അധ്യായം എട്ട്:
രാത്രിഗായകര്‍
ഇന്ന് ഭക്ഷണവുമായെത്താന്‍ ഇത്ര വൈകിയതുകൊണ്ട് കുറച്ചുനേരത്തേക്ക് മിണ്ടാട്ടമില്ലാതെ ഇരുന്നെന്നുവരും. അങ്ങനെ സംഭവിച്ചാല്‍ എങ്ങനെയാണ് ആളിനെ ഉന്മേഷകരമായ ഒരു രാത്രിയിലേക്കു ക്ഷണിച്ചുകൊണ്ടുവരികയെന്ന ആലോചനയോടെ ഡോ. ബെക്തറേവ് ക്ലിനിക്കിലേക്ക് കാറോടിച്ചു.
“മണ്ണിലൂടെ നഗ്നപാദനായി നടക്കണം. ആ സമയം സൂര്യന്‍ ഉദയത്തിലോ അസ്തമനത്തിലോ എത്തിയിട്ടുണ്ടാകണം.”
ഡോ. ബെക്തറേവ് ലെനിന്റെ പതിവിലേറെ കുഴിഞ്ഞ കണ്ണുകളിലേക്ക് നോക്കിയിരുന്നു. അടക്കം പറയുംപോലെയാണ് പ്രിയ സുഹൃത്തിനോട് ബെക്തറേവ് സംസാരിച്ചത്.
"ജീവിതം ഒരിക്കല്‍മാത്രം ലഭിക്കുന്ന അനുഗ്രഹമാണ്. അതേസമയം അതൊരു തുടര്‍ച്ചയുമാണ്. എവിടെ എന്ത് എങ്ങനെ സംഭവിക്കുമെന്ന സന്ദേഹം ഒരിയ്ക്കലും ലെനിന്‍ അനുഭവിച്ചിട്ടുള്ളതായി എനിക്ക് തോന്നിയിട്ടില്ല."
ലെനിന്‍ താടിയില്‍ കൈവച്ചു. കണ്ണുകള്‍ക്കു മുന്നില്‍ ചുറ്റിപ്പറന്ന ഒരീച്ചയെ എറ്റിയകറ്റിയശേഷം ശബ്ദം താഴ്ത്തി പറഞ്ഞു: "പ്രിയപ്പെട്ട ഡോക്ടര്‍, എന്റെ ഞരമ്പുകള്‍ ശരീരത്തിനുള്ളില്‍ കിടന്ന് വറചട്ടിയിലെന്നപോലെ പിടയ്ക്കുന്നുണ്ട്. ദിവസങ്ങളായി ഉറക്കം അപ്രതീക്ഷിതമായി മാത്രം വരുന്ന അതിഥിയെപ്പോലെയായിരിക്കുന്നു!"
ബൈക്തറേവ് ആത്മസ്നേഹിതന്റെ കൈ കടന്നുപിടിച്ചു. സ്നേഹത്തോടെ, വാത്സല്യത്തോടെ കൈവിരലുകള്‍ തിരുമ്മി. ഇരുന്ന കസേരയിലേക്ക് ചാഞ്ഞ്, കഠിനമായ ക്ഷീണത്തില്‍പ്പെട്ടതുപോലെ കണ്ണുകളടച്ചിരുന്ന ലെനിന്റെ ചുണ്ടുകളില്‍ ചിരി വിടരും വരെ ഡോക്ടര്‍ ബെക്തറേവ് വിരലുകള്‍ ഞൊടിച്ചു. ഇടയ്ക്ക് കൈവിരലുകള്‍കൊണ്ട് ലെനിന്റെ കൈഞരമ്പുകളില്‍ അമര്‍ത്തി.
ശരിയാണ്, ഞരമ്പുകളുടെ തിളച്ചുപിടയലിനെപ്പറ്റി പറഞ്ഞത് ശരിയാണ്. അടുത്തകാലത്തൊന്നും ഈ ഞരമ്പുകളിലെ കഠിനമായ നിര്‍ണ്ണയങ്ങള്‍ തന്റെ വിരലുകള്‍ക്ക് ഒപ്പിയെടുക്കാനായിട്ടില്ലെന്നും ബെക്തറേവ് ഓര്‍ത്തു. തണുത്ത കാറ്റ് മുറിയ്ക്കുള്ളില്‍ ചുറ്റിയടിക്കാന്‍ തുടങ്ങി. ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് അതങ്ങനെ ഏറെനേരം തത്തിക്കളിച്ചു..
"ഇന്നുരാത്രി ഇവിടെ തങ്ങിയാലോ ബെക്തറേവ്? മടങ്ങും വഴി അക്കാര്യം വീട്ടിലൊന്നറിയിക്കാന്‍ ഡ്രൈവറോട് പറയൂ."
തെല്ലിട നിശ്ശബ്ദതയ്ക്കുശേഷം ലെനിന്‍ കണ്ണുകള്‍ തുറന്നു. അപ്പോഴേയ്ക്കും ബെക്തറേവ് കടുപ്പത്തിലൊരു ചായ മേശപ്പുറത്ത് വച്ചിരുന്നു.
"രാത്രി ഭക്ഷണം?" ഡോ. ബെക്തറേവ്.
"വേണ്ട. വിശപ്പ് തോന്നുന്നില്ല’’, ലെനിന്‍.
ആ ശബ്ദം വല്ലാതെ ചിതറിപ്പോകുന്നതായി തോന്നി. ഏറെനേരം ലെനിന്‍ മിണ്ടാട്ടമില്ലാതെ ചുവരിലെ ചിത്രങ്ങളിലേക്ക് നോക്കിയിരുന്നു. കാല്‍പ്പാദത്തില്‍ തണുപ്പ് ചുറ്റിപ്പിടിക്കുന്നുണ്ട്.
വോള്‍ഗയുടെ തീരത്തും നഗരചത്വരത്തിലും ഇളകിമറിയുന്ന ജനസഹസ്രങ്ങളോട് ആലയില്‍ നിന്നും നാവിലേക്കു പകര്‍ന്ന വാക്കുകള്‍കൊണ്ട് കടല്‍ത്തിരകള്‍ സൃഷ്ടിച്ച ചിത്രങ്ങള്‍. ആ ചിത്രങ്ങളിലേക്കു നോക്കാതിരിക്കാനാകണം ലെനിന്‍ അതിന് അഭിമുഖമായി മാറിയിരുന്നു. കണ്ണുകളില്‍ വന്നുവീണ ചിത്രങ്ങള്‍. കാറല്‍ മാക്സും ഏംഗല്‍സും. അവരുടെ ചരിത്രനിക്ഷേപം ഉറഞ്ഞ നോട്ടം.
ലെനിന്‍ അങ്ങനെതന്നെ ഇരുന്നുറങ്ങി.
ബെക്തറേവ് കാത്തിരുന്നു. കണ്ണുകള്‍ തുറക്കുമ്പോള്‍ വിശപ്പ് തോന്നിയാലോ? പാതിരാ കഴിഞ്ഞിട്ടുണ്ടെങ്കില്‍, അപ്പോള്‍ നഗരത്തില്‍ ഭക്ഷണം കിട്ടിയെന്നു വരില്ല. ആളിന് ഇഷ്ടമുള്ള വിഭവങ്ങള്‍ ലഭിക്കുന്ന ഹോട്ടല്‍ കുറച്ചകലെയാണ്. അവിടേക്കു കാറോടിക്കുമ്പോള്‍ ബെക്തറേവ് അരികിലേക്കു വരുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ ആരവം കേട്ടു. അവരുടെ മദ്ധ്യേ പറന്നിറങ്ങുന്ന വ്ലാദിമിര്‍ ഇല്ലിച്ച് ലെനിന്‍! തോന്നലുകളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ബെക്തറേവിന് ചിരിവന്നു.
ഹോട്ടലിലേക്കുള്ള കവാടത്തില്‍ വൃദ്ധനായ ഒരാള്‍. അയാള്‍ വിശന്നുവലഞ്ഞിരിക്കുന്നെന്ന് ഒറ്റനോട്ടത്തില്‍ തോന്നി. വളര്‍ന്നിറങ്ങിയ താടിതടവി ആകാശത്തേക്കു നോക്കി നില്ക്കുന്ന ആ മനുഷ്യന് പരിചിതനായ ഒരാളുടെ ഛായ. പെട്ടെന്ന് ആരുമായാണ് അയാള്‍ക്ക് സാമ്യമെന്ന് ഓര്‍ത്തെടുക്കാനായില്ല. അടുത്തിടെയായി ഓര്‍മ്മകള്‍ക്കുമേല്‍ ഹിമപാളികൾ വന്നു മൂടുന്നതുപോലെയുള്ള അനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ബെക്തറേവ് കാര്‍ പാര്‍ക്ക് ചെയ്ത് തിരിഞ്ഞുനോക്കിയത് വൃദ്ധന്റെ മുഖത്തേക്കാണ്. ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ തന്നെ കടന്നുപോകുന്നതിന്റെ ഖിന്നത ആ മുഖത്ത് കാണാം. ആരുടെയും മുന്നില്‍ കൈനീട്ടാനാവാത്ത മനസ്സുമായാവാം അയാള്‍ നില്ക്കുന്നത്.
ബെക്തറേവ് വൃദ്ധന്റെ നേരെ നടന്നു. അയാള്‍ ആഗതനെ നോക്കി വീണ്ടും ചിരിക്കാന്‍ ശ്രമിച്ചു.
"നന്നായി വിശക്കുന്നുണ്ട്?" ബെക്തറേവ്.
"അതെ. വിശപ്പുമാത്രമല്ല, ദാഹവുമുണ്ട്. എനിക്കൊരു വോഡ്ക കഴിക്കണമെന്നുണ്ട്. പക്ഷേ, പണമില്ല." വൃദ്ധന്‍.
"അപ്പോള്‍ ഭക്ഷണമോ?" ബെക്തറേവ്.
"വോഡ്കയില്‍ വിശപ്പ് തീരും. നല്ലൊരുറക്കം കൂടി കിട്ടിയാല്‍ പിന്നെ വിശപ്പറിയില്ല." വൃദ്ധന്‍ ചിരിച്ചുകൊണ്ടാണതു പറഞ്ഞത്.
കയ്യില്‍ തടഞ്ഞ റൂബിള്‍ വൃദ്ധനുനേരെ നീട്ടിയ ബെക്തറേവ് അയാളുടെ കൈകള്‍ നീണ്ടു വരുന്നതു ശ്രദ്ധിച്ചു. മദ്യം ലഭിക്കാതാവുമ്പോള്‍ വിറച്ചുകൊണ്ടിരിക്കുന്ന വിരലുകള്‍. അത് മറ്റാരും കാണാതിരിക്കാന്‍ പാടുപെട്ടപ്പോള്‍ വിറയല്‍ കൂടി വരുന്നുണ്ട്.
"ക്ഷമിക്കണം ഡോക്ടര്‍ ഇതു പതിവുള്ളതാണ്"
നടക്കാന്‍ തുടങ്ങിയ വൃദ്ധന്‍ ചോദിച്ചു: "ഡോക്ടര്‍ക്കെന്നെ മനസ്സിലായില്ലേ?"
"ഇല്ല" മറവിയില്‍ ഉത്ക്കണ്ഠപ്പെട്ട് ബെക്തറേവ് പറഞ്ഞു.
"ഞാന്‍ കിറില്‍", അയാള്‍ ബെക്തറേവിന്റെ കണ്ണുകളിലേക്ക് നോക്കി. ക്ഷമാപണഭാവത്തില്‍ നിന്ന ഡോ. ബെക്തറേവിനോട് കുറച്ചുകൂടി അടുത്തുനിന്ന് അയാള്‍ പറഞ്ഞു: "നമ്മള്‍ ഒരേ ബഞ്ചിലിരുന്നാണ് വൈദ്യശാസ്ത്രം പഠിച്ചത്. ഓരോ പരീക്ഷയ്ക്കും തൊട്ടുതൊട്ടാണിരുന്നത്."
ഓര്‍മ്മയുടെ അടരുകള്‍ ഓരോന്നായി തെളിയുംപോലെ. ഒരു പരീക്ഷയിലും തോല്ക്കാതെ എല്ലാ മത്സരഫലങ്ങളിലും ഒന്നാമനായിരുന്ന കിറിലിന്റെ രൂപം എത്രമാത്രം മാറിപ്പോയിരിക്കുന്നു. പറ്റെ മുടിവെട്ടി എപ്പോഴും ചിരിച്ചു കടന്നുവരാറുള്ള കിറില്‍. ഒന്നിച്ചൊരിക്കല്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ റഷ്യയുടെ ഹൃദയം കാണാന്‍ നടത്തിയ യാത്ര. വോള്‍ഗയുടെ തീരങ്ങളില്‍ പലയിടത്തും കമ്പിളി വിരിച്ച് കിടന്നുറങ്ങിയ രാത്രികള്‍. കിറില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന വോഡ്കയുടെ എത്ര കുപ്പികളാണ് ആ രാത്രികളില്‍ കാലിയാക്കിയത്?
ഒരു നാള്‍ കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ എവിടെയോ കൈമോശം വന്നു. പകുതിമാത്രം കാലിയായ വോഡ്ക കുപ്പി ബാഗിലുണ്ട്. വിശപ്പാണെങ്കില്‍ സഹിക്കാനായില്ല. എന്താണൊരു പോംവഴിയെന്ന് ചിന്തിച്ച് തണുത്ത കാറ്റില്‍ വിറങ്ങലിച്ച് നില്ക്കുമ്പോള്‍ കിറില്‍ പറഞ്ഞു, "ധൈര്യമായിരിക്കൂ ബെക്തറേവ്, വഴിയുണ്ടാക്കാം."
സായാഹ്നം കഴിഞ്ഞതോടെ വോള്‍ഗയുടെ തീരവും ആളനക്കമില്ലാത്തതായി മാറി.
കിറില്‍ ചൂണ്ട പുറത്തെടുത്തു. അന്ന് വോള്‍ഗയില്‍ നിന്നും മീന്‍പിടിക്കുമ്പോഴാണ് അയാള്‍ ഏറ്റവും ആവേശമുള്ളവനായി കാണപ്പെട്ടത്. ഒന്നിനുപുറകെ മറ്റൊന്നായി നെല്‍മ മത്സ്യങ്ങള്‍ ചൂണ്ടയില്‍ കുരുങ്ങി. അവയ്ക്ക് കാവലിരിക്കുമ്പോള്‍ ബെക്തറേവ് ചുറ്റുമൊന്ന് നോക്കി. അവിടവിടെയായി വലവീശിയും ചൂണ്ടയിട്ടും മീന്‍ പിടിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ചില മത്സ്യങ്ങള്‍ ഒഴുക്കന്വേഷിച്ചു.
നാല് വലിയ മത്സ്യങ്ങള്‍ ചൂണ്ടക്കൊളുത്തില്‍ കുടുങ്ങിക്കഴിഞ്ഞതോടെ കിറില്‍ പൈന്‍ മരക്കൊമ്പുകള്‍ ഒടിച്ചെടുത്തു. ഉണങ്ങിയ മരക്കഷ്ണങ്ങളടുക്കി തീകൂട്ടി. ചെറിയ കത്തികൊണ്ട് നെല്‍മ വരഞ്ഞ് കുരുമുളകുപൊടിയും ഉപ്പും പുരട്ടി നിരത്തിവച്ചു. ഇലയിലിരുന്ന മീന്‍ കമ്പിയില്‍ കോര്‍ത്ത് ചുടുന്നതിനിടയില്‍ ഗ്ലാസില്‍ വോഡ്ക പകര്‍ന്നു. കുടിവെള്ളം തീര്‍ന്നിരുന്നു. വോള്‍ഗയിലെ തെളിവെള്ളമൊഴിച്ച് ആദ്യപെഗ്ഗ് അകത്താക്കുമ്പോള്‍ കിറില്‍ പറഞ്ഞു: "ഇന്ന് നെല്‍മയ്ക്ക് രുചികൂടും."
എന്തുകൊണ്ടെന്നു ചോദിക്കുംമുമ്പ് കിറില്‍ വിശദീകരിച്ചു, "ഇര വളര്‍ന്ന വെള്ളം വോഡ്കയില്‍ വീണതുകൊണ്ട്"
അതിന്റെ യുക്തിയെക്കുറിച്ചൊന്നും ചിന്തിക്കാതെ ബെക്തറേവും കിറിലിന്റെ അഭിപ്രായത്തോടു യോജിച്ചു.
അന്നത്തെ അത്താഴം ആ യാത്രയിലെ അവിസ്മരണീയമായ ഒന്നായിരുന്നു.
കൊടുത്ത റൂബിള്‍ കിറിലിന് ഒരു രാത്രിയ്ക്കു തികയുമോ? മതിയാവോളം വോഡ്ക കുടിക്കാന്‍ അത്രയും മതിയാകുമോ? ബെക്തറേവ് ഇങ്ങനെയൊക്കെയുള്ള ആലോചനയില്‍പ്പെട്ടു നിൽക്കേ തണുപ്പിലൂടെ കിടുകിടുപ്പോടെ കിറില്‍ നടന്നകന്നു. എവിടെവച്ചാവും പ്രിയ സ്നേഹിതന്റെ ജീവിതത്തിലേക്ക് കറുത്ത കാറ്റ് വീശാന്‍ തുടങ്ങിയത്? ഒരേ പ്രായക്കാരാണെങ്കിലും കിറിലിനെ കണ്ടപ്പോള്‍ തന്നെക്കാള്‍ ഇരട്ടി തോന്നിച്ചു. ഓര്‍മ്മകളില്‍ ബെക്തറേവ് റെസ്റ്റോറന്റിലേക്കു നടന്നു.
പരിചിതയായ പെണ്‍കുട്ടിയാണ് കൗണ്ടറിലുള്ളത്. അവള്‍ ഒരിയ്ക്കല്‍ ക്ലിനിക്കില്‍ വന്നിട്ടുമുണ്ട്. അന്ന് അവള്‍ പ്രസാദമധുരമായ മുഖത്തോടെയാണ് തിരിച്ചുപോയത്. വിവാഹത്തിനുശേഷമുള്ള ദിവസങ്ങളില്‍ സംഭവിച്ച ഉത്ക്കണ്ഠകള്‍ അവളെ അലട്ടിയിരുന്നു. തനിക്ക് ലൈംഗികജീവിതം ആസ്വദിക്കാനുകുമോ, എന്തെങ്കിലും മറ്റ് പ്രശ്നം തനിക്കുണ്ടാകുമോ തുടങ്ങിയ സംശയങ്ങളാണ് അവളുടെ ഉറക്കം കെടുത്തിയത്. അവള്‍ തുറന്നു സംസാരിച്ചു. വിവാഹത്തിന്റെ പതിമൂന്നാം നാള്‍ അവള്‍ വീണ്ടും വിളിച്ചു: "എല്ലാം ഡോക്ടര്‍ പറഞ്ഞതുപോലെ സംഭവിച്ചു. ഒന്നിലും ഒരു പിഴവും സംഭവിച്ചില്ല."
ഒരാള്‍ക്ക് അന്നത്തെ മെനു വിശദീകരിച്ചുകൊടുത്തശേഷം അവള്‍ ഡോ. ബെക്തറേവിനടുത്തേക്ക് തിടുക്കത്തില്‍ വന്നു.
"എന്താണ് ഡോക്ടര്‍ പതിവില്ലാതെ.? വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ഭക്ഷണം അങ്ങോട്ടെത്തിക്കുമായിരുന്നല്ലോ?"
യാന ഡോ. ബെക്തറേവിന്റെ കൈപിടിച്ച് അകത്തേക്ക് നടന്നു.
"എനിക്കൊരു വിശേഷപ്പെട്ട അതിഥിയുണ്ട്. മത്സ്യമല്ല ആളിന് വേണ്ടത്. കൂണ്‍ചേര്‍ത്ത വറുത്ത മാംസം. മധുരവും പുളിയുമുള്ള പ്ലം മാംസം. ഇതൊക്കെയാണ് ഇവിടുത്തെ രുചിപ്രഭുക്കന്മാരെന്ന് എനിക്കറിയാം. പക്ഷേ, അതൊന്നും എന്റെ ഇന്നത്തെ അതിഥി അത്താഴമാക്കില്ല."
ബെക്തറേവ് യാനയോട് പറഞ്ഞു.
"പിന്നെന്താണ് വേണ്ടത്. എന്തുതന്നെയായാലും അല്പം കാത്തിരുന്നാല്‍ ഞാന്‍ ശരിയാക്കി തരാം ഡോക്ടര്‍." യാന ഒരു തുണ്ടു കടലാസിലേക്ക് പേന തുറന്നു.
"ചോറും മില്ലറ്റ് കഞ്ഞിയും" ഡോ. ബെക്തറേവ് തുടര്‍ന്നു: “ഇത് എന്റെ അതിഥിയ്ക്ക്.”
"അപ്പോള്‍ ഡോക്ടര്‍ക്കോ?" യാന.
"നിനക്ക് ഏറ്റവും രുചികരമെന്നു തോന്നുന്നതെന്തും" ബെക്തറേവ് ഒഴിഞ്ഞ മൂലയിലേക്ക് നടന്ന് കസേര പിടിച്ചുനിന്നു.
കസേര വലിച്ചിട്ട് യാന അതിലേക്ക് വിരല്‍ചൂണ്ടി.
"അര മണിക്കൂര്‍. അതിനുള്ളില്‍ പാഴ്സല്‍ റെഡിയാക്കി ഞാന്‍ തിരിച്ചെത്തും. ആദ്യം വരുന്ന സൂപ്പ് ഡോക്ടര്‍ സാവകാശം കുടിക്കുക. അത് എനിക്ക് പ്രിയങ്കരമായതാണ്. രണ്ടാമത്തെ ജ്യൂസ് തീരുമ്പോഴേക്കും ദാ, ആ കാണുന്ന വാതിലിലൂടെ ഞാന്‍ ഡോക്ടര്‍ക്കരിലേക്ക് നടന്നുവരുന്നുണ്ടാകും."
യാന ചെറുചിരിയോടെ നടന്നു.
ബെക്തറേവ് പുറത്തേക്ക് നോക്കി.
രാത്രിയിലൂടെ നടന്നുവരുന്ന ഒരു തെരുവുഗായകന്‍. അയാള്‍ ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ പാട്ടുപാടി വരികയാണ്. ഓവര്‍ക്കോട്ടിനുള്ളില്‍ കൈകള്‍ തിരുകി പ്രസന്നമധുരമായ ചിരി സമ്മാനിച്ചാണ് വരവ്. ഒരുപക്ഷേ, അയാള്‍ റെസ്റ്റോറന്റിലേക്ക് കയറി വന്നേക്കാം. അങ്ങനെയെങ്കില്‍ എതിരെയുള്ള കസേരയില്‍ ഹസ്തദാനം നല്കി സ്വീകരിച്ചിരുത്തണം. അയാളെ സ്വയം ആഹ്ലാദിപ്പിക്കുന്ന ഒരു ഗാനമാലപിക്കാന്‍ പറയണം.
ബെക്തറേവ് അയാളെത്തന്നെ നോക്കിയിരുന്നു.
ഗായകന്‍ ഇടംവലം നോക്കാതെ റെസ്റ്റോറന്റിലേക്കുള്ള വഴിയില്‍നിന്നും ഇടതുവശത്തേക്കുള്ള പാതയിലൂടെ നടന്നുപോയി.
ഇല്ലിച്ച് കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാകുമോ? ഭക്ഷണം, അതെത്ര പ്രിയപ്പെട്ടതാണെങ്കിലും അടുത്തിടെയായി ഒട്ടും പഥ്യമല്ലാതാക്കുന്നുണ്ട്. പുറത്തേക്കിറങ്ങുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മദ്യം അലമാരയിലുണ്ടെന്ന് പറഞ്ഞ് താക്കോലൊന്നു കിലുക്കി കാണിച്ചിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോള്‍ ലേശം മദ്യം നുണഞ്ഞിറക്കിയാല്‍ തീരുന്ന പ്രശ്നങ്ങളേ ഈ ഭൂമുഖത്തുള്ളൂ എന്ന് പറഞ്ഞതുകേട്ട് ഇല്ലിച്ച് ചെറുതായൊന്ന് ചിരിക്കുകമാത്രമാണുണ്ടായത്.
"ഇല്ല, നമ്മെ അലട്ടുന്ന ആ വലിയ ചോദ്യം താല്ക്കാലികമായി ശിരസ്സില്‍നിന്നും ഇറങ്ങിപ്പോയെന്നിരിക്കും. അത് ഇരട്ടിശക്തിയോടെ തിരികെയെത്താന്‍ വാതിലിനപ്പുറം പതുങ്ങിനില്ക്കും. തൊട്ടടുത്ത പ്രഭാതത്തില്‍ മറ്റേതു ചിന്തയും കടന്നുവരും മുമ്പേ പറന്നുള്ളിലേക്കു വരും. പിന്നെ രാത്രി മറവിയുടെ ജലം അകത്തെത്തുംവരെ അത് പല രീതിയില്‍ കിടന്ന് ഉള്ളു തരിപ്പിക്കും." ഇല്ലിച്ച് സ്വന്തം ആത്മാവിനോടെന്നപോലെയാണ് അപ്പോള്‍ സംസാരിച്ചത്.
ചില നേരങ്ങളില്‍ ഇല്ലിച്ച് അങ്ങനെയാണ്. ഒരു കാര്യം എത്ര വിശദീകരിച്ചാലും മതിവരില്ല. അതേസമയം മറ്റുചിലര്‍ക്കുമുന്നില്‍ എത്രനേരം വേണമെങ്കിലും യാതൊരു മുഷിപ്പുമില്ലാതെ, ഒരക്ഷരവുമുരിയാടാതെ ഒരേ ഇരിപ്പ് ഇരിക്കുകയും ചെയ്യും.
(തുടരും)