"പാൽപ്പാടപോലുള്ള കാവ്യാത്മകത തളപ്പിട്ടിട്ടുണ്ടെങ്കിലും മോശമല്ല.'
"എന്നാ നീയങ്ങ് തിരുത്ത്.'
അഥീനയുടെ പരിഹാസത്തോട് ഉമ്മിണി പ്രതികരിച്ചു.
അഥീനദളിത, ഉമ്മിണി കള്ളാർ, കോംവറുഗീസ്, സുമ, അപ്പാഗോകുലു, ഭൈരപ്പ, സൺഫ്‌ളവർ ജോജി, സരവണൻ എന്നിവരായിരുന്നു സൗത്തിന്ത്യയിൽ നിന്ന് "മഹാനൈതികമണ്ഡല'ത്തിന്റെ വാർഷികമീറ്റിൽ പങ്കെടുക്കാനായി എത്തിയവർ.
മഹാനൈതികമണ്ഡലം ഒരു ആഗോള കൂട്ടായ്മയാണ്.
എൻ.ജി.ഒ. എന്നോ സോഷ്യൽ ജസ്റ്റിസ് ഫോറമെന്നോ പറയാം.
ഓൺലൈനിലാണ് അവർ പ്ലാറ്റ്‌ഫോം തുടങ്ങിയത്. ആരാണ് ആരംഭിച്ചതെന്നറിയില്ല. നിഷേധിക്കപ്പെടുന്ന പൗരാവകാശം, വൈകുന്ന നീതി എന്നിവയെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരുന്ന എഫ്.ബി. ഗ്രൂപ്പായിരുന്നു മഹാനൈതിക മണ്ഡലത്തിന്റെ പൂർവരൂപം. വളരെപ്പെട്ടെന്ന് അവർ സ്വന്തമായി വെബ്‌സൈറ്റും തുടങ്ങി. അംഗങ്ങളുടെ സഹകരണത്തോടെ ലോഗോയും തെരഞ്ഞെടുത്തു. സമയമില്ലാത്ത ലോകത്ത് അൽപസമയം വരുംകാല ലോകത്തിനുവേണ്ടി മാറ്റിവെക്കാമെന്ന് സൈറ്റിന്റെ ബൈലൈനായി ചേർത്തിട്ടുണ്ട്. മഹാനൈതികമണ്ഡലത്തിന് ആസ്ഥാനം വേണ്ടേ?' തുടക്കകാലത്ത് ഒരംഗം ചോദിച്ചു.
"ആസ്ഥാനമെന്തിന്? നോക്കൂ നമ്മൾ ഇരുനൂറിലധികം അംഗങ്ങൾ സ്വതന്ത്രമായി അഭിപ്രായം പങ്കുവെക്കുന്ന ഇടമാണിത്. ഓരോ ദിവസവും സൈറ്റ് സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുന്നുമുണ്ട്. നമ്മുടെ മനസ്സുതന്നെ ആസ്ഥാനം.'
"അങ്ങനെയല്ല, പരസ്പരം കാണാത്ത വെർച്വൽ സ്‌പേസിൽ ചിന്തകൾകൊണ്ട് കളിക്കുന്നത് സത്യാനന്തര തമാശ മാത്രമായിരിക്കും. ഒരുമിച്ച് എവിടെയെങ്കിലും ഇരിക്കുകയെങ്കിലും വേണം.'
"നേരിൽ കാണണമെന്ന് മഹാനൈതികമണ്ഡലം കൂട്ടായ്മക്കാർ പലരും ആഗ്രഹിച്ചിരുന്നു. മണ്ഡലത്തിന്റെ ആസ്ഥാനത്തെക്കുറിച്ച് ചർച്ച നടക്കുമ്പോൾ ഇരുനൂറു പേരായിരുന്നെങ്കിൽ ഇന്നത് എണ്ണിത്തിട്ടപ്പെടുത്താൻ പ്രയാസമാണ്. ഇന്ത്യയുടെ ഏതാണ്ടെല്ലായിടങ്ങളിൽനിന്നുള്ളവരുണ്ട്.'
"ഉമ്മിണി കള്ളാർ ഒരു രസത്തിന് അംഗങ്ങളുടെ ലിസ്റ്റെടുത്തപ്പോൾ ഞെട്ടിപ്പോയി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ഏറ്റവും കൂടുതൽ. ആസാമിൽനിന്നുമാത്രം 263 പേർ. മേഘാലയയിൽനിന്നും മിസോറാമിൽനിന്നും നാഗാലാന്റിൽനിന്നും അംഗങ്ങളുണ്ട്.'
"കാശ്മീരിൽ നിന്നുണ്ടോ എന്ന് നോക്ക്.'
"ഉവ്വ്. ദാ, ശ്രീനഗർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മൻസൂർ ജഫ്രി. വയസ്സ് 62.'
"ഓ അപ്പോൾ റിട്ട. പ്രഫസറായിരിക്കും.'
വെബ്‌സൈറ്റിൽ ഡിസ്‌കഷൻ ചാറ്റ് സെഷനുണ്ട്, ദിനവും. ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് ഡിസ്‌കഷന്റെ സമയം. അന്നേരമാണ് വിവിധ ഭാഗങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഒന്നൊന്നായി അവതരിപ്പിക്കപ്പെടുക. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയോ അല്ലാതെയോ പ്രശ്‌നങ്ങൾ പറയാം. അംഗങ്ങൾ അതിനോട് പ്രതികരിക്കുകയോ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയോ ചെയ്യും. വിദേശ സർവകലാശാലകളിലെ വിദ്യാർത്ഥികളും എഞ്ചിനീയർമാരും പൊതുപ്രവർത്തകരും അംഗങ്ങളായുണ്ട്. മഹാനൈതിക മണ്ഡലത്തിൽ ഒരു പ്രശ്‌നം അവതരിപ്പിക്കുമ്പോൾ നിങ്ങൾ ചർച്ചചെയ്യുന്നത് ലോകത്തിന്റെ കലുങ്കിലിരുന്ന്!
കൂട്ടായ്മക്ക് ഏകനേതൃത്വമല്ല ഉള്ളത്. പല അഭിപ്രായങ്ങളിൽ നിന്ന് കൂടുതൽ പേർക്ക് സ്വീകാര്യമായത് തെരഞ്ഞെടുക്കും. ആർക്കും ഏത് സമയത്തും വിട്ടുപോവാം. തിരികെ വരികയുമാവാം. ഇറ്റാനഗറിൽനിന്നും പനാജിയിൽനിന്നും ഝാർഖണ്ഡിൽ നിന്നും ത്രിപുരയിൽനിന്നും കൊൽക്കത്തയിൽനിന്നും ഉശിരുള്ള അംഗങ്ങളുണ്ട്. ആരും നിയന്ത്രിക്കാതെ ആരും പ്രലോഭിപ്പിക്കാതെ പ്രത്യേകിച്ചൊന്നും പഠിപ്പിക്കാതെ ധാരാളം പേർ വന്നുകൊണ്ടിരിക്കുന്ന കൂട്ടായ്മ.
"കൂടുതലും ചെറുപ്പക്കാരാണെന്ന് തോന്നുന്നു'
"ഉം അങ്ങനെ പറയാം. എന്നാൽ വരികയും പോവുകയും ചെയ്യുന്ന കൂട്ടായ്മയുടെ ഒഴുക്കിനെ കൃത്യമായി രേഖപ്പെടുത്താനും ബുദ്ധിമുട്ടാണ്.'
"മണ്ഡലത്തിന് പ്രായമില്ല എന്ന് പറയുന്നതാവും ശരി.'
"എന്നാണ് വെബ്‌സൈറ്റ് തുടങ്ങിയത് എന്ന് അറിയാനാവില്ല. തുടങ്ങിയതായി കാണിച്ചിരിക്കുന്ന തിയ്യതി സ്ഥിരമല്ല എന്ന് കാണിക്കുന്നു. ഒരിക്കലാരംഭിച്ച് നിറുത്തിവച്ച ശേഷം പിന്നീട് തുടങ്ങിയതായിരിക്കും. "ചിന്തിക്കുന്ന ആൾക്കൂട്ടത്തിന്റെ സമാഗമമാണിത്.' സൈറ്റിൽ "ന്യൂസ്ഫീഡ്' എന്നൊരു ഓപ്ഷനുണ്ട്. ലോകത്തെവിടെയും നിന്നുള്ള വാർത്തകൾ വീഡിയോ സഹിതം അവിടെ അപ്‌ലോഡ് ചെയ്യാനാവും. ആർക്കും. അപ്‌ലോഡ് ചെയ്തവ കാര്യമാത്ര പ്രസക്തമല്ലെങ്കിൽ മറ്റേത് അംഗത്തിനും അത് ഡിലീറ്റ് ചെയ്യാനുമാവും. ഇംഗ്ലീഷാണ് പൊതുഭാഷ എന്നു വിചാരിക്കേണ്ട. തലക്കെട്ടും ടാഗും ഇംഗ്ലീഷിൽ നൽകി ബാക്കി പ്രാദേശികഭാഷയിലായാലും തരക്കേടില്ല. അനീതി നടമാടുമ്പോൾ അവിടേയ്ക്ക് ക്യാമറക്കണ്ണുമായി ഓടിയെത്തുന്നു, മഹാനൈതിക മണ്ഡലക്കാർ.
വാർത്തകൾ വയറിളക്കരൂപത്തിലാവരുതെന്നാണ് കൂട്ടായ്മ സ്വയം പാലിക്കേണ്ടുന്ന അച്ചടക്കം. വീഡിയോയാണെങ്കിൽ മൂന്ന് മിനിറ്റിനകം തീർക്കാം. പടങ്ങൾ മൂന്ന് എണ്ണം മാത്രം. സൈനികർ, ഉദ്യോഗസ്ഥർ, എഞ്ചിനീയർമാർ, സിവിലിയൻമാർ, ഡോക്ടർമാർ, കലക്ടർമാർ, മന്ത്രിമാർ, ഗുമസ്തൻമാർ, വക്കീലൻമാർ, രാഷ്ട്രീയക്കാർ, വിവിധ ഗോത്രക്കാർ, ജാതികൾ, ഉപജാതികൾ, മതങ്ങൾ, ചെറുഗ്രൂപ്പുകൾ.... ആണുങ്ങൾ, പെണ്ണുങ്ങൾ, ട്രാൻസുകൾ... നീതിനിഷേധത്തിന്റെ കരിമ്പുക പടരുമ്പോൾ കൂട്ടായ്മ അത് ഒപ്പിയെടുക്കുന്നു.
പരിഹാരമെന്ത്?
ചിലപ്പോൾ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്നുവരില്ല. ആരാലും ശ്രദ്ധിക്കപ്പെടാതിരുന്നുവെന്നും വരാം. എന്നാലും അത് അവിടെ ഉണ്ട് എന്നതാണ് കാര്യം.
"ഭാഷക്കും ദേശത്തിനും അതീതമായി സംവദിക്കുന്നവരുടെ ഇടം.'
"സമാനമനസ്‌ക്കർ'?
"പൊളിറ്റിക്കലി സമാന മനസ്‌കർ' - അഥീന കൃത്യമായി പറഞ്ഞുവെച്ചു.
"Are you sure politically'? ഭൈരപ്പ ഒരിക്കൽ പേഴ്‌സണൽ മെസേജായി വന്നു.
"Yes of course' അഥീനയുടെ മറുപടി.
"That's hopeful' എന്ന് ഭൈരപ്പ.
ആദ്യമായി മഹാമണ്ഡലത്തിൽ ചേരുന്നവർ മുഴുവൻ വിലാസവും അറിയിക്കണമെന്നില്ല എന്നതാണ് സുമയെ ആകർഷിച്ചത്. അവൾക്ക് അവളുടെ ഭൂമിയിലെ വിലാസം മറച്ചുവെക്കണമായിരുന്നു. ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്നു വ്യക്തമാക്കാൻപോലും താൽപര്യമില്ലാത്തവൾ. ഗോതമ്പുനിറമുള്ള സുമ. അവൾ അനുഭവിച്ചതിന്റെ പത്തിലൊന്ന് നേരിടാൻ തനിക്കു കഴിവില്ലെന്ന് സഹപ്രവർത്തകർ ഭാവിയിൽ പറയും.
ഇമെയിൽ വിലാസം മാത്രം മതി മണ്ഡലത്തിൽ ചേരാനെന്നതാണ് സുമക്ക് ഒന്നാമതായി ഇഷ്ടമായത്. ഇമെയിൽ വിലാസം വെറുതെ രൂപപ്പെടുന്നതല്ല. ഇന്റർനെറ്റിന്റെ അംഗീകൃത നയക്രമത്തിലൂടെയാണ് ഇമെയിൽ ലഭിക്കുന്നത്. അസത്യമെങ്കിൽ സാങ്കേതികവിദ്യയിലൂടെ ഇരിക്കുന്ന ഇടവും ദേശവും പേരുപോലും കണ്ടെത്താവുന്നതേയുള്ളൂ. പിന്നെന്തിന് മറ്റ് വിലാസവും മൊബൈൽ നമ്പറും! ഇമെയിൽ വേരുകളില്ലാത്ത വിലാസമൊന്നുമല്ല.
സുമ ഒരുപാട് നീറിയവൾ. അതുകൊണ്ടാവാം നീറലുകൾ കാണുമ്പോൾ അവൾക്ക് വെറുതെയിരിക്കാൻ കഴിയാത്തത്.
ഇമെയിൽ ഐഡി മാത്രം നൽകി, ചർച്ചകളിലിടപെട്ട സുമ അധികം വൈകാതെ സ്വന്തം പേരുമാത്രമല്ല. നെരിപ്പോടായ ജീവിതത്തിന്റെ തരിരഹസ്യങ്ങൾ വരെ മണ്ഡലത്തിൽ പങ്കുവെയ്ക്കുകയുണ്ടായി. "ഞാൻ ഒരുകൂട്ടം പുരുഷൻമാരാൽ ഒറ്റുകൊടുക്കപ്പെട്ടവൾ. അവർ തന്ന വിഷചഷകം ഞാൻ മൊത്തി. എനിക്കവരോട് പ്രതികാരമില്ല. എന്റെ ദ്വേഷം ചർക്കനൂലിൽ അലിഞ്ഞുപോയിരിക്കുന്നു. ഞാനിന്ന് പുതിയ ജീവിതത്തെ ഉറ്റുനോക്കുന്നു.' അതാണ് കൂട്ടായ്മയിലെ അംഗങ്ങൾ നേടിയെടുത്ത വിശ്വാസത്തിന്റേയും പാരസ്പര്യത്തിന്റേയും തെളിവ്.
രണ്ടുവർഷത്തിലധികമായി ആശയങ്ങൾ പങ്കിട്ടു പ്രവർത്തിക്കുന്നവർക്ക് തമ്മിൽ കാണണമെന്ന് ആശ. വെറുതെ വന്ന് ഡിന്നർ കഴിച്ച് പിരിയുന്ന മീറ്റിങ് വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എല്ലാവർക്കും സ്വീകാര്യമായ തിയ്യതി കണ്ടുപിടിക്കുക സാധ്യമല്ല. അതിനാൽ വോട്ടിനിട്ടു. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും നടുക്കിന്ത്യയിലുമായി ഓരോ ഇടത്ത് സമ്മേളിക്കാവുന്നതല്ലേ നല്ലതെന്ന ചിന്ത റദ്ദായിപ്പോയി. ആദ്യം ഒരിടത്തെത്താം. അടുത്തത് സൗകര്യംപോലെ വിഭജിക്കാം. അതിൽ എല്ലാവരും ഏകാഭിപ്രായക്കാരായി.
കൊൽക്കത്തയിലാണ് സമ്മേളനമെന്നറിഞ്ഞപ്പോൾ തന്നെ ഇതിനകം പരിചിതരായ അഥീനയും ഉമ്മിണിയും കോംവറുഗീസും അപ്പാഗോകുലുവും ഭൈരപ്പയും ജോജിയും സരവണനും തീരുമാനിച്ചിരുന്നു. എത്തുന്നത് കൊൽക്കത്തയിലാണ്. ആദ്യമായി തമ്മിൽ നേരിൽ കാണാൻപോവുന്ന ത്രില്ലും ചിലർക്ക്. ഒരുമിച്ചിടപഴകുന്നതിലെ സൗഭാഗ്യം മറ്റു ചിലർക്ക്.
വിപുലമായി സഞ്ചരിക്കാനുള്ള അവസരമാണ്. യാത്രികരാവുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നവർ. വംഗനാടിനെക്കുറിച്ച് പലതും കേട്ടറിഞ്ഞവർ. പല സന്ദേഹങ്ങളുള്ളവർ.
"ഇന്നത്തെ ബംഗാളിന്റെ മാറ്റമുണ്ടല്ലോ എനിക്കതാണറിയേണ്ടത്.'
"ഓ... അതിൽ കാര്യമൊന്നുമില്ല. പാർലമെന്ററി സർക്കസിനോടെനിക്കു താൽപര്യമില്ല.'
"ഇന്നലത്തെ വംഗദേശമുണ്ട്. ദുർഗാപൂജയുടേയും സ്വാതന്ത്ര്യ രണഗാഥകളുടേയും ദേശീയതയുടേയും വംഗവഴി... എനിക്കതുമതി.'
"വംഗസംഗീതം, വംഗചിത്രകല, വംഗാവിഷ്‌കാരങ്ങളുടെ കലാപൈതൃകം... ഒഴുകുന്ന ബാവുൽ, ഹൃദയം പറിച്ചുകൊടുക്കാൻ തോന്നുന്ന ബംഗാളിഭാഷ.'
"നീ അതിൽ മയങ്ങിക്കോളുക....,
എനിക്കു വേണ്ടത് അലറുന്ന ബംഗാളിനെയാണ്.'
"കൂറ്റൻ ജാഥകൾ. പ്രതിബോധങ്ങൾ. പ്രത്യയശാസ്ത്രങ്ങൾ, കലാപങ്ങൾ. കലാപകാരികളുടെ ചോരമണമുള്ള വഴിമരങ്ങൾ....'
"ഒറ്റപ്പെട്ടവരുടെ ചരിത്രമറിയാൻ കഴിയണം. അരികിലേക്ക് ചവിട്ടിമാറ്റപ്പെട്ടവരെ ചേർത്തുപിടിക്കാനാരുണ്ടെന്ന് നോക്കണം.'
നൈതികമണ്ഡലത്തിൽ നിന്നുള്ള ബംഗാളികളുടെ കോൺടാക്റ്റ് ലിസ്റ്റ് അഥീന നേരത്തെ തയ്യാറാക്കി വച്ചിരുന്നു. ആർക്കും എവിടേക്കുമുള്ള വഴി അവർ പറഞ്ഞുതരും.
മഹാമണ്ഡലത്തിന്റെ സമ്മേളനത്തിന് പന്ത്രണ്ട് ദിവസം ബാക്കിയുണ്ടായിരുന്നതിനാൽ കയ്യിൽ കുഞ്ഞു പുസ്തകങ്ങളും റെക്കോർഡറും ക്യാമറയുമൊക്കെയായി അവർ പലപാട് പുറത്തിറങ്ങി നടന്നു. അവരറിഞ്ഞില്ല, ചരിത്രത്തിന്റെ മുന്നിലേക്കും പിന്നിലേക്കുമാണ് അവർ നടക്കുന്നതെന്ന്.
മഞ്ഞ ടാക്‌സിയിൽനിന്നും ഡ്രൈവർമാർ തല പുറത്തിട്ട് നോക്കുന്നു. മാദേവിയുടെ സിന്ദൂരമണിഞ്ഞ സ്ത്രീകൾ കൈവള കിലുക്കിക്കൊണ്ട് ആരെന്നു തിരക്കുന്നു. നീണ്ടുകിടക്കുന്ന നിരത്തുകളുടെ അറ്റത്ത് വലിഞ്ഞുനീണ്ട ചങ്ങലലിപിയിൽ ബംഗാളി ബോർഡുകൾ. സൈക്കിളിൽ വലിയ ഭാണ്ഡം കെട്ടിവെച്ച് ചവിട്ടാൻ പ്രയാസപ്പെടുന്ന തൊഴിലാളികൾ, പുരാതനത്വം വഹിക്കുന്ന കെട്ടിടങ്ങൾ, മധുരപലഹാരങ്ങൾ നിരത്തിവച്ച കണ്ണാടിക്കൂടുകൾ. ഗതാഗതത്തിന്റെ ശരാശരി വേഗം കാണിക്കുന്ന ട്രാമുകൾ, വാഹനങ്ങളുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഹോണടികൾ, അലുമിനിയം കെറ്റിലുകളിൽ ചായ തിളപ്പിക്കുന്നവർ, തിരക്കുകൂട്ടുന്ന വലിയ ഭാണ്ഡങ്ങളുള്ള ബനിയൻ മാത്രമിട്ട മനുഷ്യർ, കാലത്തിന്റെ വളർത്തുപുത്രികളായ പ്രാവുകൾ, തലകീഴായി തൂങ്ങിക്കിടക്കുന്ന ജന്തുരൂപത്തിൽ ഫാക്ടറി സമുച്ചയങ്ങൾ, പാതിരാവിൽ ആകാശത്തു കാണുന്ന നക്ഷത്രപ്പൊടികൾപോലെ നഗരത്തിന്റെ ഓരവീടുകൾ, നഗരത്തെ തീറ്റിപ്പോറ്റുകയും നഗരവിസർജ്യങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന സബർബുകളുടെ മഞ്ഞകൾ, പിൻവെളിച്ചം പരത്തുന്ന മിന്നാമിന്നികൾ, അളിഞ്ഞ വെള്ളരിക്കാമണമുള്ള ഡിച്ചുകൾ, തോരണങ്ങൾ അലങ്കരിച്ചും വൃത്തികേടാക്കിയും ശകുനപ്പിഴപോലെ ശൂന്യമായ നീണ്ടപാതകൾ, ഓഷ്ഠ്യത്തിൽ സംഭാഷണങ്ങളെ ശബ്ദായമാനമാക്കുന്ന ഭാഷാകവികൾ, നത്തുകളെപ്പോലുള്ള രാഷ്ട്രീയ ഭിക്ഷാംദേഹികൾ, ഒഴിഞ്ഞ വയലുകൾ, കലകൾ, കലനങ്ങൾ, ബംഗാളിന്റെ നിർമിതിച്ചൊരുക്കങ്ങൾ... നൊമൊഷ്‌കാർ....
വർത്തമാനം എന്നൊന്നില്ലെന്ന് വളരെ പെട്ടെന്നവർക്ക് ബോധ്യമായി. ചരിത്രകാലത്തിലേക്ക് രണ്ടടി പിന്നിൽവെച്ച്, ഒരടി മുന്നിലേക്ക് എന്ന കളി മാത്രമാണ് യാഥാർത്ഥ്യമെന്നും വൈകാതെ അവർ മനസ്സിലാക്കും.▮
(തുടരും)