ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 19
റൈറ്റേഴ്സ് ബ്ലോക്ക്

“അതെ, ഞാൻ നോവലെഴുത്ത് അവസാനിപ്പിക്കുന്നില്ല”, ക്രിസ്റ്റഫർ.
ഇറീന രണ്ടു ഗ്ലാസുകളിൽ ഒന്നിൽമാത്രം വൈൻ പകർന്നു.

വർഷത്തെ ശീതകാലം അതികഠിനമായിരുന്നു. പല്ലുകൾ കൂട്ടിമുട്ടുന്ന ശബ്ദം പരസ്പരം കേൾക്കാം. കമ്പിളിവസ്ത്രങ്ങൾക്കുള്ളിൽ കിടന്ന് വിറയ്ക്കുന്ന കാമനോവിനെ നോക്കി ലെനിൻ ചിരിച്ചു. ഈ തണുപ്പിനെ അതിജീവിക്കാനാവാത്ത കാമനോവിനെ റഷ്യയിലേക്കയച്ചാൽ വിചാരിക്കുന്നതുപോലെ വിചാരിക്കുന്ന സമയത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് ഇടപെടാനാകുമോ?

പ്രാവ്ദയുടെ മുന്നോട്ടുപോക്ക് തടസപ്പെടുന്ന സ്ഥിതിയാണ്. ദൂമ ഗ്രൂപ്പിന് കൃത്യസമയത്ത് നിർദ്ദേശങ്ങൾ നല്കാൻ കഴിയണം. അവിടെ ആരെയും നിയോഗിക്കാനായിട്ടില്ല. രഹസ്യപ്പോലീസിന്റെ നോട്ടത്തിൽനിന്നും രക്ഷപെട്ട് ആരുടെയും കണ്ണിൽപ്പെടാതെ കാമനോവിനെ റഷ്യവരെയെത്തിക്കാൻ കഴിയും. ശേഷം കാമനോവ് എല്ലാ പ്രതിസന്ധികളെയും പ്രതിരോധങ്ങളെയും അതിജീവിച്ച് അവിടെ പിടിച്ചുനില്ക്കുമോ? ലെനിന് സംശയമുണ്ടായിരുന്നു.

ഇത്രയും വായിച്ചുകഴിഞ്ഞ് ഡോ. ഇറീന രണ്ടു ഗ്ലാസുകളിലേക്ക് ചുവന്ന വൈൻ പകർന്നു. ക്രിസ്റ്റഫർ ഇറീനയുടെ പ്രതികരണമെന്തെന്നറിയാൻ ആകാംക്ഷാപൂർവം നോക്കിയിരിക്കുകയാണ്. പ്രസാധകന്റെ സമ്മർദ്ദത്തിനുമുന്നിൽ വീണ്ടും വീണ്ടും വഴങ്ങി കൊടുക്കേണ്ടതില്ല. നോവലെഴുത്തു തന്നെക്കൊണ്ടാവതുള്ള പണിയല്ലെന്നും വാങ്ങിയ അഡ്വാൻസ് മറ്റൊരു ചരിത്രപുസ്തകമെഴുതി വീട്ടാമെന്നുമൊക്കെ തൊട്ടടുത്ത ദിവസം രേഖാമൂലമെഴുതണമെന്നും ക്രിസ്റ്റഫർ ഉറപ്പിച്ച ദിവസമായിരുന്നു അത്.

വേണ്ട, ക്രിസ്റ്റഫർ വേണ്ട. നിങ്ങൾ നോവലെഴുത്തിൽ നിന്ന് പിന്മാറരുത്. ഞാൻ വായിച്ച ഇതുവരെയുള്ള അദ്ധ്യായങ്ങൾ; അവ ഓരോന്നും വ്ലാദിമിർ ഇല്ലിച്ച് ഉല്യനോവ് ലെനിന്റെ ജീവിതത്തിലെ പകർന്നാട്ടങ്ങളാണ്. ലംബമോ തിരശ്ചീനമോ എന്നു വേർതിരിക്കാനാവാതെ വായനക്കാരെ നൂറുവർഷങ്ങൾക്കപ്പുറത്തേക്ക് തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുന്നതാണ് നോവലിലെ ഇത്രയും അദ്ധ്യായങ്ങൾ.

പലതവണ നിലച്ചുപോകുകയും തുടർന്ന് പ്രസാധകന്റെ നിർബ്ബന്ധത്തിന്റെയും ഇറീനയുടെ സ്നേഹപൂർവ്വമുള്ള പ്രോത്സാഹനത്തിന്റെയും ഫലമാണ് ഇതുവരെയുള്ള അദ്ധ്യായങ്ങൾ. ലെനിന്റെ വോൾഗാതീരത്തെ ജനനം; കരുതൽപ്രവാഹങ്ങളായ അച്ഛനും അമ്മയും, സഹോദരനായ സാഷയെ തൂക്കിക്കൊന്ന സാർ ഭരണകൂടം - ഇങ്ങനെ ചരിത്രചാക്രികതയെ പിന്തുടർന്ന് ലെനിന്റെ ജീവിതം പറയാനുള്ള ക്രിസ്റ്റഫറിന്റെ ശ്രമത്തോട് ഇറീന ആദ്യം മുതൽ യോജിച്ചിരുന്നില്ല.

ഇതൊക്കെ ഇല്ലിച്ചിന്റെ ജീവിതപ്പടർപ്പുകൾ. പല ഭാഷകളിൽ പുകഴ്ത്തിയും ഇകഴ്ത്തിയും വന്നിട്ടുള്ളവയാണവ. നോവലിന്റെ ആദ്യ അദ്ധ്യായങ്ങളിലൊന്നിൽ കടന്നുവന്ന മക്കാ എന്ന കഥാപാത്രം, ഡോ. ബെക്തറേവ് അങ്ങനെ നൂറുകണക്കിന് മനുഷ്യരിലൂടെയും ചരിത്രസന്ധികളിലൂടെയും കടന്നുപോകേണ്ടതാണ് നോവലിന്റെ ശിഷ്ടഭാഗമെന്ന് ഇറീന വ്യക്തമാക്കിയതോടെ ക്രിസ്റ്റഫർ റീഡിന്റെ മനസ്സൊട്ട് ശാന്തമായി.

ചെറുകഥയിൽ പറഞ്ഞുതീർക്കാനാവാത്ത നോവുകൾ ഒരെഴുത്തുകാരന്റെ / എഴുത്തുകാരിയുടെ മനസ്സിൽ കടന്നൽക്കൂടു കെട്ടുമ്പോഴാണോ നോവൽ പിറവികൊള്ളുന്നത്? ഓരോ ബീജവും അണ്ഡവും സംയോജിക്കുന്നതിലൂടെ പുതിയൊരു ജീവന്റെ തുടിപ്പ് സൃഷ്ടിയെടുക്കുന്നതുപോലെ യാണോ ആ മുഹൂർത്തവും?

ജപ്പാൻകാരിയായ മുറസാക്കി ഷിക്കിബുവാണ് ലോകത്ത് ആദ്യമായി നോവലെഴുത്തു തുടങ്ങിയതെന്ന് ചരിത്രം.

പതിനൊന്നാം നൂറ്റാണ്ടിലാണത്, 'Tale of Genju'

ജെഞ്ചുവിൽ ചക്രവർത്തിയാണ് മുഖ്യ കഥാപാത്രം. യുദ്ധപ്പോരാളികളുടെ ജീവിതവും അനുഭവവുമാണ് അതിലുള്ളത്. ജപ്പാൻ ഭാഷയിലെ പ്രസിദ്ധ കവി മുറസാക്കിയുടെ നോവൽ കാവ്യബന്ധുരവും ക്ലിഷ്ടവിവരണങ്ങളുമുള്ളതാണെന്നതിനാൽ അത് സാധാരണ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. അക്കിക്കോ യൊസാനോ ജാപ്പനീസ് ഭാഷയിൽ സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന വിധം നോവൽ മാറ്റിയെഴുതിയതോടെ മുറസാക്കി ഷിക്കിബു ജപ്പാൻ സാഹിത്യത്തിൽ മാത്രമല്ല നോവൽ ചരിത്രത്തിലെ കടിഞ്ഞൂൽ പിറപ്പായി രേഖപ്പെടുത്തപ്പെട്ടു. ഇറീനയ്ക്കു മുന്നിലിരുന്ന് ആ സംഭാഷണം കേട്ട ക്രിസ്റ്റഫർ മറ്റൊരു ചരിത്രയാത്രയിലേക്ക് മനസ്സിനെ മേയാൻ വിട്ടു.

"ക്രിസ്റ്റഫർ, ഞാനൊരെഴുത്തുകാരിയല്ല. അതുകൊണ്ടുതന്നെ നിന്റെ ഉൾത്തിര മായ്ക്കാനുള്ള കഴിവും എനിക്കില്ല. നിങ്ങൾ എഴുത്തുകാർ സ്വയം എരിഞ്ഞാണെങ്കിലും മനസ്സിന്റെ ഞെരിപിരികൊള്ളലിനെ താല്ക്കാലികമായെങ്കിലും കടലാസിലേക്കു പകർന്ന് ദുഃഖമോചിതരാകാൻ കഴിവുള്ളവരാണ്. ദൈവം അസാധാരണമായ ചില പരാഗങ്ങൾ നിങ്ങളുടെ ശിരസ്സിൻ മേൽ ചൊരിഞ്ഞിട്ടുണ്ട്."

സിഗരറ്റിന്റെ ചാരം ആസ്ട്രേയ്ക്ക് പുറത്തുവീഴുന്നത് ക്രിസ്റ്റഫർ ശ്രദ്ധിക്കുന്നണ്ടായിരുന്നില്ല.

‘‘…അനാദിയായ വേദനയോ മനസ്സിന്റെ ആഴച്ചുഴിയിലെ നീറിപ്പിടിക്കലോ ആയിരുന്നില്ല ഈ നോവലെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. പ്രസാധകന്റെ പ്രലോഭനീയമായ വാഗ്ദാനത്തിനു മുന്നിൽ ഞാൻ കൈയൊപ്പുചാർത്തുകയായിരുന്നു. എന്റെ സുഹൃത്തിന്റെ മുഖം; അവൻ വിവാഹം കഴിച്ച എന്റെ സഹോദരിയുടെ നനവുതൂവിയ കണ്ണുകൾ; അവരുടെ മൂന്നു പെൺമക്കൾ - ഇവരുടെയൊക്കെ സാമീപ്യം എനിക്ക് എന്തിലും വലുതാണ്. അവരുടെ സങ്കടങ്ങളിൽ നിന്നുമൊഴിഞ്ഞുമാറി ഏതു തുരുത്തിലൊളിച്ചാലാണ് എനിക്ക് സ്വസ്ഥത ലഭിക്കുക?"
ക്രിസ്റ്റഫർ തൊണ്ടയിടറി സംസാരിച്ചപ്പോൾ വൈൻഗ്ലാസ് ഇറീന വീണ്ടും നിറച്ചു.

...ഒരു കഥ, അച്ഛൻ പറഞ്ഞുകേട്ട, പലതവണ കേട്ട് കാണാപാഠമായ ആ കഥ ഡോ. ഇറീന പറയാൻ തുടങ്ങി. ഒരു പക്ഷേ, കഴിഞ്ഞ വർഷങ്ങളിൽ എപ്പോഴെങ്കിലും ഈ കഥ ഏതെങ്കിലുമൊരു സന്ദർഭത്തിൽ താൻ പറഞ്ഞിട്ടുണ്ടാകുമെന്ന ക്ഷമാപണത്തോടെയാണ് ഇറീന കഥയിലേക്ക് പ്രവേശിച്ചത്.

സെന്റ്പീറ്റേഴ്സ്ബർഗിലെ തെരുവുകളിൽ ഒക്ടോബർവിപ്ലവത്തിന്റെ ചൂടുതിളച്ച രാത്രികളിലൊന്നിൽ ഒരു ചെരുപ്പുകുത്തി പ്രത്യക്ഷനായി. അയാൾക്ക് കാൾ മാർക്സിന്റെ മുഖഛായയായിരുന്നു. വിപ്ലവത്തിന്റെയും വിപ്ലവം അമർച്ച ചെയ്യുന്നതിന്റെയും മൂർച്ച തറഞ്ഞ ബൂട്ടിന്റെ ശബ്ദം നഗരത്തിലെ ചെറുതും വലുതുമായ ഓരോ വഴിയിലും പ്രകമ്പനമുണ്ടാക്കി കടന്നു പൊയ്ക്കൊണ്ടിരുന്ന ദിനരാത്രങ്ങൾ.

ഒരു രാത്രി പ്രച്ഛന്നവേഷധാരിയായ ലെനിനും ലുനച്ചാർസ്കിയും നടക്കാനിറങ്ങി. കുറേനേരം രണ്ടുപേരും പരസ്പരം സംസാരിച്ചില്ല. ഇടയ്ക്ക് തോളോടുതോൾ മുട്ടുകയും ചെറുതായൊന്ന് ചിരിച്ച് അകന്നുമാറി നടക്കുകയും ചെയ്യുകയായിരുന്നു അവർ. അതിനിടയിൽ മാർക്സിന്റെ മുഖഛായയുള്ള മനുഷ്യനെ വളരെ പഴക്കമുള്ള തെരുവോരക്കെട്ടിടത്തിന്റെ പടവുകളിലൊന്നിൽ ആദ്യം കണ്ടത് ലുനച്ചാർസ്കിയാണ്. ഏറെ ദൂരം മുന്നിലേക്ക് കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ടുനടന്ന ലെനിൻ തിരിച്ചുവന്ന് ലുനച്ചാർസ്കിയുമായി സംസാരിക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചു.

നഗരം മുഴുവൻ വിറകൊണ്ടുനില്ക്കുന്ന രാത്രിയിൽ എങ്ങനെയാണ് ഇത്ര ശ്രദ്ധയോടെ, മറ്റൊന്നും ഭയപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യാതെ തുകലിൽ സൂചി കയറ്റി തുന്നുന്നതെന്നും, ഇട്ടുതേഞ്ഞ ചെരുപ്പുകളും ഷൂസും തയ്ചുമുറുക്കുന്നതെന്നും ചോദിച്ചത് ലുനച്ചാർസ്കിയാണ്. ചെരുപ്പുകുത്തി ഇത് ജീവിതനിയോഗമെന്ന മട്ടിൽ സൂചിയിലേക്ക് മറ്റൊരു നിറമുള്ള നൂൽ കയറ്റി അതേ നിറമുള്ള ഷൂസെടുത്തു മുന്നിൽവച്ച് സംസാരിച്ചു തുടങ്ങി.

…വീട്ടിൽ എത്ര രാത്രിയാണെങ്കിലും റൊട്ടിയും ഉരുളക്കിഴങ്ങുമായി ഞാൻ തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ചിരിക്കുന്നത് ഒന്നോ രണ്ടോ പേരല്ല. പതിനൊന്നു വിശന്നുറങ്ങിയ വയറുകളും പരിക്ഷീണമായ ഇരുപത്തിരണ്ടു കണ്ണുകളുമാണ്.

അതുകൊണ്ടുതന്നെ ഈ നഗരവെറികൾ എന്നെ ഒട്ടും അലട്ടുന്നതല്ല.

ലെനിൻ ഷൂസ് അഴിച്ച് അയാളുടെ മുന്നിൽവച്ചു.

"ഇതൊക്കെ തച്ച് പോളീഷ് ചെയ്ത് വയ്ക്ക്. നിങ്ങൾക്ക് ഞാൻ നാലു കോപ്പക്ക് തരാം."

ചെരുപ്പുകുത്തി ഒട്ടും പഴക്കമില്ലാത്ത ലെനിന്റെ ഷൂസ് തിരിച്ചും മറിച്ചും നോക്കി.

"ഇതിന്റെ തുന്നലഴിയുകയോ മിനുക്കം കെടുകയോ ചെയ്തിട്ടില്ലല്ലോ?"

ലുനച്ചാർസ്കിയും ലെനിനും നോക്കി നില്ക്കെ ചെരുപ്പുകുത്തി ബ്രഷോടിച്ച് ഷൂസിലെ പൊടി തുടച്ചു.

"അധികമൊന്നും ഇതിൽ ചെയ്യേണ്ടതില്ല" ചെരുപ്പുകുത്തി പറഞ്ഞു. ലെനിൻ നല്കിയ നാലു കോപ്പക്ക് തിരിച്ചുംമറിച്ചും നോക്കിയശേഷം അയാൾ ഒരു കോപ്പക്ക് പോക്കറ്റിലിട്ട് മൂന്നു കോപ്പക്ക് തിരിച്ചു നീട്ടി. അതുവാങ്ങാതെ നടന്നകന്ന ലെനിനെയും ലുനച്ചാർസ്കിയെയും തുന്നൽക്കാരൻ കൈകൊട്ടി വിളിച്ചു. അവരത് കേട്ടില്ലെന്ന മട്ടിൽ നടക്കുന്നതുനോക്കി ചെറുകെ ചിരിച്ചുകൊണ്ട് തുന്നൽക്കാരൻ പറഞ്ഞു: "വല്ല ഭൂപ്രഭുക്കളുമായിരിക്കും!"

എന്തെങ്കിലും ഗുണപാഠം ഈ കഥയിൽനിന്നും ക്രിസ്റ്റഫറിന് ലഭിക്കുമെന്ന് ഡോ. ഇറീനയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. എങ്കിലും നോവൽരചനയിലേക്ക് അയാളെ തിരിച്ചുകൊണ്ടുവരാൻ തനിക്കു മാത്രമേ സാധിക്കൂ എന്ന് ഇറീനയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു.

ചില മനുഷ്യർ അടുക്കുകയും അകലുകയും ചെയ്യുന്നത് മനഃപൂർവ്വം നിശ്ചയിച്ചുറപ്പിക്കുന്നതുകൊണ്ടൊന്നുമല്ല. അതങ്ങ് സംഭവിച്ചുപോകുന്നതാണ്. ക്രിസ്റ്റഫറും താനും തമ്മിൽ ഈ നിമിഷം വരെ കിടക്ക പങ്കിട്ടിട്ടില്ല. അതേ സമയം ഒരേ മുറിയിൽ ഒരേ വാഹനത്തിൽ, ഒരേ വിജനപാതയിൽ ദിവസങ്ങളോളം ചെലവഴിച്ചിട്ടുണ്ട്. തണുപ്പിൽ ഒരു ആൺചൂട് താൻ കൊതിച്ചുപോയ നിമിഷങ്ങളുണ്ട്. അതെക്കുറിച്ചൊരിക്കൽ പറഞ്ഞപ്പോൾ ക്രിസ്റ്റഫർ ചിരിയോടെ തന്റെ കണ്ണുകളിലേക്ക് നോക്കി:

"രണ്ടുപേർക്കിടയിൽ രതി സംഭവിക്കാതെ ജന്മാന്തരസൗഹൃദമുണ്ടാകാം. ഒരാളുടെ ശരീരവും അതിന്റെ തരംഗങ്ങളുമൊക്കെ മറ്റൊരാളുടെ സാന്നിദ്ധ്യം കൊണ്ട് ശാന്തവുമായേക്കാം." ക്രിസ്റ്റഫർ ആത്മാവിനോടെന്നപോലെയാണ് അപ്പോൾ സംസാരിച്ചത്.

എന്തും പറയാം, ഏത് എരിപൊരിസഞ്ചാരത്തിനിടയിലും ഒന്നു മുട്ടിവിളിക്കുക പോലും ചെയ്യാതെ മുറിയിലേക്ക് കയറിച്ചെല്ലാം - ഇങ്ങനെ ഏറെ വർഷങ്ങളായി ഡോ. ഇറീനയും ക്രിസ്റ്റഫറും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ച സുഹൃത്തുക്കളാണ്. ലെനിന്റെ ജീവചരിത്രരചനയുടെ കാലത്തു തുടങ്ങിയതാണ് ഈ സൗഹൃദക്കൂട്ട്.

"അല്ല; എന്തിനാണ് ആ ചെരുപ്പുകുത്തിയുടെ കഥ ഇറീന പറഞ്ഞത്?" ക്രിസ്റ്റഫർ

"അതെ, അതുതന്നെയാണ് ഞാനും ആലോചിക്കുന്നത്. എന്തിനാണ് ഞാൻ ആ കഥ പറഞ്ഞത്. ആ ചെരുപ്പുകുത്തിയെ രാത്രി ലെനിനും ലുനച്ചാർസ്കിയും കാണുകയുണ്ടായി. കുടുംബത്തെ പോറ്റുന്നതിനു വേണ്ടിയുള്ള അയാളുടെ പ്രയത്നം ലെനിന്റെ മനസ്സിൽ മതിപ്പു സൃഷ്ടിച്ചു എന്നതിനപ്പുറം യാതൊരു പ്രാധാന്യവും ആ കഥയ്ക്കില്ല.

- പക്ഷേ ചില കഥകൾ നമ്മെ ഏറ്റവും വിചിത്രമായതും, ആകസ്മിക പരിസമാപ്തിയുള്ളതുമായ മറ്റൊരു കഥയിലേക്ക് ചൂണ്ടിയെറിയും. അത്രമാത്രമേ ആ കഥകൊണ്ട് ഞാൻ ഉദ്ദേശിച്ചുള്ളൂ.”

നിശ്ശബ്ദത ഉച്ചയിലെത്തുന്നതുവരെ ഡോ. ഇറീനയും ക്രിസ്റ്റഫറും ഉരിയാട്ടമില്ലാതെ വെറുതെ നടന്നു. പ്രിയസ്നേഹിതനെ റൈറ്റേഴ്സ് ബ്ലോക്കിൽനിന്നും കരകയറ്റാനുള്ള ഉപായങ്ങൾ മനഃശാസ്ത്രപരമായി പ്രയോഗിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന് ഇറീനയ്ക്ക് തോന്നി. അതൊന്നുംകൊണ്ട് ക്രിസ്റ്റഫറിന്റെ മനസ്സിലെ ഉൾച്ചുഴികളെ പിരിമുറുക്കത്തിൽനിന്നും രക്ഷിക്കാനായില്ല. വൈകാരികമായ ചേർത്തുനിർത്തൽ മാത്രമാണ് അതിനു പോംവഴിയായുള്ളതെന്നും ഇറീനയ്ക്ക് മനസ്സിലായിരുന്നു.

"ക്രിസ്റ്റഫർ, പ്രിയപ്പെട്ട കൂട്ടുകാരന്റെ ജീവൻ രക്ഷിക്കണ്ടേ? നിങ്ങളുടെ ഉറ്റ ചങ്ങാതിയായതുകൊണ്ടാണ് സോഫിയ അയാളെ വിവാഹം കഴിച്ചത്. അവളുടെ കുട്ടികൾ. എല്ലാവരുടെയും പ്രതീക്ഷ ക്രിസ്റ്റഫറിൽ മാത്രമാണ്. നിങ്ങളുടെ വാക്കുകളിൽ മാത്രമാണ്” ഡോ. ഇറീന പറഞ്ഞു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments