ചിത്രീകരണം: രാജേഷ് ചിറപ്പാട്‌

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 17
ഇറീനാ! ഇറീനാ!

അന്നു രാത്രി പലതവണ ഇറീനയെ ക്രിസ്റ്റഫർ സ്വപ്നം കണ്ടു. ലെനിനൊപ്പം നടക്കുന്ന അവളുടെ പഴയ കാലങ്ങൾ കണ്ട് ജിജ്ഞാസയോടെ നോക്കിനിന്നു.

"ഇല്ല ഇറീനാ, എനിക്ക് ഈ നോവൽ എഴുതിപൂർത്തിയാക്കാനാകുമെന്നു തോന്നുന്നില്ല. കൃത്യമായ ഗൃഹപാഠവും ഗവേഷണവും നടത്തി ലെനിന്റെ ജീവചരിത്രമെഴുതിയെന്നത് നേരാണ്. അതുപോലെയൊരു പണിയല്ല നോവലെഴുത്ത്. വോൾഗയുടെ തീരത്ത്, സിംബിർസ്കെന്ന പട്ടണത്തിൽനിന്നും ആദ്യ അധ്യായം ആരംഭിക്കാം. 1870 ഏപ്രിൽ മാസത്തെ കാലാവസ്ഥയെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും വിവരിച്ചുകൊണ്ടാകാം പ്രവേശകം. സിംബിർസ്കെന്ന ആ പഴയ പട്ടണം ഉല്യനോവ്സ്ക് ആയതിനുപിന്നിലെ ചരിത്രകാലങ്ങൾ വിവരിക്കാം. പക്ഷേ, അതുകൊണ്ടൊന്നും ലെനിന്റെ ജീവിതത്തെ അതിന്റെ ആഴത്തിൽ അവതരിപ്പിക്കാനാവില്ല. ജനനം മുതൽ മരണം വരെയുള്ള ലെനിന്റെ ജീവിതം ക്രമാനുഗതമായി എഴുതിയതുകൊണ്ടൊന്നും നോവൽ മികച്ചതാവണമെന്നില്ല. അതിന് മറ്റെന്തൊക്കെയോ കൂടി സംഭവിക്കണം. എനിക്കതിനു കഴിയുമെന്നു തോന്നുന്നില്ല.."

ഇത്രയും പറയുന്നതിനിടയിൽ ക്രിസ്റ്റഫർ റീഡ് മൂന്നു സിഗരറ്റുകൾ വലിച്ചു. പ്രസാധകനുമായി ഏർപ്പെട്ട കരാർ റദ്ദ് ചെയ്യാൻ സഹായിക്കണമെന്നു പറയുമ്പോൾ ക്രിസ്റ്റഫറിന്റെ കണ്ണുകളിൽ നിരാശാഭരിതനായ ഒരെഴുത്തുകാരന്റെ തിളക്കമില്ലാത്ത കൃഷ്ണമണികൾ ഒഴുകിനടന്നു.

നല്ല തണുപ്പിലും ക്രിസ്റ്റഫർ റീഡ് വിയർത്തു. പ്രസാധകരുടെ പ്രതിനിധി ഇവാനുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ച തൊട്ടുമുമ്പുള്ള വൈകുന്നേരമായിരുന്നു. ഒന്നരവർഷമായി ദിവസത്തിന്റെ പകുതിയിേലറെ സമയം ലെനിനെക്കുറിച്ചുള്ള നോവലെഴുത്തു പ്രയത്നത്തിലാണ് ക്രിസ്റ്റഫർ റീഡ്. സെന്റ് പീറ്റേഴ്സ് ബർഗിലും, മോസ്കോയുടെ പല ദിശകളിലേക്കുള്ള വഴികളിലും തെരുവുകളിലുമൊക്കെ അലഞ്ഞുനടന്നു. വായനശാലകളിലും പുരാവസ്തുശേഖരങ്ങളിലുമൊക്കെ കയറിയിറങ്ങി. ലെനിന്റെ കാലത്തെക്കുറിച്ച് ലഭിക്കാവുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനുവേണ്ടി വീണ്ടും ഏറെ സമയം ചെലവിട്ട ശേഷമാണ് ക്രിസ്റ്റഫർ എഴുത്തുമുറിയിലേക്ക് പ്രവേശിച്ചത്.

ഡോ. ഇറീന വീണ്ടും വോഡ്ക പകർന്നു. ഒരു നിമിഷം പോലും നിറയാത്ത മദ്യചഷകം മുന്നിലിരിക്കാൻ ക്രിസ്റ്റഫർ അനുവദിക്കാറില്ല. ഒഴിഞ്ഞ ഗ്ലാസ് ശൂന്യമായ ഒരു ഹൃദയത്തെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് ക്രിസ്റ്റഫർ റീഡ് പറയാറുള്ളത്.

"ക്രിസ്റ്റഫർ, എഴുത്ത് ആവശ്യപ്പെടുന്നത് സ്വയം എരിയാനുള്ള അനുവാദമാണ്. ആത്മാവും ശരീരവും ഹവിസ്സിനു വിട്ടുകൊടുക്കുകയാണ് ഓരോ എഴുത്തുകാരനും എഴുത്തുകാരിയും ചെയ്യുന്നത്. എനിക്കറിയാം; അതിന്റെ നീറ്റൽ നിമിഷങ്ങൾ. എന്റെ അപ്പൂപ്പൻ; അമ്മയുടെ അച്ഛൻ - അത്രയൊന്നും പ്രശസ്തനല്ലാത്ത, ഞങ്ങളുടെ ഗ്രാമത്തിൽ മാത്രം അറിയപ്പെടുന്ന കവിയായിരുന്നു. ഭൂമിക്കുവേണ്ടിയും വിശപ്പിനെക്കുറിച്ചും സാർചക്രവർത്തിമാരുടെ കടുംകൈകൾക്കെതിരെയുമൊക്കെ അദ്ദേഹം കവിതകൾ എഴുതുകയും അത് പാടി നടക്കുകയും ചെയ്തു..."

ഇറീനയുടെ വാക്കുകൾ കൗതുകത്തോടെ ക്രിസ്റ്റഫർ കേട്ടുകൊണ്ടിരുന്നു. നോവലെഴുത്തു സമയത്തു മാത്രമല്ല വ്യക്തിജീവിതത്തിലെ മധുരം നിറഞ്ഞതും കയ്പേറിയതുമായ ഓരോ സന്ദർഭങ്ങളിലും ഇറീനയുടെ സാന്നിദ്ധ്യം ആശ്വാസത്തിന്റെ തീരത്തേക്ക് ക്രിസ്റ്റഫറിനെ നടത്തിയിട്ടുള്ളതാണ്.

"എന്നിട്ട് അപ്പുപ്പനെന്തു സംഭവിച്ചു?" ക്രിസ്റ്റഫർ ചോദിച്ചു.

"പെട്ടെന്നൊരു ദിവസം ആളിനെ കാണാതായി. എന്റെ അച്ഛനും ബന്ധുക്കളും തിരയാനൊരിടമുണ്ടായിരുന്നില്ല. പോലീസിൽ പരാതി കൊടുത്തു. പത്രങ്ങളിൽ വാർത്ത നല്കി. ഫലമൊന്നുമുണ്ടായില്ല. ഒടുവിൽ; ഒടുവിൽ മാത്രമാണ് ഞങ്ങൾ അറിയുന്നത് അപ്പൂപ്പനെ രഹസ്യപ്പോലീസ് പിടിച്ചുകൊണ്ടുപോയി തൂക്കിക്കൊന്നതാണെന്ന്. മൃതദേഹം വോൾഗയുടെ ഉള്ളൊഴുക്കുള്ള അകലങ്ങളിലെവിടെയൊ ഉപേക്ഷിക്കുകയായിരുന്നെന്ന്."

പതിവില്ലാതെ ഇറീനയും പുകവലിച്ചു. ഇത്രനാളും പറയാത്ത രഹസ്യങ്ങളുടെ പായൽപ്പാട് നിവർന്നു വരുന്നതിനിടെ ഇറീനയുടെ നെറ്റിയിലെ ഞരമ്പുകൾ പിടയ്ക്കുന്നത് ക്രിസ്റ്റഫർ കണ്ടു.

ക്രിസ്റ്റഫർ നല്ല കേൾവിക്കാരനായി. അതിനുമുമ്പ് ഇതുപോലുള്ള സംഭവങ്ങൾ പലതും കേട്ടിരുന്നു. ലെനിന്റെ സഹോദരൻ അലക്സാണ്ടറെ സാർ ഭരണകൂടം അപകടക്കാരനെന്ന് മുദ്രകുത്തി കൊന്നുകളയുകയായിരുന്നെല്ലോ. അതുമാത്രമല്ല, ആയിരക്കണക്കിനു മനുഷ്യർ റഷ്യയിൽ പല സന്ദർഭങ്ങളിലായി അപ്രത്യക്ഷരായിട്ടുണ്ട്. കൊല്ലപ്പെട്ടിട്ടുണ്ട്. ഇറീനയുടെ അപ്പൂപ്പന്റെ തിരോധാനവും കൊലപാതകവും പോലെ നിലവിളിക്കുന്ന നിരവധി റഷ്യൻ മുഖങ്ങൾ ക്രിസ്റ്റഫറിന്റെ മനസ്സിൽ തെളിഞ്ഞുവന്നു. അസഹ്യമായ ഉൾഞെരുക്കം അനുഭവിച്ച ക്രിസ്റ്റഫറിനെ ഡോ. ഇറീന നോക്കിയിരുന്നു.

"എനിക്ക് ഈ നോവലെങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് വ്യക്തമാകുന്നില്ല". ക്രിസ്റ്റഫർ ഈ സംഭാഷണം പലതവണ ആവർത്തിച്ചു. ജനാലക്കുപുറത്ത് ചുവരിലൊട്ടിച്ചിരുന്ന ആൽബാട്രോസ് പക്ഷിയുടെ ചിത്രത്തിലേക്കു നോക്കിയിരിക്കുന്ന ക്രിസ്റ്റഫറിന്റെ മുഖം ഒരിയ്ക്കൽപോലും ഇത്രമാത്രം സംഘർഷംകൊണ്ടു വരിഞ്ഞുമുറുകുന്നത് ഇറീന കണ്ടിട്ടില്ല.

ലെനിന്റെ ജീവചരിത്രരചനാസമയത്ത് ഒന്നിച്ചുനടക്കുന്നത് അതീവ ഹൃദ്യവും രസകരവുമായിരുന്നു. ഓരോ ദിവസവും കണ്ടെത്തുന്ന പുതിയ കാര്യങ്ങൾ പറയുന്നതിലായിരുന്നു ക്രിസ്റ്റഫറിനന്ന് ഏറെ കൗതുകം.

ജനിക്കുന്നെങ്കിൽ അങ്ങനെ ജനിക്കണം. ജീവിക്കുന്നെങ്കിൽ അങ്ങനെ ജീവിക്കണം. ഭൂമിയിലെ ഭാഗ്യമുള്ള ഗർഭപാത്രത്തിന്റെ ഉടമയാണ് മേരിയ അലക്സാണ്ട്‌റോവ്ന. ഒരു നിമിഷംപോലും ലക്ഷ്യത്തിൽനിന്നും കണ്ണെടുക്കാതെ ഉണർന്നിരിക്കുന്ന ജീവിതമായിരുന്നു ലെനിന്റേത്. ഇങ്ങനെയുള്ള പ്രകീർത്തനങ്ങളായിരുന്നു ക്രിസ്റ്റഫർ പറഞ്ഞതത്രയും.

"നോക്കൂ ക്രിസ്റ്റഫർ, നിങ്ങൾക്ക് പണത്തിന് ആവശ്യം വന്നപ്പോൾ, അതിനൊരു വഴികണ്ടെത്താനാവാതെ നീറ്റലിൽപ്പെട്ടപ്പോൾ സ്വപ്നത്തിൽ വന്ന് ആ ദൗത്യം ഏറ്റെടുക്കൂ എന്ന് ധൈര്യം പകർന്നത് മറ്റാരുമല്ല, അദ്ദേഹം എന്റെ പേര് ആ സംഭാഷണത്തിനിടയിൽ പരാമർശിച്ചെന്ന് കേട്ടപ്പോൾ എനിക്കൊട്ടും അത്ഭുതം തോന്നിയില്ല."

"കാരണം?" ക്രിസ്റ്റഫർ റീഡ്.

"1870 ഏപ്രിൽ 22 ന് ലെനിൻ പിറന്നെന്നത് ചരിത്രം. അതൊരു ആദ്യപിറവിയായിരുന്നില്ല. അതിനുമുമ്പ് പല തലമുറകളിൽ പിറന്ന്, കൊടിയ വേദനകൾ തിന്ന പരഃശതം മനുഷ്യരുടെ കണ്ണിൽ നിന്നും ചോരയിൽനിന്നുമാണ് സാക്ഷാൽ ലെനിൻ ജനിച്ചതെന്നാണ് എന്റെ വിശ്വാസം. ഭൂമിയിൽ പല സ്ഥലത്തും ഇനിയും ലെനിൻ സംഭവിക്കും. നമ്മുടെ ഭൂപടത്തിലെ പല ദേശരേഖകളും അതിനായ് പാകപ്പെട്ടുവരികയാണ്. അതെ ക്രിസ്റ്റഫർ, നിങ്ങൾക്ക് ധൈര്യപൂർവ്വം നോവലെഴുത്ത് പൂർത്തിയാക്കാൻകഴിയും, കഴിയണം."

മുന്നിൽ കൊണ്ടുവച്ച വോഡ്ക തീർത്തു. ശേഷം ക്ഷമാപണ ഭാവത്തിൽ ഡോ. ഇറീനയെ ക്രിസ്റ്റഫർ‍ നോക്കി.

"ഗവേഷണവുമെഴുത്തും ഒരിയ്ക്കലുമെന്നെ മുഷിപ്പിച്ചിട്ടില്ല. എത്ര വസ്തുതകളില്ലാത്ത ഒരു നാട്ടുവിശ്വാസത്തിന്റെയും വേരുകൾ തേടിപ്പിടിക്കാം. ആ വഴിയുള്ള ലെനിന്റെ സഞ്ചാരവേഗം കണ്ടെത്താം. അതൊക്കെ എന്നെ കൂടുതൽ ആവേശഭരിതനാക്കിയിട്ടേയുള്ളൂ. പക്ഷേ, ഇപ്പോൾ...?"

ക്രിസ്റ്റഫർ വിയർത്തു. ചുവന്നു. മൂക്കിന്റെ തുമ്പിൽ നിന്നും ഗ്ലാസിലേക്കു വീണ ജലകണങ്ങൾ കണ്ണീരാണോ വിയർപ്പാണോ എന്ന് വ്യക്തമായിരുന്നില്ല.

ഇറീന ക്രിസ്റ്റഫറിനെ കൂടുതൽ സംസാരിക്കാൻ അനുവദിച്ചു. സ്വയം സംസാരിച്ച് നല്ലൊരു മാനസികാവസ്ഥയിലേക്ക് അയാളെ കൂട്ടിക്കൊണ്ടുവരാനും ശ്രമിച്ചു.

"എന്താണ് യഥാർത്ഥ പ്രശ്നം? പ്രസാധകർ കരാർപ്രകാരം നല്കാമെന്നേറ്റ മുൻകൂർ സംഖ്യ കിട്ടിക്കഴിഞ്ഞു. എഴുത്ത് അതിന്റെ പകുതി ഘട്ടം പൂർത്തിയാക്കുകയും ചെയ്തു. ഞാൻ വായിച്ചത്രയും ഭാഗങ്ങൾ ഒട്ടും മോശമല്ല ക്രിസ്റ്റഫർ. ലെനിന്റെ ജീവചരിത്രകാരനെന്ന നിലയിൽ കണ്ടെത്തിയ രേഖകളും യാഥാർത്ഥ്യങ്ങളുമാണ് Lenin: Revolutionary life എന്ന ജീവചരിത്രത്തിൽ വായനക്കാർ കണ്ടത്; അതിശയോക്തികളില്ലാതെ. സ്മോൾനിയിൽ കേന്ദ്രീകരിച്ചു തുടങ്ങിയ ലെനിന്റെ രാഷ്ട്രീയം എങ്ങനെയാണ് റഷ്യയുടെ ഭൂമധ്യരേഖയിലൂടെ ഒരു രജതസ്ഫുരണം പോലെ കടന്നുപോയതെന്ന് മനസ്സിലാക്കാൻ ആ പുസ്തകം വായിച്ചാൽ മതി. ലെനിൻ ഓ! ലെനിനെന്ന് പല അതിരുകളിൽ നിന്നും വിപ്ലവപ്രയത്നങ്ങൾക്കിടയിൽ മരിച്ചുപോയവർ വിളിക്കുന്നതുകേട്ട് ഞാൻ പല രാത്രികളിലും ഞെട്ടിയുണർന്നിട്ടുണ്ട്. അതിനിടയിൽ എന്റെ അച്ഛന്റെ ശബ്ദവും എനിക്ക് കേൾക്കാനായിട്ടുണ്ട്."

‍തന്റെ കണ്ടെത്തലുകൾ, നിരീക്ഷണങ്ങൾ, മറ്റുള്ളവരുടെ ലെനിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങൾ; ചിലരുടെ അടങ്ങാപ്പക, രഹസ്യപ്പോലീസിൽനിന്നും പിരിഞ്ഞ തികഞ്ഞ സാർ പക്ഷപാതികളായിരുന്ന പോലീസുകാരുടെ പിന്നീടുണ്ടായ കുമ്പസാരം - ഇതൊക്കെ പറയുമ്പോൾ ഒരു ചരിത്രാന്വേഷകന്റെ മൂന്നാം കണ്ണ് ക്രിസ്റ്റഫറിൽ തിളങ്ങി നില്ക്കുന്നത് ഡോ. ഇറീന കണ്ടിട്ടുള്ളതാണ്.

"എന്തുകൊണ്ടാണ് ആത്മവിശ്വാസമില്ലാതിരുന്നിട്ടും ലെനിനെക്കുറിച്ചൊരു നോവലെഴുതാമെന്ന് സമ്മതിച്ചത്. പ്രസാധകനുമായി കരാറിൽ ഒപ്പിട്ടതെന്തിനാണ്?" ഇറീന ചോദിച്ചു.

ചെറിയൊരു നിശ്ശബ്ദത അവർക്കിടയിൽ വന്നു മൂടി.

"എനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്താണ് അലക്സ്. മാരകമായൊരു രോഗത്തിന്റെ പിടിയിലാണവൻ. രോഗം ആരംഭഘട്ടത്തിലായതുകൊണ്ട് പുറം രാജ്യങ്ങളിലൊന്നിൽ വിദഗ്ദ്ധചികിത്സ നല്കിയാൽ രക്ഷപെടാൻ സാധ്യതയുണ്ട്. പക്ഷേ, അതിന് വലിയ ചെലവു വരും. ഹൂസ്റ്റണിലെ ആശുപത്രിയിൽ ആ രോഗത്തിന് മികച്ച ചികിത്സ ലഭ്യമാണ്." ക്രിസ്റ്റഫർ നോവൽ കരാറിൽ ഒപ്പിടാനുണ്ടായ സാഹചര്യം വിശദമാക്കി.

"നമുക്കൊന്ന് പുറത്തേക്കിറങ്ങിയാലോ?" ഇറീന ചോദിച്ചു.

അത് പ്രതീക്ഷിച്ചിരിക്കുകയായിരുന്ന ക്രിസ്റ്റഫർ എണീറ്റ് പുറത്തേക്കു നടന്നു. ഇടയ്ക്ക് സിഗരറ്റ് കത്തിച്ചു. പിന്നാലെ ഇറീന വരുന്നുണ്ടോ എന്നുപോലും നോക്കാതെ അകലെയുള്ള ബിർച്ച് മരത്തിന്റെ ചുവട്ടിലാണ് ചെന്നുനിന്നത്.

ഇറീനയും പതുക്കെ അവിടെയെത്തി.

പ്രധാന റെസ്റ്റോറന്റിനു പുറത്തെ ചെറിയ ഭക്ഷണശാലയിലേക്ക് വരുന്ന വൃദ്ധയെ ഡോ. ഇറീനയും ക്രിസ്റ്റഫറും കണ്ടു. വൃദ്ധയുടെ രോമക്കുപ്പായം നരച്ച് പിഞ്ഞിത്തുടങ്ങിയിട്ടുണ്ട്. അവിടെ തൊഴിൽ ശാലകളിലേക്കു പോകുന്നവരുടെ നല്ല തിരക്കായിരുന്നു. ഏതുനിമിഷവും നിലംപൊത്താനിടയുള്ള ചെതലരിച്ച എടുപ്പിനെ അനുസ്മരിപ്പിക്കുംപോലെ നടന്നുപോകുന്ന വൃദ്ധയിൽനിന്നും കണ്ണെടുക്കാൻ തോന്നാതെ അവർ നിന്നു. ഇടയ്ക്ക് പരസ്പരം നോക്കി ഇറീനയും ക്രിസ്റ്റഫറും നിശ്ശബ്ദരായി.

ചില കാഴ്ചകൾ, ചില കേൾവികൾ - ഇതൊക്കെ നമ്മെ പുനർജ്ജീവിപ്പിക്കുമെന്നും, മാനസ്സിക ഞെരുക്കങ്ങളിൽ നിന്നും മോചിപ്പിക്കുമെന്നും ഇറീന പറഞ്ഞത് ക്രിസ്റ്റഫർ ഓർത്തു.

വൃദ്ധ നീണ്ട ക്യൂവിലേക്ക് കയറി. ഏറെ നേരം കാത്തുനില്ക്കാതെ കൗണ്ടറിലെത്താനാവില്ല. അതിനുമുമ്പ് അവർ കുഴഞ്ഞുവീഴുമോ - ഈ ആലോചനയോടെ നിന്ന ഡോ. ഇറീന കണ്ടത് വാങ്ങിയ ഭക്ഷണപ്പൊതിയുമായി വൃദ്ധയ്ക്കരികിലേക്ക് നടക്കുന്ന ക്രിസ്റ്റഫറിനെയാണ്.

"കയ്യിൽ പണമില്ലാത്തതുകൊണ്ട് മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നത് കണ്ടുനിന്ന് വയറുനിറച്ച് മടങ്ങാനായിരുന്നു അവരുടെ പദ്ധതി", ക്രിസ്റ്റഫർ പറഞ്ഞു.

എഴുത്തുമുറിവരെ ഡോ. ഇറീന ക്രിസ്റ്റഫറിനെ അനുഗമിച്ചു.

"നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുകിട്ടിയോ ക്രിസ്റ്റഫർ?" ഇറീന ചോദിച്ചു.

ഒന്നു ചിരിച്ച ക്രിസ്റ്റഫർ തന്നെ ജീവിതത്തോട് ചേർത്തു നിർത്തിയിരിക്കുന്ന ഇറീനയെത്തന്നെ നോക്കിനിന്നു. ശേഷം മുറിയടയ്ക്കാതെ എഴുത്തുമേശയ്ക്കരികെ ചെന്നു. ചുമരിലെ ലെനിന്റെ ചിത്രത്തിന് ചിറകു വച്ചിരിക്കുന്നതായി തോന്നി ക്രിസ്റ്റഫറിന്.

ഒന്നല്ല പലതവണ ആ കാഴ്ച ആവർത്തിച്ചു കൊണ്ടേയിരുന്നു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments