ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 23:
അമ്മയുടെ മരണം

അത്രനാളും  അനുഭവിച്ചിട്ടില്ലാത്തൊരു പതര്‍ച്ച ഇല്ലിച്ച് അനുഭവിക്കുന്നുണ്ടെന്നു തോന്നിയ ക്രൂപ്സ്കയ ആ കൈകളില്‍ മുറുകെ പിടിച്ചു. ഇല്ലിച്ച് വീണ്ടും വീണ്ടും പ്രിയപ്പെട്ട അമ്മയുടെ മകളെ തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തി.

ണുപ്പുരാത്രികള്‍ ഇല്ലിച്ച് ഇഷ്ടപ്പെട്ടില്ല. പുതച്ചുമൂടിക്കിടന്നുറങ്ങുന്നവര്‍ക്ക് രോമക്കുപ്പായവും പുതപ്പും ചെറിയ ചൂടുപകരും. അക്ഷീണമായി പ്രയത്നിക്കുന്നവര്‍ക്ക്, സ്വന്തം ഭാഗധേയം വാതില്ക്കല്‍ വന്ന് കര്‍മ്മത്തെ നോക്കി നില്ക്കുകയാണെന്നു തോന്നുന്നവര്‍ക്ക് കൊടും ശൈത്യം അലോസരവും അസഹനീയവുമാകും. തലച്ചോറിലേക്ക് വന്നലയ്ക്കുന്ന നിസ്സഹായരായ മനുഷ്യരുടെ നിലവിളിയും, അവരെ ആ നിലവിളിയിലേക്കെടുത്തെറിയുന്നവരുടെ നോട്ടവും. അവ ഒന്നൊന്നായി വരിഞ്ഞുമുറുക്കുന്ന രാത്രികളും പകലുകളും. വര്‍ഷമിത്ര കഴിഞ്ഞിട്ടും മക്കാ എന്ന പുരോഹിതന്റെ സംഭാഷണവും, സാഷയുടെ സ്നേഹവും അമ്മയുടെ പതിഞ്ഞ കാലൊച്ചയും, പെങ്ങന്മാരുടെ ഉത്ക്കണ്ഠനിറഞ്ഞ കാത്തിരിപ്പുമൊക്കെ മനസ്സിലേക്ക് വന്നുകയറും. ഒന്നിനു പിന്നാലെ മറ്റൊന്നെന്നമട്ടില്‍ അവയോരോന്നും കാറ്റായും മഴയായും രൂപാന്തരപ്പെടും. മനസ്സ് കിടുകിടുക്കും. പെങ്ങളുടെ മുഖം നനഞ്ഞു കുതിരും.


ഇല്ലിച്ചിന്റെ മാറിയിരുപ്പ് ഓര്‍മ്മകളുടെ കൂടുതുറക്കുന്ന രാത്രികളിലാണ് സംഭവിക്കുക. ഏറ്റവും പ്രിയപ്പെട്ടവരോടു മാത്രം പറയാറുള്ള സങ്കടങ്ങള്‍ ഉള്ളു പിളര്‍ക്കുമ്പോള്‍ ആ കണ്ണുകള്‍ കൂമ്പി അടയും. കാലത്തിന്റെ നെടുങ്കന്‍ വാതിലുകള്‍ തുറന്ന് അകത്തു പ്രവേശിക്കുകയും താന്‍ കണ്ടതും അനുഭവിച്ചതുമായ ഖേദങ്ങള്‍ക്കു് കാരണമായതൊക്കെ തച്ചുതകര്‍ക്കുക തന്നെ ചെയ്യുമെന്ന് ആ നേരങ്ങളില്‍ പറയാതെ പറയുന്നതുപോലെ തോന്നും.

1914. വേഷപ്രച്ഛന്നയായി ക്രൂപ്സ്കയ പള്ളിയിലെത്തി. റഷ്യയിലെ പ്രാര്‍ത്ഥനാലയങ്ങളുടെ നിജമറിയാനെന്താണൊരു വഴിയെന്ന് ലെനിന്‍ ചോദിച്ചതിന്റെ തൊട്ടടുത്തദിവസം. പതിവുപോലെ പാതിരിയുടെ ആമുഖവചനങ്ങള്‍ക്കു ശേഷം യുദ്ധത്തെക്കുറിച്ചുള്ള സഭാനിലപാടു വിശദമാക്കാന്‍ തുടങ്ങി. വിശ്വാസികളുടെ മനസ്സില്‍ ലവലേശം ഉത്ക്കണ്ഠയോ ആകുലതയോ അകപ്പെടേണ്ടതില്ലെന്നു പറഞ്ഞ് പാതിരി ഊര്‍ജ്ജസ്വലനായി. എല്ലാം ദൈവഹിതമാണെന്ന് ഇടയ്ക്കും മുറയ്ക്കും അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.


ദൈവത്തിനെതിരെയുള്ള ചിലരുടെ ചിന്തയെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ ചങ്ക് തകരുകയാണെന്ന് കത്തോലിക്കാപാതിരി വിശദമാക്കി. രാജ്യാതിര്‍ത്തികള്‍ കടന്നുകയറുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അനവസരത്തിലുള്ളതാണെന്നും ദൈവരാജ്യം അവര്‍ക്കുള്ളതല്ലെന്നും സുമുഖനായ പാതിരി സമര്‍ത്ഥിച്ചു. രാജ്യത്തോടു് സ്നേഹമുള്ള ഏതൊരു പൗരനും അതിരുകള്‍ യുദ്ധത്തിലൂടെ വികസിപ്പിക്കാന്‍ ശ്രമിക്കുമെന്നും റഷ്യയില്‍ യുദ്ധവിരോധികള്‍ തകര്‍ന്നടിയുമെന്നും അയാള്‍ പ്രത്യാശിച്ചു. പല തവണ കുരിശുവരച്ചു. വിപ്ലവകാരികളെന്നു പറയുന്നവര്‍ റഷ്യയുടെ ജീവജലത്തില്‍ വിഷം കലക്കുകയാണെന്ന് ഏഴുവയസ്സുകാരിയായ അയല്‍ക്കാരി പെണ്‍കുട്ടി പറഞ്ഞത് പാതിരിയുടെ പ്രഭാഷണം കേട്ടതുകൊണ്ടാണെന്ന് ക്രൂപ്സ്കയയ്ക്ക് മനസ്സിലായിരുന്നു.


പള്ളിയും പട്ടക്കാരുമെങ്ങനെയാണ് വിശ്വാസികളെ യുദ്ധത്തിനനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും, അവര്‍ കുട്ടികളുടെ മനസ്സില്‍ പോലും ഭയം കോരിയിടുന്നതെങ്ങനെയെന്നും ക്രൂപ്സ്കയ വിശദമായി അന്നു രാത്രിയില്‍ പറഞ്ഞു. എല്ലാം കേട്ടശേഷം ലെനിന്‍ ചെറുതായൊന്നു ചിരിച്ചു.


"ദൈവഭയമാണ് മതങ്ങളുടെ രക്ഷാകവചം. അവര്‍ ആസൂത്രിതമായി ഭയം മനുഷ്യമനസ്സുകളില്‍ കുത്തിനിറയ്ക്കും. മനുഷ്യരുടെ ജീവിതം തങ്ങളുടെ പൂര്‍ണ്ണനിയന്ത്രണത്തില്‍ തളച്ചിടണമെങ്കില്‍ ആ ഭയമവര്‍ കത്തിച്ചുകൊണ്ടിരിക്കണം. നമ്മുടെ രാജ്യത്തു മാത്രമല്ല എവിടെയും മതം ഒരേ വൃക്ഷത്തിന്റെ പലശാഖകളായാണ് പന്തലിച്ചു നില്ക്കുന്നത്."
ക്രൂപ്സ്കയയ്ക്ക് മതങ്ങളെക്കുറിച്ചുള്ള ലെനിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനായില്ല. കുട്ടിക്കാലത്ത് നിത്യവും കണ്ടിരുന്ന മക്കായുടെ മുഖമായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷവും സഭാവസ്ത്രങ്ങള്‍ക്കുള്ളില്‍ കണ്ടത്. മക്കായുടെ വെറുപ്പുളവാക്കുന്ന വാചകക്കസര്‍ത്തുകളാണ് മറ്റ് പാതിരിമാര്‍ ലെനിന്റെ മനസ്സില്‍ നിക്ഷേപിച്ചത്.
ശാസ്ത്രയുക്തിയിലും തെളിമയിലും ലെനിന്‍ അടിമുടി വിശ്വസിച്ചു. "ദൈവം അദൃശ്യനായി ചുറ്റുവട്ടത്തുണ്ടെന്ന തോന്നല്‍ മനുഷ്യനു നല്കുന്ന കരംപിടിയ്ക്കല്‍ ആശ്വാസം പകരുന്നതാണ്." ഒരു സഭാവിശ്വാസി ബോല്‍ഷെവിക്കായി മാറിക്കൊണ്ടിരിക്കുന്നതിനിടയില്‍ പറഞ്ഞു. ചിരിച്ചുകൊണ്ടാണ് ലെനിന്‍ അയാളോടു മറുപടി പറഞ്ഞത്.
"നോക്കൂ സുഹൃത്തേ, നിങ്ങളെ ദൈവം രക്ഷിക്കട്ടെ" അന്നവിടെ കൂടിയിരുന്നവരൊക്കെ മനസ്സുതുറന്ന് ചിരിച്ചു.


"ദൈവമുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതുപോലൊരു മാനസികസംഘര്‍ഷത്തില്‍ നിങ്ങളെ അകപ്പെടുത്തുമായിരുന്നില്ല. ദൈവം നീതിമാനാണെങ്കില്‍ തീര്‍ച്ചയായും സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ പോലും തയ്യാറാവില്ല. ഭാരം ചുമക്കുന്നവനും വിശക്കുന്നവനുമൊപ്പമാണ് താനുണ്ടാവുകയെന്ന് ദൈവം എത്രയോ തവണ പറഞ്ഞു. ഓരോ ദേശത്തെയും അധികാരദുരമൂത്തവര്‍ അതൊന്നും കേട്ടതായി പോലും ഭാവിക്കുന്നില്ല."
അര്‍ദ്ധവിശ്വാസി ഒന്നു രണ്ടു സംശയങ്ങള്‍കൂടി ചോദിച്ചു.
"ഭൂമിയെയും ഇവിടെയുളള സര്‍വ്വചരാചരങ്ങളെയും ദൈവം എത്രമാത്രം ധ്യാനപ്പെട്ടാണ് സൃഷ്ടിച്ചത്. സംഹരിക്കാനും അതേ ധ്യാനപ്പെടല്‍ മതിയാവില്ലേ?"
ലെനിന്‍ അയാള്‍ക്കരികെയെത്തി. ചുമലില്‍ കൈവച്ച് ശബ്ദംതാഴ്ത്തി പറഞ്ഞു:
"സ്നേഹിതാ, ദൈവമല്ല ഭൂമി സൃഷ്ടിച്ചതെന്നും, മതങ്ങളാണ് അവരുടെ ലാഭവിഹിതത്തിനുവേണ്ടി ഭണ്ഡാരങ്ങള്‍ തുറന്നുവച്ച് കാത്തിരിക്കുന്നതെന്നും നിങ്ങളെ ഞാനെങ്ങനെ പറഞ്ഞുവിശ്വസിപ്പിക്കാനാണ്? കാത്തിരിക്കാം; നിങ്ങളുടെ തലച്ചോറിലൊരു ചെറിയഭാഗത്ത് വിവേകത്തിന്റെ നക്ഷത്രമുദിക്കാന്‍"
അടുത്തുണ്ടായിരുന്നവര്‍ അയാളെ നോക്കി ചിരിച്ചു.
ബല്‍ഷെവിക്കുകളുടെ രഹസ്യയോഗത്തിനിടയില്‍ കൂര്‍ക്കം വലിച്ചുറങ്ങിയ ഒരു വിശ്വാസിയെ മറ്റൊരാള്‍ തട്ടിവിളിച്ചു. പരിസരബോധം വീണ്ടെടുത്ത വിശ്വാസിയോട്; നോക്കൂ, ദൈവം നിങ്ങളെ കരുണാമയനായി നോക്കുന്നതു കണ്ടില്ലേയെന്ന ചോദ്യം കേട്ടപ്പോള്‍ ദൈവമോ, അതൊരു ബൂര്‍ഷ്വാ സങ്കല്പമല്ലേയെന്ന മറുപടി മറ്റുള്ളവരെ കുടുകുടെ ചിരിപ്പിച്ചു. ഏറെ നാള്‍ കഴിഞ്ഞിട്ടും, മതത്തില്‍ നിന്നും ദൈവത്തില്‍നിന്നും മോചിതനായിട്ടും വിശ്വാസത്തെക്കുറിച്ചുള്ള ഏതു ചര്‍ച്ചയിലും മുന്‍ വിശ്വാസി കേന്ദ്രകഥാപാത്രമായി. ഇടയ്ക്ക് അയാള്‍ വിശ്വാസത്തിലേക്കു തിരിച്ചുപോകുമെന്നും ചിലര്‍ക്ക് തോന്നി.

ക്രൂപ്സ്കയ സ്വന്തം മാതാവിനെ കമ്പിളിപ്പുതപ്പുകൊണ്ട് പുതപ്പിച്ചു. അമ്മയെത്തന്നെ നോക്കിയിരുന്നപ്പോള്‍ തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലെ പലതും മനസ്സിലേക്ക് വരാന്‍ തുടങ്ങി.
അമ്മയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നപ്പോള്‍ റഷ്യയിലെ നിരവധി അമ്മമാരുടെ മുഖങ്ങള്‍, അവരുടെ ഗന്ധം, സഹനം - അങ്ങനെ പലതും ഓര്‍മ്മയിലേക്കെത്തി.
ലെനിന്‍ വീട്ടിലുള്ളപ്പോഴൊക്കെ ക്രൂപ്സ്കയയുടെ അമ്മ അടുത്തുചെല്ലും. റഷ്യയെ ഗ്രസിക്കാന്‍ പോകുന്ന വിപത്തുകളില്‍ നിന്നുള്ള മോചനമാര്‍ഗ്ഗത്തെക്കുറിച്ച് വാചാലയാകും. ലെനിന് അതൊക്കെ കേട്ടിരിക്കാനും ഇഷ്ടമായിരുന്നു. ഗോര്‍ക്കിയുടെ അമ്മ വായിക്കുന്നതും, നോവലിലെ ചില കഥാപാത്രങ്ങളെക്കുറിച്ച് ലെനിന്‍ വിവരിക്കുന്നതും കേട്ടുനില്ക്കാന്‍ അമ്മയ്ക്ക് ഇഷ്ടമായിരുന്നു. സ്വന്തം മകനോടെന്നപോലെയുള്ള ഇഴയടുപ്പം അവര്‍ക്കിടയില്‍ നിലനിന്നു. ചിലപ്പോള്‍ ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും നിന്ന് തന്നെ ഒഴിവാക്കുന്നതായി തോന്നിയപ്പോള്‍ ക്രൂപ്സ്കയ അത് പ്രകടിപ്പിച്ചു. അപ്പോള്‍ അമ്മയുടെ മറുപടി:
"നീ കുട്ടിയല്ലേ? ഞങ്ങള്‍ മുതിര്‍ന്നവര്‍ സംസാരിച്ചൊരു തീര്‍പ്പിലെത്തട്ടെ" എന്നായിരിക്കും.
പോലീസ് നിരന്തര റെയ്ഡും കൊടിയ പീഡനവും നടത്തിയിരുന്ന നാളുകളിലാണ് തന്റെ അമ്മയുടെ യഥാര്‍ത്ഥമുഖം ക്രൂപ്സ്കയ കണ്ടത്. ഇത്രമാത്രം ധീരത അമ്മ എവിടെയാണൊളിപ്പിച്ചു വച്ചിരുന്നതെന്ന് അത്ഭുതം തോന്നിയ സന്ദര്‍ഭങ്ങള്‍ പലതുമുണ്ടായി. രഹസ്യപ്പോലീസ് തലകീഴ്മേല്‍ നിന്നു പരതിയാലും കണ്ടെത്താനാവാത്ത വിധം നിയമവിരുദ്ധ ലഘുലേഖകളും പുസ്തകങ്ങളും ഒളിപ്പിക്കുന്നതില്‍ അമ്മയുടെ ഔചിത്യപൂര്‍വ്വമുള്ള ഇടപെടല്‍ കാണേണ്ടതു തന്നെയായിരുന്നു. ജയിലിലുള്ള ബല്‍ഷെവിക്കുകള്‍ക്ക് പാഴ്സലുകളും വിവരങ്ങളും അതതു സമയത്തെത്തിച്ചുകൊടുക്കുന്നതും അമ്മയുടെ ചുമതലയായിരുന്നു. അതൊന്നും ആരും എല്പിച്ചുകൊടുത്തതല്ല. സ്വയം ഏറ്റെടുത്തതാണ്. അതുകൊണ്ടാണ് ഇല്ലിച്ച് അമ്മയുടെ കൈപിടിച്ച് മുത്തം കൊടുക്കാറുള്ളത്. ഇടയ്ക്കിടെ ഇല്ലിച്ച് പറയും:
"അമ്മമാര്‍ മൂന്നും തുല്യമായി എന്റെ മനസ്സു പങ്കിട്ടെടുത്തവരാണ്."
അന്ന് രാത്രി അമ്മ ക്രൂപ്സ്കയയോട് അതീവ രഹസ്യമായി ചോദിച്ചു:
"അല്ല, ഉല്യാനവ് പറഞ്ഞ മൂന്ന് അമ്മമാരില്‍ രണ്ടുപേരെ എനിക്കറിയാം. മൂന്നാമത്തെ ആ അമ്മ ആരാണ്?"
ക്രൂപ്സ്കയയും ആദ്യമൊന്ന് സംശയിച്ചു. സ്വന്തം അമ്മയോടെന്നപോലെയായിരുന്നു ഉല്യാനവ് തന്റെ അമ്മയോടും പെരുമാറിയത്. രണ്ട് അമ്മമാരും പറയുന്നതെന്തും സശ്രദ്ധം കേള്‍ക്കാന്‍ എപ്പോഴും ശ്രദ്ധവച്ചു.
ക്രൂപ്സ്കയ അമ്മയുടെ ചോദ്യത്തിനുത്തരം നല്കാന്‍ വൈകിയില്ല.
"ആ അമ്മയോ അതിലെന്താ ഇത്ര സംശയിക്കാന്‍?" ക്രൂപ്സ്കയ
"എനിക്കൊന്നും പിടികിട്ടിയില്ല" അമ്മ
"അത് ഗോര്‍ക്കിയുടെ അമ്മയല്ലേ?" ക്രൂപ്സ്കയ
"ഓ അതുശരി. ജീവന്‍ തുടിക്കുന്ന രണ്ട് അമ്മമാരും നാഡിമിടിപ്പുള്ള കഥാപാത്രങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരമ്മയും" അമ്മ.

അമ്മയും മകളും നിര്‍ത്താതെ ചിരിച്ചു. ഏതു പിരിമുറുക്കത്തിനിടയിലും സങ്കടങ്ങള്‍ക്കിടയിലും ചിരിക്കാനുള്ള കഴിവ് അമ്മയ്ക്ക് സ്വന്തം. അതു ശീലിക്കാന്‍ തുടങ്ങിയതോടെ തന്റെ ഉള്ളില്‍ ചില നേരങ്ങളില്‍ തോന്നുന്ന പിരിമുറുക്കം അയഞ്ഞുപോകുന്നത് ക്രൂപ്സ്കയ അനുഭവിക്കാന്‍ തുടങ്ങി.
മരണം നിഴല്‍വട്ടത്തേക്ക് വരാന്‍ തുടങ്ങിയത് മനസ്സിലായ മട്ടിലായിരുന്നു അവസാനദിവസങ്ങളിലെ അമ്മയുടെ സംഭാഷണങ്ങള്‍. റഷ്യയിലേക്കെന്നല്ല എവിടേക്കു പോകണമെങ്കിലും മകളും ഇല്ലിച്ചും ഒപ്പമുണ്ടാകണമെന്ന് അമ്മ ആഗ്രഹിച്ചു. അതിനുവേണ്ടി എത്ര ദിവസങ്ങള്‍ ക്ഷമയോടെ കാത്തിരിക്കാനും ഒരുക്കമായിരുന്നു. സ്വയമൊരു മതവിശ്വാസിയാണെന്നും, ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ തന്നെ വന്നു തൊടാറുണ്ടെന്നും ഇടയ്ക്ക് അമ്മ പറയും. അതത്ര ഗൗരവത്തോടെയുള്ള പറച്ചിലായിരുന്നോ അതോ മരുമകനെ ശുണ്ഠിപിടിപ്പിക്കാനായിരുന്നോ എന്ന സംശയം തോന്നിയിട്ടുണ്ട്.
"...യൗവ്വനത്തില്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നെങ്കിലും അതെല്ലാം അസംബന്ധമാണെന്ന് ബോദ്ധ്യമായി" അമ്മ അവസാന നാളുകളിലൊന്നില്‍ പറഞ്ഞു.
ദൈവത്തിന്റെ കരങ്ങള്‍ എവിടെയും നീണ്ടുവരുമെന്നു വിശ്വസിപ്പിച്ച് മതവും പുരോഹിതന്മാരും വിശ്വാസികളെ ചൂഷണം ചെയ്യുകയാണെന്ന് ലെനിന്‍ പറയാറുണ്ട്. അതുകേട്ട് അമ്മ ശരിയാണ്, ഉല്യാനവ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്നുമാത്രം പറഞ്ഞ് അകലങ്ങളിലേക്ക് നോക്കിയിരുന്നു.
മരിച്ചുകഴിഞ്ഞാല്‍ ശരീരം ദഹിപ്പിക്കണമെന്ന് അമ്മ ക്രൂപ്സ്കയയോടു പറഞ്ഞത് വിടവാങ്ങലിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ്. അക്കാര്യം പറഞ്ഞപ്പോള്‍ ഇല്ലിച്ച് അത് കാര്യമായെടുത്തില്ല. മരണം അമ്മയെ തേടിയെത്താറായിട്ടില്ലെന്ന് നാഡിമിടിപ്പു നിലച്ചശേഷവും ലെനിന്‍ കരുതി. ഒറ്റയ്ക്ക് പുറത്തേക്കു നടക്കുമ്പോള്‍ ഇല്ലിച്ച്  അമ്മ ഒട്ടുമിക്കപ്പോഴും നോക്കിയിരിക്കാറുള്ള വിദൂരപ്രദേശത്തേക്ക് പലതവണ നോക്കി. പിന്നെ ആരോടും സംസാരിക്കാന്‍ കഴിഞ്ഞില്ല.
ചൂടാറാത്ത അമ്മയുടെ ചാരവുമായി ഇല്ലിച്ച് നടന്നു. ഒരാള്‍ വന്ന് അതു മറവുചെയ്യേണ്ട സ്ഥലം കാണിച്ചു കൊടുത്തു. അതിനുശേഷം തിരിച്ചുനടക്കുമ്പോള്‍ ഇല്ലിച്ച് ക്രൂപ്സ്കയയെ ചേര്‍ത്തു പിടിച്ചു. 

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments