ചിത്രീകരണം: രാജേഷ് ചിറപ്പാട്‌

ദസ്വിദാനിയ ലെനിന്‍
Good bye Lenin

ഒന്ന്​

നാന്ദി

ട്രോട്‌സ്‌കിയുടെ കത്തു വായിച്ച ഡോ. ബെക്തറേവ് ആ രാത്രിമുഴുവന്‍ ഇരുട്ടിലേക്ക് നോക്കിയിരുന്നു.

1920 ജനുവരി 13

ഡോക്ടര്‍ ബെക്തറേവ് പുതിയ ഗവേഷണ പ്രബന്ധത്തിന്റെ പ്രൂഫ് അവസാനവട്ടം വായിച്ചുകൊണ്ടിരുന്നു.

ശൈത്യം അതിശൈത്യത്തിലേക്ക് പ്രവേശിച്ച ഒരു പ്രഭാതം. പ്രബന്ധത്തിന്റെ ഓരോ ഖണ്ഡികയും വായിച്ചശേഷം പതുക്കെ ബെക്തറേവ് പരിശോധനാമുറിയിലെത്തി. കസേരയുടെ തൊട്ടുമുന്നില്‍ കിടക്കുന്ന സ്റ്റൂളിലിരുന്ന് സ്വന്തം നാഡിമിടിപ്പെണ്ണി തിട്ടപ്പെടുത്തി. പഠനമുറിയിലേക്ക് തിരികെവന്നു. ഈ അലസഗമനത്തിനിടയിലാണ് ഗവേഷണത്തിനുവേണ്ടി പരിശോധിച്ച പുസ്തകങ്ങളുടെ പേരും എഴുത്തുകാരുടെ മുഖവുമൊക്കെ ഓര്‍മ്മ വരുക. അതൊക്കെ ഒരു നോട്ടുപുസ്തകത്തില്‍ കൃത്യമായി എഴുതിവച്ചു.

ഈ പ്രബന്ധത്തില്‍ ഏറ്റവും അധികം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് ഷാര്‍ക്കേവിനെയാണ്. ഫ്രഞ്ച് ന്യൂറോസര്‍ജനായിരുന്ന ഷാര്‍ക്കേവിനെപ്പോലെ മറ്റൊരാള്‍ അത്രനാളും ലോകത്തെവിടെയും ജനിച്ചിട്ടില്ല. മനുഷ്യഞരമ്പിന്റെ തിളപ്പും കുതിപ്പും ശാന്തിയും ശമനവും ഇത്രമാത്രം അടുത്തു നിന്നറിഞ്ഞിട്ടുള്ള മറ്റൊരാള്‍ വൈദ്യശാസ്ത്രചരിത്രത്തില്‍ അന്നുവരെ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം.

ബെക്തറേവ് ഷാര്‍ക്കേവിന്റെ ഫോട്ടോയില്‍ വിരല്‍തൊട്ടു. തലച്ചോറിലെ ഇടതുവശമുള്ള പിരിവിനിടയിലൂടെ ഒരു തരംഗം ഉള്‍പ്പിരിവിലേക്ക് കടന്നുപോകുന്നതുപോലെ അപ്പോള്‍ തോന്നി. ഒരു നിമിഷം കണ്ണുകളടച്ച് ജനല്‍പ്പാളിയില്‍ ചാരി നിന്നു. തണുപ്പ് വന്നു തൊട്ടു; ഓര്‍മ്മകളും.

ബെക്തറേവ് മുറിയില്‍ ഇടംവലം നടപ്പുതുടര്‍ന്നു. തൊട്ടപ്പുറത്തുള്ള താഴ്വരയ്ക്കുമപ്പുറത്തെ ദേവാലയത്തില്‍നിന്നും ബാന്‍ഡ്മേളം ഉയര്‍ന്നു കേള്‍ക്കാം. നഗരചത്വരത്തില്‍ ഒക്ടോബര്‍ വിപ്ലവസ്മരണയുടെ ആഘോഷത്തിനുള്ള ഒരുക്കം. പാതയ്ക്കിരുപുറം തിങ്ങിനില്ക്കുന്ന ജനങ്ങളെ സംഗീതവും നൃത്തവുംകൊണ്ട് വിസ്മയിപ്പിക്കുന്നതാണ് ആ ദിവസങ്ങള്‍. *റൂബിന്‍സ്റ്റീന്റെ പാട്ടുകളും കേള്‍വിക്കാരുടെ സംഘനൃത്തവും മറക്കാനാവില്ല.

കഠിനമായ ശ്വാസതടസ്സം നേരിട്ടതിനാല്‍ ഡോ. ബെക്തറേവ് മഫ്‌ളര്‍ കൊണ്ട് തലമൂടി. നാലഞ്ചുദിവസം മുമ്പ് തുറന്ന വോഡ്കയുടെ ബോട്ടില്‍ ഉയര്‍ത്തി നോക്കിയെങ്കിലും കഴിക്കണമെന്നു തോന്നിയില്ല. പഴയ ലഹരി അടുത്തിടെയായി വോഡ്കയും നല്കുന്നില്ല. കുഴപ്പം സ്വന്തം മനസ്സിനാണെന്ന് തോന്നിയതോടെ വോഡ്ക യഥാസ്ഥാനത്തു വച്ച് ബെക്തറേവ് സിഗരറ്റ് കത്തിച്ചു. അതും വേണ്ടെന്നു തോന്നി.

അപ്രതീക്ഷിതമായൊരൊച്ച അടുത്തടുത്തു വരുന്നതുകേട്ട് ബെക്തറേവ് ആ ദിശയിലേക്കു നോക്കി. ഓടിവരുന്ന ഒരുകൂട്ടം സൈനികര്‍. അവര്‍ പല വഴികളിലൂടെ പ്രധാനനിരത്തില്‍ വന്നു നിന്നു. ഇരുപുറങ്ങളിലും അടഞ്ഞുകിടന്ന വീടുകളിലൊന്നിന്റെ വാതില്‍ തുറന്ന് ഒരു വൃദ്ധന്‍ പുറത്തേക്ക് വന്നു. അപായകരമായതെന്തോ സംഭവിച്ചെന്നോ സംഭവിക്കാന്‍പോകുന്നെന്നോ തോന്നിപ്പിച്ച് അയാള്‍ നാലുപാടും നോക്കി. തൊട്ടുപിന്നാലെ രണ്ടുമൂന്നുപേര്‍കൂടി ഇറങ്ങി വന്നു. അവര്‍ ഓരോരുത്തരും സൈനികവാഹനങ്ങള്‍ പാഞ്ഞുപോയ വഴിയിലേക്ക് നോക്കി സംസാരം തുടര്‍ന്നു. ഡോ. ബെക്തറേവിന് ആ വൃദ്ധനെ മാത്രമേ നല്ല പരിചയമുള്ളൂ. മറ്റുള്ളവരെയൊക്കെ പുറത്തുവച്ച് കണ്ടിട്ടുണ്ട്. അപൂര്‍വ്വമായി ചിരിച്ചിട്ടുമുണ്ട്. വൃദ്ധന്‍ വൃദ്ധനാകുന്നതിനുമുമ്പ് പലതവണ ചില ചികിത്സകള്‍ക്കായി ക്ലിനിക്കില്‍ വന്നു കണ്ടിട്ടുള്ളതാണ്.

ഡോ. ബെക്തറേവ് ചിരിച്ചു. അയാളെ കാണുമ്പോഴൊക്കെ ആ ചിരി പതിവുള്ളതാണ്. എട്ടുപത്തുവര്‍ഷം മുമ്പ് ഒരു സന്ധ്യയ്ക്ക് അയാള്‍ കണ്‍സള്‍ട്ടിംഗ് റൂമിന്റെ മുന്നില്‍ വന്നു നിന്നു. രോഗികളോരോരുത്തരായി വന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ആറുമണിക്കു മാത്രമേ പരിശോധന തുടങ്ങൂ എന്നറിയാവുന്നതുകൊണ്ട് രോഗികള്‍ പുറത്ത് വച്ചിരുന്ന ഡയറിയില്‍ അവരവരുടെ പേരും മേല്‍വിലാസവും എഴുതി കാത്തിരിക്കുകയാണ്.

അയല്‍ക്കാരനെന്ന സ്വാതന്ത്ര്യത്തോടെ വൃദ്ധന്‍ പരിശോധനാമുറിയുടെ വാതില്‍ തുറന്ന് അകത്തേക്കു കയറി. അയാള്‍ തൊട്ടുമുമ്പ് പുകവലിച്ചിട്ടുണ്ടായിരുന്നു. അതു മറയ്ക്കാനെന്നോണം സ്വറ്ററിന്റെ തുമ്പുകൊണ്ട് മുഖം പലതവണ തുടച്ചു.

''വ്ലാഡ് എന്താ വിശേഷിച്ച്?'' ബെക്തറേവ് വാതിലില്‍ പിടിച്ചുനിന്നത് വെറുതെയല്ല. അനാവശ്യമായ ഒരു സംഭാഷണത്തിനാണ് ഇയാള്‍ വന്നിരിക്കുന്നതെങ്കില്‍ ആ ശ്രമം മുളയിലേ നുള്ളണം. അല്ലെങ്കില്‍ കാശ് കടം ചോദിക്കാനാകും. ചെറിയ സംഖ്യയാണെങ്കില്‍ കൊടുക്കാം.

- ഇങ്ങനെ പലതും ആലോചിച്ചുനിന്ന ബെക്തറേവിനോട് ക്ഷീണിതമായ ശബ്ദത്തില്‍ വ്ലാഡ് പറഞ്ഞു.

''എനിക്ക് വളരെ സ്വകാര്യമായി ഡോക്ടറോട് സംസാരിക്കണം.'' രോഗികള്‍ക്കുള്ള കസേര ചൂണ്ടിക്കാട്ടിയ ഡോക്ടര്‍ ബെക്തറേവ് ടേബിള്‍ലാമ്പ് അയാള്‍ക്കുനേരെ തിരിച്ചുവച്ചു. കണ്ണടയുടെ ചില്ലുഗ്ലാസ്സിലേക്ക് ഒന്നുരണ്ടുതവണ ഊതി കാഴ്ച തെളിയിച്ചശേഷം വ്‌ലാഡിന്റെ കണ്ണുകളിലേക്ക് ബെക്തറേവ് ആഴത്തില്‍ നോക്കി.

''പറയൂ എന്താ പ്രശ്‌നം?''

''എനിക്ക് സെക്‌സ് കഴിയുന്നില്ല. പലരും പറഞ്ഞ പല ഉപായങ്ങളും പരീക്ഷിച്ചുനോക്കി. രക്ഷയില്ല ഡോക്ടര്‍ രക്ഷയില്ല!''

ബെക്തറേവ് നാഡിമിടിപ്പുനോക്കുമെന്നു കരുതി വ്ലാഡ് കൈ മേശപ്പുറത്തേക്കു നീക്കിവച്ചു.

''ഈ പ്രായത്തില്‍ ഇതൊക്കെ സ്വാഭാവികം!''

- നിരാശയോടെ വ്ലാഡ് ഡോ. ബെക്തറേവിനെ നോക്കി.

''ഇത്രയും നാള്‍ അത് സാധിച്ചല്ലോ. അതുതന്നെ ഭാഗ്യമെന്നു കരുതൂ!'' പുറത്തേക്കുള്ള വാതിലിലേക്കു നോക്കി ഡോക്ടര്‍ എഴുന്നേറ്റു. കാത്തിരുന്ന രോഗികള്‍ക്കിടയിലൂടെ വ്ലാഡ് പുറത്തേക്കു നടന്നു.

ഓര്‍മ്മ വന്ന ഒരു പുസ്തകത്തിന്റെ പേരും വിശദാംശങ്ങളും ഡയറിയില്‍ എഴുതിവച്ച ശേഷം ഡോ. ബെക്തറേവ് ഘടികാരം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീക്കി വച്ചു. വീണ്ടും യഥാസ്ഥാനത്തുതന്നെ തിരിച്ചുവച്ചു.

വെറുതെ; പ്രത്യേകിച്ചൊരു ആവശ്യവുമില്ലാതെ!

ആദ്യ വരവിനുശേഷം എത്രയോ തവണ വ്ലാഡ് ഈ മുറിയിലേക്കു വന്നിരിക്കുന്നു. ഓരോ തവണ വരുമ്പോഴും അയാള്‍ പുതുതായി എന്തെങ്കിലും പറയുമെന്ന് ബെക്തറേവ് പ്രതീക്ഷിച്ചു. ഒരിക്കലും അതു സംഭവിച്ചിട്ടില്ല. എന്നും ഒരേ ആശങ്കമാത്രം. സ്വന്തം ലൈംഗിക ഉത്തേജനക്കുറവ്. ഗത്യന്തരമില്ലാതെ ഒരിക്കല്‍ ഒരു സ്ട്രിപ്പ് വിറ്റാമിന്‍ ഗുളിക നല്കി. തൊട്ടടുത്ത തവണ കണ്ടപ്പോള്‍ വ്ലാഡ് പ്രസന്നമധുരമായി ചിരിച്ചു.

''കൊള്ളാം ഡോക്ടര്‍. ആ ഗുളികകള്‍ കഴിച്ചശേഷം അനുഭവിച്ച ആനന്ദം ചെറുതായിരുന്നില്ല.''

ബെക്തറേവ് ചിരിച്ചില്ല. ആരോഗ്യം നന്നേ ക്ഷയിച്ച അയാളുടെ ഭാര്യയെ കണ്ടപ്പോഴൊക്കെ സങ്കടം തോന്നിയിരുന്നു. യാതൊരു പരിരക്ഷയും ലഭിക്കാതെ ഉണങ്ങി നില്ക്കുന്ന ചെറിമരത്തെയാണ് അവരെ കാണുമ്പോള്‍ ഓര്‍മ്മവരുക. വ്ലാഡ് മക്കളുണ്ടാകാത്തതിന്റെ കുറ്റമുള്‍പ്പെടെ ഓരോന്ന് തികട്ടിപ്പറഞ്ഞ് നിരന്തരം ആ സ്ത്രീയെ പീഡിപ്പിച്ചിരുന്നതായി കേട്ടിട്ടുമുണ്ട്. കണ്ടപ്പോഴൊക്കെ അവരോട് അതെക്കുറിച്ചൊന്നും സംസാരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. രോഗിക്കും ഡോക്ടര്‍ക്കുമിടയില്‍ സ്വകാര്യത കടന്നു വരാതിരിക്കണമെന്ന് അവരും പ്രത്യേകം കരുതുന്നതുപോലെ തോന്നി.

തണുപ്പ് കഠിനമായി. എങ്കിലും അവസാനത്തെ രോഗിയെയും പരിശോധിക്കണമെന്ന് നിശ്ചയിച്ചാണ് വാതിലിലേക്ക് നോക്കിയത്. ഒടുവിലത്തെ കസേരയില്‍ പുറത്തേക്ക് നോക്കിയിരിക്കുന്നതാരെന്ന് ശ്രദ്ധിക്കാനൊന്നും കഴിഞ്ഞില്ല. ഒന്നു രണ്ടുതവണ ഇറങ്ങി നടന്നെങ്കിലും ആരുടെയും മുഖത്തേക്കു നോക്കിയതുമില്ല. ഓരോ രോഗപരിശോധനയ്ക്കു ശേഷവും മരുന്ന് നിശ്ചയിക്കുന്നതിനു മുമ്പുള്ള ഇടവേളയില്‍ അങ്ങനെയൊരു നടപ്പ് പതിവുള്ളതാണ്.

ഡോ. ബെക്തറേവ് അത്ഭുതത്തോടെ ആഗതനെ നോക്കി. ഈ തണുപ്പത്ത് സ്വറ്ററിനുമേല്‍ കോട്ടു ധരിക്കാതെ ആരും പുറത്തിറങ്ങുമായിരുന്നില്ല. ശൈത്യത്തില്‍ വോഡ്കയുടെ ഉപയോഗം വല്ലാതെ കൂടിയതിനാല്‍ പലയിടത്തും കിട്ടാനില്ലെന്ന് തൊട്ടുമുമ്പ് വന്ന സൂപ്രണ്ട് പട്രീഷ്യ പറഞ്ഞത് വെറുതെയായിരുന്നില്ല. അതിഥികളാരെങ്കിലും വീട്ടിലേക്ക് വന്നാല്‍ നല്കാന്‍ വോഡ്കയില്ല. വാങ്ങാന്‍ തൊട്ടടുത്തുള്ള ഔട്ട്ലെറ്റിലേക്ക് രാവിലെ പോയതാണ്. വോഡ്കയെന്നല്ല ഭേദപ്പെട്ട ഒരു മദ്യവും അവിടെ കിട്ടാനുണ്ടായിരുന്നില്ല.

സെക്യൂരിറ്റി ജീവനക്കാരന്‍ കൂടി മടങ്ങിയെന്നുറപ്പാകും വരെ അവര്‍ രണ്ടുപേരും ഒരക്ഷരം സംസാരിച്ചില്ല. പിന്നെ ബെക്തറേവ് പുറത്തേക്കിറങ്ങി. ഇടനാഴിയിലൂടെ ഗേറ്റുവരെ നടന്നു. അകത്തുനിന്നും ഗേറ്റ് താഴിട്ട് തിരിച്ചു പോരുമ്പോള്‍ അതിഥി അകത്തേക്കുള്ള വാതില്‍ കടന്നുപോകുന്നത് ബെക്തറേവ് കണ്ടു.

അത് പതിവുള്ളതാണ്. ബെക്തറേവും ഈ വിശിഷ്ടനായ സന്ദര്‍ശകനും കണ്ടുമുട്ടുമ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. ആദ്യം കുറേനേരം രണ്ടുപേരും സംസാരിക്കാതെ അപരിചിതരെപ്പോലെ നോക്കിയിരിക്കും. ഈ സമയത്ത് എന്താണ് തന്റെ രോഗിക്കു പറയാനുള്ളതെന്ന് ഡോക്ടര്‍ക്ക് മനസ്സിലാകാറുമുണ്ട്.

'എനിക്ക് ചിലത് പറയാനുണ്ട്!' തൊട്ടുനോക്കാതെ തന്റെ മനസ്സിന്റെ നാഡിമിടിപ്പു മനസ്സിലാകുന്ന ഡോക്ടറുടെ നീണ്ടു വളര്‍ന്ന താടിയുടെ തുമ്പത്ത് ലെനിന്‍ തൊട്ടു. എന്തെങ്കിലും സ്വാസ്ഥ്യക്കേടു തോന്നിക്കുന്ന ദിവസങ്ങളില്‍ ലെനിന്റെ മട്ടുംഭാവവും ഇതുതന്നെയാവും. കുപ്പായത്തിനുള്ളില്‍ ഉറുമ്പിന്‍കൂടു പൊട്ടിച്ചിട്ട ഭാവത്തിലായിരിക്കും ആളിന്റെ നില്പും നടപ്പുമൊക്കെ.

ഇന്ന് അങ്ങനെയല്ല. എന്തോ കാതലായ ചില ചോദ്യങ്ങള്‍, അതുമല്ലെങ്കില്‍ അസഹ്യമാകുന്ന സന്ദേഹങ്ങള്‍ - ഇവയില്‍ ഏതെങ്കിലുമുള്ളില്‍ കിടന്ന് തിരതല്ലുന്നുണ്ടാകണം.

''മുറിയില്‍ അരണ്ട വെട്ടം മതി'' ലെനിന്‍ കിതക്കുന്നതുപോലെ ബെക്തറേവിന് തോന്നി. ശബ്ദത്തില്‍ ഒട്ടും സാധാരണമല്ലാത്ത ഒരു പതര്‍ച്ച ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ആയോധനമുറകളൊക്കെ മറന്നുപോയ ഒരു യോദ്ധാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇരുപ്പും നോട്ടവും. നിസ്സഹായമായിരുന്നു ചിരി.

'അത് വേണ്ടിയിരുന്നില്ല.!' ലെനിന്‍ സുഹൃത്തിന്റെ കണ്ണുകളിലേക്ക് നോക്കി. ഇറുന്നു വീണ ഒരു തുള്ളി കണ്ണുനീര്‍ വിരല്‍ത്തുമ്പുകൊണ്ട് ലെനിന്‍ എറ്റിക്കളഞ്ഞു. പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാകാതെ ബെക്തറേവ് സമോവറില്‍നിന്നും കടുപ്പമുള്ള ചായ രണ്ട് ഗ്ലാസിലേക്ക് പകര്‍ന്നു.

'പ്രവ്ദയുടെ പ്രചാരണച്ചുമതല അയാളെ ഏല്പിക്കേണ്ടിയിരുന്നില്ല!'

ലെനിന്‍ പ്രവ്ദയുടെ പഴയൊരു കോപ്പി ചുവരോടു ചേര്‍ന്നുള്ള ഷെൽഫില്‍ നിന്നുമെടുത്ത് മണത്തുനോക്കി.

''അയാള്‍ എന്തു ചെയ്തു?'' ബെക്തറേവ്

''ഭ്രാന്താണ്. അധികാരത്തിനുവേണ്ടിയുള്ള ഭ്രാന്ത്. യഥാര്‍ത്ഥ അധികാരം ലഭിച്ചതോടെ വിനാശത്തിന്റെ വിത്തുകളാവും അയാളില്‍ മുളച്ചുവരുക. എനിക്ക് ഭയം തോന്നുന്നുണ്ട്.'' ലെനിന്റെ ശബ്ദമിടറി. പിന്നെ കസേരയില്‍ നിന്നും തിടുക്കത്തിലെണീറ്റ് പുറത്തേക്ക് നടന്നു.

നീണ്ട പാതയോരം. നിറയെ പൈന്‍ മരങ്ങള്‍. മണ്ണിലേക്ക് വീഴുന്ന മഞ്ഞിന്‍ തുണ്ടുകള്‍. ഈ തണുപ്പത്ത് ഇങ്ങനെ നടക്കുന്നത് അത്ര നല്ലതല്ലെന്നും ഏതുനേരത്തും ചെന്നിക്കുത്ത് കഠിനമായി അള്ളിപ്പിടിക്കുമെന്നും ഓര്‍മ്മപ്പെടുത്തി. ഇടവിട്ട് വരാറുണ്ടായിരുന്ന അടിവയറ്റിലെ വേദനയ്ക്കുള്ള മരുന്നും നിര്‍ത്താറായിട്ടില്ല.

ലെനിന്‍ ബെക്തറേവിനെ നോക്കി.

''അന്നത്തെ ആ വീഴ്ചയില്‍ ഏറ്റവും വേദനിച്ചത് അമ്മയാണ്'' എന്താണ് ലെനിന്‍ ഉദ്ദേശിക്കുന്നതെന്നറിയാതെ ബെക്തറേവ് നോക്കി.

''അതെ, ഞാന്‍ വളരുമ്പോള്‍ ഒരു മന്ദബുദ്ധിയാകുമോ എന്ന് അമ്മ ഭയന്നിരുന്നു.ഓടിക്കളിച്ചുകൊണ്ടിരുന്ന മകന്‍ വീണ വീഴ്ച കണ്ടപ്പോള്‍ തല പൊട്ടിത്തെറിക്കുമോ എന്നായിരുന്നു അമ്മയുടെ ആദ്യത്തെ പേടി. നോക്കുമ്പോഴുണ്ട് കല്ലിച്ച ഒരു മുഴ തലയുടെ പിന്നില്‍. രക്തം വടുകെട്ടിയ ആ ഭാഗത്തെ രോമം അമ്മതന്നെ വടിച്ചു കളഞ്ഞു. എന്റെ നീല ഞരമ്പുകളിലൂടെ കറുത്ത രക്തം ഒഴുകുന്നതുപോലെ അമ്മയ്ക്ക് തോന്നി....!''

ലെനിന്‍ ഇടയ്ക്ക് പൈന്‍മരത്തില്‍ ചാരി നിന്നു.

'പറഞ്ഞുവന്നത് മറ്റൊന്നാണ്. നമുക്ക് ട്രോട്‌സ്‌കിയെ കാണണം. വിയോജിപ്പുകള്‍ സംസാരിച്ചു തീര്‍ക്കണം. കേട്ട കഥകളേക്കാള്‍ ഭീകരമായവയാണ് കേള്‍ക്കാനിരിക്കുന്നതെന്ന് പറഞ്ഞു മനസ്സിലാക്കണം!'

ബെക്തറേവിന്റെ നെറ്റി വിറച്ചു.

''തെറ്റ് എന്റേതാണ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എന്റെ മുന്നിലെത്തും മുമ്പ് അയാള്‍ സ്വന്തമാക്കുന്നു. എവിടെയും അയാളുടെ ചാരന്മാരാണുള്ളതെന്ന് ക്രൂപ്സ്‌കായ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ഓരോ ദിവസവും.''

ഇരുട്ടില്‍ ബെക്തറേവ് തെളിച്ച വെളിച്ചത്തില്‍ ലെനിന്‍ നടന്നു.

ഏറെനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. എന്തെങ്കിലും ചോദിച്ച് ലെനിന്റെ ഉള്ളിലെ ആളല്‍ ഇരട്ടിപ്പിക്കണ്ടെന്നു കരുതിയാണ് ബെക്തറേവ് സംസാരിക്കാതിരിക്കാന്‍ തീരുമാനിച്ചത്. സാധാരണ അതു പതിവുള്ളതല്ല. ഒരാള്‍ നിര്‍ത്തുന്നിടത്തുനിന്നും മറ്റയാള്‍ തുടങ്ങും. കണ്ടുമുട്ടുമ്പോഴൊക്കെ നിശ്ശബ്ദതയ്ക്ക് ചെറിയൊരിടവേള പോലും കൊടുക്കാതെ തുരുതുരെ സംസാരിക്കുന്നതാണ് പതിവ്. പലസന്ദേഹങ്ങളും ഉത്ക്കണ്ഠകളും ലെനിന്‍ കുടഞ്ഞിടുന്നത് ബെക്തറേവിന്റെ മുന്നിലേക്കാണ്.

ലെനിന്‍ ഭാര്യയോടുപോലും പറയാത്ത രഹസ്യങ്ങള്‍ പറയുന്നതും, തോന്നലുകളും സ്വപ്നങ്ങളുമൊക്കെ പങ്കുവയ്ക്കുന്നതും ബെക്തറേവിന്റെ അരികിലാണ്. ഒരിക്കല്‍ രഹസ്യമായി കേട്ട ചില കാര്യങ്ങള്‍ ബെക്തറോവിനോട് പറഞ്ഞശേഷം കുനിഞ്ഞിരുന്ന് കഷണ്ടി തടവി.

''നോക്കൂ, ഇനി അതെക്കുറിച്ചൊന്നും ചിന്തിച്ച് തലപുകച്ചിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. മുളയിലേ നുള്ളേണ്ടതു നുള്ളാനായില്ലെങ്കില്‍ സംഭവിക്കുന്നത് ചരിത്രത്തിലെ വലിയ ദുരന്തമാകും.'' ബെക്തറേവ്

ലെനിന്‍ വെളിച്ചത്തിനഭിമുഖമായി നിന്നു. എതിരെ നടന്നു വന്ന ബെക്തറേവിനെ നോക്കി ചെറുതായൊന്നു ചിരിക്കാന്‍ വിഫലമായൊരു ശ്രമം നടത്തി. അതും പതിവുള്ളതാണ്. ഇങ്ങനെയുള്ള ചിരി ലെനിനില്‍ നിന്നുണ്ടാകുന്നത് കഠിനമായ ഉള്‍ച്ചൊരുക്ക് അനുഭവിക്കുമ്പോഴാണ്.

''നമുക്കെങ്ങനെയാണ് ഈ ഇരുണ്ട പാതയെ മറികടക്കാനാവുക?'' ലെനിന്‍ കോട്ടിന്റെ പോക്കറ്റില്‍ കൈതിരുകി. കൂടെ നടക്കാന്‍ ശ്രമിച്ച ബെക്തറേവിന് അത്രപെട്ടെന്ന് ഒപ്പമെത്താന്‍ സാധിച്ചില്ല.

ചിലത് ബെക്തറേവ് തുറന്ന് പറയും. അതിന്റെ ചിറകില്‍ തൂങ്ങി നേരം പിന്നിടും. രാത്രി അവസാനിക്കുമ്പോഴേക്കും ഉള്ളില്‍ തിറകൂട്ടിക്കിടക്കുന്ന ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാകുമെന്ന് ലെനിനറിയാം. ചില രാത്രികളില്‍ സ്വന്തം മനസ്സ് അപരിചിതനഗരങ്ങളിലൂടെ കടന്നുപോകുന്ന ഒരു സഞ്ചാരിയുടേതുപോലെയാകുന്നതായി തോന്നാറുണ്ട് ഒരേ വേഗതയിലോടുന്ന കുതിരക്കുളമ്പൊച്ച കേള്‍ക്കുന്നതായും.

ജ്യാമിതീയരൂപങ്ങള്‍ നീലാകാശത്തില്‍ നക്ഷത്രങ്ങള്‍ക്കൊപ്പം പറന്നു നടക്കുന്നതുപോലെ തോന്നിയിട്ടും, പ്രാവുകളുടെ ചിറകടി നിരന്തരം കേട്ടിട്ടും ലെനിന്‍ അതു പുറത്തു പറഞ്ഞില്ല. ഇടതുകണ്ണൊന്ന് ഇറുക്കിയടച്ചു തുറന്നപ്പോള്‍ കറുത്ത ആകാശം മാത്രം കാഴ്ചയില്‍. അവിടെ നക്ഷത്രവുമില്ല ജ്യാമിതീയരൂപങ്ങളുമില്ല. ഒരിലത്തുമ്പുകൊണ്ട് കാതിനുള്ളിലൊന്നുതൊട്ടതോടെ കേള്‍വിയില്‍നിന്നും കുളമ്പൊച്ചയും പക്ഷിച്ചിറകടിയും ഒഴിഞ്ഞുപോയി. അഗാധമായ നിശ്ശബ്ദതയിലകപ്പെട്ടു നിന്ന ലെനിന്‍ ബെക്തറേവിനെ നോക്കിനിന്നു. നടന്ന്, ഇടയ്ക്ക് നിന്ന്, വീണ്ടും നടന്ന് ബെക്തറേവ് ലെനിന്റെ മുന്നില്‍ വന്ന് കണ്ണുകളിലേക്ക് നോക്കി.

''സഖാവേ,'' ബെക്തറേവ് വിളിച്ചു.

താടിയമര്‍ത്തി തടവിക്കൊണ്ട് ലെനിന്‍ തൊട്ടടുത്തുകണ്ട കസേരയിലിരുന്നു. എതിരെയുള്ള മരബഞ്ചില്‍ ഡോ. ബെക്തറേവും.

''ഈ കുറിപ്പുകള്‍ ഓരോന്നായ് ഒന്നു വായിച്ചു നോക്കൂ.'' കോട്ടിന്റെ പോക്കറ്റില്‍നിന്നും കുറെ കടലാസുകളെടുത്ത് ലെനിന്‍ ഡോ. ബെക്തറേവിന് നല്കി. അവ ഓരോന്നും വായിച്ചു നോക്കിയ ബെക്തറേവിന്റെ കണ്ണുകള്‍ ചുവന്നു. ''ബുക്കാറിനും ട്രോട്സ്‌കിയും സിനോവീവും ഇയാഗോഡയും മാത്രമല്ലല്ലോ ഇതിലുള്ളത്. ധീരന്മാരായ ഇവരുടെയൊക്കെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നതായി ഈ എഴുത്തുകള്‍ തുറന്നുപറയുന്നുണ്ട്.''

ലെനിന്‍ മറുപടി പറഞ്ഞില്ല. നെറ്റിയില്‍ തടവിയും സ്വന്തം ഇടതു കൈവെള്ളയില്‍ വലതുകൈച്ചൂണ്ടുവിരല്‍ കൊണ്ട് ചിലതൊക്കെ കുറിച്ചും ലെനിന്‍ നിശ്ശബ്ദത തുടര്‍ന്നു.

കാറിലേക്ക് കയറും മുമ്പ് ബെക്തറേവിന്റെ ചുമലില്‍ പിടിച്ച് ലെനിന്‍ പറഞ്ഞു:

''ചിലതൊക്കെ നിശ്ചയിക്കാന്‍ വൈകിക്കൂടാ!''

ഡോ. ബെക്തറേവ് പഠനമുറിയില്‍ തിരിച്ചെത്തി. ലെനിന്‍ നല്‍കിയ കത്തുകളോരോന്നായി വീണ്ടും വായിച്ചു. ഓരോ വരിയിലൂടെ കടന്നുപോയപ്പോഴും ശരീരം മാത്രമല്ല മനസ്സും വിറയ്ക്കുന്നത് ഡോ. ബെക്തറേവ് അറിഞ്ഞു.

സിനോവീവിന്റെ വാക്കുകള്‍ ഭാവിയെ ദീര്‍ഘദര്‍ശനം ചെയ്തുകൊണ്ടുള്ളതായിരുന്നു. പ്രിയപ്പെട്ട ലെനിനെന്ന അഭിസംബോധനയില്‍ തുടങ്ങി റഷ്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ജാഗ്രതയാവശ്യപ്പെടുന്ന പലതിലേക്കും ലെനിന്റെ ശ്രദ്ധ സിനോവീവ് ക്ഷണിച്ചു. സ്വപ്നഭൂമി ഏകാധിപത്യത്തിലേക്കും സമഗ്രാധിപത്യത്തിലേക്കും കീഴ്മേല്‍ മറിഞ്ഞുവീഴുമോ - ഈ ഭയം സിനോവീവ് പ്രകടിപ്പിച്ചു. പല ഉദാഹരണങ്ങള്‍ നിരത്തി കാണേണ്ടത് കാണാതിരുന്നാല്‍ മായ്ക്കാനാവാത്ത തെറ്റിനൊപ്പം നടന്നവരെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തും. ഭാവിചരിത്രം പലരുടെയും പേരെഴുതിചേര്‍ക്കുന്നത് നിഗൂഢതയുടെ പങ്കിലമായ കള്ളികളിലായിരിക്കുമെന്നും സീനോവീവ് വിശദമാക്കി.

ഇതൊക്കെ വായിക്കുകയും അറിയുകയും ചെയ്തതുകൊണ്ടായിരിക്കണം ലെനിനെ ഇന്ന് പതിവിലേറെ നിശ്ശബ്ദനായും അസ്വസ്ഥനായും കാണേണ്ടിവന്നതെന്ന് ബെക്തറേവിന് തോന്നി.

ഓരോ നിമിഷവും റഷ്യന്‍ ജനതയെ കഠിനവും ദയാരഹിതവുമായ ജീവിതത്തില്‍നിന്നും കരയിലേക്ക് വലിച്ചടുപ്പിക്കുന്നതിനാണ് ലെനിന്‍ നിരന്തരം ശ്രമിച്ചത്. ജലവാഹിനി തിരകളെ വകഞ്ഞ് തീരം കടന്ന് വെളിച്ചത്തിന്റെ നീണ്ട പാതയിലേക്ക് പ്രവേശിക്കുകയും ചെയ്തതാണ്. അതിനിടയിലാണ് ചരിഞ്ഞ കാഴ്ചകളിലൂടെ ജനങ്ങളെ നേരിടുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ചാരന്മാരുടെ തൃക്കണ്‍ തുറന്നത്. അവിടെ പലരുടെയും നിലവിളി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഡോ. ബക്തറേവ് കാല്‍ചുവട്ടിലേക്ക് നോക്കിയിരുന്നു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments