ചിത്രീകരണം: ഇ. മീര

കാട്ടൂർക്കടവ് 2018

27: ഒരു സന്ദർശനം

"ഒരു കാൽപനിക ലോകമാണ് നിങ്ങളുടെ കാട്ടൂർക്കടവ്.'
രഘുത്തമൻ ദിമിത്രിയോട് പറഞ്ഞു:
"സങ്കൽപ്പത്തിനും യാഥാർത്ഥ്യത്തിനുമിടയിലെ വരമ്പിലൂടെ നടക്കുന്നതു പോലെ നമുക്കു തോന്നും. വഴുക്കുന്ന വരമ്പുകളാണ്. മിത്തുകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും അവിടത്തുകാർ സമർത്ഥരാണ്. ഞാൻ കുട്ടിക്കാലത്ത് കുറേനാൾ അവിടെ താമസിച്ചിട്ടുണ്ട്. മാന്ത്രികകഥകൾ ഒരുപാട് കേട്ടു. അതിമനുഷ്യരാണ് കഥാപാത്രങ്ങൾ.

കൊറെയൊക്കെ അമ്മമ്മ പറഞ്ഞു തന്നതാണ്. മഞ്ഞുകാലത്ത് വയലിൽ കാല കത്തിക്കുമല്ലോ. പുക പരക്കുന്നതു കണ്ട് ഞാൻ പേടിച്ചിട്ടുണ്ട്. അമാനുഷിക ശക്തിയുള്ള ഒരു നായാടിക്കുഞ്ചുവുണ്ട് ചരിത്രത്തിൽ. ഒരു പന പിഴുതെടുത്ത് നടന്നു പോയി എന്നും മറ്റും അയാളെക്കുറിച്ച് പറയുന്നു. പിന്നെ കറുപ്പയ്യസ്വാമി. ലോകത്തിലെത്തന്നെ ഏക കമ്യൂണിസ്റ്റ് മന്ത്രവാദിയായ കണ്ടൻകുട്ടിയാശാൻ. അദ്ദേഹം വെള്ളപ്പൊക്കം വിലക്കാൻ കിണ്ടിയും പൂവും ശംഖുമായിട്ട് വരും. എന്റെ അമ്മാവൻ ചക്രപാണി വാര്യർ നിന്ന നിലയിൽ അപ്രത്യക്ഷനായി എന്നാണല്ലോ പറയുന്നത്. ഓരോരോ കഥകൾ. അദ്ദേഹത്തിന്റെ ജഡം കരുവന്നൂർ പുഴയുടേയോ ചാത്രാപ്പ് കായലിന്റെയോ അടിയിൽ എവിടെയെങ്കിലും ഉണ്ടാവും.'

1985 ലാണ് ആ സംഭാഷണം നടന്നത്. ദിമിത്രി തൃശ്ശൂരിലേക്ക് സ്ഥലം സ്ഥലംമാറി വന്നിട്ട് അധികകാലം ആയിരുന്നില്ല. പഴയ കോടതി സ്റ്റോപ്പിനടുത്തുള്ള റിക്കാർഡ്സ് കോംപ്ലക്സിലേക്ക് രഘുത്തമൻ കടന്നു വന്നു. ഒരു ബുധനാഴ്ചയായിരുന്നു അത്. ആപ്പീസിൽ നല്ല തിരക്കായിരുന്നു അന്ന്. ബുധനാഴ്ച ദിവസങ്ങളിലാണ് റീജിയണൽ ആപ്പീസ് സജീവമാകുന്നത്. ടൂറിലുള്ള ആപ്പീസർമാരെല്ലാം അന്ന് സ്ഥലത്തുണ്ടാവും. സബ് റിക്കാർഡ്സ് ബ്യൂറോകളിൽ നിന്നുള്ള അപ്പീലുകളുടെ പരിഗണനയാണ്. പ്രധാനമായും. മുദ്രവിലയെ സംബന്ധിച്ച തർക്കങ്ങളിൽ തീർപ്പുണ്ടാക്കും. ദൂരദിക്കുകളിൽ നിന്നെത്തിയ അപേക്ഷകരും കൽപ്പന കിട്ടി വന്ന കക്ഷികളും ഏജന്റുമാരും അന്നവിടെ നിറയും. ജീർണ്ണിച്ചു തുടങ്ങിയ ആ കെട്ടിടത്തിനകത്ത് ഫയലുകൾ എന്നറിയപ്പെട്ടിരുന്ന മഞ്ഞക്കടലാസുകെട്ടുകൾക്കിടയിൽ ഗുമസ്തന്മാരുടെ മേശക്കു ചുറ്റുമായി അവർ നിൽക്കും.

അതിനിടയിലേക്കാണ് രഘുത്തമൻ വന്നത്. അത് അയാൾ മാവോയിസ്റ്റായി നാടുവിടുന്നതിനെല്ലാം വളരെ മുമ്പാണ്. കാവേരിയെ വിവാഹം കഴിക്കുന്നതിനും മുൻപ്. മെലിഞ്ഞ് താടിവളർത്തിയ ഒരാൾ ആൾക്കൂട്ടത്തിലൂടെ ആശങ്കപ്പെട്ട് നടന്നു വരുന്നതു കണ്ടപ്പോൾ ആദ്യം ദിമിത്രിക്കു മനസ്സിലായില്ല. ആഗതൻ മേശക്കു മുന്നിൽ വന്നുനിന്നു. ചിരിച്ചപ്പാൾ മനസ്സിലായി. ചെറുവത്തേരി രഘുത്തമൻ. ചക്രപാണി വാര്യരുടെ മരുമകൻ.

രഘുത്തമൻ അടുത്തു കണ്ട സ്റ്റൂളിൽ ഇരുന്നു. കോളേജ് കാലം കഴിഞ്ഞ് അവർ ആദ്യം കാണുകയാണ്. അയാൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ഷർട്ടും മുണ്ടും പഴകി മുഷിഞ്ഞതാണ്. കുറേസമയം ഒന്നും മിണ്ടാതെ അയാൾ അവിടെ ഇരുന്നു.

ദിമിത്രിയുടെ കോളേജ് കാലത്ത് അന്നത്തെ റാഡിക്കൽ വിദ്യാർത്ഥി സംഘടനയുടെ ഏരിയാ സെക്രട്ടറിയായിരുന്നു രഘുത്തമൻ. കോളേജിലേക്ക് എം.എൽ.രാഷ്ട്രീയം കൊണ്ടുവന്നത് അയാളാണ്. ജോസഫിനെയും കാവേരിയേയും ആദ്യം ബന്ധപ്പെട്ടു. ആരെയും ആകർഷിക്കാനുള്ള കഴിവ് അയാൾക്ക് അന്നുണ്ടായിരുന്നു. അതിയായ സ്നേഹഭാവത്തോടെയാണ് സംസാരിക്കുക. അത് കേൾക്കുന്നവന്റെ ഹൃദയത്തിൽ സ്പർശിക്കും. കാട്ടൂർക്കടവിലെ പഴയ വിപ്ലവകാരി ചക്രപാണി വാര്യരുമായുള്ള ബന്ധം പറഞ്ഞാണ് കോളേജിൽ വെച്ച് അയാൾ ദിമിത്രിയെ സമീപിച്ചത്. ഉച്ചയൊഴിവു സമയത്ത് ക്ലാസുമുറിയിൽ അടുത്തു വന്നിരുന്ന് അയാൾ ചോദിച്ചു:

"മീനാക്ഷി ച്ചേച്ചിയുടെ മകനാണല്ലേ? കുട്ടിയായിരിക്കുമ്പോൾ ഞാൻ നിങ്ങളെ കണ്ടിട്ടുണ്ട്. അന്ന് എന്റെ അമ്മാവൻ ചൈനാ പ്രശ്നത്തിൽ ജയിലിലായിരുന്നു. അതുകൊണ്ട് മുത്തശ്ശിക്കൊരു കൂട്ടിനു വേണ്ടി ഞാൻ കാട്ടൂർക്കടവിൽ വന്നു നിന്നു. നിങ്ങളുടെ അമ്മ പി.കെ.മീനാക്ഷിയാണ് ഞാൻ ജീവിതത്തിൽ ആദ്യം കണ്ട സ്ത്രീപോരാളി. തണ്ണിച്ചിറ കായൽബണ്ടിലൂടെയുള്ള ജാഥകളിൽ മുന്നിൽ ചുവന്ന കൊടി പിടിച്ച് നടക്കുന്ന അവരെ പലവട്ടം കണ്ടിട്ടുണ്ട്. നിങ്ങളുടെ അച്ഛനെക്കുറിച്ചും കേട്ടറിവുണ്ട്. കവി. ശരിക്കുമൊരു ഒരു റൊമാന്റിക് കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.'

എസ്.എഫ്.ഐ., കെ.എസ്.യു., തുടങ്ങിയ പ്രധാന വിദ്യാർത്ഥി സംഘടനകളെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് അന്ന് ഒരു ഘട്ടത്തിൽ രഘുത്തമന്റെ ആർ.എസ്.യു. നടത്തിയത്. പിന്നീടത് വിപ്ലവ വിദ്യാർത്ഥിസംഘം എന്നു പേരു മാറ്റി. തന്റെ ഏരിയയിലെ ഓരോ വിദ്യാർത്ഥിയുമായും രഘുത്തമന് നേരിൽ ബന്ധമുണ്ടായിരുന്നു.

വളരെ കഷ്ടപ്പെട്ട കുടുംബസാഹചര്യത്തിൽ നിന്നാണ് രഘുത്തമൻ കോളേജിൽ വന്നിരുന്നത്. കുടുംബത്തിന് കഴകമുണ്ടായിരുന്ന ക്ഷേത്രം ഏതാണ്ട് മുടിഞ്ഞ അവസ്ഥയിലായിരുന്നു. എവിടെന്നൊക്കെയോ ഇരന്നു വാങ്ങിച്ചിട്ടാണ് അയാളുടെ അച്ഛൻ അവിടെ വിളക്കു കൊളുത്തിയിരുന്നത്. അവധിദിവസങ്ങളിൽ രഘു വീടിന്നടുത്തുള്ള കൊപ്രക്കളത്തിൽ പോകും. കൊപ്ര അടർത്തലായിരുന്നു പണി. പലവിധ തൊഴിലുകൾ ചെയ്തു കിട്ടിയ പണം കൊണ്ടാണ് അയാൾ പഠിച്ചിരുന്നത്.

"താൻ ഇവിടെ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് ഞാൻ വന്നത്. തന്റെ അമ്മക്ക് സുഖമല്ലേ?'
രഘുത്തമൻ ചോദിച്ചു.

പ്രസ്ഥാനം അപ്പോൾ അഭിമുഖീകരിച്ചിരുന്ന ചില പ്രശ്നങ്ങൾ രഘുത്തമൻ സൂചിപ്പിച്ചു. അത് ജനകീയ സാംസ്കാരികവേദി പ്രവർത്തനം നിലച്ച കാലമായിരുന്നു. ചില അനക്കങ്ങൾ ബാക്കി നിന്നിരുന്നു എന്നു മാത്രം. "പടയണി', "അമ്മ' തുടങ്ങിയ നാടകങ്ങൾ എവിടെയൊക്കെയോ അവതരിപ്പിക്കപ്പെട്ടിരുന്നു. കവിയരങ്ങുകളും. അപൂർവ്വമായി കയ്യെഴുത്തു പോസ്റ്ററുകൾ ചിലയിടത്ത് പ്രത്യക്ഷപ്പെട്ടു. വേദിയുടെ അഭാവം തൃശൂർ പട്ടണത്തിൽ ശരിക്കും അനുഭവപ്പെട്ടു. ഒളരിയിൽ നടന്ന സാഹിത്യ ക്യാമ്പിൽ വെച്ചാണ് ഉള്ളിലെ അന്തച്ഛിദ്രങ്ങൾ തൃശ്ശൂർക്കാർ അറിഞ്ഞത്. പാർടിനേതൃത്തത്തിന്റെ ഇടപെടലിനെ വേദിയിലെ എഴുത്തുകാർ ചോദ്യം ചെയ്യുകയായിരുന്നു. സാഹിത്യവും കലയും പാർടിയുടെ അതതു കാലത്തെ ആശയങ്ങൾ പ്രചരിപ്പിക്കുവാനുള്ള ഉപാധികൾ ആവണമെന്നായിരുന്നു നിർദ്ദേശം. അത് വിമർശിക്കപ്പെട്ടു. രഘുത്തമൻ അന്ന് പാർടിയുടെ പക്ഷത്തായിരുന്നു. അദ്ദേഹം പറഞ്ഞു:
"പാർടിക്ക് ഒരു സാംസ്കാരിക മുന്നണി അനിവാര്യമാണ്. ജനകീയ സാംസ്കാരിക വേദിയുടെ പ്രവർത്തനം കേരളത്തിലെ എം.എൽ. പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണഘട്ടമായി കണക്കാക്കപ്പെടും എന്നതിൽ സംശയമില്ല. ഇത്രയധികം ജനങ്ങൾ ഒപ്പം വന്ന കാലം വേറെ ഉണ്ടായിട്ടില്ല. പക്ഷേ കലാപ്രവർത്തനങ്ങളാൽ ആകർഷിക്കപ്പെട്ടു വരുന്ന ബഹുജനം ഒരു വിപ്ലവശക്തിയായി മാറുമോ എന്നതാണ് വിഷയം. ഈ കലാകാരന്മാർ എന്ന് അറിയപ്പെടുന്നവർ അങ്ങേയറ്റം ചാഞ്ചാട്ട സ്വഭാവമുള്ളവരാണ്. നിർണ്ണായകസമയങ്ങളിൽ അവർ കൂടെ ഉണ്ടാവുമോ?

"പാർടിയുടെ സാംസ്കാരികമുന്നണി പാർടിക്ക് മുകളിൽ പറക്കുന്നു എന്നതാണ് ഇവിടെ പ്രശ്നം. അത് അനുവദിച്ചു കൊടുക്കാനാവില്ല. ഇപ്പോൾ ജനകീയസാംസ്കാരികവേദിയുടെ നേതൃത്തത്തിലിരുന്നു തിളങ്ങുന്ന കുറച്ചുപേരുണ്ട്. വലിയ പ്രതിഭാശാലികളാണ്. സാഹിത്യനായകർ. ചിത്രകാരന്മാർ, നാടകപ്രവർത്തകർ. ചിന്തകരും ബുദ്ധിജീവികളും ഉണ്ട്. എത്രകാലം അവർ നമുക്കൊപ്പം ഉണ്ടാകും? സി.സി.യുടെ ഒരു സർക്കുലർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കിട്ടുന്നതിലേക്കായി കഴിഞ്ഞദിവസം ഞാൻ ഒരു വിപ്ലവസാഹിത്യകാരനെ സമീപിച്ചു. അദ്ദേഹം പറഞ്ഞത്, താൻ ഒരു കവിതയുടെ ഭ്രമത്തിലാണ്. ഇപ്പോൾ കഴിയില്ല. എന്നെ ശല്യപ്പെടുത്തരുത്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് സത്യത്തിൽ എനിക്കു മനസ്സിലായില്ല.

"എന്താണ് ആ സമീപനം സൂചിപ്പിക്കുന്നത്? രോഗബാധിതരായി വീടുകളിൽ കഴിയുന്ന വൃദ്ധമാതാപിതാക്കളേയും പ്രിയപ്പെട്ട കുഞ്ഞുങ്ങളേയും തിരിഞ്ഞു നോക്കാൻ അവസരമില്ലാതെയാണ് ഭൂരിഭാഗം പേരും പാർടിയിൽ പ്രവർത്തിക്കുന്നത്. അതിനിടയിലാണ് സങ്കല്പലോകത്തുള്ള ഇവരുടെ ആനന്ദജീവിതം. ഭാവനകൊണ്ട് കെട്ടിച്ചമച്ച് ഇവരുണ്ടാക്കുന്ന സൃഷ്ടികൾ വിപ്ലവസാഹിത്യമാണെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ?

"നമ്മുടെ കൂടെ നിൽക്കുന്ന സാംസ്കാരികനായകരെ അവലോകനം ചെയ്തു പഠിച്ചാൽ നിരവധി പ്രതിസന്ധികൾ അവർ അഭിമുഖീകരിക്കുന്നുണ്ടെന്ന് മനസ്സിലാവും. വർഗ്ഗത്തിന്റെയും വംശത്തിന്റെയും ആത്മസംഘർഷങ്ങളാണ് അവർ കൊണ്ടു നടക്കുന്നത്. ഒരു പുരോഹിത ജന്മികുടുംബത്തിൽ നിന്ന് വന്ന എനിക്ക് അതറിയാൻ എവിടെയും പോവേണ്ട കാര്യമില്ല. അമ്മാവൻ ചക്രപാണി വാര്യരുടെ രാഷ്ട്രീയജീവിതം എന്റെ മുന്നിലുണ്ട്. എഴുത്തുകാരിൽ ഭൂരിപക്ഷവും അത്തരം കുടുംബങ്ങളിൽ നിന്നു വരുന്നവരാണ്. അങ്ങനെ വന്നവർ പലരും സമുന്നത വിപ്ലവകാരികളായി മാറിയിട്ടില്ലേ എന്നു ചോദിക്കാം. ഉണ്ട്. തീർച്ചയായും. പക്ഷേ വലിയമട്ടിലുള്ള ഒരു ഡീഗ്രഡേഷന് അവർ വിധേയരാവേണ്ടതുണ്ട്. ഒരുനേരം കഞ്ഞിയും ചമ്മന്തിയും കഴിക്കുകയും ദളിത് കോളനിയിൽ ചെന്ന് അവിടത്തെ മുത്തശ്ശിയെ കെട്ടിപ്പിടിക്കുകയും ഒരു ദിവസം പാർടി ആപ്പീസിൽ പേപ്പർ വിരിച്ചു കിടക്കുകയും ചെയ്താൽ പോരാ. തങ്ങൾ തോർത്ത് തലയിൽക്കെട്ടി കള്ളിമുണ്ടുടുത്ത് പ്രകടനത്തിൽ പങ്കെടുക്കുന്നതോടെ ലോകം മാറുന്നുവെന്നാണ് ചിലർ കരുതുന്നത്. ജീവിതത്തെ സമഗ്രമായി പുതുക്കിപ്പണിയണം. അതു പറയുമ്പോഴാണ് എതിർപ്പും രോഷവും. ചൂഴ്ന്നു പരിശോധിക്കുമ്പോൾ പലരുടേയും രോഷം ഭരണവർഗ്ഗത്തോടല്ല എന്നു കാണുന്നു. ചിലർക്ക് കേരളത്തിലെ മുഖ്യധാരാ കമ്യൂണിസ്റ്റു പാർടികളോടുള്ള വിയോജിപ്പാണ് കാര്യം. ചിലരുടെ അബോധത്തിൽ ജന്മിത്തം തകർന്നതിന്റെയും പ്രിവിലേജുകൾ ഇല്ലാതായതിന്റെയും നിരാശയുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന നവോത്ഥാനവും ഭൂപരിഷ്ക്കരണവും മാതൃകയാണ് എന്ന് നമ്മുടെ പാർടി കരുതുന്നില്ല. അതൊക്കെ ജനങ്ങളെ കബളിപ്പിക്കാനും അടിസ്ഥാന വിപ്ലവപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കാനുംവേണ്ടി ഉണ്ടാക്കിയെടുത്തതാണ്. പക്ഷേ ഭൂമിയും വരേണ്യതയും നഷ്ടപ്പെട്ടതിൽ അസ്വസ്ഥതയനുഭവിക്കുന്ന ഒരുപറ്റം അരാജകവാദികളെ കയ്യിൽ വെച്ച് ഒരു എം.എൽ.പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനാവില്ല.'

ദിമിത്രിയുടെ മേശയിലേക്ക് ഏതാണ്ട് ചാഞ്ഞു കിടന്ന് ചെവിയിൽ മന്ത്രിക്കുന്നതു പോലെയാണ് രഘുത്തമൻ സംസാരിച്ചത്. അയാൾ സഞ്ചിയിൽ നിന്നും ഒരു ലഘുലേഖയെടുത്ത് ദിമിത്രിക്കു കൊടുത്തു. ദിമിത്രി അതിന്റെ പുറംചട്ട വായിച്ചു.
"വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ.'

രഘുത്തമൻ പറഞ്ഞു:
"താൻ ഒന്ന് ആക്ടീവാകണം. വീണ്ടും പാർടിയുമായി സഹകരിക്കണം.'

ദിമിത്രി മിണ്ടിയില്ല. രഘുത്തമൻ തുടർന്നു പറഞ്ഞു:
"ആലോചിച്ചു നോക്കുമ്പൊ അന്നത്തെ നമ്മുടെ കോളേജിലെ സംഘടന കൃത്യമായ ഒന്നായിരുന്നു. ടീനേജുകാരായിരുന്നു എല്ലാവരും. പക്ഷേ വർഗ്ഗപരമായി ശരിയായ സാഹചര്യങ്ങളിൽ നിന്നും വന്നവരാണ്. ഞാൻ ഒഴികെ. കാവേരി. കടലാസും പാട്ടയും പെറുക്കി വിറ്റ് ജീവിക്കുന്ന തമിഴ്നാട്ടിലെ പുറംപോക്ക് ജീവിതത്തിന്റെ പ്രതിനിധിയായിരുന്നു അവൾ. ജോസഫിന്റെത് ഇരുമ്പുപണിക്കാരുടെ കുടുംബമാണ്. താനാണെങ്കിൽ കാട്ടൂർക്കടവിലെ സാമൂഹ്യമുന്നേറ്റങ്ങളുടെ പ്രതിനിധി. എല്ലാവരും പലവഴിക്ക് പോയി. ചിലരെല്ലാം ഈ തൃശൂരിൽ തന്നെ ഉണ്ട്. തന്നേപ്പോലെ ഇവിടത്തെ സർക്കാർ ആപ്പീസുകളിൽ വേറെയും ചിലരുണ്ട്. ഡിസ്ട്രിക്ട് ഓഫീസർമാർ മുതൽ പ്യൂൺ വരെയുള്ളവരുണ്ട്. അവരെയെല്ലാം ഒന്നു ഏകോപിപ്പിച്ചാലോ എന്ന് ആലോചിക്കുകയാണ്. വിപ്ലവകാരികളായ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ഒരു കൂട്ടായ്മ. ജാഥക്കും മീറ്റിംഗിനും ഒന്നും അവര് വരണ്ട. അത്യാവശ്യം പിന്നിൽ നിന്നു സഹായിച്ചാൽ മതി. ഒരോരുത്തർക്കും അവരുടെ വരുമാനത്തിനനുസരിച്ച്‌ ചെറിയ ലെവി ഏർപ്പെടുത്തിയാൽ അത് പാർടിക്ക് വലിയ സഹായമാകും.'

ദിമിത്രിയുടെ മൗനം നീണ്ടു. കുറേനേരം അവർക്കിടയിൽ നിശ്ശബ്ദത ചുറ്റിക്കളിച്ചു.

"തനിക്കെന്താ ഒരു മൗനം?'
രഘുത്തമൻ ചോദിച്ചു.

"എന്നെ കണക്കാക്കണ്ട. ഞാൻ ഇല്ല.' ദിമിത്രി പറഞ്ഞു.

"എന്തുകൊണ്ട്?'

"കോളേജ് കാലവും വിപ്ലവവും പ്രസ്ഥാനവും മണ്ണാങ്കട്ടയും ഒന്നും എന്നോടു പറയണ്ട. എനിക്ക് വെറുപ്പാണ്. ഞാൻ എല്ലാം മറക്കാനാണ് ആഗ്രഹിക്കുന്നത്. ജനനം, ബാല്യം, കൗമാരം എല്ലാം മറക്കണം. ഞാൻ എന്നും എല്ലായിടത്തും ഒരു ഔട്ട്സൈഡറായിരുന്നു. ഇന്നും അങ്ങനെത്തന്നെ. സമാധാനമായി ഇവിടെയിരുന്ന് ഞാൻ കുറച്ച് കൈക്കൂലിയൊക്കെ വാങ്ങുന്നുണ്ട്. എന്റെ പോക്കറ്റിൽ അത്യാവശ്യം പൈസയുണ്ട്. ഭേദപ്പെട്ട ഭക്ഷണം കഴിക്കുന്നു. മാന്യമായ വസ്ത്രങ്ങൾ ധരിക്കുന്നു. അങ്ങനെയുള്ളവരാണല്ലോ നിങ്ങളുടെ വർഗ്ഗശത്രുക്കൾ. നിങ്ങളുടെ നോട്ടത്തിൽ അധമന്മാർ. ഗുമസ്തന്മാരുടെ പത്തു രൂപാ കൈക്കൂലിക്കെതിരായിട്ടാണ് നിങ്ങൾ ഇപ്പോൾ പ്രസ്ഥാനത്തെ നയിക്കുന്നത്. വേണമെങ്കിൽ നിങ്ങൾക്ക് എന്നെ ജനകീയവിചാരണ ചെയ്യാവുന്നതാണ്.'

രഘു തെല്ല് അമ്പരന്നു നോക്കി. ദിമിത്രി തുടർന്നു.
"ആപ്പുറത്തെ ആ ചെറിയ ക്യാബിനിൽ ഇരിക്കുന്ന ആളെ രഘുവിന് അറിയാമല്ലോ. കെ.എന്ന എഴുത്തുകാരനാണ്. ഞങ്ങൾ ഒരേ നാട്ടുകാരാണ് എന്നും തനിക്കറിയാം. അയാളുടെ അച്ഛനും എന്റെ അച്ഛനും ചേർന്നാണ് കാട്ടൂർക്കടവിൽ കമ്യൂണിസ്റ്റ് മൂവ്മെന്റ് കൊണ്ടുവന്നത്. അയാൾ ഇപ്പോൾ വെള്ളിവെളിച്ചത്തിൽ നിൽക്കുന്നു. ഞാൻ ബലിമൃഗമായി ഇരുട്ടിലും. സാരമില്ല. എനിക്ക് ഈ ഇരുട്ടാണ് ഇഷ്ടം. ഞങ്ങൾ ബലിമൃഗങ്ങൾക്ക് ഇരുട്ടാണ് സൗകര്യം.'

തെല്ലുനേരത്തെ മൗനത്തിനു ശേഷം രഘു പറഞ്ഞു.
"രാഷ്ട്രീയമായി തനിക്ക് പുതിയ വഴികൾ തേടാം. ആലോചിച്ച് ബോധ്യപ്പെട്ടിട്ടാണെങ്കിൽ. ഒന്നും ചെയ്യാതിരിക്കാം. പക്ഷേ തന്റെ സംസാരം സൂചിപ്പിക്കുന്നത് ആ വഴിയല്ല. തന്റെ കുടുംബപശ്ചാത്തലമൊന്നും എന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല. അതൊക്കെ എനിക്ക് അറിയാവുന്നതാണ്. രാഷ്ടീയമായി വിയോജിപ്പുണ്ടെങ്കിലും പി.കെ.മീനാക്ഷി ഒരു സമരനായികയായി ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. പഴയ വിപ്ലവകാരികൾ പലരും മുഖ്യധാരാ രാഷ്ടീയപാർടികളിൽ തന്നെ നിൽക്കുന്നതിൽ വലിയ അത്ഭുതമില്ല. എല്ലാവർക്കും എന്റെ അമ്മാവൻ ചെറുവത്തേരി ചക്രപാണി വാര്യരേപ്പോലെ എക്സൻട്രിക് ആവാൻ കഴിയില്ലല്ലോ.

"ഒരു കാര്യം ഞാൻ സൂചിപ്പിക്കട്ടെ. ഉപദേശിക്കുകയാണ് എന്നു കരുതരുത്. പഴയ ഒരു സുഹൃത്ത് എന്ന നിലയിൽ പറയുകയാണ്. പകകൊണ്ടും പ്രതികാരദാഹം കൊണ്ടും താൻ ജീർണ്ണതയിലേക്കുള്ള വഴിയന്വേഷിക്കരുത്. ജീവിതത്തിന്റെ സാഫല്യത്തെക്കുറിച്ചും സുഖത്തെക്കുറിച്ചും ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അതു പറഞ്ഞു ബോധ്യപ്പെടുത്താൻ എളുപ്പം കഴിയില്ല. നമ്മൾ ഒത്തുകൂടിയ വിദ്യാർത്ഥിപ്രസ്ഥാനം തെറ്റായിരുന്നോ ശരിയായിരുന്നോ എന്ന കാര്യം നാളെ മാത്രമേ വിലയിരുത്തപ്പെടുകയുള്ളു. പക്ഷേ അതിൽനിന്നും ഒരു ജീർണ്ണമനസ്സാക്ഷി രുപപ്പെട്ടു എന്നറിയുന്നത് അങ്ങേയറ്റം ദു:ഖകരമായിരിക്കും.'

നീരസത്തോടെയും ക്ഷോഭത്തോടെയുമാണ് രഘുത്തമൻ അവിടെന്ന് പോയത്.

അല്പസമയത്തിനു ശേഷം ദിമിത്രി വീണ്ടും രഘുത്തമനെ കണ്ടു. അത് കെ.എന്ന എഴുത്തുകാരന്റെ ക്യാബിനിൽ വെച്ചാണ്. അവിടേക്ക് ഒരു ഫയലുംകൊണ്ട് ചെന്നതായിരുന്നു അയാൾ. കെ.ക്ക് അഭിമുഖമായി രഘുത്തമൻ ഇരിക്കുന്നു. അവർ സൗഹാർദ്ദത്തോടെ ചിരിച്ച് സംസാരിക്കുകയാണ്. കെ. തന്റെ അതിഥിക്കു വേണ്ടി ചായ വരുത്തിയിട്ടുണ്ട്. ദിമിത്രിയുടെ സാന്നിദ്ധ്യം കെ.യോ രഘുവോ ഗൗനിച്ചില്ല. അവർ സംസാരം തുടർന്നു.

കെ. പറഞ്ഞു:
"കടമ്മനിട്ടേടെ അപരൻമാരുണ്ട് ഇപ്പോൾ തൃശൂർ നെറയേ. അവർ അദ്ദേഹത്തിന്റെ അതേ ശബ്ദത്തിൽ കവിത ചൊല്ലും. മുരടനക്കലും പതറ്യ ശബ്ദോം തലയാട്ടലും ഒക്കെ അതുപോലെത്തന്നീണ്ട്. ഇന്നാള് ഒരു കവിയരങ്ങില് ഒരാള് വന്ന് കവിത ചൊല്ലി. അയാള് പറഞ്ഞു: ഞാൻ കടമ്മന്റെ അളിയനാണ്.'

രഘുത്തമൻ പൊട്ടിച്ചിരിച്ചു.

സാംസ്കാരികവേദിയുടെ പ്രവർത്തനങ്ങൾ നിലച്ചതോടെ നിരാശരായ പ്രവർത്തകർ പൗരാവകാശ പ്രവർത്തനങ്ങളിലേക്ക് കടന്നു. സർക്കാർ ആപ്പീസുകളിലെ അഴിമതിക്കും പോലീസ് അതിക്രമങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന സംഘടനകൾ ഉണ്ടായി. കെ.എസ്.ആർ.ടി.സി. ബസ്സ്റ്റേഷനടുത്തുള്ള വാഞ്ചി ലോഡ്ജിലെ പഴയ നാസ്തികൻ മാസിക ആപ്പീസായിരുന്നു അവരുടെയെല്ലാം കേന്ദ്രം. രഘുത്തമൻ അക്കൂട്ടത്തിൽ ചേർന്നു.

സർക്കാർ വക ജില്ലാ ആശുപത്രിയിലെ ഒരു ഗൈനക്കോളജിസ്റ്റ് ഡോക്ടറെ കൈക്കൂലി വാങ്ങിക്കുന്നു എന്ന് ആരോപിച്ച് അവർ പ്രതീകാത്മകമായി വിചാരണ ചെയ്തു. അഴിമതിക്കാരെ താക്കീതു ചെയ്യുന്ന ന്യൂസ് പ്രിന്റ് പോസ്റ്ററുകൾ നഗരം മുഴുവൻ നിറഞ്ഞു. "അനീതി നടന്നാൽ പിറ്റേന്ന് തെരുവുകളിൽ തീ പടരണം.', "ജനങ്ങളുടെ ചോര കുടിക്കുന്ന ബ്യൂറോക്രാറ്റ് തമ്പുരാന്മാർക്ക് ഇത് അവസാനത്തെ താക്കീത്.', "ഫ്യൂഡൽ അവശിഷ്ടത്തിന്മേൽ പടുത്തുയർത്തിയ മുതലാളിത്ത സാമൂഹ്യഘടനയാണ് സർക്കാർ ആപ്പീസുകളിലെ കൈക്കൂലിക്ക് കാരണം.'

അക്കാലത്താണ് "കൂലിയും കൈക്കൂലിയും' എന്ന പേരിൽ ഒരു ചെറുലേഖനം കെ. എക്സ്പ്രസ്സ് പത്രത്തിൽ എഴുതിയത്. അനുകൂലമായ സാഹചര്യം ഉപയോഗപ്പെടുത്തി തന്റെ സർവ്വീസ് സംഘടനയെ ന്യായീകരിക്കാനുള്ള നീക്കമായിരുന്നു അത്. യഥാർത്ഥ കൂലിക്കു വേണ്ടി നടക്കുന്ന പ്രവർത്തനങ്ങളും സമരവും കൈക്കൂലിക്കെതിരായ പോരാട്ടമാണെന്നാണ് അദ്ദേഹം അതിൽ വാദിച്ചത്. ശമ്പളവർദ്ധനവിനു വേണ്ടി സമരം ചെയ്യുന്ന ജീവനക്കാരെല്ലാം അഴിമതിമുക്തരാണ് എന്ന ഒരു മുടന്തൻ ന്യായവും അതിൽ അവതരിപ്പിച്ചിരുന്നു.
"കൈക്കുലി വാങ്ങി തടിച്ചുകൊഴുത്തിരിക്കുന്ന ഒരു ബ്യൂറോക്രാറ്റ് ശമ്പളപരിഷ്ക്കരണത്തിനു വേണ്ടി പണിമുടക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പണിമുടക്കിയാൽ അയാൾക്ക് നഷ്ടപ്പെടുന്നത് അന്നത്തെ ശമ്പളം മാത്രമല്ല; കൈക്കൂലിയും കൂടിയാണ്. അഴിമതിക്ക് പ്രശസ്തമായ ഒരു സർക്കാർ ആപ്പീസുകളിലേക്ക് നിങ്ങൾ കയറിച്ചെല്ലൂ. സമരത്തിന്റെ ഒരു സംഗതിയും നിങ്ങളവിടെ കാണില്ല. മുദ്രാവാക്യം വിളിയോ പിക്കറ്റിംഗോ ഒന്നും ഉണ്ടാവില്ല. പോസ്റ്റരും നോട്ടീസും പതിച്ച് അവിടത്തെ ചുമരുകൾ വൃത്തികേടായിട്ടുണ്ടാവില്ല. ജീവനക്കാർ കൃത്യസമയത്ത് ആപ്പീസിലെത്തി തല ഉയർത്താൻ മെനക്കെടാതെ നിരന്തരം ജോലി ചെയ്യുന്നു. ഒരു നിലക്ക് അത്തരം ആപ്പീസുകളെ മാതൃകാ ആപ്പീസുകൾ എന്നു വിളിക്കാവുന്നതാണ്.'

അഴിമതിക്കെതിരായ പൗരാവകാശ സമരങ്ങൾ തൃശൂരിലെ സർക്കാർ ആപ്പീസുകളിൽ കാര്യമായ പരിഭ്രമം സൃഷ്ടിച്ചു. റിക്കാർഡ്സ് കോംപ്ലക്സിലെ ഉച്ചയൂൺ സമയങ്ങളിൽ അത് പ്രതിഫലിച്ചു. പലരും കൊണ്ടുവന്ന ഭക്ഷണം പകുതി മാത്രമേ കഴിച്ചുള്ളു. ടൈപ്പിസ്റ്റ് സദാനന്ദൻ ഉച്ചത്തിൽ പറഞ്ഞു:
"അതിന് നിങ്ങളെന്തിനാ ചോറുണ്ണാണ്ടിരിക്കണ്. നക്സലൈറ്റുകള് വര്വാന്ന്ച്ചാ വരട്ടടോ. നമ്മള് തട്ടിപ്പറക്കണൊന്നും ഇല്ലല്ലാ. ആൾക്കാര് അറിഞ്ഞു തരണത് മേടിക്കുന്നുണ്ട്. അതു ശര്യാണ്. അതിന്റെ പേരില് അവര് വന്ന് ചെരിപ്പുമാല ഇടീച്ച് റോട്ടീക്കൂടെ നടത്തേരിക്കും. നമ്മക്ക് നടക്കാന്ന്. അല്ലാണ്ട് ചാവാൻ പറ്റ്വോ?'

"ഇപ്പൊ വെല്യ കൈക്കൂലി വിരോധം പറയണ ഈ നക്സലൈറ്റുകളും മാർക്കിസ്റ്റുകളും സംഭാവന മേടിക്കാൻ എന്തിനാ നമ്മടെ ആപ്പീസില് കേറി നെരങ്ങണ്? ഈ പറയുന്ന നക്സലൈറ്റുകള് മാസാമാസം വന്ന് കാശു മേടിച്ചു പൂവണുണ്ടല്ലോ. മോഡൽ ബോയ്സിലെ മാഷമ്മാരടെ കയ്യീന്ന് അവരു പത്തുറുപ്പിക മേടിക്കും. ഇമ്മടെ കയ്യീന്ന് നൂറും. എന്താ കാര്യം? ഈ എഴുത്തുകാരൻ കെ. യൂണിയൻകാരടെ ഒപ്പം വന്ന് കാശു മേടിക്കാറില്ലേ? റിക്കാർഡ്സ്‌ ആപ്പീസറടെ മുമ്പില് ചെന്നട്ട് തലചൊറിഞ്ഞു പറയും: "സാറു ഇപ്രാവശ്യം ആയിരം തരണം.' കുടുമ്മത്തുന്ന് കൊണ്ടരണ കാശാണോ ആപ്പീസറ് ഇടുത്തു കൊടക്കണേ? അവരുക്ക് അറിയാലോ ഇത് കൈക്കൂലിക്കാശാന്ന്.'

നഗരവികസനത്തിനായി കരുതി വിൽപ്പന മരവിച്ച ഭൂസ്വത്തുക്കൾ അന്നത്തെ മുഖ്യമന്ത്രിയുടെ ആശ്രിതർ കൈക്കലാക്കുന്നതായി പരാതിയുണ്ടായിരുന്നു. അതിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ് തൃശൂരിൽ നടന്നത്. യുവജന സംഘടനാ പ്രവർത്തകർ മന്ത്രിമാരെ വഴിയിൽ തടഞ്ഞിരുന്നു. സർക്കാർ പരിപാടികളും മന്ത്രിമാർ പങ്കെടുക്കുന്ന പൊതുചടങ്ങുകളും നടക്കുമ്പോൾ സദസ്സിൽ നിന്ന് ചാടിയെഴുന്നേറ്റ് മുദ്രാവാക്യം വിളിക്കലായിരുന്നു മറ്റൊരു പ്രതിഷേധരീതി. റോട്ടിലെ കുഴികൾക്കെതിരെ അവർ ചേറിൽ കുളിച്ചും പ്രതിഷേധിച്ചു. വിനോഭാ ശ്രീധരൻ മുനിസിപ്പൽ ഓഫീസിനു മുന്നിൽ ഒറ്റക്കാലിൽ നിന്നു.

അന്നു വൈകുന്നേരം പാലസ് റോഡിലൂടെ റൗണ്ടിലേക്ക് നടക്കുന്ന ദിമിത്രിക്കൊപ്പം അയാളുടെ മേലുദ്യോഗസ്ഥ മോനമ്മ ജോണും ഉണ്ടായിരുന്നു. അപ്പീസു വിട്ട് ഇറങ്ങുമ്പോൾ അവർ അയാളോടു പറഞ്ഞു:
"ഇന്നു ഞാൻ തന്റെയൊപ്പം നടക്കാം. എനിക്കു ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.'

ഒന്നിച്ചു നടക്കുമ്പോൾ അയാൾ ആശ്ചര്യപ്പെട്ടു. എന്തു കാര്യങ്ങളാണ് ഈ സ്ത്രീക്ക് തന്നോടു പറയാനുളളത്?

സ്ത്രീകൾക്കൊപ്പം അങ്ങനെ നടന്നു പരിചയമില്ലാത്തതുകൊണ്ട് ദിമിത്രി കുറച്ചൊന്നു വിഷമിച്ചു. നടക്കുമ്പോൾ എത്രകണ്ട് അകലം പാലിക്കണം? താൻ എന്തെങ്കിലും സംസാരിക്കേണ്ടതുണ്ടോ? കുറച്ചു നടന്നപ്പോഴേക്കും മോനമ്മ കിതക്കാൻ തുടങ്ങിയിരുന്നു. കുറച്ചു തടിച്ച ശരീരമാണ് അവരുടേത്. അതങ്ങനെ ഉലഞ്ഞ് ഇടക്ക് അയാളുടെ ശരീരത്തിൽ വന്നുകൊള്ളുന്നുണ്ടായിരുന്നു.
"എത്രമാത്രം രോഗങ്ങളാണ് എന്റെ ഈ ശരീരത്തിൽ കടന്നു കൂടിയിട്ടുള്ളതെന്ന് തനിക്ക് നിശ്ചയമുണ്ടോ?'
അവർ കിതച്ചു കൊണ്ട് പറഞ്ഞു.

അയാൾ മറുപടി പറഞ്ഞില്ല. അവരുടെ പ്രണയത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ആപ്പീസിലുണ്ടായ സംഭാഷണങ്ങൾ അയാൾ ഓർത്തു. പ്രസിദ്ധനായ ഒരു ഗവർമെണ്ട് സെക്രട്ടറിയായിരുന്നു അവരുടെ ഭർത്താവ്. അദ്ദേഹം ബ്രാഹ്മണനായിരുന്നു. ഇവരാണെങ്കിൽ ക്രിസ്ത്യൻ കൺവെർട്ടഡ് ഷെഡ്യൂൾ ട്രൈബ്.

അവർ പറഞ്ഞു:
"തിരുവനന്തപുരത്തായിരുന്നപ്പോൾ എന്നെ എല്ലാവരും ചേർന്ന് അപമാനിക്കുകയും ആക്രമിക്കുകയുമായിരുന്നു. അവിടെ ഒരു സവർണ്ണ കോക്കസ്സ് ഉണ്ട്. താഴെത്തട്ടിൽ നിന്ന് കയറി വരുന്നവരെ അവർ ഞെരിച്ചുകളയും. നമ്മുടെ ബ്യൂറോക്രസിയുടെ മുകളിലേക്കു പോകുന്തോറും ബാക്ക് വേഡ്കാസ്റ്റിൽ പെട്ടവർ വിവരമറിയും. ജാതിയും മേധാവിത്തവുമൊക്കെ എന്താണ് എന്ന് നമുക്ക് മനസ്സിലാവും. ജോലി വലിച്ചെറിഞ്ഞ് നാട്ടിൽപ്പോയി കൂലിപ്പണിയെടുത്ത് ജീവിക്കുന്നതാ ഭേദംന്ന് തോന്നും.'

അയാൾ അവരെ ഒന്നു നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. അവരപ്പാൾ ചെറിയ മട്ടിൽ ചിരിച്ചു. ആ ചിരിക്ക് പതിവു വിട്ട് സൗന്ദര്യമുണ്ടായിരുന്നു.
അവർ ചോദിച്ചു:
"നിങ്ങളുടെ അമ്മയും അച്ഛനും ഇന്റർകാസ്റ്റ് മാരിയേജ് ആയിരുന്നു അല്ലേ? അച്ഛൻ ഒ.ബി.സി., അമ്മ എസ്.സി?'
അയാൾ അപ്പോഴും മിണ്ടിയില്ല.

ആ സമയത്ത് റൗണ്ടിലൂടെ ഒരു പ്രതിഷേധപ്രകടനം വരുന്നുണ്ടായിരുന്നു. "ആവിഷ്ക്കാര സ്വാതന്ത്ര്യം അനുവദിക്കുക' എന്ന് കറുത്ത തുണിയിൽ വെളുപ്പിൽ എഴുതിയ ഒരു വലിയ ബാനർ അവർ പിടിച്ചിരുന്നു. ജാഥക്കു മുന്നിൽ ഗാഗുൽത്തയിലേക്ക് കുരിശു ചുമക്കുന്ന ക്രിസ്തുവിന്റെ വേഷത്തിൽ രഘുത്തമൻ നടക്കുന്നു. ശരീരത്തിൻ അവിടവിടെ ചോരനിറം പെയിന്റ് ചെയ്തിരുന്നു. അരയിൽ ചെറിയൊരു കറുപ്പുതുണി മാത്രമേ വസ്ത്രമായി ഉണ്ടായിരുന്നുള്ളു. ഒന്നു രണ്ട് ഭടന്മാർ ചമ്മട്ടിയടിച്ച് ശബ്ദമുണ്ടാക്കി. യുവാക്കൾ ഉച്ചത്തിൽ വിളിച്ചു:
"ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' നാടക നിരോധനം പിൻവലിക്കുക.'

"ആവിഷ്ക്കാരം എന്നത് മനുഷ്യന്റെ ജന്മാവകാശമാകുന്നു.'

"ക്രിസ്തു ആരുടേയും സ്വകാര്യസ്വത്തല്ല. അവൻ അദ്ധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും വിമോചകനാണ്.'

"കലാകാരന്മാരെ തടവിലിടുന്ന ഭരണകൂടത്തെ ജനങ്ങൾ തൂത്തെറിയും. കല ജനങ്ങളുടെ പ്രതിരോധത്തിന്റെ ശബ്ദമാണ്. അനീതി അഴിഞ്ഞാടുന്ന രാജ്യത്ത് കലാപം ഉണ്ടാവണം.'

മോനമ്മ ജോൺ കൗതുകത്തോടെ ചൂണ്ടിക്കാട്ടി.
"ദേ, നമ്മടെ കക്ഷിയുമുണ്ടല്ലോ?'

ബാനറിനു പിന്നിൽ ജാഥയുടെ മുൻനിരയിൽ പ്രധാനികൾക്കൊപ്പം കെ.എന്ന എഴുത്തുകാരൻ തന്റെ കൃത്രിമ ഗൗരവത്തോടെ നടന്നു നീങ്ങുന്നതു കണ്ടു. മോനമ്മ പറഞ്ഞു:
"ഇദ്ദേഹത്തെ എനിക്ക് ഒട്ടും പിടികിട്ടുന്നില്ല. എന്തൊരു മനുഷ്യനാണ്. നമ്മുടെ കൂടെ ഇരിക്കുമ്പോഴും അയാൾ സ്വയം നിർമ്മിച്ച മറ്റൊരു ലോകത്താണ്. കാടുകയറുന്ന ചിന്തകളാണ്. സാധാരണ മട്ടിലുള്ള ദുഃഖവും വേദനയും പ്രതിസന്ധിയുമൊന്നും അയാളെ ബാധിക്കുന്നില്ല. ഒരുപക്ഷേ എഴുത്തുകാർ മുഴുവൻ ഇങ്ങനെയായിരിക്കണം. ▮

(തുടരും)


കാട്ടൂര്‍കടവ് നോവല്‍ മറ്റു ഭാഗങ്ങള്‍ വായിക്കൂ…


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments