ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 18
റൊട്ടി! റൊട്ടി! റൊട്ടി!

ലെനിന്റെ വാക്കുകളുടെ മൂർച്ചയിൽ ജനക്കൂട്ടം ആരവമവസാനിപ്പിച്ച് നാലുപാടും പിരിയുന്നതുനോക്കി ക്ലിയാവിനും നികിതും ഇരുട്ടിൽ നിശ്ശബ്ദരായി നിന്നു. ആ പേരു് പരഃശതം നാവുകളിൽ പകർന്നു: ലെനിൻ, വ്ലാദിമിർ, ഇല്ലിച്ച്, ഉല്യനോവ്.

രു മെയ്‌മാസ സായാഹ്നം.
ദൂരെനിന്ന് ക്ലിയാവിൻ നടന്നുവരുന്നത് ലെനിന്റെ സെക്രട്ടറി കണ്ടു. എന്താവും ആഗതന്റെ ലക്ഷ്യമെന്ന് മനസ്സിലായില്ല. ഒന്നുറപ്പായിരുന്നു. ക്ഷീണിതനും പരവശനുമായ അയാൾക്ക് ഉള്ളു വിങ്ങുന്ന എന്തൊക്കെയോ പ്രശ്നങ്ങൾക്കുത്തരം ലഭിക്കേണ്ടതുണ്ടായിരുന്നു. നെഞ്ചോടടുക്കിപ്പിടിച്ച ബാഗിൽനിന്നും ചില കടലാസ്സുകളും ഡയഗ്രവും പുറത്തെടുത്ത് നോക്കി സന്ദർശകമുറിയുടെ വാതിലിൽ ക്ലിയാവിൻ നിന്നു. അധികം നേരമെടുത്തില്ല. ആഗതന്റെ മുന്നിലേക്ക് ചില ഫയലുകളുമായി ചെറു ചിരിയോടെ സെക്രട്ടറി വന്നു.

"നിങ്ങൾക്ക് അകത്തേക്ക് പോകാം." സെക്രട്ടറിയുടെ ചിരി സ്വീകരിച്ച് ക്ലിയാവിൻ അകത്തേക്കുനടന്നു. ലെനിന്റെ സമയം അധികം അപഹരിക്കരുതെന്നു പറഞ്ഞ സെക്രട്ടറിയുടെ സംഭാക്ഷണം ക്ലിയാവിൻ ശ്രദ്ധിച്ചതായിപോലും ഭാവിച്ചില്ല.

ലെനിൻ ക്ലിയാവിനെ സ്വീകരിച്ചു.
ഏറെ പ്രതീക്ഷിച്ചിരുന്ന അതിഥിയെ കണ്ട ഭാവമായിരുന്നു മുഖത്ത്.

"സുഖമല്ലേ ക്ലിയാവിൻ. താങ്കൾ അന്നത്തേതിനേക്കാൾ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ. എന്തുപറ്റി?"

തന്റെ പേര് ലെനിന്റെ മനസ്സിൽ മറവിയിലേക്കു പോകാതെ നിലനിൽക്കുന്നെന്ന് മനസ്സിലായതോടെ ക്ലിയാവിന്റെ മുഖം പതിവിലേറെ പ്രകാശിച്ചു.

"ഇരിക്കൂ ക്ലിയാവിൻ. താങ്കളുടെ റിപ്പോർട്ട് കേൾക്കാൻ എനിക്ക് കൗതുകമുണ്ട്’’, ഉയർന്ന നെറ്റിയിൽ തടവി ലെനിൻ ഒരു കൈ മേശമേൽ ഉയർത്തിവച്ചു. കറുത്തനിറമുള്ള പേന ഒരു മാന്ത്രികനെപ്പോലെ കറക്കിയെടുത്ത് ക്ലിയാവിനെ നോക്കിയിരുന്നു.

ക്ലിയാവിൻ എത്ര ശ്രമിച്ചിട്ടും നെഞ്ചോടടുക്കിപ്പിടിച്ചിരുന്ന ബാഗിന്റെ പൂട്ട് തുറക്കാനായില്ല. അസ്വസ്ഥനും അക്ഷമനുമായ ക്ലിയാവിൻ പൂട്ട് മേശയുടെ മൂലയിൽ തട്ടിയും വലിച്ചുപിടിച്ചുമൊക്കെ പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും അത് പെട്ടെന്നൊന്നും നടക്കില്ലെന്ന് ലെനിന് തോന്നി.

ആ കൂടിക്കാഴ്ചയ്ക്കിടയിൽ പുറത്തേക്കെടുക്കേണ്ട കടലാസ്സുകളും രേഖകളും ഒളിപ്പിച്ച ബാഗ് തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റെന്തിന്റെയോ ഇടപെടൽ ഇതിലുണ്ടെന്നും ക്ലിയാവിൻ ഭ്രാന്തമായി പറഞ്ഞുകൊണ്ടിരുന്നു. അതിനിടയിൽ അയാൾ ബാഗിന്റെ പൂട്ട് കടിച്ചുതുറക്കാനൊരു ശ്രമം നടത്തി. ഒട്ടും പ്രതീക്ഷിക്കാതെ പൂട്ട് തുറന്നുവന്നു. ബാഗിനുള്ളിൽ നിന്നും ഒരു കഷണം സോപ്പും ടൗവ്വലും തെറിച്ചു വീണത് മേശപ്പുറത്തേക്കാണ്.

"കുളിക്കാൻ പോകുകയാണെന്നു കരുതി ഗാല്യ ചുരുട്ടിവച്ചതാണ് ഇതൊക്കെ. അവൾക്കെന്തറിയാം. പമ്പര വിഡ്ഢി", ക്ലിയാവിൻ സോപ്പും ടൗവ്വലും പെട്ടിയിൽ തിരിച്ചുവച്ചു.

"ആവിക്കുളിയാണോ? മോസ്കോയിലെ കുളിപ്പുരകളിൽ ആവിമുറികൾ പ്രവർത്തിക്കുന്നുണ്ടോ?" ലെനിൻ ചോദിച്ചു.

‘ഉവ്വ്’, ക്ലിയാവിൻ പറഞ്ഞു.

"നിങ്ങൾ വെറുതെ പറയുകയല്ലേ?" ലെനിൻ ക്ലിയാവിന്റെ കണ്ണുകളിലേക്ക് നോക്കി.

പല കടലാസുകൾ. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ചിലതൊക്കെ അവയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന ഭാവത്തിലുള്ള ക്ലിയാവിന്റെ നോട്ടം.

"അപ്പോൾ ബോൾഷെവിക്കുകൾ അധികാരത്തിലുണ്ടെങ്കിലും ആവിക്കുളി നടത്താം അല്ലേ ക്ലിയാവിൻ?" തിളക്കമുള്ള ലെനിന്റെ കണ്ണുകൾക്കുമുന്നിൽ തന്റെ മനസ്സ് സ്വാസ്ഥ്യം നേടുന്നത് ക്ലിയാവിൻ അറിഞ്ഞു. ചിലത് പറയാനുണ്ട്. അതു പറഞ്ഞിട്ടേ താൻ തിരിച്ചുപോകൂ എന്ന ഭാവത്തിലായിരുന്നു ക്ലിയാവിൻ.

"നല്ല ആൾക്കാരാണ് നമ്മൾ. സൂര്യനു കീഴിലുള്ള സകലതിനെയും പറ്റി പത്രങ്ങളിലെഴുതും. നാശം പിടിക്കാനായി കഴമ്പില്ലാത്ത പലതരം പ്രബന്ധങ്ങൾ എഴുതിക്കൂട്ടും. എന്നാൽ കുളിപ്പുരകളെപ്പറ്റി എന്തെങ്കിലും എഴുതാൻ മാത്രം ചൊടിയുള്ള ആരെയും കാണുന്നില്ല."

ആരോടൊക്കെയോ പരിഭവിക്കുന്ന ഭാവമായിരുന്നു അപ്പോൾ ക്ലിയാവിന്.

ലെനിന്റെ പുരികങ്ങൾക്കിടയിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് ക്ലിയാവിൻ കാണുന്നുണ്ടായിരുന്നു. പറയാനുള്ളത് പറഞ്ഞ് എത്രയും പെട്ടെന്ന് സ്ഥലം വിടണം. റഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള സമയത്തിന്റെ ഉടമയ്ക്കു മുന്നിലാണ് നില്ക്കുന്നതെന്ന് ക്ലിയാവിൻ മറന്നിരുന്നില്ല.

"തൊഴിലാളി വർഗ്ഗത്തിൽപ്പെടുന്നെന്ന കാരണത്താലല്ലാതെ, ജോലിയനുസരിച്ച്, ഉല്പാദനക്ഷമതയനുസരിച്ച് - നമുക്ക് റൊട്ടി നൽകിക്കൂടേ? ഇത് വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമാണെന്ന് ട്രേഡ് യൂണിയനുകൾ നിലപാടെടുത്തു. എനിക്ക് അവരുമായി സമരം ചെയ്യേണ്ടി വന്നു."

ക്ലിയാവിൻ ഇടതടവില്ലാതെ കാര്യങ്ങൾ വിശദമാക്കി. കസേരയിൽ നിന്നെണീറ്റ ലെനിൻ കോട്ടിന്റെ പോക്കറ്റിൽ കൈതിരുകി മുന്നോട്ടുനടന്നു.

"നിങ്ങളെങ്ങനെയാണ് അവർക്കു വേതനം നല്കുക? ഒരു ഖനിത്തൊഴിലാളിക്ക് മൂന്ന് റാത്തൽ റൊട്ടി കിട്ടണമെങ്കിൽ ഉല്പാദനക്ഷമത എന്തായിരിക്കണം? നിങ്ങൾ ജോലിനിരക്കുകൾ തിട്ടപ്പെടുത്തിയിട്ടുണ്ടോ?"

ലെനിന്റെ ചോദ്യങ്ങൾക്ക് കൃത്യതയോടെ മറുപടി പറയാൻ ക്ലിയാവിൻ ശ്രമിച്ചു. തൊഴിലാളികൾക്കിടയിലേക്ക് ലെനിന്റെ അഭിനന്ദനവുമായി തിരിച്ചുചെല്ലുന്ന നിമിഷമോർത്തപ്പോൾ ക്ലിയാവിനൊന്ന് തുള്ളിച്ചാടണമെന്ന് തോന്നി.

"ക്ലിയാവിൻ, നിങ്ങൾ എത്രയും പെട്ടെന്ന് ഫാക്ടറിയിലേക്ക് തിരിച്ചുപോകണം. വിഷമം പിടിച്ച കാലമാണ് വരാൻ പോകുന്നത്. ഭക്ഷ്യസ്ഥിതി കൂടുതൽ മോശമായി വരാനാണ് സാധ്യത."
ലെനിൻ തുടർന്നു: "മോസ്കോയിൽ നിങ്ങൾക്ക് ചെയ്തുതീർക്കേണ്ടതായി ബാക്കിയെന്തെങ്കിലുമുണ്ടെങ്കിൽ അതിന് നിങ്ങളെ എന്റെ സെക്രട്ടറി സഹായിക്കും."

ഹസ്തദാനം നല്കി ക്ലിയാവിൻ യാത്രപറഞ്ഞു. മുൻവാതിൽ വരെ അനുഗമിച്ച ലെനിൻ സ്വന്തം ലെറ്റർപാഡിൽ എഴുതി നൽകിയത് ക്ലിയാവിൻ പുറത്തിറങ്ങി തുറന്നു വായിച്ചു. സ്താറോ - പെത്രോവ്സ്കിലെത്തി തൊഴിലാളികൾക്കുമുന്നിൽ ഈ എഴുത്തു വായിക്കുന്ന നിമിഷമോർത്തപ്പോൾ ക്ലിയാവിന് ആഹ്ലാദമടക്കാനായില്ല. നേരത്തേ തോന്നിയത് നിന്നനില്പിൽ ക്ലിയാവിൻ നടപ്പിലാക്കി. മറ്റാരു കണ്ടാലും തനിക്ക് പുല്ലാണെന്നമട്ടിൽ തുള്ളിച്ചാടി. ഭക്ഷണത്തിന്റെ പ്രശ്നം, റൊട്ടിയുടെ പ്രശ്നം - എല്ലാം പരിഹരിക്കാനായി എത്രദൂരം വേണമെങ്കിലും റഷ്യൻ വീഥികളിലൂടെ കുതിരസവാരിക്ക് തയ്യാറാണെന്നുറപ്പിച്ച് ക്ലിയാവിൻ മടക്കയാത്ര തുടങ്ങി.

ഖനികളിലെ കരിപുരണ്ട് വിശന്നുവലഞ്ഞ മനുഷ്യമുഖങ്ങൾ. കാൻവാസ് കൊണ്ടുള്ള തൊപ്പിധരിച്ച ഒരാൾ തനിക്കുനേരെ ഓടിവരുന്നത് ക്ലിയാവിൻ കണ്ടു. അപായപ്പെടുത്താൻ വരുന്ന ഭാവമായിരുന്നു അയാൾക്ക്. തക്കസമയത്ത് പ്രതിരോധിച്ചില്ലെങ്കിൽ ജീവൻ തന്നെ ഇല്ലാതാകുമെന്നു തോന്നിയതോടെ ക്ലിയാവിൻ കൈത്തോക്ക് അയാൾക്കുനേരെ ചൂണ്ടി.

"വയ്ക്ക് വെടി. സഹിക്കാവുന്നതിനപ്പുറം ഞാൻ സഹിച്ചു. കൊല്ലെന്നേ’’, വെടികൊണ്ട ഒരു ചെന്നായെപ്പോലെ അയാൾ മണ്ണിൽ കിടന്നുരുണ്ടു.

"ഭൊമിവോൻ" ക്ലിയാവിന്റെ വിളികേട്ടതോടെ രോഷത്തോടെനിന്ന ആ ഖനി ത്തൊഴിലാളി ഒട്ടൊന്നടങ്ങി. അയാൾ ശാന്തനായി.

ഭൊമിവോനും ക്ലിയാവിനും നോക്കിനിൽക്കേ മറ്റൊരു ചൂളത്തൊഴിലാളി സ്വന്തം മാറിടം തുറന്നു കാണിച്ചുകൊണ്ട് മുന്നോട്ടു വന്നു. മറ്റുള്ളവരുടെ കണ്ണിൽ എന്തും സംഭവിക്കാമെന്ന ഭാവം. ആ ചൂളത്തൊഴിലാളി നിന്നു വിറച്ചു. രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ലെന്ന് ക്ലിയാവിന് ബോദ്ധ്യമായി. ഊളിയിട്ട് ഓടി രക്ഷപ്പെടുകയെന്ന ഉപായം തലയിലുദിച്ചെങ്കിലും അതത്ര എളുപ്പമായിരുന്നില്ല.

ലെനിനുമായുണ്ടായ കണ്ടുമുട്ടൽ ക്ലിയാവിന്റെ ഓർമ്മയിലേക്കെത്തി. മറ്റൊന്നും ആലോചിക്കാതെ പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ആ കത്ത് പുറത്തെടുത്തു.
"നോക്ക്, ലെനിന്റെ കത്താണിത്" വെപ്രാളം പുറത്തുകാണിക്കാതെ ക്ലിയാവിൻ അത്രയും പറഞ്ഞൊപ്പിച്ചു.

നികീത് വിശ്വാസം വരാതെ ക്ലിയാവിനെ നോക്കിനിന്നു. ആ കത്ത് തുറന്ന് വായിച്ചു. ആദ്യം കയ്യൊപ്പാണ് നോക്കിയത്. അത് ലെനിന്റേതു തന്നെയായിരുന്നു. അവിടെ കൂടിനിന്നവർ ഓരോരുത്തരായി ലെനിന്റെ അക്ഷരങ്ങൾ നേരിട്ടു കാണുന്നതിനും വായിക്കുന്നതിനുമായി അടുത്തുകൂടി.

‘‘... തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി അസഹനീയമാംവണ്ണം ക്ലേശകരമാണ്. ആളുകൾ ഭയങ്കരമായി കഷ്ടപ്പെടുകയാണ്’’, ലെനിന്റെ എഴുത്ത് തുടർന്നു: ‘‘ഒരു തീവ്ര പ്രയത്നം കൂടി നടത്തുകയല്ലാതെ, മനുഷ്യരാശിയുടെ ചരിത്രത്തിൽവച്ച് ഏറ്റവും വിപ്ലവകാരികളും ധീരോദാത്തരുമായ തൊഴിലാളി വർഗ്ഗമൊഴിച്ച് മറ്റാർക്കും ഒരിക്കലും നടത്താൻ സാദ്ധ്യമല്ലാത്ത ഒരു കഠിനശ്രമം കൂടി നടത്തുകയല്ലാതെ മറ്റുപോംവഴിയൊന്നുമില്ല.’’

നികിതിന്റെ നെറ്റിയിൽ നിന്നും വിയർപ്പൊഴുകി നെഞ്ചിലേക്കു വീണു. അയാൾ എന്തു പറയണമെന്നറിയാതെ നിന്നു. മനസ്സ് ശാന്തമാകുകയാണ്. തനിക്കരികിലേക്ക് തൊഴിലാളികൾ ഓരോരുത്തരായി നടന്നുവരുന്നത് അയാൾ കാണുന്നുണ്ടായിരുന്നു.

ക്ലിയാവിന് ലെനിന്റെ കത്ത് തിരിച്ചു കിട്ടിയില്ല. നികിതിന്റെ കയ്യിൽ നിന്നുമത് മറ്റൊരാൾ വാങ്ങി. തുടർന്ന് മറ്റൊരാൾ.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments