ചിത്രീകരണം: രാജേഷ് ചിറപ്പാട്.

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 61
ദസ്വിദാനിയ ലെനിൻ

കാക്സ്റ്റോൺ പ്രിൻ്റിംഗ് പ്രസിൽ നിന്നും ക്രിസ്റ്റഫർ റീഡും ഡോ. ഇറീനയും പുറത്തേക്ക് നടന്നു. പ്രസ് മാനേജർ ലിലിയ നോവലിന്റെ ആദ്യ കോപ്പികൾ ക്രിസ്റ്റഫറിന് കൈമാറിയ ശേഷം ഹസ്തദാനം നൽകി ഒപ്പം നടക്കുകയാണ്.

“ഓരോ പുസ്തകത്ത്തിനും ജീവിതത്തിനെന്നപോലെ ഓരോ വിധിയുണ്ട്. ആ വിധിയെ കാലമെന്ന ആഴക്കടലിന് വിട്ടുകൊടുക്കുക’’, നല്ല വായനക്കാരിയും നാടകകൃത്തുമായ ലിലിയ പറഞ്ഞു.

നെഞ്ചോടു ചേർത്തുപിടിച്ച പുസ്തകത്തിൽ നിന്ന് ഒരു പറ്റം പക്ഷികളുടെ ചിറകടി തന്റെ ഹൃദയത്തിലേക്ക് അടുക്കുന്നതായി ക്രിസ്റ്റഫറിന് തോന്നി. ചരിത്രകാണ്ഡങ്ങൾ ഓരോന്നും മറിയുന്നതിനൊപ്പം ആ കാലൊച്ച അടുത്തടുത്തു വന്നു. മനുഷ്യന്റെ നിസ്സഹായമായ നിലവിളിയും വേദനയും സ്വന്തം രക്തത്തിലേക്ക് പ്രവഹിപ്പിച്ചു കൊണ്ട് ചരിത്രത്തെ മലിനമാക്കാതെ കൊത്തിപ്പറന്ന ഒരു പക്ഷി ആകാശത്തിൽ താഴ്ന്നു പറക്കുന്നത് ക്രിസ്റ്റഫർ കണ്ടു. നക്ഷത്രങ്ങൾ ഓരോന്നായ് അതിന്റെ ചിറകിൽ വന്ന് നിരന്നപ്പോൾ ഭൂമിയിൽ മിന്നലുണ്ടായി.

ക്രിസ്റ്റഫർ വിയർത്തു.
രക്തമിറ്റിയ ചുവടുകളുടെ നടന്നുതീർത്ത ആ ജീവിതപുസ്തകത്തിലേക്ക് മഴവിൽ ചിറകുവീശി ആ പക്ഷി വീണ്ടും താഴ്ന്നു വരുന്നത് ക്രിസ്റ്റഫർ കണ്ടു.

തലയ്ക്കുള്ളിൽ നിന്നും കടന്തൽ കൂടു പൊട്ടിയാലെന്നപോലെ മുരളൽ.

ലിലിയ ഇളം നീലനിറമുള്ള ഒരു പേന ക്രിസ്റ്റഫറിനു നൽകി. പുതുതായി എഴുതാൻ പോകുന്ന നോവലിന് ആശംസകൾ നേർന്ന ശേഷം ലിലിയ ക്രിസ്റ്റഫറിന്റെ കണ്ണുകളിലേക്ക് നോക്കി. യാതൊന്നും പറയാനാവാതെ മറ്റാരുടേയും ശ്രദ്ധയിലേക്ക് വരാതെ ഒളിഞ്ഞും തെളിഞ്ഞും പറക്കുന്ന പക്ഷിയിലായിരുന്നു ക്രിസ്റ്റഫറിന്റെ ശ്രദ്ധയത്രയും.

‘‘പുതിയ പുസ്തങ്ങളുടെ മണം. അതാണ് എന്റെ ശ്വാസഗതിയെ നിയന്ത്രിക്കുന്നത്’’. മാറ്റന്തൊക്കെയോ കൂടി സംസാരിക്കണമെന്ന ഭാവത്തിൽ നിന്ന ലിലിയയെ നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും വല്ലാത്തൊരു ശ്വാസംമുട്ടൽ തന്നെ വലയം ചെയ്തിരിക്കുന്നതായി ക്രിസ്റ്റഫറിന് അനുഭവപ്പെട്ടു. ക്രൂപ്സ്കയയെ പെട്ടെന്ന് ഓർമ വന്നു.ശ്വാസം കിട്ടാതെ ജനാലയ്ക്കരികെയുള്ള കിടക്കയിൽ ചെരിഞ്ഞുകിടന്ന ക്രുപ്സ്കയ. ഓർമകൾ തിരക്കിട്ട് വന്ന് മനസ്സിന്റെ അറ തുറക്കാൻ ശ്രമിക്കും മുമ്പ് ക്രിസ്റ്റഫർ മുന്നോട്ടു നടന്നു.
‘കാണാം ലിലിയ’.
ക്രിസ്റ്റഫർ കാറിലേക്ക് കയറി. ഇറീന ക്രിസ്റ്റഫറിൽ നിന്ന് കവർ വാങ്ങി. തുറന്ന് നോവലിന്റെ ആദ്യ കോപ്പി ഇറീന തുറന്ന് താളുകൾ മറിച്ചു. ലിലിയ പറഞ്ഞ പുസ്തകമണം കാറിനുള്ളിലെ തണുപ്പിൽ നിറഞ്ഞു. എങ്ങോട്ടു പോകണമെന്ന് ക്രിസ്റ്റഫർ പറഞ്ഞില്ല. വിശേഷിച്ചെങ്ങോട്ടെങ്കിലും പോകണമെന്ന് ഇറീനയും ആലോചിച്ചില്ല. ആളും തിരക്കുകളുമില്ലാത്ത വഴിയിലൂടെ കാറോടിക്കുമ്പോൾ ക്രിസ്റ്റഫർ ‘ദസ്വിദാനിയ ലെനിന്റെ’ കോപ്പികളോന്നിന്റെയും ആദ്യ പേജിൽ തന്റെ ഒപ്പിട്ടു.
‘ആർക്കാണ്?’, ഇറീന.
ക്രിസ്റ്റഫർ മറുപടി പറഞ്ഞില്ല.

വോൾഗയിലേക്കുള്ള പാതയിൽ പതിവ് തിരക്കുണ്ടായിരുന്നില്ല. ഇടത്തേക്കുള്ള വലിയ തിരിവിൽ മഞ്ഞ ഇലകൾ നിറഞ്ഞ മരച്ചുവട്ടിൽ കാർ നിർത്തി.വളരെ പതുക്കെ ഇരുവശങ്ങളിലേക്ക് ഇറങ്ങിയ ക്രിസ്റ്റഫറും ഇറീനയും വെയിലിലൂടെ നടന്നു. ബെക്തറേവ് മുതൽ ലിലിയ വരെയുള്ള ജീവിച്ചിരുന്നവരും സങ്കല്പത്തിലുള്ളവരുമായ കഥാപാത്രങ്ങൾ അണിയണിയായി നടന്നു വന്നു. അവർ ഓരോരുത്തരും ക്രിസ്റ്റഫറിനുമുന്നിൽ വിനയത്തോടെ നിൽക്കുകയും തങ്ങളെക്കുറിച്ച എഴുതാൻ വിട്ട ചിലതൊക്കെ പൂരിപ്പിക്കുകയും ചെയ്തു.

“നിങ്ങൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു?’’, ക്രിസ്റ്റഫർ അക്ഷമനായി.

നോവലിൽനിന്ന് പുറത്തിറങ്ങിയ കഥാപാത്രങ്ങൾ തങ്ങളുടെ ജീവിതത്തിന്റെ പച്ചയിലേക്കും വേരുകളിലേക്കും തിരിച്ചു നടക്കുന്നത് ചെറിയൊരു ചിരിയോടെ ക്രിസ്റ്റഫർ നോക്കിനിന്നു. പല പ്രവിശ്യകളിൽ നിന്ന് പറത്തിവിട്ട പല നിറത്തിലുള്ള പട്ടം അവർക്കുമേൽ പറന്നുനടന്നു. ചില പട്ടങ്ങളുടെ നൂലറ്റത്ത് ഗോർക്കിയുടെ കഥാപാത്രങ്ങൾ. ചിലതിൽ ദസ്തയേവ്സ്കിയുടെ കഥാപാത്രങ്ങൾ. മറ്റു ചിലതിൽ ടോൾസ്റ്റോയിയുടെ കഥാപാത്രങ്ങൾ.

പെട്ടെന്നവിടെ പ്രത്യക്ഷനായ ആ കഷണ്ടിക്കാരൻ ഇരു കൈകളും കോട്ടിന്റെ പോക്കറ്റിൽ നിന്നുമെടുത്ത് ക്രിസ്റ്റഫറിന് നേരേ വന്നു.അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സമ്മാനം സ്വീകരിക്കാനെന്ന പോലെ കൈനീട്ടി.
ഒപ്പിട്ട ആദ്യകോപ്പി ക്രിസ്റ്റഫർ ആഗതന് സമ്മാനിച്ചു.

പ്രിയപ്പെട്ട ഇല്ലിച്ചിന്,
സ്നേഹപൂർവ്വം
ക്രിസ്റ്റഫർ റീഡ്.

വോൾഗയുടെ ആകാശത്ത് ഏഴു നിറങ്ങൾ കൊണ്ടെഴുതിയ ഒരു ചിത്രം. അതേ ചിത്രം തന്നെയായിരുന്നു നോവലിന്റെ മുഖച്ചിത്രവും.

1. വ്ലജിമീർ ഇല്ലിച്ച് ഉല്യാനവ് ലെനിൻ - ഈ നാലുപേരുകളിലും പല കാലങ്ങളിൽ പല സ്ഥലങ്ങളിൽ ലെനിൻ അറിയപ്പെട്ടു. നോവലിൽ മാറിമാറി ഈ പേരുകൾ ഉപയോഗിച്ചിട്ടുണ്ട്.

(നോവൽ അവസാനിച്ചു)


Summary: Dasvidaniya Lenin Good Bye Lenin Malayalam novel chapter 61 c anoop writes


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments