ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 25
ഇറീനയുടെ ലെനിൻ

ആ ദിവസം പിരിയുംവരെ ക്രിസ്റ്റഫർ കേൾവിക്കാരൻമാത്രമായി. പല കാലങ്ങളിൽ, പല സന്ദർഭങ്ങളിൽ താൻ കേട്ടതും അറിഞ്ഞതുമായ ലെനിനെക്കുറിച്ച് ഇറീന പലതും പറഞ്ഞുകൊണ്ടിരുന്നു. അവയിൽ പലതും ക്രിസ്റ്റഫർ ആദ്യമായി കേൾക്കുന്നവയും.

സൂറിച്ച് പബ്ലിക് ലൈബ്രറിയിലേക്ക് പോകുകയായിരുന്നു അവർ. പ്രഭാതത്തിരക്ക് തുടങ്ങിയിട്ടേയുള്ളൂ. പുതിയ ഏതു സ്ഥലത്തുചെന്നാലും ലെനിൻ ആദ്യം അവിടെ നിലനില്ക്കുന്ന സാമൂഹ്യാന്തരീക്ഷവും, സജീവമായ രാഷ്ട്രീയചർച്ചകളുമെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കും. അതിനേക്കാൾ മുമ്പ്; ഒരിടത്തെത്തുന്നതിനു തൊട്ടുപിന്നാലെ കണ്ടെത്താൻ ശ്രമിക്കുന്നത് സ്ഥലത്തെ പ്രധാന ലൈബ്രറികളായിരിക്കും. ചിലപ്പോൾ എത്തിച്ചേരുന്നിടത്ത് പ്രവർത്തിക്കുന്ന മികച്ച വായനശാലകൾ ഏതെന്നും, അവിടെ ലഭിക്കാനിടയുള്ള പ്രധാനപുസ്തകങ്ങളേതെന്നും ലൈബ്രറിയിലെ നിത്യസന്ദർശകരായ വായനക്കാരുടെ സ്വഭാവമെന്തെന്നും മുൻകൂട്ടി വിവരം ശേഖരിച്ചുവയ്ക്കും.
1916 ജനുവരി 16. സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ഒരു ലഘുഗ്രന്ഥമെഴുതണമെന്ന് ലെനിൻ നിശ്ചയിച്ചു. യുദ്ധത്തിന്റെ രാഷ്ട്രീയവിശകലനം അനിവാര്യമാണെന്നും, അത് ഇടതുപക്ഷത്തിന്റെ കടമയായി സ്വീകരിക്കണമെന്നും തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിശദമാക്കിയതാണ്. റഷ്യൻ ജനതയുടെ ചിന്തയിലേക്ക് ജനാധിപത്യത്തിന്റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും ആശയങ്ങൾ വിതറേണ്ടതുണ്ടെന്നും അത് തന്റെ മസ്തിഷ്കത്തിൽ നിന്നു മാത്രമല്ല പുറത്തുവരേണ്ടതെന്നും ലെനിൻ പറഞ്ഞുകൊണ്ടിരുന്നു.
ആശയപരമായി തനിക്കു സംവാദത്തിലേർപ്പെടാൻ കഴിയുന്നവരുമായി ഏറെ നേരം ലെനിൻ സംസാരിച്ചു. ട്രോട്സ്കിയുമായി യോജിപ്പിനേക്കാളേറെ വിയോജിപ്പിന്റെ വാതിലുകളാണ് തുറന്നുവരുന്നതെന്ന് മനസ്സിലായി തുടങ്ങി. റഷ്യയുടെ രാഷ്ട്രീയഭൂപടത്തിൽ മൗലികമായ ചിന്തകൾ ഏറ്റുമുട്ടുകയും അതിൽനിന്നും ചിതറുന്ന തീത്തരി പുതിയൊരു ലോകസൃഷ്ടിക്കു കാരണമാകുമെന്നും ലെനിൻ നിരന്തരം വിശദമാക്കിക്കൊണ്ടിരുന്നു.
സൂറിച്ചിൽ ഫ്രിറ്റ്സ് പ്ലാറ്റെൻ ലെനിനുമായി വളരെ പെട്ടെന്ന് ആത്മബന്ധത്തിലായി.

സ്വിസ് പ്രസ്ഥാനത്തിന്റെ നേതാവും സെക്രട്ടറിയുമായ ഫ്രിറ്റ്സ് ഏതൊരിടതുപക്ഷക്കാരനും മാതൃകയാക്കാവുന്ന വ്യക്തിയാണ്. സൂറിച്ചിലെ ദിവസങ്ങളിൽ ലെനിൻ സ്വകാര്യസംഭാഷണത്തിൽ പലതവണ ഇതു പറയുന്നത് ക്രൂപ്സ്കയ കേട്ടിട്ടുണ്ട്. ഇനേസ്സക്കെഴുതിയ ഒരു കത്തിലും ലെനിൻ ഫ്രിറ്റ്സിനെ പ്രകീർത്തിച്ചിട്ടുണ്ട്.

യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഒരു വ്യക്തിയല്ല; ഒരവസ്ഥയാണ്. ഒരാൾ സ്വന്തം ജീവിതം മറ്റുള്ളവർക്കായി ഉഴിഞ്ഞുമാറ്റുമ്പോഴാണ് ഇടത്തേക്കു നടന്നു തുടങ്ങുന്നത്. മനുഷ്യഹൃദയത്തിലേക്കാണ് ആ പ്രവേശം. മനസ്സുകളുടെ സമതലങ്ങളിൽ കരുതലിന്റെയോ ആശ്വാസത്തിന്റെയോ അരുവികൾ പുറപ്പെടുവിക്കണം കമ്മ്യൂണിസ്റ്റ്. അങ്ങനെ സംഭവിക്കുമ്പോഴാണ് സ്വയമറിയാതെ ഒരാൾ ഇടതുപക്ഷം ചേരുന്നത്. ഭാരം ചുമക്കുന്ന മനുഷ്യന്റെ ചുവടിൽ നിന്നും ഭൂമിയുടെ തായ്‌വേരിലേക്ക് ഒരു രേഖ തെളിഞ്ഞിട്ടുണ്ടാകും. അത് ചുഴികളിലൂടെയും മലരികളിലൂടെയും ആഴ്ന്നാഴ്ന്ന്  ഭൂമിയുടെ ആഴത്തിലെ ആദ്യജീവബിന്ദുവിൽ ചെന്നു തൊട്ടുനില്ക്കും. അവിടെനിന്നും ദേശങ്ങൾക്കും അതിർത്തികൾക്കുമൊക്കെയപ്പുറം വിലപിക്കുന്ന മനുഷ്യരിലേക്ക് അത് ചെന്നുചേരും.

ക്രൂപ്സ്കയയുടെ ഡയറിയിലെ മേലുദ്ധരിച്ചതുപോലുള്ള ഭാഗങ്ങൾ ആരുടേതാണെന്ന് വ്യക്തമായിരുന്നില്ല. അക്ഷരം ക്രൂപ്സ്കയയുടേതായിരുന്നു. ഒരുപക്ഷേ, ലെനിൻ ചില പ്രത്യേകസന്ദർഭങ്ങളിൽ പറഞ്ഞതാവാം, ഇവയൊക്കെ. അല്ലെങ്കിൽ ട്രോട്സ്കി, റോസാ ലക്സംബർഗ് - അങ്ങനെ ലെനിനുമായി എഴുത്തുകുത്തുകളും കണ്ടുമുട്ടലും നടത്തിയിരുന്നവരാരെങ്കിലും പറഞ്ഞതാവാം. ചില പേജുകളിൽ വളരെ വേഗത്തിൽ എഴുതിയതെന്നു തോന്നിക്കുന്ന നിരീക്ഷണങ്ങളും വിലയിരുത്തലുമൊക്കയുണ്ട്. അത് ക്രൂപ്സ്കയ സ്വയമെഴുതിയിരിക്കണം.

ക്രിസ്റ്റഫർ റീഡ് അത്യന്തം ആകാംക്ഷയോടെ ക്രൂപ്സ്കയയുടെ ഡയറിക്കുറിപ്പുകളുമായി നടന്നു. ഡോ. ഇറീനയെ ക്ലിനിക്കിൽ നിന്നു വിളിച്ചിറക്കി ശാന്തമായ ഒരിടത്തെത്തിക്കണം. അതിനിടയിലേക്ക് മറ്റാരും കടന്നുവരാതെ നോക്കണം. ഇറീനയ്ക്ക് ഈ ഡയറിയെഴുത്തുകളിൽ നിന്നും പലതും കണ്ടെത്താനായെന്നു വരും. അവയിൽ പലതും നോവൽരചനയിൽ വഴിത്തിരിവുകൾ സംഭവിപ്പിച്ചേക്കാമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നു ക്രിസ്റ്റഫർ റീഡിന്.

ഡോ. ഇറീന കഴുത്തറ്റം വെട്ടിനിർത്തിയ സ്വർണ്ണനിറമുള്ള മുടിയിൽ തടവി ആലോചനയിൽ മുഴുകിയിരുന്നു. ലെനിന്റെ ജീവചരിത്രകാരനെന്ന നിലയിൽ ക്രിസ്റ്റഫറിനെ പലയിടങ്ങളിലും കണ്ടിട്ടുണ്ട്. ചിലയിടങ്ങളിൽ ഒന്നിച്ചുപോയിട്ടുമുണ്ട്. അപ്പോഴൊക്കെ ഏറ്റവും ആത്മവിശ്വാസം തോന്നിപ്പിക്കുന്ന മട്ടിലായിരുന്നു സംസാരവും പെരുമാറ്റവും. ലെനിനെക്കുറിച്ച് ആരെന്തു ചോദിച്ചാലും സംശയമേതുമില്ലാതെയുള്ള മറുപടി. വർഷവും മാസവും സമയവും ദിവസവുമൊക്കെ ഓർത്തെടുത്ത് ചോദ്യകർത്താവിന്റെ സംശയത്തിന്റെ തായ്‌വേരുകൂടി മുറിച്ചുമാറ്റിയിട്ടേ ക്രിസ്റ്റഫർ സംസാരം നിർത്തുമായിരുന്നുള്ളൂ.

അങ്ങനെയുള്ള ഒരാൾ എന്തുകൊണ്ടാണ് ലെനിനെക്കുറിച്ചൊരു നോവലെഴുതാൻ തീരുമാനിച്ചതോടെ, ആത്മവിശ്വാസം നഷ്ടപ്പെട്ടവനും സന്ദേഹിയുമായി മാറുന്നത്?
മനഃശാസ്ത്രത്തിൽ നിരവധി വ്യാഖ്യാനങ്ങൾ ഈ അവസ്ഥയെക്കുറിച്ച് പറയുന്നു. മുഖം മനസ്സിന്റെ കണ്ണാടിയെന്നൊക്കെ പറയാമെങ്കിലും അത് പലപ്പോഴും ശരിയായെന്നുവരില്ല. ഒരു ശാസ്ത്രത്തിനും പൂർണ്ണമായി പിടികൊടുക്കാതെ വഴുതിമാറുന്ന ഒന്നാണ് മനസ്സ്. നോവലെഴുത്തിന് ആത്മധൈര്യം ലഭിക്കുന്ന ചില നിർദ്ദേശങ്ങൾ ഡോ. ഇറീനയിൽ നിന്നും പ്രതീക്ഷിച്ചാണ് ക്രിസ്റ്റഫർ  മുറിയിൽനിന്നും പുകയുന്ന കൂടാരത്തിൽ നിന്നെന്നപോലെ പുറത്തേക്കിറങ്ങിയത്.
ഇപ്പോൾ രണ്ടു കാര്യങ്ങളിലാണ് ക്രിസ്റ്റഫറിന്റെ മനസ്സ് തടഞ്ഞുനില്ക്കുന്നത്. ഒന്ന് സൂറിച്ചിൽ ലെനിൻ പരിചയപ്പെട്ട ഫ്രിറ്റ്സെന്ന മനുഷ്യൻ. രണ്ട് ക്രൂപ്സ്കയയുടെ ഡയറിക്കുറിപ്പിലെ അജ്ഞാതകർത്തൃത്വമുള്ള ഉദ്ധരണികൾ. ലെനിൻ സ്വന്തം മനസ്സിലിടം നല്കിയ മനുഷ്യനാണ് ഫ്രിറ്റ്സ്. അയാളിലൂടെ സഞ്ചരിച്ചാൽ നോവലിന് പുതിയ മാനങ്ങൾ കൈവരില്ലേയെന്ന തോന്നലാണ് എഴുത്തിൽ പുതിയ ചോദ്യങ്ങളുയർത്തുന്നത്.

"ജീവിതത്തിൽ നാം പരിചയപ്പെടുന്നവരിലൂടെ, പ്രിയം തോന്നുന്നവരിലൂടെ മറ്റൊരാളെ രേഖപ്പെടുത്താൻ ശ്രമിക്കുന്നത് പൂർണ്ണമായും ശരിയാവണമെന്നില്ല" ഡോ. ഇറീന പറഞ്ഞു.

ആ മറുപടി ക്രിസ്റ്റഫർ പ്രതീക്ഷിച്ചിരുന്നതാണ്. കഴിഞ്ഞ കുറേക്കാലമായുള്ള തന്റെ ഉള്ളുരുക്കങ്ങളെ സാന്നിദ്ധ്യത്തിലൂടെയും സംസാരത്തിലൂടെയും അയച്ചു നയിക്കുന്നത് ഇറീനയാണ്. തന്നേക്കാൾ രണ്ടോ മൂന്നോ വയസ്സധികമുണ്ട്. ചില നേരങ്ങളിൽ ഭൂമിയിൽ താൻ പിറന്നതു തന്നെ ഇറീനയുമായി കണ്ടുമുട്ടാനും ഇണങ്ങാനും പിണങ്ങാനുമൊക്കെയാണെന്നു് ക്രിസ്റ്റഫറിന് തോന്നും. ചിലപ്പോൾ അനുസരണ പഠിപ്പിക്കാൻ പിറന്നവളെന്നും.

"എന്താ ക്രിസ്റ്റഫർ ഇങ്ങനെ നോക്കുന്നത്?" ചിരിയുടെ അകമ്പടിയിൽ ഇറീന ചോദിച്ചു. തന്റെ മനസ്സ് ഇറീനയുടെ കണ്ണുകളിൽ സുതാര്യമാകുന്നതായും ഒളിക്കാൻ ഒരണുമാത്രപോലുമില്ലാതാകുന്നതായും ക്രിസ്റ്റഫറിന് തോന്നി. പരിചയപ്പെട്ട നാൾ മുതൽ ഇറീനയുടെ മുന്നിലെത്തുമ്പോൾ എത്രമാത്രം സുരക്ഷിതനാകുന്നോ അത്രമാത്രം ഗോപ്യതയില്ലാത്തവനുമായി മാറുന്നതും പതിവാണ്.

"ക്രിസ്റ്റഫർ, നോവൽ ഇനിയുമധികദൂരം ഇങ്ങനെ മുന്നോട്ടുപോയതുകൊണ്ട് വായനക്കാർക്ക് എന്തെങ്കിലും പുതിയ തുറസ്സുകൾ തുറന്നുകിട്ടുമെന്നു തോന്നുന്നില്ല. പ്രസാധകനുമായുള്ള കരാർ ഒപ്പിട്ട രാത്രി നമ്മൾ സംസാരിച്ചതൊക്കെ ഞാൻ മറന്നിട്ടില്ല. അന്ന് ക്രിസ്റ്റഫർ പറഞ്ഞതും ഓർമ്മയുണ്ടല്ലോ?" ഡോ. ഇറീന വോദ്ക രുചിച്ച് ഗ്ലാസ് ശബ്ദത്തോടെ മേശമേൽ വച്ചു.

"ഇറീന എന്താണ് പറഞ്ഞുവരുന്നത്?" ക്രിസ്റ്റഫർ ചോദിച്ചു.
"സ്റ്റാലിൻ, ഡോ. ബെക്തറേവ്, സാർ ഭരണകൂടം, ക്രൂപ്സ്കയ, ട്രോട്സ്കി - ഇങ്ങനെ എത്ര ശ്രമിച്ചാലും പുറത്താക്കാനോ, മൂടിവയ്ക്കാനോ കഴിയാത്ത ചില മനുഷ്യരും സന്ദർഭങ്ങളുമുണ്ട് ലെനിന്റെ ജീവിതത്തിൽ. അവരിലൂടെ റഷ്യയുടെ ഒരു കാലഘട്ടത്തെ വിവരിക്കുന്ന ഒരു നോവലാണ് എഴുത്തുകാരൻ ആദ്യം സങ്കല്പിച്ചത്. അതാണ്; അതിന്റെ സാധ്യതയാണ് എന്നെ ആകർഷിച്ചതും." ഇറീന ക്രിസ്റ്റഫറിന്റെ കണ്ണുകളിലേക്ക് നോക്കി.
"പിന്നെന്താണ് സംഭവിച്ചത്?" ക്രിസ്റ്റഫർ റീഡ് ആകുലതപ്പെട്ടു.
"അതുതന്നെയാണ് എന്റെയും സംശയം. ലെനിന്റെ ജീവചരിത്രകാരനെന്നനിലയിൽ ഏറെദൂരം ആ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരാൾ. കെട്ടുകഥകൾക്കും അതിഭാവുകത്വത്തിനുമപ്പുറം ലെനിന്റെ ജീവിതത്തെ തൊട്ടുനിന്നു കാണാനുള്ള കഴിവ് - ഇതൊക്കെയാവണം പ്രസാധകന്റെ ശിരസ്സിൽ ഇങ്ങനെയൊരാശയമുദിക്കാൻ കാരണം. രണ്ടാമതൊരാളുടെ ഇടപെടലില്ലാത്ത ഒരു പ്രസാധനശാല. അതായിരുന്നല്ലോ ആൻട്രി എന്ന ചെറുപ്പക്കാരന്റെ സ്വപ്നം. നീട്ടി വളർത്തിയ മുടിയും ആഴമുള്ള കണ്ണുകളും, വായനയും ചിന്തയും നല്കിയ കരുത്തും അയാളുടെ പ്രത്യേകതയായി ഞാനിപ്പോഴും ഓർക്കുന്നു." ഇറീന ശബ്ദം താഴ്ത്തി പറഞ്ഞു. ക്രിസ്റ്റഫറിന് തടാകക്കരയിലിരിക്കുന്ന പ്രതീതിയാണ് ഇറീനയുടെ മുന്നിലിരിക്കുമ്പോൾ തോന്നാറ്. ജനനത്തിനും മരണത്തിനുമിടയിലെ ജീവിതഖണ്ഡം മുഴുവനായും ഇറീനയ്ക്കൊപ്പം ചെലവിടണമെന്ന സ്വപ്നം ഒരിയ്ക്കൽ ക്രിസ്റ്റഫർ ഇറീനയോടു പറഞ്ഞു.  ചിരി മാത്രമായിരുന്നു മറുപടി.

"നോക്കൂ ക്രിസ്റ്റഫർ, ഒരാണും പെണ്ണും മാത്രമല്ല രണ്ടു ജീവികളാദ്യം കണ്ടുമുട്ടുമ്പോൾ അവയുടെ കണ്ണുകളിൽ നിന്നും ചില കിരണങ്ങൾ പുറപ്പെടും. അവ തമ്മിൽ ഏറ്റുമുട്ടും. ആ മുഹൂർത്തത്തിൽ നിശ്ചയിക്കപ്പെടുന്നതാണ് അവർ തമ്മിലുള്ള ചാർച്ചയും ചാർച്ചക്കേടും."

വിഷയം വഴിമാറാതിരിക്കാനും നോവൽരചന എത്രയും വേഗം തീർക്കുന്നതിനുമുള്ള കുതറൽ ഉള്ളിൽ നടക്കുന്നത് ക്രിസ്റ്റഫർ കേൾക്കുന്നുണ്ടായിരുന്നു.

ഡോ. ഇറീന നാവിൻതുമ്പിൽ നിന്നും പുറപ്പെടാനാഞ്ഞ വാക്കുകളോരോന്നായി വിഴുങ്ങി. ക്രിസ്റ്റഫറിനെ ഏതെങ്കിലും തരത്തിൽ പ്രകോപിപ്പിക്കാതെ നോവൽ രചന അവിചാരിതമായ പാതകളിലൂടെ അവിചാരിതമായ പരിസമാപ്തിയിലെത്തില്ലെന്ന് ഇറീനയ്ക്ക് ഉറപ്പുണ്ടായിരുന്നു. എഴുത്തിന്റെ ദുർഘടസന്ധികളിൽവച്ചാണ് ക്രിസ്റ്റഫർ കാണണമെന്നു പറയാറുള്ളത്. അങ്ങനെയുള്ള കൂടിക്കാഴ്ചയിൽ അപ്രതീക്ഷിതമായ പല വിഷയങ്ങളും സംഭാഷണത്തിൽ കടന്നുവരും. 
അന്നും അത് തന്നെ സംഭവിച്ചു.
(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments