ചിത്രീകരണം: രാജേഷ് ചിറപ്പാട്‌

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 14
തിളക്കമുള്ള കണ്ണുകൾ

പാവേൽ അച്ഛന്റെ വാക്കുകൾ ഓർത്തെടുത്തശേഷം മിണ്ടാതിരുന്നു. പതുക്കെ നടന്ന് ലെനിനൊപ്പമുള്ള തന്റേയും അച്ഛന്റെയും ഫോട്ടോയ്ക്കരികെ ചെന്നു നിന്നു.
ക്രിസ്റ്റഫർ റീഡ് കാമറയിൽ ആ ചിത്രം പകർത്തി. ഒന്നല്ല പലതവണ.

ലെനിൻ ചില തുരങ്കങ്ങൾ സ്വപ്നം കണ്ടു. ഇരുട്ടു പുതച്ച പാതയിലൂടെ ചങ്ങലകളാൽ ബന്ധിതരായി നടന്നുപോകുന്ന സഹപ്രവർത്തകരും താൻ തന്നെയുമാണ് അവിടെ മുൻനിരയിലുണ്ടായിരുന്നത്. ഹതാശമായ നോട്ടവുമായി ഫാക്ടറികളിൽനിന്നുമിറങ്ങിവരുന്ന തൊഴിലാളികൾ. അവരുടെ സംഭാഷണത്തിലോ പെരുമാറ്റത്തിലോ പ്രത്യാശയുടെ കണികയുമുണ്ടായിരുന്നില്ല.

ഉറങ്ങാതായിട്ട് ദിവസങ്ങളായിരുന്നു.
റഷ്യ കണ്ണീരിൽകുതിർന്ന നിലവിളി കേട്ടുകൊണ്ടാണ് അന്ന് ഓരോ പ്രഭാതത്തിലും ഉണർന്നത്. എല്ലുമുറിയും വരെ തൊഴിൽശാലകളിൽ കഠിനപ്രയത്നം നടത്തിയവർ വെറുംകൈയോടെ മടങ്ങുന്നതാണ് ഓരോ ദിവസത്തെയും കാഴ്ച. അതിനെതിരെ ഒരു നോട്ടംപോലും പാടില്ലെന്ന വിലക്ക് അനുസരിക്കുകയേ അപ്പോൾ അവർക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളൂ.

മനുഷ്യൻ മനുഷ്യന് ഹീനമായ ജീവിതം വിധിക്കുന്ന ഓരോ പ്രവിശ്യയെക്കുറിച്ചും ലെനിൻ കുറിപ്പുകൾ തയ്യാറാക്കിക്കൊണ്ടിരുന്നു. തൊഴിലാളികൾ, കൃഷിക്കാർ - ഇവരുടെയൊക്കെ ദൈനംദിന ശ്വസനംപോലും മറ്റാരുടെയൊക്കെയോ ഔദാര്യം കൊണ്ടു ലഭിക്കുന്നതാണെന്ന ഭാവമായിരുന്നു ഭരണകൂടത്തിന്. രാവെന്നോ പകലെന്നോ നോക്കാതെ ലെനിനും സഹപ്രവർത്തകരും ഏകോപിപ്പിച്ചുവന്ന ആശയവും മനുഷ്യരും റഷ്യ വളയുന്ന ദിവസമെത്തുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു.

സ്മോൾനിയ്ക്ക് അത്രനാളുമില്ലാത്ത ശോഭ കൈവന്ന ദിവസമായിരുന്നു അത്. റഷ്യൻ ജനത ഈ കെട്ടിടത്തിന്റെ ഇടനാഴിയിലും പുറംവഴികളിലുമൊക്കെ ഗാഢമായ ചിന്തകളിൽ മുഴുകിയും, ഉത്കണ്ഠകൾ പങ്കിട്ടും നടന്നുകൊണ്ടിരുന്നു. സൈനികവിപ്ലവ കമ്മിറ്റി ഓഫീസ് മുകൾനിലയിലാണ്. അവിടെയാണ് ആൺപെൺ വ്യത്യാസമില്ലാതുള്ള തിരക്ക്. അതു നിയന്ത്രിക്കുന്നതിനുവേണ്ടി നിയോഗിച്ചിരുന്ന പെൺകുട്ടികൾ ആകെ വിയർത്തു ക്ഷീണിതരായി. അവരുടെ ശാസനാരൂപത്തിലും അപേക്ഷാസ്വരത്തിലുമുള്ള സംസാരമൊന്നും ചെവിക്കൊള്ളാൻ പലരും തയ്യാറായില്ല.

ഉന്മേഷകരമായ ഒരു പുലർകാലത്തിന്റെ കവാടം റഷ്യയുടെ ഓരോ ചുമരിലും തുറന്നുകിടക്കുന്നുണ്ട് എന്ന തോന്നലാണ് ഓരോ കണ്ണിലും തിളങ്ങിയത്. വിദൂരപ്രവിശ്യയിൽനിന്നും കുതിരയുടെ നഷ്ടപരിഹാരം വാങ്ങാൻ വന്ന വൃദ്ധനും, സാർ ചക്രവർത്തിയുടെ അധികാരം ശമിക്കുകയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ ശബ്ദമുണ്ടാക്കുന്നവരെക്കുറിച്ച് പരാതി പറയാനെത്തിയവരും, പലയിടങ്ങളിൽ പുതിയ നിയമന ഉത്തരവു ലഭിച്ചവരുമൊക്കെ ആവേശപൂർവ്വം എത്തിക്കൊണ്ടിരുന്ന സമയം.

അരണ്ട വെളിച്ചം മാത്രമുള്ള മുറികളിൽ നിന്നും പഴയ ടൈപ്പ് റൈറ്ററുകൾ പുതിയ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. അവയിൽനിന്നും പ്രത്യക്ഷമായ വാക്കുകൾ പല സന്ദേശങ്ങളായി റഷ്യയുടെ പല ഭാഗങ്ങളിലേക്ക് പറന്നു. ഉത്തരവുകളും നിർദ്ദേശങ്ങളും വായിച്ച് അതിന്റെ ചുവടെ ഒപ്പിട്ടശേഷം എത്രയും വേഗമത് എത്തേണ്ടിടത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു യുവാക്കൾ.

സ്മോൾനിയിൽനിന്നും പുറത്തുവന്നവർ വാഹനത്തിൽ കയറി പല പ്രവിശ്യകളിലെ പല ചുമതലകളേറ്റെടുക്കാനായി പുറപ്പെട്ടു. പുതിയൊരു ദിശയിലേക്ക് കാറ്റ് വീശുകയാണെന്നും എതിർദിശയിൽ മറ്റൊരു പ്രചണ്ഡവാതവും കടന്നുവരാൻ സാധ്യതയില്ലെന്നും ലുനച്ചാർസ്കി സുഹൃത്തിന്റെ ചുമലിൽ കൈവച്ച് പറഞ്ഞു. സ്നേഹിതനും അതേ വിശ്വാസം പ്രകടിപ്പിച്ചു. അവർ സിഗരറ്റു കത്തിച്ച് ഏറ്റവും പിന്നിലെ മുറിയിലേക്കുള്ള നീണ്ട ഇടനാഴിയിലേക്ക് നടന്നു.

വിന്റർ പാലസിനു ചുറ്റും പോരാട്ടം നടക്കുകയാണ്. പലതരത്തിലുള്ള വാർത്തകളുമായി പലരും കിതച്ചും തളർന്നും സ്മോൾനി ഇൻസ്റ്റിറ്റ്യൂട്ട് ഹാളിലേക്ക് പ്രവേശിച്ചു. അവിടെ വന്നുചേർന്നതോടെ ഓരോരുത്തരും കൂടുതൽ ആവേശഭരിതരും ആത്മവിശ്വാസം നേടിയവരുമായി കാണപ്പെട്ടു. അവരുടെ ചലനത്തിലും വാക്കിലും നിരാശയുടെ തരിമ്പും കാണാനായില്ല.

തിരിച്ചടിക്കുസാധ്യതയുള്ള കവാടങ്ങളൊക്കെ ഉരുക്കൊഴിച്ച് തടസ്സം സൃഷ്ടിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസക്കാരായിരുന്നു ബോൾഷെവിക്കുകൾ. യുവനാവികർ ഹേമന്തക്കൊട്ടാരത്തിനു ചുറ്റും നടക്കുന്ന ഏറ്റുമുട്ടലുകളിലെ വീരോചിതമായ തങ്ങളുടെ തിരിച്ചടികളെക്കുറിച്ച് വാചാലരായി. അതു കേട്ടുനിന്നവരൊക്കെ ആഹ്ലാദഭരിതരായി കരഘോഷമുയർത്തി. കൊട്ടാരത്തിന്റെ വാതിലുകളും ജനാലകളും സ്വന്തം നിയന്ത്രണത്തിലായെന്ന് യുവ നാവികൻ അറിയിച്ചതോടെ അവിടെ കൂടിയിരുന്നവരുടെ ആനന്ദം കരകവിഞ്ഞൊഴുകാൻ തുടങ്ങി.

മെൻഷെവിക്കായ കൂച്ചിന്റെ ഭീഷണിയൊന്നും ആരും കാര്യമായെടുത്തില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട അയാളുടെ വാക്കുകൾക്കു കാതുകൊടുക്കാതെ ഒരാൾ ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്ന് എഴുതുകയാണ്. അടുത്തും അകലെയും നിന്ന ചിലർ ആവേശഭരിതരായി അയാളെ നോക്കി 'ലെനിൻ ലെനിൻ' എന്ന് വിളിക്കുന്നുണ്ട്. എഴുത്തിന്റെ ഇടവേളകളിൽ, ആലോചനകളിൽനിന്നും ഉണർന്നുവരുന്ന നേരങ്ങളിൽ ലെനിൻ തന്റെ പേര് ചൊല്ലി വിളിക്കുന്നവരെ നോക്കി അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. പ്രത്യഭിവാദ്യം കൊണ്ട് ജനങ്ങൾ ലെനിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു. പുതിയ സർക്കാരിന്റെ നയവും നിലപാടും എഴുതിയുണ്ടാക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു ആ ആരവങ്ങൾക്കിടയിൽ ലെനിൻ.

ലുനച്ചാർസ്കി പതുക്കെ നടന്ന് ലെനിനരികെ ചെന്നു. ചെറിയൊരു മുറിയിൽ അലങ്കോലമായി കിടന്ന കസേരയ്ക്കും മേശയ്ക്കും നടുവിൽ ഗൗരവമായ ചില ചർച്ചകളിലായിരുന്നു ലെനിൻ. ജനകീയ കമ്മിസാർ രൂപീകരണത്തിന്റെ ആലോചനകൾക്കിടയിലേക്ക് കടന്നുചെന്ന ലുനച്ചാർസ്കി ഒരു കസേര വലിച്ചിട്ടിരുന്നു. റഷ്യയുടെ ഹൃദയരേഖയിലെ ഓരോ ബിന്ദുവും എങ്ങനെ ആഴമുള്ളതും ഉറപ്പുള്ളതുമാക്കി മാറ്റാമെന്ന ചിന്തയിലായിരുന്നു അവിടെ കൂടിയിരുന്നവർ. അവരൊക്കെ ലെനിന്റെ വാക്കുകൾക്ക് കാതോർത്തിരിക്കുകയാണ്.

പലരെയും പലയിടങ്ങളിലേക്ക് നിയോഗിക്കുക, അവർ നിർവ്വഹിക്കേണ്ട കടമകളെക്കുറിച്ച് വിവരിക്കുക, സത്വരമായി നടത്തേണ്ട പ്രവൃത്തികളെക്കുറിച്ച് സൂചനകൾ നൽകുക- ഇതൊക്കെയാണ് ആ അരണ്ട വെളിച്ചം മാത്രമുള്ള മുറിയിൽ നടന്നുകൊണ്ടിരുന്നത്.

ലുനച്ചാർസ്കി സന്ദേഹത്തോടെ ലെനിനെ നോക്കി. "ഇവരിൽ എത്രപേർക്ക് അവർ നിയോഗിക്കപ്പെട്ടിരിക്കുന്ന കടമകൾ നിർവ്വഹിക്കാനുള്ള കഴിവുണ്ട്. പലർക്കും അതിനുള്ള ധിഷണയും കാര്യങ്ങൾ നടത്തിയെടുക്കാനുള്ള പ്രവർത്തന മികവുമില്ലെന്നാണ് എന്റെ തോന്നൽ. ചതിക്കുഴികൾ പലയിടത്തും ഒരുക്കിവച്ച് പഴയ അധികാരികൾ ഒഴിഞ്ഞുമാറി നില്ക്കുന്നു. അവർ തക്കം പാർത്തിരിക്കുന്നത് ബോൾഷെവിക്കുകളുടെ സമ്പൂർണ്ണ നാശത്തിനുവേണ്ടിയാണ്. റഷ്യയ്ക്കുമേൽ വന്യമായ ദിനങ്ങൾ സമ്മാനിക്കാനാണ് കണ്ണും കാതും കൂർപ്പിച്ച് അവർ പതിയിരിക്കുന്നതു്. അതിനിടയിൽ ഒട്ടും പരിചയമില്ലാത്ത ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നവർ പ്രവിശ്യകളിൽ എന്തുചെയ്യാനാണ്?"

ലെനിന്റെ കാതോടു ചേർന്നിരുന്നാണ് ലുനച്ചാർസ്കി സംസാരിച്ചത്. ഭരണപരിചയമില്ലാത്തവർ പെട്ടെന്നൊന്നും യാതൊരത്ഭുതവും കാണിക്കാൻ സാദ്ധ്യതയില്ലെന്നു കൂടി പറഞ്ഞ് ലുനച്ചാർസ്കി സംസാരം അവസാനിപ്പിച്ചു. എല്ലാം പുഞ്ചിരിയോടെയാണ് ലെനിൻ കേട്ടിരുന്നത്.

"തല്ക്കാലത്തേക്ക് മാത്രമുള്ള ഒന്നായി ഈ നിയമനങ്ങളെ കണ്ടാൽമതി. നമുക്ക് വേണ്ട മാറ്റങ്ങൾ പിന്നെ വരുത്താം. കഴിവുതെളിയിക്കാത്തവരെ അതേ സ്ഥാനത്തു തുടരാൻ നമ്മൾ അനുവദിക്കുമെന്നു കരുതുന്നുണ്ടോ?" ലെനിൻ ലുനച്ചാർസ്കിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

‘ഇല്ല.’

മറുപടി കേട്ട് ലെനിൻ കണ്ണുകളിറുക്കി ചിരിച്ചു. പ്രിയസുഹൃത്തിന്റെ പോക്കറ്റിൽനിന്നും പേനയെടുത്ത് കുടഞ്ഞ് ലെനിൻ എന്തോ കുത്തിക്കുറിക്കാൻ തുടങ്ങി.

ആ ആഴ്ച അവസാനിക്കുന്ന ദിവസമായിരുന്നു അത്.

‘സ്മോൾനി - കൊടുങ്കാറ്റിന്റെ രാത്രിയിൽ’ - ലേഖനം ക്രൂപ്സ്കായ ലെനിന്റെ മുന്നിലേക്ക് തുറന്നുവച്ചു. ലുനച്ചാർക്സിയുടെ വടിവുള്ള അക്ഷരങ്ങളിലേക്ക് ലെനിൻ നോക്കി.

"... അദ്ദേഹം പറഞ്ഞത് എത്ര ശരിയായിരുന്നു. ചിലരെ മാറ്റിയെന്നത് ശരിയാണ്. മറ്റുള്ളവർ ആ സ്ഥാനങ്ങളിൽ തുടർന്നു. എത്രയോ പേർ അറച്ചറച്ചു തുടങ്ങിയെങ്കിലും പിന്നീട് തങ്ങളുടെ ചുമതലകൾ നിറവേറ്റാൻ തികച്ചും പ്രാപ്തരാണെന്നു തെളിയിച്ചു. തീർച്ചയായും ചിലർ (വെറും കാഴ്ചക്കാരല്ലാതെ കലാപത്തിൽ പങ്കെടുത്തിരുന്നവരിൽ ചിലർ) വമ്പിച്ച സാദ്ധ്യതകളുടെയും, തരണം ചെയ്യാൻ അസാദ്ധ്യമെന്നു തോന്നിയ വൈഷമ്യങ്ങളുടെയും മുമ്പിൽ പകച്ചു നിന്നുപോയി. കടമകൾ നിറവേറ്റുന്ന കാര്യത്തിൽ ലെനിൻ അത്ഭുതാവഹമായ മനസ്സാന്നിദ്ധ്യമാണ് പ്രകടിപ്പിച്ചത്. പരിചയസമ്പന്നനായ ഒരു കപ്പിത്താൻ ഭീമാകാരമായൊരു കപ്പലിന്റെ ചുക്കാൻ പിടിക്കുന്നതുപോലെയാണ് അത് കൈകാര്യം ചെയ്തത്..."

ഏറ്റവും അടുപ്പമുള്ള ഒരാളോടെന്നപോലെയുള്ള സ്നേഹം മറ്റുള്ളവർക്ക് ലെനിനോടു തോന്നി. തന്റെ ഓരോ പുലരിയും രാത്രിയും എവിടെ, എങ്ങനെയാണ് ചിലെവിടുന്നതെന്നറിയാവുന്നവർ, തനിക്കുവേണ്ടി ഓരോ അപരിചിത ദേശങ്ങളിലും കിടക്കയും അത്താഴവുമായി കാത്തിരുന്നവർ - ലെനിൻ ഇവരെയൊക്കെ ഓർത്തെടുക്കുകയായിരുന്നു ഹേമന്തക്കൊട്ടാരം പിടിച്ചടക്കിയ ദിവസങ്ങളിൽ.

ക്രിസ്റ്റഫർ റീഡ് ഹേമന്തക്കൊട്ടാരത്തിനു സമീപമുള്ള ഏറ്റവും പഴക്കമുള്ള ഒരു റെസ്റ്റോറന്റിലേക്ക് കയറിച്ചെന്നു. ഹോട്ടലുടമ പാവേൽ ഭക്ഷണമെന്താണ് വേണ്ടതെന്നു ചോദിച്ച് ക്രിസ്റ്റഫറിനരിലെത്തി. എവിടെയൊക്കെയോ കണ്ടു മറന്നതുപോലെയുള്ള മുഖം. തന്റെ റെസ്റ്റോറന്റിൽ വന്നിരിക്കുന്നത് പ്രധാനപ്പെട്ട ഒരതിഥിയാണെന്ന കാര്യത്തിൽ പാവേലിന് സംശയമുണ്ടായിരുന്നില്ല.

വർഷങ്ങൾക്കുമുമ്പ് ബോൾഷെവിക്കുകൾ മുന്നേറാൻ തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഈ ദീർഘചതുരാകൃതിയിലുള്ള മുറിയിലാണ് അവർ ഒത്തുകൂടിയത്. അന്ന് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായിരുന്ന പാവേൽ അവർക്ക് ടൊമാറ്റോ ജ്യൂസ് വിതരണം ചെയ്തു. സ്കൂളിലെ സഹപാഠികളും ഒപ്പം കൂടി. ദൂരെനിന്നും കൂടകൾ നിറച്ച് തക്കാളി വാങ്ങി ഈ മുറിയിലേക്കെത്തിച്ച പ്രിയപ്പെട്ട തന്റെ പിതാവിന്റെ ചിത്രങ്ങൾ റെസ്റ്റോറന്റിന്റെ ചുമരുകളിൽ ഓരോന്നിലുമുണ്ടായിരുന്നു. അതിലൊന്നിൽ ലെനിൻ ചുമലിൽ കയ്യിട്ട് പിതാവിനെ സ്നേഹപൂർവ്വം ചേർത്തു പിടിച്ചിരിക്കുന്നു.

"ഈ ഫോട്ടോ ഓർമ്മയുണ്ടോ?" ക്രിസ്റ്റഫർ ചോദിച്ചു.

ലെനിന്റെ ജീവചരിത്രകാരനെ നേരിട്ടു കാണാനായതിലുള്ള ആഹ്ലാദം വാക്കുകളിൽ ചേർത്തുവയ്ക്കാൻ കഴിയുന്നില്ലെന്ന ആമുഖത്തോടെ പാവേൽ സംസാരിച്ചുതുടങ്ങി. അതേ മാനസ്സികാവസ്ഥയിലായിരുന്നു ക്രിസ്റ്റഫർ റീഡും.

കുട്ടിയായിരിക്കുമ്പോൾ ലെനിനോടു ചേർന്നു നിന്നെടുത്ത പാവലിന്റെ ഫോട്ടോയിലേക്ക് ക്രിസ്റ്റഫർ നോക്കിനിന്നു.

"ലെനിനെക്കുറിച്ചുള്ള ഓർമ്മയെന്താണ്?"
അങ്ങനെയൊരു ചോദ്യം താൻ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലെന്ന് പാവേൽ ആഗ്രഹിച്ചിരുന്നു. ഒരിയ്ക്കലും മാറ്റി പറയേണ്ടിവരാത്ത ഒരുത്തരം മനസ്സിൽ കരുതുകയും ചെയ്തു.
"അച്ഛനും അമ്മയും കഴിഞ്ഞാൽ ആരാണ് എനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് സ്വയം ചോദിച്ചിട്ടുണ്ട്. അത് മറ്റാരുമല്ല. വ്ലാദിമിർ ഇല്ലിച്ച് ഉല്യനോവ് ആണത്. ആ പേരെന്റെ മനസ്സിലേക്ക് കൊണ്ടുവരുന്നത് പുതിയൊരുന്മേഷമാണ്, ഉണർവ്വാണ്."
പാവേലിന്റെ കണ്ണുകളിലെ തിളക്കം ക്രിസ്റ്റഫർ നോക്കിയിരുന്നു.

പാവേൽ തയ്യാറാക്കിയ ജ്യൂസ് ക്രിസ്റ്റഫർ രുചിച്ചു. അയാൾ കുട്ടിക്കാലത്തുനിന്നും വീണ്ടെടുക്കാൻ ശ്രമിച്ച ഓർമ്മകൾ കേൾക്കാനുള്ള ആകാംക്ഷ മനസ്സിൽ നിറയുന്നുണ്ട്. തിടുക്കം കൂട്ടാതെ അതെല്ലാം കേൾക്കണമെന്നും കുറിച്ചിടണമെന്നുമുറപ്പിച്ച് ക്രിസ്റ്റഫർ റീഡ് പാവേലിന്റെ ഒരു പഴയ ഫോട്ടോയിലേക്കു് നോക്കി. ആദ്യനോവൽ രചനയിൽ ലഭിക്കാൻ പോകുന്ന പ്രധാന വഴിത്തിരിവുകൾ പലതും പാവേലിൽ നിന്നായിരിക്കുമെന്ന് ക്രിസ്റ്റഫറിനു തോന്നി.

അന്ന് ചുറ്റും നടക്കുന്നതെന്താണെന്നോ, ആരൊക്കെയാണ് ശത്രുക്കളെന്നോ മിത്രങ്ങളെന്നോ തിരിച്ചറിയാൻ പാവേലിന് കഴിഞ്ഞിരുന്നില്ല. അച്ഛന്റെ ചുമലിൽ കൈവച്ച് ഇടയ്ക്കും മുറയ്ക്കും വീട്ടിലെത്താറുണ്ടായിരുന്ന ലെനിനെക്കുറിച്ച് അമ്മയും പെങ്ങളും വാതോരാതെ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്.

‘‘മക്കളുണ്ടാകാത്തതിൽ അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നില്ലേ?’’, ഒരിക്കൽ പാവേൽ അമ്മയോട് ചോദിച്ചു. അച്ഛനാണ് മറുപടി പറഞ്ഞത്.

"ഇല്ല പാവേൽ, അങ്ങനെയുള്ള സങ്കടമൊന്നും ലെനിനെ ബാധിക്കാനിടയില്ല. ക്രൂപ്സ്കായയ്ക്കും ലെനിനുമിടയിൽ അങ്ങനെയുള്ള ദുഃഖങ്ങൾക്കൊന്നും പ്രസക്തിയുണ്ടാകാനുമിടയില്ല. അവർ ഉണരും മുതൽ ഉറങ്ങുംവരെ റഷ്യയെക്കുറിച്ചുമാത്രം ചിന്തിച്ചു. മനുഷ്യന്റെ തീരാവ്യഥകൾക്ക് ഔഷധം കണ്ടെത്താൻ ശ്രമിക്കേണ്ടവരാണ് തങ്ങളെന്ന നല്ല ബോധ്യത്തോടെയാണ് അവർ ജീവിച്ചത്. ദുഃഖമുണ്ടാകും. പക്ഷേ, അതു രണ്ടുപേരെയും ഉലച്ചിട്ടുണ്ടാവുമെന്നു തോന്നുന്നില്ല".

(*സ്മോൾനി - ലെനിൻ ഗ്രാദിലെ - ഇപ്പോൾ സെന്റ് പീറ്റേഴ്സ് ബർഗ് - ഒരു കെട്ടിടം. വിപ്ലവത്തിനു മുമ്പ് സ്മോൾനി രാജ / പ്രഭുകുടുംബങ്ങളിലെ പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസസ്ഥാപനമായിരുന്നു. പിന്നീട് വിപ്ലവത്തിന്റെ ഹെഡ്ക്വാർട്ടേഴ്സ്. ശേഷം സിറ്റി ഗവർണറുടെ ഓഫീസ്.)

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments