ഈ അധ്യായത്തിലും നമ്മൾ കെ. എന്ന എഴുത്തുകാരനെ പിന്തുടരുകയാണ്. അദ്ദേഹത്തിന്റെ അമ്മയെ ചെന്നൈ പൂനമല്ലിയിലെ ഐ കെയർ സെന്ററിൽ അഡ്മിറ്റ് ചെയ്തിരുന്നു. കണ്ണിൽ സർജറി ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞു.
"കണ്ണിന്റെ മാത്രം പ്രശ്‌നമല്ല ഇത്. നമുക്കു പരമാവധി ശ്രമിക്കാം. സർജറിയിലൂടെ പലർക്കും കാഴ്ച തിരിച്ചുകിട്ടിയിട്ടുണ്ട്. ദൈവാനുഗ്രഹമുണ്ടെങ്കിൽ എല്ലാം സഫലമായി വരും. നമുക്ക് പ്രാർഥിക്കാം. അതിവിശാലമാണ് ഇവിടത്തെ പ്രാർഥനാമുറി. ഇവിടെയുള്ള ദിവസങ്ങളിൽ ധ്യാനിക്കാൻ അമ്മയോട് പറയൂ.'
എട്ടുവർഷങ്ങൾക്കുമുമ്പ് കോയമ്പത്തൂരിലെ ഡോക്ടർ പറഞ്ഞതും ഏതാണ്ട് ഇങ്ങനെയാണല്ലോ എന്ന് കെ. ഓർത്തു. ഡോക്ടർമാർക്ക് ചില പൊതുരീതികളും ഭാഷാശൈലിയും ഉണ്ടായിരിക്കും. പക്ഷേ അന്ന് ദൈവം തുണച്ചില്ല.
ഐ കെയർ സെന്ററിൽ നിന്ന് പുറത്തിറങ്ങിയ കെ. നടന്നും ബസു പിടിച്ചും ഓട്ടോറിക്ഷയിലുമായി നഗരത്തിൽ കുറേ അലഞ്ഞു. ഇപ്പോൾ അദ്ദേഹം സെൻട്രൽ
സ്റ്റേഷനുമുന്നിലെ ആൾത്തിരക്കുള്ള ഒരു ബസ് സ്റ്റോപ്പിൽ നിൽക്കുകയാണ്. അവിടത്തെ ഇരുമ്പുകൊണ്ടുള്ള കൈവരിയിൽ പിടിച്ചുനിന്ന് എതിർഭാഗത്തുള്ള രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെൻറ് ജനറൽ ഹോസ്പിറ്റലിന്റെ കെട്ടിടസമുച്ചയത്തിലേക്ക് നോക്കുന്നു. അമ്പതുവർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം അവിടത്തെ സർജിക്കൽ വാർഡിന്റെ ജനലിലൂടെ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ചുവന്ന മിനാരങ്ങൾ കണ്ടുനിന്നത്.
രാത്രിയായാൽ നഗരത്തിൽ പരസ്യപ്പലകകൾ തെളിയും.
വെളിച്ചങ്ങൾകൊണ്ടുള്ള അക്ഷരങ്ങൾ അന്ന് വലിയ കൗതുകമായിരുന്നു. കൂട്ടത്തിൽ "അമൃതാഞ്ജനം' എന്ന പരസ്യം മലയാളത്തിലായിരുന്നു തെളിഞ്ഞിരുന്നത്.
മദ്രാസ് ജനറൽ ഹോസ്പിറ്റൽ എന്നാണ് ആ ആതുരാലയം അന്ന് അറിയപ്പെട്ടിരുന്നത്. 2004-ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടക്ക് ശ്രീപെരുമ്പത്തൂരിൽ വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷമായിരിക്കും അദ്ദേഹത്തിന്റെ പേര് അതിനോട് ചേർത്തത്. ഇന്ത്യയിലെത്തന്നെ ഏറ്റവും പഴക്കമുള്ള ആശുപത്രിയാണ്. 1664-ൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി തങ്ങളുടെ സൈനികർക്കുവേണ്ടി ആരംഭിച്ചതാണെന്ന് ചരിത്രം പറയുന്നു. പിന്നീട് തദ്ദേശീയർക്കും പ്രവേശനം അനുവദിച്ചു.
പിന്നിട്ട പകൽസമയം കെ. അണ്ണാശാലയിലും റോയാപുരത്തും തിരുവെത്തിയുരിലും ടോൾഗേറ്റിലും ചുറ്റിക്കറങ്ങി. ഒരുപാട് ചെന്നൈവെയിൽ കൊണ്ടു എന്നുപറയാം.
അദ്ദേഹം വളരെ ക്ഷീണിതനും നിരാശാഭരിതനുമാണ്.
അമ്പതുവർഷങ്ങൾക്കുമുമ്പ് അച്ഛനും അമ്മയ്ക്കുമൊപ്പം ഇവിടെ വന്ന സമയത്ത് ചെലവഴിച്ച സ്ഥലങ്ങൾ ഒന്നുകൂടെ കാണണമെന്നായിരുന്നു ആഗ്രഹം. നഗരമെന്നത് പുഴ പോലെയാണ്. ഒരാൾക്ക് ഒരു പുഴയിൽ ഒരുതവണ മാത്രമേ മുങ്ങാനാവുകയുള്ളു എന്ന പ്രസിദ്ധമായ നിരീക്ഷണമുണ്ടല്ലോ.
നഗരവും ഒഴുകുന്നു. മനുഷ്യർ മാത്രമല്ല, ചരാചരങ്ങളെല്ലാം കലങ്ങിമറിഞ്ഞ് ഒഴുകിപ്പോകുന്നു.
ഗൃഹാതുരനായി വരുന്ന സ്വപ്നജീവിക്കുവേണ്ടി കാലം ഒന്നും കാത്തുവെക്കുന്നില്ല.
പഴയ ലോകങ്ങൾ കാണണമെന്നും പണ്ടുനടന്ന വഴികളിൽ വീണ്ടും നടക്കണമെന്നും ആഗ്രഹിച്ച് കെ. പലപ്പോഴും നിരാശാഭരിതനാകാറുണ്ട്. സ്‌കൂളിലേക്ക് നടന്നുപോയിരുന്ന വഴികൾ.
കാട്ടൂർക്കടവ് തന്നെ എത്ര മാറി.
കുട്ടിക്കാലത്ത് അമ്മയുടെ കൂടെ കല്ലടത്തുരുത്തിലേക്ക് നടന്നുപോയിരുന്ന കാലം കെ. എല്ലായ്‌പ്പോഴും ഓർക്കും.
കുറെ ഇടവഴികളും വയലുകളും കടന്നുപോകണം.
കാലുകഴച്ച് വശംകെടും.
താൻ പഠിച്ച പ്രൈമറി സ്‌കൂൾ കാണിച്ചു തരാം, കല്ലട അമ്പലത്തിന്റെ കൊട്ടിൽ കാണിച്ചുതരാം എന്നൊക്കെയായിരുന്നു അമ്മയുടെ പ്രലോഭനങ്ങൾ.
ഇപ്പോൾ ആ വഴികളിലൂടെ അമ്മയുടെ കൈ പിടിച്ചു നടക്കാനാവില്ലോ എന്ന് ഓർത്ത് കെ. നിരാശപ്പെടാറുണ്ട്.
മനുഷ്യർക്കുണ്ടാകുന്ന നിരാശയുടെ കാരണങ്ങൾ പലപ്പോഴും വളരെ ബാലിശമാണ്. എന്തിനെക്കുറിച്ചോർത്തും ചില മനുഷ്യർ നിരാശയിൽപ്പെടും.
മഴ പെയ്യുന്നതും പെയ്യാത്തതും ദുഃഖകാരണങ്ങളാണ്. ആൾക്കൂട്ടത്തിൽ പെടുമ്പോഴും ഏകനാവുമ്പോഴും നിരാശ തോന്നും. ദുഃഖത്തെക്കുറിച്ചും മനുഷ്യമനസിന്റെ നാനാവിധ അവസ്ഥാഭേദങ്ങളെക്കുറിച്ചും കെ. മുൻപുള്ളതിനേക്കാൾ ഇന്ന് ബോധവാനാണ് എന്നുപറയാം.
കഴിഞ്ഞദിവസം ഐ കെയർ സെന്ററിലെ കൺസൾട്ടിങ് റൂമിൽ കാത്തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ഒരു ചെറുപുസ്തകത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവല്ലോ. "നിരാശയെ മറികടക്കാനുള്ള പ്രതിവിധികൾ' എന്നായിരുന്നു അതിന്റെ പേര്. കൈയിൽ കൊണ്ടുനടന്നിരുന്നുവെങ്കിലും തെല്ലൊരു അവജ്ഞയോടെയാണ് കെ. ആ പുസ്തകത്തെ പരിഗണിച്ചതെന്നും നമ്മൾ കണ്ടു. പക്ഷേ പിന്നീട് അദ്ദേഹം ആ പുസ്തകം വായിച്ചു. അത് അദ്ദേഹത്തിന്റെ മുൻധാരണയെ തിരുത്തി.
ചെന്നൈയിലേക്കുള്ള തീവണ്ടിയാത്രക്കിടയിലാണ് കെ. ആ പുസ്തകം വാങ്ങിച്ചത്. വണ്ടി ഷൊർണൂർ പിന്നിട്ടപ്പോൾ ഓരോരോ വാണിഭക്കാർ കംപാർട്ടുമെൻറിലേക്ക് കടന്നുവന്നു. അക്കൂട്ടത്തിൽ ഒരു പുസ്തകവിൽപ്പനക്കാരനും ഉണ്ടായിരുന്നു. തീരെ ചെറിയ പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. ഏതാണ്ട് മുപ്പതോ അമ്പതോ ടൈറ്റിലുകൾ. ഒന്നിലും ഗ്രന്ഥകാരന്റെ പേർ ഉണ്ടായിരുന്നില്ല. എല്ലാത്തിനും ഒരേ വിലയാണ്, മുപ്പതുരൂപ. മഞ്ഞകലർന്ന ന്യൂസ് പ്രിന്റിൽ അച്ചടിച്ച് ലാമിനേറ്റ് ചെയ്ത കട്ടിക്കടലാസുകൊണ്ടുള്ള കവർ സ്ട്രാപ്പിൾ ചെയ്തിരുന്നു. സാധാരണപോലെ തന്റെ വാണിഭവസ്തുവിനെക്കുറിച്ച് എന്തെങ്കിലും വിവരണത്തിന് ആ കച്ചവടക്കാരൻ മുതിർന്നില്ല. തികച്ചും നിശ്ശബ്ദമായിട്ടായിരുന്നു വിനിമയം. ഓരോ സെറ്റ് പുസ്തകങ്ങൾ യാത്രക്കാർക്കിടയിലായി സീറ്റിൽ വെച്ച് പോവുകയാണ് ചെയ്യുന്നത്. ആളുകൾക്ക് അതെടുത്ത് മറിച്ചുനോക്കാം, വായിക്കാം. പിന്നീട് അയാൾ പ്രത്യക്ഷപ്പെടുമ്പോൾ വില കൊടുത്ത് വാങ്ങിക്കാം.
ഇങ്ങനെ വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കെ. യ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എങ്കിലും ചില പുസ്തകങ്ങൾ എടുത്ത് അദ്ദേഹം മറിച്ചുനോക്കി. സചിത്ര ബാലപാഠം, ഇംഗ്ലീഷ് അക്ഷരമാല, നൂറ്റിയൊന്ന് കടംകഥകൾ, തമിഴ് - മലയാളം ഭാഷാസഹായി, ഒരു ദിവസം കൊണ്ട് ഇംഗ്ലീഷ് സംസാരിക്കാം. ആയുർവേദത്തിലെ ഒറ്റമൂലികൾ, പി.എസ്.സി. ആവർത്തിച്ച ആയിരം ചോദ്യങ്ങൾ, നമ്പൂതിരി ഫലിതം എന്നിങ്ങനെയാണ്. നിരാശയെക്കുറിച്ചുള്ള പുസ്തകം വാസ്തവത്തിൽ കെ. തെരഞ്ഞെടുത്തതായിരുന്നില്ല. വിൽപ്പനക്കാരൻ തിരിച്ചുവന്ന സമയത്ത് തന്റെ കൈയിലുണ്ടായിരുന്ന ആ പുസ്തകം അദ്ദേഹം വാങ്ങിച്ചു എന്നുമാത്രം. പിന്നീടാണ് അദ്ദേഹം അതിന്റെ കവർ നോക്കിയത്. നിരാശ കൊണ്ട് തല കാൽമുട്ടിൽ ചേർത്ത് കുനിഞ്ഞിരിക്കുന്ന സുന്ദരിയായ ഒരു യുറോപ്യൻ യുവതിയുടെ ചിത്രമായിരുന്നു അതിൽ.
ആധികാരികമല്ലാത്ത അറിവുകൾ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആ സമയത്ത് കെ. ചിന്തിച്ചു. ഇപ്പോൾ പുസ്തകങ്ങളിൽ മാത്രമല്ല; ഇന്റർനെറ്റിലൂടെയും ഇത്തരം പാതിഅറിവുകൾ കുത്തിയൊഴുകുകയാണ്. ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ലോകത്ത് മനുഷ്യന് ജീവിക്കേണ്ടിവരുന്നു. ഒരു നിലയ്ക്ക് ഇത് നല്ലതിന് എന്നു വിചാരിക്കാം. ഒന്നല്ല; അറിവിന്റെ ആയിരക്കണക്കിന് വ്യാഖ്യാനങ്ങളിൽ നിന്ന് സ്വന്തം നിരീക്ഷണത്തിലൂടെ മനുഷ്യന് തെരഞ്ഞെടുപ്പ് നടത്താമല്ലോ.
ആധികാരികത എന്ന അധിനിവേശ ഭീകരത ഇല്ലാതാവുന്നു.
പിന്നീട് ജനലിലൂടെ ഭാരതപ്പുഴ കണ്ടപ്പോൾ അദ്ദേഹം ആ ചിന്തകളെ വിട്ടു. പുസ്തകത്തെയും മറന്നു. പണ്ട് മദിരാശിയിൽ നിന്നുള്ള മടക്കങ്ങളെക്കുറിച്ച് ഓർത്തു. പ്രഭാതസമയത്താണ് ഒട്ടുമിക്ക വണ്ടികളും മടങ്ങിയെത്തിയിരുന്നത്. ഉറക്കമുണരുന്ന സമയത്ത് പുഴ കാണാൻ തുടങ്ങും. വെള്ളമണലും നീർച്ചാലുകളും. പുതുമഴ പെയ്തതിന്റെ ഉത്സാഹത്തിൽ തളിർത്തുലഞ്ഞു നിൽക്കുന്ന പ്രകൃതി. കുളിക്കാനായി കടവുകളിലേക്ക് പോകുന്ന മനുഷ്യർ."കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ; കുളിക്കാൻ പനിനീർ ചോല; കൂന്തൽ മിനുക്കാൻ ഞാറ്റുവേല' എന്ന സിനിമാഗാനം അക്കാലത്താണ് ഇറങ്ങിയിരുന്നത്.
പിന്നിട്ടുപോന്ന തമിഴ്നാട്ടിൽ നിന്നും തീർത്തും ഭിന്നമായ അന്തരീക്ഷമാണെന്നു കണ്ടു കെ. അഹങ്കരിച്ചു.
ആശുപത്രിയിലെ കാത്തിരിപ്പ് അന്തമില്ലാതെ നീണ്ടപ്പോഴാണ് സഹികെട്ട് അദ്ദേഹം ആ പുസ്തകം വായിച്ചത്. കരുതിയപോലുള്ള ഒരു പുസ്തകമല്ല അതെന്ന് കെ. യ്ക്ക് ബോധ്യമായി. റെയിൽവേ വാണിഭക്കാരന്റെ കൈയിൽ ആകസ്മികമായി വന്നുപെട്ടതായിരിക്കും അത്. അല്ലെങ്കിൽ പബ്ലിഷറുടെ കയ്യിൽ.
പുറംചട്ടയിലെ ചിത്രംപോലെ അതിന്റെ ടൈറ്റിലും കച്ചവടതന്ത്രത്തിന്റെ ഭാഗമായി പ്രസാധകൻ കൂട്ടിച്ചേർത്തതായിരിക്കും. കാരണം ടൈറ്റിലിൽ അവകാശപ്പെടുന്നതുപോലെ നിരാശയിൽനിന്ന് രക്ഷപ്പെടാനുള്ള ഉടൻ പ്രതിവിധികളൊന്നും അതിൽ നിർദേശിച്ചിരുന്നില്ല. നിരാശയെ വ്യത്യസ്തമായ ഒരനുഭൂതിയായി സ്വീകരിക്കുവാനാണ് പുസ്തകം നിർദേശിച്ചത്. മനുഷ്യജീവിതത്തിൽ മാറിമാറിയുണ്ടാവുന്ന നിരാശ, സന്തോഷം എന്നീ അവസ്ഥകളെ വിശകലനം ചെയ്യുകയാണ് അജ്ഞാതനായ ആ ഗ്രന്ഥകാരൻ. സീറോടോണിൻ, നോറെപിനെഫ്രിൻ എന്നീ രാസപരിവാഹകങ്ങളുടെ വിന്യാസത്തെ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ദുഃഖവും സന്തോഷവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണ്. പ്രപഞ്ചത്തെക്കുറിച്ചും അതിൽ മനുഷ്യന്റെ നശ്വരവും നിസാരവുമായ നിലയെക്കുറിച്ചും അറിഞ്ഞാൽ ദുഃഖം, സന്തോഷം എന്നിങ്ങനെയുള്ള ഭേദങ്ങളിൽ നിന്ന് രക്ഷപ്പെടാനാവും. അതേസമയം അത്തരമൊരു അറിവിലേക്ക് തനിക്കും എത്താൻ കഴിഞ്ഞിട്ടില്ലെന്ന് സത്യസന്ധമായി ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നുണ്ട്.
എഴുത്തുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് എഴുത്തുകാരെ ബാധിക്കുന്ന നിരാശയ്ക്ക് കാരണമാകാറുള്ളത്. സാധാരണ മനുഷ്യരെപ്പോലെ മറ്റു പ്രതിസന്ധികൾ അവരെ അത്രകണ്ട് നിരാശപ്പെടുത്താറില്ല. ദുഃഖങ്ങളും വേദനകളും എഴുത്തുകാരനും അനുഭവിക്കുന്നു. പക്ഷേ അതെല്ലാം എഴുത്തിന്റെ മെറ്റീരിയൽ ആവുന്നതോടെ നിർവീര്യമാകും. പക്ഷേ റൈറ്റേഴ്‌സ് ബ്ലോക്ക് അങ്ങനെയല്ല. അത് കടുവയെ പിടിക്കുന്ന കിടുവയാണ്. ആറേഴു മാസമായി കെ. എന്തെങ്കിലും കാര്യമായി എഴുതിയിട്ട്. കൃത്യമായി പറഞ്ഞാൽ പ്രളയത്തിനുശേഷം അദ്ദേഹം കഥയോ കവിതയോ എഴുതിയിട്ടില്ല. യൂറോപ് പര്യടനത്തിനുശേഷം യാത്രാക്കുറിപ്പുകൾ എഴുതി നൽകാമെന്ന് അദ്ദേഹം ചില പത്രങ്ങൾക്ക് വാക്കുകൊടുത്തിരുന്നതാണ്. അതും സാധിച്ചില്ല.
ഓർമകളുടെ നഷ്ടമായിരിക്കുമോ കെ. യെ ബാധിച്ചത്?
പ്രളയം ഒരു സമൂഹത്തിന്റെ ഓർമകളെ ബാധിക്കുന്നതിനെക്കുറിച്ച് മാർകേസ് തന്റെ പ്രസിദ്ധമായ "ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന നോവലിൽ വിവരിച്ചിട്ടുണ്ടല്ലോ. ഓർമകളും എഴുത്തും തമ്മിൽ വലിയ ബന്ധമുണ്ട്. പ്രത്യേകിച്ചും കെ. എന്ന എഴുത്തുകാരന്റെ മുഖ്യ അവലംബം ഓർമകളും ചരിത്രവുമാണെന്നത് ഓർക്കണം.
"ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന നോവലിൽ വെള്ളപ്പൊക്കത്തിനുശേഷം പ്രദേശത്തെ മുഴുവൻ മനുഷ്യരുടെയും ഓർമശക്തി നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് അവർ വീട്ടുപകരണങ്ങളിൽ അവയുടെ പേര് എഴുതി ഒട്ടിച്ചുവെച്ചു. പക്ഷേ "കസേര' എന്നുമാത്രം എഴുതിയാൽ മതിയാകുമായിരുന്നില്ല. കൂടുതൽ വിവരണങ്ങൾ ആവശ്യമുണ്ടായിരുന്നു. "കസേര: ഇരിക്കുവാനുള്ള ഉപകരണം.' "പശു: പാൽ തരുന്ന മൃഗം. പാൽകൊണ്ട് ചായയുണ്ടാക്കാം.'
പക്ഷേ പ്രളയം കേരളത്തിലെ ജനങ്ങളുടെ ജനങ്ങളുടെ ഓർമയെ ബാധിച്ചതായി പറയാനാവില്ല. അങ്ങനെയുള്ള സംഗതികളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മനുഷ്യരുടെ ഓർമകളെയല്ല; ചല സമീപനങ്ങളെയാണ് പ്രളയം ബാധിച്ചത്. അതാകട്ടെ അറിവിനുമേലുള്ള തിരിച്ചറിവായിരുന്നു. കുറച്ചുകാലത്തേക്കെങ്കിലും സാമൂഹികമായ സംഘർഷങ്ങളിൽ കുറവുവന്നു. സംസ്ഥാനത്തിന്റെ സവിശേഷതയായ രാഷ്ട്രീയവിരോധം പോലും നേർത്തുപോയി. ജനങ്ങൾ എന്തെങ്കിലും തൽക്കാലം മറന്നുപോയെങ്കിൽ അത് ഹിന്ദുദേശീയതാവാദികൾ നിർമിച്ചു കൊണ്ടുവന്ന ഇതര മതവിരോധവും അതുമായി ബന്ധപ്പെട്ട ചില വെറുപ്പുകളും മാത്രമാണ്.
ഈ സമയത്ത് നമ്മൾ കെ. എന്ന എഴുത്തുകാരനെ ഒന്നു വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ നമ്മുടെ കൈയിലുള്ളത് ഈ ആഖ്യായികയിലെ ഒരു പ്രധാന കഥാപാത്രമായ ജോർജി ദിമിത്രോവ് "ഡി. കാട്ടൂർക്കടവ്' എന്ന പേരിൽ മറഞ്ഞുനിന്ന് ഫേസ്ബുക്കിൽ എഴുതുന്ന ചില കമന്റുകളാണ്. ഒരു ഗ്രാമത്തിൽ ഏതാണ്ട് സമകാലികരായി ജീവിക്കുകയാണ് അവർ. ഒരേ ഡിപ്പാർട്ടുമെന്റിൽ ചിലപ്പോൾ ഒരു ഓഫീസിൽ തന്നെ ജോലിചെയ്തു. അതുകൊണ്ട് ദിമിത്രിയുടെ ഹ്രസ്വമെങ്കിലും സൂക്ഷ്മമായ നിരീക്ഷണങ്ങൾക്ക് പ്രസക്തിയുണ്ട്. സ്വന്തം ഗ്രാമത്തിൽ ജനിച്ചുവളർന്ന അറിയപ്പെടുന്ന ഒരു എഴുത്തുകാരന് ഒരു സഹാനുഭൂതിയും ദിമിത്രി നൽകുന്നില്ല. ആത്മാർഥതയില്ലാത്ത, സ്വന്തം ജീവിതപുരോഗതിയിൽ മാത്രം അഭിരമിക്കുന്ന കാപട്യത്തിന്റെ ആൾരൂപമായിട്ടാണ് കെ. ആ നിരീക്ഷണങ്ങളിലൂടെ വെളിപ്പെടുന്നത്.
ഒരു എഴുത്തുകാരനെ വിശകലനം ചെയ്യുമ്പോൾ പ്രധാനമായി അവലംബിക്കണ്ടത് അദ്ദേഹത്തിന്റെ രചനകളാണ്. എന്നാൽ അങ്ങനെ പരിഗണിക്കാൻ മാത്രം ഗൗരവപ്പെട്ട എഴുത്തുകളൊന്നും കെ. യുടെതായിട്ട് ഇല്ല എന്നതാണ് വാസ്തവം. സാഹിത്യബാഹ്യമായ സംവാദങ്ങളിലൂടെ പരക്കെ അറിയപ്പെടുന്ന ചില എഴുത്തുകാർ എല്ലാ ഭാഷകളിലും ഉണ്ടാകുമല്ലോ. അക്കൂട്ടത്തിലേക്ക് മലയാളത്തിന്റെ സംഭാവനയാണ് കെ. എന്നുപറയാം. ഒന്നാമത്തെ കാര്യം എതെങ്കിലും ഒരു സാഹിത്യശാഖയിൽ ഗൗരവമായി തുടരുക എന്ന സമീപനം അദ്ദേഹം സ്വീകരിക്കുന്നില്ല എന്നതാണ്. സാഹിത്യരംഗത്ത് അത് പ്രധാനമാണ്. കെ. കഥയും കവിതയും ഓർമക്കുറിപ്പുകളും എഴുതുന്നു. ഓർമക്കുറിപ്പുകൾ ആർക്കും എഴുതാവുന്നതാണ്. പക്ഷേ വളരെ വ്യത്യസ്തമായ രണ്ടു സാഹിത്യരൂപങ്ങളിൽ (കഥ, കവിത) ഒരേ സമയം ഒരാൾ പരിശ്രമിക്കുമ്പോൾ ഫലം അത്ര നന്നാവാൻ സാധ്യതയില്ല.
അതിനെക്കാളെല്ലാം പ്രധാനപ്പെട്ട സംഗതി കെ. യുടെ രാഷ്ട്രീയ നീക്കങ്ങളാണ്. സത്യത്തിൽ ഇദ്ദേഹം സാഹിത്യത്തിന്റെ ആട്ടിൻതോൽ പുതച്ചുവന്ന രാഷ്ട്രീയച്ചെന്നായ് ആണോ എന്ന് പലരും സംശയിക്കുന്നുണ്ട്. സാഹിത്യകാരന്മാർ രാഷ്ട്രീയം കൈകൊണ്ടു തൊടാൻ പാടില്ല എന്ന സമീപനം ഇന്നു നിലനിൽക്കുന്നില്ല. മാത്രമല്ല രാഷ്ട്രീയം ഉൾപ്പെടുന്ന സാമൂഹികപശ്ചാത്തലത്തെ മുൻനിർത്തിക്കൊണ്ടല്ലാതെ മനുഷ്യാനുഭവങ്ങളെ അവതരിപ്പിക്കാനാവില്ല എന്ന സംഗതി മലയാളത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ കെ. ഇവിടെ പുലർത്തുന്ന അതിപ്രകടനം അങ്ങേയറ്റം അപക്വമാണ്. രാഷ്ട്രീയ പ്രചാരത്തിനുവേണ്ടി സാഹിത്യത്തെ വെറുമൊരു ഉപകരണമാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്യുന്നത്. ഏതു രാഷ്ട്രീയച്ചേരിക്കുവേണ്ടിയാണോ കെ. ഇങ്ങനെയെല്ലാം ചെയ്യുന്നത് അവർ പോലും അംഗീകരിക്കുന്ന ഒരു കാര്യമല്ല ഇത്. അവർ സൂചിപ്പിക്കാറുണ്ട്:
"ഇത്രയ്ക്കും പ്രകടമായി നിങ്ങൾ രാഷ്ട്രീയസംവാദത്തിൽ ഇടപെടുന്നത് നിങ്ങൾക്ക് മാത്രമല്ല, നമ്മൾക്കും ഗുണപ്രദമല്ല.'
അനുഭവങ്ങളുടെ സമഗ്രമായ ആവിഷ്‌കാരത്തിനുവേണ്ടി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുമ്പോഴും കക്ഷിരാഷ്ടീയത്തിനിടയിൽ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ എല്ലാ എഴുത്തുകാരും ശ്രമിക്കാറുണ്ട്. അഥവാ ഏതെങ്കിലും കക്ഷിയോട് ഒരനുഭാവം പ്രകടിപ്പിച്ചുപോയാൽ അടുത്ത അവസരത്തിൽ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ച് തുലനാവസ്ഥ സംരക്ഷിക്കാറുണ്ട്. അങ്ങനെ ചെയ്യാത്തപക്ഷം വായനക്കാർക്കിടയിൽ മതിപ്പുണ്ടാവുകയില്ല എന്ന് അവർക്കറിയാം. കെ. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ അംഗമാണോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ആണെങ്കിൽ തന്നെ അത് പ്രാഥമികതലത്തിലുള്ള ഒരു അംഗത്വമായിരിക്കും. രാഷ്ട്രീയപാർട്ടികളിൽ പ്രത്യേകിച്ചും ഇടതുപക്ഷ പാർട്ടികളിൽ അംഗങ്ങളും നേതാക്കളുമായ നിരവധി എഴുത്തുകാർ കേരളത്തിലുണ്ട്. തന്റെ രാഷ്ട്രീയപാർട്ടി ഏൽപ്പിക്കുന്ന ദൈനംദിന രാഷ്ട്രീയകടമകൾ ഉത്തരവാദിത്തത്തോടെ അവർ നിർവഹിക്കുന്നു. അപ്പോഴും എഴുത്തുകാർക്ക് അനിവാര്യമായ നിഷ്പക്ഷതയെ പരിപാലിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ട്.
മറ്റൊരു സംഗതി ഓർമകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ്.
നേരത്തേ സൂചിപ്പിച്ചതുപോലെ കെ. ധാരാളമായി ഓർമക്കുറിപ്പുകൾ എഴുതുക പതിവുണ്ട്. കഥകളെക്കാളും കവിതകളെക്കാളും മികച്ചതാണ് ആ കുറിപ്പുകൾ എന്ന് കുതന്ത്രശാലികളായ നിരൂപകർ വിലയിരുത്തിയിട്ടുണ്ട്. പക്ഷേ അവ വായിക്കുമ്പോൾ നിശ്ചിതമായ ഒരു ഭൂതകാലത്തിന്റെ തടങ്കലിൽ പെട്ടുകിടക്കുകയാണോ ഈ എഴുത്തുകാരൻ എന്നു നമുക്കു സംശയം തോന്നും. താൻ ജനിക്കുന്നതിനുമുമ്പുള്ള ചില ദശകങ്ങളും കെ. യുടെ ഓർമകളിലുണ്ട് എന്നത് ഒരു സവിശേഷതയാണ്. ഏതാണ്ട് 1930കൾ മുതൽ 70കൾ വരെയുള്ള ഒരു കാലം. ആ ഭൂതകാലത്തിൽ അതിരറ്റ് അഭിരമിക്കുക മാത്രമല്ല, ആ കാലവും അന്നത്തെ മനുഷ്യരും അവരുടെ ജീവിതവും ഇല്ലാതായതിൽ അദ്ദേഹം വേദനിക്കുകയും ചെയ്യുന്നു.
തന്റെ പ്രിയപ്പെട്ട ഭൂതകാലലോകത്തിലെ ഇടങ്ങളെയും മനുഷ്യരെയും അന്വേഷിച്ചാണ് കെ. എന്ന എഴുത്തുകാരൻ ഇപ്പോൾ ചെന്നൈ നഗരത്തിലെ പൊള്ളുന്ന വെയിലിലൂടെ അലയുന്നത്. സ്വഭാവികമായും നിരാശയല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു ലഭിക്കാനിടയില്ല. ഏതാണ്ട് അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലുമായിട്ടാണ് അന്ന് മദ്രാസ് ആയിരുന്ന ഇന്നത്തെ ചെന്നൈയിലേക്കുള്ള അദ്ദേഹത്തിന്റെ ബാല്യകാലയാത്രകൾ ഉണ്ടായത്. പിന്നീടുണ്ടായ കാലത്തിനിടയ്ക്ക് ഈ നഗരം സ്വഭാവികമായും വളരെ മാറിയിട്ടുണ്ട്. അതിന്റെ പേരടക്കം.
പിന്നീട് മുതിർന്നശേഷം കെ. പലതവണ ഈ നഗരത്തിൽ വന്നുപോയി. തിരക്കുപിടിച്ച ആ യാത്രകൾക്കിടയിൽ പഴയ മദ്രാസിനെ അന്വേഷിക്കാനുള്ള സമയവും സാവകാശവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. വണ്ടിയിറങ്ങി സ്റ്റേഷനിൽനിന്ന് മുന്നിലേക്കു നോക്കുമ്പോൾ കണ്ടിരുന്ന ജനറൽ ഹോസ്പിറ്റൽ അദ്ദേഹത്തെ തെല്ലുസമയം ഓർമകളിലേക്ക് നയിച്ചിരുന്നു എന്നുമാത്രം. മറ്റൊന്ന് സ്റ്റേഷനിലെ ജനറൽ ക്ലാസ് യാത്രക്കാർക്കുള്ള വെയിറ്റിങ് റൂം ആയിരുന്നു. അതിനും പിന്നീടു വലിയ മാറ്റം വന്നു. കെ. ആദ്യം കാണുന്ന കാലത്ത് അത് അന്നത്തെ ഇന്ത്യൻ ജീവിതത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഒരു പ്രതിരൂപമായിരുന്നു. തിളച്ചുമറിയുന്ന മനുഷ്യജീവിതം.
ആദ്യതവണ തനിക്ക് ഏതാണ്ടും അപരിചിതരായിരുന്ന ഒരു കുടുംബത്തിന്റെ ഒപ്പമാണ് കെ. അവിടെ വണ്ടിയിറങ്ങിയത്. അച്ഛനും അമ്മയും നേരത്തേ പോന്നിരുന്നു. പിന്നീട് സർജറി നിശ്ചയിച്ചപ്പോൾ കെ. അടുത്തുവേണമെന്ന് അച്ഛൻ ആഗ്രഹിച്ചു. അപരിചിത കുടുംബത്തിൽ നിന്ന് സ്റ്റേഷനിൽ വെച്ച് അയാളെ ഏറ്റുവാങ്ങിയത് റെയിൽവേ മാധവേട്ടനാണ്. മെലിഞ്ഞു കറുത്ത ആ മനുഷ്യൻ കണ്ടപാടെ ചോദിച്ചു:
"നിനക്ക് വെശക്കണുണ്ടാവും അല്ലേ?'
പ്രഭാതഭക്ഷണം കഴിക്കാൻ വേണ്ടി അവർ വെയിറ്റിങ് റൂമിലേക്ക് കടന്നു. ആക്‌സിലറി വെജിറ്റേറിയൻ സ്റ്റാൾ അന്ന് അതിനകത്തുതന്നെ ആയിരുന്നു എന്ന് കെ. ഓർക്കുന്നു. ഇരമ്പുന്ന ഒരു മനുഷ്യപ്രപഞ്ചമാണ് അവിടെ ഉണ്ടായിരുന്നത്. അന്നവിടെ കണ്ട കാഴ്ചയെ കെ. പിന്നീട് പലപ്പോഴും വിലയിരുത്തിയിട്ടുണ്ട്. യുദ്ധങ്ങൾ ബാക്കിവെച്ച ഇരുണ്ടലോകം. ഭിക്ഷക്കാരും ലൈംഗികതൊഴിലാളികളും. ഭിക്ഷക്കാരായ ഒരു നൂറു കുട്ടികളെങ്കിലും അന്ന് അവിടെ ഉണ്ടായിരുന്നു. ഉടുക്കാത്തവരും കീറിമുഷിഞ്ഞത് എന്തെങ്കിലും ഉടുത്തവരും. എല്ലായ്‌പ്പോഴും തമ്മിൽ അങ്കംവെട്ടുകയായിരുന്നു അവർ.
മാധവേട്ടൻ അയാൾക്ക് അന്ന് ഇഡ്ഡലിയും കാപ്പിയുമാണ് വാങ്ങിച്ചുനൽകിയത്. അതു കഴിക്കാനിരിക്കെ കുട്ടികളുടെ നിരവധി കൈകൾ നീണ്ടുവന്നു. ഒരു കൗതുകത്തിനുവേണ്ടി രാമേട്ടനറിയാതെ ഒരു കഷണം ഇഡ്ഡലി അയാൾ താഴേക്കിട്ടു. അതു കൈക്കലാക്കാനായി കുട്ടികൾ നിലത്തു വീണുകിടന്ന് യുദ്ധംചെയ്തു. മുറിവേറ്റു പിൻവാങ്ങേണ്ടി വന്ന ചെറിയ കുട്ടികൾ ഉച്ചത്തിൽ കരഞ്ഞു.
പുറത്തിറങ്ങിയപ്പോൾ മാധവേട്ടൻ ചൂണ്ടിക്കാണിച്ചു:
"ആ കാണണതാണ് നിന്റെ അച്ഛൻ കെടക്കണ ആസ്പത്രി.'
തിക്കുംതിരക്കും വെയിലും കൊണ്ട് അയാൾക്കപ്പോൾ അതു ശരിക്കു കാണാൻ കഴിഞ്ഞില്ല. മാധവേട്ടൻ പറഞ്ഞു:
"ഇപ്പൊ വീട്ടിൽ പോയി കുളിച്ചട്ട് വൈന്നേരം നമുക്ക് വരാം. വീട്ടില് ഒരമ്മായി നിന്നെ കാത്തിരിക്കണുണ്ട്. നിനക്ക് തെലുങ്ക് പഠിപ്പിച്ചുതരും. നീ അവരെ മലയാളം പഠിപ്പിക്കണം. ബുധനാഴ്ചക്ക്യാണ് അച്ഛന് ഓപ്പറേഷൻ നിശ്ചയിച്ചേക്കണ്. ഞാൻ നമ്മുടെ സഖാവ് പി. രാമമൂർത്തീനെക്കൊണ്ട് അവടത്തെ ഡോക്ടർ ബി. രാമമൂർത്തീനെ ഫോണിൽ വിളിപ്പിച്ചു. പേടിക്കാനൊന്നും ഇല്ലാന്ന് അദ്ദേഹം പറഞ്ഞു.'
ബസ്സിലിരുന്ന് കണ്ണിൽപെട്ടത് ഇടതുവശത്തെ നീലസമുദ്രമാണ്. ബംഗാൾ ഉൾക്കടൽ. റോഡിനപ്പുറത്ത് നീണ്ട വെള്ളമണൽപ്പരപ്പിന്റെ അറ്റത്ത് തെല്ലു വിദൂരമായ സാന്നിധ്യമായിരുന്നു അന്ന് കടൽ. പക്ഷേ ഇന്ന് കാലത്ത് തിരുവൊത്തിയൂരിലേക്ക് ബസ്സിൽ പോകുമ്പോൾ കടൽ റോഡിനോടു ചേർന്നു വന്നതായി കണ്ടു. മണൽപ്പരപ്പ് അൽപം പോലും ഉണ്ടായിരുന്നില്ല. കടലിന് പഴയ നീലനിറവും നഷ്ടപ്പെട്ടിരുന്നു.
"കടൽ എങ്ങനെ ഇത്രയ്ക്കും അടുത്തുവന്നു?'
ടോൾഗേറ്റിൽ വെച്ചു കണ്ട സെയ്തിനോട് കെ. ചോദിച്ചു.
സെയ്ത് ചിരിച്ചു:
"കടപ്പൊറം മുഴുവനും സുനാമി കൊണ്ടോയില്ലേ?'
പിന്നെ അയാൾ പറഞ്ഞു:
"കടപ്പൊറം മാത്രല്ല; കൊറേ വീടുകളും പീടികകളും കൊണ്ടോയി. അതീപ്പിന്ന്യാണ് ഈ കടൽഭിത്തി വന്നത്.'
ടോൾഗേറ്റിൽ ബസ്സിറങ്ങിയപ്പോൾ കെ. യുടെ തൊണ്ട വരണ്ടിരുന്നു.
ഒരു നാരങ്ങാ സർബത്ത് കഴിക്കാനാണ് സെയ്തിന്റെ പീടികയിൽ കയറിയത്.
അത് ഒരു പീടിക എന്നൊന്നും പറഞ്ഞുകൂടാ. ജീർണിച്ച് ആളൊഴിഞ്ഞ ഒരു കെട്ടിടത്തിനുകീഴിലെ കോണിച്ചുവടാണ്. ഒരാൾക്ക് കഷ്ടിച്ച് കുനിഞ്ഞിരിക്കാൻ പറ്റുന്ന ഇടം. സർബത്തിനു പുറമെ പൊടിപുരണ്ട ചില്ലുഭരണികളിൽ കുറച്ചു മിട്ടായികൾ ഉണ്ടായിരുന്നു.
ആകെ അലങ്കോലപ്പെട്ട ഒരു തെരുവുഭാഗത്തേക്കാണ് കെ. ബസ്സിറങ്ങിയത്. വാഷർമെൻപെട്ടിൽ നിന്നും വിംകോ നഗറിലേക്കുള്ള ചെന്നൈ മെട്രോയുടെ എക്‌സ്പാൻഷൻ വർക്ക് നടക്കുകയായിരുന്നു. റോഡിനു നടുവിൽ വലിയ തൂണുകൾ പണിയുന്നതിനാൽ ഇരുവശത്തുമുള്ള ഇത്തിരി സ്ഥലത്തുകൂടിയാണ് വാഹനങ്ങൾ പോയിരുന്നത്. കെ. നിരാശപ്പെട്ടു.
പണ്ട് മാധവേട്ടനുമൊന്നിച്ച് ബസിറങ്ങുമ്പോൾ ബസ്റ്റ് ആൻഡ് കോ കമ്പനിയിലെ ഒരു ഷിഫ്റ്റ് കഴിഞ്ഞ് തൊഴിലാളികൾ പുറത്തുവരുന്ന സമയമായിരുന്നു. ഒട്ടുമിക്ക പേരും മാധവേട്ടന്റെ പരിചയക്കാരാണ്. മലയാളികളായ തൊഴിലാളികൾ വന്ന് കെ. യോട് വാത്സല്യത്തോടെ സംസാരിച്ചു. അന്ന് ടോൾഗേറ്റിൽ റോഡിന്റെ വശങ്ങളിൽ അങ്ങിങ്ങായി ചോലമരങ്ങൾ നിന്നിരുന്നു. മരങ്ങൾക്ക് കീഴിലായി പത്രങ്ങളും മാസികകളും മുറുക്കാനും സിഗരറ്റും വിൽക്കുന്ന മാടക്കടകൾ. ധാരാളം മലയാള പ്രസിദ്ധീകരണങ്ങൾ തുങ്ങിക്കിടക്കുന്നതു കണ്ടിരുന്നു. കാക്കിയുടുപ്പിട്ട തൊഴിലാളികൾ സിഗരറ്റ് പുകച്ചുനിന്ന് നിന്ന് അവ മറിച്ചുനോക്കുന്നു.
"നിങ്ങ എവിടെന്നു വരുന്നു?'
സെയ്ത് ചോദിച്ചു.
കഴിഞ്ഞ നാൽപ്പത് കൊല്ലമായി സെയ്ത് ഈ കുടുസ്സുമുറിയിൽ സർബത്ത് കച്ചവടം ചെയ്യുന്നു. ഇതുകൊണ്ട് നാട്ടിൽ മണ്ണാർക്കാട്ടെ വീട് പുതുക്കിപ്പണിതു. രണ്ടു പെൺമക്കളെ കല്യാണം കഴിച്ചയച്ചു.
"പെരക്ക് വെടുപ്പില്ലെങ്കില് ഇക്കാലത്ത് പുതിയാപ്ലാരൊന്നും വരില്ല.'
സെയ്ത് പറഞ്ഞു.
ഇപ്പോൾ കച്ചവടമൊന്നും ഇല്ല. കേടുപറ്റിയതുകൊണ്ട് ഈ കെട്ടിടം പൊളിക്കാൻ പോവുകയാണ്. പൊളിച്ചുപണിയുമ്പോൾ എന്തെങ്കിലും അവകാശം കിട്ടുമോ എന്നു കാത്തിരിക്കുകയാണ് സെയ്ത്. പഴയ വാടകക്കാർക്കെല്ലാം പുതിയ കെട്ടിടത്തിൽ മുറി കിട്ടുമെന്നു കേൾക്കുന്നുണ്ട്. സെയ്ത് വാടകക്കാരനല്ല. കോണിച്ചുവട്ടിലെ അന്തേവാസിയാണ്. എങ്കിലും എന്തെങ്കിലും കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ബസ്റ്റ് ആൻഡ് ക്രോംടൺ കമ്പനി പൊളിച്ചുമാറ്റിയിട്ട് വർഷങ്ങളായി എന്ന് സെയ്ത് പറഞ്ഞു. ഇപ്പോൾ അമ്പത്തൂർ എസ്റ്റേറ്റിൽ അവരുടെ യൂണിറ്റുണ്ട്.
കമ്പനി പൊളിച്ചുമാറ്റിയ സ്ഥാനത്ത് ഒരു പുകക്കുഴൽ ബാക്കി നിറുത്തിയിട്ടുണ്ട്.
"വാ, അതു കാണിച്ചുതരാം.'
സെയ്ത് തന്റെ കുരുക്കുമുറിയിൽ നിന്ന് നൂണ്ട് പുറത്തിറങ്ങി.
"അപ്പൊ പീടിക'
കെ. ചോദിച്ചു.
"ഓ, അതവടെ കെടക്കട്ടെ. ആരു വരാനാണ്?'
അവർ നടന്നു.
പഴയകാലത്ത് ബസ്റ്റ് ആൻഡ് കോ എന്ന കമ്പനിയായിരുന്നു ടോൾഗേറ്റ് എന്ന പ്രദേശത്തിന്റെ ജീവൻ. മലയാളിത്തൊഴിലാളികൾ ഒട്ടുമിക്ക പേരും ചീരത്തോട്ടത്തിനപ്പുറത്തെ ലൈൻ മുറികളിലാണ് താമസിച്ചിരുന്നത്. അവരെല്ലാം അച്ഛനെ കാണാനായി ആശുപത്രിയിൽ വന്നിരുന്നു. ഓപ്പറേഷന്റെ ദിവസം സഹായത്തിനു സന്നദ്ധരായും അവർ വന്നു. മാധവേട്ടന്റെ സഹധർമിണി കാഞ്ചനാദേവി എന്ന സ്ത്രീയുടെ മിന്നുന്ന മൂക്കുത്തിയാണ് കെ. യുടെ ഓർമയിൽ മായാതെ നിൽക്കുന്നത്. മാധവേട്ടൻ കണ്ണുകൾ കുഴിഞ്ഞ് ഒരസ്ഥികൂടം പോലെയായിരുന്നുവെങ്കിൽ കാഞ്ചനാദേവി തെല്ലു തടിച്ച് അതീവ സുന്ദരിയായിരുന്നു. അവർക്ക് മലയാളം കേട്ടാൽ മനസ്സിലാവും. മലയാളത്തിലെ മാസികകളും പുസ്തകങ്ങളും കെ. അവർക്ക് വായിച്ചുകൊടുത്തു.
"ഇവിടെയായിരുന്നു ആ കമ്പനി ഉണ്ടായിരുന്നത്. '
സെയ്ത് ചൂണ്ടിക്കാട്ടി.
അതിന്റെ ഇടതുഭാഗത്തുള്ള വഴിയിലൂടെയാണ് അന്നു താമസിച്ചിരുന്ന ലൈൻ മുറിയിലേക്ക് നടന്നുപോയിരുന്നത്. ഇപ്പോൾ ആ വഴി ഇപ്പോൾ ചെന്നുമുട്ടുന്നത് ഏതോ കൺസ്‌ട്രക്ഷൻ കമ്പനിയുടെ ഗോഡൗണിലേക്കാണ്. പണ്ട് ചീരയും കൊത്തമല്ലിയും നനഞ്ഞു വളർന്നുനിൽക്കുന്ന സ്ഥലത്ത് കമ്പിയും മെറ്റലും സിമന്റും കൂടിക്കിടക്കുന്നു. ഒരു വേയിങ് ബ്രിഡ്ജിനു സമീപം ലോറികൾ കൂടിക്കിടക്കുന്നു. ചെറിയ ഫോർക്ക് ലിഫ്റ്റുകൾ മുരണ്ട് ഓടുന്നുണ്ട്. പൊടിയിൽ മുങ്ങിയ തൊഴിലാളികൾ നടക്കുന്നു.
"നിങ്ങള് പറഞ്ഞ ചീരത്തോട്ടം നമ്മളു വരണകാലത്ത് ഇവിടെ ഇല്ല.'
സെയ്ത് പറഞ്ഞു.
കണ്ണിന് ഓപ്പറേഷൻ നിശ്ചയിച്ച വിവരം അറിഞ്ഞപ്പോൾ അമ്മ പറഞ്ഞു:
"കാഴ്ച ശര്യായാല് ആദ്യം തന്നെ ടോൾഗേറ്റിൽ പോയി മാധവേട്ടന്റെ ആ പഴയ വീട് കാണണം. ഇപ്പഴും ചീര തന്നെയാവ്വോ അവടെ കൃഷി ചെയ്യണ്?'
സെയ്തിനോട് യാത്ര പറഞ്ഞ് അയാൾ സെൻട്രലിലേക്കുള്ള ബസ്സു കയറി.
രാജീവ് ഗാന്ധി മെമ്മോറിയൽ ഗവർമെണ്ട് ജനറൽ ആശുപത്രി സന്ദർശിക്കണം എന്ന ആഗ്രഹം കെ. ഉപേക്ഷിച്ചു. പകരം അയാൾ ചെപ്പോക്കിലേക്കുള്ള ബസിൽ കയറി. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ചെപ്പോക്ക് കാംപസിലാണ് നാം പിന്നെ അദ്ദേഹത്തെ കാണുന്നത്. അപ്പോഴേക്കും അദ്ദേഹം വല്ലാതെ ക്ഷീണിച്ചിരുന്നു. പി.ജി. മെൻസ് ഹോസ്റ്റലിൽ ചെന്ന് ഒരു മുറിയുടെ വാതിലിൽ അദ്ദേഹം മുട്ടി.
വാതിൽ തുറന്ന് പുറത്തുവന്നത് ആരോഗ്യസ്വാമിയാണ്.
മുൻപ് ലണ്ടനിൽ വെച്ച് മെഹമൂദിനൊപ്പം നമ്മൾ കണ്ട ഗവേഷണവിദ്യാർഥി. അദ്ദേഹം കെ. യെ കണ്ട് ആശ്ചര്യപ്പെട്ടു പറഞ്ഞു:
"നീങ്കളാ സർ? ഒരു മുന്നറിയിപ്പും ഇല്ലാതെ?'
ഹോസ്റ്റലാണെങ്കിലും സാമാന്യം വലുപ്പമുണ്ടായിരുന്നു ആരോഗ്യസ്വാമി താമസിക്കുന്ന മുറിയ്ക്ക്. സ്വാമി അവിടത്തെ വാർഡനാണ്. കെ. യെ കണ്ടതിൽ വലിയ സന്തോഷമുണ്ടെന്നും നാളെ ട്രിച്ചിക്കടുത്തുള്ള തന്റെ ഗ്രാമത്തിലേക്ക് ഒന്നിച്ചു പോകാമെന്നും ആരോഗ്യസ്വാമി പറഞ്ഞു:
"നിങ്ങൾക്കത് നല്ല കൗതുകമായിരിക്കും.'
രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ ഡി. കാട്ടൂർക്കടവ് എന്ന തന്റെ അജ്ഞാത വിമർശകനെ കെ. ഓർത്തു. അയാളുടെ കമന്റുകൾ കുറച്ചുനാളായി കാണാറില്ല. താൻ ഫേസ്ബുക്കിലെഴുതിയിട്ടും കുറച്ചായല്ലോ എന്ന് കെ. ഓർത്തു. കെ. എഴുന്നേറ്റിരുന്ന് ഫേസ്ബുക്ക് നോക്കി. ഡി. കാട്ടൂർക്കടവിലിന്റെ പ്രൊഫൈൽ എടുത്ത് മെസഞ്ചറിൽ സന്ദേശമായി ഇങ്ങനെ എഴുതി:
"സുഹൃത്തേ, താങ്കളെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു. താങ്കൾ ആരാണെന്നോ എവിടെയാണെന്നോ എനിക്കു നിശ്ചയമില്ല. അന്വേഷിച്ചാൽ ഒരുപക്ഷേ കണ്ടെത്താനാവും. പക്ഷേ അന്വേഷിക്കാൻ എനിക്കു ധൈര്യമില്ല. ആ അന്വേഷണം എവിടെയാണ് എത്തിച്ചേരുക എന്നാർത്ത് ഞാൻ പരിഭ്രമിക്കുന്നു.
എന്റെ ഉള്ളിലിരുന്നാണോ നിങ്ങൾ സംസാരിക്കുന്നത്?
എന്ന്, സ്വന്തം കെ.' ▮
(തുടരും)