അധ്യായം 21
ഹേമന്തക്കൊട്ടാരം
നിഷ്കളങ്കരായ ആ ഗ്രാമീണരെ തനിക്കെതിരെയുള്ള കസേരയിൽ ലെനിൻ നിർബന്ധിച്ചിരുത്തി. അവരുടെ ഏതു സംശയവും തീർത്തുകൊടുക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്ന ഭാവമായിരുന്നു അപ്പോൾ ലെനിന്.
നവംബർ.
മൂടിപ്പുതച്ചു കിടക്കുന്ന പാതയിലൂടെ നേവ്സ്കി നടന്നുവരികയാണ്. അയാളുടെ കോട്ടിന്റെ പലഭാഗങ്ങളും പിഞ്ഞിയും നൂലെഴുന്നും കാണാം. കാലപ്പഴക്കം കൊണ്ട് നരച്ചതും ഏതുനിമിഷവും പല തുണ്ടായി പൊട്ടുമെന്നും തോന്നിച്ച ഒരു ചരട് അയാൾഅരയിൽ കെട്ടിയിരുന്നു. കണ്ണുകൾ ചുറ്റുമുള്ള ഓരോ കാഴ്ചയും ഒപ്പിയെടുക്കുന്നുണ്ട്. റോഡരികിലെ അറിയിപ്പുകളും, ഒപ്പവും എതിരെയും നടക്കുന്ന മനുഷ്യരേയും നേവ്സ്കി നോക്കി. പിന്നെ എന്തൊക്കെയോ ചിലത് പിറുപിറുത്ത് നടന്നു.
വരാൻ സാദ്ധ്യതയുള്ള ഒരു ചുഴലിയിലകപ്പെട്ട് നഗരവീഥിയിൽ വീണില്ലാതാകുമെന്ന് ഭയപ്പെട്ടു നടക്കുന്ന ഒരാളുടെ മുഖഭാവമായിരുന്നു നേവ്സ്കിയുടേത്.
എതിരെ നടന്നുവന്ന പുരോഹിതൻ. അദ്ദേഹത്തെ വന്ദിച്ച് കുരിശുവരയ്ക്കുന്ന കർഷകൻ. അതീവസുന്ദരിയായ ഒരു സ്ത്രീ. യാത്ര ചെയ്തിട്ടുള്ള റഷ്യൻ വഴികളിലും ഊടുവഴികളിലുമൊന്നും ഇതുപോലെ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടുമുട്ടിയിട്ടില്ല. പ്രഭുകുടുംബിനിയാവണം. അവളുടെ ഇരുകൈകളിലും പിടിച്ചുനടക്കുന്ന മുത്തം കൊടുക്കാൻ തോന്നിക്കുന്ന രണ്ടുകുട്ടികൾ! ഏയ്, ആ കുട്ടികളെ അവർ പ്രസവിച്ചതാവില്ല.
ഈ പെൺമധുരിമ കണ്ടാൽ ചിലതൊക്കെ തോന്നിക്കും. നേവ്സ്കിയുടെ ശരീരം രോമക്കുപ്പായത്തിനുള്ളിൽ കിടന്നൊന്ന് പിടച്ചു. സമയത്തും കാലത്തും വിവാഹം കഴിച്ച് ജീവിച്ചില്ലെങ്കിൽ പുരുഷന്മാരുടെ ശരീരം നിയന്ത്രണരേഖ മറികടന്ന് സഞ്ചരിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് താനെന്ന് നേവ്സ്കിക്ക് മനസ്സിലാകുന്നുണ്ട്.
'ടാ അടങ്ങ്', നാഭിക്കു ചുവടെ പതുക്കെ തട്ടി നേവ്സ്കി പരിഭവിച്ചു.
തോക്ക് പിടിച്ച് നടന്നുപോകുന്ന പട്ടാളക്കാരനെ കണ്ടതോടെ നേവ്സ്കിയുടെ ശരീരമൊന്ന് തണുത്തു. തോന്നിയ ചൂട് ആറി തണുക്കാൻ തുടങ്ങി. പിയാനോയുമായി പുറത്തേക്കിറങ്ങിവന്ന പട്ടാളക്കാരനെ കണ്ടതോടെ അത് ആ സുന്ദരിക്കു വായിക്കാനായി കൊണ്ടുപോകുകയാണെന്ന് സങ്കല്പിച്ച് നേവ്സ്കി നിന്നു.
സുന്ദരി പുരാതനമായ ഒരു കെട്ടിടത്തിന്റെ മുന്നിൽ നിന്നു. അവളുടെ കൈപിടിച്ചു നടന്ന കുട്ടികൾ മറ്റൊരു സ്ത്രീയ്ക്കൊപ്പം ചെറിയൊരു വഴിയിലൂടെ നടന്നകലുകയും ചെയ്തു. രണ്ടു പട്ടാളക്കാർ പിയാനോ കുതിരപ്പുറത്ത് ഉയർത്തിവച്ചതിനു പിന്നാലെ സുന്ദരി സർക്കസിൽ ഫ്ലയിങ് ട്രിപ്പിലെന്നപോലെ മെയ്‌വഴക്കത്തോടെ കുതിരപ്പുറത്തേക്കു കയറി. മായികമായ വേഗതയിൽ കുതിര അദൃശ്യമായി; സുന്ദരിയും.
സമനില വീണ്ടെടുത്ത നേവ്സ്കി പഴഞ്ചൻ കോട്ടിട്ട വൃദ്ധനിൽ നിന്നും കൃത്യമായി വഴി മനസ്സിലാക്കി സ്മോൾനിയിലേക്ക് നടന്നു. ഒരു കെട്ടിടത്തിന്റെ പേര് പലതവണ ഉരുവിട്ടു. ആദ്യം വഴി ചോദിച്ച മനുഷ്യൻ തിളങ്ങുന്ന മഞ്ഞപ്പിടിയുള്ള ഊന്നുവടി ഭൂമിയിലേക്കമർത്തി പറഞ്ഞതോർത്തപ്പോൾ നേവ്സ്കിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ലെനിനെയും കൂട്ടരെയും വിളക്കുകാലിൽകെട്ടി നല്ല തല്ല് നല്കണമെന്നു പറഞ്ഞ വൃദ്ധനോട് പറയാതിരുന്ന മറുപടി നേവ്സ്കി സ്വയം പറഞ്ഞു: "ചെല്ല്, ചെല്ല് വിളക്കുകാലും കൊണ്ടങ്ങ് ചെല്ല്. നല്ല കരുത്തുള്ള കൈകൾ മുതുകു കളിപ്പറമ്പാക്കും"
ആ മറുപടിയിൽ സ്വയമഭിമാനിച്ച് നേവ്സ്കി സ്മോൾനിയിലേക്ക് നടന്നു. ലെനിനെ കാണാതെ സ്വന്തം കാലുകൾക്ക് വിശ്രമം നല്കില്ലെന്ന തീരുമാനത്തിലായിരുന്നു അയാൾ.
തൊട്ടടുത്ത മുറികളിൽ പലവിധ ശബ്ദങ്ങൾ കേൾക്കാം. ടെലിഫോണുകളുടെയും ടൈപ്പ്റൈറ്ററുകളുടെയും ശബ്ദവുമുയർന്നു വന്നു. സന്ദർശകമുറിയിലുള്ളവർ പറയുന്നത് കേൾക്കാനാവില്ല. ഇതിനിടയിലൂടെ നടന്ന് പഹോമോവ് ഇടച്ചുമരിനരികെ വന്നു. തൊട്ടുമുന്നിൽ കണ്ട നേവ്സ്കിയെ നോക്കി ചിരിച്ച പഹോമോവ് തോൾ സഞ്ചിയിൽനിന്നും പുകയിലപ്പെട്ടി പുറത്തെടുത്തു. കൺവെട്ടത്തു പതിച്ചിരിക്കുന്ന 'പുകയില പാടില്ല'യെന്നെഴുതിയ ബോർഡിലേക്ക് നോക്കി നേവ്സ്കി പറഞ്ഞു: "ഇത് പുകവലി നിരോധിത മേഖലയാണ്."
പഹോമോവ് അതുകൂട്ടാക്കാതെ പുകവലിച്ചൂതിപ്പറത്തി. ആരെയോ കാത്തുനില്ക്കും പോലെ ദൂരേയ്ക്കു നോക്കിനിന്നു.
ഇരുകൈകളും കോട്ടിന്റെ പോക്കറ്റിൽ തിരുകി അതുവഴി വന്നയാളെ നേവ്സ്കി തിരിച്ചറിഞ്ഞു. അയാളുടെ നാവിൽനിന്നും ആ പേരുച്ചരിക്കപ്പെട്ടതും ആഗതൻ പരിക്ഷീണിതനായ ആ കർഷകനെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ഭാവത്തിൽ എല്ലാം ശ്രദ്ധിച്ചുനിന്ന് പുകയൂതുകയാണ് പഹോമോവ്.
"ആ ബോർഡ് കണ്ടില്ലേ?", ഒരാൾ ചുമരിലേക്ക് വിരൽചൂണ്ടി. പഹോമോവ് സിഗരറ്റ് കെടുത്തി സഞ്ചയിൽനിന്നെടുത്ത പെട്ടിയിൽ ഭദ്രമായിവച്ചു. റഷ്യയിലെ മനുഷ്യരുടെ രണ്ടു പ്രതിനിധാനങ്ങളായ പഹോമോവിനെയും നേവ്സ്കിയെയും ഒന്നുഴിഞ്ഞുനോക്കിയ ചാരനിറമുള്ള കോട്ട് ധരിച്ച യുവാവ് ലെനിനെ അഭിവാദ്യം ചെയ്തു. അകത്തെ മുറിയിലേക്ക് തിടുക്കത്തിൽ നടന്നുപോയ അയാളുടെ കാലൊച്ച അവിടമാകെ പ്രതിധ്വനിച്ചു.
"അസിസ്റ്റന്റ് ജനകീയ കമ്മിസാർ!", നേവ്സ്കി പറയുന്നതു കേട്ടെങ്കിലും ലെനിന്റെ മുന്നിൽ എന്ത് കമ്മിസാർ എന്ന മട്ടിലായിരുന്നു പഹോമോവിന്റെ നില്പ്.
"ഡിക്രി വ്യക്തവും സ്വയം സമ്പൂർണവുമല്ലേ?" ജനകീയ കമ്മിസാറിന്റെ ശബ്ദം ഉച്ചത്തിലായിരുന്നു. പഹോമോവും നേവ്സ്കിയും മാത്രമല്ല ദശലക്ഷംപേർതന്നെ കേട്ടുകൊണ്ടിരിക്കുകയോ കേൾക്കാൻ പോകുകയോ ചെയ്യുന്നെന്ന ഭാവത്തിലായിരുന്നു അയാളുടെ സംഭാഷണം. കേൾവിക്കാർ എത്രമാത്രം ജാഗ്രതയോടെയാണ് തന്റെ വാക്കുകൾ ശ്രദ്ധിക്കുന്നതെന്ന് കമ്മിസാർ ഇടയ്ക്ക് വിലയിരുത്തുന്നതുപോലെ തോന്നി.
"... മുമ്പ് സന്ന്യാസി മഠങ്ങളുടെയും സാറിന്റെ കുടുംബാംഗങ്ങളുടെയും ഭൂവുടമകളുടെയും അധീനതയിലായിരുന്നു നമ്മുടെ മണ്ണും ജലവും ആകാശവും. എന്നാൽ ഇന്നത് പണിയെടുക്കുന്ന എല്ലാവരുടേതുമായിരിക്കുന്നു. ഇപ്പോൾ ഭൂമിയുടെ യഥാർത്ഥ അവകാശികൾ കൃഷിക്കാരായ നിങ്ങളാണ്."
പഹോമോവും നേവ്സ്കിയും മുഖാമുഖം നോക്കി. വലിയ വലിയ മാറ്റങ്ങൾ റഷ്യയിൽ സംഭവിച്ചിരിക്കുന്നു. അത് താഴേത്തട്ടിലേക്ക് കടന്നുവന്നിട്ടില്ലെന്നു മാത്രം. ഒരു കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. അത് സാർ ചക്രവർത്തിമാരുടെ കാലം കഴിഞ്ഞിരിക്കുന്നു എന്നതായിരുന്നു.
ജനകീയ കമ്മിസാറിന്റെ മുഖം ചുവന്നുതുടുത്തു. അയാൾ ധരിച്ചിരുന്ന നരച്ചകോട്ടിന്റെ പോക്കറ്റിൽനിന്നും തുണ്ടുകടലാസുകൾ പുറത്തെടുത്ത് കണ്ണിനോടു ചേർത്തു പിടിച്ചു. പിന്നെ ചിലത് കുത്തിക്കുറിച്ച് വാതിലിൽ ക്ഷമയോടെ നിന്നിരുന്ന പെൺകുട്ടിയെ ഏല്പിച്ചു. അവൾ ചുവന്ന മഷികൊണ്ട് അതിൽ ചിലതുകൂടി കുറിച്ച് മറ്റൊരു പെൺകുട്ടിക്ക് റഷ്യയുടെ ചില പ്രവിശ്യകളുടെ പേര് പറഞ്ഞ് കൈമാറി.
"... ഇനി ഭൂമി ഉല്പാദകരുടെ വകയാണ്. ചൂഷകരുടെ കാലം റഷ്യയിൽ ഇനി ഉദിച്ചുവരുമെന്ന് ആരും കരുതുന്നുണ്ടാവില്ല. ഭൂമിയുടെ യഥാർത്ഥ അവകാശികളുടെ പുലർകാലം അസ്തമിക്കാത്ത വിധം സമാഗതമായിരിക്കുന്നു..." ഒരു വൈദികന്റെ ഭാഷണരീതി അനുകരിച്ചാണ് കമ്മിസാർ അവസാനഭാഗം പറഞ്ഞത്. ഇത് നേവ്സ്കിക്ക് നന്നായി രസിച്ചു.
"ദൈവമക്കളുടെ ഭാഷയിൽ നമ്മൾ ദൈവവിരുദ്ധർ." നേവ്സ്കി ഇടതുകൈമുട്ടുകൊണ്ട് പഹോമോവിനെ ഒന്നു തട്ടി. ഇത് അയാളെ ഒട്ടും ആഹ്ലാദിപ്പിച്ചില്ല. ഒരൊറ്റ ലക്ഷ്യം മാത്രമേ പഹോമോവിനുണ്ടായിരുന്നുള്ളൂ; ലെനിനെ കാണുക. ജനകീയ കമ്മീസാറിനോട് യാത്ര പറഞ്ഞിറങ്ങും മുമ്പ് നേവ്സ്കിയും പഹോമോവും ഭൂമിയെക്കുറിച്ചുള്ള ഡിക്രിയുടെ ഓരോ കോപ്പി വാങ്ങി സഞ്ചിയിൽവച്ചു.
"നമുക്ക് ലെനിനെ കാണണ്ടേ?", നേവ്സ്കി ചോദിച്ചു.
"അതു മാത്രമാണ് എന്റെ ഈ വരവിന്റെ ഉദ്ദേശ്യം" പഹോമോവ് പുകവലിക്കണമെന്ന ആഗ്രഹത്തോടെ ആളൊഴിഞ്ഞ ഭാഗത്തേക്ക് നടന്നു. അടുത്തെങ്ങും പുകവലി നിരോധിതമേഖലയെന്നെഴുതിവച്ചിട്ടില്ലെന്ന് ഉറപ്പാക്കി. നേവ്സ്കിയും പഹോമോവിനൊപ്പം പുകവലിയിൽ ചേർന്നു. ലെനിനെ കാണാനാകുമോ എന്ന ആകാംക്ഷയിൽ രണ്ടുപേരും മുഖാമുഖം നിന്ന് പുകയൂതിപ്പറത്തിവിട്ടു.
"ലെനിനെന്നൊരാൾ സത്യത്തിൽ ജീവിച്ചിരിപ്പുണ്ടോ? അങ്ങനെയൊരാൾ ജനിച്ചിട്ടു തന്നെയുണ്ടോ?" നേവ്സ്കി ചുറ്റും നോക്കിയശേഷം പഹോമോവിനോടു ചോദിച്ചു.
സിഗരറ്റു കെടുത്തിയശേഷം പഹോമോവ് പറഞ്ഞു: "ഉണ്ട്. അങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് തീർച്ചയാണ്. നമുക്ക് ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണാൻ ശ്രമിക്കാം. അപ്പോൾ നിങ്ങൾക്കു തോന്നിയ സംശയം പാടേ ഇല്ലാതാകും."
ഒരു ടൈപ്പ്റൈറ്ററുമായി തിടുക്കത്തിൽ നടന്നുപോകുന്ന തടിച്ച മനുഷ്യൻ. അയാളുടെ മുന്നിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് പഹോമോവ് കയറിനില്ക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. നേവ്സ്കി അതുകണ്ട് അമ്പരന്നു. തൊട്ടടുത്ത നിമിഷം തടിച്ച മനുഷ്യൻ ഒരു കൈകൊണ്ട് പഹോമോവിനെ ഉന്തി നിലത്തിട്ടു കടന്നുപോകുമെന്ന് നോവ്സ്കിക്ക് തോന്നി. ഭാഗ്യം; അങ്ങനെ സംഭവിച്ചില്ല.
പഹോമോവിനെ ഒരാൾ ഒരു സ്ത്രീയ്ക്കരികിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒപ്പത്തിനൊപ്പം നടന്ന നേവ്സ്കിയെയും പഹോമോവിനെയും ചൂണ്ടി അയാൾ പറഞ്ഞു: "ഇവർക്ക് ലെനിനെ കാണണം. അതു സംഭവിക്കാതെ ഇവിടം വിട്ട് പോകുന്ന ലക്ഷണമില്ല." സെക്രട്ടറി ഒരു കടലാസു തുണ്ട് ചുരുട്ടി ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശേഷം ഒട്ടും അനിഷ്ടം പ്രകടിപ്പിക്കാതെ ആഗതരെ നോക്കിചിരിച്ചു.
"സ്നേഹിതരേ, ലെനിന് വിശ്രമിക്കാൻപോലും സമയം തികയുന്നില്ല. ഏറിയാൽ മൂന്നു മണിക്കൂറാണ് അദ്ദേഹത്തിന് ഉറങ്ങാൻ കിട്ടുന്നത്. അതിനിടയിൽ സന്ദർശകരെ അനുവദിക്കുന്നതെങ്ങനെയാണ്?"
നേവ്സ്കി പഹോമോവിനെ നോക്കി. സെക്രട്ടറിയുടെ സംസാരം കേട്ട് തിരിച്ചുനടന്നാൽ ലെനിനെ കാണാനും സംസാരിക്കാനും കഴിയില്ല. അങ്ങനെ നാട്ടിലേക്ക് ചെന്നാൽ അതില്പരം നാണക്കേട് മറ്റൊന്നുമില്ല.
"നോക്കൂ, ഞങ്ങൾ ലെനിനെ കാണാതെ തിരിച്ചു പോകുന്ന പ്രശ്നമില്ല", നേവ്സ്കി പറഞ്ഞു.
ഒരു മുറിയിൽനിന്ന് ഏഴെട്ടു നാവികർ നിശ്ശബ്ദരായി പുറത്തേക്കു വരുന്നത് നേവ്സ്കിയും പഹോമോവും നോക്കിനിന്നു. അപ്പോൾ കാത്തുനിന്ന തൊഴിലാളികൾ ആ മുറിയിലേക്കു പ്രവേശിച്ചു. അധികനേരമാകും മുമ്പ് അവർ പുറത്തേക്കിറങ്ങി നിന്ന് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. പിന്നാലെ കട്ടിക്കണ്ണടവച്ച രോമക്കൂപ്പായക്കാരൻ ആ മുറിയിലേക്കു കയറി. ഇതിനിടയിൽ പല തവണ ലെനിന്റെ സെക്രട്ടറിയെന്നു പരിചയപ്പെടുത്തിയ സ്ത്രീ മുറിയിലേക്കു കയറുകയും ഇറങ്ങിവരുകയും ചെയ്യുന്നുണ്ടായിരുന്നു. അവർ അലമാരിയിൽ ഫയലുകൾ അടുക്കിവച്ച ശേഷം പഹോമോവിന്റെയും നേവ്സ്കിയുടെയും അരികിലെത്തി.
"വൈകാതെ നിങ്ങൾക്ക് ലെനിനെ കാണാനാകും" ചെറുതായൊന്ന് ചിരിച്ച് അവർ പറഞ്ഞു. ശേഷം പുറത്തേക്കു വന്ന രോമക്കുപ്പായക്കാരനോട് ചിരിച്ച്, സംസാരിച്ച് അവർ ദൂരേക്ക് നടന്നു.
"ഇപ്പോൾ മുറിയിൽ ലെനിൻ ഒറ്റയ്ക്കാവും. നമുക്ക് കയറി ചെന്നാലോ?" നേവ്സ്കി അക്ഷമനായി.
"അല്പം കൂടി കാക്കൂ. സെക്രട്ടറി ഒന്നു വന്നോട്ടെ." പഹോമോവ് സമാധാനിപ്പിച്ചു.
നേവ്സ്കിയ്ക്കു മാത്രമല്ല പഹോമോവിനും ക്ഷമകെട്ടു. ലെനിന്റെ സെക്രട്ടറി മടങ്ങി വരാൻ സാധ്യതയുള്ള ഇടനാഴിയിലേക്ക് രണ്ടുപേരും മാറിമാറി നോക്കി. ഇല്ല; ദൂരെനിന്നും ആരും നടന്നു വരുന്ന ശബ്ദം പോലും കേൾക്കാനില്ല. ഇതിനിടയിൽ നേവ്സ്കി ചില അപശബ്ദങ്ങളിലൂടെ തന്റെ അക്ഷമ പ്രകടിപ്പിക്കുകയും ചെയ്തു.
പെട്ടെന്ന് നേവ്സ്കിയുടെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ച പഹോമോവ് ലെനിന്റെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്കു കയറി. സെക്രട്ടറി അനുമതി നല്കിയിട്ടില്ല. കടന്നുവരാൻ ലെനിൻ പറഞ്ഞിട്ടുമില്ല. അനുചിതമായ പ്രവൃത്തിയാണ് തങ്ങൾ നടത്തിയതെന്നു ചിന്തിക്കുംമുമ്പ് ഇരുവരുടെയും മുന്നിലേക്ക് ഒരാൾ കടന്നുവന്നു.
പഴകിയ സൂട്ട് ധരിച്ച, അധികം പൊക്കമില്ലാത്ത ഒരു ദൃഢഗാത്രൻ.
ഭൂമിയുടേതുമാത്രമല്ല ആകാശത്തിന്റെയും അവകാശി താനാണെന്ന ആത്മവിശ്വാസം തുളുമ്പിനില്ക്കുന്ന മുഖം. ചുളുക്കുവീണ ഒരു തകരപ്പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുകയാണ് ആൾ.
'വരൂ വരൂ' മുന്നിൽ പരിഭ്രമിച്ചു നില്ക്കുന്ന പഹോമോവിനെയും നേവ്സ്കിയെയും ഇരു കസേരകൾ ചൂണ്ടിക്കാണിച്ച് ഇരിക്കാൻ ആംഗ്യം കാട്ടി.
കാഷ മാത്രമാണ് ഭക്ഷണം. വെണ്ണയില്ലാതെ വേവിച്ച ധാന്യം രുചികരമായി കഴിക്കുന്ന ലെനിനെ നോക്കി ഗ്രാമീണർ അത്ഭുതപ്പെട്ടുനിന്നു.
"കുറച്ചു കഴിക്കുന്നോ?", ലെനിൻ ക്ഷണിച്ചു.
ലെനിനൊപ്പം ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം രണ്ടാൾക്കും ചെറുതായിരുന്നില്ല. പക്ഷേ, അങ്ങനെ സമയം അപഹരിക്കപ്പെട്ടാൽ സെക്രട്ടറി കൂടിക്കാഴ്ചയുടെ സമയം അവസാനിപ്പിച്ചിരിക്കുന്നെന്ന് പറഞ്ഞാലോ? രണ്ടുപേരും ഒരേസമയം 'ഇല്ല' എന്ന മറുപടി പറഞ്ഞു.
"എങ്കിൽ പറയൂ, നാട്ടിമ്പുറത്തെ ജീവിതം എങ്ങനെ?" കൃഷിക്കാർ എങ്ങനെ പുതിയ ഭരണത്തോടു പ്രതികരിക്കുന്നു? ഡിക്രിയെക്കുറിച്ചുള്ള അവരുടെ വിലയിരുത്തൽ എന്താണ്? ഭക്ഷണപ്പാത്രം കഴുകി ജനാലപ്പടിയിൽവച്ച് ലെനിൻ പുറത്തേക്ക് നോക്കി. തൂവാലകൊണ്ട് വിരലുകളും ചുണ്ടുകളും തുടച്ചശേഷം ആഗതർക്കു നേരെ തിരിഞ്ഞു.
ബോഞ്ച് ബ്രൂയേവിച്ചിന്റെ വസതിയിലേക്ക് ക്ഷീണിതനായി ചെന്നു കയറിയ രാത്രിയെക്കുറിച്ചാണ് ലെനിൻ അപ്പോൾ ഓർത്തത്. 'ഭൂമിയെക്കുറിച്ചുള്ള ഡിക്രി'യെഴുതിയത് സ്വയമറിയാതെയാണെന്നത് വെറുതെ പറയുന്നതല്ല. അത് ഇരമ്പുന്ന മനസ്സിൽ സമുദ്രപ്രവാഹമായിരുന്നു. ആ സമയത്ത് തന്റെയുള്ളിൽ റഷ്യയിലെ ദരിദ്രരായ മനുഷ്യരുടെ മുഖം മാത്രമാണുണ്ടായിരുന്നത്. അവരുടെ ദീർഘനിശ്വാസം ചുറ്റും നിറഞ്ഞുനിന്ന നിമിഷങ്ങൾ.
(തുടരും)