ചിത്രീകരണം : ഇ.മീര

കാട്ടൂർക്കടവ് 2018

​29: കെ.എന്ന എഴുത്തുകാരന്റെ ജീവിതത്തിലേക്ക് വീണ്ടും

ന്നാം അധ്യായത്തിൽ നമ്മൾ നേരിൽ കണ്ട കെ. എന്ന എഴുത്തുകാരനെ ഈ സന്ദർഭത്തിൽ വീണ്ടും പിന്തുടരേണ്ടതുണ്ട്. ഇപ്പോൾ അദ്ദേഹം തന്റെ ഭാര്യയ്ക്കും വൃദ്ധയായ അമ്മയ്ക്കും ഒപ്പം ചെന്നൈ നഗരത്തിലാണുള്ളത്. നഗരത്തിൽ പൂനമല്ലി എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ ഒരു നേത്രരോഗാശുപത്രിയിലെ ഔട്ട് പേഷ്യന്റ് ബ്ലോക്കിൽ ഇരിക്കുകയാണ്. ഒരു യോഗസദസ്സിലെന്ന പോലെ ആളുകൾ അവിടത്തെ കസേരകളിൽ ഒരു വശത്തേക്ക് അഭിമുഖമായി ഇരിക്കുന്നു. മുന്നിൽ ഡോക്ടർമാരുടെ കൺസൾട്ടിങ് റൂമുകളാണ്.

അത്യാധുനിക സൗകര്യങ്ങളുള്ള ഈ ഐ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചിട്ട് ഏതാണ്ട് ഒരു വർഷമേ ആയിട്ടുള്ളു. അതിന്റേതായ വെടിപ്പും വൃത്തിയും ഉണ്ട്. നേത്രചികിത്സക്ക് പ്രസിദ്ധമായ ദക്ഷിണേന്ത്യയിലെ ഒരു ആശുപത്രി ശൃംഖലയുടെ ഏറ്റവും പുതിയ കണ്ണിയാണത്രെ ഇത്. കമനീയമായ കെട്ടിടങ്ങൾ. ചുറ്റുമുള്ള പൂന്തോട്ടത്തിൽ വെച്ചുപിടിപ്പിച്ച ചെടികളും ചെറുമരങ്ങളും വേരുപിടിക്കുന്നതേയുള്ളു. പോർട്ടിക്കോയിൽ നിന്ന് കയറുന്നത് ഒരു ധ്യാനമണ്ഡപത്തിലേക്കാണെന്ന് നമുക്കു തോന്നും. പക്ഷേ ഉറക്കെയുള്ള തമിഴ് മൊഴിയുടെ ഒരു ഇരമ്പം ആ ധാരണയെ തകർക്കും. ആ ഇരമ്പത്തെ അതിക്രമിച്ച് നഴ്‌സുമാർ ഓരോ രോഗികളുടെ പേര് ഉച്ചത്തിൽ വിളിച്ചുപറയുന്നു.

കെ. കുറച്ചൊന്ന് അസ്വസ്ഥനാണ്. പതിവുപോലെ ഒരു പുസ്തകം നിവർത്തിപ്പിടിച്ച രൂപത്തിൽ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം അതു വായിക്കുന്നതായി കണ്ടില്ല. പുസ്തകം സീറ്റിൽ വെച്ച് അദ്ദേഹം എഴുന്നേറ്റു നടന്നു. കൺസൾട്ടിങ് റൂമുകൾ അവസാനിക്കുന്നേടത്ത് മൂന്നു മുറികളിലായി വിവിധ മതസ്ഥർക്കുള്ള പ്രാർഥനാസൗകര്യം ഉണ്ടായിരുന്നു. ഇടയ്ക്ക് വാതിൽ തുറന്ന് വിശ്വാസികൾ ഇറങ്ങിവരുന്നു. വാതിൽ തുറക്കുമ്പോൾ അകത്തെ ഇരുട്ടിലെ ചെറുവെളിച്ചങ്ങൾ കാണാനാകും. ചാപ്പലിൽ മെഴുകുതിരിയും പൂജാമുറിയിൽ നിലവിളക്കുമാണ്. നിസ്‌കാരമുറിയിൽ ശുദ്ധി വരുത്താനുള്ള ജലത്തിന്റെ സാന്നിധ്യമാണ് കണ്ടത്.

അമ്മയുടെ കണ്ണുചികിത്സയ്ക്ക് വേണ്ടിയാണ് കെ. യും കുടുംബവും ചെന്നൈയിൽ എത്തിയിരിക്കുന്നത്. കണ്ണിലേക്കുള്ള ഞരമ്പുകളുടെ ശക്തി നഷ്ടപ്പെട്ട് കാഴ്ച കുറയുന്ന അസുഖമാണ് അവർക്ക്. അങ്ങനെ ഒരു കണ്ണിന്റെ കാഴ്ച നേരത്തേ നഷ്ടപ്പെട്ടിരുന്നു. ഏഴെട്ട് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് അവർ വല്ലാതെ ഉൽക്കണ്ഠാഭരിതയായി.
"കാഴ്‌ചേല്യാണ്ട് ജീവിച്ചിരിക്കണേല് അർഥല്യ. പണ്ട് തെക്കേലുണ്ടാർന്ന ജാനുച്ചേച്ചീടെ ജീവിതാ ഇനിക്ക് ഓർമ വര്വാ. അവരെത്ര കഷ്ടപ്പെട്ടു.'

തെക്കേലെ ജാനുച്ചേച്ചി എന്ന സ്ത്രീ കെ. യുടെ ബാല്യകാലത്തെ ഓർമയാണ്. അന്ധയായിരുന്നു അവർ. ഏതാണ്ട് അമ്പതു വയസ്സു കഴിഞ്ഞപ്പോഴാണ് അവരുടെ കാഴ്ച നഷ്ടപ്പെട്ടതെന്ന് കേട്ടിരുന്നു. തിമിരമായിരുന്നു. അന്ന് ഇന്നത്തേപ്പോലെ വ്യാപകമായ തിമിരചികിത്സയും ശസ്ത്രക്രിയയും ക്യാമ്പുകളും ഉണ്ടായിരുന്നില്ലല്ലോ. ആ ചെറിയവീട്ടിൽ വിധിച്ചുകിട്ടിയ ഇരുട്ടിൽ ലയിച്ചുചേർന്ന് പിന്നെയും ഇരുപതു വർഷത്തോളം അവർ ജീവിച്ചു. ശബ്ദംകൊണ്ട് അവർ ആളുകളെ തിരിച്ചറിയുന്നത് അന്നത്തെ കുട്ടികൾക്ക് കൗതുകമായിരുന്നു. എന്തിന്, കെ. അവരുടെ വീട്ടുമുറ്റത്തു കൂടെ നടന്നുപോകുമ്പോൾ തന്നെ അകത്തിരുന്ന് അവർ ചോദിക്കാറുണ്ട്.
"കുട്ടിരാമനാണ്ടാ?'
"അതെ.'
കെ. മറുപടി പറയും.
"ഇന്ന് എന്താർന്നു നിന്റോടെ കൂട്ടാൻ?'
"കായേം പയറും മെഴുക്കുപെരട്ടി.'
"അത്യോ? ഞങ്ങടവടെ ഇന്ന് മീൻ മേടിച്ചു. ചാള. കൊറച്ച് വറത്തു. പച്ചക്കുരുമെളക് അരച്ചട്ട്.'

ആദ്യഘട്ടത്തിൽ അസുഖം വന്നപ്പോൾ അമ്മയെ ചികിത്സിച്ചത് കോയമ്പത്തൂരിൽ വെച്ചായിരുന്നു. അന്ന് ശസ്ത്രക്രിയക്ക് തയ്യാറെടുക്കുമ്പോൾ അവിടത്തെ ഡോക്ടർ പറഞ്ഞു:
"ഒരു ഭാഗ്യപരീക്ഷണത്തിനാണ് നമ്മൾ ഒരുമ്പെടുന്നത്. കാഴ്ച വീണ്ടുകിട്ടും എന്ന് ഉറപ്പ് പറയാനാവില്ല.'

ഡോക്ടർ ശങ്കിച്ച പോലെത്തന്നെ സംഭവിച്ചു. കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല. വലത്തേ കണ്ണിന്റെ കാഴ്ച തൊണ്ണൂറു ശതമാനവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു പിന്നെ അമ്മയുടെ ജീവിതം. പക്ഷേ പിന്നീട് അനുഭവം കൊണ്ട് അവർ സമാധാനപ്പെട്ടു.
"മനുഷ്യന് ജീവിക്കാൻ ഒരു കണ്ണു തന്നെ ധാരാളമാണ്.'

ഇടതുവശത്തെ കണ്ണിന് അസ്വാസ്ഥ്യം ആരംഭിച്ചപ്പോൾ അമ്മ വല്ലാതെ ഭയന്നു. പ്രളയകാലത്ത് സഹോദരിയുടെ വീട്ടിൽ താമസിക്കുമ്പോൾ അമ്മയ്ക്ക് കടുത്ത പനി പിടിപ്പട്ടിരുന്നു. ചിലപ്പോഴൊക്കെ അവർക്ക് പരിസരബോധം നഷ്ടപ്പെട്ടു:
"കുട്ടിക്കാലത്ത് കല്ലടത്തുരുത്തിലെ വെള്ളപ്പൊക്കങ്ങളൊക്കെ അപ്പൊ എന്റെ ഓർമേലിക്കു വന്നു. ഞാനവടെ താമസിക്ക്യാന്നാ വിചാരത്തില്. വെള്ളം ങ്ങനെ കേറി വരുന്നു. വീടിന്റെ എറയോം മുങ്ങി ഒന്നാം നെലേം രണ്ടാം നെലേം മുങ്ങി. ഞാനങ്ങനെ ഒഴുകി നടക്ക്വാ. പിന്നെ പിടിച്ചാപ്പിടികിട്ടാത്ത ഒരൊഴുക്കില് പെട്ടു.'
അവർ പറഞ്ഞു.

കെ. യും ഭാര്യയും വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ കാലത്താണ് കാഴ്ചയുടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഒരു ദിവസം കണ്ണിൽ ശക്തമായ വേദന വന്നു. പിന്നെ അനുനിമിഷം കാഴ്ച കുറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ തന്നെ കോയമ്പത്തൂരിലെ ചികിത്സാകേന്ദ്രത്തിലേക്ക് പോയി. പഴയ ഡോക്ടർ തന്നെയാണ് നോക്കിയത്. അദ്ദേഹം പറഞ്ഞു:
"അന്നത്തെ പ്രശ്‌നം തന്നെയാണ്. പക്ഷേ ഒന്നുരണ്ട് പോസിറ്റീവുകളുണ്ട്. ഇത്തവണ വളരെ നേരത്തെയാണ് നമ്മൾ ചികിത്സ തുടങ്ങുന്നത്. പിന്നെ കഴിഞ്ഞ എട്ടുവർഷത്തിനിടക്ക് ട്രീറ്റ്‌മെന്റിന്റെ ടെക്‌നോളജിയിൽ കുറച്ചു പുരോഗതി ഉണ്ടായിട്ടുണ്ടല്ലോ. ഞങ്ങളുടെ ഒരു പുതിയ യൂണിറ്റ് ചെന്നൈയിൽ ആരംഭിച്ചിട്ടുണ്ട്. വെൽ എക്യുപ്പ്ഡ് ആണ്. ബുദ്ധിമുട്ടാവില്ലെങ്കിൽ അവിടേക്ക് പൊക്കോളൂ. പഴയ ചികിത്സാരേഖകൾ ഞങ്ങൾ അങ്ങോട്ട് അയക്കാം.'

ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങിയതോടെ അമ്മയുടെ ഉൽക്കണ്ഠകളെല്ലാം ശമിച്ചു. അവർ തികച്ചും ആഹ്ലാദവതിയായി. തീവണ്ടിയിൽ ഇരുന്ന് ജനലിലൂടെ പുറത്തേക്കു നോക്കി അവർ പറഞ്ഞു:
"മുപ്പത്തിയഞ്ചു കൊല്ലത്തിനുശേഷം പിന്ന്യേം ഒരു യാത്ര മദിരാശീലിക്കിണ്ടാവുന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതീട്ടില്ല. നമ്മളാദ്യം അവടെക്ക് പൂവ്വുമ്പൊ നീ ആറാം ക്ലാസിൽ പഠിക്ക്യണ്. അപ്പൊരു പതിനൊന്നു വയസ്സുണ്ടാവും അല്ലേ?'

സമ്മർ വെക്കേഷനുകളിലാണ് പഴയ കുടുംബം അന്ന് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ചെന്നൈയിലേക്ക് പോയിരുന്നത്. അച്ഛന്റെ പാർക്കിൻസൺ രോഗത്തിന്റെ ചികിത്സയ്ക്കു വേണ്ടിയായിരുന്നു അത്. അന്ന് മദ്രാസ് ജനറൽ ഹോസ്പിറ്റലിലാണ് ഭേദപ്പെട്ട ന്യൂറോ സർജറി വിഭാഗം ഉണ്ടായിരുന്നത്. ഡോക്ടർമാരായ രാമമൂർത്തിയും കല്യാണരാമനും നയിക്കുന്ന ഡിപ്പാർട്ട്‌മെന്റ് ആയിരുന്നു. ഒരു ഘട്ടത്തിൽ അച്ഛന് അവർ ശസ്ത്രക്രിയ നിർദ്ദേശിച്ചു. തലയോട് തുരന്ന് ബ്രെയിനിലായിരുന്നു സർജറി. ഒരു പകൽസമയം മുഴുവൻ അത് നീണ്ടുനിന്നു. ഡോക്ടർ രാമമൂർത്തി ഇടക്കിടെ തിയേറ്ററിൽ നിന്ന് ഇറങ്ങിവന്ന് പുറത്ത് കാത്തിരിക്കുന്ന കെ.യേയും അമ്മയേയും ആശ്വസിപ്പിച്ചു. സത്യത്തിൽ കെ. യ്ക്ക് അന്ന് സംഗതികളുടെ ഗൗരവം വേണ്ടത്ര മനസ്സിലായിരുന്നില്ല. അയാൾ കടുത്ത നിറമുള്ള ചേലയുടുത്ത് മുല്ലപ്പൂവു ചൂടി നടന്നുപോയിരുന്ന കറുത്ത സ്ത്രീകളെ ആശ്ചര്യപ്പെട്ട് നോക്കുകയായിരുന്നു.

കടുത്ത മണമുള്ള മുല്ലപ്പൂവിന്റെയും കുങ്കുമത്തിന്റെ പ്രപഞ്ചമായിരുന്നു അന്നത്തെ മദ്രാസ് നഗരം.

ജനറൽ ആശുപത്രിക്കകത്തും അവർ കാത്തിരുന്ന ഓപ്പറേഷൻ തീയറ്ററുകളുടെ പരിസരത്തുപോലും ജനസമുദ്രം ഇരമ്പുന്നുണ്ടായിരുന്നു. ഇഡ്ഡലിയും സാമ്പാറും തേക്കിലയിൽ വിളമ്പപ്പെട്ടു. ചെറിയ ചില്ലുഗ്ലാസുകളിൽ കൊഴുത്ത ചായയും. കോറിഡോറുകളിൽ വട്ടം കൂടിയിരുന്ന് ആളുകൾ ഭക്ഷണം കഴിച്ചു. അതിനിടയിലൂടെ തുണികൊണ്ടു മൂടിയ മൃതശരീരങ്ങളും ബാന്റേജിൽ പൊതിഞ്ഞ രോഗികളും സ്‌ട്രെച്ചറിൽ സഞ്ചരിച്ചു. വെളുത്ത കോട്ടിട്ട് പോക്കറ്റിൽ കൈതിരുകി ഉല്ലാസത്തോടെ ചിരിച്ചും സംസാരിച്ചും മെഡിക്കൽ വിദ്യാർഥികളും.

അമ്മ പറഞ്ഞു:
"ഇപ്പൊ പഴേ സ്ഥലങ്ങളൊക്കെ വല്ലാണ്ട് മാറീട്ടുണ്ടാവും. അന്ന് കടലിന്റെ അടുക്കെ ടോൾഗേറ്റ് എന്ന സ്ഥലത്താണ് നമ്മൾ താമസിച്ചിരുന്നത്. സഖാവ് വാഴപ്പള്ളി മാധവേട്ടന്റെ വീട്ടില്. ആളന്ന് റെയിൽവേല് യൂണിയൻ നേതാവാർന്നു. ഒരു വല്യ ചീരത്തോട്ടത്തിന്റെ നടുക്കാർന്നു ആ വീട്. മദ്രാസിലെ ചൂടിന്റേം പൊടീടീം എടേന്ന് ആ തോട്ടത്തില് ചെല്ലുമ്പൊ എന്തു സന്തോഷാണ്ടാവ്വാന്നറിയോ? പണിക്കാർ എഞ്ചിൻ വെച്ച് എപ്പഴും നനച്ചോണ്ടിരിക്കും. പലതരം ചീരകളാണ്. ചോപ്പ്, പച്ച. പിന്നെ മല്ലിയില. ഒരു ഭാഗത്ത് കുറ്റിമുല്ല. അരുകിലൊക്കെ ചെന്തെങ്ങുകളാ. എളനീര് വെട്ടാനൊള്ളത്.'

"മാധവേട്ടന്റെ കല്യാണം അന്ന് കഴിഞ്ഞട്ടേ ഉള്ളു. ആന്ധ്രക്കാരിയാണ് വധു. കാഞ്ചനാദേവി. അവളിപ്പൊ എവട്യാണോ ആവോ? അവള് മലയാളം പറയണ് കേക്കാൻ നല്ല രസാർന്നു. നമ്മളവടെ താമസിക്കണ കാലത്ത് അവൾടെ അച്ഛനും അമ്മേം തെലുങ്കു നാട്ടീന്ന് വന്നു. ആദ്യായിട്ടൊള്ള വരവാ. അമ്മേം മോളും കെട്ടിപ്പിടിച്ച് കൊറെ കരഞ്ഞു.' '

കണ്ണുരോഗാശുപത്രിയിലെത്തി പരിശോധനകളുടെ വിവിധ കടമ്പകൾ കടന്ന് സ്‌പെഷ്യാലിറ്റി കൺസൾട്ടിങ് വിഭാഗത്തിലെ കസേരയിൽ അനന്തമായി കാത്തിരിക്കുമ്പോഴും അമ്മയുടെ ഉത്സാഹം തുടർന്നു. അവർ പഴയ ജനറൽ ഹോസ്പിറ്റലുമായി പുതിയ ആശുപത്രിയെ താരതമ്യം ചെയ്യുകയായിരുന്നു.

"മദ്രാസിലെ ജനറൽ ആസ്പത്രീന്ന് വെച്ചാ അതൊരു ഭൂലോകാ.

എത്രെത്ര കെട്ടിടങ്ങളാണ്. ഓരോ രോഗത്തിനും ഓരോ കെട്ടിടംന്നാ. പിന്നെ കാന്റീനുകളുണ്ട് ഒരുപാട്. തൈരുസാദം, പുളിസാദം, സാമ്പാർസാദം. പൊങ്കല്, പൊരിയല് ഒരൂട്ടം. അഡ്മിറ്റായ രോഗികൾക്ക് അന്ന് എന്തൊക്ക്യാ കിട്ട്വാന്നറിയ്യോ? ബ്രഡ്ഡും ബട്ടറും. പിന്നെ സാത്തുക്കുടി നാരങ്ങ. ചോറും സാമ്പാറും നമ്മള് വാങ്ങിച്ചേർന്നില്ല. അത് ഉച്ചയ്ക്ക് മാധവേട്ടൻ കൊണ്ടരും. ബ്രഡ്ഡ് ആര് കഴിക്കാനാണ്. നിനക്കും അത് ഇഷ്ടണ്ടാർന്നില്ല.'

അമ്മ കെ. യുടെ ഭാര്യയോട് ചോദിച്ചു:
"അവടെ ജർമനില് നമ്മടെ ചിന്നൻ ഈ ബ്രഡ്ഡും ഉരുളക്കെഴങ്ങും തിന്നട്ട് എങ്ങന്യാ ജീവിക്കണ്? കുഞ്ഞായിരുന്നപ്പൊ അവന് സാമ്പാറായിരുന്നു ഇഷ്ടം. നല്ല എരിവൊള്ള മുരിങ്ങക്കായ കടിച്ചിട്ട് കണ്ണില് വെള്ളം നെറയും. അപ്പഴും പറയും: നല്ല രസണ്ടന്ന്. സാമ്പാർ സ്വാമീന്നല്ലേ നമ്മളവനെ വിളിച്ചേർന്നത്?'

"കിട്ടണത് തിന്ന്വല്ലാണ്ട് എന്താപ്പൊ ചെയ്യാ? പിന്നെ ഇപ്പഴത്തെ പിള്ളേരുക്ക് വെല്യ പിടിവാശി ഒന്നൂല്യ അമ്മേ. കിട്ട്യേത് എന്താന്ന്ച്ചാ കഴിച്ച് എവെട്യാന്ന്ച്ചാലും അവര് കെടന്നൊറങ്ങും. അവടത്തെ മൈനസ് ഡിഗ്രി തണുപ്പില് ചിന്നൻ ഓടാൻ പോണത് കണ്ട് ഇനിക്ക് അതിശയം വന്നു. ഇവട്യാർന്നപ്പൊ കാലത്ത് ഇത്തിരി തണുപ്പുണ്ടെങ്കില് എണിക്കാണ്ട് പൊതച്ചുമൂടി റ പോലെ ചുരുണ്ട് കെടക്കണ ആളാണ്.'
കെ. യുടെ ഭാര്യ പറഞ്ഞു.

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിനടുത്ത് ഒട്ടാവാ നദിക്കരയിലുള്ള ഒരു ഗ്രാമത്തിൽ പുൽമൈതാനങ്ങൾക്കിടയിലുള്ള ഒരു B&B യിൽ വെച്ചാണല്ലോ നമ്മൾ നേരത്തേ കെ. യെയും കുടുംബത്തെയും കണ്ടത്. പ്രഭാതത്തിൽ അദ്ദേഹം പുൽമൈതാനങ്ങളിലും കുന്നുകളിലും ഉലാത്തുന്നതും നമ്മൾ കണ്ടു. അവിടത്തെ ചെറിയ ചാപ്പലിന് അടുത്തുള്ള സിമന്റ് ബഞ്ചിൽ ഇരുന്നാണ് തന്റെ നാട്ടിലെ സമരനായിക പി.കെ. മീനാക്ഷിയുടെ ചരമവാർത്ത അദ്ദേഹം വായിക്കുന്നത്. തിരിച്ച് വീട്ടിൽ ചെന്നപ്പോൾ കേരളത്തെ അപ്പാടെ പ്രളയം വിഴുങ്ങിയിരിക്കുന്നതായി ടി.വി.യിലൂടെ അറിഞ്ഞു.

പ്രാഗിൽ നിന്ന് ആ കുടുംബം ട്രെയിനിൽ ജർമനിയിലേക്ക് തിരിച്ചുപോയി. അത്ര പ്രധാനപ്പെട്ട ഒന്നല്ലെങ്കിലും ഒരു സംഗതി സൂചിപ്പിക്കട്ടെ. പ്രാഗ് റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന ഒരു പിയാനോ കെ. ജീവിതകാലം മുഴുവൻ ഓർക്കും. ആഗ്രഹമുള്ള യാത്രക്കാർക്ക് ചെന്നിരുന്നത് ആ പിയാനോ വായിക്കാമായിരുന്നു. പലരും പലരാഗത്തിൽ വായിക്കുന്നത് കെ. ശ്രദ്ധിച്ചു. ആ സംഗീതോപകരണം വായിക്കാനറിയാത്തതിൽ അദ്ദേഹം ഖേദിച്ചു. കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ (പുളിനെല്ലിയാണോ അത്?) യാത്രക്കാർക്ക് വായിക്കാനായി രണ്ടു തബലകൾ വെച്ചിരിക്കുന്നത് അയാൾ സ്വപ്നം കണ്ടു. ഒരു യാത്രക്കാരൻ പരിസരം മറന്ന് തബല വായിക്കുകയാണ്. ചിലർ അത് ആസ്വദിച്ചു നിൽക്കുന്നു. തീവണ്ടി വന്നിട്ടും ആളുകൾ കയറാൻ മറക്കുന്നു. കാത്തുനിന്ന് മുഷിഞ്ഞ് തീവണ്ടി സ്റ്റേഷൻ വിട്ടുപോകുന്നു.

മകന്റെ താമസസ്ഥലമായ ബർളിലിനിലേക്ക് പോകുന്നതിനു മുമ്പ് അവർ ജർമനിയിലെത്തന്നെ ലീപ്‌സിഗ് എന്ന നഗരത്തിൽ ഇറങ്ങി. യാത്രാപരിപാടി അങ്ങനെയായിരുന്നു പ്ലാൻ ചെയ്തിരുന്നത്. പ്രാഗിലേതു പോലെ അവിടെയും ഒരു വാടകമുറിയിൽ രണ്ടു ദിവസം താമസിച്ചു. കിഴക്കൻ ജർമനിയുടെ ഭാഗമായിരുന്ന ആ നഗരം ചരിത്രപ്രാധാന്യമുള്ളതാണെന്ന് കേട്ടിരുന്നു. എഴുത്തുമായി ബന്ധപ്പെട്ട ചില മ്യൂസിയങ്ങൾ ഇവിടെ ഉണ്ടെന്ന് മകൻ പറഞ്ഞു. പക്ഷേ കെ. പുറത്തിറങ്ങിയില്ല. മുറിയിൽത്തന്നെ ചടഞ്ഞിരുന്ന് ടെലിവിഷനിൽ കേരളത്തിലെ പ്രളയക്കാഴ്ചകൾ കണ്ടു. വെള്ളം അനുനിമിഷം ഉയരുകയാണ്. ഗ്രാമങ്ങളും നഗരങ്ങളും മുങ്ങുന്നു.

വീടുകളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരെക്കുറിച്ചുള്ള ഉൽക്കണ്ഠകളായിരുന്നു ചാനലുകളിൽ നിറയെ. കുറേപേർക്ക് അപ്പോഴും ഫോണിലൂടെ ബന്ധപ്പെടാൻ പറ്റുന്നുണ്ടായിരുന്നു. നെറ്റ് കവറേജ് നഷ്ടപ്പെട്ട ഇടങ്ങളിൽ താമസിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണങ്ങൾ പരിഭ്രാന്തിയുണ്ടാക്കി. വിദേശത്തുള്ള അവരുടെ മക്കളും ബന്ധുക്കളും ചാനൽ ഓഫീസിലേക്ക് കരഞ്ഞു വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. ഔദ്യോഗികമായ അറിയിപ്പുകൾ വന്നുകൊണ്ടിരുന്നു.

തുടർന്ന് വെള്ളം കുതിച്ചൊഴുകുന്നതിന്റെ ഭീകരദൃശ്യങ്ങൾ. കെട്ടിടങ്ങൾ തകർന്നു വീഴുന്നു. ചങ്കിടിപ്പോടെ സ്ത്രീകളും കുഞ്ഞുങ്ങളും കിട്ടിയ ജലവാഹനങ്ങളിൽ യാത്ര ചെയ്യുന്നു. അത്യധികം ഉൽക്കണ്ഠയുണ്ടാക്കിയ ഒരു വിവരവും കെ. അറിഞ്ഞു. കരുവന്നൂർ പുഴയുടെ ബണ്ട് മുറിഞ്ഞതോടെ കാട്ടൂർക്കടവ് ഗ്രാമം പൂർണമായും വെള്ളത്തിൽ മുങ്ങി. ആളുകളെ തിരക്കിട്ട് ഒഴിപ്പിക്കുന്നതിന്റെ വീഡിയോകൾ ഫേസ്ബുക്കിലും, വാട്‌സാപ്പിലും വന്നു. അങ്ങാടിത്തെരുവിലൂടെ റബർ ബോട്ടുകൾ സഞ്ചരിക്കുന്നതിന്റെ ദൃശ്യം. പീടികകളുടെയും പാണ്ടികശാലകളുടെയും മേൽക്കൂരകളുടെ ഇടയിലൂടെയാണ് അത് നീങ്ങുന്നത്.

കെ. പല നമ്പറുകളിലും ബന്ധപ്പെടാൻ ശ്രമിച്ചു. കണക്ഷൻ കിട്ടുന്നുണ്ടായിരുന്നില്ല. അവസാനം തന്റെ അമ്മ സുരക്ഷിതയായി സഹോദരിയുടെ വീട്ടിൽ എത്തിയിട്ടുണ്ട് എന്ന വിവരം അറിഞ്ഞു. അദ്ദേഹം തെല്ല് ആശ്വസിച്ചു.

'ഇനീപ്പൊ എന്തിനാ നാട്ടിലിക്ക് പോണ്? വീടു മുങ്ങീട്ടുണ്ടെങ്കില് എന്താവും കഥ? എല്ലാം നശിച്ചിട്ടുണ്ടാവും.'
കെ.യുടെ ഭാര്യ ആരോടെന്നില്ലാതെ പറഞ്ഞു.

വെള്ളംമുങ്ങിയ തന്റെ വീടിന്റെ ചിത്രം ആലോചിച്ചെടുക്കാൻ കെ.പരിശ്രമിച്ചു. പുസ്തകങ്ങളും കയ്യെഴുത്തുപ്രതികളും കുതിർന്നിട്ടുണ്ടാവും. പെയിന്റിംഗുകൾ, പുരസ്‌കാരങ്ങൾ, പ്രശസ്തിപത്രങ്ങൾ. ജീവിതത്തിന് അത്യാവശ്യമായ ഔദ്യോഗിക രേഖകൾ. ഇനിയുള്ള വാർദ്ധക്യത്തിൽ എല്ലാം പുനർനിർമ്മിക്കേണ്ടി വരുമോ?

'നമ്മടെ വീട് അങ്ങനെ മുഴുവനും മുങ്ങീട്ടുണ്ടാവില്ല. ആ സ്ഥലം കുറച്ച് ഉയർന്നതല്ലേ?'
മകൻ പറഞ്ഞു.
'എന്തായാലും നിങ്ങൾ രണ്ടും ഇവിടെ ആയത് നന്നായി. അല്ലെങ്കില് ഞാൻ ഇവിടെ ഇരുന്ന് വെഷമിച്ചേനെ.'

'വെഷമിക്കാനെന്താ? ഞങ്ങളപ്പൊ ഏതെങ്കിലും സ്‌കൂളിന്റെ വരാന്തേല് ചുരുണ്ടു കെടക്കണുണ്ടാവും. സുഖായിട്ട്.'
കെ.യുടെ ഭാര്യ പറഞ്ഞു.

അദ്ദേഹം ഓർത്തു: വെള്ളപ്പൊക്കം കാട്ടൂർക്കടവിന് പുതിയ അനുഭവമല്ല. കെ.യുടെ ബാല്യകാലങ്ങളിൽ വർഷക്കാലത്ത് വെള്ളം ഒന്നു കയറി മറിയാറുണ്ട്. തിരുവാതിര ഞാറ്റുവേലക്കാലത്താണ്. മണ്ണാന്തുരുത്തും പറയങ്കടവും ഏതാണ്ടും മുങ്ങും. ബോട്ടുകടവങ്ങാടിയിൽ കണ്ണിക്കാലുയരത്തിൽ ഒഴുക്കുണ്ടാവും. പോംപെ മാതാ സ്‌കൂളിലേക്കുള്ള വഴിയിൽ വെള്ളം റോഡു മുറിച്ചൊഴുകുന്നതു കൊണ്ട് കുട്ടികളെ രക്ഷിക്കാൻ മുതിർന്നവർ കാവൽ നിൽക്കുക പതിവുണ്ട്. അമ്മയുടെ കല്ലടത്തുരുത്തിലെ വീട്ടിൽ വെള്ളം വീടിന്റെ കട്ടിളപ്പടി വരെ എത്തും. പുറത്തിറങ്ങാൻ കഴിയില്ല. താഴത്തെ അടുക്കള മുങ്ങുന്നതു കൊണ്ട് വെപ്പും തീനും ഉറക്കവും മുകളിലെ മുറികളിലേക്കു മാറും.

അക്കാലങ്ങളിൽ എടവമാസമാവുമ്പോൾ തന്നെ കാട്ടൂർക്കടവുകാർ വെള്ളപ്പൊക്കത്തെ നേരിടാൻ ഒരുങ്ങാറുണ്ട്. അന്ന് സർക്കാർ സംവിധാനങ്ങളൊന്നും അങ്ങനെ ഇല്ല. കഴിയാവുന്നത്ര എല്ലാവരും വീടുകളിൽ തന്നെ തങ്ങും. തീരെ നിവൃത്തിയില്ലാത്തവർ ഏതെങ്കിലും വലിയ വീടുകളുടെ പിന്നാമ്പുറത്തോ കയ്യാലയിലോ തൊഴുത്തിലോ അഭയം തേടുകയാണ് പതിവ്.

പുറത്തിറങ്ങാനാവാതെ വീട്ടിലിരിക്കുമ്പോൾ ഭക്ഷണം കഴിക്കാനുള്ള മാർഗ്ഗങ്ങളാണ് ആളുകൾ ആലോചിച്ചിരുന്നത്. വേനൽക്കാലത്തു തന്നെ മാങ്ങകൾ കഴുകിത്തുടച്ച് ആൾ വലിപ്പമുള്ള മൺഭരണികളിൽ ഉപ്പു നിറച്ച് ഇട്ടു വെക്കും. ചക്കക്കുരു ചാണകത്തിൽ പൊതിഞ്ഞ് ഉണക്കും. പിന്നെ പാചകത്തിനുള്ള വിറക്. കൂവ്വപ്പൊടിയായിരുന്ന കെ.യുടെ വീട്ടിലെ ഒരു പ്രധാന മുൻകരുതൽ. പ്ലാവുകളുടെ തണലിൽ അവ ധാരാളം വളർന്നു നിന്നിരുന്നു. അതിന്റെ കിഴങ്ങ് മാന്തിയെടുത്ത് ഇടിച്ചു ചതച്ച് നീരെടുത്ത് ഉണക്കി പൊടിയാക്കി സൂക്ഷിച്ചിരുന്നു. വെള്ളപ്പൊക്കക്കാലത്ത് കഞ്ഞിയും കൂടെ നാളികേരവും മുളകും ചേർത്തരച്ച ചമ്മന്തിയുമായിരുന്നു വിഭവം. ഇറയത്തിരുന്ന് ചൂണ്ടയിട്ടു പിടിക്കുന്ന മീൻ വറക്കാറുണ്ട്. പഞ്ചായത്ത് വക വഞ്ചി വന്നാൽ അത്യാവശ്യത്തിന് പുറത്തു പോകും. വെള്ളാനിക്കുന്നത്തെ പീടികയിൽ പോയിട്ടാണ് ഉപ്പും മുളകും ഉണക്കമീനും വാങ്ങിയിരുന്നത്.

അങ്ങനെ വീട്ടിനകത്ത് ഒതുങ്ങിയിരിക്കുന്ന കാലത്താണ് പഴയകാല വെള്ളപ്പൊക്കങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പുറത്തു വരിക. കൊളംബ് ബംഗ്ലാവിനെ പരിഭ്രമിപ്പിച്ച തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പുല്ലാർക്കാട്ടെ വല്യമ്മയുടെ ഓർമ്മകൾ നമ്മൾ കേട്ടതാണ്. ഏതാണ്ട് അതേ കഥകൾ തന്നെയാണ് കെ.യുടെ അമ്മമ്മയും പറഞ്ഞിരുന്നത്. പുല്ലാർക്കാട്ടെ ചന്ദ്രശേഖരനും കെ.യുടെ അച്ഛൻ രാജശേഖരനും ഏതാണ്ട് സമപ്രായക്കാരാണ്. രാത്രിയിലെ കൊടുങ്കാറ്റിൽ പുറത്ത് മരങ്ങൾ തലങ്ങും വിലങ്ങും വീഴുന്നതു കേട്ട് മകനെ നെഞ്ചോട് ചേർത്തു പിടിച്ച് കിടന്ന കഥ കെ.യുടെ അമ്മമ്മയും പറഞ്ഞിട്ടുണ്ട്.

'കൊടുങ്കാറ്റിന്റെ ഇരമ്പുന്ന ശബ്ദം ഇങ്ങനെ കേക്കാം. തെക്കേപ്പറത്തെ വല്യപ്ലാവ് വീഴ്വോനായിരുന്നു പേടി. അത് വീണാപ്പിന്നെ വീടും വീടിന്നകത്തുള്ളോരും ബാക്കീണ്ടാവില്ല. എന്താ വേണ്ടേന്ന് ദൈവംതമ്പുരാൻ തീരുമാനിക്കട്ടേന്നച്ചട്ട് കണ്ണടച്ച് അങ്ങനെ കെടന്നു.'

അമ്മമ്മ പേടിച്ച പോലെത്തന്നെ ആ പ്ലാവു വീണു. പക്ഷേ അത് വീടിനെ രക്ഷിച്ചുകൊണ്ട് തെക്കോട്ടാണ് വീണത്. ആർക്കും ഒരല്ലലില്ലാതെ ചെരിഞ്ഞു വീണു കിടന്നിരുന്ന ആ പ്ലാവിനെ ആരും മുറിച്ചു മാറ്റിയില്ല. അതങ്ങനെ നിലം തൊട്ട് കിടന്ന് വീണ്ടും തളിർത്തു. ഒരു പൊടിപ്പ് മേലോട്ടുയർന്ന് വളർന്നു. ധാരാളം ചക്കകളുണ്ടായി. പഴച്ചക്കയാണ്. പക്ഷേ കറിവെക്കാനും വറക്കാനും വിശേഷപ്പെട്ടത്. പിന്നീട് കെ.യും സഹോദരങ്ങളും വളരുന്ന കാലത്ത് ചെരിഞ്ഞു കിടക്കുന്ന ആ മരം അവരുടെ കളിസ്ഥലമായി. അവരതിനെ ആനയെന്ന് സങ്കൽപ്പിച്ച് പുറത്തു കയറിയിരുന്ന് ഉല്ലസിച്ചു.

ജർമ്മനിയിൽ നിന്നും കെ.യുടെ മടക്കയാത്ര പ്ലാൻ ചെയ്ത പോലെ നടന്നില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തെ പ്രളയം ബാധിച്ചതുകൊണ്ട് ഫ്‌ലൈറ്റുകൾ ക്യാൻസൽ ചെയ്തിരുന്നു. വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഒരാഴ്ചക്കു ശേഷം ബംഗളുരുവിലേക്ക് ടിക്കറ്റ് കിട്ടി. ദുബെയിൽ ഒരു ദിവസം ഹോൾട്ട്. ബംഗളുരുവിൽ രണ്ടുദിവസം. അവിടെന്ന് കോഴിക്കോട്ടേക്ക്. പിന്നെ ടാക്‌സിയിൽ.

ടാക്‌സിയിൽ കയറിയപ്പോൾ ഡ്രൈവർ പറഞ്ഞു:
'എവെടെ വരെ വണ്ടി പൂവ്വുന്ന് ഒരു നിശ്ചയല്യ. ചെലോടത്തുന്ന് ഇപ്പഴും വെള്ളം എറങ്ങീട്ടില്ല. എറങ്ങ്യോടത്തൊക്കെ റോഡ് കംപ്ലീറ്റ് നറുനാശായിട്ടാ കെടക്കണേ. ഇമ്മടെ കുന്നംകുളം വരെ ഓക്കേ. അവടന്നങ്ങട്ടാണ് വിഷയം. ഒക്കെ ഒന്നു ശര്യായി വരാൻ നാളു കൊറെപിടിക്കും.

'ഇവടെ വരെ എത്തിലോ! ഇനി എത്തണോടത്ത് എത്തട്ടെ.'
കെ.പറഞ്ഞു.

'സാർ എത്ര കാലായി നാടു വിട്ടട്ട്?'
ഡ്രൈവർ ചോദിച്ചു.

'രണ്ടു മാസം.'

'നമ്മടെ കേരളം കംപ്ലീറ്റ് ഡാമേജായി സാറെ. ഓരോ സ്‌കൂളിലും നൂറും നൂറ്റമ്പതും പേരാ ചെന്ന് കെടക്കണേ. മ്മടെ അമ്മേം പെങ്ങമ്മാരും കെടപ്പായ അപ്പനും അവടെ തെക്കുമ്മുറി സ്‌കൂളിലാ കെടക്കണ്. ആദ്യത്തില് എല്ലാരും ഒന്ന് അന്തിച്ചു. ആൾക്കാര് മുഴുവൻ സ്‌കൂളില് വന്നു. ഓരോരുത്തര് നട്ടപ്പാതിരക്ക് നീന്തിക്കേറീട്ടാ വരണേ. തിന്നാനെന്തൂട്ടാ ഒള്ളേ? ഒന്നൂല്യാ. അപ്പൊ മ്മളൊരു കടുങ്കയ്യ് ചെയ്തു. ജീവിതത്തില് ഒരിക്കലും ചെയ്യാത്ത കാര്യാണ്. സെന്ററില് പോയി വെള്ളം കേറിക്കെടക്കണ ഒരു പീട്യ കുത്തിത്തൊറന്നു. എന്തായാലും ഒക്കെ മുങ്ങാൻ പൂവ്വാ. എല്ലാ ഐറ്റോം മ്മള് ഇടുത്ത് സ്‌കൂളില് കൊണ്ടന്നു. പിന്നെപ്പിന്നെ സംഭവങ്ങള് പെർഫെക്ടായി. ഇപ്പൊ ഫുഡ്ഡ് സർപ്ലസാ.'

ഡ്രൈവർ തിരിഞ്ഞു നോക്കി ചിരിച്ചു.

'ഒരു കാര്യം ഞാൻ പറയാട്ടോ. എഴുതി വെച്ചോ സാറ്. കേരളീയര് തെണ്ടാൻ പൂവ്വാണ്. പാത്രോംകൊണ്ട് വടക്കേ ഇന്ത്യേലിക്ക് പോണ്ടി വരും. അവടന്ന് ഓരോരോ ഗോസായികള് ഇവടക്ക് വന്നേർന്നില്ലേ? സർട്ടിഫിക്കറ്റും കൊണ്ട്. അതുപോലെ നമ്മള് അങ്ങട്ട് പോണ്ടി വരും. ഇപ്പൊ ക്യാമ്പില് ചോറുണ്ട്, പായസണ്ട്, പുളിശ്ശേരീണ്ട്. ആവശ്യത്തിന് മരുന്നൂണ്ട്. ആവശ്യക്കാരുക്ക് ഡ്രസ്സുണ്ട്. അതൊക്കെ എത്ര കാലംണ്ടാവും? വിത്തെടുത്തട്ടാ കുത്തണേ. മുഖ്യമന്ത്രി എല്ലാ ദെവസോം ടീവീല് വന്ന് പറയണുണ്ട്. പേടിക്കാനൊന്നൂല്യാന്ന്. അതൊരു സമാധാനിപ്പിക്കലാ. ആയിരക്കണക്കിന് വീടാ വീണുകെടക്കണ്. പിന്നെ റോഡ്. നാടൊന്നു ക്ലീൻ ചെയ്യണങ്കീത്തന്നെ കാശ് കൊട്ടക്കണക്കിനു വേണം. വീട്ടില് ചെന്നാലും മനുഷ്യന് കഞ്ഞികുടിക്കണ്ടേ? എവെടെന്ന് കാശെടുത്തട്ടാ ഇനി ഇതൊക്കെ ശര്യാക്ക്വാ? ഖജനാവില് കാശു തന്നത്താൻ ണ്ടാവില്ലല്ലോ. ആരെങ്കിലും കൊണ്ട് ഇടണ്ടേ? ഓരോ സർട്ടിഫിക്കറ്റ് തര്വേരിക്കും. പോയി തെണ്ടാനൊള്ള ലൈസൻസ്. '

കെ. ഫോണിൽ ഗൂഗിൾ മാപ്പ് എടുത്തു. എല്ലാ വഴികളേക്കുറിച്ചും സംശയവും മുന്നറിയിപ്പും ഉണ്ട്. റോഡ് ഗതാഗതയോഗ്യമാണോ എന്ന് ഗൂഗിളിന് ഉറപ്പില്ല.

കുന്നംകുളവും കടന്ന് കാർ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. നാഷണൽ ഹൈവേ സെവന്റീനിൽ വലിയ പ്രശ്‌നങ്ങൾ കണ്ടില്ല. വെള്ളമിറങ്ങിയെങ്കിലും കടകൾ തുറന്നിട്ടില്ല. കാട്ടൂർക്കടവിലേക്ക് കടന്നപ്പാഴാണ് ബുദ്ധിമുട്ടുണ്ടായത്. റോഡുകളിൽ വെള്ളമുണ്ട്. പക്ഷേ വാഹനങ്ങൾ പോകുന്നതു കണ്ടു. അതിന്റെ ധൈര്യത്തിൽ കാർ മുന്നോട്ടെടുത്തു.

അങ്ങാടിയിൽ കടകൾ തുറന്ന് സാധനങ്ങൾ വലിച്ചുവാരി പുറത്തിടുകയാണ്. എല്ലായിടത്തും ചീഞ്ഞ ഗന്ധം. ആളുകൾ മുഖാവരണം ധരിച്ചിട്ടുണ്ട്. വളണ്ടിയർമാർ അണുനാശിനി സ്‌പ്രേ ചെയ്യുന്നു. കെ. ഫോണിൽ ആ ദൃശ്യങ്ങൾ പകർത്തി. വീണു കിടക്കുന്ന മതിലുകളുടെ ദൃശ്യമാണ് ഉടനീളം കണ്ടത്. എല്ലാം മറ്റൊരു ലോകം പോലെ തോന്നി. പകൽ വെളിച്ചത്തിനു പോലും വലിയ മാറ്റം കണ്ടു.

വീട്ടിലേക്ക് കയറിയപ്പോൾ ഡ്രൈവർ ഉപദേശിച്ചു.
'ഇന്യാണ് ശ്രദ്ധിക്കണ്ടത് സാറെ. വീട്ടിനകത്ത് നല്ല എനം എഴജന്തുക്കള് കേറി കെടക്കണുണ്ടാവും. കഴുക്കോലുമ്മെ ഞാണ്ട് കെടക്കണുണ്ടോന്ന് നോക്കണം. പിന്നെ പൊറത്തിക്ക് എറങ്ങുമ്പൊ സൂക്ഷിക്കണം. പണ്ട് മ്മള്ക്ക് പരിചയണ്ടാർന്ന സ്ഥലല്ല ഇത്.'

പക്ഷേ ബാഗുകൾ വീട്ടിൽ വെച്ചശേഷം കെ.പുറത്തിറങ്ങി നടന്നു. പൂർണ്ണ നിശ്ശബ്ദതയാണ് എങ്ങും. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ആരും തിരിച്ചു വന്നിട്ടില്ല. വീടുകൾ ആളൊഴിഞ്ഞുകിടക്കുന്നു. ഇടവഴിയിലൂടെ നൂറുവാര നടന്നപ്പോഴേക്കും വെള്ളത്തിന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടു. ആദ്യം കണ്ണിക്കാൽ വരെ. പിന്നെ മുട്ടോളം. മുന്നോട്ടു പോവാനാവാത്ത പോലെ വെള്ളം. ആ ഭാഗത്തെ വീടുകളുടെ വാതിലുയരം വരെ ഇപ്പോഴും വെള്ളമുണ്ട്. ചെറിയ വീടുകൾ വീണു കിടക്കുന്നു.

വെള്ളത്തിന് അസാമാന്യ തണുപ്പാണ്. നിശ്ശബ്ദതയെ അമ്പരപ്പിച്ചു കൊണ്ട് ചില ജലജീവികൾ ചാടി ശബ്ദമുണ്ടാക്കി.

അന്നു രാത്രി കെ. ഫേസ്ബുക്കിൽ എഴുതി:
'പുറപ്പെട്ട കേരളത്തിലേക്കല്ല ഞാൻ തിരിച്ചു വന്നിരിക്കുന്നത്. ചരിത്രങ്ങൾ ഏറെ സൃഷ്ടിച്ച മനുഷ്യരും സമൂഹവുമാണ്. ഇത്ര വലിയ തിരിച്ചടി മുൻപൊരിക്കലും ഉണ്ടായിട്ടില്ല. ദു:ഖങ്ങളും നഷ്ടങ്ങളും ഉള്ളിലൊതുക്കി കരുത്തോടെ നിവർന്നു നിൽക്കാൻ മനുഷ്യനു കഴിയുമോ?'

അതിവേഗം തന്നെ ഡി.കാട്ടൂർക്കടവിലിന്റെ കമന്റ് വന്നു.
'ഇവിടേയും താങ്കൾ സാമർത്ഥ്യം പ്രകടിപ്പിച്ചു. അഭിനന്ദനങ്ങൾ. കാലുകൾക്ക് പോലും നനവു പറ്റാതെ സുരക്ഷിത സ്ഥാനത്തു ചെന്നുപെട്ടല്ലോ. ഇനി നിങ്ങൾക്ക് പ്രളയമഹാത്മ്യം വഞ്ചിപ്പാട്ട് എഴുതാം. എന്തൊരു വക ദുരന്തമാണ് നിങ്ങൾ. ഡാമുകൾ ഒന്നിച്ചു തുറന്നു വിട്ട് തികച്ചും കൃത്രിമമായി ഇവിടെ ഒരു പ്രളയം ഉണ്ടാക്കിയതിനെക്കുറിച്ച് നിങ്ങൾക്ക് ഒന്നും പറയാനില്ല? എന്നിട്ട് നിങ്ങളുടെ നേതാവ് നിത്യവും ടീവിയിൽ വന്നിരുന്ന് രക്ഷകൻ ചമയുന്നു. കഷ്ടം.'

ഇത്തവണ ഡി. കാട്ടൂർക്കടവ് കുറച്ചു ദീർഘമായി എഴുതിയിരുന്നു. കെ.യുടെ എഴുത്തിലെ ആത്മാർത്ഥതയില്ലായ്മയെ അയാൾ തുറന്നു വിമർശിച്ചു. അലറുന്ന ഭാഷയിൽ അയാൾ എഴുതി: 'ഉള്ളിലുള്ളതു സദാ മറച്ചു നടക്കുന്ന ഒരു നികൃഷ്ടജന്തുവാണ് നിങ്ങൾ' ഇങ്ങനെയാണ് അയാൾ ആ കുറിപ്പ് അവസാനിപ്പിച്ചത്: 'ഞാൻ ഒന്നു ചോദിക്കട്ടെ, ജീവിതത്തിൽ എന്നെങ്കിലും നിങ്ങൾ ആരെയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ?'

കമന്റ് വായിച്ച് കെ. ആശ്ചര്യപ്പെട്ടു. ശരിക്കു പറഞ്ഞാൽ അമ്പരന്നു. ആരാണ് ഈ മനുഷ്യൻ? എത്ര ജാഗ്രതയിലും വേഗത്തിലുമാണ് അയാൾ തന്നെ പിന്തുടരുന്നത്. എത്ര സൂക്ഷ്മമായാണ് അയാൾ തന്റെ മനസ്സ് വായിച്ചെടുക്കുന്നത്. പകൽ ആൾക്കൂട്ടത്തിൽ വെച്ച് നഗ്‌നനായതുപോലെ കെ.പരിഭ്രമിച്ചു. എന്തിനാണ് ഈ മനുഷ്യൻ തന്നെ പിന്തുടരുന്നത്? അയാളും താനുമായുള്ള ബന്ധമെന്താണ്. പിന്നെ ആലോചിച്ചു. ജീവിതമല്ലേ? പ്രളയജലം പോലെയാണത്. അറിയാനാവാത്ത ചുഴികളും അടിയൊഴുക്കുകളും ഉണ്ടാവും. വെളിപ്പെടാത്ത സത്യങ്ങൾ പലയിടത്തും അടിഞ്ഞു കിടപ്പുണ്ടാവും.

ചെന്നൈയിലെ ഐ കെയർ സെന്ററിലെ സ്‌പെഷാലിറ്റി കൺസൾട്ടിംഗ് റൂമിൽ താൻ നിവർത്തിപ്പിടിച്ചിരിക്കുന്ന പുസ്തകത്തിലേക്ക് കെ. നോക്കി. അദ്ദേഹം അത്ഭുതപ്പെട്ടു. അതൊരു മനശ്ശാസ്ത്രപുസ്തകമായിരുന്നു. പോപ്പുലർ സയൻസ് സീരിയസിൽ ഉള്ളത്. How can I overcome depression without medication? ഇതെങ്ങനെ തന്റെ കയ്യിൽ വന്നുപെട്ടു? അത്തരം പുസ്തകങ്ങൾ അദ്ദേഹം വായിക്കാറില്ലാത്തതാണ്. തലേന്ന് താൻ ട്രെയിൻയാത്രയിൽ വാങ്ങിച്ചതാണ് അത് എന്ന കാര്യം അദ്ദേഹം മറന്നിരുന്നു.

ആ സമയത്ത് കൺസൾട്ടിംഗ് റൂമിന്റെ മുന്നിൽ നിന്ന് നഴ്‌സ് അയാളുടെ അമ്മയുടെ പേര് ഉറക്കെ വിളിച്ചു:
‘മിസിസ് ചന്ദ്ര രാജശേഖരൻ.'▮(തുടരും)


കാട്ടൂര്‍കടവ് നോവല്‍ മറ്റു ഭാഗങ്ങള്‍ വായിക്കൂ…


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments