സി.എസ്​. ചന്ദ്രിക

നോവൽ ഭാഗം

വിനോദിന്റെ അച്ഛൻ ജോലി ചെയ്തുണ്ടാക്കിയ സ്വന്തം സമ്പാദ്യം കൊണ്ടാണ് നഗരത്തിൽ വലിയൊരു വീടു വാങ്ങിയത്. പക്ഷേ കൂട്ടുകൂടി മദ്യപിച്ചും ആർഭാടങ്ങളിൽ പെട്ടും പിറകേ വരുത്തിവെച്ച കടങ്ങൾ വീട്ടാൻ പിന്നീട് ചെറിയ വിലയ്ക്ക് ആ വീട് വിറ്റു. നഗരത്തിനുള്ളിൽ തന്നെ ഒരു വാടക വീട്ടിലേക്ക് വിനോദിന്റെ കുടുംബം താമസം മാറി. വലിയ മതിൽക്കെട്ടിനുള്ളിലെ വിശാലമായ പറമ്പിനു നടുവിൽ ഓടിട്ട ഇരുനില വീട്. ആ വാടകവീട്ടിലേക്ക് മാറിയ കാലത്താണ് വിനോദ് കേളേജിൽ പോകാൻ തുടങ്ങുന്നത്.

വിനോദും മൂത്ത സഹോദരനും വീടുവിട്ട് കൂട്ടുകാരുടെ കോളേജ് ഹോസ്റ്റൽ മുറികളിൽ താമസിക്കാൻ തുടങ്ങിയത് ആ വാടക വീട്ടിലിരുന്നു സ്വസ്ഥമായിരുന്ന് പഠിക്കാനോ പരീക്ഷക്ക് കൃത്യസമയത്ത് പോകാനോ പറ്റില്ലെന്ന് മനസ്സിലായപ്പോഴാണ്. രണ്ടുപേരും ഇടയ്ക്കുമാത്രം വീട്ടിൽ വന്നു. അമ്മയും അനിയത്തിയും അനിയനും ഒരേ ദിനചര്യകളുടെ തനിയാവർത്തനങ്ങളിൽ അവിടെത്തന്നെ കുടുങ്ങിക്കിടന്നു.

മൂന്നാം വർഷ പരീക്ഷയ്ക്കുള്ള അവധിക്ക് ഹോസ്റ്റൽ അടച്ചപ്പോൾ നിൽക്കാൻ മറ്റൊരു സ്ഥലമില്ലാത്തതുകൊണ്ട് വിനോദ് വീട്ടിലേക്കുതന്നെ തിരികെയെത്തി. മൂത്ത സഹോദരൻ അപ്പോഴേക്കും കൽക്കത്തയിലേക്ക് വണ്ടി കയറിപ്പോയിരുന്നു. ശാന്തിനികേതനിലേക്ക് ചിത്രകല പഠിക്കാൻ പോവുകയാണെന്ന് വിനോദിനോടു പറഞ്ഞു. അമ്മയോട് വിവരം പറയണമെന്നും. സ്നേഹവും വൈകാരിക ബന്ധങ്ങളും ഏറ്റവും കുറഞ്ഞ അളവിൽ മാത്രം പുറത്തേക്ക് പ്രകടമാക്കുന്ന കുടുംബം.

ഇതും കുടുംബമാണ്!

വിനോദ് ആരോടും മിണ്ടാതായി. മനസ്സെപ്പോഴും മൂടിക്കെട്ടിക്കിടന്നു. സമാധാനമായി ഒരിടത്തിരുന്ന് പഠിക്കാനാവുകയില്ല. കോളേജിൽ പോകാൻ മടുപ്പു തോന്നി. തോറ്റാൽ അമ്മയ്ക്ക് സഹിക്കില്ല. എല്ലാ ക്ലാസ്സിലും ഒന്നാമനായിരുന്നു. ദാരിദ്യ്രമുണ്ടായിരുന്നില്ല. പക്ഷേ മനസ്സമാധാനത്തോടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റുകയില്ല. നാടുവിടാൻ ആലോചിച്ചപ്പോഴാണ് ബന്ധുവായ സതീശനെക്കുറിച്ചോർത്തത്.

സതീശന്റെ മറുപടിക്കത്തു വന്നു, എന്റെ അടുത്തേക്ക് പോര്, നിനക്ക് പൂനയിൽ പോയി പഠിക്കുകയും ചെയ്യാം.

ഭീകരമായ ആവർത്തനങ്ങളുടെ രാത്രികളിലൊന്നിൽ അമ്മയെ ചവിട്ടിവീഴ്ത്തിയ അച്ഛനെ വിനോദും അനിയനും ചേർന്ന് തിരിച്ചടിച്ചു, അരുതെന്ന് അമ്മ നിലവിളിച്ചെങ്കിലും.

സ്വന്തം കയ്യിലേക്കുനോക്കി കടുത്ത നിരാശയോടെ വായിലേക്കിരച്ചു വന്ന കയ്പുനീർ തുപ്പിക്കളഞ്ഞ് വിനോദ് മുകളിലെ കിടപ്പു മുറിയിലേക്ക് കയറിപ്പോയി.
പിറ്റേന്നുരാത്രി പുലരാൻ നേരം അമ്മയെ മുറിയിൽ നിന്ന് പുറത്തിറക്കാതെ വിനോദ് കാത്തിരുന്ന് വാതിൽ തുറന്നു. അമ്മയെ അന്വേഷിച്ച് പരക്കം പാഞ്ഞ അച്ഛനെ വിനോദ് വരാന്തയിൽ നിന്ന് അകത്തു കയറാൻ സമ്മതിക്കാതെ തടഞ്ഞുനിർത്തി. അനിയൻ ജനലഴികളിൽ പിടിച്ച് കെട്ടിയിട്ടു. അനിയത്തി വരാന്തയിൽ വെള്ളം നിറച്ചുവെച്ചിരുന്ന ബക്കറ്റെടുത്ത് തലയിലൂടെ ഒഴിച്ചു.

മദ്യപാനികളുടെ മത്തിറക്കാൻ എല്ലാവരും ആശ്രയിക്കുന്ന പ്രയോഗം.
ഡി അഡിക്ഷൻ സെന്റിലേക്ക് പല തവണ പിടിച്ചുകെട്ടിക്കൊണ്ടു പോയെങ്കിലും എല്ലാം പരാജയപ്പെട്ടു കഴിഞ്ഞതാണ്.

ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം

വരാന്തയിൽനിന്ന് കൂർക്കം വലി ഉയരുന്നതു വരെയും മൂന്നു പേരും അമ്മയ്ക്ക് കാവലിരുന്നു.

പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് വിനോദ് വീടുവിട്ടിറങ്ങി. ബോംബെയ്ക്ക് പോവുകയാണെന്ന് അമ്മയോടും അനിയത്തിയോടും പറഞ്ഞു.

പൂനയിലേക്കാണ് വിനോദിന് പോകേണ്ടത്. ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ടിൽ ചേരണമെങ്കിൽ എൻട്രൻസ് പരീക്ഷ എഴുതണം. കയ്യിൽ പണം വേണം. പണമുണ്ടാക്കാൻ എന്തെങ്കിലും ജോലി വേണം. അതിന് ആദ്യം ബോംബെയിലെത്തണം. സതീശന്റെ അടുത്തെത്തിയാൽ താമസിക്കാൻ സ്ഥലം കിട്ടും. ആദ്യമായി ഒറ്റയ്ക്ക് തീവണ്ടി കയറി വിനോദ് ബോംബെ നഗരത്തിലെത്തി.
സതീശന്റെ ജോലിയെന്നാൽ സ്വന്തമായി നടത്തുന്ന ചെറിയ ടീഷോപ്പ് ആണെന്ന് നേരിൽ കണ്ടു. അതവൻ പറഞ്ഞിരുന്നില്ല. സതീശന്റെ കൂടെ സഹായിയായി ജോലി ചെയ്തുകൊണ്ടിരുന്നാൽ പൂനയിൽ പോയി പഠിക്കാനുള്ള തയ്യാറെടുപ്പിനോ പണമുണ്ടാക്കാനോ സാധിക്കില്ലെന്ന് വിനോദിന് മനസ്സിലായി. സതീശനെ സഹായിച്ചു കഴിഞ്ഞുള്ള നേരങ്ങളിൽ വിനോദ് നഗരത്തിൽ ഒറ്റയ്ക്ക് അലഞ്ഞു തിരിഞ്ഞ് വൈകുന്നേരം ഏറെ വൈകി മാത്രം മുറിയിലേക്ക് തിരിച്ചെത്തി. ജീർണിച്ച മുറിയിലെ വാടയിൽ മനം പിരട്ടി. കക്കൂസ് നിറഞ്ഞുകവിഞ്ഞ വെള്ളം കണ്ട് രണ്ടു ദിവസം ആ പരിസരത്തേക്ക് പോകാതിരിക്കാൻ വിശന്നിട്ടും ഒന്നും കഴിക്കാതെ അടക്കിപ്പിടിച്ച് നടന്നു.

വിനോദിന് അധികദിവസം ഇങ്ങനെ തുടരാൻ പറ്റില്ലെന്ന് സതീശന് മനസ്സിലായി. ഗുജറാത്തിൽ ടെക്‌സ്‌റ്റൈൽ മില്ലുകളിലേക്ക് റിക്രൂട്ട്‌മെൻറ്​ നടത്തുന്ന ഏജന്റായ ഡേവിസിനെ സതീശൻ വിനോദിനു പരിചയപ്പെടുത്തി.

ഇവിടെ മൂന്നു മാസത്തെ ടെക്‌സ്‌റ്റൈൽ ഡിസൈനിംഗ് കോഴ്‌സ് പഠിക്കുകയാണെങ്കിൽ ഒരുവിധം നല്ല ശമ്പളമുള്ള ജോലി കിട്ടും. നിനക്ക് വരയ്ക്കാനൊക്കെ അറിയുന്നതല്ലേ! ആദ്യം നാലു കാശുണ്ടാക്ക്. എന്നിട്ട് പൂനയ്ക്ക് പഠിക്കാൻ പൊയ്‌ക്കോ.

കോഴ്‌സിനുള്ള പണം സതീശൻ കൊടുത്തു.

ദാദറിലുള്ള ഡിസൈനിംഗ് ഓഫീസിന്റെ താഴെ സദാ സജീവമായിരിക്കുന്ന പെട്ടിക്കടയിലെത്തുമ്പോഴാണ് വിനോദിന് കുറച്ച് സന്തോഷം തോന്നുക. ഭാഷയറിയാത്തതിന്റെ വിഷമം മുഴുവനും അപ്പോൾ മാറും.

വിനോദ് ഉടനെ സൂറത്തിലേക്ക് പോവുകയാണെന്നറിഞ്ഞ് പെട്ടിക്കട നടത്തുന്ന കോഴിക്കോട്ടുകാരൻ സലാമിക്ക പറഞ്ഞു, പോയി രക്ഷപ്പെട്. പോയാലും ഒഴിവു കിട്ടുമ്പോ ഇങ്ങോട്ടൊക്കെ വരണം.

പെട്ടിക്കടയുടെ മുകളിലത്തെ തട്ടിൽ ഇരിക്കാനും കിടക്കാനും പറ്റും. നിവർന്നു നിൽക്കാൻ ഇടമില്ല. അവിടെ സലാമിക്കയും ഭാര്യയുടെ രണ്ട് ആങ്ങളമാരും ഇരുന്നും കിടന്നും ഉറങ്ങി.

തുണിമില്ലുകളുടെ നഗരം മറ്റാരേയും പോലെ വിനോദിനേയും അതിവേഗം സ്വീകരിച്ചു. സൂറത്ത് എന്നാൽ സൗന്ദര്യം എന്നാണ്. ആ സൗന്ദര്യം കണ്ട് വിനോദിന് ഓക്കാനം വന്നു. ചാലുകളിൽ നിറമുള്ള കൊഴുത്ത ദ്രാവകങ്ങൾ ഒഴുകുകയാണ്. വരണ്ടുപൊടിഞ്ഞ മണ്ണിലൂടെ നടക്കുമ്പോൾ വീടുകളിൽ നിന്ന് പഞ്ച മെഷീനിൽ നിന്നുള്ള ശബ്ദം, പടേ..പടേ..പടേ..പടേ..

ആ മനുഷ്യരുടെ ജീവിതം നൂലുകളിലാണ്. തുണിമില്ലുകളുടെ പുകക്കുഴലുകളിൽ നിന്നുയരുന്ന കറുത്ത പുക കുടിലുകൾക്കു മീതെ പരന്നൊഴുകി. ബർണറുകൾക്കടുത്ത് തൊഴിലാളികൾ കാവൽ നിന്നു. ആകാശം എപ്പോഴും കറുത്തു പുകഞ്ഞുകൊണ്ടിരുന്നു.

നല്ല ഡിസൈനർക്ക് ഇവിടെ ജോലി കിട്ടാൻ പ്രയാസമില്ല. വിനോദിന്റെ തലച്ചോറിനുള്ളിൽ പുതിയ പുതിയ ഡിസൈനുകൾ പെറ്റു പെരുകി. കടുത്ത മഝരത്തിനിടയിൽ മില്ലുടമകളായ പല പല സേട്ടുമാർക്കു വേണ്ടി പലയിടങ്ങളിലിരുന്ന് ഡിസൈനുകൾ വരച്ചുകൊണ്ടേയിരുന്നു.

പോത്തുകളെപ്പോലെ അദ്ധ്വാനിക്കുന്ന മനുഷ്യർക്കിടയിലിരുന്ന്, മുന്നിലിരിക്കുന്ന മർഫി റേഡിയോയിൽ നിന്നുയരുന്ന ഹിന്ദി പാട്ടുകളിലൂടെ മാത്രം മൃദുല വികാരങ്ങളുടെ ലോകങ്ങൾ മറക്കാതിരിക്കാൻ ശീലിച്ചു. അന്യനാടുകളിൽ നിന്ന് വന്ന് പണിയെടുക്കുന്ന എല്ലാവരും മാസാവസാനം കയ്യിൽ കിട്ടുന്നത് യാന്ത്രികമായി കൂട്ടിക്കിഴിച്ച് സ്വന്തം വീടുകളിലേക്ക് അയച്ചുകൊടുക്കുന്നു.

തുണിമാർക്കറ്റിന്റെ മത്സരചക്രങ്ങൾ പായുന്ന വേഗത്തിനൊപ്പമുള്ള പാച്ചിലിൽ ആർക്കും മറ്റൊന്നും ചിന്തിക്കാൻ സമയം കിട്ടിയില്ല.

വിനോദ് പൂനയിലേക്ക് പോയില്ല, ഫിലിം ഡയറക്ഷൻ പഠിച്ചില്ല. പകരം പല തരം മനുഷ്യർ ജീവിതത്തെയാകെ അട്ടിമറിച്ചു! ബാച്ചിലേഴ്‌സ് ഫ്ലാറ്റിൽ കൂട്ടത്തോടെ പങ്കുവെക്കുന്ന മുറിയിൽ ഒരു ദിവസമെങ്കിലും ഒറ്റയ്ക്കു കിടക്കാൻ കൊതിച്ചു. അപ്പോഴും ഒരിക്കൽപ്പോലും നാട്ടിലേക്കു തിരിച്ചു പോകാൻ തോന്നിയില്ല.

1997
മായ

താമസസ്ഥലങ്ങൾ മാറേണ്ടിവന്നപ്പോഴൊക്കെയും സൂറത്തിലെ ഉപ്പുവെള്ളത്തെയാണ് വിനോദ് ഏറ്റവും ഭയന്നത്. കുടിക്കാനും ഭക്ഷണം വെയ്ക്കാനും വെള്ളം വില കൊടുത്തു വാങ്ങണം. പാചകം ചെയ്യാൻ ശരിക്കും അറിയാത്തതുകൊണ്ട് തനിയെ ഉണ്ടാക്കാൻ പഠിച്ച ചപ്പാത്തിയും പരിപ്പുകറിയും മുട്ട ഒംലറ്റും തക്കാളിക്കറിയുമാണ് എല്ലാ ദിവസവും മാറിമാറി കഴിക്കുക.

എങ്ങനെയെങ്കിലും ഒരുവിധം കാര്യങ്ങൾ മുന്നോട്ടു നീങ്ങുമ്പോഴാണ് മലേറിയ പിടികൂടിയത്. കടുത്ത പനിയിൽ എല്ലാം തകിടം മറിഞ്ഞു. ജോലിക്കു പോകാതെ, ഭക്ഷണം കഴിക്കാതെ ഒറ്റമുറി ഫ്ലാറ്റിൽ കിടന്ന് മരിക്കുമെന്ന തോന്നിയ ദിവസമാണ് മായ മുറിയിലേക്ക് കയറി വന്നത്. തൊട്ടു പിറേകേയെത്തിയ രവീഷ് വിനോദിനോട് പരിഭവിച്ചു.

താഴത്തെ മീന പറഞ്ഞാണറിഞ്ഞത്. ഞങ്ങളുടെ നാട്ടിൽ വന്ന് കിടന്ന് ഇങ്ങനെ മരിക്കാൻ ഞങ്ങൾ സമ്മതിക്കുമെന്നാണോ?

തുടർന്നുള്ള ഓരോ ദിവസവും മൂന്നുനേരവും മരുന്നും മായ ഉണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണവുമായി മായ തന്നെയോ അല്ലെങ്കിൽ രവീഷോ മുറിയിൽ വന്നു. അസുഖം മാറിയപ്പോൾ ഇനിയും അവരെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്നു തോന്നി ജീവിതം പഴയപടിയിലേക്ക് തിരിച്ചെടുക്കാൻ നോക്കിയപ്പോൾ രവീഷ് സമ്മതിച്ചില്ല.

എത്ര ക്ഷീണിച്ചിരിക്കുന്നു! നല്ല ഭക്ഷണമൊന്നും കഴിക്കാതെയാണ് ബാബുവിന് രോഗങ്ങൾ വരുന്നത്. ഇനി എന്നും ബാബുവിനുള്ള ഭക്ഷണം ഞങ്ങളുടെ വീട്ടിൽ നിന്നാണ്.

അതൊക്കെ ഭാരമാവും.

ഞങ്ങൾക്കൊരു അനിയനുണ്ടായിരുന്നെങ്കിൽ ഭാരമാവില്ലല്ലോ, രവീഷ് ദേഷ്യപ്പെട്ടു.

പിന്നീട് നാട്ടിലേക്ക് പോരുന്ന ദിവസം വരേയും മായ ഉണ്ടാക്കിയ നല്ല ഭക്ഷണം കഴിച്ചു. ജീവിതത്തോട് ആദ്യമായി വല്ലാത്ത സ്നേഹം തോന്നിയ കാലം. അതുകൊണ്ട് കിട്ടുന്ന ശമ്പളം അത്യാവശ്യത്തിനുള്ളത് മാത്രം എടുത്ത് ബാക്കിയുള്ളത് മുഴുവൻ മായയുടെ കയ്യിൽ കൊടുത്തു. രവീഷ് പട്ടേൽ മായയെ വിവാഹം ചെയ്ത് നഗരത്തിലേക്ക് കൊണ്ടു വന്നിട്ട് ഒരു വർഷമാകുന്നതേയുള്ളു. നഗരജീവിതവുമായി മായ പൊരുത്തപ്പെട്ടു കഴിഞ്ഞു. മായ സ്വതന്ത്രയായ സ്ത്രീയാണ്. സുന്ദരിയാണ്. ചുറ്റുമുള്ള ഫ്ലാറ്റുകളിലെ അവിവാഹിതരായ ചെറുപ്പക്കാർ ആർത്തിപിടിച്ച് മായയുടെ വീട്ടിലേക്ക് നോക്കിനിൽക്കുന്ന കാഴ്ച അവളും ആസ്വദിക്കുന്നുണ്ടായിരുന്നു. അവരുടെ മുന്നിലൂടെ മായ വിനോദിനോടൊപ്പം പുറത്തിറങ്ങി കറങ്ങി നടക്കാൻ ഉത്സാഹം കാണിച്ചു. വിനോദിന് മായയുടെ കൂടെ നടക്കാൻ ഇഷ്ടവുമാണ്. അവൾ സ്വന്തം ഗ്രാമത്തിലെ ധാരാളം കഥകൾ പറയും. ഒരു ദിവസം വിനോദിനെ അവളുടെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.

ഗർഭിണിയായപ്പോഴാണ് മായ തീർത്തും വിഷമിച്ചു പോയത്. രവീഷ് സ്നേഹമുള്ളവനാണ്. പക്ഷേ രവീഷിന്റെ മദ്യപാനം മായയെ ആകപ്പാടെ സങ്കടത്തിലാക്കിക്കഴിഞ്ഞു. വീട്ടിലെ ആവശ്യങ്ങൾ രവീഷിനോട് പറയുന്നതിനേക്കാൾ വിനോദിനോടാണ് മായ പറഞ്ഞത്. മദ്യപാനത്തിൽ നിന്ന് രവീഷിനെ രക്ഷപ്പെടുത്താനാവുകയില്ല എന്ന നിരാശയിൽ മായ പലവട്ടം വിനോദിനുമുന്നിലിരുന്ന് കരഞ്ഞു. കരയാതിരിക്കാൻ അവൾ പിന്നെയും സന്തോഷത്തിനുള്ള വകകൾ കണ്ടെത്തിയത് പുറത്തിറങ്ങി നടക്കുന്നതിലൂടെയാണ്. വലിയ വയറോടു കൂടി എന്നും മായ വിനോദിനൊപ്പം പാർക്കിലൂടെ നടന്ന് വർത്തമാനം പറഞ്ഞു. അപരിചിതർ അവരെ ഭാര്യയും ഭർത്താവുമാണെന്ന് വിചാരിച്ചു. മായ പ്രസവിച്ച ദിവസവും രവീഷ് മദ്യത്തിലായിരുന്നു. ആശുപത്രിയിൽ കൊണ്ടു പോയതും ആശുപത്രിയിലെ കാര്യങ്ങൾ നോക്കിയതും കുഞ്ഞുമായി തിരികെ ആശുപത്രയിൽ നിന്ന് കൊണ്ടു വന്നതും വിനോദാണ്.

ചക്കു രവീഷിനേക്കാൾ വിനോദിനൊപ്പമായിരുന്നു കൂടുതൽ സമയവും. അവൾ കമഴ്ന്നു കിടന്നതും എഴുന്നേറ്റു നിന്നതും നടന്നു തുടങ്ങിയതും വർത്തമാനം പറഞ്ഞു തുടങ്ങിയതും രവീഷിനേക്കാൾ ആദ്യം കണ്ടതും കേട്ടതും വിനോദായിരുന്നു.

അനിയത്തിയുടെ കത്തു വന്നപ്പോഴൊക്കെ നാടിനെക്കുറിച്ചോർത്തു.
അച്ഛെന്റ മദ്യപാനം ഇപ്പോൾ വീട്ടിലിരുന്നാണ്. കൂട്ടുകാർ കുപ്പിയുമായി വീട്ടിലെത്തും. അച്ഛെന്റ ആ പ്രകാരം അവർക്കു വേണ്ടി മീൻ കറി വെച്ചും മുട്ട പൊരിച്ചും അമ്മ അടുക്കളയിൽ നെട്ടോട്ടമോടുന്നു.

അനിയത്തിക്ക് ചിലപ്പോഴൊക്കെ മറുപടിക്കത്തുകൾ അയച്ചു. അമ്മയെ ഡോക്ടറെ കാണിക്കാനും മരുന്നു വാങ്ങാനുമുള്ള പണം മണിയോർഡർ അയച്ചു. ഒരു ദിവസം കത്തു തുറന്നു വായിക്കുമ്പോൾ അവളുടെ കണ്ണുനീർ അടർന്നു വീണിരിക്കുന്നതു കണ്ടു.

എന്റെ കല്ല്യാണമാണ്. ഇപ്പോഴെങ്കിലും ചേട്ടൻ വരണം.

കണ്ണു തുറന്ന് അവിശ്വനീയതയോടെ വിനോദ് ചുറ്റും നോക്കി.
എത്ര വർഷങ്ങൾ കടന്നു പോയിരിക്കുന്നു!
അമ്മയ്ക്കും അനിയത്തിക്കും വേണ്ടി സാരികൾ വാങ്ങി. സ്വർണ്ണം വാങ്ങാനുള്ള പണമൊന്നും സമ്പാദ്യമില്ല.

കല്ല്യാണത്തിന് വീട്ടിൽ പോകണം എന്ന് മാത്രം കേട്ടതുകൊണ്ട് ചിലർ കരുതിയത് വിനോദിന്റെ കല്ല്യാണമാണ് നാട്ടിൽ നടക്കാൻ പോകുന്നതെന്നാണ്. തിരുത്താൻ പോയില്ല.

ബാബു, കല്ല്യാണം കഴിഞ്ഞ് ബീവിയേയും കൂട്ടി വേഗം തിരിച്ചു വരണം, രവീഷിന്റെ ഭാര്യ മായയുടെ ശബ്ദത്തിൽ നിരാശയും സങ്കടവും കൂടിക്കുഴഞ്ഞ നനവ്.
വിനോദ് ചിരിച്ചു.

നാട്ടിലേക്ക് പുറപ്പെടുമ്പോൾ രവീഷിന്റെ മകൾ ചക്കു കെട്ടിപ്പിടിച്ച് കൊഞ്ചുകയും കരയുകയും ചെയ്തു.
കാക്ക പോവണ്ടാ; ബാഗെടുത്ത് തോളിലിട്ട് ചക്കുവിന് ഉമ്മ കൊടുത്ത് തിരിയുമ്പോൾ അവൾ ബാഗിന്റെ വള്ളിയിൽ പിടിച്ച് വലിച്ച് പതിവുപോലെ എടുക്കാനായി കരഞ്ഞു.
മായ ചക്കുവിന്റെ ഇളം വിരലുകൾ ബാഗിൽ നിന്ന് വിടുവിച്ച് ബലമായി എടുത്ത് വീടിനകത്തേക്കു പോകുമ്പോൾ പറയുന്നതു കേട്ടു, കാക്കയുടെ കേരളം കാണാൻ നമുക്ക് വേഗം പോവാം.

ചക്കുവിന്റെ നിർത്താത്ത കരച്ചിലിനുള്ളിൽ മുങ്ങിപ്പോകുന്ന ശബ്ദത്തിൽ രവീഷ് പട്ടേൽ പറഞ്ഞു. ബാബു പൊയ്‌ക്കോളൂ, ട്രെയിൻ തെറ്റണ്ട.
രവീഷിന്റെ വീടിനു മുന്നിൽ വന്നുനിന്ന ഓട്ടോയിൽ കയറിപ്പോകുമ്പോൾ വിനോദ് തിരിഞ്ഞു നോക്കി. ചക്കുവിന്റെ കരച്ചിൽ നിന്നിട്ടില്ല.

അന്ന്‌ ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ വിനോദ് ഉത്തരം കിട്ടാൻ വേണ്ടി തന്നോടു തന്നെ ചോദിച്ചു, കറുത്തു പുകഞ്ഞ ആകാശമുള്ള സൂറത്തിലേക്ക് തിരികെ വീണ്ടും വരുമോ?

1999
വിശ്വാസം

ചക്കു എന്റെ കുട്ടിയാണെന്നാണ് ആ പ്രദേശത്തുള്ളവരും ഫ്ലാറ്റിലുള്ള മുഴുവൻ ചെറുപ്പക്കാരും പറഞ്ഞു കൊണ്ടിരുന്നത്.

നിങ്ങൾക്ക് തമ്മിൽ ഇഷ്ടമായിരുന്നോ?
അവൾക്കെന്നെ ഇഷ്ടമായിരുന്നു.

നിനക്കോ? ഒരിക്കൽ പോലും മായയുമായി സെക്ഷ്വൽ റിലേഷൻ ഉണ്ടായിട്ടില്ലേ?
ഇല്ല. മായ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. എനിക്ക് ലിംഗമില്ലെന്നു പറഞ്ഞ് അവൾ എന്നെ പ്രകോപിപ്പിച്ച് പരിഹസിച്ചിട്ടുണ്ട്. ഞാൻ ചിരിക്കും. അല്ലാതെ ഉണ്ടെന്ന് തെളിയിക്കാൻ പറ്റില്ലല്ലോ. രവീഷിന് എന്നിലൊരു വിശ്വാസമുണ്ടായിരുന്നു. അത് തകർക്കരുതെന്ന് മാത്രം ഞാൻ നിർബ്ബന്ധം വെച്ചു. ചക്കു എന്റെ കുട്ടിയാണെന്ന് നാട്ടുകാർ പറയുമ്പോഴും രവീഷിന് എന്നിലുള്ള ആ ദൃഢവിശ്വാസമായിരുന്നു എന്റെ ആശ്വാസം.

വിനോദ് ഒരേ ഉത്തരം ആവർത്തിച്ചു പറയുന്നതു കൊണ്ട് മിത്രയ്ക്കും വിനോദിനെ വിശ്വാസമായി.

ഞാൻ നാട്ടിലേക്ക് വരുന്ന സമയമാവുമ്പോഴേക്കും രവീഷ് സദാ സമയവും മദ്യത്തിലായിരുന്നു. ജോലിക്ക് പോവാതെ എപ്പോഴും വീട്ടിൽത്തന്നെ ബോധമില്ലാതെ കിടന്നു. പ്രസവം കഴിഞ്ഞതോടെ മായ കൂടുതൽ സുന്ദരിയായി. പക്ഷേ നിരാശയിലാഴ്ന്നു പോയ മായ വീട്ടിൽ നിന്ന് എങ്ങോട്ടൊക്കെയോ ഇറങ്ങി നടന്നു. അസുഖകരമാകാൻ പോകുന്ന തുടർരംഗങ്ങൾക്ക് സാക്ഷിയാകാൻ വയ്യെന്ന് ഞാൻ മനസ്സിൽ തയ്യാറെടുക്കുമ്പോഴായിരുന്നു അനിയത്തിയുടെ കത്തുവന്നത്.

ചക്കുവിനെ വിട്ടു പോരുന്നത് മാത്രമാണ് സങ്കടമായത്. വർഷങ്ങൾ കഴിഞ്ഞ് വീട്ടിലേക്ക് കയറിവരുമ്പോൾ എന്റെയൊപ്പം ഒരു ഗുജറാത്തിപ്പെണ്ണിനെ അമ്മ പ്രതീക്ഷിച്ചിരിക്കണം. അതുകൊണ്ടാവും എന്നെ കണ്ട് വിശ്വാസം വരാതെ എന്റെ പിറകിലേക്ക് അമ്മ പലവട്ടം എത്തി നോക്കിയത്.

വിനോദ് ചിരിച്ചു.

മിത്ര വിനോദിന്റെ സൂറത്തിലെ ഫോട്ടോ ആൽബങ്ങൾ മടക്കി അടുക്കിവെച്ചു.

എനിക്ക് യാത്രകൾ ചെയ്യാൻ എന്തൊരിഷ്ടാണെന്നോ! എന്നെ സൂറത്തിലേക്ക് കൊണ്ടു പോകണേ... മായയേയും ചക്കുവിനേയും രവീഷിനേയുമൊക്കെ കാണണം. പിന്നെ അവിടത്തെ തുണിമില്ലുകളും ഗ്രാമങ്ങളും.
പോകാം. വിനോദ് സമ്മതിച്ചപ്പോൾ മുതൽ മിത്ര ആ യാത്രയെക്കുറിച്ചുള്ള സ്വപ്നങ്ങൾ കാണാൻ തുടങ്ങിയതാണ്.

2003
ഹ്രസ്വ ചിത്രം

വിനോദിന്റെ ഷോർട്ട് ഫിലിം സ്ക്രിപ്റ്റ് ദൂരദർശൻ അംഗീകരിച്ചു. കുട്ടികളുടെ ഹ്രസ്വചിത്രമാണ്. മലയാള സാഹിത്യത്തിലെ പ്രശസ്തമായ ഒരു കഥയെ അടിസ്ഥാനമാക്കിയുള്ള വിനോദിന്റെ തിരക്കഥ. തിരക്കഥ വായിച്ച് കഥാകൃത്തിന് സന്തോഷം. പൂന ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന് സിനിമട്ടോഗ്രാഫി പഠിച്ചിറങ്ങിയിട്ടുള്ള ക്യാമറമാനുമായി വിനോദ് സംസാരിച്ചു കഴിഞ്ഞു. നെയ്യാറ്റിൻകരയിലെ റൂറൽ ചിൽഡ്രൻസ് തിയേറ്റർ ഗ്രൂപ്പിൽ നിന്ന് അഭിനയിക്കാനുള്ള കുട്ടികളെ കണ്ടെത്താമെന്ന് തിയേറ്റർ മാനേജരുമായി ധാരണയായി. സിനിമാ രംഗത്തുനിന്നുള്ള പ്രശസ്തരിൽ നിന്ന് ഒരു നടനെ മാത്രമേ ആവശ്യമുള്ളു. അദ്ദേഹവും ഒരു ദിവസത്തേക്കുള്ള തീയതി തരാൻ തയ്യാറാണ്. അദ്ദേഹത്തിന്റെ ഭാഗം ഒരു ദിവസം കൊണ്ട് ചെയ്‌തെടുക്കാനാവും. അഞ്ചു ലക്ഷത്തിനു താഴെ വരുന്ന വളരെ ലോ ബഡ്ജറ്റ് ചിത്രമായതുകൊണ്ട് എല്ലാവരും കുറഞ്ഞ പ്രതിഫലത്തിൽ സഹകരിക്കാമെന്ന് സമ്മതിച്ചു.

ഇനി പണം വേണം.

ഷൂട്ടും എഡിറ്റിംഗും ഡബ്ബിംഗും മിക്‌സിംഗും ഒക്കെ കഴിഞ്ഞതിനു ശേഷം സിനിമയും ദൂരദർശന്റെ അപ്രൂവലും കാണിച്ച് പരസ്യങ്ങൾ പിടിക്കണം. പക്ഷേ ആദ്യം ഇറക്കാനായി പണം വേണം. കടം വാങ്ങിയാലും പരസ്യം കിട്ടിയാലുടനെ കടം വീട്ടാൻ പറ്റും.

വിനോദ് മിത്രയുടെ മറുപടി കേൾക്കാനായി കാത്തിരുന്നു.

മിത്ര കണക്കുകൂട്ടി. മാസം തോറും ഫെല്ലോഷിപ്പ് കിട്ടുന്നതിൽ നിന്ന് വീട്ടു ചെലവുകളും മറ്റ് അത്യാവശ്യങ്ങളും കഴിച്ച് മിച്ചം വന്നിട്ടുള്ള തുക ബാങ്കിലുണ്ട്. അതെടുക്കാം. ബാക്കി ആവശ്യം വരുന്ന തുക അരുണിനോടോ നസീമയോടോ ചോദിച്ചു നോക്കാം. എന്നിട്ടും തികഞ്ഞില്ലെങ്കിൽ, വേഗം തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞ് മറ്റാരോടെങ്കിലും ചോദിക്കണം.

മിത്രയുടെ സൗഹൃദവൃത്തം ഇപ്പോൾ വലുതാണെന്ന് വിനോദിനറിയാം. പക്ഷേ കടം ചോദിക്കുക എന്നത് മിത്രയ്ക്ക് അങ്ങേയറ്റം വിഷമമാണ്.

മനസ്സിൽ തിങ്ങി നിറയുന്ന സമ്മർദ്ദം മിത്ര പുറത്തു കാണിച്ചില്ല.
പരസ്യങ്ങൾ കിട്ടുന്നതു വരെയുള്ള ഒരു ചെറിയ സമയത്തേക്കു മാത്രം എന്നു പറഞ്ഞ് കടം ചോദിക്കാം. വേഗം പണികൾ തുടങ്ങിക്കോളൂ.
വിനോദിന്റെ സ്വപ്നങ്ങൾ നടപ്പാവാൻ പോകുന്നതിൽ മിത്രയ്ക്ക് അതിയായ സന്തോഷമുണ്ട്.

വാഗ്ദാന ലംഘനങ്ങൾ

വിനോദിന്റെ ഷോർട്ട് ഫിലിം ഷൂട്ട് അവസാന ദിവസത്തിലെത്തിയെങ്കിലും മിത്ര സംഘടിപ്പിച്ച മുഴുവൻ പണവും ഷൂട്ടിംഗോടെ തീർന്നു. പോസ്റ്റ്‌ പ്രൊഡക്ഷനു വേണ്ടിയുള്ള ബാക്കി പണം കൂടി മിത്ര കണ്ടെത്തി. നസീമ സ്വർണമാലയും സ്വർണവളകളും പണയം വെയ്ക്കാൻ മിത്രയ്ക്ക് കൊടുത്തു.

കടങ്ങളെല്ലാം പറഞ്ഞ സമയത്തുതന്നെ തിരിച്ചു കൊടുക്കണമെന്ന് മിത്രയ്ക്ക് നിർബ്ബന്ധമാണ്.

ഒടുവിൽ എല്ലാ പണിയും തീർന്ന് ചിത്രം പൂർത്തിയായെങ്കിലും ദൂരദർശന് സമർപ്പിക്കുന്നതിനായി പരസ്യങ്ങൾ പിടിക്കാൻ വിനോദിന് കഴിഞ്ഞില്ല. പരിചയമില്ലാത്ത മേഖലയായതിനാൽ എന്തു ചെയ്യണമെന്നറിയാതെ മിത്ര വിഷമിച്ചു നടന്നു. കണക്കുകൂട്ടലുകൾ കീഴ്‌മേൽ മറിയുകയാണെന്നു വേഗം മനസ്സിലായി.

വലിയ ആഗ്രഹത്തോടെ, പ്രതീക്ഷയോടെ ചെയ്ത ചിത്രം ബൈഡ്‌റൂമിലെ അലമാരയ്ക്കുള്ളിൽ ഇരിപ്പുറപ്പിച്ചു. അതിന്റെ നിഷ്ഫലതയോർത്ത് ഒരു പ്രമുഖ സ്വകാര്യ ചാനലിന്റെ ഡയറക്ടറെ പോയി കണ്ട് മിത്ര വിശദമായി സംസാരിച്ചു.
ശിശുദിനത്തിന് ചിത്രം ടെലികാസ്റ്റ് ചെയ്യാം. പരസ്യമില്ലാത്തതിനാൽ പ്രതിഫലം പ്രതീക്ഷിക്കരുത്.

ശിശുദിനത്തിന് പ്രക്ഷേപണം ചെയ്യാൻ കുട്ടികളുടെ ഒരു നല്ല ഹ്രസ്വ ചിത്രം സൗജന്യമായി കിട്ടിയ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുണ്ട്. പാടുപെട്ടുണ്ടാക്കിയ ഒരു നല്ല ചിത്രം നിരാശയാലും സങ്കടത്താലും അലമാരയുടെ ഇരുട്ടറയിൽ മരിച്ചു കിടക്കരുതെന്ന് മിത്ര തീരുമാനിച്ചു.

ഇല്ല, വേണ്ട. മിത്ര പറഞ്ഞു.
വിവരമറിഞ്ഞ് വിനോദ് അതിയായി സന്തോഷിച്ചു.

മിത്രയുടെ ശ്രദ്ധ പെട്ടെന്ന് വിനോദ് കണ്ടു കൊണ്ടിരുന്ന ടെലിവിഷൻ സ്ക്രീനിലേക്ക് തിരിഞ്ഞു. മല്ലിയുടെ കനത്തിരുണ്ട മുഖം. പത്രസമ്മേളനത്തിൽ മല്ലി മുഖ്യമന്ത്രിയുടെ വാഗ്ദാന ലംഘനത്തെക്കുറിച്ച് പൊട്ടിത്തെറിച്ചു. വീണ്ടും വീണ്ടും ക്ഷമ പരീക്ഷിക്കപ്പെട്ടതിന്റെ വന്യമായ പ്രതികരണമാണ്.

ആളിക്കത്തുകയാണ് കാന്താരം!
ഭൂമി നൽകുമെന്ന കരാർ ലംഘിച്ചതിനെതിരെ ആദിവാസികൾ വീണ്ടും സമരത്തിനിറങ്ങുകയാണ്.

ഞങ്ങൾ റിസർവ്വ് വനത്തിൽ കുടിലുകൾ കെട്ടി താമസിക്കാൻ പോവുകയാണ്. മുഖ്യമന്ത്രി ഇനി ഇങ്ങോട്ടു വരേണ്ടി വരും. മല്ലി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
മിത്ര നടുങ്ങി.

പക്ഷേ പെട്ടെന്നു സമാധാനിക്കാൻ ശ്രമിച്ചു. ആദിവാസിയും കാടും മൃഗങ്ങളും വേറെ വേറെയല്ല. പരസ്പരം കരുതലും ആശ്രയവുമാണ്. ആദിവാസികളുടെ സമരം കാടിനെ അശാന്തമാക്കുകയില്ല. പകരം കാടിനും മൃഗങ്ങൾക്കും കൂടുതൽ സുരക്ഷിതത്വവും സമാധാനവും നൽകുമായിരിക്കും
മിത്ര സോഫയിലേക്ക് തളർന്നിരുന്നു. ▮

(എഴുതിക്കൊണ്ടിരിക്കുന്ന നോവലിൽനിന്നൊരു ഭാഗം)


സി.എസ്. ചന്ദ്രിക

കഥാകൃത്ത്, നോവലിസ്റ്റ്, സ്ത്രീപക്ഷ പ്രവർത്തക. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ കമ്യൂണിറ്റി അഗ്രോ ഡൈവേർസിറ്റി കേന്ദ്രത്തിൽ സീനിയർ സയന്റിസ്റ്റ്. പിറ, എന്റെ പച്ചക്കരിമ്പേ ക്ലെപ്റ്റോമാനിയ, ഭൂമിയുടെ പതാക, ലേഡീസ് കമ്പാർട്ട്മെന്റ്, റോസ, പ്രണയകാമസൂത്രം - ആയിരം ഉമ്മകൾ, ആർത്തവമുള്ള സ്ത്രീകൾ, മലയാള ഫെമിനിസം, കേരളത്തിന്റെ സ്ത്രീചരിത്രങ്ങൾ : സ്ത്രീമുന്നേറ്റങ്ങൾ, കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രം, കെ. സരസ്വതിയമ്മ എന്നിവ പ്രധാന കൃതികൾ.

Comments