുമോ എന്ന് അയാൾ പേടിക്കുന്നു. മനുഷ്യരോ മൃഗങ്ങളോ സസ്യജാലങ്ങളോ ഒന്നുമില്ലാതെ ദിക്കുകൾ നഷ്ടപ്പെട്ട ഒരിടത്ത് താൻ ചെന്നുപെട്ടതായി സ്വപ്നത്തിൽ കണ്ട് അയാൾ ഞെട്ടിയുണരാറുണ്ട്.

ആറാട്ടുകടവിൽ വഴി ചെന്നുമുട്ടുന്ന ഒരു മുക്കൂട്ടക്കവലയിൽ കുളിച്ചൊരുങ്ങിയ മട്ടിൽ നിൽക്കുന്ന ഒരുപാട് പുന്നമരങ്ങളാണ് ഓർമ്മയിൽ ഉള്ളത്.
പിന്നെ കടലിന്റെ വിചിത്ര ശബ്ദങ്ങൾ.
നിരന്തരമായ ആരവത്തിനിടയിൽ ഇടക്കൊരു നിശ്ശബ്ദതയുണ്ട്.
തുടർന്ന് ആ നിശ്ശബ്തക്കു മേലേക്ക് ചൊരിയുന്ന ഒരലർച്ച.
ചില നേരങ്ങളിൽ അതൊരു മുരൾച്ചയായി മാറും.
ചിലപ്പോൾ സംഗീതം പോലെ തോന്നും.
രാത്രി വല്യമ്മയുടെ അടുത്തു കിടക്കുമ്പോൾ ആരോ തേങ്ങിക്കരയുന്ന പോലെയും തോന്നിയിരുന്നു.

ആ തിരിവിൽ ഒരു മീൻചാപ്പയുണ്ടായിരുന്നു.
​ഉപ്പിലിട്ട് ഉണക്കിയ മത്തിയുടെ മണം വന്നു. കരക്ക് കയറ്റിയിട്ട ഒരുപാട് വള്ളങ്ങൾ. അതിനടുത്തിരുന്ന് തൊഴിലാളികൾ തങ്ങളുടെ വലയുടെ കേടുപാടുകൾ തീർക്കുന്നുണ്ടായിരുന്നു. തീരെ ചെറിയ വീടുകളാണ് അവിടെ ഉണ്ടായിരുന്നത്. ചെറിയ തറകെട്ടി ഓല കുത്തിമറച്ച് മേഞ്ഞത്. അപൂർവ്വമായി മാത്രം കണ്ട വേലികളും ഓലകൊണ്ടായിരുന്നു. ഭേദപ്പെട്ട വീടുകളുടെ ചുമരുകൾ മരപ്പാളികൾ അടിച്ചുണ്ടാക്കിയവയാണ്.

വല്യമ്മയുടെ പിതൃഗൃഹത്തിലേക്ക് തിരിയുന്നിടത്ത് ഒരു അത്താണി മരവും അതിനു താഴെ രണ്ട് മാടക്കടകളും ഉണ്ടായിരുന്നു. സിമന്റ് കൊണ്ട് കെട്ടിയ ഒരു ഗുരുമന്ദിരവും. മന്ദിരത്തിന് ഒരാളുടെ കഷ്ടി പൊക്കമേ ഉണ്ടായിരുന്നുള്ളു. വളരെ ചെറിയ ഒരു ശ്രീനാരായണഗുരുവാണ് ആ ചില്ലുകൂട്ടിൽ ഉണ്ടായിരുന്നത്. അത് പണിയിച്ച ആളുടെ പേര് കരിങ്കൽ പാളിയിൽ കൊത്തിവെച്ചിട്ടുണ്ട്:
‘ആലയിൽ താഴത്ത് ശങ്കരൻ മാസ്റ്റർ. (തന്റെ അച്ഛൻ കുഞ്ഞിരാമൻ വൈദ്യരുടെ പാവനസ്മരണക്കായി പണികഴിപ്പിച്ചത്.)'

‘വീടുപണിയാൻ കൊണ്ടന്ന കല്ലിൽ നിന്നെടുത്ത് എന്റെ അച്ഛൻ പണികഴിപ്പിച്ചതാ ഇത്’; വല്യമ്മ അഭിമാനത്തോടെ പറഞ്ഞു; ‘ഈ ആറാട്ടുകടവിൽ അന്ന് കല്ലുകൊണ്ട് പണിതതായിട്ട് ഞങ്ങടെ വീടു മാത്രേ ണ്ടാർന്നുള്ളു.'

കുഴയുന്ന മണൽ മാത്രമുള്ള പ്രദേശത്ത് കല്ലുകെട്ടി വീടുപണിയുന്നത് അക്കാലത്ത് വലിയ ആർഭാടമായിരുന്നു. കിഴക്ക് മലമ്പ്രദേശങ്ങളിൽ നിന്നാണ് ചെങ്കല്ല് വരേണ്ടത്. നെല്ലായി, കുറുമാലി, നന്തിക്കര കടവുകളിൽ നിന്ന് കരുവനൂർ പുഴവഴി വഞ്ചിയൂന്നിയാണ് കല്ലു കൊണ്ടുവരിക. അത് കാനോലിക്കനാലിന്റെ വിവിധ കടവുകളിൽ ഇറക്കി വെക്കും. പിന്നെ തലച്ചുമടാണ്. ആറേഴു നാഴിക ചുമക്കേണ്ടി വരും. മണപ്പുറത്ത് അക്കാലത്ത് കാളവണ്ടികൾ ഉണ്ടായിരുന്നില്ല. പിന്നെ ടയർ ചക്രം ഘടിപ്പിച്ച ഉന്തുവണ്ടികൾ വന്നു. അക്കാലത്ത് ആലയിൽ താഴത്തെ വീട്ടുകാർക്ക് കല്ലുകെട്ടി വീടുപണിയാനുള്ള ധനസ്ഥിതി ഉണ്ടായിരുന്നില്ല.

വല്യമ്മ പറഞ്ഞു: ‘അച്ചാച്ചൻ വൈദ്യരാർന്നു. കുഞ്ഞിരാമൻ വൈദ്യര്. വല്യ പ്രസിദ്ധി ഒക്കേള്ള ആളാണ്. വാതത്തിന്റെ ചികിത്സയിലാണ് പ്രാവീണ്യം. ഗുരൂനെ നേരിൽ കണ്ടട്ടുണ്ട്. എന്റെ അച്ഛൻ ശങ്കരൻ മാഷ്. ഇവടത്തെ സമാജം സ്‌കൂളില് പഠിപ്പിച്ചേർന്നു. അന്ന് വൈദ്യരുക്കും മാഷക്കും ബഹുമാനം മാത്രേ കിട്ടുള്ളു. വരായ ഇല്ല. ജീവിതം അങ്ങനെ തട്ടിമുട്ടി പൂവ്വും. അന്ന് കൊളംബില് പോയി പണീടുക്കണോരടെ വീട്ടിൽ മാത്രേ കാശൊള്ളൂ. അപ്പൊ എന്റെ അമ്മേടെ അച്ഛൻ, പുല്ലാനിക്കാട്ട് കൊളംബ് ടൈലർ കോരുന്നാ പറയ്യാ. കൊളംബീന്ന് കൊറേ കാശ് അയച്ചുകൊടുത്തു. ശങ്കരൻ വീടുപണിയണം. ഇന്റെ മോള് ഓലക്കുടിലില് കെടക്കാൻ പാടില്ല. അങ്ങനെ വീട് പണിതു. ഇന്റെ അമ്മേടെ പേരാണ് വീടിനിട്ടത്.'

‘നാരായണീസദനം' എന്ന പേര് പലകയിൽ ചുണ്ണാമ്പു കൊണ്ടാണ് എഴുതിയിരുന്നത്. ഉയരം കുറഞ്ഞ ആ ഒറ്റനില വീടിന്റെ പുറംചുവരുകളിൽ കുമ്മായം തേച്ചിരുന്നില്ല. വല്യമ്മയുടെ അമ്മയുടേയും അച്ഛന്റെയും ഫോട്ടോകൾ ഉമ്മറച്ചുവരിൽ വലുപ്പത്തിൽ ഫ്രെയിം ചെയതു വെച്ചിരുന്നു. അച്ഛന്റെ ഫോട്ടോ ആളെ തിരിച്ചറിയാനാവാത്ത വിധം മങ്ങിയിരുന്നു. എന്നാൽ പഫ് വെച്ച പുള്ളി ജമ്പറിട്ട അമ്മ ഫോട്ടോയിലിരുന്ന് ആശങ്കകലർന്ന കണ്ണുകളോടെ ദിമിത്രിയെ നോക്കി.

വീട്ടിലെ സ്ത്രീകളും കുട്ടികളും വല്യമ്മയെ സ്വീകരിക്കാനായി ഉമ്മറത്തേക്കു വന്നു. സഹോദരപുത്രിമാരും പുത്രവധുക്കളും അവരുടെ മക്കളുമാണ്. വലിയൊരു സംഘം. വല്യമ്മ കയ്യിൽ കരുതിയിരുന്ന സഞ്ചി തുറന്ന് പലഹാരങ്ങൾ പങ്കുവെച്ചു. ചെറിയമ്മായി എന്നാണ് അവരെല്ലാം വല്യമ്മയെ വിളിച്ചത്.

‘ചെറിയമ്മായി ഞങ്ങളെയൊക്കെ മറന്നു. എത്ര കാലായി ഇവടെക്കൊന്നു വന്നട്ട്?'
ഒരു സ്ത്രീ പരിഭവം പറഞ്ഞു.

‘മറന്നട്ടല്ല മോളെ. ഇവടക്ക് വരാനായിട്ട് ഒരു എടകിട്ടണ്ടെ? അവടെ പുല്ലാനിക്കാട്ട് ഇനിക്ക് രാജ്യഭരണല്ലേ? മന്ത്രിമാര്, ഭടന്മാര്, സാമന്തന്മാര്, ഭൃത്യര്. അവടത്തെ പട്ടാളത്തിന്റെ മേൽനോട്ടോം ഞാൻ തന്നെ വഹിക്കണ്ടെ?'; വല്യമ്മ പൊട്ടിച്ചിരിച്ചു.

ആ ചിരി കേട്ടിട്ടാവണം അകത്തെ മുറിയിൽ നിന്ന് ഒരു പുരുഷശബ്ദം ഉയർന്നു.
'ആരാ അപ്രത്ത്?'
‘അച്ഛൻ കെടക്ക്വാണ്’.
ഒരു യുവതി പറഞ്ഞു.
‘മൂന്നുമാസം കെടന്ന കെടപ്പില് കെടക്കണംന്നാ ഡോക്ടര് പറഞ്ഞേക്കണ്. ഓപ്പറേഷനൊന്നും പറ്റില്ല. എല്ലു കൂടണങ്കില് കെടപ്പെന്ന്യേ രക്ഷേള്ളു. ഓടിപ്പാഞ്ഞ് നടന്നേർന്ന ആളല്ലേ? കെടന്ന് കെടന്ന് ആളുക്ക് ദേഷ്യം വരാൻ തൊടങ്ങീറ്റുണ്ട്.'

വല്യമ്മയുടെ മൂത്ത സഹോദരനാണ് ഇപ്പോൾ ‘നാരായണീസദന'ത്തിൽ താമസിക്കുന്നത്. മുകുന്ദൻ വൈദ്യർ എന്നു വിളിക്കും. വൈദ്യമൊന്നും കാര്യമായിട്ടില്ലെങ്കിലും അദ്ദേഹം വലപ്പാട് ചന്തപ്പടിക്കൽ ഒരു പച്ചമരുന്നു കട നടത്തിയിരുന്നു. എ.ടി.ഫാർമസി. വീട്ടിൽ വെച്ച് ചില വിശിഷ്ട തൈലങ്ങൾ കാച്ചും. അതിനുവേണ്ടി വീടിനോട് ചേർന്ന് ഒരു ഓലമേഞ്ഞ ഒരു മരുന്നു പുരയുണ്ട്. ഒരു പണിക്കാരനും.

‘ഞങ്ങടെ കുടുംബത്തിന് മാത്രം നിശ്ചയൊള്ള ചെലമരുന്നുകളുണ്ട്. അതുണ്ടാക്കാണ്ട് പറ്റില്ല. വേറെ ആരുക്കും അതിന്റെ കൂട്ട് പറഞ്ഞു കൊടുക്കാനും പാടില്ല. പറഞ്ഞു കൊടുത്താൽ മരുന്നിന്റെ ഗുണം പൂവ്വും’, വല്യമ്മ പറഞ്ഞിരുന്നു.

മുകുന്ദൻ വൈദ്യരാണ് അകത്തു കിടക്കുന്നത്. അടുത്തിടെ കുളിമുറിയിൽ തെന്നിവീണ് അദ്ദേഹത്തിന്റെ ഇടുപ്പെല്ല് പൊട്ടിയിരുന്നു. ദിമിത്രിയെ കൂട്ടി വല്യമ്മ അദ്ദേഹം കിടക്കുന്ന മുറിയിലേക്ക് കടന്നു.

ഒരു ചെറിയ പർവ്വതംപോലെ മുകുന്ദൻ വൈദ്യർ കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുകയാണ്. ഒരു കാവിമുണ്ടാണ് വേഷം. രോമങ്ങൾ നിറഞ്ഞ വെളുത്ത ശരീരം തൈലം പുരണ്ട് മഞ്ഞനിറമായിരുന്നു. വയർ വല്ലാതെ ഉയർന്നു നിന്നു. മുറിയിൽ എണ്ണയുടേയും കുഴമ്പിന്റെയും മണം ഉണ്ടായിരുന്നു.

മുകുന്ദൻ വൈദ്യർ പറഞ്ഞു: ‘നീയെന്തിനാ നളിനി ഇത്രേം ദൂരം നടന്ന് ഇങ്ങട്ട് വന്നത്? അതും ഈ പൊരിയണ വേനക്കാലത്ത്. ഈ കാലൊന്ന് ശര്യായാല് ഞാൻ അങ്ങോട്ടു വന്നേർന്നൂലോ? കഴിഞ്ഞ മാസം എട്ടാം തീയതി അങ്ങട്ട് വരാനിരുന്നതാ. ഇരിഞ്ഞാലക്കുട മുനിസിഫില് പഴയ ഒരു കേസുണ്ട്. അതിന്റെ സമൻസുണ്ടാർന്നു. മധുരക്കറി വക്കീലിനെ ഒന്നു കാണണം. മടങ്ങുമ്പൊ പുല്ലാനിക്കാട്ട് വന്ന് നിന്നെ കാണണംന്ന് ഞാൻ വിചാരിച്ചു. അതിനെടക്ക്യാണ് ഈ മാരണം ണ്ടായത്. ’
‘ഒന്നൂണ്ടായില്ല. ഒരശ്രദ്ധ. ഇവടത്തെ സീമന്തിനി കുളി കഴിഞ്ഞേന്റെ ബാക്ക്യായിട്ട് ഇത്തിരി തൈലം നെലത്ത് വീണുകെടന്നേർന്നു. എന്തോ ഒരാലോചനേല് പെട്ട് അറിയാണ്ട് ഞാനതില് ചവിട്ടി. തെന്ന്യേത് മാത്രേ ഓർമ്മേള്ളൂ.'

അദ്ദേഹം ആ സമയത്ത് ദിമിത്രിയെ കണ്ടു.
‘ഇതേതാ, ഇയ്യ ചെക്കൻ? പറമ്പിലെ ചേന്ദന്റ്യാ?'

വെല്യമ്മ പെട്ടെന്ന് തിരുത്തി; ‘ഏയ്. ഇത് ചന്ദ്രന്റെ മോനല്ലേ? ദിമിത്രീന്നാ ഇവന്റെ പേര്. ഞാൻ ഇവനെ വാറുണ്ണി മാഷ്ടെ സ്‌കൂളില് കൊണ്ടോയി ചേർത്തു. നല്ല മിടുക്കനാ. ഇപ്പൊത്തന്നെ നൂറുവരെ മേപ്പട്ടും കീഴ്പ്പട്ടും എണ്ണാനും എഴുതാനും അറീം. ഇംഗ്ലീഷും നല്ല വശണ്ട്. ചെറുപ്പത്തിലെ ചന്ദ്രന്റെ ബുദ്ധിവൈഭവം മുഴ്​വൻ ഇവന്ന് കിട്ടീറ്റുണ്ട്.'

‘ഉം', മുകുന്ദൻ വൈദ്യർ ഒന്നു മൂളി.

കുറേസമയം അദ്ദേഹം നിശ്ശബ്ദനായി കിടന്നു.
അദ്ദേഹം തന്റെ കണ്ണുകൾ വീടിന്റെ മോന്തായത്തിലേക്ക് പായിച്ചു.
ഉരുണ്ടു കളിക്കുന്ന ആ കണ്ണുകൾ ദിമിത്രിയെ ഭയപ്പെടുത്തി.

അദ്ദേഹം നോക്കുന്നത് എവിടേക്കെന്ന് അറിയാൻ വേണ്ടി ദിമിത്രിയും മുകളിലേക്കു നോക്കി. ആ ഒറ്റയിറക്കുപുരയുടെ മോന്തായം തെങ്ങിൻതടി കൊണ്ട് നിർമ്മിച്ചതാണ്. ഓടുകൾ ചിലതു പൊട്ടി അതിലൂടെ വെളിച്ചം വരുന്നുണ്ടായിരുന്നു. പുല്ലാനിക്കാട്ടെ മാതിരിയല്ല. മുറികൾക്ക് അത്രവെടുപ്പും വൃത്തിയുമില്ല. എന്നോ വെള്ളപൂശിയ അകച്ചുവര് അഴുക്കുപിടിച്ചതാണ്. നിലം ചാണകം മെഴുകിയത്. ഒരോ മുക്കിലും കുപ്പികളും മുഷിഞ്ഞ തുണികളും കൂട്ടിയിട്ടിരുന്നു.

പിന്നീട് മുകുന്ദൻ വൈദ്യർ സംസാരിക്കാൻ തുടങ്ങി.
അദ്ദേഹം തന്റെ സഹോദരിയായ പുല്ലാനിക്കാട്ട് വെല്യമ്മയോട് നടത്തിയ ദീർഘസംഭാഷണം ദിമിത്രി കേട്ടുകൊണ്ടു നിന്നു. അന്ന് അവനത് മുഴുവൻ മനസ്സിലായില്ല. പിന്നീട് പലകാലങ്ങളിൽ പലരുപത്തിലാണ് അത് അവന്റെ മനസ്സിൽ രൂപം കൊണ്ടത്. നിശ്ചയമായും അവന്റെ ഓർമ്മയിൽ കലർപ്പു കാണും. ഓർമ്മകൾക്ക് അങ്ങനെ ഒരു കുഴപ്പമുണ്ട്. കാലം അതിൻ പലതും കലർത്തും. നാളെ അതിന് വീണ്ടും രൂപാന്തരം ഉണ്ടായേക്കാം. ചിലപ്പോൾ അവൻ ആലോചിക്കും: ഓർമ്മകൾ എന്നെ കബളിപ്പിക്കുകയാണോ?

പതിഞ്ഞ സ്വരത്തിലാണ് മുകുന്ദൻ വൈദ്യർ ആരംഭിച്ചത്. പിന്നീട് ആ സംസാരം പല ശബ്ദവ്യത്യാസങ്ങളും വികാരക്ഷോഭങ്ങളും സ്വീകരിച്ചു. ഒരു സന്ദർഭത്തിൽ അദ്ദേഹം അറിയാതെ എഴുന്നേൽക്കാൻ ശ്രമിച്ചു. ശ്രമം വിജയിച്ചില്ല.

‘നീ മണ്ണാന്തുരുത്തില് പോയി ഇതിനെ കൊണ്ടന്ന് വീട്ടില് നിർത്തീരിക്കണ വിവരം ഞാൻ അറിഞ്ഞേർന്നു. അതന്വേഷിക്കാനാ ഞാൻ പുല്ലാനിക്കാട്ട് വരണംന്ന് വിചാരിച്ചത്. നീ ചെയ്തത് ശര്യായില്ല. നിന്റെ ഭർത്താവ് കരുണൻ മാഷ് ആളൊരു യോഗ്യനും മാന്യനും ആയോണ്ട് നിന്നെ അവിടെന്ന് അടിച്ചെറക്കീല്യ. ഞാനാന്ന്ച്ചാ വല്ല കടുംകയ്യും ചെയ്‌തേനെ. കുപ്പേൽ കെടക്കണ്ടത് കുപ്പേൽ കെടക്കണം. അതെടുത്ത് ഉമ്മറത്ത് വെക്കരുത്.’

‘ആറാട്ടുകടവുകാരും പുല്ലാനിക്കാട്ടുകാരും തമ്മിലെ ബന്ധം ഇന്നും ഇന്നലെയും ഉണ്ടായതല്ല. ഒരു നൂറ്റാണ്ടിനപ്പറം പഴക്കണ്ട് അതിന്. സാധാരണ ഈഴവരല്ല നമ്മള്. പണ്ടേക്കുപണ്ടേ ആഡ്യത്വം കുറച്ച് കൂടുതലുണ്ട്. നമ്മടെ ഈ വീട്ടിൽ ഗുരു വന്ന് വിശ്രമിച്ചട്ടുണ്ടുന്ന് നീ കേട്ടട്ടുണ്ടാവും. കുഞ്ഞിരാമൻ വൈദ്യരും കറപ്പയ്യാസ്വാമീം തമ്മില് ചില്ലറ ആത്മബന്ധല്ല ണ്ടാർന്നത്. രണ്ട് നാട്ടിലാണ് ജീവിതമെങ്കിലും ഒരു ആത്മാവാർന്നു അവരുക്ക്. ഇവടെ ചോലയില് മാമി വൈദ്യരടെ കൂടെ ആർന്നൂലോ നമ്മടെ അച്ചാച്ചൻ ചെറുപ്പത്തില്. അവടെ വെച്ചുണ്ടായ ബന്ധാണ്. കുടുംബബന്ധൊക്കെ പിന്ന്യാണ്ടായത്. പുല്ലാനിക്കാട്ടുന്ന് നമ്മടെ അച്ഛൻ ശങ്കരൻ മാഷ് കല്യാണം കഴിച്ചു. അവരെ അപക്ഷിച്ച് നമ്മക്ക് സമ്പത്ത് കൊറവാർന്നു. പക്ഷേ അവര് തറവാടാണ് നോക്ക്യേത്. നിന്റെ കല്യാണക്കാലായപ്പൊഴും വേറൊന്നും അന്വേഷിച്ചില്ല. സത്യം പറയാലോ എന്റെ മോള് ദേവസേന വെലുതായപ്പൊ ചന്ദ്രനായിരുന്നു ഞങ്ങടെ മനസ്സിലുണ്ടായിരുന്നത്. അവൾക്കും അങ്ങനെ ഒരാഗ്രഹം മനസ്സിലുണ്ടാർന്നു. അവനെ കിട്ടീല്യാന്ന്ച്ചട്ട് അവൾക്ക് എടങ്ങറൊന്നുണ്ടായില്ല. അന്നമനടേല് രണ്ട് റേഞ്ച് ഷാപ്പുവിളിച്ച ആളാ അവൾടെ ചെക്കൻ. ഇത്തവണ ചാരായത്തുമ്മല് അവന് നോട്ടണ്ട്. അതുപോട്ടെ.’

‘കരുണൻ മാഷും ഞാനും സമപ്രായക്കാരാണ്. ഒന്നിച്ചാണ് രാഷ്ട്രീയത്തില് വന്നത്. മാഷ് അവടെ പ്രജാമണ്ഡലത്തില് ചേർന്നപ്പൊ ഞാനിവടെ ഫർക്കാ കോൺഗ്രസ്​ കമ്മിറ്റീണ്ടാക്കി. മേപ്പറത്ത് വായനശാല തുടങ്ങി. വായനശാലക്ക് കെട്ടിടം പണിയാൻ പുല്ലാനിക്കാട്ടെ കോരുമ്മാൻ കൊളംബീന്ന് കാശയച്ച് തന്നട്ടുണ്ട്. സാക്ഷാൽ കോഴിപ്പുറത്ത് മാധവമേനോൻ വന്ന് നമ്മടെ ഈ ഉമ്മറത്തിരുന്ന് ചായ കുടിച്ചട്ടുണ്ട്. അറിയ്യോ നിനക്ക്? കുട്ടിമാളുവമ്മക്ക് നമ്മടെ കുടുംബത്തെ സകല കാര്യങ്ങളും അറിയാർന്നു. കാണുമ്പൊ ഓരോരുത്തരടേം വിവരങ്ങള് ചോദിക്കലുണ്ട്.’

‘കുടുംബത്തെ ആമ്പിള്ളേര് പലസ്ഥലത്തും പൂവും. യൗവ്വനംന്ന് പറഞ്ഞാൽ ഒരു പ്രാന്തുപിടിച്ച കാലാണ്. എന്തൊക്ക്യാ ചെയ്യാന്ന് പറയാൻ പറ്റില്ല. വേണ്ടാത്ത പല ബന്ധങ്ങളിലും ചെന്നുപെടും. അതു കഴിഞ്ഞാ കഴിഞ്ഞു. നിന്റെ സഹോദരനായ ഇനിക്കൂണ്ടായിട്ടുണ്ടാവും അങ്ങനത്തെ ബന്ധങ്ങള്. നിന്റെ ഭർത്താവായ കരുണൻ മാഷ്‌ക്കും ഉണ്ടാവും. പഴംചൊല്ല് കേട്ടട്ടില്ലേ? ആണുങ്ങളായാൽ ചെളികണ്ടാൽ ചവിട്ടും. വെള്ളം കണ്ടാല് കാല് കഴുകേം ചെയ്യും. അതൊക്കെ പതിവാ. അതോണ്ടൊന്നും ആകാശം ഇടിഞ്ഞു വീഴാറില്ല. അതിനെടേല് ആരുക്കേങ്കിലും വയറ്റിലുണ്ടായിട്ടുണ്ടെങ്കില് നഷ്ടപരിഹാരം കൊടുക്കലല്ലേ നാട്ടുനടപ്പ്? ഗർഭം അലസിപ്പിക്കാനുള്ള കാശ് വേറെ കൊടുക്കും. അതോടെ കഴിഞ്ഞു. തടി ശുദ്ധായി.’

‘ചന്ദ്രന്റെ കാര്യത്തില് അവന്റെ പാർട്ടിക്കാരാ അവനെ ചതിച്ചത്. നമ്മടെ കുടുംബത്തീന്ന് ഒരു കുട്ടി കമ്യൂണിസത്തില് ചെന്നുപെട്ടൂന്ന് അറിഞ്ഞപ്പൊത്തന്നെ ഞാൻ വിചാരിച്ചതാ. പെഴച്ചൂന്ന്. കമ്യൂണിസ്റ്റുകാരുക്ക് മനുഷ്യന്റെ ജീവിതല്ല പാർട്ടിയാണ് വെലുത്. ജീവിച്ചിരിക്കണ ആൾക്കാരേക്കാളും അവരുക്ക് പ്രധാനം മരിച്ചോരാ. രക്തസാക്ഷികളുന്ന് കേട്ടട്ടില്ലേ? പാർടി പിളരാൻ തൊടങ്ങീപ്പൊ എതിർപക്ഷക്കാര് ചന്ദ്രനെതിരെ എറക്ക്യ ശീട്ടാ ഇത്. അവന്റെ കൂട്ടുകാരൻ രാജശേഖരനുണ്ടല്ലോ. അവനുപ്പൊ എടതിലല്ലേ? അവനാ ഇതിന്റെ പിന്നില്. അവൻ ചെറുവത്തേരി വാര്യരെ എളക്കി വിട്ടു.’

‘ഈ രാജശേഖരൻ മാഷ് ആരാ? അവന്റെ തറവാട്ടുകാരും പുല്ലാനിക്കാട്ടുകാരും തമ്മില് പണ്ടേക്കുപണ്ടേ കെടമത്സരണ്ട്. നേരിട്ടു കാണുമ്പൊ അടേം ചക്കരേം ഒക്കെ ആണ്. പക്ഷേ എടച്ചിലുണ്ട്. കൊളംബില് വെച്ചുണ്ടായതാ അത്. അറിയ്യോ? പുല്ലാനിക്കാട്ടെ കറപ്പനും ചരുവിലെ വേലുക്കുട്ടീം കൂടീട്ടാണല്ലോ കൊളംബിലിക്ക് പോയത്. ലോകയുദ്ധത്തില് ബോംബു വീണ് ആശുപത്രി തകർന്നപ്പോ വേലുക്കുട്ടിനെ കാണാനില്ലാണ്ടായി. കറുപ്പയ്യാസ്വാമി രക്ഷപെട്ടു. ഒരു രാജാവായിട്ടാ മടങ്ങി വന്നത്. അതിന്റെ അസൂയ ഉണ്ട്.’

‘മണ്ണാന്തുരുത്തിലെ കുടിലില് ജനിച്ച ഒരു ചെക്കൻ പുല്ലാനിക്കാട് വന്ന് കൊളംബ് ബംഗ്ലാവില് താമസിക്ക്യാന്ന് ച്ചാ അതിന്റെ മാനക്കേട് നിനക്കും നിന്റെ വീട്ടുകാർക്കും മാത്രല്ല ഒള്ളത്. അത് നീ മനസ്സിലാക്കണ്ടതാർന്നു. നമ്മടെ ബന്ധത്തിൽപ്പെട്ട എല്ലാവർക്കും അപമാനംണ്ട്. വിവരറിഞ്ഞപ്പൊ ദേവസേന കലി തള്ളീട്ടാ അന്നമനടേന്ന് വന്നത്. അവൾടെ ചെക്കൻ അവളെ മണ്ണാത്തീന്ന് വിളിച്ചുത്രേ. ഷാപ്പുപൂട്ട്യാലും ഇന്റെ മണ്ണാത്തി വല്ലോടത്തും പോയി മുണ്ടു തിരുമ്മി കാശുണ്ടാക്കി കുടുംബം പോറ്റുംന്ന് പറഞ്ഞുത്രെ. മണ്ണാമ്മാരാണല്ലോ ബന്ധുക്കള്. അവൻ തമാശ പറഞ്ഞതാവും. ന്നാല് അതില് കാര്യല്യേ?’

‘നമ്മടെ പോലത്തെ ഈഴവ കുടുംബങ്ങളില് എത്രെത്ര മേൽജാതി പെൺകുട്ടികള് വന്ന് കേറീട്ടുണ്ട്. വാര്യത്തെ കുട്ടികളും നമ്പൂരിക്കുട്ടികളും വരെ വന്നട്ടുണ്ട്. തേച്ചു തെളിച്ച നെലവിളക്കു മതിര്യൊള്ള ആ കുട്ടികള് കുടുംബങ്ങൾക്ക് ഐശ്വര്യാണ്. അഭിമാനാണ്. അതിന്റെ നെലേം വെലേം തലമുറകള് നെലനിൽക്കും. എന്താണ് ഒരു മടീം ഇല്യാണ്ട് സവർണ്ണക്കുട്ടികള് നമ്മടെ വീടുകളിലിക്ക് കയറിവരാൻ കാരണം? ഗുരു അനുഗ്രഹിച്ച സമുദായാണ് നമ്മടത്. അതിന്റെ ബലത്തിലാണ് നമ്മ നിക്കണ്. ഇതുപ്പൊ ആദ്യായിട്ടാണ് ഇത്ര താഴേക്കെടേന്ന് ഒരു ബന്ധണ്ടാവണത്.’

‘പെലേരേം പറേരേം അധകൃതരേം സംരക്ഷിക്കണം സഹായിക്കണം. അതൊക്കെ ഗുരു പറഞ്ഞട്ടുണ്ട്. ഗാന്ധിം പറഞ്ഞട്ടുണ്ട്. അവരെ കരകയറ്റാൻ നമ്മടാൾക്കാര് എത്രക്ക് പണീടുത്തു. ഇക്കണ്ട അമ്പലങ്ങളില് മുഴുവൻ അവര് കടന്ന് തൊഴുതത് നമ്മടെ ജാതിക്കാര് കാവലു നിന്നിട്ടാണ്. പുല്ലാനിക്കാട്ടെ കറുപ്പയ്യാസ്വാമി നെഞ്ചു വിരിച്ചു നിന്നേന്റെ ബലത്തിലാണ് പറമ്പിലെ ചെറുങ്ങോരന്റെ അച്ഛൻ താമി പൈക്കണ്ണിക്കാവ് അമ്പലത്തിലിക്ക് കാളേനീം കൊണ്ടു കേറീത്. അതുവരെ കാളകളി പടിഞ്ഞാറെ ആലിന്റെ ചോട്ടില് വരെ വന്നു ചെണ്ടകൊട്ടി നെഞ്ചത്തടിച്ച് നെലോളിച്ച് തിരിച്ചു പൂവ്വലാണ് പതിവ്.’

‘എല്ലാത്തിനും ഒരതിരുണ്ട് നളിനി. ഇത്രേം നമ്മള് സഹായിച്ച് പെലേരേം പറേരേം രക്ഷിച്ചു. ആരുക്കേങ്കിലും അതിന്റെ നന്ദീണ്ടോ? അങ്ങാടീലെ മാപ്ലാരടെ അടുക്കള മിറ്റത്തിരുന്ന് കലത്തില് ബാക്കി കെടക്കണ പശുവെറച്ചിക്കൂട്ടാൻ തൊട്ടു നക്കാനാ അവർക്ക് താൽപ്പര്യം. ഇമ്മളെ കണ്ടാല് പുച്ഛം. കമ്യൂണിസം. ഹിന്ദുക്കളാന്നൊള്ള വിചാരണ്ടോ? ഇല്ല. ആരായാലും നിർത്തണ്ടോടത്ത് നിർത്തണം. ഇന്നലെ വരെ വടക്കോർത്ത് നിന്നോര് ഇന്ന് വീടുഭരിക്കാൻ വരണത് നെറികേടാണ്. ഒരുവക നിയന്ത്രണോം ഇല്യാണ്ടായാല് ഈ രാജ്യോം ലോകോം എങ്ങന്യാ നെലനിൽക്ക്വാ?'

ആ സമയത്ത് മുകുന്ദൻ വൈദ്യരുടെ ഭാര്യ അങ്ങോട്ടു കടന്നു വന്നു.
അവർ ചോദിച്ചു: ‘തീർന്നില്ലേ, ആങ്ങളേം പെങ്ങളേം തമ്മിലെ വർത്താനം പറച്ചില്?'

അവർ തെല്ലു ഗൗരവക്കാരിയായ ഒരു സ്ത്രീയാണ്.
കുളിച്ച് നനഞ്ഞ നരച്ച ചുരുളൻമുടി തലക്ക് മേലെ ഗോപുരം പോലെ കെട്ടിവെച്ചിട്ടുണ്ട്. കുറെ തടിച്ച ശരീരമാണ്. നെറ്റിയിൽ പൊട്ടുണ്ട്. മുറുക്കിയതിന്റെ ചുവപ്പ് അവരുടെ ചുണ്ടുകൾക്കിടയിലൂടെ കണ്ടു. കയ്യിലും കാതിലും കഴുത്തിലുമായി കഴിയാവുന്നത്ര സ്വർണാഭരണങ്ങൾ അവർ അണിഞ്ഞിരുന്നു.

അവർ പറഞ്ഞു: ‘ഇനീപ്പൊ കഥേം ചരിത്രോം വിസ്തരിച്ചിട്ട് എന്താ ഒരു കാര്യം? കഴിഞ്ഞത് കഴിഞ്ഞു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. കുടുംബത്തിന് തേച്ചാലും മാച്ചാലും പൂവ്വാത്ത അപഖ്യാതീണ്ടായി. എത്രക്ക് യോഗ്യനാർന്നു ചന്ദ്രൻ. ഏതു നെലക്ക് ജീവിക്കണ്ട ആളാർന്നു? അവന്റെ ജന്മം കഴിഞ്ഞൂന്ന് പറയാം. ഞാൻ ഒരു കാര്യം പറഞ്ഞാല് നാത്തൂൻ വിഷമം വിചാരിക്കരുത്. എന്റെ സ്വഭാവം നിങ്ങക്ക് നേരത്തേ അറിയാലോ? പറയാനൊള്ളത് ആരടെ മോത്തു നോക്കീട്ടും ഞാൻ പറയും. അത് പറഞ്ഞേന്റെ പേരില് മജിസ്‌ട്രേട്ട് കോടതീല് കൊണ്ടോയി തൂക്കികൊന്നാലും ഞാൻ സഹിക്കും. നാത്തൂൻ ഇന്നിപ്പൊ ചെയ്തത് തീരെ ശര്യായില്ല. മണ്ണാക്കുടീന്ന് പുല്ലാനിക്കാട്ടേക്ക് കൊണ്ടന്നു. അവടെ സബോദി ഒരുക്കി കൊടുക്കണു. ശരി. ആ ജന്തൂനെ ഇങ്ങട്ട് കെട്ടി എഴുന്നള്ളിച്ചത് തീരെ ശര്യായില്ല. കൊടുത്ത പെങ്കുട്ട്യോളും കൊണ്ടന്ന പെങ്കുട്ട്യോളും ഒള്ള വീടാ ഇത്. അവരുക്കൊക്കെ അവരടെ വീട്ടില് പോയി പൊറുക്കണ്ടതും വിരുന്നു പോണ്ടതും ആണ്. അതിന്റെ മോന്ത കണ്ടപ്പൊത്തന്നെ ഇനിക്കു മനസ്സിലായി ഏതാ സാധനംന്ന്.'

അന്ന് ആ വീട്ടിൽ നിന്ന് എന്തെങ്കിലും ഭക്ഷണം കഴിച്ചുവോ എന്ന് ദിമിത്രിക്ക് ഓർമയില്ല. ഉണ്ടാവണം. അത്താഴപ്പട്ടിണി കിടക്കരുതെന്ന് വല്യമ്മക്ക് നിർബന്ധമുണ്ട്. ഇറയത്തു നിന്നു തുറക്കാവുന്ന ഒരു ചായ്പ്പ് മുറിയിലാണ് അന്ന് അവൻ അവിടെ കിടന്നത്. നിലത്ത് വിരിച്ച പായയിൽ. കുറേനേരം കഴിഞ്ഞപ്പോൾ വല്യമ്മ അവന്റെ അടുത്തുവന്നു കിടന്നു. രാത്രി മുഴുവൻ അവർ ആരോടെന്നില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു.

‘എന്തു ബന്ധാ എനിക്ക് ഈ വീടുമായിട്ടുള്ളത്?
ഓർമ തുടങ്ങിയ കാലത്ത് ഞാൻ ഇവിടെന്ന് പോയതാണ്. അവടെ പുല്ലാനിക്കാട്ടെ അമ്മമ്മക്ക് എന്നെ കാണാണ്ട് ജീവിക്കാൻ പറ്റില്ലാന്ന് പറഞ്ഞു. അമ്മമ്മ വന്നു. പറമ്പിലെ താമിയുടെ അനിയൻ നോലൻ കൂടെണ്ടാർന്നു. നോലന്റെ തോളിലിരുന്നാണ് ഞാൻ കാട്ടൂക്കടവിലിക്ക് പോയത്. ചോലയിലറയിൽ അന്നൊരു തണ്ണീർപ്പന്തലുണ്ട്. അവിടെ കേറി ഇരുന്ന് വിശ്രമിച്ചു. സംഭാരം കുടിച്ചു. ചുറ്റുവട്ടത്തൊള്ള പെണ്ണുങ്ങള് വന്ന് അന്വേഷിച്ചു: ഏതാ ഈ കുട്ടി? സ്വർണ്ണത്തിന്റെ നെറാണല്ലോ? ഇനിക്ക് കണ്ണു തട്ട്വോന്ന് അമ്മമ്മക്ക് പേടിയായി.’

‘അന്ന് കാട്ടൂക്കടവിലിക്ക് അങ്ങനെ വഴീന്ന് പറയാൻ ഒന്നൂല്യ. പാടം തന്നെ ശരണം. വരമ്പത്തുകൂടെ നടക്കണം. എടക്ക് ഒരു തറേല് അയ്യപ്പൻകാവ് അമ്പലണ്ട്. വെളക്കിന്റെ നേരം ആയിട്ടില്ല. എന്നാലും നടക്കലു നിന്ന് തൊഴുതു. കുട്ടമംഗത്ത് എത്ത്യേപ്പൊ വാങ്ക് കേട്ടു. പള്ളീലിക്ക് ഓടണ കൊറേ മാപ്ലാരെ കണ്ടു. എടത്തിരുത്തിപ്പാടത്ത് എത്ത്യേപ്പൊ ഞാൻ പറഞ്ഞു: ഇനിക്കു നടക്കണം. തോടിന്റെ അറ്റം കഴായേലെ വെള്ളത്തിൽ കാലു മുക്കാനാണ്. എന്തൊരു തണുപ്പാർന്നു ആ വെള്ളത്തിന്. ചെറ്യേ മീനുകള് ഓടിക്കളിക്കണുണ്ട്.’

‘ബോട്ടുകടവില് പുല്ലാനിക്കാട്ടെ വഞ്ചി കെടക്കണുണ്ടാർന്നു. നോലൻ കയറഴിച്ച് വഞ്ചി ഉന്തി. കനാലിന്റെ കരയില് അന്ന് നെറച്ച് പൂമരങ്ങളാണ്. പൂവാക, പൂവരശ്, ഏഴിലംപാല, പൊന്നിലഞ്ഞി. വഞ്ചിപ്പടിലിരുന്ന് ഞാൻ വെള്ളത്തിൽ തൊട്ടു. അന്നൊക്കെ ഒരൂട്ടം കാട്ടുതാറാവുകള് നീതി നടക്കാറുണ്ട് കനാലില്. രാത്ര്യായാല് അവറ്റ മനുഷ്യനെ കെടത്തി ഒറക്കില്ല. മുളങ്കൂട്ടത്തില് കേറി ഇരുന്ന് കാ കാന്ന് കരേം.’

‘പിന്നെ എപ്പഴൊക്ക്യാ ഞാൻ ഇവടെക്ക് തിരിച്ചു വന്നേക്കണ്? ഇവടത്തെ അച്ഛാച്ചനും അമ്മമ്മേം മരിച്ച കാലങ്ങളില് വന്നു. പിന്നെ അമ്മായിമാരുടെ കല്യാണങ്ങൾക്ക്. എന്റെ കല്യാണം നിശ്ചയിച്ചപ്പൊ കല്യാണത്തീയതിക്ക് ഒരാഴ്ച മുമ്പാ ഞാൻ ഇങ്ങട്ട് വന്നത്. കാർന്നോമ്മാര് പറഞ്ഞു: കല്യാണത്തിന് പെണ്ണു പെണ്ണിന്റെ വീട്ടിലാ നിക്കണ്ടേ. അവടത്തെ മിറ്റത്തെ പന്തലിലാ താലികെട്ട്. ചെക്കനും പരിവാരങ്ങളും വിരുന്നുകാരായിട്ട് ചെല്ലണം. കെട്ടുകഴിഞ്ഞ് പെണ്ണിനെ പുല്ലാനിക്കാട്ടേക്ക് കൂട്ടിക്കൊണ്ടുവരണം.’

‘കല്യാണത്തിന് മുമ്പായിട്ട് ഞാൻ ഇവടെ വന്നപ്പൊ എനിക്കിവടത്തെ ആൾക്കാരെ പരിചയല്യ. വീടു നെറച്ചും ആൾക്കാരുണ്ട്. കസവൊക്കെ ഉടുത്ത് വെറ്റില മുറുക്കീട്ട്. അവര് വന്നട്ട് എന്നോട് ചോയ്ക്ക്യാണ്: എന്നെ അറിയ്യോ മോള്? ഞാൻ തെക്കേപ്പൊരേലെ അമ്മായ്യാണ്? ഞാൻ പെരിഞ്ഞനത്തെ കൊച്ചമ്മ്യാണ്. നീയ്യ് കണ്ണുതൊറക്കുമ്പഴക്കും ചെക്കന്റെ വീട്ടിലിക്ക് ഓടിപ്പോയില്ലേ? പിന്നെ ഞങ്ങളെ എങ്ങന്യാ ഓർമ്മണ്ടാവ്വാ? അവർ കൂട്ടം കൂടി ചിരിക്കും. അപ്പൊ ഞാനും ചിരിക്കും. ഇനിക്കൊരു രൂപോല്യ അതൊക്കെ ആരാന്ന്.’

‘ഇപ്പഴാണ്ച്ചാ ഇവടത്തെ ഭാഗം കഴിഞ്ഞു. അങ്ങനെ എല്ലാ ബന്ധങ്ങളും ഒഴിഞ്ഞു. ഭാഗം രജിസ്രാക്കാൻ വേണ്ടി മതിലകത്തെ കച്ചേരീലിക്ക് ഞാനും പോയേർന്നു. ഞാൻ പറഞ്ഞു: ഇനിക്ക് ഓഹരി ഒന്നും വേണ്ട. ഇനിക്കെന്തിനാ ഓഹരി? അവടെ പുല്ലാനിക്കാട്ട് ഓഹരിക്കൊന്നും ഒരു കൊറവില്ല. ഒള്ളത് കൊണ്ടു നടക്കാനാ പാട്. ആവശ്യത്തിന് നെല്ലൂണ്ട് നാളികേരോംണ്ട്. ഉപ്പും ശർക്കരേം മാത്രം മേടിച്ചാലും ജീവിക്കാൻ പറ്റും. വിത്തു വെതക്കൽ. ഞാറു പാവൽ. പുല്ലു പറിക്കൽ. വളം ചിന്നല്. കൊയ്യല്, മെതിക്കല്. തെങ്ങിന്റെ കട തൊറക്കൽ. തേങ്ങ വെട്ടല്. കൊപ്ര ഒണക്കല്. നെല്ലു പുഴുങ്ങല്. കുത്തല്. പാടത്തെ പണിക്കാരുക്ക് കഞ്ഞി. കാളകൾക്ക് പരുത്തിക്കുരു. പാത്യേമ്പറത്തിട്ട് കൊടംപുളി ഒണക്കല്. ഇന്റെ ജീവിതം അങ്ങനെ തീരാറായി.’

‘വല്ല കാലത്തും പുല്ലാനിക്കാട്ടുന്ന് ഇങ്ങട്ട് പോരുമ്പൊ ഞാൻ പറയും: എന്റെ വീട്ടിലിക്കൊന്നു പൂവ്വാണ്. ഇതാണോ എന്റെ വീട്? ഇത് എന്റെ വീടല്ല. ഇനിക്കു വീടുണ്ടോ? പുല്ലാനിക്കാട്ടെ കൊളംബ് ബംഗ്ലാവ് എന്റെ വീടാണോ? അവടെ വെച്ച് ഞാൻ ഒരു ആൺകുട്ടീനെ പ്രസവിച്ചു വളർത്തി. അവൻ വലുതായി. യോഗ്യനായി. അവൻ സ്‌നേഹിച്ച പെണ്ണിനെ വീട്ടിലിക്ക് കൊണ്ടരണോ വേണ്ട്യോന്ന് അവൻ തീരുമാനിക്കട്ടെ. എന്റെ രക്തത്തിന്റെ തുടർച്ച അന്വേഷിക്കണ്ട ചൊമതല ഇനിക്കുണ്ട്. ഞാനത് ചെയ്തു. ഇന്റെ മകന്റെ കുട്ടി വേലക്കുടിലില് ഉടുക്കാനും തേക്കാനും ഇല്ല്യാണ്ട് ജീവിക്കണത് ഇനിക്കു സഹിച്ചില്ല. ഞാൻ അവനെ കൊണ്ടന്നു. ഇപ്പൊ ദാ, ലോകം ഇടിഞ്ഞു വീഴാൻ പോകുന്നു. വേലമ്മാരടെ കുടിലില് ജനിച്ചാല് ഒരു കുട്ടി മനുഷ്യക്കുട്ടി അല്ലാണ്ടാവ്വോ? ഇനിക്കു മനസ്സിലാവാത്ത കാര്യാ അത്.'

ഏറെനേരം വല്യമ്മയെ കേട്ടുകൊണ്ട് ദിമിത്രി കിടന്നു.
അതിനു സമാന്തരമായി കടലിന്റെ സ്വരവിസ്മയങ്ങൾ ഉണ്ടായിരുന്നു. പലപല രാഗങ്ങളിൽ. ഏതാണ്ട് ജുഗുൽബന്ധി പോലെയാണത്. ഒരു സംഗീതം ബദൽ സംഗീതം. എപ്പോഴെന്നറിയില്ല. അവൻ ഉറങ്ങിപ്പോയി. പുലർച്ചക്കു മുമ്പെ വല്യമ്മ അവനെ വിളിച്ചുണർത്തി. അവർ പറഞ്ഞു:
‘നേരം വെളുത്തു തുടങ്ങി. നമ്മക്ക് പൂവ്വാം. കുളീം തേവാരോം ഒക്കെ ഇനി പുല്ലാനിക്കാട്ട് ചെന്നട്ട്.'

അവർ നടന്നു. അപ്പോഴും ചെറിയ ഇരുട്ടുണ്ടായിരുന്നു. കടലിൽ നിന്നുള്ള കാറ്റ് വീശാൻ തുടങ്ങി. പുലർച്ചയുടെ തണുപ്പു കൊണ്ട് ദിമിത്രി തെല്ലു വിറച്ചു.

വല്യമ്മ പറഞ്ഞു: ‘വെളുപ്പാൻ കാലത്താണ് പണ്ട് ആൾക്കാരടെ യാത്രകള്. വെയിലു കൊള്ളാണ്ട് നടന്നു പൂവ്വാലോ. പണ്ട് കറുപ്പയ്യ വെല്യച്ചൻ പാലക്കാട്ടിക്ക് പോയതും ഒരു വെളുപ്പാൻ കാലത്താണ്.' ▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments