2019-ലും പ്രളയം കേരളത്തിൽ ആവർത്തിച്ചു. പക്ഷേ അതിനെ പ്രളയം എന്നു വിളിക്കാൻ മലയാളി ഇഷ്ടപ്പെട്ടില്ല. 2018-നെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായതുകൊണ്ട് സാധാരണമട്ടിൽ വെള്ളപ്പൊക്കം എന്നാണ് വിശേഷിപ്പിച്ചത്. സത്യത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ ദുഃഖകരമായ സംഗതികളാണ് 2019-ൽ ഉണ്ടായത്. സഹ്യപർവതം ശക്തമായി പ്രതികരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കവളപ്പാറയിലെയും പുത്തുമലയിലെയും മനുഷ്യജീവിതം ഒന്നാകെ മണ്ണിൽ മറഞ്ഞുപോയി.
മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ മുത്തപ്പൻ കുന്നിന്റെ താഴെ ജീവിച്ചിരുന്ന അമ്പത്തിയൊമ്പതു പേർ മണ്ണിനടിയിൽപ്പെട്ടു മരിച്ചതായി കണക്കാക്കുന്നു. മണ്ണുനീക്കിക്കൊണ്ടുള്ള തിരച്ചിൽ നിരന്തരം നടത്തിയെങ്കിലും പല മൃതദേഹങ്ങളും കണ്ടെടുക്കാൻ കഴിഞ്ഞില്ല. കണ്ടെടുത്ത മൃതദേഹങ്ങളിൽ പലതും ശിഥിലമായിരുന്നതുകൊണ്ട് സ്ഥലത്തുനിന്നു മാറ്റാൻ നിർവാഹമുണ്ടായിരുന്നില്ല. സമീപത്തുള്ള പോത്തുങ്കല്ല് മുജാഹിദ് പള്ളിയിലെ നിസ്കാര മുറിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. പള്ളിയിലെ ബഞ്ചുകളും ഡസ്ക്കുകളും മയ്യത്തുമേശയും അതിലേക്കായി ഉപകാരപ്പെട്ടു. ആശ്വാസകരമായ ഒരു പരാമർശം ആ സമയത്ത് ഡോക്ടർമാർ നടത്തി: "മണ്ണിനടിയിൽ പെട്ടവർ അബോധാവസ്ഥയിലാവും മരിച്ചിട്ടുണ്ടാവുക. പതിനഞ്ചു സെക്കന്റുകൊണ്ട് മരണം സംഭവിച്ചിരിക്കും.'
പലയിടത്തും ദുരന്തങ്ങൾ ഉണ്ടായെങ്കിലും 2019-ലെ വെള്ളപ്പൊക്കം കാട്ടൂർക്കടവുകാരെ അത്രകണ്ട് ബാധിച്ചില്ല. എല്ലായിടത്തും വെള്ളം ഉയർന്നുവന്നു എന്നത് ശരിയാണ്. കരുവന്നൂർ പുഴയും കാനോലി കനാലും കരകവിഞ്ഞു. ബോട്ടുകടവ് അങ്ങാടിയിൽ വെള്ളം കയറി. പക്ഷേ മുൻവർഷത്തെ അനുഭവം വെച്ച് ആളുകൾ ചില മുൻകരുതലുകൾ എടുത്തതുകൊണ്ട് അത്യാഹിതങ്ങൾ ഉണ്ടായില്ല. തോടുകളും കുളങ്ങളും നേരത്തേ വൃത്തിയാക്കിയിരുന്നു. നീരൊഴുക്കിന് വലിയ തടസ്സങ്ങൾ ഉണ്ടായില്ല. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വീടിന്റെ മുകൾതട്ടിലേക്ക് കയറ്റിവെച്ച് സുരക്ഷിതമാക്കി. അഭയാർഥി ക്യാമ്പുകളിലേക്ക് കൊണ്ടുപോകാനുള്ള ഭാണ്ഡങ്ങളും ബാഗുകളുമെല്ലാം നേരത്തേ ഒരുക്കിവെച്ചു. വാഹനങ്ങളും റെഡിയായിരുന്നു. എല്ലാവരും നേരത്തെ പുറപ്പെട്ടു. സർക്കാർ സംവിധാനവും കാര്യക്ഷമമായിരുന്നു. ക്യാമ്പുകൾ നേരത്തേ ഒരുങ്ങി. ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവെച്ചിരുന്നു.
എല്ലാറ്റിലും പ്രധാനം വെള്ളത്തിന്റെ കടന്നാക്രമണം എവിടെ എങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ആളുകൾക്ക് അറിയാമായിരുന്നു എന്നതാണ്. ആർത്തലച്ച് ഒഴുകിവന്ന മലവെള്ളത്തിനും മുൻ അനുഭവം ഉണ്ടായിരുന്നു. സുഗമമായി ഒഴുകാൻ വേണ്ട വഴികൾ അത് കണ്ടുവെച്ചിരുന്നു. ഒരു വിഷമം മാത്രമേ ഉണ്ടായുള്ളു. തൊട്ടടുത്ത വർഷങ്ങളിൽ വെള്ളപ്പൊക്കം ആവർത്തിക്കുകയില്ല എന്ന് കാട്ടൂർക്കടവുകാർ പൊതുവെ വിശ്വസിച്ചിരുന്നു. ആ ധാരണ തകർന്നു. അണക്കെട്ടുകളും ബണ്ടുകളും കെ.എൽ.ഡി.സി. കനാലുകളും സാർവത്രികമായതുകൊണ്ട് വെള്ളപ്പൊക്കങ്ങൾ പഴങ്കഥയായിരിക്കുന്നു എന്ന വാദവും പൊളിഞ്ഞു.
"അതൊക്കെ ജഗന്നിയന്താവിന്റെ ചില തീരുമാനങ്ങളാണ്. അതിലൊന്നും ഇടപെടാൻ ആർക്കും അവകാശമില്ല.'
നികുഞ്ജത്തിൽ മാധവമേനോൻ പറഞ്ഞു.
"അതു ശരിയാണ്.'
അരികത്തുണ്ടായിരുന്ന റിക്കാർഡ്സ് വകുപ്പ് ഡയറക്ടർ ഹേമന്ത്കുമാർ പറഞ്ഞു. അദ്ദേഹം തുടർന്നു:
"ഔദ്യോഗിക ആവശ്യത്തിനായി ഒരിക്കൽ ഞാൻ ഈ കവളപ്പാറ എന്ന സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ഏതാണ്ട് മൂന്നുകൊല്ലം മുമ്പാണ്. വയനാടിനും മലപ്പുറത്തിനും തമിഴ്നാട്ടിലെ നീൽഗിരി ജില്ലയ്ക്കും ഇടയിലാണ് ആ പ്രദേശം. ഭൂപ്രകൃതി മനോഹരമാണ്. മാപ്പിളമാരും പിന്നെ കുടിയേറ്റ ക്രിസ്ത്യാനികളുമാണ് ജനങ്ങൾ. അന്ന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവിടെ അടുത്ത് കരുളായി വനമേഖലയിൽ ആന്ധ്രയിൽ നിന്നുള്ള നക്സലൈറ്റ് നേതാവ് കുപ്പു ദേവരാജനും സംഘവും പോലീസ് വെടിവെപ്പിൽ മരിച്ചിരുന്നു. കാട്ടൂർക്കടവുമായി ബന്ധമുള്ള ചെറുവത്തരി രഘൂത്തമൻ എന്നയാൾ അക്കാലത്ത് അവിടെ ക്യാമ്പ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.'
"ഈ രഘുത്തമന്റെ അമ്മാവനുണ്ട് ഒരാള്. ചെറുവത്തരി നമ്പീശൻന്ന് പറയും. കത്തിച്ചാൽ കത്തണ കമ്യൂണിസ്റ്റാണ്. പരാക്രമി. ആൾ നിന്ന നിൽപ്പിൽ മാഞ്ഞുപോവുകയാണുണ്ടായത്. ശരിക്കുള്ള കമ്യൂണിസ്റ്റുകൾക്ക് അതിനുള്ള കഴിവുണ്ട്.' നികുഞ്ജത്തിൽ മേനോൻ പറഞ്ഞു.
ദിമിത്രി വാങ്ങി കേടുതീർത്തു നവീകരിച്ച കൊളംബ് ബംഗ്ലാവിന്റെ പാലുകാച്ചൽ ചടങ്ങിനു വന്നതായിരുന്നു മേനോനും ഡയറക്ടരും. വക്കീൽ പുരുഷോത്തമനും ഉണ്ടായിരുന്നു. ആ സമയത്ത് അവിടെ ഗണപതിഹോമം നടക്കുകയായിരുന്നു. അഗ്നികുണ്ഡം ഒരുക്കിയ അകത്തളത്തിൽത്തന്നെയാണ് അവരൊക്കെ ഇരുന്നത്. അവിടമാകെ ഹോമപ്പുക കൊണ്ട് നിറഞ്ഞു.
ദിമിത്രിയുടെ ഭാര്യ മോനമ്മ തിടുക്കത്തിൽ വന്നു ചോദിച്ചു.
"ഇവിടെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോ സർ?'
"ഏയ്. ഇല്ല.'
ഡയറക്ടർ പറഞ്ഞു.
മേനോൻ പറഞ്ഞു:
"ഹോമപ്പുകയിൽ ഇങ്ങനെ ഇരിക്കുന്നത് രണ്ടുജന്മം സത്യവൃത്തി ചെയ്തതിന് സമമാണ്.'
മേനോന്റെ ശബ്ദം വളരെ ദുർബലമായിരുന്നു. ചില വാക്കുകൾ ഉച്ചരിക്കാൻ അദ്ദേഹം വളരെ ബുദ്ധിമുട്ടി. ഇതിനിടെ വന്നുപെട്ട പക്ഷാഘാതം അദ്ദേഹത്തിന്റെ
സംസാരശേഷി മുഴുവൻ നഷ്ടപ്പെടുത്തിയതാണ്. പിന്നെ അതൊരുവിധം വീണ്ടെടുത്തു. ഇപ്പോഴും നടക്കാൻ പ്രയാസമുണ്ട്. കാറിൽ നിന്നും ആളുകൾ താങ്ങിയെടുത്താണ് അദ്ദേഹത്തെ ബംഗ്ലാവിനകത്തേക്ക് കൊണ്ടുവന്നത്. ഒരു കൈയിനും ഒരു കാലിനും സ്വാധീനക്കുറവുണ്ട്.
ഒരാൾ വന്ന് അദ്ദേഹത്തെ ഊണുകഴിക്കാൻ വിളിച്ചു.
"ഇലവെക്കാം. മേനോൻ വന്നിരുന്ന് ഊണു കഴിച്ചാട്ടെ.'
"അതു ശരിയല്ല. ആദ്യം ഡയറക്ടർ സ്വാമി ഊണുകഴിക്കട്ടെ. അദ്ദേഹം ബ്രാഹ്മണനാണ്. പോരാത്തതിന് അയ്യേയെസും. അതുകഴിഞ്ഞിട്ടാവാം കേവലം ശൂദ്രനായ എന്റെ ഊഴം.'
അതുകേട്ട് ഹേമേന്ദ്രകുമാർ പൊട്ടിച്ചിരിച്ചു. അദ്ദേഹം പറഞ്ഞു:
"മേനോൻ നല്ല തമാശക്കാരനാണ്.'
"അയ്യോ! ഞാൻ തമാശ പറഞ്ഞതല്ല ഡയറക്ടർ സ്വാമി. ആചാരങ്ങളൊക്കെ അതിന്റെ
വഴിക്ക് നടക്കണം. അതൊന്നും വെറുതെണ്ടായതല്ല. ഒക്കെ മുറതെറ്റിച്ചു നടന്നേന്റെ
ഫലല്ലേ ഇപ്പൊ നമ്മളൊക്കെ അനുഭവിക്കുന്നത്? ഞാൻ രാഷ്ട്രീയം പറയ്യല്ല. കൊറച്ച് കാലായിട്ട് നാട്ടിലിണ്ടാവണ അനർഥങ്ങള് നിങ്ങള് ശ്രദ്ധിച്ചട്ടുണ്ടാവൂലോ. ഓഖീന്നും പറഞ്ഞ് ഒരു കൊടുങ്കാറ്റു വന്നു. ഇപ്പൊ എടക്കെടക്കിണ്ട് ഒരു ന്യൂനമർദം. കാറ്റ്, മഴ. മുമ്പിങ്ങനെ കേട്ടിട്ടുണ്ടോ? പിന്നെ നിപാന്ന് പറഞ്ഞ് ഒരു സൂക്കേട്. പിന്നെ പ്രളയം. നമ്മള് അനുഭവിച്ചേന് കണക്കുണ്ടോ? ഒന്നോണ്ട് അത് തീർന്നില്ല. രണ്ടാമതും വന്നു.'
സ്വാമി നിത്യാനന്ദയുടെ ഉപദേശമനുസരിച്ചാണ് ദിമിത്രി കൊളംബ് ബംഗ്ലാവ് വിലയ്ക്ക് വാങ്ങിച്ചത്. അത് ഒരു ചിട്ടിക്കമ്പനിക്കാരുടെ കൈവശമായിരുന്നു. അവർ വീട് സംരക്ഷിക്കാൻ ശ്രമിച്ചില്ല. പറമ്പ് മുഴുവൻ കാട്കയറി. വീടും കയ്യാലയും പലഭാഗത്തും തകർന്നിരുന്നു. ഉത്തരവും കഴുക്കോലുകളും ഏതാണ്ടും പാഴായി. താഴത്തെ അടുക്കള ഏതാണ്ട് പൂർണമായി നശിച്ചു എന്നുപറയാം.
"എന്നാലും രണ്ടു പ്രളയങ്ങൾ കേറി മറിഞ്ഞിട്ടും ഇതിങ്ങനെ ബാക്കി ന്നു എന്നത് ഒരത്ഭുതമാണ്.'
"അത് പഴയ പണിയുടെ കേമത്തം. കറപ്പയ്യാസ്വാമി മുരിയാട്ടുനിന്ന് ആശാരിമാരെ കൊണ്ടന്ന്ട്ടാ ഇത് പണിയിച്ചതെന്ന് കേട്ടിട്ടുണ്ട്. ഒരു ചട്ടക്കാരനാർന്നൂ ത്രെ മേസ്തിരി.'
"ഈ ഉമ്മറത്ത് വന്നിരിക്കാത്ത പ്രമാണിമാരുണ്ടോ? കറപ്പയ്യാസ്വാമീണ്ടാർന്ന കാലത്ത് സഹോദരൻ അയ്യപ്പൻ, എം.സി. ജോസഫ്, പനമ്പിള്ളി ഗോവിന്ദമേനോൻ. കരുണൻ മാഷുടെ കാലത്ത് വി.ആർ. കൃഷ്ണനെഴുത്തച്ഛനും കെ.ടി. അച്ചുതൻ വക്കീലും നിത്യസന്ദർശകരാർന്നു. സുഗതൻ പാർട്ടിക്കാരനാർന്ന സമയത്ത് അച്ചുതമേനോൻ, ഗോപാലകൃഷ്ണമേനോൻ.'
"ഇപ്പൊ ദാ, ഹേമേന്ദ്രകുമാർ അയ്യേയെസും.'
മേനോൻ കൂട്ടിച്ചേർത്തു.
"നല്ലൊരു സംഖ്യ ചെലവഴിച്ചു ദിമിത്രിസാറ്. ഈ വീടിനെ ഇങ്ങനെ രക്ഷിച്ചെടുക്കാൻ.'
സ്ക്രൈബ് തളിയിൽ സുഗുണൻ പറഞ്ഞു.
"പണമെന്തിനാ മനുഷ്യന്. നല്ല കാര്യങ്ങൾക്ക് വേണ്ടി ചെലവാക്കാനല്ലേ? പൂർവികഭവനം വീണ്ടെടുക്കുന്നതിൽപ്പരം പുണ്യം വേറെന്താ ഉള്ളത്?'
ഡയറക്ടർ കൂടാതെ ഡിപ്പാർട്ടുമെന്റിലെയും സെക്രട്ടേറിയറ്റിലെയും ഒരു സംഘം ഉദ്യോഗസ്ഥന്മാർ തിരുവനന്തപുരത്തുനിന്ന് ചടങ്ങിന് എത്തിയിട്ടുണ്ട്. ചുറ്റുമുള്ള വയലുകളും തോടുകളും നടന്നുകണ്ട് അവർ ആശ്ചര്യപ്പെട്ടു.
"നോക്കെത്താ ദൂരത്താണ് വയലിന്റെ അതിര്. ഇങ്ങനത്തെ സ്ഥലങ്ങൾ ഇപ്പഴും കേരളത്തിലിണ്ടെന്ന് ഇപ്പഴാ ഞാൻ അറിയണ്."
ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ദിമിത്രിയും ഭാര്യയും നേരത്തേ തന്നെ എത്തി. പുതുക്കിയ ബംഗ്ലാവിന്റെ അകത്ത് കയറി അയാൾ നടന്നുനോക്കി. അയാൾക്ക് ആ സ്ഥലം അപരിചിതമായിട്ടാണ് തോന്നിയത്. എല്ലാ മുറികളിലും നിലത്ത് ടൈൽസ് പാകിയിട്ടുണ്ട്. വാതിലുകൾ മാറ്റി. പഴയ വീട്ടുപകരണങ്ങൾ എല്ലാം നഷ്ടപ്പെട്ടിരുന്നു. കരുണൻ മാഷും പുല്ലാർക്കാട്ട് സുഗതനും ഇരുന്നു വായിച്ച കസേരകൾ ഉൾപ്പടെ. അറയും പത്തായങ്ങളും ഇല്ല. മുകളിലെ വായനാമുറി ശുദ്ധശൂന്യമാണ്. അലമാരികളും പുസ്തകങ്ങളും ഇല്ല. ചുവരുകളിലെ ചിത്രങ്ങളും നഷ്ടപ്പെട്ടു. കറപ്പയ്യാസ്വാമിയുടെ ഛായാചിത്രവും.
പടിപ്പുരയ്ക്കപ്പുറത്ത് ഒഴുകിയിരുന്ന കനോലിക്കനാൽ പാടെ മെലിഞ്ഞു നിശ്ചലമായി. വഞ്ചികളൊന്നും പോകുന്നില്ല. ഇലകളും മാലിന്യവും വീണ് ചെളികെട്ടി വെള്ളം പാടെ കറുത്തുപോയി. തലപെരുപ്പിക്കുന്ന ദുർഗന്ധമാണ് പരക്കുന്നത്.
"കനാലിന്റെ ഇപ്പഴത്തെ സ്ഥിതി നോക്കണ്ട സാറെ. ദേശീയ ജലപാത ശര്യായി വരണുണ്ട്. വീതി കൂട്ടലും ചേറെടുക്കലും ഏതാണ്ട് കോട്ടപ്പുറം വരെ എത്തീന്നാ കേക്കണ്. ജലപാത വന്നാല് ബോട്ടോള് ഓടാൻ തൊടങ്ങും. ടുറിസ്റ്റുകള് വരും. അപ്പൊ കാട്ടൂക്കടവ് ഒന്നു തെളിയും. കൊളംബ് ബംഗ്ലാവിനെ നമ്മക്ക് റിസോർട്ടാക്കാം. സാറിന് കാശ് എരട്ടി മൊതലാവും. ഇമ്മാതിരി പുരാതന ബംഗ്ലാവുകൾകൊക്കെ ഇപ്പ വല്യ ഡിമാന്റാണ്.'
കൂടെയുണ്ടായിരുന്ന സ്ക്രൈബ് സുഗണൻ പറഞ്ഞു. അയാളാണ് ഈ വസ്തു കൈമാറ്റത്തിന്റെ ഇടനിലക്കാരനായി നിന്നത്.
കനാലിലേക്കിറങ്ങാനുള്ള ചവിട്ടുപടികൾ പാടെ തകർന്നിരുന്നു. കല്ലുകളിൽ ചവിട്ടി നിൽക്കുമ്പോൾ ദിമിത്രി പഴയ ചില മുഖങ്ങൾ ഓർമിക്കാൻ ശ്രമിച്ചു. വല്യമ്മയുടെ; കരുണൻ മാഷുടെ; വാറുണ്ണി മാഷുടെ. ഒന്നും തെളിഞ്ഞുവരുന്നില്ല. ആശുപത്രിയിൽ മരിക്കാൻ കിടക്കുന്ന അച്ഛൻ പുല്ലാർക്കാട്ട് സുഗതന്റെ വികൃതമായ മുഖം മാത്രം മനസ്സിൽ തെളിഞ്ഞു.
സസ്പെൻഷൻ പിൻവലിച്ചശേഷം കരുതിയ പോലെ തിരുവനന്തപുരത്തുതന്നെ ദിമിത്രിക്ക് നിയമനം ലഭിച്ചു. അയാളെ സ്വന്തം ജില്ലയിൽ നിയമിക്കരുതെന്ന് സസ്പെൻഷൻ പിൻവലിച്ചുള്ള ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ഉർവശീശാപം പോലെ അത് അയാൾക്ക് ഉപകാരമായി. കോട്ടയ്ക്കകത്തെ ബ്യൂറോയിലാണ് നിയമിക്കപ്പെട്ടത്. സംസ്ഥാനത്തെ മറ്റു ബ്യൂറോകളെ അപക്ഷിച്ച് മൂന്നും നാലും ഇരട്ടിയാണ് അവിടത്തെ കൈമടക്ക് വരുമാനം. മോനമ്മ ജോൺ ആ സമയത്ത് ജോയിന്റ് ഡയറക്ടറായി പ്രൊമോഷൻ ലഭിച്ച് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഇരുവരും ഒരു വീട് വാടകയ്ക്കെടുത്ത് താമസമാരംഭിച്ചു.
വിജിലൻസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടുതവണ കേസ് വിളിച്ചു. പുരുഷോത്തമൻ വക്കീൽ വലിയ ശുഭാപ്തി വിശ്വാസമാണ് പ്രകടിപ്പിച്ചത്. ദിമിത്രിയെ രക്ഷിക്കാനായി സമർഥമായ പല പോയിൻറുകളും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. പ്രധാനമായ ഒന്ന് പ്രതിക്ക് ഇടതുകൈക്കാണ് സ്വാധീനം എന്നുള്ളതാണ്. ദിമിത്രിയുടെ ഷർട്ടിന്റെ ഇടതുവശത്തെ പോക്കറ്റിൽ നിന്നും കൈക്കൂലിപ്പണം കണ്ടെടുത്തു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. റെയിഡ് നടത്തിയ സമയത്ത് ദിമിത്രി ധരിച്ചിരുന്ന ഷർട്ടിന് രണ്ടു പോക്കറ്റുകൾ ഉണ്ടായിരുന്നു എന്ന് പുരുഷോത്തമൻ വക്കീൽ ചൂണ്ടിക്കാട്ടി. ഇടതുകൈക്ക് സ്വാധീനക്കൂടുതലുള്ള ഒരാൾ സ്വഭാവികമായും വലതുപോക്കറ്റിലാണ് പണം നിക്ഷേപിക്കുക. പ്രതിയുടെ ഭാര്യ ഡിപ്പാർട്ട്‌മെന്റിൽ സമുന്നത ഉദ്യോഗസ്ഥയാണ്. ഭാര്യയോടുള്ള വിരോധം തീർക്കാനായി ചിലർ ഭർത്താവിനെ ബലിയാടാക്കിയിരിക്കുകയാണ്.
"കേസിൽ നമ്മൾ ജയിക്കും. അക്കാര്യം ഓർത്ത് വിഷമിക്കേണ്ടതില്ല.'
വക്കീൽ ദിമിത്രിയെ സമാധാനിപ്പിച്ചു.
ഹോമത്തിനു വന്ന ആളുകൾ ഭക്ഷണം കഴിച്ചശേഷം പുറത്ത് നിരത്തിയിട്ട കസേരകളിൽ ഇരുന്നു. പ്രളയം വിട്ട് അവർ ശബരിമല വിഷയം ചർച്ച ചെയ്യാൻ തുടങ്ങി. യുവതികളായ സ്ത്രീകൾക്ക് സന്നിധാനത്ത് പ്രവേശിക്കാനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള കോടതിവിധി വന്നിരുന്നു. അത് രാഷ്ട്രീയരംഗത്ത് സംഘർഷം സൃഷ്ടിച്ചു. വിധിയുടെ ബലത്തിൽ ചില സ്ത്രീകൾ മലകയറാൻ തയ്യാറെടുക്കുന്നതായി അറിഞ്ഞു. അവരെ തടയാനായി ആർ.എസ്.എസ്. വോളണ്ടിയർമാർ ശബരിമല പരിസരത്ത് തമ്പടിച്ചു.
"തീണ്ടാരിയായ സ്ത്രീകൾ ശബരിമലയിൽ ചെന്നുകയറണമെന്നാത്രെ കോടതി വിധി.'
കുട്ടിനാരായണൻ എന്ന ഒരു വൃദ്ധൻ പറഞ്ഞു. പെൻഷൻ പറ്റിപ്പിരിഞ്ഞ ഒരു എക്സൈസ് ശിപായിയാണ് അദ്ദേഹം. സാൾട്ടുകാരൻ എന്നാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. കള്ളിൽ മായം ചേർക്കുന്നുണ്ടോ എന്നറിയാൻ അയാൾ ചെത്തുതൊഴിലാളികളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നുവത്രെ.
"തീണ്ടാരിക്കാലത്തു തന്നെ കയറണം?"
നികുഞ്ജത്തിൽ മേനോൻ ചോദിച്ചു.
"വേണം. എന്നാലല്ലേ മതേതരത്വം സംരക്ഷിക്കാൻ പറ്റൂ.'
അതുപറഞ്ഞ് സാൾട്ടുകാരൻ പൊട്ടിച്ചിരിച്ചു.
സദ്യയുടെ തിരക്കൊഴിഞ്ഞപ്പോൾ സ്ക്രൈബ് സുഗുണൻ വന്ന് ദിമിത്രിയെ തൊടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വടക്കേ കിണറിൽ പണ്ട് കാളത്തേക്കിനു വേണ്ടി കെട്ടിയിരുന്ന പടുക്കയിൽ ഇരുന്ന് അവർ സംസാരിച്ചു.
സുഗുണൻ പറഞ്ഞു:
"സാർ എന്നോട് അനിഷ്ടം വിചാരിക്കരുത്. വിജിലൻസ് വിഷയത്തിൽ ഞാൻ വെറുമൊരു ആയുധം മാത്രാർന്നൂന്ന് സാറിന് അറിയാലോ. പരാതി കൊടുക്കാമ്പറഞ്ഞു. ഞാൻ കൊടുത്തു. എല്ലാ കാര്യങ്ങളും മേന്നാണ് ചെയ്തത്. എന്റെ അരിപ്രശ്നാണ്. പറഞ്ഞാൽ അത് ചെയ്യാണ്ടിരിക്ക്യാൻ പറ്റ്വോ? സാറ് ഇനിക്ക് മാപ്പുതരണം.'
"മാപ്പിന്റെ കാര്യൊന്നും ഇല്ല സുഗുണാ. എല്ലാം കർമഫലംന്നാണ് ഞാൻ ഇപ്പൊ വിചാരിക്കണ്. മേനോനല്ല; കാലാധിപനായ തമ്പുരാനാണ് എല്ലാം ചെയ്യിക്കണ്. നമ്മളൊക്കെ വെറും കയ്യാളുകളാണ്.'
സുഗുണന് കരച്ചിൽ അടക്കാനായില്ല. അയാൾ തേങ്ങി.
അവൻ പറഞ്ഞു:
"ഒരു പ്രധാന കാര്യം പറയാനുണ്ട്. മണ്ണാന്തുരുത്തിലെ ആ പത്തുസെന്റ്
സ്ഥലത്തിന്റെ കാര്യം ഓർമീണ്ടല്ലോ. ഇപ്പൊ അത് സാറിന്റെ പേരില് അവകാശം വന്നിരിക്ക്യാണ്. പറമ്പും വീടും ഇപ്പോ കാടുപിടിച്ചു കെടക്കണു. വല്ലതും ആലോചിച്ചട്ടുണ്ടോ അതിനെപ്പറ്റി? അത് എന്തുചെയ്യാനാ ആലോചിക്കണ്?'
ദിമിത്രി ഒന്നും മിണ്ടാതെ നിന്നു.
സുഗുണൻ തുടർന്നു:
"അതവടെ കെടന്ന് കാടുപിടിച്ച് നശിച്ചുപോയിട്ട് എന്താ കാര്യം? ഇപ്പൊ സ്ഥലത്തിനൊക്കെ ഒരു മാതിരി വെലേണ്ട്. ചെറുവകയ്ക്കൊക്കെ നല്ല ഡിമാന്റാ. വേഗം വിറ്റ് കാശ് കയ്യിലാക്കല്ലേ നല്ലത്?'
"വൈക്യാല് ചെല വയ്യാവേലികള് വരും. ഞാൻ അറിഞ്ഞ കാര്യങ്ങളാ പറയണ്. അതുമ്മെ പാർട്ടിക്കാർക്ക് ഒരു കണ്ണുണ്ട്. സഖാവ് മീനാക്ഷീടെ സ്മാരകം ണ്ടാക്കാനാ ആലോചന. എന്തായാലും പാർട്ടിക്കാർ കാശ് തരാമ്പോണില്ല. അവര് നോട്ടട്ടാല് പിന്നെ വേറെ ആരും മേടിക്കൂല്യ. അങ്ങനൊരു പ്രശ്നണ്ട്.'
"ഞാൻ പറയണേല് സാറ് തെറ്റിദ്ധരിക്കരുത്. സ്മാരകായാലും ആയില്ലെങ്കിലും ആ വീട് അവടങ്ങനെ നിക്കണത് സാറിന് ഐശ്വര്യക്കേടാണ്. അതിനെപ്പറ്റി സംസാരണ്ടാവും. ആരടെ വീടാ ആ കാണണേ? അതുമ്മടെ മണ്ണാൻ കണ്ടൻകുട്ടീടെ അല്ലേ? ആളു മരിച്ചല്ലോ? ആളു മരിച്ചു; ആളടെ മോളും മരിച്ചു. ഇപ്പൊ ആരുക്കാ അതുമ്മല് അവകാശം? മീനാക്ഷി സഖാവിന് പുല്ലാർക്കാട്ടെ സുഗതനീന്ന് അവിഹിതത്തിലിണ്ടായ ഒരു മകനുണ്ടല്ലോ. റെക്കാർഡാപ്പീസിലെ ദിമിത്രി സാറ്. പിന്തുടർച്ചാവകാശം അദ്ദ്യേത്തിനായിട്ടു വരും. ആള് ഇങ്ങട്ട് വരവൊന്നൂല്യ. അദ്ദ്യേത്തിന് ഇപ്പൊ ഈ കാട്ടൂക്കടവില് തന്നെ വേറെ രണ്ട് വീടുണ്ട്. ഒന്ന് പൈക്കണ്ണി നടക്കല്. പിന്നെ കൊളംബ് ബംഗ്ലാവും...'
സുഗുണൻ ഒന്നു നിർത്തി. പിന്നെ തുടർന്നു:
"ഇങ്ങനെ ഒരു അലമ്പു വർത്താനത്തിന് എടവരുത്തണോ? പാലപ്പുറത്ത് തട്ടിൽക്കാരുക്ക് ആ വസ്തുല് പണ്ടുതന്നെ ഒരു നോട്ടണ്ട്. അവരടെ ആർന്നൂലോ അത്. കുടികെടപ്പായിട്ട് പോയതല്ലേ? ഒത്ത നടുക്കില് അതു വന്നുപെട്ടപ്പൊ അവരടെ നാലേക്ര വസ്തൂന് ഡിമാന്റില്ലാണ്ടായി. തട്ടിൽക്കാര് മേടിച്ചാ ആ വീട് പൊളിക്കും. അത് മൂന്നരത്തരം. ആ കാര്യം ഞാൻ ഒറപ്പാക്കാം. നാട്ടിലിക്ക് ന്യായമായ ഒരു വെല ഞാൻ മേടിച്ചുതരും.'
ദിമിത്രി അപ്പോഴും ഒന്നും മിണ്ടിയില്ല. അയാൾ അതൊക്കെ കേൾക്കുന്നുണ്ടോ എന്നു സംശയം. ദൂരേക്കെങ്ങോ അയാൾ നോക്കിനിന്നു.
"ഒരുകാര്യം ഓർക്കണം.'
സുഗുണൻ തുടർന്നു:
"സ്വന്തം ഭൂമിയാണ് ഇപ്പൊ തട്ടിൽക്കാര് വെലയ്ക്ക് ചോദിക്കണത്. കുടികെടപ്പായിട്ട് കയ്യീന്നു പോയ ഭൂമി. എന്നുവെച്ച് അതിന്റെ പേരില് അവര് വെല കൊറയ്ക്കാന്നും ഇല്ല. ആ കാര്യം ഞാൻ ഏറ്റു.'
വെയിലാറിയപ്പോൾ സാൾട്ടുകാരൻ എഴുന്നേറ്റുനിന്നു പ്രഖ്യാപിച്ചു:
"ഗണപതിഹോമം കഴിഞ്ഞു. ഇപ്പൊ നമ്മളെല്ലാവരും കൂടി നാമം ജപിച്ച് പൈക്കണ്ണിനടവരെ പോണത് നല്ലതാന്നാണ് വൈദികൻ പറയണ്. ആരും വിട്ടുനിക്കരുത്.'
ആകർഷകമായ നാമജപജാഥയായിരുന്നു അത്. വാദ്യത്തിന് ഇലത്താളമാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. പരിസരത്തുള്ള നിരവധിപേർ പ്രത്യേകിച്ച് സ്ത്രീകൾ അതിനൊപ്പം ചേർന്നു. അത്ഭുതകരമായ സംഗതി ശാരീരികസുഖമില്ലാത്ത നികുഞ്ജത്തിൽ മാധവമേനോനും ആ യാത്രയിൽ പങ്കെടുത്തു എന്നതാണ്. ഒരു മരക്കസേരയിലിരുത്തി രണ്ടുപേർ അദ്ദേഹത്തെ ചുമക്കുകയാണുണ്ടായത്. പുതച്ച കസവുമുണ്ട് കൂട്ടിപ്പിടിച്ച് അദ്ദേഹം എല്ലാവരെയും തൊഴുതു. ചുമട്ടുകാർ ഇടയ്ക്കിടെ അദ്ദേഹത്തെ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു. അതുകണ്ട കാട്ടൂർക്കടവിലെ ചില കുട്ടികൾ അദ്ദേഹമാണ് ശബരിമല അയ്യപ്പൻ എന്ന് തെറ്റിദ്ധരിച്ചു.
രണ്ടു സംഗതികൾ കൂടി സൂചിപ്പിച്ചുകൊണ്ട് ഈ ആഖ്യാനം അവസാനിപ്പിക്കാം.
അതിലൊന്ന് ഹെർബർട്ട് സ്പെൻസർ ഫാമിൽ നിന്നും ജോസഫ് ദിമിത്രിക്കെഴുതിയ കത്താണ്. കാവേരിയെക്കുറിച്ച് ചില വിവരങ്ങൾ അറിയിക്കാൻ വേണ്ടിയായിരുന്നു അത്. അമ്മയ്ക്ക് അസുഖം അത്യന്തം ആയതുകൊണ്ട് സർക്കാർ അവൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഒരു മാസക്കാലമായി അവൾ തിരുനെൽവേലിയിൽ ഉണ്ട്. ഈയിടെ അമ്മ മരിച്ചു. ജാമ്യം അടുത്തുതന്നെ റദ്ദാക്കാനിടയുണ്ട്. ദിമിത്രി ഫാമിൽ ഉണ്ടെന്ന് കരുതി ഒരിക്കൽ കാവേരി അവിടെ ചെന്നിരുന്നു. ഒരു ദിവസം അവൾ അവിടെ താമസിച്ചു.
മറ്റൊരു കാര്യം ജോസഫ് അറിയിച്ചത് ഫാമിലെ അന്തേവാസി ക്ലമന്റ് പീറ്റർ മരണപ്പെട്ട വിവരമാണ്. ചീരത്തോട്ടത്തിൽ തന്റെ സന്തത സഹചാരിയായ കൈക്കോട്ടിനുസമീപം മരിച്ചുകിടക്കുന്നതാണ് കണ്ടത്. അപ്പോഴേക്കും മൃതദേഹത്തിൽ ഉറുമ്പരിക്കാൻ തുടങ്ങിയിരുന്നു. മൃതദേഹം ഇനിയും സംസ്കരിച്ചിട്ടില്ല. ഭാര്യയും മകളും ഇറ്റലിയിൽ നിന്നു വരാൻ വേണ്ടി അത് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രിന്റർ മാനുവലിനെ ബന്ധുക്കൾ വന്നു കൂട്ടിക്കൊണ്ടുപോയി. തെനാദിയരുടെ ക്ലാസുകൾ ഇപ്പോൾ ഇല്ല. അദ്ദേഹം എല്ലായ്‌പോഴും പക്ഷികൾക്ക് ധാന്യം കൊടുത്തും അവയോടു സംസാരിച്ചും രസിക്കുന്നു.
ജോസഫ് എഴുതി:
"നിങ്ങളുടെ നാട്ടുകാരൻ കെ. എന്ന എഴുത്തുകാരൻ ഇവിടെ ഒരിക്കൽ വന്നിരുന്നു. ഞാൻ അദ്ദേഹത്തോട് സംസാരിച്ചില്ല. എനിക്ക് ഈവക എഴുത്തുകാരെയും കലാകാരന്മാരെയും ഒട്ടും താൽപര്യമില്ല. നിങ്ങൾ പറയാറുള്ളതുകൊണ്ട് ആ പേര് ഓർത്തു എന്നുമാത്രം. എന്തായാലും കെ. വല്ലാതെ നിരാശാഭരിതനും ക്ഷീണിതനുമാണ്. ആരോടും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
"ഇവിടെ മെഹമൂദിനെ അന്വേഷിച്ചാണ് വന്നത്. കൂടെ മെഹമൂദിന്റെ സുഹൃത്ത് മദ്രാസ് യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ ആരോഗ്യസ്വാമി ഉണ്ടായിരുന്നു. അധികസമയം ഇവിടെ തങ്ങിയില്ല. അവർ തമിഴ്നാട്ടിലെ ഗ്രാമങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണത്രെ.'
ജോസഫ് കത്ത് ചുരുക്കി.
ഇനി പരാമർശിക്കാനുള്ള സംഗതി കെ. യുടെ അമ്മയുമായി ബന്ധപ്പെട്ടതാണ്. ചെന്നൈ പുനമല്ലിയിലെ ഐ ഹോസ്പിറ്റലിൽ വെച്ച് സർജറി നടത്തിയെങ്കിലും അവർക്ക് കാഴ്ചശക്തി വീണ്ടുകിട്ടിയില്ല. അവർ നാട്ടിലേക്കുപോന്നു. തന്നെ വന്നുകണ്ട അയൽക്കാരോട് അവർ പറഞ്ഞു:
"കണ്ണിന്റെ കാഴ്ച പോയീന്നല്ലേ ഉള്ളൂ. അതൊന്നും അത്ര കൊഴപ്പൊള്ള കാര്യല്ല. പിന്നീണ്ടല്ലോ അവയവങ്ങള് ആവശ്യത്തിന്. കേൾക്കാൻ കാതുണ്ട്. മണറിയാൻ മൂക്ക്. നടക്കാൻ കാലുണ്ട്. ഒന്ന് പോയാലാണ് നമ്മള് മറ്റൊന്നിന്റെ
വെല മനസ്സിലാക്ക്വാ."
അവർ സന്തോഷവതിയായിത്തന്നെ കഴിഞ്ഞു. പ്രഭാതകൃത്യങ്ങൾ നിർവഹിക്കുന്നതിന് അവർക്ക് ആരുടെയും സഹായം ആവശ്യമുണ്ടായിരുന്നില്ല. കുളികഴിഞ്ഞ് മുറിയിൽ നിന്ന് മെല്ലെ നടന്ന് ഉമ്മറത്തെ കസേരയിൽ ഇരിക്കും. പ്രകൃതിയിലേക്ക് കണ്ണുനട്ട് എന്ന മട്ടിലാണ് ആ ഇരിപ്പ്. റോട്ടിലൂടെ പോകുന്നവർ ആരൊക്കെയാണെന്ന് അവർക്ക് അറിയണം. ആളുകൾ വിളിച്ചുപറയും:
"സുഖല്ലേ, ചന്ദ്രേച്ച്യേ. ഞാൻ കേറ്റക്കാരൻ രമണനാ."
"ഞാൻ ദേവസ്സി മാഷ്. നടക്കാനെറങ്ങീതാണ്. മഴ വര്വോന്നൊരു പേടി. വേഗം പോട്ടെ."
പത്രമാസികകളും പുസ്തകങ്ങളും വായിക്കുന്നതിന് അവർ പേരക്കുട്ടികളുടെ സഹായം തേടിയിരുന്നു. കുട്ടികളുടെ ഉച്ചാരണത്തിലും വാക്യഘടനയിലും തെറ്റുവരുമ്പോൾ അവർ ശ്രദ്ധിച്ചു. ഇടക്കിടെ അതു തിരുത്തും.
അവർ ഓർമിച്ചു പറയും:
"സഖാവ് സി. അച്ചുതമേനോനാണ് എന്നെ ശരിക്ക് വായിക്കാൻ പഠിപ്പിച്ചത്. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പൊ അന്ന് ഞങ്ങടെ കല്ലടത്തുരുത്തിലെ വീട്ടിന്റെ തട്ടിൻമുകളില് അവരൊക്കെ ഒളിച്ചുതാമസിക്കണുണ്ടാർന്നു. സന്ധ്യകഴിഞ്ഞ് പൊറത്ത് ആൾപ്പെരുമാറ്റം ഇല്ലാണ്ടാവുമ്പൊ മോനോൻ താഴത്തിക്ക് എറങ്ങിവരും. കളത്തില് രണ്ട്ചാല് ഉലാത്തും.
"അപ്പൊ ഞാൻ ഉമ്മറത്തിരുന്ന് പാഠം വായിച്ചു പഠിക്കണുണ്ടാവും. അദ്ദേഹം അത് ശ്രദ്ധിച്ചുകേൾക്കും. "പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം; വായ്ക്കുന്നു വേലിക്കു വർണങ്ങൾ പൂവ്വാൽ ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ.' ഞാൻ വായിക്കണ് കേട്ട് അദ്ദേഹം പറഞ്ഞു: "കാട് അന്തിമേഘങ്ങൾ പോലെ ചോക്കുന്നു. അങ്ങനെയാണ് ട്ടോ കുട്ടി. കാടിനും അന്തിക്കും ഇടക്ക് നമ്മളൊന്നു നിർത്തണം. ഹാ, എന്തുമനോഹരമായ വർണന!'
അദ്ദേഹം പറഞ്ഞു.
"ഞാൻ കുട്ടിക്ക് ആശാന്റെ ദുരവസ്ഥ കാവ്യം പഠിപ്പിച്ചുതരാം. നാളെത്തൊട്ട് നമുക്ക് തുടങ്ങാം. എന്താ?"
"ഇംഗ്ലീഷ് അക്ഷരമാല പറഞ്ഞു തന്നത് ഗോപാലകൃഷ്ണമേനോനാണ്."
"എന്റെ കല്യാണം നിശ്ചയിച്ചുന്നറിയിച്ചപ്പൊ അച്ഛന് അദ്ദേഹത്തിന്റെ കത്തു വന്നു. എം.എൽ.എ.യുടെ സർക്കാർ മുദ്രയുള്ള കത്താണ്: "ചന്ദ്രയുടെ കല്യാണമോ? അത്ഭുതം തോന്നുന്നു. അവളെ തീരെ ചെറിയ കുട്ടിയായിട്ടല്ലാതെ എനിക്ക് സങ്കൽപ്പിക്കാനാവുന്നില്ല.'
"അമ്മമ്മ ഭാഗ്യവതിയാണ്."
പത്രം വായിച്ചുകൊടുക്കുന്ന പേരമകൾ പറഞ്ഞു. അവൾ ചോദിച്ചു:
"അമ്മമ്മ എപ്പഴും പൊറത്തിക്ക് ഉറ്റുനോക്കിത്തന്നെ ഇരിക്കണുണ്ടല്ലോ? എന്തെങ്കിലും കാണാമ്പറ്റണുണ്ടോ?'
അവർ പൊട്ടിച്ചിരിച്ചു:
"കാഴ്ചേല്യത്തോര് ഒന്നും കാണണില്ലാന്നാ നിന്റെ വിചാരം? ഒരു കാര്യം ശര്യാ. കാഴ്ച ഒള്ളോര് കാണണ കാര്യങ്ങളല്ല കാഴ്ച ഇല്ലാത്തോര് കാണ്വാ. വേറെ നൂറൂട്ടം കാര്യങ്ങളാ. അതിന് ഒരന്തം ഇല്ല. അതിരില്ലാത്ത ലോകങ്ങളാണ്. സമയവും സ്ഥലവും ഇല്ലാത്ത കാഴ്ചകള്.'
"അമ്മമ്മ പറയണതൊന്നും ഇനിക്ക് മനസ്സിലാവണില്ല."
കുട്ടി പറഞ്ഞു.
"നീ ചെറ്യ കുട്ട്യല്ലേ. പിന്നെ കണ്ണു രണ്ടും കാണുംന്നൊരു കൊഴപ്പോണ്ട്.'
അതുപറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു. ▮(അവസാനിച്ചു.)