ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 22
രണ്ട് ഗ്രാമീണര്‍

ഡോ. ബെക്തറേവിന്റെ വാക്കുകള്‍ ലെനിന്‍ ശ്രദ്ധയോടെ കേട്ടു.
ഫോണ്‍ ക്രാഡിലില്‍ വയ്ക്കാന്‍ മറന്നു അങ്ങനെയിരിക്കുന്ന ലെനിനെ ബെക്തറേവ് നോക്കിയിരുന്നു.

ഡോ. ഇറീനയും ക്രിസ്റ്റഫര്‍ റീഡും കണ്ടിട്ട് ഏറെ ദിവസമായിരുന്നു. പ്രസാധകന്റെ ഓര്‍മപ്പെടുത്തലുണ്ടായപ്പോഴെല്ലാം കൃത്യമായൊരുത്തരം പറയാതെ ക്രിസ്റ്റഫര്‍ ഒഴിഞ്ഞുമാറി. ഈ ദിവസങ്ങളിലൊക്കെ ഇറീനയെ കാണണമെന്നു തോന്നിയതാണ്. പിന്നെ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ലെനിന്റെ ജീവിതവും സമരവും; സാര്‍ ചക്രവര്‍ത്തിയില്‍ നിന്നുള്ള അധികാരം പിടിച്ചെടുക്കല്‍ - ഇതൊക്കെ എഴുതാനാണെങ്കില്‍ രണ്ടാമതൊരാലോചനപോലും വേണ്ടിവരില്ല. ലെനിന്റെ ജീവചരിത്രരചനയെ ഉപജീവിച്ച് നോവലെഴുതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വീണ്ടും തോന്നിയതുമാണ്. അപ്പോഴൊക്കെ ഇറീനയുടെ വാക്കുകള്‍ ക്രിസ്റ്റഫറിനോര്‍മ്മ വന്നു.

"ജീവചരിത്രമല്ല നിങ്ങള്‍ എഴുതേണ്ടത്. വ്ലാദിമിര്‍ ഇല്ലിച്ച് ഉല്യനോവിനെക്കുറിച്ച് പുറത്തുവന്നിട്ടുള്ള പുസ്തകങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും പാട്ടുകള്‍ക്കും പറയാനാവാതെ പോയ ചിലതുണ്ട്. അതായിരിക്കണം നോവലിന്റെ കേന്ദ്രബിന്ദു. ലെനിന്റെ ജനനം, വിദ്യാഭ്യാസം, വീട്, സമരം, പലായനം, അധികാരലബ്ധി - ഇതിനെക്കുറിച്ചൊക്കെ ധാരാളം കേട്ടിട്ടുണ്ട്. അന്‍പത്തി നാല് വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിനിടയില്‍ മറ്റാരും മനസ്സിലാക്കാത്ത ഏകാന്തതയും സംഘര്‍ഷവും ലെനിന്‍ നടന്നു തീര്‍ത്തിട്ടുണ്ട്. ഒരുപക്ഷേ, ക്രൂപ്സ്കായ പോലും മനസ്സിലാക്കാതെ പോയ പലതും ആ വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടുണ്ടാകണം. അതായിരിക്കണം നോവലില്‍ നിന്നും വായനക്കാര്‍ക്ക് ലഭിക്കേണ്ടത്.’’

ക്രിസ്റ്റഫര്‍ റീഡ് കാലക്രമത്തെ വെട്ടിത്തിരുത്തി. ലെനിന്റെ കുട്ടിക്കാലം മുതല്‍ മരണം വരെയുള്ള ചുവപ്പന്‍ രേഖയെ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയില്‍ തന്നിലെ എഴുത്തുകാരന്‍ ഉരുകിയൊലിക്കുന്നതും നിരാശനായി കമിഴ്ന്നു കിടന്ന് കരയുന്നതുമൊക്കെ ചില കഥാമുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടിയുള്ള ആയലാണെന്ന് ക്രിസ്റ്റഫറിനു തോന്നിക്കൊണ്ടിരുന്നു.

ലെനിനുമായുള്ള പഹോമോവിന്റെയും നേവ്സ്കിയുടെയും കണ്ടുമുട്ടല്‍ ദിനത്തില്‍ നിന്നും നോവലെഴുത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കു പ്രവേശിക്കാന്‍ ക്രിസ്റ്റഫര്‍ നിശ്ചയിച്ചു. പതിവുപോലെ ഇടതുകൈയുടെ പെരുവിരല്‍ നഖം ക്രിസ്റ്റഫര്‍ ഏറ്റവുമധികം കടിച്ചുതുപ്പിയത് ആ ദിവസങ്ങളിലായിരുന്നു.

"നിങ്ങള്‍ പറയൂ, റഷ്യന്‍ ഗ്രാമങ്ങളിലെ അവസ്ഥ എന്താണ്? കൃഷിക്കാരുടെ മനോനിലയില്‍ വല്ല മാറ്റവുമുണ്ടോ? ഡിക്രിയെപ്പറ്റി ഗ്രാമീണര്‍ എന്തുപറയുന്നു? കര്‍ഷകരുടെ ജീവിതപ്രതീക്ഷയില്‍ വല്ല മാറ്റവും സംഭവിച്ചിട്ടുണ്ടോ?"

ലെനിന്‍ കസേര വലിച്ചിട്ട് പഹോമോവിനും നേവ്സ്കിക്കും അഭിമുഖമായിരുന്നു. ഭൂമിയെക്കുറിച്ചുള്ള ഡിക്രിയുടെ പ്രതി നിവര്‍ത്തി വായിക്കാന്‍ തുടങ്ങിയ ലെനിന്‍ നിഷ്കളങ്കത മുറ്റിനിന്ന ഗ്രാമീണമുഖങ്ങളിലേക്ക് നോക്കി.

"ഗ്രാമങ്ങള്‍ ഇളകിമറിയുകയാണ്. തേനീച്ചക്കൂടുപോലെയായിട്ടുണ്ട് നമ്മുടെ ഗ്രാമക്കവലകള്‍. തര്‍ക്കത്തോടു തര്‍ക്കമാണവര്‍." പഹോമോവ് പറഞ്ഞു.

"എന്തിനാണ് ഗ്രാമീണര്‍ തര്‍ക്കിക്കുന്നത്? എന്തു സംശയമാണ് അവര്‍ക്കുള്ളത്?" വ്ലാദിമിര്‍ ചോദിച്ചു.

പഹോമോവ് ഇടറിയ തൊണ്ട നേരെയാക്കി നേവ്സ്കിയെ നോക്കി. എന്തും തങ്ങള്‍ക്കു തുറന്നു പറയാനുള്ള ഇടമാണ് ഇതെന്ന മട്ടില്‍ നേവ്സ്കി ലെനിനെ നോക്കി ചിരിച്ചു. "മുഴുവന്‍ ഭൂമിയും ഞങ്ങള്‍ക്ക് ഉഴുതുമറിക്കാനാകുമോ? പിന്നീടൊരിക്കല്‍ ഇതിനൊക്കെ നഷ്ടപരിഹാരം നല്കേണ്ടിവരുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്!"

ലെനിന്‍ ഉച്ചത്തിലൊന്നു ചിരിച്ചു. പോക്കറ്റില്‍ നിന്നെടുത്ത തൂവാലയൊന്ന് വീശി. പാഹോമോവിനെയും നേവ്സ്കിയെയും നോക്കി പറഞ്ഞു: "ഭൂമി; റഷ്യയിലെ ഭൂമി മുഴുവന്‍ ഇനി നിങ്ങളുടേതാണ്. വിതയ്ക്കുന്നതും കൊയ്യുന്നതും നിങ്ങളാണ്. ഫലമെടുക്കാന്‍ ഇനി ഒരു നെടുങ്കന്‍ പക്ഷിയും നിങ്ങളുടെ കാഴ്ചയിലേക്ക് പറന്നു വരുകയുമില്ല. പിന്നെന്താ നഷ്ടപരിഹാരമോ? ഇല്ല; ഇനിമുതല്‍ ആര്‍ക്കും യാതൊരു കൈമടക്കും കൊടുക്കേണ്ടി വരില്ല!"

നേവ്സ്കി ലെനിനെ നോക്കി. എല്ലാ പല്ലും പുറത്തുകാട്ടി ചിരിച്ചുനില്ക്കുകയാണ് അയാള്‍. ഓടിച്ചെന്നൊരു മുത്തം ലെനിന്റെ കവിളത്തു കൊടുക്കണമെന്നു പഹോമോവിനു തോന്നി.

"ഭൂമിയുടെ പേരില്‍ പൊതിരെ തല്ലുകൊള്ളേണ്ടി വരുമോ എന്നൊരു സംശയം എല്ലാ കൃഷിക്കാര്‍ക്കുമുണ്ട്!"

- അത്രനേരവും അധികം സംസാരിക്കാതെ നിന്ന നേവ്സ്കി ആവേശത്തോടെ മുന്നോട്ടുവന്നു. ലെനിനെ തൊടാന്‍ കഴിയുന്നത്ര അടുത്തെത്തിയിരുന്നു അയാള്‍.

ലെനിന്‍ നേവ്സ്കിയെ നോക്കി.

"അതുശരിയാണ്. പക്ഷേ, നിങ്ങള്‍ അടികൊള്ളാന്‍ പുറം കാണിച്ചു കൊടുക്കുമോ? എനിക്കങ്ങനെ തോന്നുന്നില്ല!"

"പലരും ഭയക്കുന്നുണ്ട്. കാത്തിരിക്കുന്ന വിപത്തുകളുടെ സന്ദേശമായി 'ഭൂമിയെക്കുറിച്ചുള്ള ഡിക്രി'യെ അവര്‍ കാണുന്നു. വരും വരായ്കകളുടെ ആപത്ശങ്ക പലരുടെയും ഉറക്കം കെടുത്തി ഞെരിക്കുന്നുണ്ട്." പഹോമോവ് ഒറ്റശ്വാസത്തില്‍ പറഞ്ഞു.

ലെനിന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു. മുന്നില്‍ ഗ്രാമീണരല്ല. ദശലക്ഷക്കണക്കിനു മനുഷ്യര്‍ പ്രത്യാശാപൂര്‍വ്വം ലെനിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു: "മുതലാളിത്തലോകം ഒറ്റസ്വരത്തില്‍ എതിര്‍ത്താലും ഇനി സോവിയറ്റ് അധികാരത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതിന്റെ നിലനില്പ് നമ്മുടെ ഉള്‍ക്കരുത്തിലാണ്" ലെനിന്റെ സംഭാഷണത്തിലെ ആത്മവീര്യം നേവ്സ്കിയെയും പഹോമോവിനെയും തണുപ്പിച്ചു. അവര്‍ പ്രതീക്ഷാപൂര്‍വ്വം നോക്കി നിന്നു.

പുറത്ത് ആരുടെയൊക്കെയോ കാലൊച്ച കേള്‍ക്കാം. ലെനിനെ കാണുന്നതിനും സംസാരിക്കുന്നതിനുമായി നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍നിന്നും ഒട്ടനവധിപ്പേര്‍ വന്ന് തിരക്കുകൂട്ടുന്നുണ്ട്. ഏതു നേരവും സെക്രട്ടറി അവിടേക്കു കടന്നുവരാം.

പെട്ടെന്ന് ടെലിഫോണ്‍ റിംഗ് ചെയ്തു. മറുതലയ്ക്കലുള്ള ആളോട് കുശലമൊന്നും നടത്താതെ കൃത്യമായ മറുപടി ലെനിന്‍ പറഞ്ഞു. "ശരി ശരി, ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുന്നതിനെപ്പറ്റി നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. ആദ്യം പിത്രോഗ്രാദില്‍ മാത്രമായാലും തരക്കേടില്ല. ങേ; അയാള്‍ അങ്ങനെ പറഞ്ഞെന്നോ? ഏയ് അതു സാരമാക്കണ്ട. എതിര്‍ത്താല്‍ നമ്മള്‍ അയാളെ അറസ്റ്റ് ചെയ്യും!"

കസേരയിലേക്കു വന്നിരുന്ന ലെനിന്‍ പുറകുവശത്തെ മുടി തടവി.

നിശ്ശബ്ദതയുടെ താക്കോല്‍ മൂന്നുപേരെയും ആ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നതു പോലെ തോന്നി. പഹോമോവാണ് ആദ്യം ഒന്നനങ്ങിയത്. അയാള്‍ വളരെ സാവധാനം തന്റെ ഭാണ്ഡം തുറന്നു. കരുതിവച്ചിരുന്ന പന്നിയിറച്ചിയും റൊട്ടിയും ഉപ്പിന്റെ പൊതിയും രണ്ടുമൂന്ന് ഉള്ളിയും പുറത്തെടുത്ത് തുരുമ്പിച്ച മേശമേല്‍ വച്ചു.

"ഇതു കഴിക്കൂ." പഹോമോവ് അപേക്ഷിച്ചു.
"വേണ്ട. ഞാന്‍ വയറുനിറച്ച് കഴിക്കുന്നത് കണ്ടതല്ലേ?" ലെനിന്‍.
"അതുപറ്റില്ല." നേവ്സ്കി ഒരു കഷണം പന്നിയിറച്ചി ലെനിന്റെ നേരെ നീട്ടി.
"വെണ്ണയിടാത്ത കാഷ കഴിച്ചാല്‍ എന്തു സുഖമാണ് സഖാവേ? ഞങ്ങള്‍ ഇത്ര നല്ല ഭക്ഷണം - കഴിക്കുമ്പോള്‍ സാക്ഷാല്‍ ലെനിന്‍ വെറും കാഷമാത്രമാണ് കഴിക്കുന്നതെന്നറിഞ്ഞാല്‍ ഗ്രാമീണര്‍ ഞങ്ങളെ നിലത്തു നിര്‍ത്തില്ല."

ലെനിന് ചിരിക്കാതിരിക്കാനായില്ല. എത്ര നിഷ്കളങ്കരാണ് ഈ ഗ്രാമീണര്‍. അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളായി പ്രഭുക്കന്മാര്‍ ഇവരെ ചൂഷണം ചെയ്തുകൊണ്ടിരുന്നത്. ഇവര്‍ അതറിയാതെ പോയതും ആ നിഷ്കളങ്കത ഒന്നുകൊണ്ടുമാത്രമാണ്.

"നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഞാനിതു കഴിക്കുന്നു"
ലെനിന്‍ നേവ്സ്കി നീട്ടിയ പന്നിയിറച്ചിയും ഒരു കഷ്ണം ഉള്ളിയും ഉപ്പില്‍ മുക്കി.

"സൈനികരും ശാസ്ത്രജ്ഞരും എഴുത്തുകാരുമൊക്കെ എന്നെപ്പോലെ വെറും റൊട്ടിയും കാഷയുമാണ് ഭക്ഷിക്കുന്നത്. അവരെക്കാള്‍ നല്ല നിലയിലുള്ള ഭക്ഷണമാണ് റഷ്യയിലെ ഗ്രാമീണര്‍ കഴിക്കുന്നതെന്നറിയുമ്പോള്‍ എനിക്ക് സന്തോഷം അടക്കാനാവുന്നില്ല."

പഹോമോവ് വീണ്ടും മുറിച്ചുനല്കിയ ഒരു തുണ്ട് ഇറച്ചി ഒരു സ്വാദുനോട്ടക്കാരനെപ്പോലെ ലെനിന്‍ രുചിച്ചു.

"നല്ല ഭക്ഷണം. നല്ല വീട് - ഇതുരണ്ടും റഷ്യയിലെ അവസാനത്തെ ഗ്രാമീണനും ലഭിക്കും വരെ നമ്മള്‍ ഉറങ്ങുന്ന പ്രശ്നമില്ല."

ലെനിന്‍ പഹോമോവിന്റെയും നേവ്സ്കിയുടെയും മുഖത്തേക്കു നോക്കി.

"ലെനിന്‍ കാഷ മാത്രം കഴിക്കരുത്"

നേവ്ക്സിയുടെ സംഭാഷണം കേട്ട് ലെനിന്‍ ഉച്ചത്തില്‍ ചിരിച്ചു. അതുകേട്ടതുകൊണ്ടാകണം സെക്രട്ടറി അകത്തേക്കു തലയിട്ടു നോക്കി.

"കമ്മിസാറിന് വെടിപ്പുള്ളൊരു മേശ പോലുമില്ല. ഇവിടെയൊരാള്‍ കാഷ മാത്രം കഴിച്ച് വിശപ്പടക്കുന്നു. ഇതൊക്കെ കണ്ടിട്ട് എനിക്കൊരു ശുഭാപ്തിവിശ്വാസവും തോന്നുന്നില്ല" പഹോമോവ്.

"കഷണ്ടിത്തലയന്മാരെ വിശ്വസിക്കാം. അവര്‍ ഹിപ്പികളെപ്പോലെ ചതിക്കില്ല" ലെനിന്‍ സ്വന്തം തല അമര്‍ത്തി തടവി.

"റഷ്യ മുഴുവന്‍ ഭരിക്കുന്ന ഈ കഷണ്ടിത്തല എനിക്ക് പ്രിയപ്പെട്ടതാണ്. അതിനുള്ളില്‍ നിന്നാണ് ഓരോ പ്രഭാതത്തിലും ചുവന്ന പക്ഷികള്‍ ചിറകടിച്ചുയരുന്നത്’’, പഹോമോവ് ഏറെ അടുപ്പവും ആത്മബന്ധവുമുള്ള ഒരാളെക്കുറിച്ചെന്നപോലെ പറഞ്ഞു.
അതിനിടയില്‍ തൊട്ടരികെ ചെന്ന നേവ്സ്കി ലെനിന്റെ വലതു കയ്യുടെ ചൂണ്ടുവിരലില്‍ പതുക്കെയൊന്ന് തൊട്ടു.

"ഞാന്‍ മായാവിദ്യക്കാരനൊന്നുമല്ല നേവ്സ്കി. നിങ്ങള്‍ കേട്ടിട്ടുണ്ടെന്നു പറയുന്ന, നിങ്ങള്‍ക്കു മുന്നില്‍ വെണ്ണ പുരട്ടാത്ത കാഷ മാത്രം കഴിച്ച അതേ ആള്‍ തന്നെയാണ് ഞാന്‍. വ്ലാദിമിര്‍ എന്നോ ഇല്ലിച്ച് എന്നോ ഉല്യനോവ് എന്നോ ഇതൊന്നുമല്ലെങ്കില്‍ ലെനിനെന്നോ നിങ്ങള്‍ക്കെന്നെ വിളിക്കാം. നമ്മള്‍ ഇനിയും കണ്ടുമുട്ടും."

‍യാത്ര പറഞ്ഞു പിരിയണമെന്ന് നേവ്സ്കിയ്ക്കും പഹോമോവിനും തോന്നിയില്ല. അത്രനേരവും ലെനിനോടൊപ്പം ചെലവിട്ട സമയം ജീവിതത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായതാണെന്നു പറഞ്ഞത് നേവ്സ്കിയാണ്. ഒട്ടും മുഷിയാത്ത, ദിവസമാണിതെന്ന് ലെനിനും തോന്നി.

"ഞങ്ങള്‍ ഞങ്ങളുടെ ഗ്രാമീണരോട് പോയി ഇതൊക്കെ പറഞ്ഞാല്‍ അതവര്‍ അത്രയ്ക്കങ്ങോട്ടു വിശ്വസിക്കില്ല, വ്ലാദിമിര്‍ ഇല്ലിച്ച്. ലെനിനെ കണ്ടതും തൊട്ടതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമൊക്കെ”

നേവ്സ്കിയ്ക്കും പഹോമോവിന്റെ അതേ സംശയം തന്നെയുണ്ടായി.

ലെനിന്‍ ഒരു കടലാസ് രണ്ടായി കീറി. അതില്‍ ഓരോന്നിലും ‘സ്വന്തം ലെനിന്‍’ എന്നെഴുതിയൊപ്പിട്ട് പഹോമോവിനും നേവ്സ്കിക്കും നല്കി.

"നിങ്ങളെ സംശയിക്കുന്നവര്‍ക്കുമുന്നില്‍ ഇതു കാണിച്ച് സാക്ഷ്യപ്പെടുത്തൂ"
നേവ്സ്കിയും പഹോമോവും ആ കടലാസു കഷ്ണങ്ങള്‍ വാങ്ങി നിധിപോലെ സൂക്ഷിച്ചു. ലെനിന്‍ അവര്‍ക്കൊപ്പം നടന്നു. വാതില്ക്കല്‍വരെയെത്തി. യാത്ര പറയുംമുമ്പ് ഇരുവരുടെയും ചുമലില്‍ കൈവച്ചു, "ഇനിയും കാണണം. ഒരിയ്ക്കല്‍ നിങ്ങളുടെ ഗ്രാമത്തില്‍ ഞാന്‍ വരും. അന്ന് രണ്ടുപേരും വീടുകളില്‍ എനിക്കുവേണ്ടി രുചികരമായ ഭക്ഷണമൊരുക്കണം."

ലെനിന്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്നുമെടുത്ത ഭൂമിയെക്കുറിച്ചുള്ള ഡിക്രിയുടെ ഓരോ കോപ്പിയില്‍ കൂടി ഒപ്പിട്ട് അവര്‍ക്ക് നല്കി.

"ഏറ്റവും രുചിയുള്ള ഭക്ഷണമൊരുക്കി ഞങ്ങള്‍ കാത്തിരിക്കും." തിരിഞ്ഞുനിന്ന് നേവ്സ്കി പറ‍ഞ്ഞു. ചിരിച്ച് കൈവീശി കാണിച്ച ശേഷം ലെനിന്‍ മുറിയിലേക്ക് നടന്നു.

പല ദിവസങ്ങളായി വേണ്ടതുപോലെ ഉറങ്ങാത്തതിനാല്‍ കണ്ണുകള്‍ കൂമ്പി വരുന്നുണ്ട്. തലയ്ക്കുള്ളിലിരുന്ന് ഒരു വണ്ടു മൂളുന്ന ശബ്ദം ഇടയ്ക്കിടെ കേള്‍ക്കുന്നതായി തോന്നുന്നു. എത്ര വൈകിയാണെങ്കിലും രാത്രിയില്‍ ഡോ. ബെക്തറേവിന്റെ ക്ലിനിക്കിലെത്തണം. പലതും സംസാരിക്കാനുണ്ട്. പലതും കേള്‍ക്കാനുണ്ട്.

ലെനിന്‍ ബെക്തറേവിന്റെ ഫോണ്‍ നമ്പര്‍ ഉരുവിട്ട് ഡയല്‍ ചെയ്തു. കാത്തിരുന്നതുപോലെ ഒറ്ററിംഗില്‍ മറുതലയ്ക്കല്‍ ഡോ. ബെക്തറേവിന്റെ ശബ്ദം.

"ഞാന്‍ വരും. രാത്രി എത്ര വൈകിയാലും" ലെനിന്‍.
"ഭക്ഷണം" ഡോ. ബെക്തറേവ്.
"കാഷ" ലെനിന്‍.
"ബിയര്‍" ബെക്തറേവ്.
"ഡിയര്‍" ലെനിന്‍ ചിരിച്ചു.

"നോക്കൂ വ്ലാദിമിര്‍, തിരക്കുപിടിച്ച് പലതും ചെയ്തു തീര്‍ക്കാനുണ്ടെന്നറിയാം. ലോകചരിത്രമാണ് മാറ്റിയെഴുതാന്‍ ശ്രമിക്കുന്നതെന്നും. പക്ഷേ, ആരോഗ്യം, മനസ്സ് - ഇതുരണ്ടും കൂടി ശ്രദ്ധിക്കണം. നിങ്ങളെപ്പോലെയുള്ള ഒരച്ചുതണ്ട് നഷ്ടമായാല്‍ റഷ്യയുടെ ചലനം അസന്തുലിതമാകും. നിങ്ങളെപ്പോലെയുള്ളവര്‍ പിന്‍വാങ്ങിയാല്‍ പ്രതീക്ഷാപൂര്‍വ്വം നോക്കിയിരിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ കണ്ണുകളില്‍ ഇരുട്ടുകയറും."

ഡോ. ബെക്തറേവ് മനസ്സിൽ തോന്നിയത് അതേപോലെ കൂട്ടുകാരനോട് പറഞ്ഞശേഷം ഫോൺ വച്ചു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments