ചെത്തുലു കാലിനാക ആകുലു പറ്റുകുന്ന്ട്ട്‌ലു
(കൈ മുഴുവൻ പൊള്ളിച്ചിട്ട് പച്ചിലമരുന്നു തേടിയിട്ടെന്തു കാര്യം?
-തെലുങ്കു പഴമൊഴി)
വിജയവാഡയിലെ പഞ്ഞിമരങ്ങൾ. അവ നെട്ടനെ ഉയർന്നുനിൽക്കുന്നു. പഞ്ഞിമരങ്ങൾക്കിടയിലൂടെ ഉപ്പുകാറ്റ് ആടിക്കളിച്ചുവരുന്നു. പഞ്ഞിമരങ്ങളിൽ തൂങ്ങിനിൽക്കുന്ന നീളൻകായകൾ ഉണങ്ങിയാലേ അകത്തുനിന്ന് പഞ്ഞി വരൂ. പഞ്ഞിക്കുള്ളിൽ കുറേ കറുത്ത കുരു.
കടലോരമാണ്. കടലിന്റെ മറുഭാഗത്ത് നീളൻ നെൽവയൽ. പാതി ഉലഞ്ഞും ഉണങ്ങിയും കിടക്കുന്നുണ്ട്. വറ്റാത്ത ഒരു പുഴ വയലിനെ നോക്കിക്കൊണ്ട് ഒഴുകുന്നു. പുഴയെ എന്നും കുറ്റം പറയാനേ നാട്ടുകാർക്ക് നേരമുള്ളൂ. ഉപ്പുരസമാണ് പുഴവെള്ളത്തിന്. ഒരു ഗുണത്തിനുമില്ലാതെ അത് എന്തിനൊഴുകുന്നുവെന്ന് വിജയവാഡക്കാർ സമയംപോക്കാനായി ചോദിക്കാറുണ്ട്.
വയലിൽനിന്നു കിട്ടുക കൂർത്ത നെല്ലുമണികളാണ്. വരദേശ്വരൻദൈവം പട്ടിണികിടന്നു ചാവാറായ ഭൂമിയിലെ ആദിവാസികൾക്ക് സ്വന്തം വാളുകൾ ആകാശത്തുനിന്നും എറിഞ്ഞുനൽകിയവ നെല്ലുമണികളായി വിളയുന്നതാണ്. നാട്ടുകാർ ഈ കഥ പറഞ്ഞ് വിശ്വാസം വരാതെ പരസ്പരം നോക്കും. വരദേശ്വരൻദൈവം പിന്നീടെന്തുചെയ്തുവെന്ന് ചോദിക്കാനാർക്കും ഇതുവരെ ധൈര്യം വന്നിട്ടില്ല. മഴയും വേനലും ചതിക്കുമ്പോൾ അവർ ദൈവം ഉറയിൽനിന്ന് ഊരിയെറിഞ്ഞ വാളുകളുടെ കഥ അയവിറക്കും.
പത്തുവയസ്സുവരെ ഉടുപ്പിടാതിരുന്ന അപ്പാ ഗോകുലുവിന് ഇപ്പോഴും കട്ടിയുള്ള വസ്ത്രമിട്ടാൽ ശരീരം ചൊറിഞ്ഞുപൊട്ടും. സ്‌കിൻ ക്രീം എപ്പോഴും പോക്കറ്റിൽ കരുതും. ഉടുപ്പിടാതിരുന്നത് കഷ്ടപ്പാടുകൊണ്ടായിരുന്നു. അവൻ കടലോരത്തുകൂടെ നഗ്നനായി അലഞ്ഞുനടന്നു. കുട്ടിക്കാലം അവന് ഒടുങ്ങാത്ത നടത്തിന്റേതാണ്. കൗതുകഭയങ്ങളുടെ ഒരു പറവക്കൂട്ടമായിരുന്നു അവന്റെ മനസ്സ്. എന്നാൽ പേടിസ്വപ്നങ്ങളെ ആക്രമിക്കാനനുവദിക്കാതെ അവൻ ഉറക്കത്തെ സ്വന്തമാക്കുമായിരുന്നു. ഒരുദിനം രാത്രി അത്തരമൊരു അഗാധമായ ഉറക്കത്തിനിടയിൽ അവന്റെ ചൂച്ചാമണിയിൽ പെരുച്ചാഴി കടിച്ചു. വേദനകൊണ്ടവൻ പുളഞ്ഞു. തൊണ്ടയിൽനിന്ന് തുപ്പലിനോടൊപ്പം ചോരതെറിച്ചു. ആരും അറിഞ്ഞില്ല. അവനാരോടും പറയാനും പോയില്ല. ഏറെ ദിവസത്തേയ്ക്ക് നീറ്റൽ നീണ്ടുനിന്നു. ഇന്നും ഒരു ചിറകുപോലെ ദശ തൂങ്ങുന്ന ലിംഗമാണവന്റേത്.
അന്ന് രണ്ട് ഇളയതുകൾ കുടിലിലുണ്ടായിരുന്നു. അവറ്റ മിക്കവാറും ദിവസങ്ങളിൽ കരഞ്ഞ് കാറി നിലവിളിച്ചുകൊണ്ടിരിക്കും. അവർ കരയുന്നതെന്തിനാണെന്ന് അന്വേഷിക്കാനവൻ മെനക്കെടാറില്ല. ആ ഇളയതുകൾ രണ്ടും ചെറുതായിരുന്നു. അവനൊരിക്കൽ അളന്നു നോക്കി! അവന്റെ ഒരു കൈനീളമേ ഇളയതുകൾക്കുള്ളൂ.
അതിലൊന്നിനെ അപ്പൻ എടുക്കുന്നതു കണ്ടു. കൈയിലെടുത്ത് ആട്ടിയാട്ടി അപ്പൻ കടലിലേക്ക് നോക്കുന്നു. അപ്പോൾ കടൽ എന്തോ പറഞ്ഞു. ഒരുപക്ഷേ, കടൽക്കാറ്റാവും പറഞ്ഞുകൊടുത്തത്. കടൽക്കാറ്റ് പറഞ്ഞുകൊടുത്തതാണോ എന്നറിയില്ല, അപ്പൻ പഞ്ഞിക്കുരു ഇളയതിന്റെ മൂക്കിൽ വെക്കുന്നതു കണ്ടു. അവൻ ദീർഘമായ ശ്വാസത്തോടെ കറുത്ത പഞ്ഞിക്കരുവിനെ അകത്തേക്കെടുത്തു.
കഴുത്തിൽ ഒരു കുടയൽ. ഒരു ഞെട്ടൽ. നീണ്ട വലി. ഇളയത് ഉറക്കത്തിന്റെ സ്വപ്നത്തിൽ ഇരുട്ടുജാലകങ്ങൾ ഒന്നൊന്നായി തുറന്ന് വെളിച്ചത്തിന്റെ ലോകത്തെത്തി. എന്നാൽ ഒരുനിമിഷം മാത്രമേ അവിടം വെളിച്ചമുണ്ടായിരുന്നുള്ളൂ. ഇളയത് ആ മണ്ണിലേക്ക് വീണതും വെളിച്ചം കെട്ടു. എന്നാൽ പിന്നീടുണ്ടായത് ഇരുട്ടല്ല. ശൂന്യതയുടെ നിഴൽനിറം അവിടെയെങ്ങും വ്യാപിച്ചു. നിഴൽനിറം അനന്തമായി വ്യാപിക്കുകയായിരുന്നു. അനന്തതയുടെ നിറം അന്നുമുതൽ നിഴൽനിറമായി അറിയപ്പെട്ടുതുടങ്ങി....
അപ്പൻ തോണിവാങ്ങി. പിന്നീട് തോണിയിലായി അപ്പന്റെ കടൽയാത്ര. ഒരു ദിവസം മീൻപിടിക്കാൻ പോയപ്പോൾ അപ്പനോടൊപ്പം കൂടി. നിലാവുപൊഴിയുന്ന രാത്രിയായിരുന്നു. പൊടുന്നനെ നിലാവൊക്കെ മാഞ്ഞില്ലാതായി. കടലാകാശത്ത് ഇടിമിന്നലുകൾ വ്രണങ്ങളുണ്ടാക്കി. ഞങ്ങളപ്പോൾ ഏതാണ്ട് നടുക്കടലിലായിരുന്നു. അപ്പന് തരിമ്പും കൂസലുണ്ടായിരുന്നില്ല. അപ്പൻ കറുത്ത മുഴുത്ത പേശികൾകൊണ്ട് ആഞ്ഞ് തുഴയുകയും വലയിൽ വല്ലതും കുടുങ്ങിയോ എന്ന് ഉറ്റുനോക്കുകയുമാണ്. ഞാൻ തക്കം നോക്കി ഇരിക്കുകയായിരുന്നു. തോണിയുടെ അറ്റത്തുനിന്ന് തറപ്പലകകൾ മാടിക്കടന്ന് പങ്കായം അപ്പന്റെ കൈയിൽനിന്ന് പിടുങ്ങിയപ്പോഴും അപ്പൻ വലയിൽ നോക്കി ഇരിപ്പാണ്. മഴക്കോള് തുടങ്ങിയിരുന്നു. കടൽക്കാറ്റ് ശക്തമാവുന്നു. മിന്നലുകൾ വെള്ളിവരയിലൂടെ പൊള്ളിക്കുന്നു.
"എന്താടാ'?
"മഴയും കാറ്റും കോളും വരട്ടെ'...
"നീയാ പങ്കായം താ....'
"പങ്കായമില്ലാതെ തുഴയാനറിയുന്ന അപ്പനെന്തിനാ പങ്കായം'?
"എടാ....'
"ഞാനിത് കടലിലെറിയും'
"നടുക്കടലാണ് നെരണം കെട്ടവനേ. നിനക്കു ഞാൻ വച്ചിട്ടുണ്ട്. നാറീ'...
"ഒന്നും ബാക്കിവെക്കേണ്ട അപ്പാ. എനിക്കൊന്നറിഞ്ഞാ മതി'
"എന്ത്'? 'അത്.... അത്.... പഞ്ഞിക്കുരു മൂക്കിൽക്കേറ്റുന്ന സൂത്രം'
മിന്നലിൽ അപ്പന്റെ മുഖം കണ്ടു. അത് മരണത്തിനുപോലും നൽകാൻ കഴിയാത്ത ഭാവമായിരുന്നു. ഞരമ്പുകൾ വലിഞ്ഞുമുറുകി. കണ്ണുകൾ പതുക്കെ താഴ്ന്നു.
അപ്പൻ ഉടുത്ത ലുങ്കി തോണിക്കാനവെള്ളത്തിൽ ഉലയുന്നതുപോലും നോക്കാതെ എന്റെ കാലുകളിലേക്ക് വീണു. പൊട്ടിക്കരച്ചിൽ.
"മകനേ... അപ്പന് വേറെ വഴിയില്ലായിരുന്നെടാ. വലക്കണ്ണികൾ സഹായിച്ചില്ലെങ്കിൽ തടഞ്ഞുവീണുപോകുന്നതല്ലേടാ അപ്പന്റെ ഈ പേശികൾ....'
"അവനധികം ആയുസ്സില്ലെന്ന് ജോഗീരലുവും പറഞ്ഞിരുന്നെടാ.'
കുന്നിക്കുരുവും കവിടിയും കോവിലിൽ നിരത്തി ജോത്സ്യംപറയുന്ന പണ്ഡിതനാണ് ജോഗീരലു. അയാൾ പറഞ്ഞാൽ അച്ചട്ടാണ്.
അപ്പൻ കാലിൽ മുത്തമിട്ടു. അപ്പന്റെ നാവിന്റെ നനവ് കാലിലൂടെ തുടയിലൂടെ വയറിലൂടെ നെഞ്ചിലൂടെ മൂക്കിൻപാലത്തിലൂടെ നെറ്റിനടുവിലൂടെ ശിരസ്സിൽനിന്ന് ഉച്ചിയിലെത്തി.
അപ്പന്റെ വിതുമ്പൽ നിന്നിട്ടില്ല.
അപ്പൻ എന്റെ രണ്ടുകാലും കൊച്ചുകുഞ്ഞിനെപോലെ ചേർത്ത് പിടിച്ചിരിക്കുന്നു. ഇളയതിനെ ഇങ്ങനെതന്നെയാണപ്പൻ പിടിച്ചത്.
കാൽമടവുകൊണ്ട് മറിച്ചിട്ടാൽ കടലിന്റെ ആഴത്തിലേക്കു പോവുന്ന ശരീരമാണിപ്പോൾ അപ്പൻ. പങ്കായം അപ്പന്റെ കൈയിൽ നൽകി. അഞ്ചാറുമിന്നലുകൾ ദൃക്‌സാക്ഷി. അപ്പൻ ധൃതിയിൽ പങ്കായം വാങ്ങി ആഴത്തുഴച്ചിൽ തുടർന്നു. തോണി കരയിലേക്ക് കുതിച്ചു. കടലിന്റെ അലർച്ചയേക്കാൾ ഉച്ചത്തിൽ അപ്പന്റെ ശബ്ദം കാതിൽ അലയടിച്ചത് ഏറെ ദിവസങ്ങൾ. പിന്നീടുള്ള പല ദിവസങ്ങളിൽ കടലിൽനിന്ന് നെത്തല്ലു, ജെല്ലോ, കുറുഗുപാറ, വനംമട്ടലു, കോകോമുട്ട തുടങ്ങിയ മത്സ്യങ്ങൾ വിറ്റുകിട്ടിയ പണവുമായി മാരേലുബാബ അമ്പലത്തിനടുത്ത് അപ്പൻ പുതിയ കുടിൽകെട്ടി തന്നു. അത് എനിക്കുള്ള സമ്മാനമാണെന്ന് മനസ്സിലാക്കി. രഹസ്യം മനസ്സിൽ സൂക്ഷിക്കുന്നതിനുള്ള പ്രതിഫലം. എന്നാൽ ഉള്ളിലെ നീറ്റലിനുള്ള പകരമായി അതിനെ കണക്കാക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ കാരണമല്ല, മാരേലുബാബയുടെ ദൈവകോപം കാരണം അവിടന്ന് വിടേണ്ടിവന്നു. കാവിത്തോരണങ്ങളും അലുക്കുകളും കെട്ടിത്തൂക്കിയ കുടിൽ പൊളിച്ചു മാറ്റേണ്ടിവന്നു.
പഴയ കുടിലിൽത്തന്നെ ഞങ്ങൾ തിരിച്ചെത്തി. അമ്മയില്ലാതിരുന്ന മഴക്കാല ഉച്ചയിൽ കുടിലിൽ വന്നു നോക്കുമ്പോൾ അപ്പൻ ചേലവതിയെന്ന വെളുമാടൻ അച്ചാറുവിൽപ്പനക്കാരിയുടെ മേലേ കിടക്കുന്നു. മഴ ഇരമ്പിക്കുതിച്ച് പെയ്യുന്നുണ്ട്. ഓടിക്കയറിയ ഞാൻ അതേ വേഗതയിൽ പുറത്തെത്തി. കടലിൽ പെയ്യുന്ന പോലെയല്ല കടൽത്തീര മണലിലെ മഴ. അതുപോലെയല്ല കുടിലിന്റെ പുറത്തെ മഴ. കുറച്ചുകഴിഞ്ഞ് കുടിലിന്റെ മേലേവളവിലൂടെ നോക്കി. ചേലവതിയുടെ ഉടുതുണി അപ്പൻ വലിച്ചുമാറ്റുന്നു. അവളുടെ വെളുമ്പൻ തുട കാണുന്നു. അപ്പൻ ചേലവതിപ്പെണ്ണിന്റെ കറുത്തചുണ്ടിലൂടെ ഉമിനീർ നിറക്കുന്നു. ബ്ലൗസ് കീറാനൊരുങ്ങിയപ്പോൾ രണ്ട് മാംസപ്പാച്ചികളേയും അവൾ പുറത്തെടുത്ത് നൽകുന്നു. അപ്പൻ അതുകളിൽ മുഖംകൊണ്ട് ഗലാട്ട നടത്തുന്നു. അപ്പൻ അത് കടിച്ചെടുക്കുമെന്നായപ്പോൾ ഞാൻ വിളിച്ചു. "അപ്പാ അപ്പാ'. ചേലവതിയുടേയും അപ്പന്റേയും സീൽക്കാരശബ്ദത്തിനു മുന്നിൽ എന്റെ ശബ്ദം ചെറുതായിരുന്നു. കേൾക്കാതിരുന്നത് നന്നായി. കേട്ടിരുന്നെങ്കിൽ അപ്പനെന്നെ കൊല്ലുമായിരുന്നു. കുറേക്കഴിഞ്ഞപ്പോൾ ചേലാവതി മുടി മാടിക്കെട്ടി കിട്ടിയ വസ്ത്രങ്ങളെ ഉടുത്തു എന്നു വരുത്തി എഴുന്നേറ്റ് പോയി. അപ്പനും പൊയ്ക്കഴിഞ്ഞപ്പോൾ ഞാൻ അവർ കിടന്ന സ്ഥലത്തുപോയി നോക്കി. അവിടെ കോസറിയിൽ ചെറുതായി ചോരപൊടിഞ്ഞിരുന്നു. മുറിവിൽനിന്ന് ചോരപൊടിഞ്ഞിട്ടും ചേലാവതിക്ക് ഇളിക്കാനായതെങ്ങനെ? അവൾ പോകുവാൻ യാത്രപറയവെ അവളുടെ ചന്തിയിൽ അപ്പൻ ഒരു തട്ടുകൊടുത്തതെന്തിന്?
അന്ന് കള്ളുകുടിച്ചുവന്ന അപ്പൻ രാത്രി അമ്മയുടെ പുറത്തുകയറുന്നതും കണ്ടു. അമ്മ ചേലാവതിയെപ്പോലെ ചിരിക്കുന്നുണ്ടായിരുന്നില്ല. കിടക്കുമ്പോൾ അമ്മയുടെ മുടിയിഴകൾ മുരിങ്ങാക്കാപോലെ ചടച്ചിരിക്കുന്നതായിരുന്നു. വലിയ കയറ്റം പുറത്ത് ഭാരംവലിച്ച് കയറുന്നതുപോലെ അമ്മ കിതക്കുന്നു. എന്റെ ഇളയതുകൾ കൊതുകു കടിച്ചതിനാൽ ചെത്തമുണ്ടാക്കിയപ്പോൾ "നൂറുമൂസ്‌കിനി ഉണ്ടു?'1. എന്ന് അപ്പൻ വിളിച്ചുപറയാൻ മടിച്ചില്ല.
ഒരാഴ്ച കഴിഞ്ഞ് കാറ്റാടിമരങ്ങളുടെ തോൽവച്ചുകെട്ടി വെളിക്കിരിക്കാനുള്ള പാളയുണ്ടാക്കുമ്പോൾ കുടിലിൽ നിന്ന് കൂട്ടനിലവിളി കേട്ടു. എന്റെ രണ്ടാമത്തെ ഇളയതും ശ്വാസംമുട്ടി മരിച്ചിരിക്കുന്നു. അമ്മ വാവിട്ടു നിലവിളിക്കുന്നുണ്ട്. അപ്പൻ എല്ലാവരേയും വിളിച്ചുകൂട്ടി. കടപ്പുറത്തെ നാട്ടുകൂട്ടം വന്നു. പിരിവെടുത്തു ചാരായവും കുഴിയെടുക്കാനുള്ള പണിയായുധങ്ങളും വന്നു. വഡ്ഡേശ്വരത്തുനിന്നു പീനംമലരുവിൽ നിന്നും ബന്ധുവുലു വന്നു. അവരിൽ പലരും ഇളയതിനെ കണ്ടിട്ടുണ്ടായിരുന്നില്ലെങ്കിലും ചോരബന്ധം പറഞ്ഞ് കരഞ്ഞു. ഇതുവരെ കാണാത്തതും ഇനി കാണേണ്ടതില്ലാത്തതുമായ ഒരാൾക്കുവേണ്ടിയും കരയാൻ ബന്ധുക്കളുടെ കണ്ണുകളിൽ കണ്ണുനീർ ബാക്കിയുണ്ടാവുമെന്ന് അന്നാണ് മനസ്സിലായത്. ഇളയതിനെ പായയിൽ പൊതിഞ്ഞുകൊണ്ടുപോകുമ്പോൾ അമ്മ വിളിച്ചുകേണു. "ഇനിയും ബാക്കിയുള്ളവരെ വെറുതെ വിടണേ'. അന്നേരം ശവസംഘം മുന്നോട്ടുപോവുകയായിരുന്നു. ഞാൻ ഓടിപ്പോയി, പെനമ്പാടയ്യനെന്ന കിളവന്റെ കൈയിൽ നിന്ന് ഇളയതിനെ പൊതിഞ്ഞ പായ തട്ടിയെടുത്ത് ഓടി. നാട്ടുകൂട്ടം അന്തംവിട്ടു. അവർ എന്നെ കൊല്ലാനായി പിറകേ വന്നു. കല്ലുകിട്ടാത്തതിനാൽ മണലെടുത്ത് തലങ്ങും വിലങ്ങും എറിഞ്ഞു. ദൂരെ വികാസ് നഗറിലേക്കു പ്രവേശിക്കുന്നയിടത്തെ പൊളിഞ്ഞ കെട്ടിടത്തിൽപോയി ഞാൻ പായ തുറന്ന് എന്റെ കുഞ്ഞനുജനെ നോക്കി. അവൻ കണ്ണടച്ചു കിടക്കുകയാണ്. കണ്ണുകെട്ടിക്കളിയിൽനിന്ന് അടർത്തിയെടുത്ത ഒരു നിമിഷം പോലെ അവൻ കിടക്കുന്നു. അവന്റെ വായിലെ പല്ലുകൾ പൊട്ടിപ്പോയിട്ടുണ്ട്. ചുണ്ട് വൃത്തിയില്ലാതെ തൂങ്ങിക്കിടക്കുന്നുണ്ട്. അവന്റെ ദേഹത്ത് പാടുകളൊന്നുമുണ്ടായിരുന്നില്ല. ഞാൻ അവന്റെ മൂക്കിൻകുഴിയിലേക്ക് നോക്കി. മൂക്കിൻതുമ്പിന്റെ തൊലി പൊട്ടിയിട്ടുണ്ട്. ഞാൻ അവന്റെ നെഞ്ചിൽ കൈപിടിച്ചു നോക്കി. അവിടെനിന്ന് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
ഇളയതിന്റെ മൂക്കിൻദ്വാരത്തിൽ വാ വച്ച് ഞാൻ ആഞ്ഞാഞ്ഞ് വലിക്കാൻ തുടങ്ങി. എന്റെ തൊണ്ടയിലേക്ക് അഞ്ചാറ് പഞ്ഞിക്കുരുക്കൾ അവന്റെ ശ്വാസകോശത്തിൽനിന്ന് പറന്നെത്തി. എനിക്കവനോട് സഹതാപം തോന്നി. എന്നാലും അവൻ ഭാഗ്യവാനാണെന്ന് തോന്നി. അങ്ങനെ തോന്നിയതിന് എന്നെത്തന്നെ കുറ്റപ്പെടുത്തുകയും ചെയ്തു.
പഞ്ഞിക്കുരുക്കൾ വായിൽനിന്നും തുപ്പിക്കളഞ്ഞ് ഞാൻ പായ വീണ്ടും പൊതിഞ്ഞുകെട്ടി, കെട്ടിടത്തിന്റെ മൂലയിൽ ചെന്ന് മണ്ണുമാന്തി കുഴിയെടുത്ത് ഇളയതിനെ അതിലേക്കിട്ടു. അവൻ എന്നത്തേയുംപോലെ ചെരിഞ്ഞ് കിടന്നു. അച്ചടക്കവും ഒതുക്കവും അവൻ അപ്പൊഴും പ്രദർശിപ്പിച്ചു. എന്നാൽ മരിക്കുമ്പോൾ മലർന്നുതന്നെ കിടക്കണമെന്ന് കേട്ടിട്ടുള്ളതിനാൽ ഞാനവനെ പിടിച്ച് മലർത്തികിടത്തി.
മല്ലേശ്വരന്റെ കോവിലിലേക്ക് ഞങ്ങൾ പോകാറില്ല. അത് പണക്കാരുടെ അമ്പലമാണ് ഞങ്ങൾക്ക് മത്സ്യഗന്ധമുള്ള ദൈവം മതി. വരദേശ്വരൻ അത്തരക്കാരനാണ്. ഞങ്ങൾക്കുവേണ്ടി ഞങ്ങൾ തന്നെ ഉണ്ടാക്കിയ ദൈവം. അവിടെ പോയി കുമ്പിട്ടാൽ ഞങ്ങൾക്ക് അത്യാവശ്യം ദുരിതങ്ങളെ ചെറുക്കാൻ കഴിയുമായിരുന്നു. കടലമ്മ ഉണ്ടാക്കുന്ന കാറ്റ്, കടൽക്ഷോഭം, ചന്ദ്രത്തിര, വെള്ളത്തിന്റെ പോക്ക് എന്നിവ ഞങ്ങളെ പരീക്ഷിക്കാൻ വേണ്ടി വരദേശ്വരനും കടലമ്മയും ചേർന്ന് നടത്തുന്നവയാണ്. കടൽ കോപിക്കാതിരിക്കാൻ നൂറ്റിയൊന്ന് നാളികേരം വർഷത്തിൽ വരദേശ്വരനടയിൽ ഉടക്കും.
മൂന്നാലുദിവസം കഴിഞ്ഞാണ് കുടിലിലേക്ക് തിരികെ വന്നത്. ഞാൻ നാടുവിട്ടുപോയി എന്ന് അമ്മ കരുതിയത്രെ. "ഞാൻ നാടുവിടാറായില്ല, അമ്മേ, വലുതായി മീശ കിളിർക്കണ്ടേ' ഞാൻ പറഞ്ഞു. അമ്മക്ക് അത് കേട്ടപ്പോൾ സന്തോഷമായതായി മുഖം പറഞ്ഞു. ഇളയതിന്റെ ജഡം ഞാനെന്തു ചെയ്‌തെന്ന് അമ്മയോ അപ്പനോ ചോദിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തി. ഒരു ദിവസം മുഴുവൻ വിമ്മിട്ടത്തിലിരുന്നു. അവർ ചോദിച്ചില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കിപ്പോഴുമറിയില്ല.
എന്നാൽ അവൾ ചോദിച്ചു; രണ്ട് ഇളയതുകൾക്കും താഴെ പിറന്ന കൃഷ്ണവേണി. "ചേട്ടാ, നമ്മുടെ ഇളയതിനെ എവിടെ കൊണ്ടുപോയാണ് ഉറക്കിയത്'? "അവനെ നല്ല ഇടത്തുതന്നെയാണ് ഉറക്കാൻ കിടത്തിയിരിക്കുന്നത്. നീ അതൊന്നും ആവലാതിപ്പെടേണ്ട. പിന്നെ കുടിലിൽ അധികനേരം അന്തംവിട്ട് ഉറങ്ങരുത്. ശ്വാസംമുട്ടൽ തോന്നിയാൽ ഉടനെ ചേട്ടനെ വിളിക്കണം.'
"ചേട്ടൻ തെണ്ടാൻ പോയിട്ടുണ്ടാവില്ലേ. ഞാൻ അപ്പനെ വിളിക്കാം. അപ്പനാവുമ്പൊ എവിടെയാണെങ്കിലും ഭഗവാനെപ്പോലെ വരും.'
"ശരി, എന്നാ അപ്പനെ വിളിക്കുമ്പൊ, ഉറക്കെ ചേട്ടൻ കൂടി കേൾക്കും പാകത്തിൽ വിളിച്ചേക്ക്.'
"അതെന്തിനാ'?
ഞാൻ അതിനൊന്നും മിണ്ടിയില്ല.
ഒരു മാസം കഴിഞ്ഞപ്പോൾ അമ്മയുടെ വയർ വലുതാവുന്നതു കണ്ടു. അമ്മ വയറുനിറയെ തിന്നതെന്താണെന്ന് കൃഷ്ണവേണി ചോദിക്കുന്നു. അമ്മയുടെ വയർ വലുതാവുന്നുണ്ടെന്ന സത്യം ഞങ്ങൾ മനസ്സിലാക്കി. ഉദരത്തിലിരിക്കുന്ന കുഞ്ഞിനെങ്കിലും ശ്വാസംമുട്ട് വരാതിരിക്കട്ടെയെന്ന് അമ്മ പ്രാർത്ഥിച്ചു. എനിക്ക് ചിരിയൂറി. അപ്പനോട് ഇക്കാര്യം പറയരുതെന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മ എന്നെ തുറിച്ച് നോക്കി. അതിനിടെ അപ്പൻ പോയ വള്ളം മറിഞ്ഞ് മോഹാലസ്യനായി കരക്കടിഞ്ഞു. ചത്തു എന്നു വിചാരിച്ചെങ്കിലും ചത്തില്ല. കുടിലിൽ കള്ളുകുടിച്ച് അപ്പൻ കിടക്കും.
ഒരു പുലർച്ചെ ഞങ്ങളെല്ലാം ഉണരുന്നതിനുമുമ്പ് കൃഷ്ണവേണിക്ക് ശ്വാസംമുട്ടൽ ആരംഭിച്ചു. അവളുടെ കുഞ്ഞുദേഹം ഞാനെഴുന്നേൽക്കും മുമ്പ് അപ്പനും സംഘവും കടലോര ശ്മശാനത്തേക്ക് കൊണ്ടുപോയി. അവളെ കുഴിച്ചിട്ടതെവിടെയാണെന്ന് അപ്പൻ എന്നോട് പറഞ്ഞില്ല. അങ്ങനെ ഇളയതിന്റെ ശവം പായയോടെ തട്ടിക്കൊണ്ടുപോയതിന് അപ്പനെന്നോട് പകവീട്ടി, അപ്പനെക്കാൾ അമ്പത്തഞ്ചാണ്ട് കുറവുള്ള എന്നോട്.
അന്ന് രാത്രിയിൽ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. അമ്മയുടെ വയറിലേക്ക് ആഞ്ഞ് ചവിട്ടാൻ ആഗ്രഹിച്ചു. ശ്വാസംമുട്ടിയപ്പോൾ കൃഷ്ണവേണി എന്നെ വിളിച്ചിരിക്കുമോ എന്നറിയില്ല. ഏതായാലും അപ്പനെ അധികനേരം വിളിച്ചിരിക്കാനിടയില്ല. ഞാൻ നഗരത്തിലേക്ക് നാടുവിട്ടു. നഗരത്തിലെ ഒരു ഡോക്ടറുടെ സഹായിയായി കൂടി. ഡോക്ടറുടെ മകളെ പഠിപ്പിക്കാൻ വരുന്ന ടീച്ചറുടെ വീട്ടിലും പണിക്കായി എന്നെ കൊണ്ടുപോയി. അവർ എന്നെ പഠിപ്പിച്ചു. ഒരു നാൾ കഠിനമായ നെഞ്ചുവേദനയാൽ ഞാൻ ആശുപത്രിയിലായി. വിദഗ്ദ്ധരായ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി. ചങ്കിലടഞ്ഞുപോയ പഞ്ഞിക്കുരു പുറത്തെടുത്തുകൊണ്ട് ഡോക്ടർ പറഞ്ഞു. "വൈദ്യശാസ്ത്രത്തിലെ അപൂർവ സംഭവം. ഇത്രയും നാൾ പഞ്ഞിക്കുരു ശ്വാസകോശത്തിൽ ഒളിഞ്ഞിരുന്നു.' ബാല്യകാലത്തെ ഏതോ ശ്വാസംമുട്ടലിലേക്ക് എന്റെ ഓർമപോയി. ഞാൻ അപ്പന് നന്ദിപറഞ്ഞു. ഒരിക്കൽകൂടി കുടിലിലേക്ക് പോകണമെന്നും അപ്പനേയും അമ്മയേയും കാണണമെന്നും തോന്നി. എന്നാൽ തെരുവുപാട്ടുകാരനായ രാജമന്ത്രി രങ്കയ്യയുടെ കൂടെ കൂടുകയാണ് ചെയ്തത്. രങ്കയ്യയുടെ സംഘത്തിൽ ചേരുകയും അവരോടൊപ്പം റായലസീമയിലെമ്പാടും കറങ്ങി നടക്കുകയും ചെയ്തു.
"നിദ്ദരാനി ഇരിസേസി റെപ്പൽസി തെരിസാനു
നുവ്വോച്ചെ ധാരുള്ളൂ ചൂപുൽനി പരിസാനു
ഒൻടെക്കു ബൻഡെക്കി രാര...
സാഗിലേതി ഡൊങ്കല്ലൊ പടിലങ്ക രാരാ...
നെഗിലേതി നാ മനസു ഗുരുതോച്ചി രാരാ...
ഗലബോതി കൂറോണ്ടി പിലിചീന രാ... രാ...
പെനിമിതി എന്നി നല്ലൈനാഥോ
നിനു സൂസി കല്ലാരാ...
എന്നെന്നി നല്ലൈനാഥോ
നിനു സൂസി കല്ലാരാ...3
അപ്പാഗോകുലു പതിഞ്ഞ താളത്തിൽ മുഖമാട്ടി പാടിയപ്പോൾ അടുത്തുണ്ടായിരുന്ന അഥീനയും ഉമ്മിണിയും താളമിട്ടു. "ഇത് നമുക്ക് മലയാളത്തിലാക്കണം' ഉമ്മിണി പറഞ്ഞു. വിവർത്തനത്തിൽ ചോർന്നു പോവുന്നതാണ് കവിത, എന്നാലും ചോർന്നതിന്റെ ബാക്കിയെങ്കിലും കിട്ടുമല്ലോ. അപ്പാഗോകുലു വളരെ ബുദ്ധിമുട്ടി ഇംഗ്ലീഷിലാക്കിയെടുത്ത പാട്ട് ഉമ്മിണി നിമിഷനേരം കൊണ്ട് മൊഴിമാറ്റി.▮
1. മിണ്ടാതിരിക്കിനെടാ 2. ബന്ധുക്കൾ 3. നിദ്രവിട്ട്, കണ്ണുപാർത്ത് ഞാനിരിക്കുന്നു. വീട്ടുപാതയിലേറെ നേരം കാത്തിരിക്കുന്നു. സിംഗലേരു കരയിലൂടെ വന്നെത്തി നിൽക്കുക ചിരപുരാതന കാളവണ്ടിയിലേറിയെത്തുക. എൻ യുദ്ധസംഭീത മാനസത്തിലോടിയെത്തുക ഗലബോതിതൻ നിറവിലേക്ക് നിറഞ്ഞെത്തുക നേരമേറെയായ് കാത്തിരിപ്പു ഞാൻ പ്രിയനേ കാലമേറെയായ് കാത്തിരിപ്പു ഞാൻ.
(തുടരും)