ചിത്രീകരണം : രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 24
ശുദ്ധവായു

ശ്വാസഗതി സ്വാഭാവികമായ ശേഷമാണ് ക്രൂപ്സ്കയയുടെ അരികത്തുനിന്നും ബെക്തറ്യേവു് പുറത്തേക്ക് നടന്നത്. ലെനിൻ അവിടം വിട്ടെങ്ങോട്ടും പോയില്ല.

രീനയുടേതായിരുന്നു ഞങ്ങൾ താമസിച്ചിരുന്ന വീട്. രണ്ടു മുറികളും നീണ്ട വരാന്തയും അടുക്കളയും മാത്രമല്ല, അതിഥികൾ വരുമ്പോൾ നൽകാനായി മറ്റൊരു വിസ്താരമുള്ള മുറി പിന്നിലും ഉണ്ടായിരുന്നു. അസൗകര്യങ്ങൾ ആ വീട്ടിൽ കുറവായിരുന്നു. ഇല്ലിച്ച് തിരക്കുകൾക്കിടയിൽ നിന്നുമിടയ്ക്കിടെ പഠനമുറിയിലെത്തുകയും പ്രാവ്ദയ്ക്കും മറ്റ് പ്രസിദ്ധീകരണങ്ങൾക്കും ലേഖനങ്ങൾ എഴുതുകയും ചെയ്തുകൊണ്ടിരുന്ന നാളുകൾ. ഇടയ്ക്കിടെ സന്ദർശകരായെത്തുന്ന ബൽവിക്കുകളുമായി ആശയപരമായ സംവാദങ്ങളിൽ ഇല്ലിച്ച് ഏർപ്പെട്ടു.

ഇടതുപക്ഷവുമായി ചേരാനാവാതെ ഇടഞ്ഞുനിന്ന ട്രോട്സ്കിയെ റഷ്യയുടെ ഭൂതവും വർത്തമാനവും ഭാവിയും വിശദീകരിച്ച് അനുനയപ്പെടുത്താൻ ഇല്ലിച്ച് ശ്രമിച്ചു. ഇതൊക്കെ മനസ്സിലാക്കിയിരുന്ന അരീനയ്ക്ക് വീട്ടിൽ ഏറ്റവുമടുപ്പം അമ്മയോടായത് ഒറ്റക്കാരണം കൊണ്ടാണ്. അത് മതവിശ്വാസത്തിന്റെ പേരിലായിരുന്നു. പള്ളിയിലും പ്രാർത്ഥനയിലുമൊന്നും പങ്കെടുക്കാറില്ലെങ്കിലും അമ്മയുടെ മനസ്സിൽ ദൈവവിശ്വാസമുണ്ടെന്ന തോന്നൽ അരീനയ്ക്കുണ്ടായിരുന്നു. അതേസമയം വ്ലജിമീറിനും വീട്ടിൽ വരുന്നവർക്കുമൊന്നും മതത്തിന്റെ ഭയപ്പെടുത്തൽ തന്ത്രത്തോടും ദൈവപ്രഘോഷണക്കാരോടും യാതൊരു മമതയുമില്ലെന്ന് അരീന കണ്ടെത്തി. വീടുമാറി തരണമെന്നും, ദൈവവിശ്വാസമുള്ളവർക്കു മാത്രമേ വീട് വാടകയ്ക്ക് നല്കേണ്ടതുള്ളുവെന്നും അരീന നിശ്ചയിച്ചു.

സിനവീവ് വീട്ടിൽ വന്ന ദിവസം അവരത് പരസ്യമായി പ്രഖ്യാപിച്ചു. കൃത്യമായി വാടക തരുന്നതുകൊണ്ടും, വീട് വൃത്തിയായി സൂക്ഷിക്കുന്നതുകൊണ്ടും ഉള്ളിലിരുപ്പ് പുറത്തുപറയാതെ ഇത്രയും നാൾ കഴിഞ്ഞെന്നും ഇനി അത് തുടരാനാവില്ലെന്നും അരീന തുറന്നുപറഞ്ഞു. അമ്മയുടെ അപ്രതീക്ഷിതമരണവും അങ്ങനെയൊരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാകണം. ഇതേക്കുറിച്ച് കേട്ട ഇല്ലിച്ച് വീടുമാറ്റം എത്രയും പെട്ടെന്നുതന്നെ വേണമെന്ന് ശാഠ്യം പിടിച്ചു. അങ്ങനെ ഞങ്ങൾ മറ്റൊരു ഒറ്റമുറി വീട്ടിലേക്ക് മാറാൻ നിശ്ചയിക്കുകയായിരുന്നു.
- ക്രൂപ്സ്കയയുടെ ഡയറിയിലെ പൂർത്തിയാകാത്ത ഒരദ്ധ്യായം. അത് അതേപോലെ ഇറീന പകർത്തിയെഴുതി ക്രിസ്റ്റഫറിനു നല്കി.
ഡോ. ഇറീനയ്ക്ക് ക്രൂപ്സ്കയയെക്കുറിച്ച് പറയാൻ ഏഴു നാവായിരുന്നു. ഒരു വൈകുന്നേരം നടക്കാനിറങ്ങിയ ക്രിസ്റ്റഫർ റീഡും ഇറീനയും ലെനിന്റെ ജീവിതത്തിലും സ്വകാര്യതയിലും രാഷ്ട്രീയത്തിലും ക്രൂപ്സ്കയ നല്കിയ ശ്രദ്ധയെക്കുറിച്ചു് സംസാരിച്ചു. യുദ്ധത്തിന്റെ നാളുകളിൽ എങ്ങനെയായിരുന്നു ലെനിന്റെ ജീവിതമെന്നതിനെപ്പറ്റി ക്രൂപ്സ്കയ എഴുതിയ ഡയറിക്കുറിപ്പുകൾ നോവലെഴുത്തിനെ സഹായിക്കുമെന്ന് ഇറീന സൂചിപ്പിച്ചു. അതേവഴിക്കാണ് തന്റെയും ആലോചനയെന്ന് ക്രിസ്റ്റഫർ പറഞ്ഞു. എഴുത്തിന് ചില ദിശാവ്യതിയാനങ്ങൾ സംഭവിക്കുമെന്നും ക്രിസ്റ്റഫർ വിശദമാക്കി. അതിനുവേണ്ടി ചിലരെ കണ്ട് സംസാരിക്കേണ്ടതുണ്ടെന്നും, ചില രേഖകൾ പരിശോധിക്കണമെന്നും നിശ്ചയിച്ചു. പിരിയാൻ തുടങ്ങുമ്പോൾ ക്രിസ്റ്റഫർ പറ‍ഞ്ഞു: "എനിക്ക് ഇപ്പോഴും ഇടയ്ക്കിടെ ആത്മവിശ്വാസം ചോർന്നു പോകുന്നുണ്ട്. അതിനുള്ള പോംവഴി എന്താണെന്ന് മനസ്സിലാവുന്നില്ല."

ഇറീന തെല്ലിട നിശ്ശബ്ദയായി നിന്നു.
"ക്രിസ്റ്റഫർ, ജീവിതത്തിലെപ്പോലെ അസന്നിഗ്ദ്ധ നിമിഷങ്ങൾ എഴുത്തിലും സംഭവിക്കും. അത് എഴുത്തുമേശയിൽ തന്നെ പരിഹരിക്കപ്പെടുകയും വേണം. ഒട്ടും നിരാശപ്പെടാതെ എഴുത്ത് തുടരുക. ഒടുവിൽ ലെനിന്റെ ജീവിതത്തെ കേന്ദ്രപ്രമേയമാക്കുന്ന ഈ നോവൽ നിങ്ങളെ എഴുത്തിൽ മറ്റൊരാളാക്കി മാറ്റും."
ചെറിയൊരു ചിരിയോടെ ക്രിസ്റ്റഫർ നഗരത്തിലെ തിരക്കുവിട്ട് നടന്നു. എഴുത്തുമുറിയിലേക്ക് കയറി പുതിയൊരു പേജിലേക്കു നോക്കിയിരിക്കുമ്പോൾ ലെനിന്റെ കാലൊച്ച അടുത്തുവരുന്നതുപോലെ തോന്നി.

കഠിനവും നിരന്തരവുമായ പ്രയത്നങ്ങൾ ക്രൂപ്സ്കയയുടെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയിരുന്നു. സൈബീരിയയിലെയും മറ്റ് രാജ്യങ്ങളിലെയും മാറിമാറിയുള്ള താമസം ശരീരം ഓരോ സാഹചര്യത്തിലുമെങ്ങനെ പ്രതികരിക്കുമെന്നു തിട്ടപ്പെടുത്താനാവാത്ത തരത്തിലാക്കി.
"നമുക്ക് മികച്ചൊരു ഡോക്ടറെ കാണാം. ഡോക്ടർ ബെക്തറേവ് നിർദ്ദേശിച്ചതും അതുതന്നെയാണ്." ലെനിൻ ക്രൂപ്സ്കയയുടെ വിരലുകളിൽ തൊട്ടു. കണ്ണുകളിലേക്കു നോക്കി ശബ്ദംതാഴ്ത്തി സംസാരിച്ചു. മറുപടി ഒരു ചെറുപുഞ്ചിരി മാത്രം.
ശുദ്ധവായുവിന്റെ കുറവായിരുന്നു ക്രൂപ്സ്കയയുടെ ദിനരാത്രങ്ങളെ ഞെരിക്കാൻ തുടങ്ങിയത്. പൊടിപടലം നിറഞ്ഞതും കൊടുംതണുപ്പുള്ളതുമായ സാഹചര്യങ്ങളിലൂടെയുള്ള നിരന്തരയാത്ര ക്രൂപ്സ്കയയുടെ ശ്വാസകോശത്തെ ദുർബ്ബലമാക്കി തുടങ്ങിയിരുന്നു.

സോറൻബർഗിലേക്കുള്ള വീടുമാറ്റത്തെക്കുറിച്ചു പറഞ്ഞതും റെത്തോണിലെ താമസം ശാരീരികമായി സ്വസ്ഥത നൽകുമെന്നു വിശദീകരിച്ചതും ലെനിനാണ്. അവിടേക്ക് പോകുംമുമ്പ് ബർണെയിൽ നിന്നു വരുന്ന ബോഷ്ഠം പ്വാറ്റാകോവുമായി കൂടിക്കാഴ്ച നേരത്തെ തീരുമാനിച്ചിരുന്നതാണ്. റഷ്യൻ ജനതയുടെ മനസ്സിൽ അതതുകാലത്തുണ്ടാകുന്ന സന്ദേഹങ്ങൾക്ക് മറുപടി നല്കാനുതകുന്ന ഒരു മാസിക തുടങ്ങാനായിരുന്നു ആലോചന. ആശയപരമായ മുറുക്കം ജനങ്ങളിൽ ആ മാസിക സൃഷ്ടിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല.

ജർമ്മനിയിൽ സമരം കൂടുതൽ തിളച്ചുമറിയലിലേക്ക് കടന്നിരുന്ന നാളുകളായിരുന്നു അത്. റോസാ ലക്സംബർഗിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഒരു ഇന്റർനാഷണൽ മാസിക അടച്ചുപൂട്ടിയതറിഞ്ഞപ്പോൾ ലെനിൻ ആദ്യമൊന്നും പ്രതികരിച്ചില്ല. ആ മാസികയ്ക്ക് വായനക്കാരും വരിക്കാരും ഇല്ലാതായതെന്തുകൊണ്ടാണെന്ന് ക്രൂപ്സ്കയ ചോദിച്ചപ്പോൾ ലെനിൻ പറഞ്ഞു:
"ആശയങ്ങൾ; അത് മനുഷ്യരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാകണം. അവരുടെ ജീവിതത്തെ ബാധിക്കുന്നതാകണം. അതല്ലാതെ മസ്തിഷ്കപ്രക്ഷാളനം നടത്തുന്നതാവരുത്."ലെനിൻ ഇങ്ങനെ വിശദീകരിച്ചത് ഇന്റർനാഷണൽ മാസികയെ മാത്രം ഉദ്ദേശിച്ചുകൊണ്ടായിരുന്നില്ല. സ്വന്തം എഴുത്തിനോടും നിലപാടിനോടും വിയോജിക്കുന്നവരെ ഒപ്പം നിർത്താനും ഐക്യപ്പെടലിന്റെ പാത തങ്ങൾക്കിടയിൽ സാദ്ധ്യമാണെന്നും ലെനിൻ വിശ്വസിച്ചു. ക്രൂപ്സ്കയയുടെ മനസ്സിന് ഒട്ടും പിടിക്കാത്ത പെരുമാറ്റമുള്ളവരെക്കുറിച്ചും ലെനിന്റെ വിലയിരുത്തൽ വ്യത്യസ്തമായിരുന്നു.
"ഒരേ വൃക്ഷം. പല വലുപ്പത്തിലുള്ള പൂക്കൾ. ചിലപ്പോൾ നിറവ്യത്യാസം പോലും കണ്ടേക്കാം."
-ഇങ്ങനെ കവിത തൂവിയും ലെനിൻ മറുപടി പറയാറുണ്ടെന്ന് ക്രൂപ്സ്കയയുടെ ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നുണ്ട്.
ഒരു രാത്രി ബർണെയിൽ വച്ച് തന്റെ ഭാരം കുറഞ്ഞുകുറഞ്ഞു വരുന്നതായും കാറ്റിൽ ഒരിലയോ കുഞ്ഞുപൂവോ എന്നപോലെ സ്വയം പറന്നു നടക്കുന്നതായും ക്രൂപ്സ്കയയ്ക്ക് തോന്നി. ഇല്ലിച്ച് അപ്പോൾ വീട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല. അന്ന് സിമ്മെർവാർഡിൽ വച്ചു നടന്ന സമ്മേളനത്തിൽ ഇടതുപക്ഷം മാനിഫെസ്റ്റോയും കരട് പ്രമേയവും അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അതിനുവേണ്ടിയുള്ള  തയ്യാറെടുപ്പുകളിലായിരുന്നു ലെനിൻ.

ട്രോട്സ്കി ഇടതുപക്ഷവുമായി യോജിച്ചു മുന്നോട്ടുപോകുന്നതായിരുന്നു ലെനിനിഷ്ടം. അത് സംഭവിച്ചില്ല. ഇടതുപക്ഷത്തിന്റെ നിലപാടുകൾക്കൊപ്പം നില്ക്കുന്നവരായിരുന്നില്ല സിമ്മെർവാർഡിൽ സമ്മേളിച്ചവരിൽ ഭൂരിപക്ഷവും. അവിടെനിന്നും രാവേറെ ചെന്നപ്പോൾ ഉന്മേഷം പൊയ്‌പ്പോയ അവസ്ഥയിൽ ഇറങ്ങിയ ലെനിൻ വീട്ടിൽ വന്നുകയറുമ്പോൾ മുൻവാതിൽ തുറന്നുകിടന്നിരുന്നു. അത് പതിവുള്ളതല്ല. ഉറക്കം തൂങ്ങി തുടങ്ങുമ്പോൾ ക്രൂപ്സ്കയ വാതിലടച്ച് സാക്ഷനീക്കിയിട്ടേ കിടക്കാറുള്ളൂ. അന്നത് സംഭവിച്ചില്ല.

മനസ്സും ശരീരവും തളർന്ന് ലെനിൻ താമസസ്ഥലത്തെത്തുമ്പോൾ നേരം പുലരാറായിട്ടുണ്ടാകണം. മുട്ടു കേട്ടെങ്കിലും എഴുന്നേറ്റ് വാതിൽ തുറക്കാൻ ക്രൂപ്സ്കയയ്ക്ക് കഴിഞ്ഞില്ല. പലതവണ എണീക്കാനായപ്പെട്ടെങ്കിലും സാധിച്ചില്ല. മനസ്സ് ശരീരത്തിൽ നിന്നും ഏറെ ദൂരത്ത് മാറിനിന്ന് ചിരിക്കുന്നതുപോലെ തോന്നി.
ഇല്ലിച്ചിന്റെ ശബ്ദം ക്രൂപ്സ്കയ കേൾക്കാൻ തുടങ്ങി. തന്റെ പേരാണ് തുടർച്ചയായി വിളിക്കുന്നതെന്നു മനസ്സിലായതോടെ പതുക്കെ എണീറ്റ് ചുമരിൽ പിടിച്ച് മുൻവാതിലിന്റെ അരികെയെത്തി. കൊളുത്തുനീക്കിയതും ദാരിദ്ര്യം എരിച്ചുതീർത്ത ഒരു മെല്ലിച്ച തൊഴിലാളിയുടെ തലയിലെ ചുമട് വീഴുംപോലെ ക്രൂപ്സ്കയ നിലത്തേക്കു വീണു. താങ്ങിപ്പിടിച്ചെഴുന്നേല്പിച്ച ശേഷം ഇല്ലിച്ച് പലതും ചോദിച്ചു. ഒന്നിനും വ്യക്തമായൊരു മറുപടി പറയാൻ ക്രൂപ്സ്കയയ്ക്ക് കഴിഞ്ഞില്ല.

ഇളംചൂടുള്ള വെള്ളം അരണ്ട വെളിച്ചത്തിൽ ചുണ്ടിലേക്ക് പകർന്നുകൊടുത്ത് ഇല്ലിച്ച് പ്രിയപ്പെട്ടവളെ മടിയിൽ കിടത്തി. ചുമരിൽ ചാരിയിരുന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. വളരെ പതുക്കെ മാത്രമേ മറുപടി പറയാൻ ക്രൂപ്സ്കയയ്ക്ക് കഴിഞ്ഞുള്ളൂ.
ബോധാബോധങ്ങൾക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു അപ്പോൾ ക്രൂപ്സ്കയയുടെ മനസ്സ്.
ശബ്ദം കേട്ടിറങ്ങിവന്ന അരീന കുടുംബഡോക്ടറെ ആളയച്ചു വരുത്തി. അപ്പോഴേക്കും നേരം വെട്ടം വീണിരുന്നു. ഡോക്ടർ ലെനിനെ പെട്ടെന്ന് തിരിച്ചറിഞ്ഞു. രോഗവിവരം ചോദിച്ചറിഞ്ഞശേഷം മരുന്നെഴുതി.

ലെനിന്റെ ലേഖനങ്ങളെക്കുറിച്ചും പ്രസംഗത്തെക്കുറിച്ചും ഡോക്ടർ സംസാരിക്കാൻ തുടങ്ങി. ഇതൊട്ടുമിഷ്ടമാകാതെ പുറത്തേക്കുനോക്കിയിരുന്ന ലെനിന്റെ മുഖത്ത് അനിഷ്ടം വലനെയ്യുന്നത് ക്രൂപ്സ്കയ കണ്ടു.
"ഇല്ല ഡോക്ടർ, നിങ്ങൾക്കൊക്കെ സുലഭമായി ലഭിക്കുന്ന ഓക്സിജൻ എനിക്കുമാത്രം കിട്ടുന്നില്ല. ആയാസപ്പെടുമ്പോൾ അകത്തേക്കു പോകുന്ന വായു വേദനയോടെ എവിടെയൊക്കെയോ തടഞ്ഞുനില്ക്കുംപോലെ"
ക്രൂപ്സ്കയയുടെ നെഞ്ചിലമർത്തി, നാഡിമിടിപ്പെണ്ണിതിട്ടം വരുത്തി, ഒരു നിമിഷം കണ്ണുകളടച്ച് ഡോ. റെല കസേരയിലേക്കിരുന്നു.
"അതെ, ഭൂമിയിൽ ആവോളം ശുദ്ധവായു. അതൊരുനിമിഷമില്ലാതായാൽ മനുഷ്യരാശിയുടെ അവസാനകിതപ്പാകും പിന്നെ കേൾക്കേണ്ടി വരുക. അപൂർവ്വം ചില മനുഷ്യർക്ക് അത് പലപ്പോഴും പഴയ സ്ഥിതിയിലാകുകയും ചെയ്യും."

ഡോ. റെലയുടെ വിശദീകരണം അത്ര സന്തോഷത്തോടെയല്ല ലെനിൻ കേട്ടുനിന്നത്. എന്തു പ്രതിവിധി; അതായിരുന്നു അപ്പോൾ അറിയേണ്ടിയിരുന്നത്.
"എന്ത് മരുന്നാണ് വാങ്ങേണ്ടത്?" ലെനിൻ ചോദിച്ചു.
"ഒരു മരുന്നും വേണ്ട. എന്തിനുമേതിനും മരുന്ന് കഴിച്ച് ശീലിപ്പിക്കുന്നതുകൊണ്ടാണ് നമ്മുടെ ശരീരത്തിനുള്ളിൽ ഇരുപത്തിനാലുമണിക്കൂറും ഉണർന്നിരിക്കുന്ന ഡോക്ടറെ നാം കാണാതെ പോകുന്നത്"

പതുക്കെ ക്രൂപ്സ്കയയുടെ കണ്ണുകൾ വിടർത്തി പരിശോധിച്ചശേഷം ഡോ. റെല ലെനിന്റെ തൊട്ടുമുന്നിൽ കിടന്ന കസേരയിൽ വന്നിരുന്നു.
"ക്രൂപ്സ്കയയുടെ ശ്വാസഗതി പഴയപടിയാകും."
ലെനിന്റെ ചുണ്ടിൽ ചെറിയൊരു ചിരി നിറഞ്ഞു. മുഖത്തെ വരിഞ്ഞുമുറുകൽ അവസാനിച്ചതും അപ്പോൾ മാത്രം.

ക്രൂപ്സ്കയയ്ക്ക് മരുന്നൊന്നും കഴിക്കേണ്ടി വന്നില്ല. കിടക്കയ്ക്കരികെയുള്ള ജനാല തുറന്നിട്ട് തലയിണ ചുമരോടുചാരി വച്ചിരിക്കെ ഡോ. റെല ഗ്രാമീണനായ അച്ഛനെക്കുറിച്ച് വാചാലയായി. കൃഷിചെയ്തിരുന്ന സ്ഥലം, അച്ഛന്റെ കഠിനമായ അധ്വാനം, മകളുമായുള്ള രാഷ്ട്രീയസംവാദങ്ങൾ - ഇതൊക്കെ പറഞ്ഞുനിർത്തിയ ശേഷം റെല വൈദ്യശാസ്ത്രരംഗത്തെക്കുറിച്ച്  ചിലതൊക്കെ പറഞ്ഞു. ലെനിൻ ഇതെല്ലാം അത്യാകാംഷയോടെയാണ് കേട്ടിരുന്നത്.

റഷ്യയിൽ പടർന്നുപിടിക്കുന്ന മാരകരോഗങ്ങൾ, മരുന്നിന്റെ ദൗർലഭ്യം, ഔഷധം ലഭിക്കണമെങ്കിൽ മുടക്കേണ്ടിവരുന്ന വലിയ സംഖ്യ, വൈദ്യശാസ്ത്രം അഭ്യസനം നേടിയവരിൽ ഭൂരിപക്ഷത്തിന്റെയും സേവനസന്നദ്ധതയില്ലായ്മ - ഇതൊക്കെയായിരുന്നു ലെനിന് അറിയേണ്ടിയിരുന്നത്. ഇടയ്ക്കിടെ ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ച് സന്ദേഹങ്ങൾ തീർത്തിരുന്ന ഡോ. ബെക്തറേവിനെക്കുറിച്ച് അഭിമാനപൂർവ്വം ലെനിൻ സംസാരിച്ചു.

അന്നു രാത്രിയിൽ വീണ്ടും ശ്വാസതടസ്സം വീർപ്പുമുട്ടിച്ചപ്പോഴാണ് ക്രൂപ്സ്കയ ഉറക്കം ഞെട്ടിയുണർന്നത്. അപ്പോൾ തൊട്ടടുത്ത് ഇല്ലിച്ചിനൊപ്പം ഡോ. ബെക്തറേവുമുണ്ടായിരുന്നു. ക്രൂപ്സ്കയയുടെ കിടക്കയ്ക്കിരുപുറത്തും രണ്ടു മരക്കസേരകളിൽ ഡോ. ബെക്തറേവും ഇല്ലിച്ചും. അവർ ആരോഗ്യത്തെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ‍ഞരമ്പുകളെക്കുറിച്ചു മാത്രമല്ല മനുഷ്യശരീരത്തിലെ ഓരോ പിരിവുകളെക്കുറിച്ചും ഉൾപ്പിരിവുകളെക്കുറിച്ചുമുള്ള ബെക്തറേവിന്റെ അഗാധമായ അറിവ് ആരേയും അത്ഭുതപ്പെടുത്തുന്നതാണ്.
"എന്തുകൊണ്ട് നമുക്കൊക്കെ മതിയാവോളം ശുദ്ധവായു ലഭിക്കുമ്പോൾ ക്രൂപ്സ്കയയ്ക്കു മാത്രം അതു ലഭിക്കുന്നില്ല" ക്ഷോഭത്തോടെ ലെനിൻ ചോദിച്ചു.

ഏറെ നേരം ലെനിനെ നോക്കിയിരുന്നതല്ലാതെ ബെക്തറേവ് മറുപടി പറഞ്ഞില്ല. 

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments