ചിത്രീകരണം: ഇ. മീര

കാട്ടൂർക്കടവ് 2018

28 : ശരീരങ്ങളിൽ

ഹെർബർട്ട് സ്പെൻസർ ഫാമിൽ ജോസഫ് ഒരു ആല ഒരുക്കിയിട്ടുണ്ട്. ഒഴിവു കിട്ടുമ്പോൾ അയാൾ അവിടെയിരുന്നും ഇരുമ്പുപണികൾ ചെയ്യും. സമീപത്തെ കൃഷിക്കാർക്ക് ആവശ്യമായ തൂമ്പയും പിക്കാക്സുമൊക്കെയാണ് ഉണ്ടാക്കിയിരുന്നത്. ഉലയിൽ ചുട്ടുപഴുക്കുന്ന ഇരുമ്പ് പുറത്തെടുത്ത് അയാൾ കൂടം കൊണ്ട് ആഞ്ഞടിക്കും. ഏതാണ്ടൊരു വൈരാഗ്യം തീർക്കുന്ന പോലെയാണ്. നിരന്തരമായ ശബ്ദം ഫാമിലെ അന്തേവാസികളായ പക്ഷികളെ അലോസരപ്പെടുത്തി.

തെനാദിയർ അച്ചൻ തലയ്ക്ക് കൈവെച്ച് പിറുപിറുത്തു: കരുവാന്റെ പറമ്പിലെ മുയലിനെ പോലെയായി നമ്മുടെ ജീവിതം. ഒരു സ്വസ്ഥതയുമില്ല. ഈ ജോസഫ് എന്ന ഒരുവനെ ഇവിടേക്ക് കൊണ്ടുവന്നതിൽ ഞാൻ പരിതപിക്കുന്നു.

തെനാദിയർ നടന്ന് ചെന്ന് ജോസഫിനോട് ചോദിച്ചു:
"എവിടെ നിന്റെ കൂട്ടുകാരൻ? അയാളെ കാണാനില്ലല്ലോ?"
"ആര്?"
"ആ ദിമിത്രി."
"അവൻ പോയി."
"എവിടേക്ക്?"
"എനിക്കറിഞ്ഞുകൂടാ."
"നീ ചോദിച്ചില്ലേ?"
"എന്തിന് ചോദിക്കണം? ഞാൻ അവന്റെ കാവൽക്കാരൻ ഒന്നുമല്ലല്ലോ?"
ജോസഫിന് തെല്ലു ദേഷ്യം വന്നു. അയാൾ പഴുത്ത ഇരുമ്പുതകിടിൽ കൂടുതൽ ശക്തിയോടെ അടിച്ചു.
ഒരു പുലർച്ചസമയത്താണ് ദിമിത്രി തിരിച്ചു പോയത്. ബാഗിൽ വസ്ത്രങ്ങൾ നിറച്ചശേഷം അയാൾ അരികിൽ കിടന്നുറങ്ങുന്ന ജോസഫിനെ വിളിച്ചുണർത്തി. എന്നിട്ടു പറഞ്ഞു:
"ഞാൻ പോകുന്നു."

വെളിച്ചം പരന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. തപ്പിത്തടഞ്ഞ് അയാൾ നടന്നു. റെയിൽവേ സ്റ്റേഷനിലെ ബഞ്ചിലിരിക്കുമ്പോൾ അയാൾ കെ.യുടെ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചു. തന്റെ ഓർമയിലെ മഴക്കാലങ്ങളെക്കുറിച്ചാണ് ആ മനുഷ്യൻ എഴുതിയിരിക്കുന്നത്:

"നാട്ടിലെ പ്രളയത്തെക്കുറിച്ച് വ്യാകുലപ്പെട്ടുകൊണ്ട് ഞാനിവിടെ പ്രാഗിലെ ഒരു ചായക്കടയിൽ ഇരിക്കുകയാണ്. (ഇങ്ങനെ ഇവിടെ ഇരിക്കുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായ്കകളുടെ ഓർമയിലെവിടെയോ...; ഹ ഹ ഹ!)

"വെള്ളപ്പൊക്കങ്ങൾ എന്റെ കുട്ടിക്കാലത്തെ പ്രധാന ഓർമയാണ്. കാട്ടൂർക്കടവിന് കിഴക്ക് അന്തമില്ലാത്ത കോൾപ്പാടങ്ങളുടെ നടുക്ക് കല്ലടത്തുരുത്തിലാണ് എന്റെ അമ്മയുടെ വീട്. അവിടെയാണ് ഞാൻ ജനിച്ചത്. ബാല്യത്തിലെ ചില മഴക്കാലങ്ങളിൽ ഞാൻ തുരുത്തിൽ ഉണ്ടായിരുന്നു. അന്ന് അമ്മയുടെ അച്ഛൻ വടക്കൂട്ടെ ഉണ്ണി എന്നയാൾ തന്റെ വിലപ്പെട്ട ഓർമകൾ നശിച്ച് വടക്കൻപാട്ടുകൾ പാടി കസേരയിൽ ഇരിപ്പുണ്ട്. മഴക്കാലത്ത് അവിടുത്തെ വീടിന്റെ തറയും അടുക്കളയും മുങ്ങും. മുകൾ നിലയിൽ കഞ്ഞിയും ഉപ്പുമാങ്ങ ചമ്മന്തിയുമായി ഒരാഴ്ചയെങ്കിലും കഴിയേണ്ടി വരും. വരാന്തയിലിരുന്ന് ചുണ്ടയിട്ട് മീൻ പിടിക്കാം എന്ന സൗകര്യമുണ്ട്. പഞ്ചായത്ത് വഞ്ചിയിറക്കിയാൽ പീടികയിൽ പോവാം. ആർക്കെങ്കിലുമൊക്കെ പനിപിടിച്ചാൽ പ്രശ്നമായി. ഇരിങ്ങാലക്കുട സർക്കാർ ആശുപത്രി വരാന്ത തന്നെ ശരണം. ഒരു നിലയ്ക്ക് വീട്ടിൽ കിടക്കുന്നതിനേക്കാൾ ഭേദം ആ വരാന്തയാണ്. ഒരിക്കൽ എനിക്ക് കഠിനമായ മഞ്ഞപ്പിത്തം പിടിപെട്ടു. ഭാഗ്യത്തിനാണ് അന്ന് രക്ഷപ്പെട്ടത്. കഥകളിൽ ഞാൻ വെള്ളപ്പൊക്കവും വെള്ളമിറങ്ങി ആകാശം പോലെ ആമ്പൽ പൂത്ത പാടവും ആവിഷ്കരിച്ചിട്ടുണ്ട്.

"മഴയില്ലാത്ത സമയങ്ങളിൽ പ്രളയജലത്തിനുമേൽ ഒരു നിശബ്ദത പരക്കാറുണ്ട്. പ്രത്യേകിച്ചും സായാഹ്നങ്ങളിൽ. കാട്ടുപൊന്തകൾക്കിടയിലെ ജലജീവികളുടെ രോദനം കൃത്യമായി കേൾക്കാൻ കഴിയും. ഹൈസ്കൂളിൽ പഠിക്കുമ്പോഴും വെള്ളപ്പൊക്കം എന്നെ വലച്ചിരുന്നു. മൂന്നു സ്ഥലത്ത് വഞ്ചിയിൽ കയറിയാണ് സ്കൂളിൽ പോയിരുന്നത്. വെള്ളാനിക്കുന്ന് ഇറങ്ങിയാൽ പിന്നെ നീണ്ടുകിടക്കുന്ന വയലുകളാണ്. അത് പാടെ മുങ്ങും. വഞ്ചി മുക്കുന്ന വിരുതൻകുട്ടികളായിരുന്നു അന്നത്തെ ഹീറോകൾ. പെൺകുട്ടികളെ ആകർഷിക്കാനായി അന്നത്തെ റൊമാന്റിക് യുവാക്കൾ കോൾപ്പടവിൽ നീന്തിനടന്ന് പാട്ടുപാടുക പതിവുണ്ട്.

തകഴിയുടെ "വെള്ളപ്പൊക്കത്തിൽ" എന്ന കഥയും. മാർകേസിന്റെ മക്കൊണ്ടയിലെ വെള്ളപ്പൊക്കവും ഞാൻ വായിച്ചെടുത്തത് തണ്ണിച്ചിറക്കായലിലെ ഓർമകളിലൂടെയാണ്. വെള്ളം കയറിയിറങ്ങി പോവുമ്പോൾ എല്ലാം മാറിമറയുന്നു. പല ഓർമകളും അതിനൊപ്പം ഒഴുകിപ്പോവും.

അത്തരം വെള്ളപ്പൊക്കങ്ങളെ കുറെ കാലമായി മറന്നിരിക്കയായിരുന്നു. ഇപ്പോഴിതാ വീണ്ടും ദുരന്തം വിതച്ചുകൊണ്ട്‌ ഒരു പ്രളയകാലം. ഈ പ്രളയകാലത്ത് നാട്ടിൽ ഇല്ലാതെ പോയതിൽ വിഷമമുണ്ട്."

പോസ്റ്റ് വായിച്ച് ദിമിത്രി പുഞ്ചിരിച്ചു. സ്വഭാവികമായും അയാൾ വേഗം തന്നെ കമന്റു ചെയ്തു. ഡി.കാട്ടൂർക്കടവ് എന്ന വ്യാജപേരിൽ കെ. എന്ന എഴുത്തുകാരന്റെ
പോസ്റ്റിനു നേരെ അയാൾ എഴുതിയതിൽ ഏറ്റവും നീണ്ട കമന്റായിരുന്നു അത്.

"എന്തൊരു വക ദുരന്തമാണ് മിസ്റ്റർ നിങ്ങൾ? നാടു മുഴുവൻ മുങ്ങിക്കിടക്കുമ്പോൾ, മനുഷ്യർ ജീവനുവേണ്ടി കേഴുമ്പോൾ സുരക്ഷിതസ്ഥാനത്ത് ചെന്നിരുന്ന് നിങ്ങൾ വഴുവഴുപ്പൻ ഓർമക്കഥകൾ എഴുതുന്നു. എഴുത്തുകാരനും ആക്ടിവിസ്റ്റുമായി ഞെളിഞ്ഞു നടക്കുന്ന നിങ്ങൾക്ക് ഈ സമൂഹത്തോട് തെല്ലെങ്കിലും സഹതാപമുണ്ടൊ? ആലങ്കാരികമായ കുറെ ചവറു വാക്കുകളല്ലാതെ നിങ്ങളുടെ കൈയിൽ എന്താണുള്ളത്. അവസരങ്ങൾ വെച്ച് മുതലെടുക്കാനുള്ള സാമർഥ്യം നിങ്ങൾക്കുണ്ട് എന്നതിൽ സംശയമില്ല. ഞാൻ ചോദിക്കട്ടെ, നിങ്ങൾ എന്നെങ്കിലും ഏതെങ്കിലും മനുഷ്യനെ സ്നേഹിച്ചിട്ടുണ്ടോ? തന്നിൽത്തന്നെ അഭിരമിക്കുന്ന കുറേ ഓർമകളുടെ സ്ഥൂലവിവരണമല്ലാതെ എന്താണ് നിങ്ങളുടെ സംഭാവന? അതുതന്നെ ആവർത്തിച്ച് കഥയായും നോവലായും ആത്മകഥയായും ഉപന്യാസമായും എഴുതുന്നു. കൊണ്ടാടാനും സ്തുതിഗീതങ്ങൾ പാടാനും പുരസ്കാരങ്ങൾ തരാനും പാർട്ടിക്കാരുണ്ടല്ലോ.'

എഴുതി തീർന്നപ്പോൾ ദിമിത്രി കിതച്ചു. എങ്കിലും അയാൾക്ക് തെല്ലു സമാധാനം തോന്നി. കാട്ടൂർക്കടവിലേക്ക് തിരിച്ചുപോവാൻ അയാൾ തീരുമാനിച്ചു.
"നിങ്ങൾ വേഗം തിരിച്ചുവന്നില്ലെങ്കിൽ സംഗതി ഗുരുതരമാകും."
പുരുഷോത്തമൻ വക്കീൽ അയാളെ വിളിച്ചുപറഞ്ഞിരുന്നു.

അമ്മയുടെ രോഗശയ്യക്കടുത്തുനിന്ന് പാഞ്ഞുപോന്ന് ഫാമിൽ എത്തിയപ്പോൾ അയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്തിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് പിന്നെ അത് തുറന്നത്. അന്നേരം ഒരുപാട് സന്ദേശങ്ങൾ വന്നുകിടപ്പുണ്ടായിരുന്നു. അധികവും വക്കീലിന്റെയാണ്: "'നിങ്ങൾ എവിടെയാണ്? എന്താണിപ്പോൾ ഇങ്ങനെ ഒരു ഒളിച്ചോട്ടത്തിനു കാരണം? ജീവിതത്തെ ചങ്കൂറ്റത്തോടെ അഭിമുഖീകരിക്കാൻ നിങ്ങൾ തയ്യാറാവേണ്ടതുണ്ട്. കേസിൽ ജാമ്യമെടുത്ത ഒരു പ്രതിയാണ് നിങ്ങൾ എന്ന കാര്യം ഓർക്കാത്തതെന്താണ്?''
ദിമിത്രി വക്കീലിനെ വിളിച്ചു സംസാരിച്ചു. അദ്ദേഹം ആശ്വസിപ്പിച്ചു:
"ദിമിത്രി സാർ, നിങ്ങളിങ്ങനെ എല്ലാവരേയും ഭയന്ന് പലായനം ചെയ്യേണ്ട കാര്യമില്ല."

വിജിലൻസ് കേസ് എല്ലാ നിലയ്ക്കും അനുകൂലമാവാൻ സാധ്യതയുണ്ടെന്ന് വക്കീൽ പറഞ്ഞു. സ്വാമി നിത്യാനന്ദ വഴി നികുഞ്ജത്തിൽ മാധവ മേനോനെ ബന്ധപ്പെട്ടു. പഴയ വൈരാഗ്യമൊന്നും അദ്ദേഹത്തിന് ഇപ്പോൾ ഇല്ല. കാലം എന്നൊരു മഹാവൈദ്യൻ ഉണ്ടല്ലോ. അദ്ദേഹം എല്ലാ മുറിവുകളും ഉണക്കും.
"ആപ്പീസിൽ വെച്ച് അപമര്യാദയായി പെരുമാറിയതിന് നിങ്ങൾ ചെന്നു മാപ്പുചോദിച്ചാൽ മേനോൻ കേസിൽ നമുക്ക് അനുകൂലമായി സാക്ഷി പറയും. അതുറപ്പ്.'

കാണാൻ ചെന്നപ്പോൾ പുരുഷോത്തമൻ വക്കീലിനോട് മാധവ മേനോൻ ശബ്ദം താഴ്ത്തി പറഞ്ഞു:
"വാശിക്കും വൈരാഗ്യത്തിനുമൊക്കെ എന്താ അർഥം വക്കീലേ? കെട്ടിപ്പടുക്കുന്നതൊക്കെ തകർന്നുവീഴാൻ അരനിമിഷം വേണ്ട. ആരാ അന്ത്യഘട്ടത്തില് സഹായിക്കാൻ വര്വാന്ന് പറയാൻ പറ്റില്ല. ഏതു നെരത്തുവക്കില് കെടന്നട്ടാ ചാവണ്ടി വര്വാന്ന് ആരുക്കാ നിശ്ചയം? ചെലപ്പൊ കെടന്ന് ചീഞ്ഞളിഞ്ഞട്ടാവും അന്ത്യം. പാതിജീവനായിട്ട് കെടക്കുമ്പൊ നായ്ക്കള് വന്ന് കടിച്ചുവലിച്ചൂന്ന് വരാം.

"സ്വത്തും പ്രതാപവുമൊന്നും ആസന്നഘട്ടത്തില് നമ്മളെ സഹായിച്ചൂന്ന് വരില്ല. കാലലീല അങ്ങനെയാണല്ലോ. പുന്താനം നമ്പൂതിരി പാടിയത് എത്രശരി! ഇന്നലെയോളമെന്തെന്നറിഞ്ഞീലാ; ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ; ഇന്നിക്കണ്ട തടിക്കു വിനാശവും ഇന്നനേരം എന്നേതുമറിഞ്ഞീലാ. എനിക്ക് ആരോടും പരിഭവവും വഴക്കുമില്ല വക്കീലേ."

മേനോന്റെ വീട്‌ പ്രളയത്തിൽ പാടെ മുങ്ങിയിരുന്നു. ആ സമയത്ത് സ്കൂളിനു തൊട്ടുള്ള ഔവർ ലേഡി ഓഫ് പോംപെ മേരി പള്ളിയുടെ സൺഡേ ക്ലാസ് ഹാളിലാണ് മാധവമേനോൻ കഴിച്ചുകൂട്ടിയത്. അവിടെയുണ്ടായിരുന്ന കുറെ ചെറുപ്പക്കാർ ബഞ്ചുകൾ പിടിച്ചു കൂട്ടിയിട്ട് അദ്ദേഹത്തിന് ഒരു കിടപ്പിടം ഒരുക്കിക്കൊടുത്തു. കർക്കിടകമാസം കാലമായതുകൊണ്ട് രാമായണം വായിക്കാൻ ആഗ്രഹിച്ചപ്പോൾ അവിടത്തെ ഫാദർ പുസ്തകം സംഘടിപ്പിച്ചുനൽകി.
"ഭാര്യയും മകളും കുട്ടികളും എവിടെയാ ചെന്നു കൂടീരിക്കണെന്നൊന്നും ഞാൻ ആലോചിച്ചില്ല. കൈപ്പിടിയിൽ അപ്പൊ നമ്മടെ ജീവൻ മാത്രേ ഒതുങ്ങണുള്ളു. തൈലോം മരുന്നും പഞ്ചായത്തുകാര് കൊണ്ടത്തന്നു. ഓണത്തിന് ഒരു ഓണപ്പൊടവേം കിട്ടി. വറത്തുപ്പേരീം പായസോം കൂട്ടി ഒരു ഊണും."

"വെളിക്കിരിക്കാനായിരുന്നു വക്കീലേ കഷ്ടപ്പെട്ടത്. ആകെ രണ്ട് ടോയ്ലറ്റാ അവടെ. ആൾക്കാരാണങ്ങെ പത്തമ്പതുണ്ട്."
മാധവമേനോൻ പറഞ്ഞു.
കരുവന്നൂർപ്പുഴയുടെ കല്ലുകടവിൽ ബണ്ടിന് മറുവശത്തായിരുന്നു മാധവ മേനോന്റെ വീട്. സാധാരണ വെള്ളപ്പൊക്കം വീടിന്റെ തറയുയരം വരെ എത്താറുണ്ട്. മൂന്നുനിലയുള്ള വീടാണ്. അന്നേരം കുടുംബം മുകൾനിലയിലേക്ക് പാർപ്പ് മാറ്റും. ഇത്തവണത്തെ പ്രളയം തുടങ്ങി മുന്നറിയിപ്പു കിട്ടിയിട്ടും മേനോൻ ഒഴിഞ്ഞുപോകാൻ താൽപര്യം കാണിച്ചില്ല. എത്രയെത്ര മലവെള്ളങ്ങളുടെ വരവും പോക്കും കണ്ടിരിക്കുന്നു എന്നും ഭാവിച്ചു. പക്ഷേ വെള്ളം രണ്ടാംനിലയിലേക്ക് കയറിവന്നു. അതോടെ പരിഭ്രാന്തിയായി. പരിസരത്തൊന്നും ആരുമില്ല. വീട്ടുകാർ എല്ലാവരും ടെറസ്സിന്റെ മുകളിൽ കയറി നിന്ന് നിലവിളിച്ചു. രണ്ടു ദിവസം കഴിഞ്ഞ് ഫിഷിങ് ബോട്ടുകൾ എത്തിയാണ് രക്ഷപ്പെടുത്തിയത്.

"മരണത്തെ ദാ ഇത്രേം അകലെ നേർക്കുനേരെ കണ്ടു. ആ സമയത്ത് ഒരു വറ്റ് എറങ്ങില്ല. വെള്ളം കുടിക്കാനും തോന്നില്ല. അതിനെടേല് വയറെളക്കോം പിടിപെട്ടു. ഒറക്കല്യ. രാത്ര്യാവുമ്പൊ ചുറ്റും വെള്ളത്തീക്കെടന്ന് നാനാജാതി ജന്തുക്കള് കെടന്ന് അലറണ മാതിരി ഒരു തോന്നൽ. ബോട്ടുകാരു വരുമ്പഴക്കും ഞാൻ കൊഴഞ്ഞ് ഒരു പരുവായി.'

മറ്റൊരു കാര്യവും വക്കീൽ ദിമിത്രിയെ അറിയിച്ചു.
"നിങ്ങളുടെ ഭാര്യ മോനമ്മ മാഡം എന്നെ വിളിച്ചിരുന്നു. നിങ്ങളെക്കുറിച്ച് വലിയ ആശങ്ക അവർക്കുണ്ട്. അവരുടെ എഴുത്ത് നിങ്ങളെ വേദനിപ്പിച്ചുവോ എന്ന് അവർ സംശയിക്കുന്നു. അപ്പോഴത്തെ ഒരു ദേഷ്യത്തിന് എഴുതി വെച്ചതാണത്. ഞാൻ അവരെ സമാധാനിപ്പിച്ചു. നിങ്ങളുടെ ആകസ്മിക യാത്രയെക്കുറിച്ച് ശിവരാമൻ പറഞ്ഞ വിവരങ്ങൾ അവരെ ധരിപ്പിച്ചു. അവർക്കിപ്പോൾ തിരുവന്തപുരത്തേക്ക് മാറ്റം ലഭിച്ചിരിക്കുകയാണ്. നിങ്ങളുടെ വിവരം കിട്ടിയാൽ ഉടനെ അറിയിക്കണമെന്ന് പറഞ്ഞു.'

ദിമിത്രി അത്ഭുതപ്പെട്ടു. അവർ വീണ്ടും തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണോ? വന്നാലെന്ത്? വന്നില്ലെങ്കിൽ എന്ത്? ഒരു സ്ത്രീയുടെ സാമിപ്യം ആവശ്യമുള്ളതായി അയാൾക്ക് തോന്നിയില്ല. എന്താണ് ആ വസ്തു? അയാൾ ആലോചിച്ചു. ഭിന്നമായ ഒരു ശാരീരികാവസ്ഥ. കുറെയേറെ മിനുസവും മാർദവവുമുള്ള മാംസത്തിന്റെ വിന്യാസമാണ്. വ്യത്യസ്ഥമായ ചൂടും ഗന്ധവും ഉണ്ട്. കാലം പിന്നിടുമ്പോൾ അതും ശിഥിലമാകും. യൗവനം, വാർധക്യം. പിന്നെ നാശം. ലാസ്യവിന്യാസങ്ങളെല്ലാം അവസാനിപ്പിച്ച് മണ്ണിലോ ജലത്തിലോ അഗ്നിയിലോ അതു ലയിച്ചു ചേരുന്നു. അത്രയേയുള്ളു.

രണ്ട് സ്ത്രീകളുമായിട്ടാണ് ജീവിതത്തിൽ ദിമിത്രി ബന്ധപ്പെട്ടിട്ടുള്ളത്. ഒന്ന് കാവേരി. രണ്ടാമത്തേത് അയാളുടെ ഭാര്യയായി തീർന്ന മോനമ്മ ജോൺ. ആ സ്ത്രീ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് വളരെ ആശ്ചര്യകരമായിരുന്നു. പ്രലോഭിപ്പിക്കുന്ന ഒരു മധ്യാഹ്നശരീരം എന്ന നിലയിലാണ് അയാൾ അവരെ കണ്ടത്. പൊതുവെ സ്ത്രീശരീരങ്ങളോട് അയാൾക്ക് പക തോന്നിയിരുന്ന കാലമാണ്. ഒരോന്നും അയാളെ വെല്ലുവിളിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടും കടന്നുപോയി. മോനമ്മ ജോൺ എന്ന ശരീരം അയാളെ മാനസികമായി ആക്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനെ വഴിപ്പെടുത്തണമെന്ന് ആഗ്രഹിച്ചു എന്നത് സത്യമാണ്. അതിൽ വിജയിച്ചത് തന്റെ കഴിവാണോ? അയാൾ ആലോചിച്ചു. അക്കാലത്ത് അയാൾ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഒന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ സംഗതി വഴിതിരിഞ്ഞ് വിവാഹത്തിൽ ചെന്നുപെട്ടു. നീണ്ടകാലം ദമ്പതികളായി തങ്ങൾ ഒരു വീട്ടിൽ താമസിച്ചതിനെക്കുറിച്ച് അയാൾ ആലോചിച്ച് ആശ്ചര്യപ്പെടാറുണ്ട്.

അക്കാലമായപ്പോഴേക്കും കാവേരിയുടെ വിവാഹം കഴിഞ്ഞിരുന്നു. "വനാന്തരത്തിലെ പ്രണയസാഫല്യം" എന്ന തലക്കെട്ടിൽ വാർത്തകൾ വന്നിട്ട് കുറേ കാലം പിന്നിട്ടു. പിന്നീട് തമിഴ്നാട്ടിൽ നടന്ന വിവിധ മാവോയിസ്റ്റ് ഭീഷണികളിലെ നായകനും നായികയുമായി രഘുത്തമനും കാവേരിയും മാറി. ആക്ഷൻ വാർത്തകൾ റിപ്പോർട്ടു ചെയ്യുമ്പോഴെല്ലാം അവരുടെ പ്രണയത്തെയും സാഹസികമായ വിവാഹത്തെയും സൂചിപ്പിക്കാൻ പത്രങ്ങൾ ശ്രമിച്ചു.

തൃശൂരിൽ അരങ്ങേറിയ പൗരാവകാശ സമരങ്ങൾ ഒരു സമയത്ത് നിലച്ചിരുന്നു. പ്രതികരണവേദികൾ ഒന്നൊന്നായി പിരിച്ചുവിട്ടു. അവർ തുടങ്ങിയ സമാന്തരമാധ്യമങ്ങളും പ്രവർത്തനം നിറുത്തി. "എതിർപ്പ്" മാസിക മരണപ്പതിപ്പ് പുറത്തിറക്കിയാണ് വിടവാങ്ങിയത്. കറുത്ത പുറഞ്ചട്ടയായിരുന്നു അതിന്. മുഖപ്രസംഗത്തിൽ പത്രാധിപർ എഴുതി:
"ഇത് 'എതിർപ്പി'ന്റെ മരണപ്പതിപ്പാണ്. മരണത്തിന്റെ നിറം കറുപ്പാണെന്ന് ഞങ്ങൾ കരുതുന്നു. മരണത്തേക്കാൾ വലിയ സത്യം ഇല്ല. അതിനു മുന്നിൽ മനുഷ്യന്റെ
സർഗ്ഗാത്മകതയും സമരങ്ങളും അടിയറവു പറയുന്നു. മറ്റൊരു സവിശേഷത ഇത് മാസികയുടെ പന്ത്രണ്ടാമത്തെ ലക്കമാണ് എന്നതാണ്. പന്ത്രണ്ടു ലക്കങ്ങളും ആവേശത്തോടെ സ്വീകരിച്ച സഹൃദയർക്ക് ഞങ്ങൾ നന്ദി പറയുന്നു.

"അഴിമതിക്കും അധികാരഗർവ്വിനുമെതിരെ കേരളത്തിൽ നടന്ന ജനകീയ മുന്നേറ്റങ്ങളെ വെളിപ്പെടുത്താനാണ് "എതിർപ്പ്" ആരംഭിച്ചത്. കഴിഞ്ഞ പതിനൊന്നു ലക്കങ്ങളിലൂടെ ആ ദൗത്യം ഞങ്ങൾ നിർവഹിച്ചു. പക്ഷേ ഈ ലക്കം കുറച്ചു വ്യത്യാസപ്പെട്ടതാണ്. മരണം എന്ന ശാശ്വതസത്യത്തെക്കുറിച്ചുള്ള സ്പെഷൽ പതിപ്പാണ്. ഇതിൽ പേജുകൾ കൂടുതലുണ്ട്. എന്നാൽ വില കൂട്ടിയിട്ടില്ല.

"മരണത്തെ മുഖ്യപ്രമേയമാക്കിയ കവിതകളും കഥകളും ലേഖനങ്ങളുമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അയ്യപ്പപ്പണിക്കരുടെ "മൃത്യുപുരാണം", സച്ചിദാനന്ദന്റെ "ആസന്നമരണചിന്തകൾ" തുടങ്ങിയ പ്രസിദ്ധ രചനകളും ചേർത്തിരിക്കുന്നു. ചില നിരീക്ഷണങ്ങളും പഠനങ്ങളും അനുഭവക്കുറിപ്പുകളും ഉണ്ട്. ഒരു പ്രധാന കാര്യം കൂടി അറിയക്കട്ടെ: മരണപ്പതിപ്പോടുകൂടി മാസികയുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയാണ്."

പ്രസ്ഥാനത്തിനൊപ്പം സഞ്ചരിച്ച കവികൾക്കും കലാകാരന്മാർക്കും മടുപ്പു കയറിയിരുന്നു. ആക്ടിവിസം, പ്രത്യേകിച്ചും നിലവിലുള്ള ഇടതുപക്ഷത്തിന് ബദലായത് എഴുത്തുകാരുടെ പ്രൊഫഷനെ കുറച്ചൊക്കെ സഹായിക്കുമായിരിക്കാം. പക്ഷേ അതിൽ ഊന്നി നിന്നിട്ടു കാര്യമില്ല. കലാമൂല്യമുള്ള രചനകളിലൂടെ മാത്രമേ ഒരാൾക്ക് അനശ്വരനാകാൻ കഴിയൂ. മൺമറഞ്ഞാലും തങ്ങൾ ആയിരം വർഷമെങ്കിലും സ്മരിക്കപ്പെടണമെന്ന് എല്ലാ കലാകാരന്മാരും ആഗ്രഹിക്കുന്നു. പൗരാവകാശസമരങ്ങളും അവയെ സഹായിക്കാൻ വേണ്ടി എഴുതിയ ഉപരിപ്ലവമായ രചനകളും എത്രകാലം നിലനിൽക്കും? അതിനുവേണ്ടി എത്രയധികം സമയമാണ് തങ്ങളിൽ നിന്ന് അപഹരിക്കപ്പെട്ടതെന്ന് അവർ ഞെട്ടലോടെ ഓർത്തു.

രഘുത്തമൻ എന്ന പാർട്ടിപ്രവർത്തകൻ പക്ഷേ നേർവിപരീതമായ ദിശയിലാണ് ചിന്തിച്ചത്. പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള ജനകീയസമരങ്ങൾ ആത്യന്തികമായ സാമൂഹ്യപരിവർത്തനത്തെയോ അതിനായുള്ള വർഗ്ഗസമരത്തെയോ സഹായിക്കുകയില്ല. അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. വർഗ്ഗശത്രുക്കളോട് ജനങ്ങൾക്കുള്ള വൈരാഗ്യത്തെ ലഘൂകരിക്കാൻ അതു കാരണമാവും. മുദ്രാവാക്യം വിളിയും തെരുവുനാടകവും കണ്ട് ചുറ്റും കൂടുന്നത് കുറേ കൗതുകികൾ മാത്രമാണ്. അവർ ഒരിക്കലും ഒരു വിപ്ലവശക്തിയായി മാറുകയില്ല.

രഘുത്തമൻ സി.പി.ഐ.എം.എൽ. വിട്ടതും മാവോയിസ്റ്റ് ഗ്രൂപ്പിൽ ചേർന്നതും തമിഴ്നാട്ടിൽ നിന്നുള്ള പത്രവാർത്തകളിലൂടെയാണ് ആളുകൾ അറിഞ്ഞത്. ഈറോഡിലെ കൊക്കൊക്കോള ഗോഡൗൺ തകർത്തത് സംബന്ധിച്ച വാർത്തയിൽ അയാളുടെ പേരുണ്ടായിരുന്നു. വയനാട്ടിലെ ആദിവാസി ഊരുകളിൽ പണവും ധാന്യവും ശേഖരിക്കാൻ എത്തിയ മാവോയിസ്റ്റുകളിൽ അയാൾ ഉൾപ്പെട്ടിരിക്കുന്നതായി പത്രലേഖകരും പൊലീസും സംശയിച്ചു. അയാളെക്കുറിച്ച് പത്രങ്ങൾ എഴുതി: " നീണ്ടകാലം ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും കഴിയാൻ രഘുത്തമന് സാധിക്കും. രൂപവും ഭാവവും വേഷവും നിത്യേന മാറിക്കൊണ്ടിരിക്കും. ചെറിയ സമയം കൊണ്ട് നിരവധി ദൂരം സഞ്ചരിക്കും. ആൾക്കൂട്ടത്തിനിടയിൽ നിന്ന് നിമിഷം കൊണ്ട് അപ്രത്യക്ഷനാകാനുള്ള കഴിവുണ്ട്."

പക്ഷേ കാവേരി രഘുത്തമന്റെ കൂടെയുണ്ടെന്ന് അവരുടെ വിവാഹവാർത്തയിലൂടെയാണ് വെളിപ്പെട്ടത്. ദിമിത്രി ആ വാർത്തയിലേക്ക് കുറേസമയം നോക്കിയിരുന്നു. വാർത്തക്കൊപ്പം അവളുടെ പഴയ ഒരു ഫോട്ടോ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റിയുടെ സീലുള്ളത്. ആ ഫോട്ടോ അവർ ഒന്നിച്ചുപോയി എടുത്തതാണ്. ഫോട്ടോഗ്രാഫറുടെ നിർബന്ധം കൊണ്ട് അന്ന് കാവേരി സ്റ്റുഡിയോയിലെ മേക്കപ്പ് റൂമിൽ കയറി. ടാൽകം പൗഡർ മാത്രമാണ് അവിടെ കാര്യമായി ഉണ്ടായിരുന്നത്. പിന്നെ പലരും ഉപയോഗിച്ച് അഴുക്കുപിടിച്ച കുറേ ചീർപ്പുകളും. അവൾ ഒന്നും ഉപയോഗിച്ചില്ല. ആ മുറിയിലെ സുരക്ഷിതത്വത്തിൽ വെച്ച് ദിമിത്രി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവർ ചുംബിച്ചു.

അന്ന് പട്ടണത്തിലെ പാർട്ടി ആപ്പീസിലാണ് അവർ കഴിച്ചുകൂട്ടിയത്. അതൊരു തൊഴുത്തുപോലെയായിരുന്നു. ആരും തൂത്തുവാരാത്തതു കൊണ്ട് പൊടിയും മാറാലയും നിറഞ്ഞ ഒരു മുറി. മാസികകളുടെ കെട്ടുകൾ. കൊടികളും ബാനറുകളും ബോർഡുകളും കൊണ്ട് അകം നിറഞ്ഞിരുന്നു. മാറി മാറി ആളുകൾ ഉപയോഗിച്ചതിന്റെ മണവും അഴുക്കും വഹിക്കുന്ന ഒരു പായയും തലയിണയും അവിടെ ഉണ്ടായിരുന്നു. തൊട്ടടുത്ത മുറികളിൽ വഴിവാണിഭക്കാരാണ് താമസിച്ചിരുന്നത്. ഇറയത്തും ഇടനാഴിയിലും അവരുടെ ഭാണ്ഡക്കെട്ടുകൾ കണ്ടു.

അടയ്ക്കാൻ കഴിയാത്ത ഒരു ജനലിലൂടെ പുറത്തെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ചുവരിൽ വീണു പ്രതിഫലിച്ചിരുന്നു. അവിടെയാണ് തോക്കുപിടിച്ച ധീരതെലുങ്കാനാ വനിതാപോരാളികളുടെ ചിത്രം വെച്ചിരുന്നത്. അത് പഴകി മങ്ങിയ ഒരു ഫോട്ടോ ആയിരുന്നു.

അടുത്തു കിടന്ന് കാവേരിയെ ദിമിത്രി ശരീരത്തോടു ചേർത്തു. മെലിഞ്ഞ ആ ശരീരത്തിൽ തെളിഞ്ഞ എല്ലുകളിലൂടെ അയാളുടെ കൈ സഞ്ചരിച്ചു. മുഖത്ത്, നെഞ്ചിൽ. ചെറിയ മുലകളായിരുന്നു. ആ സമയം അവൾ ഒഴിഞ്ഞുമാറി. ചുമരിലേക്കു ചൂണ്ടി അവൾ പറഞ്ഞു:
"ദേ, അവർ നോക്കുന്നു."

പിന്നീട് മോനമ്മ ജോണിന്റ ശരീരത്തിൽ അഭയം പ്രാപിക്കുമ്പോഴൊക്കെ കാവേരിയേയും അന്ന് പാതിയിൽ നിറുത്തിയ രതിവേഴ്ചയേയും അയാൾ ഓർത്തു. പാലക്കാട്ടെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് തന്റെ സീനിയർ ഓഫീസർ ആയ ആ സ്ത്രീയുമായി അയാൾ ആദ്യം ശാരീരികവേഴ്ച നടത്തിയത്. എ.സി.യും സ്വീകരണമുറിയുമുള്ള ഒരു സ്യൂട്ടായിരുന്നു അത്. റീജിയണൽ ഡയറക്ടർക്കുവേണ്ടി ജില്ലാ ബ്യൂറോയിൽ നിന്ന് ബുക്ക് ചെയ്തത്.

കിടക്കയിൽ നിന്നെഴുന്നേറ്റ് വസ്ത്രമെടുക്കാൻ ലൈറ്റ് തെളിച്ചപ്പോൾ അവർ അയാളോട് പറഞ്ഞു:
"ഞാൻ ഇത് മറക്കാൻ പോകുന്നു. നിങ്ങളും മറക്കണം. ഒരിക്കലും ഓർമ്മിക്കരുത്. ഇനി ഇത് നമ്മൾ ആവർത്തിക്കരുത്."
ദിമിത്രി അവരുടെ കണ്ണുകളിലേക്ക് നോക്കി.
"എന്റെ കണ്ണുകളിലേക്ക് നോക്കരുത്."
അവർ ആജ്ഞാപിച്ചു.

ആ സമയത്ത് അവർ വസ്ത്രം പൂർണ്ണമായി ധരിച്ചു കഴിഞ്ഞിരുന്നില്ല. പ്രായം അവരെ ചെറിയ മട്ടിൽ ബാധിച്ചു തുടങ്ങിയിരുന്നു. ദ്രാവകം പോലെയാണ് ആ ശരീരത്തെ ദിമിത്രിക്ക് തോന്നിയത്. അതിരുകൾ വിട്ട് അതൊഴുകി എല്ലായിടത്തും നിറയുന്നു. ചില ഭാഗങ്ങൾ തന്റെ ശരീരത്തിൽ ഇപ്പോഴും പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി. അയാൾ സന്തോഷിച്ചു. ജീവിതത്തിൽ ആദ്യമായി താൻ വിജയിച്ചതായി അയാൾക്കു തോന്നി. അയാൾ മനസ്സിൽ ഓർത്തു. കെ. എന്ന എഴുത്തുകാരൻ ഈ ശരീരത്തെ പ്രാപിച്ചിട്ടുണ്ടാവുമോ? ഉണ്ടെങ്കിൽ എന്ത്? അയാൾ എന്റെ വിഷയമല്ല. അയാൾ വിജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ. അയാൾ പോയിത്തുലയട്ടെ.

തന്റെ ശരീരത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അയാളോട് അവർ ആജ്ഞാപിച്ചു:
"നിങ്ങൾ പുറത്തു പോകൂ."
അയാൾ വസ്ത്രങ്ങൾ ധരിച്ച് പുറത്തു കടന്നു.
പക്ഷേ സംഗതികൾ മറ്റൊരു വഴിക്കാണ് നീങ്ങിയത്. രണ്ടുദിവസം കഴിഞ്ഞ് പട്ടണത്തിലെ ഒരു സായാഹ്നപത്രത്തിൽ വാർത്ത വന്നു.
"ഉദ്യോഗസ്ഥയും ക്യാമ്പ് ക്ലർക്കും കാമകേളിയിൽ. പട്ടണത്തിലെ നക്ഷത്രഹോട്ടലിൽ സംഭവിച്ചത്. ആപ്പീസ് ഡ്രൈവർ ദൃക്സാക്ഷി.''

സാധാരണ നിലക്ക് അവഗണിച്ചു കളയാവുന്ന ഒരു വാർത്തയായിരുന്നു അത്. ചില സൂചനകൾ ഒഴികെ അതിൽ വസ്തുതകൾ ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല സത്യവിരുദ്ധവാർത്തകൾക്ക് കേൾവികേട്ടതായിരുന്നു ആ പത്രം. ആരും അതിനെ അങ്ങനെ ഗൗനിക്കാറില്ല.

പക്ഷേ മോനമ്മ ജോൺ എന്ന റീജിയണൽ ഡയറക്ടർ ഭീകരമായ വിധത്തിൽ സമൂഹവിചാരണക്കു വിധേയയായി. അവരോട് വലിയമട്ടിൽ ദേഷ്യവും വെറുപ്പും ഡിപ്പാർട്ടുമെൻറിൽ നിലനിന്നിരുന്നു എന്നതാണ് പ്രശ്നമായത്. ഡയറക്ട് റിക്രൂട്ട്മെന്റിലൂടെ ഉദ്യോഗത്തിൽ വന്നവർക്കെതിരെയുള്ള സ്വഭാവികമായ അമർഷം. പ്രതീക്ഷിച്ചിരുന്ന പ്രമോഷൻ സാധ്യതകൾ ഇല്ലാതാവുമ്പോൾ നിരാശവും പകയും ഉണ്ടാവുമല്ലോ. ജാതിയിൽ താഴെയുള്ള അതും പ്രായത്തിൽ കുറഞ്ഞ ഒരു സ്ത്രീ ഭരിക്കാൻ തുടങ്ങുമ്പോൾ അത് സഹിക്കാൻ ബുദ്ധിമുട്ടാണ്. അവരാകട്ടെ ആരെയും കൂട്ടാക്കിയിരുന്നില്ല. ഡയറക്ടർ ആപ്പീസിലെ ഒരു സംഘം ഗുമസ്തൻമാർ പാലക്കാട് വാർത്തയെ ഉപജീവിച്ച് കൃത്യമായ കരുനീക്കങ്ങൾ നടത്തി. മോനമ്മയുടെ മുൻഭർത്താവും അവർക്കൊപ്പം പങ്കുചേർന്നതായി പറയുന്നു. അദ്ദേഹം അപ്പോൾ വകുപ്പുമായി ബന്ധപ്പെട്ട ഗവർമ്മേണ്ട് സെക്രട്ടറിയായിരുന്നു.

തൃശൂരിലെ റീജിയണൽ ഓഫീസിൽ ചില നാടകീയരംഗങ്ങൾ ഉണ്ടായി. അശ്ലീലം കലർന്ന പോസ്റ്റരുകൾ പരിസരത്ത് പതിച്ചിരുന്നു. ഒരു സംഘം സഹപ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധപ്രകടനം നടത്തി. അവർ മോനമ്മയുടെ കസേരയിലും കാബിനിലും ചാണകവെള്ളം തെളിച്ചു. ചില ധൂപക്കൂട്ടുകൾ ഉപയോഗിച്ച് ഓഫീസിലാകെ ഹോമപ്പുക ഉണ്ടാക്കി.
"റീജിയണൽ ഡയറക്ടർ റിക്കാർഡ് വകുപ്പിന് അപമാനം."
"ആപ്പീസിനെ വ്യഭിചാരശാലയാക്കരുത്."

കൂട്ടമായി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരു ട്രൈബ് വിഭാഗത്തിലാണ് മോനമ്മയുടെ കുടുംബം ഉൾപ്പെടുന്നത്. ദീർഘകാലമായി അവർ തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തിരുന്നു. അച്ഛനും അമ്മയും ഉയർന്ന ഉദ്യോഗങ്ങളിലായിരുന്നു. അവർ മകളെ ഡൽഹിയിൽ അയച്ചു പഠിപ്പിച്ചു. പി.ജി.ക്ക് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നോയ്ഡ യൂണിവേഴ്സിറ്റിയിൽ ടോപ്പറായിരുന്നു മോനമ്മ. സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫീസറായിരിക്കെ ആണ് റിക്കാർഡ്സിലേക്ക് മാറുന്നത്. തൃശൂരിൽ എത്തുമ്പോൾ കടമ്പകൾ കടന്ന് അവർ റീജിയണൽ ഡയറക്ടറായി മാറിയിരുന്നു. നാലു ജില്ലകളുടെ മേധാവി. അതിനകം അവർ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ഡിവോഴ്സ് ആവുകയും ചെയ്തു. ജീവിതത്തിലെ ഒരു രംഗം പൂർത്തിയാക്കിയതിന്റെ മട്ടും ഗൗരവവുമുണ്ടായിരുന്നു മുഖത്ത്. അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു വകുപ്പായിരുന്നതുകൊണ്ട് അവർ സബോർഡിനേറ്റ് സ്റ്റാഫിനെ സംശയത്തോടും തെല്ലു പുച്ഛത്തോടുമാണ് കണ്ടിരുന്നത്.

ജോയിൻ ചെയ്തയുടനെ ഉപചാരത്തിന് അവരെ ക്യാബിനിൽ സന്ദർശിച്ചവർക്ക് നല്ല അനുഭവമല്ല ഉണ്ടായത്. ലളിതമ്മ എന്ന എച്ച്‌.സി. രോഷത്തോടെ പറഞ്ഞു:
"നാണക്കേടായീന്നു പറഞ്ഞാ മതീലോ. നമ്മടെ മാന്യത വെച്ച് ഒന്നു പരിചയപ്പെടാന്ന്ച്ചട്ട് ചെന്നതാണ്. അന്യനാട്ടുകാരി ഒരു സ്ത്രീയല്ലേ, നമ്മുടെ നാട്ടിലിക്ക് വന്നതല്ലേ എന്നു കരുതി. എന്റെ ട്രാൻസ്ഫർ പെറ്റീഷന്റെ കാര്യം ഒന്നു ഓർമ്മിപ്പിച്ചു. അപ്പൊ ഒരു ചാട്ടം: നിങ്ങടെ വീട് സിറ്റീലല്ലേ? എന്തിനാപ്പൊ സബ് ബ്യൂറോലിക്ക് മാറണ്? കൂടുതല് കൈക്കൂലി മേടിക്കാനാ? ഇനിക്കരിശം വന്നു. അതൊക്കെ എന്തിനാ അവരന്വേഷിക്കണേ? വെല്യ ആപ്പീസറാന്ന് ഭാവണ്ടെങ്കില് അതവരടെ മനസ്സില് വെച്ചാ മതി. അടുക്കളപ്പൊറത്തെ ഓടുപൊളിച്ച് അകത്ത് വന്നോരടെ ഒരഹങ്കാരം.

"അകത്തു ചെന്നപ്പൊത്തന്നെ അവരു ചോദിച്ചു, എന്താ അമ്പലത്തിലിക്ക് താലമെടുക്കാൻ എറങ്ങീതാണോന്ന്. എന്റെ സെറ്റുസാരീനെ കുറ്റം പറഞ്ഞതാണ്. എന്താ അമ്പലത്തില് താലെടുക്കല് നിരോധിച്ചണ്ടോ? അവരെപ്പോലെ ഡിഗ്രീം പീജിം ഒക്കെ നമ്മക്കുണ്ട്. സുകൃതം കൊണ്ട് ഭേദപ്പെട്ട ഒരു സമുദായത്തില് വന്നു ജനിച്ചൂന്നൊരു കുറ്റേ നമ്മളു ചെയ്തട്ടുള്ളു."

"അവരുക്ക് ലളിതമ്മസാറിനെ കണ്ടപ്പൊ തന്നെ കലികേറീട്ടുണ്ടാവും."
ശങ്കരനാരായണൻ പറഞ്ഞു.
"തേച്ചുമിനുക്ക്യ നെലവെളക്ക് പോല്യൊള്ള ഒരാള്യല്ലേ കണ്ടത്. നെറ്റീല് ചന്ദനം. മുടീല് തുളസിക്കതിര്. സാരീടെ കസവേതാ ശരീരേതാന്ന് തിരിച്ചറിയാൻ പറ്റാണ്ട് അവരടെ കണ്ണു മഞ്ഞളിച്ചട്ടുണ്ടാവും. ഉള്ളീന്ന് അസൂയ പൊറത്ത് ചാടാൻ വേറെ കാരണം വേണോ? ഇന്ന് മുപ്പെട്ടു വെള്ള്യാഴ്ച്ച്യായാന്ന് അവരുക്ക് അറിയില്ലല്ലോ."

"അതു കാര്യാക്കണ്ട ലളിതമ്മേ. അധസ്ഥിത ജനതയാണ്. നമ്മളാണ് ക്ഷമിക്കണ്ടത്. അവരോട് സഹതപിക്കണം."
മഹർഷി രാമഭദ്രൻ ചേട്ടൻ അപ്പോൾ പറഞ്ഞു.

കേട്ടുകേൾവി കൊണ്ടുണ്ടായ ആശങ്കയോടെയാണ് ദിമിത്രി അവരുടെ ക്യാബിനിലേക്ക് കയറിച്ചെന്നത്. അടിയന്തിരമായ ഒരു ഫയൽ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. അകത്തുചെന്നപ്പോൾ ആശങ്ക വർദ്ധിച്ചു. കാരണം അവിടെ കെ.എന്ന എഴുത്തുകാരൻ അവർക്ക് അഭിമുഖമായി ഇരിപ്പുണ്ടായിരുന്നു. നീണ്ടകാലത്തെ പരിചയമുള്ളവരേപ്പോലെയാണ് അവർ സംസാരിച്ചിരുന്നത്. അയാൾ കടന്നു ചെന്നത് അവർക്ക് ഇഷ്ടമായില്ലെന്നു തോന്നി.

"ഉം, എന്താ?"
പെട്ടെന്ന് മുഖത്ത് വരുത്തിയ ഗൗരവത്തോടെ മോനമ്മ ചോദിച്ചു.
ഏതോ കാട്ടുപൂവിന്റെ ഗന്ധമായിരുന്നു അവർക്ക്. അത് പെർഫ്യൂമിന്റെയല്ല; അവരുടെ ശരീരത്തിന്റെയാണെന്ന് ദിമിത്രി പിന്നീട് മനസ്സിലാക്കിയിട്ടുണ്ട്. ഒരു വിധം തടിച്ച് തെല്ല് കറുത്ത ശരീരമാണ്. പക്ഷേ അത് മനുഷ്യനെ വല്ലാതെ ആകർഷിക്കുന്ന തരത്തിലുള്ളതായിരുന്നു.

ഫയൽ തിരിച്ചു കൊടുക്കുമ്പോൾ അവർ ചോദിച്ചു:
"എന്താ ഇയാൾടെ പേര്?"
"ജോർജി ദിമിത്രോവ്."
"എന്ത്?"
"ജോർജി ദിമിത്രോവ്."
അവർ പൊട്ടിച്ചിരിച്ചു.
"അയ്യയ്യോ! എന്താണ് ഈ സംഗതി?"
"ബൾഗേറിയൻ പൊളിറ്റീഷ്യനാണ്."
കെ.പറഞ്ഞു. അതു പറയുമ്പോൾ കെ.യുടെ മുഖത്ത് പുച്ഛം പുരണ്ട ചിരിയുണ്ടാകുമെന്ന് ദിമിത്രി കരുതി. തിരിഞ്ഞിരിക്കുന്നതു കൊണ്ട് മുഖം കാണാൻ കഴിഞ്ഞിരുന്നില്ല.

മോനമ്മ ജോണും കെ.എന്ന എഴുത്തുകാരനും തമ്മിലെ സൗഹൃദം പിന്നീട് ആപ്പീസിലെ മർമറിംഗിനു വിഷയമാകുന്ന വിധം വളർന്നു. ഒട്ടുമിക്കപ്പോഴും ഒരാൾ മറ്റേയാളുടെ കാബിനിൽ ഉണ്ടായിരിക്കും.
ആപ്പീസിനു പുറത്തുവെച്ചും അവരെ ചിലർ കണ്ടു. അത്തരം ബന്ധങ്ങൾ സർക്കാർ ആപ്പീസുകളിൽ പതിവുള്ളതാണ്. പരസ്പരമുള്ള സ്നേഹത്തേക്കാളേറെ ജീവിക്കുന്ന പരിസരത്തോടുള്ള ചെറിയമട്ടിലുള്ള വെല്ലുവിളികളായിരുന്നു അവ. തങ്ങൾ ഒന്നിച്ചു നടക്കുന്നത് മറ്റുള്ളവർ കാണണമെന്നും അസ്വസ്ഥരാകണമെന്നും അത്തരക്കാർ ആഗ്രഹിച്ചു.

നഗരത്തിലെ സിനിമാതിയേറ്ററിൽ വെച്ച് ഒരിക്കൽ ദിമിത്രി അവരെ കണ്ടു. "വൈശാലി"യായിരുന്നു സിനിമ എന്ന് ദിമിത്രി കൃത്യമായി ഓർക്കുന്നുണ്ട്. ടിക്കറ്റെടുത്ത് അയാൾ അകത്തു കടന്ന് ഇരുന്നശേഷമാണ് അവർ വന്നത്. അയാളുടെ നേരെ മുന്നിലെ സീറ്റുകളിൽ അവർ ഇരുന്നു. ഇടവേളയിൽ വെളിച്ചം തെളിഞ്ഞപ്പോൾ മോനമ്മയുടെ തോളിൽ നിന്ന് കെ. കയ്യെടുക്കുന്നത് ദിമിത്രി കണ്ടു. പിന്നെ അയാൾക്ക് അവിടെ ഇരിക്കാനായില്ല. പുറത്തിറങ്ങിയപ്പോൾ ഗേറ്റ്മാൻ ചോദിച്ചു:
"എന്താ സിനിമ ഇഷ്ടപ്പെട്ടില്ലേ?"
അയാൾ മറുപടി പറഞ്ഞില്ല.

അന്ന് മഹർഷി രാമഭദ്രൻ ചേട്ടനായിരുന്നു എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം സൂപ്രണ്ട്. പുതിയവർഷത്തേക്കുള്ള ഓഫീസ് ഓർഡർ തയ്യാറാക്കിയപ്പോൾ ദിമിത്രിയെ അദ്ദേഹം റീജിയണൽ ഡയറക്ടറുടെ ക്യാമ്പ് ക്ലർക്ക് ആയി നിയമിച്ചു. റീജിയന്റെ കീഴിൽ വരുന്ന നാലു ജില്ലകളിലെ ഓഫീസുകൾ വിസിറ്റു ചെയ്യുമ്പോൾ ആർ.ഒ.യെ അനുഗമിക്കുക. ആഡിറ്റിൽ സഹായിക്കുക. ടൂർ പ്രോഗ്രാം തയ്യാറാക്കുക എന്നിവയായിരുന്നു ചുമതലകൾ. ഗുമസ്തന്മാർ പൊതുവെ ആഗ്രഹിക്കുന്ന തസ്തികയാണത്. ടി.എ. ഇനത്തിൽ കുറച്ചൊരു വരുമാനമുണ്ടാകും. ആപ്പീസ് വണ്ടിയിൽ യാത്ര ചെയ്യാം. സബ് ബ്യൂറോകളിൽ ചെന്നാൽ റീജിയണൽ ഓഫീസർക്കു കിട്ടുന്ന ആദരവിൽ ഒരു പങ്ക് ലഭിക്കുകയും ചെയ്യും.

അക്കാലത്ത് റിക്കാർഡ്സ് വകുപ്പിൽ ഓഡിറ്റ്, ഇൻസ്പെക്ഷൻ, സർപ്രൈസ് വിസിറ്റ് എന്നൊക്കെ പറയുന്നത് അതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ മാത്രമായിരുന്നില്ല. ഗംഭീരമായ സൽക്കാരങ്ങൾ കൂടിയാണ്. ഇൻസ്പെക്ഷൻ ടീമിന് താമസിക്കാനായി സമീപത്തെ ഏറ്റവും മികച്ച ഹോട്ടൽ ബുക്ക് ചെയ്യും. ഭക്ഷണം വളരെ പ്രധാനമാണ്. വിശിഷ്ടഭോജ്യങ്ങൾ ഉണ്ടായിരിക്കും. ആവശ്യക്കാർക്ക് മദ്യവും വിളമ്പും. കൂടാതെ പരിസരത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രധാനപ്പെട്ട ആരാധനാലയങ്ങളും കൊണ്ടു കാണിക്കുന്ന പതിവുണ്ട്.

കുറച്ച് പ്രായം ചെന്ന ഒരു ദിനകരനായിരുന്നു അന്നത്തെ ജീപ്പ് ഡ്രൈവർ. മദ്യമായിരുന്നു ആ മനുഷ്യന്റെ ലക്ഷ്യവും മാർഗ്ഗവും. ടൂർവേളകളിൽ ദിമിത്രിയും അയാളും ഒരേ മുറിയിലാണ് താമസിക്കുക പതിവ്. ഹോട്ടലിലെ ഏതെങ്കിലും സ്യൂട്ട് റൂമിൽ മോനമ്മ ജോൺ ഉണ്ടാവും.
മദ്യപിച്ചു കഴിഞ്ഞാൽ രാത്രിമുഴുവൻ ദിനകരൻ സംസാരിക്കും. ഉറക്കത്തിലാണ്. ചിലപ്പോൾ എഴുന്നേറ്റിരുന്നും ഒച്ചവെക്കും.

"ചവിട്ടും ഞാൻ. ങ്ങാ. ഓരോരോ അലമ്പുകള്. തെമ്മാടികള്. കൊട്ടാരത്തില് ജനിച്ചോരാന്നാണ് ഭാവം. അധികാരം കാണിക്കണ് കണ്ടാല് കൊച്ചിത്തമ്പ്രാക്കളാന്ന് തോന്നും. മേശപ്പൊറത്ത് നെറച്ച് ഏറച്ചീം മീനൂണ്ടല്ലോ. വരട്ട്യ എറച്ചി, പൊരിച്ച മീന്. കുടിക്കാൻ ഇഷ്ടം പോലെ കുപ്പികള്. ഐസ്, സോഡ, അച്ചാറ്, മിച്ചറ്. ന്നാ, ഡ്രൈവർക്ക് തൊട്ടുനക്കാൻ വെല്ലതൂണ്ടാവ്വോ? കൊറച്ച് എല്ലും മുള്ളും മാത്രം. തറവാട്ടീന്ന് ഇടുത്തു കൊണ്ടന്ന കാശൊന്ന്വല്ല ഇത്. കൈക്കൂലിക്കാശാണ് നായിന്റെ മക്കള് ഇട്ടു പൊലിക്കണ്."

അന്ന് രാത്രി ഏറെ കഴിഞ്ഞായിരുന്നു ദിമിത്രി മുറിയിൽ എത്തിയത്. ദിനകരൻ നിശ്ശബ്ദനായി കിടന്നുറങ്ങുന്നുണ്ടായിരുന്നു. വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് ഇരുട്ടിലൂടെ അയാൾ തന്റെ ബെഡ്ഡിൽ കയറിക്കിടന്നു. ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ദിനകരന്റെ ശബ്ദം.
"ഒന്നു കുളിക്കാർന്നില്ലേ, ദിമിത്രി സാറെ? സംഭോഗം കഴിഞ്ഞാല് ഒന്നു കുളിച്ചു വന്ന് കെടക്കണതാ അതിന്റെ ശരി."
പിന്നെ കുറച്ചു സമയത്തെ നിശ്ശബ്ദതക്കു ശേഷം ദിനകരൻ തുടർന്നു.

"മാംസം മാംസത്തിനെ വിളിച്ചാപ്പിന്നെ നിവർത്തിണ്ടാവില്ല. നീചജന്മങ്ങളല്ലേ? എന്തൊക്ക്യാ കാട്ടിക്കൂട്ട്വാന്ന് പറയാൻ പറ്റില്ല. പ്രാചീന കാലത്ത് മൃഗങ്ങളും മനുഷ്യരും തമ്മില് വ്യത്യാസം ഒന്നൂണ്ടാർന്നില്ലല്ലോ. ഒളിവും മറവും ഇല്ല. ഞാൻ ഒന്നും കണ്ടട്ടൂല്യ കേട്ടട്ടൂല്യ. ന്റെ മെക്കട്ടു കേറാൻ ആരും വര്വേം വേണ്ട."

എല്ലാ ഭാഗത്തു നിന്നും എതിർപ്പുകൾ വന്നപ്പോൾ മോനമ്മ ജോൺ ഒന്നു പതറി എന്നു തോന്നുന്നു. അവർ ദിമിത്രിയോടു പറഞ്ഞു. ഏതാണ്ട് കർശനമായി. പതിവുള്ള അവരുടെ ഉത്തരവുകളുടെ ഭാഷയിൽ. അതേ സ്വരത്തിൽ.
"താങ്കൾ തയ്യാറായിക്കോളൂ. നമ്മൾ വിവാഹിതരാവുകയാണ്."

ആ നിർദ്ദേശത്തെ നിരാകരിക്കണമെന്ന് ദിമിത്രിക്കു തോന്നിയില്ല.
അയാൾ ആ സമയത്ത് കെ.യെ ഓർത്തു. അയാൾക്ക് മനസ്സിൽ ചിരി വന്നു.

ചെറിയ മട്ടിലായിരുന്നു ആ വിവാഹം. ഒരു ഹാളിൽ വെച്ച് നൂറോ നൂറ്റമ്പതോ പേർ ഉണ്ടായിരിക്കണം. അധികവും വിവിധ റിക്കാർഡ്സ് ആപ്പീസുകളിലെ ജീവനക്കാരായിരുന്നു. ദിമിത്രി ഓർത്തു: കെ. എന്ന എഴുത്തുകാരൻ വിവാഹത്തിന് എത്തിയിരുന്നില്ല.

കഴിഞ്ഞ ദിവസം പുരുഷോത്തമൻ വക്കീൽ വീണ്ടും വിളിച്ചു.
"ഇനിയും നിങ്ങൾ നാട്ടിൽ വരാൻ താമസിക്കരുത്. പ്രളയവും തെരക്കും മൂലമാണ് പൊലീസ് ഇതുവരെ അന്വേഷിക്കാതിരുന്നത്. പൊലീസ് സ്റ്റേഷനിൽ ഉടനെ റിപ്പോർട്ട് ചെയ്യണം. കേസിനാവശ്യമായ കുറച്ചു പേപ്പറുകൾ തയ്യാറാക്കാനുണ്ട്. ചില സ്റ്റേറ്റുമെന്റുകളിൽ നിങ്ങൾ ഒപ്പുവെക്കണം.

"നിങ്ങളുടെ സഹധർമ്മിണി മോനമ്മ മാഡം വീണ്ടും എന്നെ വിളിച്ചിരുന്നു. കേസിന്റെ ചാർജ് ഷീറ്റ് ഫയൽ ചെയ്താൽ നിങ്ങളുടെ സസ്പെൻഷൻ പിൻവലിക്കുമെന്ന് അവർ പറഞ്ഞു. ജില്ല വിട്ട് മറ്റെവിടെയെങ്കിലുമാവും നിയമനം. അത് തിരുവനന്തപുരത്തെ ഏതെങ്കിലും സബ്ബ് ബ്യൂറോ ഓഫീസിലാക്കാൻ അവർ ശ്രമിക്കുന്നുണ്ട്. അപ്പോൾ രണ്ടുപേർക്കും അവിടെ ഒന്നിച്ചു താമസിക്കാമല്ലോ."

വക്കീൽ തുടർന്നു:
"ഞാൻ പറയട്ടെ. നിങ്ങളുടെ ജീവിതത്തിൽ വീണ്ടും നക്ഷത്രങ്ങൾ ഇടപെടുകയാണ്. ദോഷകാലങ്ങൾ തീരുന്നു. എല്ലാവരും നിങ്ങളെ ഇപ്പോൾ ഇഷ്ടപ്പെടുന്നുണ്ട്. പൂർവ്വികരിൽ ഒരാൾ കൂടി മരിച്ചാൽ നിങ്ങളുടെ മുജ്ജന്മദോഷം തീരുമെന്ന് നിത്യാനന്ദ സൂചിപ്പിച്ചത് ഓർക്കുന്നുണ്ടോ? അതു തന്നെയാണ് സംഭവിച്ചത്.
കാലദോഷങ്ങളെ അറിഞ്ഞു ജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. മനുഷ്യൻ നിസ്സഹായനാണ്. പുതിയൊരു ജീവിതത്തിലേക്കാണ് നിങ്ങൾ പ്രവേശിക്കുന്നത്.’ ▮
(തുടരും)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments