അധ്യായം 59
പൂവ്
നെഞ്ചോടു ചേർത്തുപിടിച്ച ഏഴു ചുവന്ന പൂക്കൾ.
അവയിൽ നിന്നുള്ള സുഗന്ധം ഓർമയുടെ നീലഞരമ്പുകളെ തിണർത്തിക്കൊണ്ടിരുന്നു.
വളോദ്യ ആരേയും ശ്രദ്ധിച്ചില്ല. മുഖത്ത് ഉൾനോവിൻ്റെ വിറയുണ്ട്. ചുവടുകൾ വേച്ചു പോകുമോ എന്നു തോന്നിയതിനാൽ ശവമഞ്ചത്തിനൊപ്പം നടക്കുന്ന നിരയിൽ നിന്ന് വിട്ടുമാറാതെ നടക്കാൻ വളോദ്യ നന്നായി പണിപ്പെട്ടു.
നടന്നുനീങ്ങുമ്പോൾ നിശ്ശബ്ദത ചുറ്റും പന്തലിച്ചു നിന്നു. വളോദ്യയുടെ മുഖത്ത് അത്ര നാളിനിടയിൽ എവിടെവെച്ചും കാണാത്ത ഉള്ളുരുക്കം എഴുന്നു നിന്നു. പ്രിയപ്പെട്ട ഒരാൾക്ക് അന്ത്യയാത്രാമൊഴി നൽകാനുള്ള ആ നടപ്പിനിടയിൽ മനസ്സ് പല പല വഴികളിലൂടെ മിന്നായപ്പാച്ചിൽ നടത്തിക്കൊണ്ടിരുന്നു.
ആരായിരുന്നു അവൾ തൻ്റെ ജീവിതത്തിലെന്ന ചോദ്യം കരളിനെ കുത്തി രക്തം പൊടിപ്പിച്ചു കൊണ്ടിരുന്നത് വളോദ്യ കാണുന്നുണ്ടായിരുന്നു. ഇന്നെ സയെ കണ്ടതും ഒന്നിച്ചേറെ ദൂരം നടന്ന് തൻ്റെ പ്രിയ രുചി വാങ്ങി ഒരേ പാത്രത്തിൽ നിന്നും പകുത്തു കഴിച്ചതുമൊക്കെ ഒരു ദൃശ്യമാലയായി മനസ്സിൻ്റെ ഇടച്ചുമരിൽ പ്രദർശനം നടന്നുകൊണ്ടിരുന്നു.
മരണത്തിൻ്റെ ശൂന്യപേടകത്തിൽ കിടക്കുന്ന പ്രിയപ്പെട്ട ഇന്നെസ. ആചാരത്തിൻ്റെ വഴക്കങ്ങക്കൊപ്പം നിൽക്കാതെ ഭാരം ചുമക്കുന്ന മക്ഷ്യർക്കൊപ്പം നടക്കാൻ നിശ്ചയിച്ചവൾ. കൊട്ടാര ശാസനകളെ അത്ര തന്നെ വലിപ്പത്തിൽ നിരാകരിച്ചവൾ. രണ്ടു മനസ്സുകൾക്കിടയിൽ സംഭവിക്കുന്ന ചേർത്തുപിടിക്കൽ എന്ന രാസ പ്രക്രിയയിൽ സഞ്ചരിച്ച നാളുകൾ. അന്നപൊട്ടിയൊഴുക്കുന്ന ദുഃഖദിനങ്ങളിൽ നിഴലുകൾ പോലും കരയുന്നത് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ആ വേദനയുടെ സമുദ്രത്തിലേക്ക് രണ്ടാമതൊന്നാലോചിക്കാതെ ഇറങ്ങിത്തിരിച്ചവൾ, അപ്പോഴൊക്കെ ആ കണ്ണുകളിൽ ഇഷ്ടം എന്ന വാക്കിൻ്റെ അർത്ഥം തടം തല്ലി നിൽക്കുന്നതു മാത്രം കാണാനായി.
ബീഥോവൻ്റെ ഏഴാം സിംഫണി കേൾക്കാൻ തുടങ്ങുന്നതോടെ ഇന്നെസയുടെ ഭാവം മാറാൻ തുടങ്ങും. അത്രനേരവും റഷ്യയുടേതുൾപ്പെടെ ഭൂമിയിലെ പീഢിതരായ മനുഷ്യർക്കു വേണ്ടി സംസാരിക്കുന്ന നാവ് പിന്നീടെങ്ങോട്ട് ബീഥോവനെ ക്കുറിച്ചു മാത്രമായിരിക്കും സംസാരിക്കുക. മർത്ത്യജിവിതം ദുഃസ്സഹമാകുന്ന ഓരോ നിമിഷത്തെയും രക്ഷിക്കാനുള്ള ഉപായമൊളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു മാന്ത്രിക കുടമാണ് സംഗീതമെന്ന് ഇന്നെസ പറയാറുള്ളത് എത്ര ശരിയാണ്. തിരക്കിട്ടുള്ള രാപ്പകലുകളിൽ സ്വയം ശുദ്ധികരിക്കാനുള്ള വിശുദ്ധതീർത്ഥമായി തന്നിലേക്ക് സംഗീതത്തെ ചാലു കീറി വിട്ട രാത്രി.
അന്ന് ആ പഴയ കെട്ടിടത്തിൽ അധികമാരും ഉണ്ടായിരുന്നില്ല. പ്രവ്ദയിലേക്കുള്ള ലേഖനമെഴുതി തീർന്ന ശേഷം വെറുതെ ഇടനാഴിയിലേക്ക് ഇറങ്ങിയതാണ്. പുറത്തു നിന്നും കേൾക്കാറുള്ള ബോൾഷെവിക് സംഘത്തിൻ്റെ ഗാനാലപനവും ചെറിയ തണുപ്പും ജനാലയ്ക്കൽ നിന്നാൽ അരികിലേക്ക് വരും. ശ്വാസത്തിൽ ചില സവിശേഷതരം മണമോലുകയും ചെയ്യും.
അതെല്ലാം വിചരിച്ചതുപോലെ സംഭവിച്ചു. തിരിച്ച് നീണ്ട ഇടനാഴി പിന്നിട്ട് ഓഫീസിലേക്കുള്ള ചെറിയ തിരിവിൽ വന്നപ്പോഴാണ് മുന്നിൽ അപരിചിതയായ ഒരുവൾ നിൽക്കുന്നത്. അപരിചിതതരല്ല എന്ന പോലെ ഇരുവരും പടവുകളിറങ്ങി മരങ്ങൾക്കിടയിലൂടെ നടന്നു തുടങ്ങി. അന്നവർ സംസാരിച്ചതത്രയും ഒരേ ഭാഷയിലായിരുന്നു. സംഗീതത്തിൻ്റെയും സാഹിത്യത്തിൻ്റെയും ലയവിന്യാസമുള്ള ഭാഷ. രാഷ്ട്രീയത്തിൻ്റെ അകവും പുറവും അലകും പിടിയും ഇഴപിരിക്കുന്ന ഭാഷ. തനിക്ക് പറയാനുള്ളതൊക്കെ ഇന്നെസ പറയുന്നതായി വളോദ്യക്കും വളോദ്യ പറയുന്നതായി ഇന്നെസയ്ക്കും തോന്നി. അവരിഹാര്യമായ വേദനകൾക്ക് ആത്മസ്പർശമുള്ള സാന്നിദ്ധ്യം ഔഷധമാകുമെന്ന് ഇരുവർക്കും തിരിച്ചു നടക്കുമ്പോൾ തോന്നി.
അന്ന് പരസ്പരം ചേർത്തുപിടിച്ച കൈകൾ അയഞ്ഞു പിരിയാതെ കൂടുതൽ മുറുകി വരുകയായിരുന്നു. ശൂന്യതയുടെ മരുഭൂമി സ്വപ്നം കാണുന്ന ഓരോ രാത്രിയ്ക്കു ശേഷവും അവർ കണ്ടു മുട്ടി. സമുദ്രഗർജ്ജനമുള്ള വളോദ്യയുടെ ഹൃദയത്തിലേക്ക് ചേർന്നിരിക്കുമ്പോൾ ഭൂമിയുടെ എല്ലാ സാന്ദ്രതയും തനിക്ക് അറിയാൻ കഴിയുമെന്ന് ഇന്നെസ പലപ്പോഴും പറയാറുണ്ടായിരുന്നു.
ക്രെംലിൻ മതിലോരത്ത് കൂടിയുള്ള പാതയിൽ അധികം തിരക്കുണ്ടായിരുന്നില്ല. ശവമഞ്ചം വഹിച്ചു കൊണ്ടുപോകുന്ന ബോൾഷെവിക്കുകൾ തങ്ങൾക്കേറെ പ്രിയപ്പെട്ട ഒരാൾ പിന്നിൽ നടക്കുന്നുണ്ടെന്ന കരുതലോടെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ഇന്നെസയുടെ ചില ബന്ധുക്കൾ ആദ്യമായാണ് ലെനിനെ കാണുന്നത്.
വിശ്രമരഹിതമായ ദിവസങ്ങൾക്കൊടുവിൽ ഇന്നെസയുടെ അരികിലെത്തി വെറുതെ ആ മുഖത്തേക്ക് നോക്കിയിരിക്കും. അപ്പോഴും ഏറ്റെടുത്ത ജോലികൾ ഒന്നൊന്നായി തീർത്ത്, ഇടയ്ക്കൊരു ചായ പകർന്ന് കൂടുതൽ ഉന്മേഷവതിയായി ഇന്നെസ പല പല ഡയറികളിൽ കുറിപ്പുകൾ എഴുതി വെക്കുന്നതു കാണാം. ഒരിക്കൽ അവയിലൊന്ന് ഇന്നെസ ലെനിന് നേരേ നീട്ടി. അതു വായിച്ചു കൊണ്ടിരുന്ന ലെനിനെ നോക്കി ചിരിച്ചു. ഇടയ്ക്ക് ഇറുത്തെടുത്ത റോസാദലങ്ങൾ ഊരിമാറ്റിയ തൊപ്പിക്കുള്ളിലേക്കിട്ട് തിരികെ.വെച്ചു.
‘ബുദ്ധിയും മണക്കട്ടെ’, ഇന്നെസ ചിരിച്ചു.
ഇന്നെസ എഴുതിയ കവിത ലെനിൻ വായിച്ചു.
…. മഞ്ഞിൻ്റെ മൂടാപ്പിനപ്പുറം സൂര്യൻ
ഉദിച്ചു വരാൻ വൈകുന്ന ദിവസമുണ്ടാവും
മധുരമുള്ള സ്വരത്തിൽ പാടി വരാറുള്ള
പക്ഷികൾ ദിശതെറ്റിയകന്നെന്നിരിക്കും
അപ്പോഴും എപ്പോഴും എൻ്റെ ഈ സൂര്യൻ
ഉദിച്ചും പറന്നും നഖമൂർച്ചയേല്പിച്ചും
എന്നിൽ ആവർത്തിച്ചു കൊണ്ടേയിരിക്കും ….
മുഖം അപൂർവ്വമായി കാണാറുള്ള ഒരു ഭാവത്തിലേക്ക് പകർന്നുമാറുന്നതു നോക്കി നിന്ന ശേഷം അമ്മയുടെ പഴയൊരു പതിപ്പിൻ്റെ ആദ്യപേജിൽ വളോദ്യ എഴുതിയ നാലു വരികൾ ഇന്നെസ വായിച്ചു.
…. പൂവുപോൽ പുഞ്ചിരി തൂവാനും
ആലയിൽ കത്തിജ്വലിക്കാനും
അമരത്തുനിന്ന് നീ എന്നെ
നിരന്തരമഗ്നിയായ് മാറ്റാനും…
ചുവടെ, ‘പ്രിയപ്പെട്ട ഇസയ്ക്ക്’ എന്നെഴുതി ഒപ്പിട്ടിരുന്നു. അത് റഷ്യയിലേറ്റവും പരിചിതമായ മുദ്രയാണ്. ബോൾഷെവിക്കുകൾക്ക് അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സന്ദേഹിക്കേണ്ടതായി ഒന്നും ആ ഒപ്പിനുമുകളിലുണ്ടാവില്ലെന്ന് അവർക്കറിയാം. രാവിലും പകലിലും വേവിലും തണുപ്പിലും ആ ജീവിതം കുതിക്കുന്നത് തങ്ങളുടെ ചുറ്റുവട്ടത്തേക്ക് പ്രകാശത്തിൻ്റെ ചുരുൾ നിവർത്താനാണെന്ന് ബോൾഷെവിക്കുകൾക്ക് അറിയാം. ശത്രുപാളയം ഓരോ നിമിഷവും ഭയന്നത് വളോദ്യയുടെ തലച്ചോറിനെയും ഹൃദയത്തെയുമാണ്. അവിടെ നിന്നും പുറപ്പെടുന്ന ഓരോ ചിന്തയും വാക്കും ചരിത്രത്തെ കീഴ്മേൽ മറിക്കാൻ പോന്നവയാണെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്.
നിരയിൽ നിന്നും മുന്നോട്ടു നടന്ന ലെനിൻ ആ ശവമഞ്ചത്തിനരികെയെത്തി. ഏഴു പൂവുകൾ ആ കൂട്ടിപ്പിടിച്ച തണുത്ത കൈപ്പടത്തിനു ചുറ്റും അർപ്പിച്ചു. ഇടയ്ക്ക് ആ ഹൃദയത്തിൻ്റെ മിടിപ്പ് തിരിച്ചു വരാൻ ശ്രമം നടത്തുന്നതുപോലെ തോന്നി.
ഇന്നെസയുടെ മുഖത്തേക്ക് നോക്കാൻ വളോദ്യക്ക് കഴിഞ്ഞില്ല. കണ്ണിലും മനസ്സിലും എരിച്ചിലിൻ്റെ മൂറ് കൂടി വന്നു. ഓർമയുടെ ശിഖരങ്ങളിൽ ഓരോന്നിലും തിളക്കമുള്ള തൂവൽ ചിറകുമായ് ഇന്നെസ പല വിതാനങ്ങളിൽ പറന്നുകൊണ്ടിരുന്നു.
അതങ്ങനെ തന്നെ നിൽക്കട്ടെ. ഇന്നെസയുടെ മൃതി പുതച്ച മുഖം കാണാനാവാതെ വജോദ്യ ഒരുങ്ങിക്കഴിഞ്ഞ ആ കല്ലറയ്ക്കരികെ നിന്നും തിരിച്ചുനടന്നു. ആരേയും നോക്കിയില്ല. ആരും അടുത്തേക്ക് വന്നതുമില്ല.
ഏറെ ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് ഓർമ വന്നത് തൻ അത്രയുമകലം കണ്ണുകൾ അടച്ചുപിടിച്ചു കൊണ്ടാണ് നടന്നതെന്ന്. തുറന്നപ്പോഴാകട്ടെ അത്ര നാളും കണ്ട പൂക്കൾക്കൊന്നും അന്നുണ്ടായിരുന്ന നിറമോ മണമോ ഉണ്ടായിരുന്നില്ല. അവയിൽ ചിത്രശലഭങ്ങളുടെ ചിറകുകൾ പറ്റിപ്പിടിച്ചിരുന്നു.
തേൻ നുകരുന്ന ചിത്രശലഭങ്ങളും അതിൻ്റെ പ്രണയ വിഭൂതികൾ അനുഭവിക്കുന്ന പൂക്കളും സ്വപ്നത്തിലേക്ക് ഇനിയൊരിക്കലും കടന്നുവരാൻ സാധ്യതയില്ലെന്ന ദുഃഖത്തോടെ ലെനിൻ നടന്നു.
എത്ര ദൂരം നടന്നു, സമയമെന്തായി- ഇതെക്കുറിച്ചൊക്കെ പാതിരാ കഴിഞ്ഞിട്ടും വളോദ്യക്ക് ആലോചിക്കാനായില്ല.
തണുപ്പ് കൊത്തിപ്പറിക്കുന്നതും ചുറ്റും മരങ്ങളും മേഘവുമൊക്കെ വട്ടം കറങ്ങുന്നതുമൊന്നും കണ്ടതുമില്ല.
(തുടരും)