ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 10
അമ്മ വായന

വീട്ടിലേക്കു പോകുമ്പോഴും മുൻവാതിൽ തുറന്ന് അകത്തേക്ക് നടക്കുമ്പോഴും ലെനിൻ ഒന്നും സംസാരിച്ചില്ല. അങ്ങോട്ടൊന്നും ഗിൽ ചോദിച്ചതുമില്ല.

അർദ്ധരാത്രി കഴിഞ്ഞാണ് അന്ന് വീട്ടിലേക്ക് പുറപ്പെട്ടത്. ഒപ്പം ചെല്ലാമെന്ന് ബെക്തറേവ് പറഞ്ഞെങ്കിലും ലെനിൻ സമ്മതിച്ചില്ല;
'വേണ്ട ഡോക്ടർ, നിങ്ങൾ വിശ്രമിക്കൂ. ഈ തെരുവുകളും എടുപ്പുകളുമൊക്കെ കണ്ട് പതുക്കെ വീട്ടിലേക്ക് പോകാനാണ് എനിക്ക് തോന്നുന്നത്.'

ഡ്രൈവർ കാർ സ്റ്റാർട്ടാക്കി നിർത്തിയിരിക്കുകയാണ്. അതിനുള്ളിലേക്കു കയറുമ്പോൾ പതിവുപോലെ ഒരു കണ്ണുമാത്രമടച്ച് ചെറുതായൊന്ന് ചിരിച്ച് ലെനിൻ വീട്ടിലേക്ക് യാത്രയായി.

നഗരം ഉറങ്ങിയിട്ടില്ല.
യുവാക്കൾ സംഗീതതന്ത്രികൾ മീട്ടി കടന്നുപോകുന്നതു കണ്ടാൽ യൗവ്വനകാലം ഓർമ്മയിലേക്ക് അലയിട്ടെത്താൻ തുടങ്ങും. എല്ലാ സ്മരണകളും ഒഴുകിയൊഴുകിയെത്തുന്നത് ഒടുവിൽസ്വന്തം വീട്ടിലേക്കുള്ള വഴികളിലേക്കാണ്. നിശ്ശബ്ദയായി അച്ഛന്റെയും സഹോദരങ്ങളുടെയും നിഴലനക്കങ്ങൾ നോക്കി നടക്കുന്ന അമ്മ. എത്ര തിരക്കിട്ടു നില്ക്കുകയാണെങ്കിലും ‘മേരിയ' എന്ന അച്ഛന്റെ വിളികേട്ടാൽ അമ്മ ഓടിയെത്തും. തന്റെ കുസൃതിത്തരങ്ങളെക്കുറിച്ചാണ് അച്ഛൻ സംസാരിച്ചു തുടങ്ങുന്നതെങ്കിൽ പതുക്കെ അവിടെനിന്നും വ്ലാദിമിർ അപ്രത്യക്ഷനാകും.

'മേരിയ, അവന് ഒട്ടും ദൈവഭയമില്ലെന്നു തോന്നുന്നു' അച്ഛൻ.
'എന്തിനാ ദൈവത്തെ ഭയക്കുന്നത്? സ്നേഹമാണ് ദൈവമെന്നല്ലേ നമ്മൾ അവനെ പഠിപ്പിക്കേണ്ടത്? അമ്മ.
'എന്നു മാത്രമല്ല, ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നു പറയുന്നവരോടാ അവനു് ഈർഷ്യ. ആ മക്കായെപ്പോലുള്ളവരെ കണ്ടു പരിചയിച്ചാൽ ആർക്കും അങ്ങനെയേ തോന്നൂ', അച്ഛൻ അതിനു മറുപടി പറഞ്ഞില്ല.

പെട്ടെന്ന് എതിരെവന്ന ഒരു കാർ സഡൺബ്രേക്കിട്ടു നിന്നു. ഡ്രൈവറെക്കൂടാതെ രണ്ടുമൂന്നുപേർ കൂടി കാറിലുണ്ട്. ലെനിൻ വിൻഡോയ്ക്കരികെയിരുന്ന ആളെ കണ്ണെടുക്കാതെ നോക്കി. പരിചിതനായ ഒരാളുടെ മുഖഛായയും രൂപവുമുണ്ടായിരുന്നു അയാൾക്ക്.

സെന്റ്പീറ്റേഴ്സ് ബർഗിൽ വച്ചാണ് ഇതുപോലെ നീണ്ട താടിയുള്ള രൂക്ഷമായ കണ്ണുകളുള്ള മാർക്സിംഗോർക്കിയെ ആദ്യമായി കണ്ടത്. അന്ന് അധികമൊന്നും സംസാരിക്കാൻ തോന്നിയില്ല. 1907-ൽ ലണ്ടനിൽ നടന്ന പാർട്ടി കോൺഗ്രസിൽ വച്ചുകണ്ടപ്പോഴാണ് പരസ്പരം ആദരം സൂക്ഷിക്കുന്നവരാണ് ഇരുവരുമെന്നു മനസ്സിലായത്.

'അമ്മ'യുടെ കയ്യെഴുത്ത് പ്രതി വായിച്ച ദിവസം മറക്കാനാവുന്നതല്ല. ഐ.പി. ലദീഷ് നിക്കോവിൽ നിന്നുമാണ് മുഷിഞ്ഞ കവറുള്ള അമ്മ തന്നെ ആദ്യം തേടിയെത്തിയത്. ഒറ്റവായനയിലൂടെ ആ നോവലിന്റെ തുടക്കം മുതൽ ഒരു വരിപോലും മറക്കാതെ ഓർത്തിരിക്കാൻ കഴിയുന്നുണ്ട്. വായനക്കാരൻ അമ്മയിലെ ചില അക്ഷരങ്ങളായി സ്വയം മാറുന്ന അനുഭവമുണ്ടായി. അത് മനസ്സിന്റെ വിച്ഛിന്നനിമിഷങ്ങളിൽ സംഭവിക്കുന്നതാണെന്ന് ഡോ. ബെക്തറേവ് പറഞ്ഞതും ലെനിൻ ഓർത്തു.

വാക്കുകൾ ചില നേരങ്ങളിൽ പിശുക്കനായ ഒരു പരുത്തികർഷകനെപ്പോലെയാകും. അതുപോലെയായിരുന്നു ആദ്യത്തെ ഗോർക്കിയുമായുള്ള കണ്ടുമുട്ടൽ. രണ്ടാമത്തെ കൂടിക്കാഴ്ചയിൽ അഞ്ചാം പാർട്ടി കോൺഗ്രസ്സിൽ വോട്ടില്ലാത്ത പ്രതിനിധിയായിരുന്നു ഗോർക്കി. ആ ദിവസങ്ങളിൽ മറ്റുള്ളവരിൽ നിന്നൊക്കെ ഒഴിഞ്ഞുമാറിനിന്ന് ഏറെ നേരം അവർ സംസാരിച്ചു. എഴുത്തുകാരനെന്ന നിലയിലുള്ള നിരന്തരവേവലാതികൾ ഗോർക്കി ഒട്ടും മറയില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. പലയിടങ്ങളിലായി പ്രസിദ്ധീകരിച്ച തന്റെ ലേഖനങ്ങൾ വായിച്ചിട്ടുണ്ടെന്നു പറഞ്ഞ ഗോർക്കിയോട് വൈകുന്നേരം പിരിയുമ്പോൾ പറഞ്ഞതും മറന്നിട്ടില്ല.

'റഷ്യൻ തൊഴിലാളികൾ ഭാവിയിൽ സ്വന്തം ജീവിതത്തിന്റെ പ്രതിബിംബം കാണുന്ന കണ്ണാടിയായി അമ്മ ഹൃദയത്തിൽ സൂക്ഷിക്കും.'
ഇതുകേട്ടപ്പോഴുള്ള ഗോർക്കിയുടെ കൺതിളക്കം ലെനിൻ ഓർക്കാറുണ്ട്.

ബാല്യകാലം, പരിശീലനം, എന്റെ സർവ്വകലാശാലകൾ, ക്ലിംസംഗിന്റെ ജീവിതകഥ - ഈ പുസ്തകങ്ങളോരോന്നും വായിച്ചുതീർത്തു. പകൽ തിരക്കുകൾ കഴിഞ്ഞ് രാത്രി വിശ്രമത്തിനെത്തുന്ന പലയിടങ്ങളിലെ മുറികളിലും പാചകമുറിയിലും സന്ദർശകമുറിയിലുമൊക്കെ വച്ചായിരുന്നു ആ വായനകൾ. ജീവിതത്തെ പച്ചയായി അവതരിപ്പിക്കുന്നെന്നു തോന്നുമെങ്കിലും ഭാവനയുടെ സൂചിമുനകൾ പാഞ്ഞുവന്ന് മനസ്സിൽ തറയ്ക്കുന്ന അനുഭവമായിരുന്നു ഗോർക്കിയുടെ പുസ്തകങ്ങൾ.

ഏറെ നേരം ഒന്നും ഉരിയാടാതിരുന്ന ലെനിനെ ഗിൽ ശ്രദ്ധിച്ചു. ഡോക്ടർ ബെക്തറേവിന്റെ നഴ്‌സിങ് ഹോമിലേക്ക് പോയപ്പോഴും അവിടെനിന്നും ട്രോട്‌സ്‌കിയുടെ വീട്ടിലേക്കുള്ള യാത്രയിലും മടക്കയാത്രയിലുമൊക്കെ ഇതേ ഭാവമായിരുന്നു മുഖത്ത്. എത്ര ഉള്ളുരുക്കമുണ്ടെങ്കിലും അത് അധികമാരോടും പങ്കുവയ്ക്കുന്ന പ്രകൃതമായിരുന്നില്ല. ഹൃദയത്തോട് ചേർന്നു നില്ക്കുന്നവരോടു് വളരെക്കുറച്ചു വാക്കുകൾ കൊണ്ടാണ് ആൾ അകനീറ്റൽ വെളിപ്പെടുത്തുക. അങ്ങനെയുള്ള രണ്ടുപേരെ കണ്ട് ഏറെ നേരം സംസാരിക്കുകയും ചെയ്തതാണ്. പക്ഷേ അതുകൊണ്ടൊന്നും ഉൾഭാരം ഇറങ്ങിപ്പോയിട്ടില്ലെന്ന് മുഖം വ്യക്തമാക്കുന്നുണ്ട്.

തിരിഞ്ഞുനോക്കിയ ഗിൽ ഒന്ന് മുരടനക്കി. പെട്ടെന്ന് ലെനിൻ ചുമലിൽ തട്ടി കാറൊന്ന് ഓരം ചേർത്തു നിർത്താൻ പറഞ്ഞു. പുറത്ത് നല്ല തണുപ്പുണ്ട്. സമയം നന്നായി വൈകിയിരുന്നു. ഈ നേരത്ത് ലെനിനെ ഇതുപോലൊരു വഴിയോരത്തുവച്ചു കണ്ടെന്ന് സ്റ്റാലിനറിഞ്ഞാൽ സംഭവിക്കാനിടയുള്ളതെന്തെന്ന് ഗില്ലിനറിയാം. പലയിടങ്ങളിലും ലെനിൻ വിയോജിപ്പുകൾ തുറന്നു പറഞ്ഞതായി സ്റ്റാലിൻ ഇതിനോടകം അറിഞ്ഞിട്ടുമുണ്ട്. അതിനുള്ള പ്രതിവിധിയും സ്റ്റാലിൻ ഉറപ്പിച്ചിട്ടുണ്ടാകും.

'ഗിൽ ഇന്ന് തണുപ്പെങ്ങനെയുണ്ട്?' ലെനിൻ.
'അതികഠിനമായിട്ടില്ല. കഴിഞ്ഞ രാത്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ചധികമാണെന്ന് മാത്രം', ഗിൽ.

ലെനിൻ ദൂരേക്ക് നടന്നു.
തൊട്ടടുത്തു കണ്ട കിഴുക്കാംതൂക്കായ പടവുകളിറങ്ങി നേരെ ചെന്നുനിന്നത് വോൾഗയുടെ കൈവഴികളിലൊന്നിനരികെയാണ്. അവിടെ പലതരം മത്സ്യങ്ങൾ. ഏറെനേരം അവിടെ നോക്കി നിന്ന ശേഷം ലെനിൻ ഗില്ലിനുനേരെ തിരിഞ്ഞു.

'നമുക്ക് മീൻ പിടിച്ചാലോ?' ലെനിൻ.
'ഈ തണുപ്പത്ത്?' ഗിൽ സംശയിച്ചു.

'ശരി. ഇന്നു വേണ്ട. എനിക്ക് ഗോർക്കിയെ ഒരിയ്ക്കൽക്കൂടി വായിക്കണം. അമ്മയുടെ പുതിയ പ്രതികളിലൊന്ന് കാറിലുണ്ട്.' തണുപ്പിലൂടെ ലെനിൻ കാറിലേക്ക് തിരിച്ചുനടന്നു.

‘വീട്ടിലെത്തി വിശ്രമിച്ചശേഷം പോരേ ഗോർക്കി വായന’, ലെനിന് നല്ല ക്ഷീണം തോന്നിച്ചതുകൊണ്ടാണ് ഗിൽ അങ്ങനെ ചോദിച്ചത്. ലെനിന്റെ മനസ്സിന്റെയും ശരീരത്തിന്റെയും വേഗവും മെല്ലെപ്പോക്കും കൃത്യമായി ഗില്ലിനറിയാം. പൊതുസ്ഥലങ്ങളിൽ വച്ചാണെങ്കിൽ ഇത് തുറന്നുപറയാൻ ക്രൂപ്സ്‌കായപോലും മുതിരാറില്ല. അതേസമയം ലെനിന്റെ കാതോടു മുഖം ചേർന്നു നിന്നു സംസാരിക്കാൻ തനിക്കു സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്ന ഭാവമാണ് ഗില്ലിന്. അതൊരർത്ഥത്തിൽ ശരിയുമാണ്. ഏത് ആൾക്കൂട്ടത്തിനിടയിലും ലെനിന്റെ നിഴലിനെപ്പോലും ആരും സ്പർശിക്കരുതെന്ന കരുതലോടെ ഗിൽ തിക്കിയും തിരക്കിയും ഒപ്പം നടക്കും.

ചിലരങ്ങനെയാണ്. എന്തുകൊണ്ടാണ് ഒരാൾ മറ്റൊരാളുടെ ജീവിതത്തിന് സ്വന്തം ജീവനേക്കാൾ പ്രാധാന്യം നല്കുന്നത്? പലപ്പോഴും അത് പിടികിട്ടാത്ത ഒരു രഹസ്യമാണെന്ന് ലെനിനു തോന്നിയിട്ടുണ്ട്. ആദ്യം കണ്ട നിമിഷം മുതൽ ഗിൽ തന്റെ ജീവിതത്തോട് സ്വയമറിയാതെ ചേർന്നു നടക്കാൻ തുടങ്ങുകയായിരുന്നു. അതിന് പ്രതിഫലത്തിന്റെ തുച്ഛമായ ആകർഷണമല്ല ഉണ്ടായിരുന്നത്.

നഗരത്തിന്റെ ഓരങ്ങളിലെ എടുപ്പുകളിൽ മഞ്ഞുകണങ്ങൾ തിളങ്ങിക്കൊണ്ടിരുന്നു. ശ്രദ്ധയോടെ കാറോടിച്ചുകൊണ്ടിരുന്ന ഗിൽ ഇടയ്ക്കിടെ ലെനിനെ നോക്കി. കഴിയുന്നത്രനേരം നഗരവഴികളിലേക്കു നോക്കിയിരിക്കാൻ ആഗ്രഹിക്കുന്ന ലെനിന്റെ കണ്ണുകൾ.

തുല്യ അകലത്തിൽ സ്ഥിതിചെയ്യുന്ന ഏഴ് കൂറ്റൻ കെട്ടിടങ്ങളിലൊന്നിന്റെ മുന്നിൽ വണ്ടിനിർത്താൻ ലെനിൻ ആവശ്യപ്പെട്ടതല്ല. അവിടെയെത്തിയപ്പോൾ അറിയാതെ ബ്രേക്കിൽ വിരലമർന്നതാണ്. പതിവില്ലാത്ത ശബ്ദത്തോടെ കാർ വഴിയോരത്ത് നിന്നു.
അതൊരു സ്കൂളാണ്. പാറാവുകാരന്റെ സിമന്റുകൊണ്ടുള്ള ഇരിപ്പിടം ശൂന്യമായി കിടക്കുന്നു. കസേരയിൽ ചുരുട്ടിമടക്കിവച്ച ഒരു കമ്പിളിയും. ഒരു ടോർച്ചുമിരുപ്പുണ്ട്. കാറിൽ നിന്നിറങ്ങിയ ലെനിൻ ആ കസേരയിൽ ചെന്നിരുന്നു. എന്താണ് ആളിന്റെ ഉള്ളിലിരുപ്പെന്നറിയാതെ തൊട്ടരികെ ഗില്ലും.
പാറാവുകാരൻ തീർച്ചയായും ലെനിനെ തിരിച്ചറിയും. അങ്ങനെ സംഭവിച്ചാൽ തൊട്ടടുത്ത ദിവസം മുതൽ ലെനിന് കൂടുതൽ സുരക്ഷയെന്നപേരിൽ മറ്റുപല നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തും. അതോർത്ത ഗിൽ അനുനയത്തിൽ ലെനിനെ കാറിലേക്കു കയറാൻ ക്ഷണിച്ചു.
'ഈ തണുപ്പത്തിരുന്നാൽ ശ്വാസം മുട്ടൽ അധികമാകും'.

അത്ഭുതത്തോടെ സന്ദർശകർ നോക്കി നില്ക്കാറുള്ള ആകാശം മുട്ടെ ഉയർന്നുനില്ക്കുന്ന കെട്ടിടത്തിന്റെ നിഴലിലേക്കു ഗിൽ മാറിനിന്നു. തൊട്ടപ്പുറത്തുള്ള സ്തൂപത്തിൽ ചാരിയിരുന്ന് കൂർക്കം വലിക്കുന്ന പാറാവുകാരൻ. ആൾ പെട്ടെന്നുണരാതിരിക്കാൻ എന്താണൊരു പോംവഴിയെന്ന് ആലോചിക്കുമ്പോഴാണ് പേടിപ്പെടുത്തുന്ന ഏതോ സ്വപ്നം കണ്ടെന്നപോലെ അയാൾ പിടഞ്ഞെണീറ്റത്.

പാറാവുകാരൻ അടുത്തെത്തും വരെ ലെനിൻ ആ കസേരയിൽ തന്നെ ഇരിക്കുമെന്നാണ് ഗിൽ കരുതിയത്. ഭാഗ്യം; അതുണ്ടായില്ല. തണുത്തുവിറച്ച് നടന്നുവരുന്ന പാറാവുകാരൻ കണ്ണിൽ പെട്ടതോടെ ലെനിൻ കാറിനടുത്തേക്ക് തിടുക്കത്തിൽ നടന്നു. ഡോർ തുറന്ന് കയറിയപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിലേക്ക് വന്നിരുന്ന ഗിൽ കാർ മുന്നോട്ടെടുത്തു. എന്തോ സംഭവിക്കരുതാത്തതു സംഭവിച്ചെന്ന മട്ടിൽ പാറാവുകാരൻ കാർ കടന്നു പോയ വഴിയിലേക്കു നോക്കിനിന്നു. ഒന്നു രണ്ടു തവണ തിരിഞ്ഞുനോക്കിയ ഗില്ലിനെ നോക്കി ലെനിൻ ശബ്ദം താഴ്ത്തി പറഞ്ഞു: 'നമ്മൾ പാവത്തിന്റെ ഉറക്കം കെടുത്തി.'

കാർ വേഗതയിലെത്തിയപ്പോഴാണ് പാളിപ്പോക്ക് ഗിൽ ശ്രദ്ധിച്ചത്. ഇടതുവശത്തെ ടയർപൊട്ടി വീൽ റോഡിലുരഞ്ഞ് തീ പാറുന്നതുപോലെ തോന്നി. ഇറങ്ങി നോക്കുമ്പോൾ മുന്നോട്ടുപോകാനാവാത്തവിധം ടയർ താറുമാറായിരിക്കുന്നു.

'ഇടതുവശത്തെ ടയർ പൊട്ടി’, ലെനിൻ ചില നേരങ്ങളിൽ പറയാറുള്ള പ്രവചനസ്വഭാവമുള്ള സംഭാഷണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ വാചകം. കണ്ണടച്ചിരുന്ന ലെനിൻ അത്രനേരവും നടന്നതൊന്നും കാണുന്നുണ്ടായിരുന്നില്ല.

'പതുക്കെ മതി ഗിൽ എനിക്കൊരു തിരക്കുമില്ല'

ചിരിയോടെ ഗിൽ ഡിക്കിയിൽനിന്നും ടൂൾബോക്സ് തുറന്ന് കാറിന്റെ ഇടതുവശത്തേക്ക് നടന്നു.

'ഒന്നു മയങ്ങാൻ നേരമുണ്ട്', ഗിൽ പറഞ്ഞു. അതിനുമുമ്പേ താറുമാറായ ഇടതുടയറിന്റെ തൊട്ടരികെ മുട്ടുകാൽ ഊന്നി ലെനിൻ ഇരുപ്പുറപ്പിച്ചിരുന്നു.
സ്പാനർ, പ്ലയർ തുടങ്ങിയവ ഓരോ ഉപകരണവും നിലത്തേക്ക് നിരത്തിവെച്ചതും ലെനിനാണ്. കനമുള്ള ഒരു തൂവാല പലതായി മടക്കി നിലത്തു വിരിച്ചു. ഗിൽ താഴ്ന്നിരുന്ന് ടയർ അഴിച്ചെടുക്കുന്നതും പുതിയ ട്യൂബിൽ കാറ്റ് നിറയ്ക്കുന്നതുമൊക്കെ നോക്കിയിരിക്കുകയാണ് ലെനിൻ. അകലെ കൂടി കുറച്ചുകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചും അതിനെക്കാൾ ഉച്ചത്തിൽ പാട്ടുപാടിയും കടന്നുപോകുന്നതു കാണാം. അവരെ നോക്കിയശേഷം ലെനിൻ പറഞ്ഞു: 'അവർ നമ്മെക്കാൾ മെച്ചമായി ജീവിക്കും. നമ്മൾ സഹിക്കേണ്ടിവന്നതൊന്നും അവർ അറിയുകയില്ല. അവരുടെ ജീവിതം കഠിനമായിരിക്കുകയില്ല'.

ലെനിന്റെ കണ്ണുകൾ തിളങ്ങി. പുതിയ തലമുറ, ഏറ്റവും പുതിയ തലമുറ; അവരിൽ തനിക്ക് അത്യധികമായ പ്രതീക്ഷയുണ്ടെന്നും അതാണ് തന്നെ ഈ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹമുള്ളവനാക്കുന്നതെന്നും ലെനിൻ പറഞ്ഞു.

'അതെന്താ അങ്ങനെയൊരു നിരീക്ഷണം?' ഗിൽ ഒരു നട്ട് അഴിച്ച് കടിച്ചുപിടിച്ചശേഷം ചോദിച്ചു. മനസ്സിലായില്ല എന്ന മട്ടിൽ നോക്കിയ ലെനിനോട് ഒരിയ്ക്കൽകൂടി അതേ ചോദ്യം ഗിൽ ചോദിച്ചു. ഉത്തരം പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്ത ലെനിൻ ഗില്ലിന്റെ ചുമലിൽ സ്നേഹപൂർവ്വം കൈവച്ചു.

'ചരിത്രപ്രാധാന്യമുള്ള ഒരു ജോലി നിറവേറ്റുന്നതിൽ നമ്മുടെ തലമുറ വിജയിച്ചിരിക്കുന്നു. നമ്മൾ സഹിച്ച സാഹചര്യങ്ങളും അതിജീവിച്ച ചില കാഠിന്യങ്ങളും തിരിച്ചറിയപ്പെടും. അതുമുഴുവനും ഭാവിയിൽ രേഖപ്പെടുത്താതിരിക്കാനാവാത്തതായി മാറും.'

(*ലെനിൻ - 1870-1924.
മാർക്സിം ഗോർക്കി - 1868- 1936).

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments