ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 16
ക്രോക്കോവിലെ സായാഹ്നങ്ങൾ

അന്നു മുഴുവൻ ആ മുഖം പ്രസാദാത്മകമാകാതെ ഇരുണ്ടു മൂടികിടന്നതാണ് ക്രൂപ്സ്കായ കണ്ടത്.

നാഷണൽ ലൈബ്രറിയിലേക്കുള്ള വഴിയിൽ അധികം തിരക്കുണ്ടായിരുന്നില്ല.
നടന്നുപോകുന്നവർ നന്നായി വിറയ്ക്കുന്നുണ്ട്. ഇടയ്ക്ക് വേഗതയിൽ കടന്നുപോകുന്ന വാഹനങ്ങൾ. പോക്കറ്റിൽ സൂക്ഷിച്ച കടലാസെടുത്തു നോക്കുന്നതിനിടയിലാണ് അതു സംഭവിച്ചത്. എതിരെ വന്ന ഒരു കാർ സൈക്കിൾ ഇടിച്ചു തെറിപ്പിക്കും മട്ടിൽ തിരിവുതിരിഞ്ഞുവരികയാണ്. ലെനിൻ സൈക്കിൾ ചരിച്ച് റോഡിന്റെ ഇടതുവശത്തേക്ക് ഏറ്റിയകന്നു. നീലത്തടാകത്തിൽ നിന്ന് ചൂണ്ടയിൽ കൊരുത്ത മത്സ്യത്തെ കരയിലേക്ക് വലിച്ചിട്ടാലെന്നപോലെ ലെനിൻ കിതച്ച് ശ്വാസം വലിച്ചു. കണ്ണുകൾ ഇറുക്കിയടച്ചത് ഭയപ്പെടുത്തുന്ന ചില ശബ്ദങ്ങൾ കേട്ടതുകൊണ്ടാണ്. നോക്കുമ്പോൾ സൈക്കിൾ തവിടുപൊടിയായി കിടക്കുന്നു. കാർ നിർത്താതെ ഓടിച്ചുപോകുകയും ചെയ്തു.

പിന്നാലെ ഓടിയതുകൊണ്ട് കാറിനൊപ്പമെത്താൻ കഴിയില്ലെന്ന് തീർച്ചയാണ്. അടുത്തും അകലെയും നിന്നവരിൽ ചിലർ മൂക്കത്ത് വിരൽവച്ചു. ഒരു മാന്ത്രികനു മാത്രമേ ഈ അപകടത്തിൽ നിന്നും രക്ഷപ്പെടാനാകൂ എന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്.

ചിലർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. എന്താണുണ്ടായതെന്ന് ആരാഞ്ഞവരെ നോക്കി ലെനിൻ ചിരിച്ചു. സൈക്കിളിന്റെ കിടപ്പുകണ്ടാൽ അതോടിച്ചിരുന്നയാൾ ജീവനോടെ ഉണ്ടാവില്ലെന്ന് ചിലർ തീർച്ചപ്പെടുത്തി. താനാണ് സൈക്കിളിൽ വന്നതെന്നും ഇമവെട്ടിത്തുറക്കും മുമ്പ് അപകടം സംഭവിക്കുകയും അതിനിടയിൽ തനിക്കുപോലും വിശ്വാസം വരാത്ത മട്ടിലാണ് റോഡിന്റെ ഓരത്തേക്ക് തെറിച്ചു വീണതെന്നും അടുത്തേക്ക് വന്നവരോട് ലെനിൻ പറഞ്ഞു.

"എല്ലാം ദൈവത്തിന്റെ അനുഗ്രഹം. കടലിലും കരയിലും മഹാപ്രളയത്തിലും അവൻ നമ്മെ നയിക്കും. തുണയ്ക്കും."
ഒരാൾ കുരിശു വരച്ചു. മരണത്തിൽനിന്നും രക്ഷിച്ച ദൈവത്തോട് മുട്ടുകുത്തിനിന്ന് പ്രാർത്ഥിക്കാൻ ഒരു വിശ്വാസി ആവശ്യപ്പെട്ടു.

വന്നു കൂടിയവരിൽ പലരും ദൈവം കാത്തുരക്ഷിച്ച ഒരാളെയെന്നപോലെ ലെനിനെ നോക്കി. ചിലർ സാധാരണമായ ഒരപകടമെന്ന ഭാവത്തിൽ പിരിഞ്ഞുപോയി. ദൈവവിശ്വാസികൾ അവർ പറഞ്ഞതൊന്നും അനുസരിക്കാതെ തകർന്നുപോയ സൈക്കിളിനരികെ ചിതറി കിടന്ന പുസ്തകങ്ങൾ ഒന്നൊന്നായെടുത്ത് കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ട്, നടന്നകലുന്നയാളെ ദൈവഭയത്തോടെ നോക്കിനിന്നു.

"ഏയ്, ദൈവത്തിന് നന്ദി പറഞ്ഞില്ല!" മുട്ടുകുത്തിനിന്നു പ്രാർത്ഥിച്ച ഒരാൾ വിളിച്ചു. അയാളെ നോക്കി ഉയർന്ന ശബ്ദത്തിൽ ലെനിൻ പറഞ്ഞു: "എന്നെ വീണ്ടെടുത്തത് ദൈവമല്ല, ഞാൻ തന്നെയാണ്."
കാറപകടത്തിനിടയിൽപ്പെട്ട ഒരാൾ പറയുന്ന സമനില തെറ്റിയ സംഭാഷണം എന്നാണ് അവിടെ കൂടി നിന്നവർക്കൊക്കെ അപ്പോൾ തോന്നിയത്.

"അയാളുടെ തല ആ ചുമരിൽ ചെന്നിടിച്ചിട്ടുണ്ടാവും!" പ്രാർത്ഥനാശേഷം എണീറ്റുനിന്ന വിശ്വാസി പറഞ്ഞു. ചിലർ ചിരിച്ചു. മറ്റുചിലർ കാഴ്ചയിൽ നിന്ന് നടന്നകലുന്ന ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ച ദൈവത്തെ വീണ്ടും വീണ്ടും സ്തുതിച്ചു!

അവർ പലവഴി നടന്നകന്നു.
ലെനിന്റെ പുസ്തകങ്ങളിലൊന്നിൽനിന്നും പറന്നുവീണ ഒരു തുണ്ടു കടലാസ്സ് ഒരു വിശ്വാസി കുനിഞ്ഞെടുത്തു. അയാൾ അത് വായിച്ചു. ഒപ്പമുണ്ടായിരുന്ന ഒരു വിശ്വാസി സശ്രദ്ധം അതു കേട്ടുനിന്നു. മറ്റൊരാളുടെ മുഖത്ത് അത്ഭുതം കുമിഞ്ഞുവീർത്തു.

"... നിരവധി രാഷ്ട്രങ്ങൾ ഒരു സ്റ്റേറ്റിനുള്ളിൽ ജീവിക്കുന്ന കാലത്തോളം സാമ്പത്തികവും നിയമപരവും സാമൂഹികവുമായ സ്വഭാവങ്ങളുള്ള ബന്ധങ്ങളാൽ അന്യോന്യം തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. ഈ ബന്ധങ്ങളിൽനിന്നും സ്കൂൾവിദ്യാഭ്യാസത്തെ എങ്ങനെ പറിച്ചുമാറ്റാനാവും? സ്റ്റേറ്റിന്റെ അധികാരപരിധിയിൽനിന്നും അതിനെ എങ്ങനെ നീക്കം ചെയ്യാനാകും? ഒരൊറ്റ സ്റ്റേറ്റിനുള്ളിൽ ജീവിക്കുന്ന രാഷ്ട്രങ്ങളെ സാമ്പത്തികമായി ഐക്യപ്പെടുത്തേണ്ടതുണ്ടെങ്കിൽ സാംസ്കാരികതയുടെ തലത്തിൽ, പ്രത്യേകിച്ചും വിദ്യാഭ്യാസമേഖലയിൽ, അവയെ എക്കാലത്തേക്കുമായി വിഘടിപ്പിക്കാനുള്ള ഏതൊരു ശ്രമവും അപഹാസ്യം മാത്രമല്ല പ്രതിലോമപരവുമാണ്..."

- ഇത്രയും വായിച്ചു കഴിഞ്ഞതോടെ വിശ്വാസി, വായനക്കാരനായ വിശ്വാസിയോട് തനിക്കിതൊന്നും മനസ്സിലാവുന്നില്ലെന്ന മട്ടിൽ ആംഗ്യം കാട്ടി. തനിക്കും അതേ അവസ്ഥയാണുള്ളതെന്നു് പ്രതികരിച്ച രണ്ടാം വിശ്വാസി ആ കടലാസ് ചവറുകൂനയിൽ നിക്ഷേപിച്ച് അതിവേഗം നടന്നകന്നു.

ലൈബ്രറിയിലേക്കുള്ള പടവുകൾ കയറുമ്പോൾ ലെനിൻ പ്രാവ്ദയിലേക്കയക്കേണ്ട ലേഖനം തപ്പി. തോൾസഞ്ചിയിലും ഒരു പുസ്തകത്തിലും അതു കണ്ടെത്താനായില്ല. വന്ന വഴിയിലൂടെ തിരിച്ചു നടന്നാൽ അതൊരുപക്ഷേ, തിരിച്ചു കിട്ടിയേക്കാമെന്നു തോന്നിയെങ്കിലും ദൂരം ആ ചിന്തയെ പിന്തിരിപ്പിച്ചു. എഴുതിയ ലേഖനത്തിന്റെ ആദ്യവാക്കു മുതൽ വിരാമചിഹ്നം വരെയുള്ള ഓരോ വരിയും മറ്റൊരു കടലാസിലേക്ക് ആവർത്തിച്ചെഴുതി. ഇല്ല, പറയാനുദ്ദേശിച്ചതൊക്കെ ആദ്യമെഴുതിയതിനേക്കാൾ നന്നായി വന്നിട്ടുണ്ട്. ലെനിൻ ദീർഘമായി നിശ്വസിച്ചു.

പുസ്തകങ്ങൾ ലൈബ്രറിയിൽ തിരിച്ചുനൽകി. പുതിയവ തിരഞ്ഞുകൊണ്ടിരുന്നപ്പോഴാണ് തൊട്ടരികെ മതഗ്രന്ഥങ്ങളുടെ വലിയ ശേഖരം ശ്രദ്ധിച്ചത്. അവ ഓരോന്നായി മറിച്ചുനോക്കി. ഓരോ വരിയിലും ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ചും, വിമർശിക്കുന്നവർക്കും അവിശ്വസിക്കുന്നവർക്കും ഉടയോൻ നല്കുന്ന ശിക്ഷകളെക്കുറിച്ചുമുള്ള വിവരങ്ങളാണ്. നരകത്തിലെ കഠിനമായ ശിക്ഷകളെക്കുറിച്ചും സ്വർഗ്ഗത്തിലെ വിശിഷ്ടമായ അനുഭവങ്ങളെക്കുറിച്ചും വിവരിക്കുന്നതാണ് മറ്റൊരു പുസ്തകം.

പ്രാർത്ഥനാവേളയിൽ പള്ളിയിൽ നിന്നുമിറങ്ങി നടന്നദിവസം ലെനിൻ ഓർത്തു. മുതിർന്നവർ പലരും മക്കായുടെ ദൈവപ്രഘോഷണം കേട്ട് അതിൽമാത്രം ശ്രദ്ധാലുക്കളായി നില്ക്കുന്ന നേരമായിരുന്നു അത്. പുറത്തിറങ്ങി ഒറ്റയ്ക്ക് മതിൽക്കെട്ടിനരികെ ചെന്ന് ആകാശത്തേക്കു നോക്കിനിന്നശേഷം കഴുത്തിൽനിന്നും കുരിശുമാല ഊരി വെള്ളിമേഘങ്ങൾക്കു നേരെ എറിഞ്ഞു. കണ്ണെത്താദൂരത്തേക്കുയർന്ന് മാല അപ്രത്യക്ഷമായി. അത് ആരും കണ്ടില്ല. ഭാഗ്യം. വ്ലാദിമിർ ആശ്വാസത്തോടെ അമ്മയ്ക്കരികിലേക്കു പോയി.

ആനുകാലികങ്ങളുടെ ശേഖരത്തിനടുത്തേക്ക് നടന്നു. ബോംബേൺ ഗ്രാമത്തിൽ വാടക കുറഞ്ഞ വീടുകൾ കിട്ടാനുണ്ടെന്ന പത്രപരസ്യം ലെനിൻ കുറിച്ചെടുത്തു. തൊട്ടടുത്തദിവസം ആ ഗ്രാമത്തിലേക്കു പോകുമ്പോൾ ആൾ ആകെ അസ്വസ്ഥനാണെന്ന് ഭാര്യക്കുതോന്നി. ബോഗ്ദനോവിനെ ബോൾഷെവിക് ഗ്രൂപ്പിൽനിന്നും പുറത്താക്കിയതിൽ നീരസമുണ്ടായിരുന്നില്ലെങ്കിലും ഇടവിട്ടുണ്ടാകുന്ന ആഭ്യന്തപ്രശ്നങ്ങൾ ലെനിനെ വിടാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്ന ദിവസമായിരുന്നു അത്. അലെക്സ്കി, ഗോർക്കി, ലുണാചാർസ്കി എന്നിവർ കാര്യങ്ങൾ കൃത്യമായി നിയന്ത്രിക്കുന്നുണ്ട്. ഓരോ മുന്നേറ്റവും അണുവിടതെറ്റാതെ മുന്നോട്ടു കൊണ്ടുപോകുന്നത് ഏറെ സംതൃപ്തി നൽകിയ ദിവസങ്ങളായിരുന്നു തൊട്ടുപിന്നാലെ വന്നത്.

ക്ലാമാർട്ട് വനത്തിലേക്ക് വാടകവീട്ടിൽ നിന്നും പതിനഞ്ചു കിലോമീറ്റർ സൈക്കിൾ ചവിട്ടണം. ക്രൂപ്സ്കായയ്ക്കൊപ്പം ഓരോ ദിവസവും അങ്ങോട്ട് യാത്ര ചെയ്യുമ്പോൾ ലെനിൻ ചുറ്റുമുള്ള കാഴ്ചകളും മനുഷ്യജീവിതവും ശ്രദ്ധിച്ചുകൊണ്ടിരുന്നു. തന്റെ സ്വപ്നസാക്ഷാത്ക്കാരത്തിനും റഷ്യയുടെ വീണ്ടെടുപ്പിനും വേണ്ടിയുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന ഉരകല്ലായി ആ ദിവസങ്ങളെ ലെനിൻ മാറ്റുന്നത് ക്രൂപ്സ്കായ അത്ഭുതത്തോടെ നോക്കി നിന്നു.

ക്രാക്കോവിലെ ഏറ്റവും തിരക്കുള്ള ചന്തയിലേക്ക് നടക്കുമ്പോൾ ക്രൂപ്സ്കായ ഓർത്തത് ഇല്ലിച്ചിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസമാണ്. ആരെയും അധികം വകവയ്ക്കുമെന്നു തോന്നിക്കാത്ത നടത്തം. അതിസൂക്ഷ്മമായ വിശകലന വൈഭവം. രാഷ്ട്രീയത്തെയും സമൂഹത്തെയും സംസ്കാരത്തെയുമൊക്കെ മനുഷ്യപക്ഷത്തുനിന്നു വിശകലനം ചെയ്യാനുള്ള പ്രതിഭ.

നടപ്പിനിടയിൽ തെല്ലിടനിന്ന ക്രൂപ്സ്കായ ഒരു ലേഖനം വായിച്ചു. തലേന്നുരാത്രി ലെനിൻ എഴുതി പൂർത്തിയാക്കിയതാണ്. റഷ്യയിൽനിന്നും ക്രാക്കോവിലെ ചന്തയിലെത്തുന്ന സ്ത്രീകൾ വഴിയാണ് രഹസ്യമായി ലേഖനങ്ങളും ലഘുലേഖകളും അന്ന് കടത്തിയിരുന്നത്. തപാൽവഴിയോ മറ്റുമാർഗ്ഗത്തിലോ അയച്ചാൽ പോലീസ് അവ കണ്ടെത്തി നശിപ്പിക്കും. ഇടനില നില്ക്കുന്നവർക്ക് സ്വൈര്യം നഷ്ടപ്പെടും. ചിലപ്പോൾ മർദ്ദനമേല്ക്കേണ്ടിയും വരും.

നല്ല തിരക്കു തുടങ്ങിയ ചന്തയിലേക്ക് കയറിയപ്പോൾപതിവായി കടത്തുകൂലി വാങ്ങാതെ ലെനിന്റെ വാക്കുകൾ റഷ്യയിലെത്തിക്കുന്ന സ്ത്രീയെ കണ്ടുമുട്ടി. അവരുടെ മകൻ സ്മോൾനിയിലാണുള്ളത്. പാർട്ടി കേന്ദ്രത്തിൽ ഭക്ഷണമെത്തിക്കുന്ന ജോലിയാണ് അവന്. തങ്ങളുടെ ജീവിതം മാറ്റിമറിക്കാനുള്ള പ്രവർത്തനങ്ങളിൽ മകനും താനും ആവുംവിധം മരണംവരെ ഒപ്പമുണ്ടാകുമെന്നാണ് ആ സ്ത്രീയുടെ വാഗ്ദാനം. റഷ്യയിൽ നിന്നും രാവിലെ ചന്തയിലേക്ക് കൊണ്ടുവരുന്ന ഉരുളക്കിഴങ്ങ് ഉച്ചയോടെ വിറ്റുതീർത്ത് അവർ തിരിച്ചുപോകും. കൂടയുടെ അടിയട്ടിയിൽ രഹസ്യങ്ങൾ ഒളിപ്പിക്കും.

ആ സ്ത്രീ മറ്റുള്ളവർക്കിടയിലൂടെ അതിവേഗം നടന്നുവരുന്നത് ക്രൂപ്സ്കായ കണ്ടു.

"ഇന്ന് സംസാരം വേണ്ട. രഹസ്യപ്പോലീസ് ചന്തയിലെത്തിയിട്ടുണ്ടെന്ന് കേട്ടു’’, അവർ നേരിയൊരാധിയോടെ കവർ വാങ്ങി. നാലുപാടും നോക്കി.

"ദാ ഇത് എന്റെ വക’’, വീട്ടിലുണ്ടാക്കിയ മാവിൽമുക്കി വറുത്ത ഇറച്ചി. ക്രൂപ്സ്കായ വീട്ടുമണമുള്ള പൊതി തോൾസഞ്ചിയിലിട്ട് പുറത്തേക്ക് നടന്നു. ഈ രുചിക്കൂട്ട് ലെനിനാണ് കഴിക്കുകയെന്ന് ആ സ്ത്രീ അറിയുന്നുണ്ടാവില്ല. ഒരു പക്ഷേ അറിഞ്ഞാൽ അവർ എത്രമാത്രം സന്തോഷിക്കും!

അടുത്ത തവണ വരുമ്പോൾ അക്കാര്യം പറയണമെന്ന് ക്രൂപ്സ്കായ ഉറപ്പിച്ചു. പാരീസിനേക്കാൾ ലെനിന് പ്രിയം ക്രോക്കോവിനോടായിരുന്നു.

റഷ്യയെ അനുസ്മരിപ്പിക്കുന്ന തെരുവുകളും കെട്ടിടങ്ങളും. വാസ്തുവിദ്യയും സമാനതകളുള്ളതാണ്. ആദ്യം വേനൽക്കാലത്താണ് ഇവിടെയെത്തിയതെങ്കിലും കാലാവസ്ഥ അസഹ്യത സൃഷ്ടിക്കുന്നതായിരുന്നില്ല.

താങ്ങാനാവാത്ത തണുപ്പും ചൂടും ലെനിന്റെ സ്വസ്ഥത കെടുത്താറുണ്ട്. റഷ്യയുടെ ഭാവിനിർമ്മാണത്തിൽ നിർണ്ണായകമായ സ്ഥാനമലങ്കരിക്കേണ്ടവരെന്നു കരുതുന്നവരിൽ ചിലർ വഴിമാറി നടക്കുമ്പോഴും ഉറക്കം നഷ്ടപ്പെടും. അങ്ങനെയുള്ള രാത്രികളിൽ ലെനിൻ കണ്ണുകൾ തുറന്ന്, ഒരു കാലുയർത്തിവച്ച് കിടക്കും. ഉദയത്തിനു മുമ്പേ ഉണർന്നെണീക്കും. തന്നെ ഇതൊന്നും ബാധിക്കുന്ന പ്രശ്നമല്ലയെന്ന മട്ടിൽ പ്രാവ്ദയിലേക്കുള്ള ലേഖനം എഴുതുകയോ വരാൻപോകുന്ന ദിവസങ്ങളിൽ തയ്യാറാക്കേണ്ട പുസ്തകത്തിനുള്ള കുറിപ്പുകൾ തയ്യാറാക്കുകയോ ചെയ്യും.

ചില വീട്ടുസാധനങ്ങൾ വാങ്ങാനായി ക്രൂപ്സ്കായ മറ്റൊരു ചന്തയിലേക്കു കയറി. ക്രാക്കോവിലെ വീട്ടിൽ ഗ്യാസ് ഉണ്ടായിരുന്നില്ല. വിറകടുപ്പു കത്തിക്കുന്നതാണ് ഏറെ ശ്രമകരമായ ജോലി. എഴുന്നേറ്റാലുടൻ നല്ല കടുപ്പത്തിലിടുന്ന ചായ കുടിച്ച് ജനാലകൾ തുറന്ന് പുറത്തേക്കു നോക്കിയിരിക്കുന്നത് ഇല്ലിച്ചിനും തനിക്കും ഏറെ പ്രിയപ്പെട്ട നിമിഷങ്ങളാണ്.

"എല്ലില്ലാത്ത മാംസം രണ്ടുകിലോ’’, ക്രൂപ്സ്കായ കശാപ്പുകാരനോട് ആവശ്യപ്പെട്ടു. അയാൾ മുഖത്തേക്കു നോക്കിനിന്നു.

"എല്ലുകളോടുകൂടിയാണ് ദൈവം പശുക്കളെ സൃഷ്ടിച്ചത്. പിന്നെയങ്ങനെ എല്ലില്ലാത്ത മാംസം വില്ക്കാനെനിക്കു സാധിക്കും"

അയാളോട് തർക്കിക്കാൻ നില്ക്കാതെ ചന്തയിൽനിന്നും പുറത്തേക്കിറങ്ങി. എതിരെ വന്ന യഹൂദനായ വൃദ്ധന്റെ വസ്ത്രധാരണം കൗതുകമുണ്ടാക്കുന്നതായിരുന്നു.

ക്രൂപ്സ്കായ വീട്ടിലേക്ക് അതിവേഗം നടന്നു. തൊട്ടടുത്ത ദിവസങ്ങളിലേക്കു വേണ്ട അടുക്കളസാധാനങ്ങൾ വാങ്ങിയതോടെ തോൾസഞ്ചിയുടെ ഭാരം വല്ലാതെ വർദ്ധിച്ചിരുന്നു.
വീടിന്റെ വാതിൽ തുറന്നുകിടന്നു. എന്നാൽ അകത്ത് ആളനക്കമോ സംസാരമോ കേൾക്കാനായില്ല. ക്രൂപ്സ്കായ തോൾസഞ്ചി തീൻമേശയിൽ വച്ചു.

അടുക്കള ഭാഗത്തെ ജനാല തുറന്നിട്ട് പുറത്തേക്കു നോക്കി നില്ക്കുന്ന ഇല്ലിച്ച്. ചന്തയിൽ വച്ചു കണ്ട സ്ത്രീ നല്കിയ വീട്ടുപാചകപ്പൊതി തുറന്ന് ക്രൂപ്സ്കായ ലെനിനിനരികിലേക്കു നടന്നു. സാധാരണ എത്ര തിരക്കുള്ള ജോലിയ്ക്കിടയിലാണെങ്കിലും വാദപ്രതിവാദങ്ങൾക്കിടയിലാണെങ്കിലും കാണുമ്പോൾതന്നെ ലെനിന്റെ ചുണ്ടിൽ നേരിയൊരു ചിരി വന്നു നിറയുന്നതാണ്; ഏതു സംഘർഷത്തിനിടയിലാണെങ്കിലും.

തൊട്ടുപിന്നിൽ ചെന്നുനിന്നിട്ടും തിരിഞ്ഞുനോക്കാതിരുന്ന ഇല്ലിച്ചിന്റെ മനസ്സ് അപ്രതീക്ഷിതമായ എന്തോ ഒരിളകിമറിയലിൽ അകപ്പെട്ടിരിക്കുന്നതായി ക്രൂപ്സ്കായയ്ക്കു തോന്നി. ചെറിയൊരു ഇടവേളയ്ക്കുശേഷം ഇല്ലിച്ച് ക്രൂപ്സ്കായയ്ക്കു നേരെ തിരിഞ്ഞു.

"സഫറോവിനെയും ഇനെസ്സയെയും അറസ്റ്റ് ചെയ്തു"
"സ്റ്റാലിൻ?", ക്രൂപ്സ്കായ.
"രക്ഷപ്പെട്ടു’’, ലെനിൻ.
"ട്രോട്സ്കി?", ക്രൂപ്സ്കായ.
"ആശയപ്രചാരണത്തിൽ സജീവം. വിയന്നസമ്മേളനത്തിന്റെ സംഘാടനത്തിലാണ് ട്രോട്സ്കി", ലെനിൻ.

കിടപ്പുമുറിയിലേക്ക് നടന്ന ക്രൂപ്സ്കായ എഴുതി പൂർത്തിയാകാത്ത കടലാസുകളിലേക്കു നോക്കി. ഇങ്ങനെയാണ് ഒരു ലേഖനം എഴുതി തുടങ്ങിയിരിക്കുന്നത്.

"... ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന് കീഴടങ്ങി കൊടുക്കുന്നതിലും കൂടുതൽ അപകടമായ ദൗർഭാഗ്യം ഉണ്ടാവാനില്ല. എല്ലാ തരത്തിലുള്ള ദേശീയമായ അടിച്ചമർത്തലുകളും വലിയ ദുരന്തത്തിലേക്കുള്ള പാതയാവും നിർമ്മിച്ചുകൊണ്ടിരിക്കുക. കാറൽമാർക്സിന്റെ ചിന്തകൾ ഭൂമിയിലെവിടെയും കാലാതീതപ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഉത്തരം തേടേണ്ടത് അതതു രാജ്യത്തെ സ്വാതന്ത്ര്യ മോഹികളും...."

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments