ചിത്രീകരണം: രാജേഷ് ചിറപ്പാട്‌

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 15
ഹുറേ ഹുറേ

ഒരു സഞ്ചി നിറയെ പുസ്തകങ്ങളും മറ്റൊന്നിൽ അടുക്കളവിഭവങ്ങളും. ലെനിൻ രണ്ടും വാങ്ങി മേശമേൽ വച്ചു.
ക്രൂപ്സ്കായ കിതപ്പടക്കാനാവാതെ കസേരയിലിരുന്നു.

'പാരീസ് കമ്മ്യൂണിനെ മുതലാളിവർഗ്ഗം തോല്പിച്ചു. റഷ്യൻ വിപ്ലവത്തെ അങ്ങനെ തോല്പിക്കാൻ അനുവദിക്കരുത്. അതിനുവേണ്ടി നമുക്ക് രഹസ്യമായും പരസ്യമായും പ്രവർത്തിക്കണം...'

പ്രാവ്ദയിലേക്കുള്ള ലേഖനം ലെനിൻ എഴുതി പൂർത്തിയാക്കി ഒരാവർത്തി കൂടി വായിച്ചു നോക്കി. ചില തിരുത്തലുകൾ വരുത്തിയശേഷം ഒരു സ്ത്രീയുടെ കൈയിൽ അതേല്പിച്ചു. കൈകൾ പിന്നിൽ കെട്ടി മുറിയിലൂടെ എരിപൊരിസഞ്ചാരം നടത്തിക്കൊണ്ടിരുന്ന ലെനിനെ ജനാലയിലൂടെ വീട്ടുടമയായ സ്ത്രീ നോക്കിനിന്നു. ഒളിവു ജീവിതവും പലായനവും അവസാനിപ്പിക്കുക. എത്രയും പെട്ടെന്ന് സ്മോൾനിയിലേക്കു പോകുക. ലെനിന്റെ ഈ ആഗ്രഹം കേന്ദ്രകമ്മറ്റി നിരസിച്ച രാത്രിയായിരുന്നു അത്.

ഏതു നേരത്തും വേട്ടയാടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ലെനിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ പ്രിയപ്പെട്ടവർക്കുപോലും സാധിച്ചില്ല. അപകടകരമായതും തിരിച്ചടികൾ പ്രതീക്ഷിക്കേണ്ടതുമായ ഏതു ദുർഘടപാതയിലും സഞ്ചരിക്കാൻ തന്റെ പാദങ്ങൾക്ക് ശക്തിയുണ്ടെന്ന് ലെനിൻ വിശ്വസിച്ചു.

1905- ൽ തുടങ്ങിയ വിപ്ലവാനന്തരദിനങ്ങളിലെ റഷ്യൻ അനുഭവങ്ങൾ ആർക്കും മറക്കാനുമായിരുന്നില്ല. ജനാധിപത്യത്തിലേക്കുള്ള ആദ്യ കുതിപ്പാണിതെന്നും, ചെറിയ പരാജയങ്ങൾ വലിയ വിജയത്തിന്റെ ആദ്യ പതാകയുയരലാണെന്നും ലെനിൻ പറഞ്ഞു.

സാർ ഭരണകൂടം റഷ്യൻ തെരുവുകളെ രക്തസ്നാതമാക്കിയ നാളുകൾ. തൊഴിലാളികളെയും വിപ്ലവകാരികളെയും നാടുവാഴികൾ അടിച്ചമർത്തിക്കൊണ്ടിരുന്ന കാലം. സാർ ഭരണകൂടം ആയുധപ്പുരകൾ തുറന്നിട്ടു. സൈന്യം മാത്രമല്ല വിപ്ലവകാലത്തെ ഭയക്കുന്ന ഓരോരുത്തരും തോക്കും മൂർച്ചയുള്ള കഠാരയുമായി തെരുവിലിറങ്ങി. സ്മോൾനിയിലെയും പരിസരങ്ങളിലെയും വഴികളുടെ ഇരുപുറങ്ങളിൽ രക്തംമുക്കി അവർ ചുവരെഴുത്തു നടത്തി.

ജനീവയിലേക്കുള്ള യാത്ര ലെനിൻ നിശ്ചയിച്ചു. അത് അധികമാരും അറിയാതിരിക്കണമെന്നും.
പാർട്ടിയിലെ ഏറ്റവും അടുപ്പമുള്ള നേതാക്കൾ യാത്രാമാർഗ്ഗത്തെക്കുറിച്ചോ ഇടക്ക് കണ്ടുമുട്ടാൻ നിശ്ചയിച്ചവരെക്കുറിച്ചോ മറ്റാരോടും പറഞ്ഞില്ല. സോഷ്യലിസത്തിലേക്കുള്ള ആദ്യ ചുവടുകളാണ് പരാജിതമായ മുന്നേറ്റശ്രമത്തിലൂടെ തൊഴിലാളികൾ നേടിയതെന്ന ലെനിന്റെ വിലയിരുത്തൽ സഹപ്രവർത്തകരെ ആവേശഭരിതമാക്കിയ ദിവസങ്ങൾ കൂടിയായിരുന്നു അത്.

ജനീവയിൽനിന്ന് പാരീസിലേക്ക് പോകാൻ തീരുമാനിച്ചത് ഒരൊറ്റ രാത്രികൊണ്ടാണ്. ഓരോരോ രാപകലുകളിലും വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലേക്ക് ലെനിൻ സഞ്ചരിച്ചു. ഒളിവിലും തെളിവിലും ഇമയടയ്ക്കാതെ റഷ്യയുടെ ചുവന്ന മുനമ്പുകൾ സ്വപ്നം കണ്ടു. നിലവിളികൾ അമർന്നൊടുങ്ങിയ റഷ്യൻ പാതകളിൽ വിപ്ലവം സംഭവിക്കുന്നതും തൊഴിലാളികളും കർഷകരും അവരുടെ അജയ്യമായ രഥചക്രം ഉരുട്ടി മുന്നേറുന്നതും കാണുമെന്ന് എഴുതി. തന്റെ വാക്കുകളിൽ പുതിയൊരു ദേശപ്പിറവിയുടെ മിന്നായം അനുഭവപ്പെടണമെന്നും ലെനിൻ ആഗ്രഹിച്ചു. പ്രാവ്ദയുടെ ഓരോ താളിലും ഒരു ചുവന്ന പക്ഷിയുടെ ചിറകടി കേട്ടുകൊണ്ടിരുന്ന നാളുകൾ കൂടിയായിരുന്നു അത്.

ഒരു റെസ്റ്റോറന്റിലേക്ക് കയറിച്ചെന്നത് കഠിനമായ വിശപ്പ് തോന്നിയപ്പോഴാണ്. ജനീവ നഗരത്തിൽ ആരും പരിചിതരില്ല എന്ന ആത്മവിശ്വാസത്തോടെയാണ് റെസ്റ്റോറന്റിലെ ഒട്ടും തിരക്കില്ലാത്ത ഭാഗത്തേക്ക് നടന്നത്. തരപ്പെട്ടാൽ അവിടെയിരുന്ന് ഒരു ലേഖനവും തയ്യാറാക്കണമെന്ന് നിശ്ചയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരൊന്നും കാണുന്നുണ്ടായിരുന്നില്ലെന്നത് സൗകര്യമായി കരുതിയ ലെനിൻ ജനാലയ്ക്കരികെയുള്ള കസേരകളിലൊന്നിൽ ചെന്നിരുന്നു.

കാഷയുടെ ഗന്ധം!
എവിടെ നിന്നാണത്?
അത് ഈ റെസ്റ്റോറന്റിന്റെ പാചകമുറിയിൽ നിന്നും വരാനുള്ള സാധ്യത തുലോം കുറവാണ്.

കടുപ്പത്തിലൊരു കാപ്പിയും സാൻവിച്ചും കഴിക്കുക. അതിനിടയിൽ 1905-ലെ റഷ്യൻ വിപ്ലവത്തിന്റെ പാഠങ്ങൾ എന്നൊരു കുറിപ്പു തയ്യാറാക്കാനായി കോട്ടിന്റെ പോക്കറ്റിൽ നിന്നും പേനയെടുത്തു. കടലാസ് നിവർത്തി വച്ചു. വീണ്ടും ആ മനമിളക്കുന്ന മണം. തനിക്കരികിലേക്കു നടന്നു വന്ന വെയിറ്ററെ നോക്കി ലെനിൻ ചിരിച്ചു. ഇരുപതിലേറെ പ്രായം തോന്നിക്കാത്ത പെൺകുട്ടി അന്നൊരുക്കിയിട്ടുള്ള വിശേഷപ്പെട്ട ഭക്ഷണങ്ങളെക്കുറിച്ച് വിശദമാക്കി. ബീഫ് നെയ്യിൽ വറുത്തതുണ്ടെന്നു പറഞ്ഞപ്പോൾ അവളുടെ നാവിലും കൊതിയൂറുന്നതുപോലെ തോന്നി.

"എനിക്ക് മാത്രമായി അതുമുഴുവൻ കഴിക്കാനാവില്ല. നിങ്ങൾകൂടി പങ്കിട്ടു കഴിക്കുമെങ്കിൽ ഒരു പ്ലേറ്റ് ബീഫ് എടുക്കാം. നല്ല കടുപ്പത്തിലൊരു കോഫിയും." ലെനിൻ പറഞ്ഞു.
"അര മണിക്കൂർ കാത്തിരിക്കേണ്ടി വരും", പെൺകുട്ടി.
സമ്മതഭാവത്തിൽ ലെനിൻ തലകുലുക്കി. വന്നതിന്റെ ഇരട്ടിവേഗത്തിൽ അവൾ അകത്തേക്കു പോയി.
'...മർദ്ദനങ്ങളെ നേരിടാൻവേണ്ടി സംഘടനയെ ശക്തിപ്പെടുത്തികൊണ്ടിരിക്കണം. അതിനുവേണ്ടി ഊണും ഉറക്കവും മറന്ന് നമ്മൾ കരുക്കൾ നീക്കിക്കൊണ്ടിരിക്കുകയും വേണം. ഒപ്പം നിയമപരമായി ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യേണ്ടതുണ്ട്. ലക്ഷ്യത്തിലേക്കുള്ള പാത പ്രതീക്ഷിക്കുന്നതുപോലെ ഒട്ടും ലളിതമാവാനിടയില്ല. അടിയന്തര കടമകൾ മറക്കാതെ നാം നമ്മുടെ എതിർനിൽക്കുന്ന വലിയ മതിൽക്കെട്ടിനെ തകർക്കാൻ കഴിയുന്ന ആയുധങ്ങൾ പ്രതിരോധശാലയിൽനിർമ്മിക്കുകയും അവയ്ക്ക് മൂർച്ചകൂട്ടിക്കൊണ്ടിരിക്കുകയും വേണം...'

പ്രാവ്ദയിലേക്കുള്ള ലേഖനം ഇങ്ങനെയാണ് അവസാനിപ്പിച്ചത്. ഓരോ ചുവടും എവിടെ തുടങ്ങണം. എവിടെ വഴിമാറണം, അവസാനിപ്പിക്കണം - ഇങ്ങനെ പാർട്ടിയും പ്രവർത്തകരും ഒളിവിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് കേന്ദ്രകമ്മറ്റിയ്ക്കുള്ള ഹ്രസ്വമല്ലാത്ത ഒരു കത്തും എഴുതി പൂർത്തിയാക്കി. അപ്പോഴാണ് പെൺകുട്ടി ചൂടുപാറുന്ന ഭക്ഷണവുമായി നടന്നുവന്നത്. ലെനിൻ ലേഖനവും കത്തും കവറിലിട്ട് മേൽവിലാസമെഴുതി. ഇത്രനേരം കാത്തിരുത്തേണ്ടി വന്നതിലുളള ക്ഷമാപണത്തോടെ പെൺകുട്ടി ഭക്ഷണം വിളമ്പി.

"നിങ്ങൾകൂടി ഇരിക്കൂ. എനിക്ക് ഒറ്റയ്ക്ക് ഭക്ഷണം കഴിയ്ക്കുന്നതിനെക്കാൾ ഇഷ്ടം ഒരാൾകൂടി അടുത്തുണ്ടാകുന്നതാണ്", ലെനിൻ.
എതിരൊന്നും പറയാതെ രണ്ടുപാത്രങ്ങളിൽ ഭക്ഷണം വിളമ്പിയശേഷം പെൺകുട്ടി കോഫി ലെനിന് മുന്നിലേക്ക് നീക്കിവച്ചു.
"ഇതു ഞാൻ തന്നെ പാകം ചെയ്തതാണ്" പെൺകുട്ടി അഭിമാനത്തോടെ പറഞ്ഞു.
"ഓ, ഞങ്ങളുടെ റഷ്യൻ പാചകത്തെ തോല്പിക്കുന്നതാണ് ഈ ജനീവിയൻ രുചി", ലെനിൻ അഭിനന്ദിച്ചു.

ഭക്ഷണസ്വാദിനെ പ്രകീർത്തിച്ച ലെനിന്റെ പ്ലേറ്റിലേക്ക് സോസ് ഒഴിച്ചുകൊടുക്കുന്നതിനിടയിൽ പെൺകുട്ടി ചോദിച്ചു: "റഷ്യയിൽ നിന്നും ഞങ്ങളുടെ രാജ്യം കാണാനിറങ്ങിയതാണോ താങ്കൾ, അതോ...?"
ലെനിൻ ചിരിച്ചു, "അതെ, പുതിയ സ്ഥലങ്ങൾ, മനുഷ്യർ, ജീവിതം.."

ലെനിന്റെ മുഖത്തേക്ക് അവൾ നോക്കിയിരുന്നു. കാഷകൂട്ടിനെക്കുറിച്ച് ലെനിൻ അവളോടു പറഞ്ഞു. സാവകാശമുണ്ടായിരുന്നെങ്കിൽ ആ കൂട്ടൊന്നു പരീക്ഷിക്കുമായിരുന്നെന്നു പറഞ്ഞ് അവൾ ഭക്ഷണത്തിൽ പങ്കുചേർന്നു.

നല്ല ഡിസ്ക്കൗണ്ട് നൽകിയാണ് ബില്ല് എഴുതിയത്. ബാക്കി നല്കിയ പണം ലെനിൻ നിർബ്ബന്ധിച്ച് അവളുടെ കൈകളിൽ വച്ചുകൊടുത്തു. ആദ്യം അതുവാങ്ങാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ച പെൺകുട്ടിയോട് ലെനിൻ സ്നേഹപൂർവ്വം പറഞ്ഞു: "ഇതു വാങ്ങണം. എന്റെ സന്തോഷത്തിനുവേണ്ടി"

റെസ്റ്റോറന്റിൽ നിന്ന് പുറത്തേക്കിറങ്ങി തപാൽ പെട്ടിയ്ക്കരികിലേക്കു നടക്കുമ്പോഴാണ് ലെനിൻ അവളോട് പേരോ മറ്റു വിവരങ്ങളോ ചോദിച്ചില്ലെന്ന് ഓർത്തത്.
അപരിചിതമായ ഒരു നാട്ടിൽ വന്ന് ഒളിവിൽ പാർക്കുമ്പോൾ അങ്ങനെയൊക്കെ ചോദിക്കുന്നതിൽ ചില അപകടങ്ങളുണ്ട്. അങ്ങോട്ട് വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചാൽ അവൾ തിരിച്ചും അതൊക്കെ ചോദിക്കും. താൻ ആരാണെന്നും എന്താണ് യാത്രയുടെ യഥാർത്ഥ ലക്ഷ്യമെന്നുമൊക്കെ ആരോടും വിശദീകരിക്കാനാവില്ല. ഏതു നിമിഷവും എവിടേയും തന്നെ തേടിനടക്കുന്ന റഷ്യൻ രഹസ്യപോലീസ് പ്രത്യക്ഷപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളൊക്കെ നിലയ്ക്കും. റഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സാർവിരുദ്ധ കലാപങ്ങളുടെയൊക്കെ ആണിക്കല്ല് ലെനിനാണെന്ന് കൊട്ടാരമതിലകമാകെ സംസാരമുണ്ട്.

പ്രോലെട്ടറിയുടെ മേൽവിലാസമെഴുതിയ കവർ തപാൽപ്പെട്ടിയിലിട്ടശേഷം ലെനിൻ പുറത്തേക്കിറങ്ങി. ഇന്നൊരുപക്ഷേ മുറിയിലെത്തുമ്പോൾ ക്രൂപ്സ്കായയുടെ എഴുത്ത് വന്നിട്ടുണ്ടാകും. സ്മോൾനിയിലേയും ചുറ്റുവട്ടത്തെയുമൊക്കെ ഓരോ നീക്കവും വിശദമായി എഴുതിയിട്ടുണ്ടാകും. ലുനച്ചാർക്സിയുടെ കത്തിൽ പോലീസിന്റെ തേർവാഴ്ചയെക്കുറിച്ച് ഭയപ്പെടുത്തുന്ന വിവരങ്ങളാണുണ്ടായിരുന്നത്. ഒറ്റയ്ക്കും തെറ്റയ്ക്കും പിടിച്ചുകൊണ്ടുപോകുന്ന ബോൾഷെവിക്കുകളെ അതിക്രൂരമായാണ് പോലീസ് കൈകാര്യം ചെയ്യുന്നത്.

ലെനിൻ പ്രധാനനഗരം വിട്ടുള്ള തെരുവിലെ വാടകമുറിയിലേക്ക് നടന്നു.

അഭിസംബോധനയൊന്നുമില്ലാതെ ഒരു കവിതയിൽ തുടങ്ങുന്നതായിരുന്നു ക്രൂപ്സ്കായയുടെ കത്ത്. പിങ്ക്നിറമുള്ള മഷികൊണ്ടാണ് ട്രോട്ക്സി എഴുതിയിട്ടുള്ളത്. ഒരക്ഷരംപോലും വെട്ടിത്തിരുത്താതെ, ഒരിടത്തുപോലും ഒഴുക്കു നഷ്ടപ്പെടാതെ...
'....എത്തിച്ചേർന്നു ആഹ്ലാദകരമായ മെയ് ഒന്ന്.
ഒരു ദുഃഖവും അതിന്റെ പാതയിൽ തടസ്സമുണ്ടാകാതിരിക്കട്ടെ
പാട്ടുകൾ മാറ്റൊലി കൊള്ളട്ടെ,
ഉറക്കെ, ഉല്ലാസമായ് പാടാം -
നമുക്ക് ആഹ്ലാദകരമായൊരു സമരമുണ്ടാകും
താമസംവിനാ പോലീസ് എത്തിച്ചേരും
അവർ നമ്മെ ജയിലഴികൾക്കുള്ളിലിടും
പോലീസ് തുലയട്ടെ; അത് മാത്രം നാം പറയും
നമ്മുടെ മെയ്ദിനത്തെ ധീരമായി ആഹ്ലാദത്തോടെ വരവേല്ക്കാം
ഹുറേ, ഹുറേ!
ആഹ്ലാദകരമായ മേയ്ക്കുവേണ്ടി...'

ലെനിൻ പുറത്തെ നിഴലനക്കം നോക്കിയിരുന്നു.
പല രാത്രികളിലും ക്ഷീണം തൂങ്ങുന്ന കണ്ണുകളുമായ് ക്രൂപ്സ്കായയും സ്നേഹിതരും പാടാറുള്ള ഈ പാട്ട് രണ്ടു ഭാഷകളിൽ കേട്ടിട്ടുള്ളതാണ്. റഷ്യൻ ഭാഷയിൽ ഒരീണം. പൊളീഷിൽ മറ്റൊന്ന്. അതു കേൾക്കുന്നതോടെ മനസ്സ് ഉന്മേഷഭരിതമാകും. അന്നത്തെ പകലിന്റെ ആയാസമെല്ലാം മറക്കും. അടുത്ത പ്രഭാതം അരുണാഭമായി പുലരുന്നപോലെ തോന്നും.

വ്ലാദിമിറെന്നും, ഇല്ലിച്ചെന്നുമുള്ള ക്രൂപ്സ്കായയുടെ നേർത്ത ശബ്ദത്തിലുള്ള വിളി അശരീരിയായി.

ഇരുട്ടുപടർന്ന പുറത്തെ മൈതാനത്ത് തണുപ്പൻനേരത്തെ ചൂടുപിടിപ്പിക്കുന്ന കളികളിൽ ഏർപ്പെട്ടിരുന്ന കുട്ടികൾ പിരിയുകയാണ്. അവരിൽ ചെറിയ മുടന്തുള്ള കുട്ടിയെതന്നെ ലെനിൻ നോക്കി. അവൻ മറ്റുള്ള മുതിർന്ന കുട്ടികളുമായി സംസാരിക്കുമ്പോൾ ഇടയ്ക്കിടെ വിക്കുന്നുണ്ട്. കുട്ടിക്കാലത്തെയും വീടിനെയും മക്കാ എന്ന പുരോഹിതനെയുമൊക്കെ ഓർത്തു കിടക്കെ മയക്കം വന്നു വിളിച്ചത് അറിഞ്ഞില്ല.

തണുപ്പ് അസഹ്യമായ ദിവസമായിരുന്നു അത്.

ഏറെനേരമായിട്ടും ക്രൂപ്സ്കായ മടങ്ങിവന്നില്ല. ചില രഹസ്യയോഗങ്ങൾക്കുശേഷം അന്ന് സാധനങ്ങൾ വാങ്ങി വീടെത്തുമ്പോഴേക്കും വൈകുമെന്ന് രാവിലെ പറഞ്ഞിരുന്നതാണ്.

മാർക്സിം ഗോർക്കിക്കും ട്രോട്സ്കിയ്ക്കും കത്തെഴുതണമെന്ന് തോന്നിയതോടെ കടലാസും പേനയുമെടുത്തു. എഴുതാൻ കഴിയുന്നില്ല. പ്രോലെട്ടറി ജനീവയിൽനിന്നും റഷ്യയിലേക്കെത്തിക്കുന്നതെങ്ങനെയെന്ന ചിന്ത മനസ്സാകെ കലുഷമാക്കിയിരിക്കുന്നു. ചില പുസ്തകങ്ങൾ മറിച്ചുനോക്കി. ഇല്ല; മനസ്സ് എവിടേയും ഉറച്ചുനില്ക്കുന്നില്ല.

ലെനിൻ തെരുവിലേക്കിറങ്ങി.
ചില കാലൊച്ചകൾ നിരന്തരം പിന്തുടരുന്നതായും അവയിൽ ചിലത് തനിക്ക് പരിചിതമാണെന്നും തോന്നി. പാർട്ടിയിൽ കടന്നുകൂടിയിട്ടുള്ള ചില ചാരന്മാർ വേഷത്തിൽ ഒട്ടും വ്യത്യസ്തരല്ല. അവരുടെ ഓരോ നീക്കവും പാർട്ടി രഹസ്യങ്ങൾ ചോർത്തുന്നതിനാണെന്ന് ഗോർക്കിക്കെഴുതിയതും ട്രോട്സ്കി അതു ശരിവച്ചതും ഓർമ്മയിലെത്തി.

മുറിയിലേക്കു നടക്കുമ്പോൾ അയൽതാമസക്കാരിയായ പരിചിത അഭിവാദ്യം ചെയ്ത് കടന്നുപോയി. വാതിൽ തുറന്ന് അകത്തുകയറിയ ലെനിൻ നേരത്തെ നിവർത്തിവച്ച കടലാസിൽ എഴുതാൻ തുടങ്ങി:
'... പ്രിയപ്പെട്ട ഗോർക്കിയ്ക്ക്,
ബോഗ്ദനോവ് ഇമ്പിരിയോ മോണിസത്തിന്റെ മൂന്നാംഭാഗം ജയിലിൽ വച്ചാണ് എഴുതിയതെന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ മാർക്സിസ്റ്റ് ഇതര സമീപനമാണ് കാണാനായത്. അദ്ദേഹത്തിന്റെ 'സ്റ്റഡീസ് ഇൻ ദ ഫിലോസഫി ഓഫ് മാർക്സിസ'ത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അതും ബോഗ്ദനോവിനെ അറിയിച്ചിട്ടുണ്ട്.'

കത്ത് മടക്കിവച്ചു. ഏറെ പരിചിതമായ കാലൊച്ചകേട്ട് വാതിലിലേക്ക് നടന്നു. ഇരു കൈകളിലും ഭാരം തൂങ്ങുന്ന സഞ്ചികളുമായി ക്രൂപ്സ്കായ. അവർ പടവുകൾ കയറി.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments