അധ്യായം 26
ഷൂസിനുള്ളിലെ വിരൽ
ലെനിനും ക്രൂപ്സ്കയയും വീട്ടുസാധനങ്ങൾ വാങ്ങി നടന്നു.
‘ഇറച്ചി കഴിക്കണമെന്ന് തോന്നുന്നുണ്ടോ?’, ക്രൂപ്സ്കയ.
‘ഇല്ല’, ലെനിന്റെ മറുപടി പെട്ടെന്നായിരുന്നു.
'വ്ലജിമീർ ഇല്ലിച്ച് ഉല്യാനവ്'
മുഖത്ത് പലഭാവങ്ങൾ വരുത്തുന്നതിനിടയിൽ ലെനിൻ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിനിന്നു. സ്വന്തം പേര് പലതവണ പറഞ്ഞശേഷം തെല്ലൊരിടവേള നൽകി കുറച്ചുകൂടി ഉയർന്ന ശബ്ദത്തിൽ ആ മൂന്നക്ഷരം കൂട്ടിയുള്ള പേര് പതുക്കെ ഉച്ചരിച്ചു, 'ലെനിൻ'.
അതിനുശേഷം ചുമരിൽ തൂക്കിയിരുന്ന ഓവർകോട്ടെടുത്ത് കുടഞ്ഞു. പോക്കറ്റിൽ കൈതിരുകി. ചില കടലാസുകഷ്ണങ്ങൾ പുറത്തെടുത്ത് ചിലത് തിരികെവച്ചു. മറ്റുചിലത് ചുരുട്ടി മുറിയുടെ മൂലയിലെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു, 'ചില്ലി കാശില്ല'.
പിന്നോട്ടുനടന്ന് വാതിൽക്കൽ വരെയെത്തിയ ലെനിന്റെ ചുമലിൽ ഒരു കൈ വന്നുതൊട്ടു. ആ കൈകളിലേക്ക് സ്വന്തം കൈകൾ അമർത്തിവച്ചശേഷം ലെനിൻ പതുക്കെ പ്രിയപ്പെട്ട പേര് വിളിച്ചു: "ക്രൂപ്സ്കയ"
ഇല്ലിച്ച് ചുരുട്ടിപ്പിടിച്ചിരുന്ന കടലാസുതുണ്ട് ക്രൂപ്സ്കയ നിവർത്തിനോക്കി. ട്രോട്സ്കിയുമായി വാദപ്രതിവാദങ്ങൾ നടക്കുന്ന ദിവസമായിരുന്നു അത്. ബൽഷെവിക് പക്ഷത്തിന്റെ നിലപാടു വ്യക്തമാക്കുന്ന കുറിപ്പ് ക്രൂപ്സ്കയ വായിച്ചു.
ട്രോട്സ്കിയുടെ ബുദ്ധിശക്തിയിലും രാജ്യസ്നേഹത്തിലും ആരും സംശയമുന്നയിച്ചില്ല. ജനാധിപത്യത്തെ ക്രമീകരിക്കുന്നതിനുള്ള ശ്രമത്തെക്കുറിച്ചായിരുന്നു ട്രോട്സ്കിയുമായി ഇടതുപക്ഷം രൂക്ഷമായി വിയോജിച്ചത്. വിപ്ലവപൂർവ്വകാലത്തും ശേഷവും വ്യത്യസ്തമായ നിലപാടുകൾ ഏറ്റുമുട്ടുകയും അതിൽനിന്ന് പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കായുള്ള ആലകൾ രൂപപ്പെടുമെന്നുമായിരുന്നു ലെനിന്റെ നിലപാട്. ട്രോട്സ്കിയാണ് സമ്പൂർണശരി എന്നു ചിലർ പറയുന്നതിലും വിശ്വസിക്കുന്നതിലുമൊന്നും ലെനിൻഒട്ടും ഉത്ക്കണ്ഠപ്പെട്ടില്ല. നടന്നുതീർത്ത ചുവടുകളിലേക്ക് നോക്കി നെടുവീർപ്പിടുന്ന പ്രകൃതവുമായിരുന്നില്ല ലെനിന്റേത്. മുന്നോട്ടുപോകുന്ന കാല്പാടുകളിലായിരുന്നു ആ കണ്ണുകൾ ഉന്നംപിടിച്ചത്.
"നമുക്ക് നടക്കാൻ പോയാലോ?" ഇല്ലിച്ച് ഇങ്ങനെ ചോദിച്ചാൽ എത്ര തിരക്കിട്ട കാര്യങ്ങളിൽ വ്യാപൃതയാണെങ്കിലും ക്രൂപ്സ്കയ സമയം നഷ്ടപ്പെടുത്താതെ ഇറങ്ങിനടക്കും. അപ്പോഴും അതുതന്നെ സംഭവിച്ചു.
കോട്ടിന്റെ ഇടബട്ടൺ പൊട്ടിവീണിട്ട് ദിവസങ്ങളായി. സൂറിച്ചിലെ തെരുവുകളിലും ലൈബ്രറിയിലുമൊക്കെ വച്ച് കണ്ടുമുട്ടിയ പരിചിതരിൽ ചിലർ പുതിയ കോട്ട് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞതാണ്. അപ്പോഴൊക്കെ ലെനിൻ അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു,
"ഗ്രാമങ്ങളിലിപ്പോഴും കോട്ട് വാങ്ങാൻ പണമില്ലാത്തവരില്ല എന്ന് ആർക്കറിയാം."
ബുക്കാരിൻ വ്യത്യസ്തമായ രാഷ്ട്രീയനിലപാടുകൾ തുറന്നുപറഞ്ഞു. അത് വേർതിരിഞ്ഞുള്ള ചർച്ചകൾക്ക് കാരണമാകുകയും ചെയ്തു.
നടക്കുമ്പോഴും, സൈക്കിൾ ചവിട്ടുമ്പോഴും മറ്റെല്ലായ്പ്പോഴും ലെനിൻ മറ്റ് മനുഷ്യരുടെ ജീവിതത്തിലേക്കു നോക്കിക്കൊണ്ടിരിക്കും. ചിലരുടെ മുഖം കാണുമ്പോൾ അവരുടെ ജീവിതചര്യയും അവസ്ഥയുമൊക്കെ ഊഹിച്ചുപറയുന്നതും ശീലമായിരുന്നു.
ബുക്കാരിന്റെ ചില അഭിപ്രായങ്ങളോട് വിയോജിക്കുന്ന രാഷ്ട്രീയമാണ് ശരിയെന്ന് ഇടയ്ക്കിടെ ലെനിൻ ഓർമപ്പെടുത്തും.
എതിരെ മോടിയുള്ള കോട്ടും ഷൂസുമൊക്കെ ധരിച്ചുവന്ന ഒരു മാന്യൻ. തൊട്ടുപിന്നാലെ അത്രയൊന്നും പുതുതല്ലാത്ത കാലപ്പഴക്കം തുളവീഴ്ത്തിയ വസ്ത്രവും ചേറ് പിടിച്ച ഷൂസും ധരിച്ചുവരുന്ന മറ്റൊരാൾ. അവരെ രണ്ടുപേരെയും ലെനിൻ മാറിമാറി നോക്കി.
വാടകക്കാർ വാതിലിൽ മുട്ടുതുടങ്ങിയ നാളുകളിലൊന്നിലായിരുന്നു അതെന്ന് ക്രൂപ്സ്കയ കൃത്യമായി ഓർക്കുന്നുണ്ട്. ഇറച്ചി വാങ്ങാൻ പണമില്ലാതെ കടയിൽനിന്നും തിരിച്ചിറങ്ങിനടന്ന ദിവസത്തിനു തൊട്ടുപിന്നാലെയായിരുന്നു അത്. എഴുത്തിൽനിന്നുള്ള ഇല്ലിച്ചിന്റെ ചെറിയ വരുമാനം കൊണ്ട് മാസത്തിന്റെ പകുതി കടക്കാൻ കഴിയാത്ത സൂറിച്ച് ദിനരാത്രങ്ങൾ. ലഭിക്കുന്ന തുകയിൽ മുക്കാൽപങ്കും പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനും യാത്രകൾക്കും റെസ്റ്റോറന്റിലെ സ്വകാര്യസന്ദർശനത്തിൽ ബില്ലൊടുക്കുന്നതിനുമായി ലെനിൻ ചെലവഴിക്കും. എതിരെ വന്നിരിക്കുന്നവരുടെ വിശപ്പും ദാഹവും മാറിയാൽ മാത്രമേ ബുദ്ധി വേണ്ടവണ്ണം പ്രവർത്തിക്കൂ എന്ന് ഇടയ്ക്ക് പറയാറുള്ളതും ക്രൂപ്സ്കയ ഓർത്തു.
ഫെലിക്സ് കോഹന്റെ നേതൃത്വത്തിലുള്ള പ്രവാസി ബെനിഫിറ്റ്സ് ഫണ്ട് ബ്യൂറോയിൽ സെക്രട്ടറിയായി ജോലിക്കു പോകാൻ തുടങ്ങിയ ദിവസം ക്രൂപ്സ്കയയുടെ മനസ്സിലുണ്ട്. ആയാസകരമായ യാത്രയും ജോലിയും തന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നതായിരുന്നു ഇല്ലിച്ചിന്റെ പ്രധാന ആധികളിലൊന്ന്. ശ്വാസംമുട്ടൽ രൂക്ഷമാകാതിരുന്ന സമയത്തായതുകൊണ്ട് പറഞ്ഞ തടസ്സങ്ങളെ ക്രൂപ്സ്കയ തിരുത്താൻ ശ്രമിച്ചു. ആദ്യം വിജയിച്ചെങ്കിലും കോഹന്റെ ഓഫീസ് ജോലികൾ രോഗം വർദ്ധിക്കാൻ കാരണമാവില്ലെന്ന് ഇല്ലിച്ചിന് തോന്നിയിട്ടുണ്ടാകണം. താൻ പറഞ്ഞത് കേട്ടശേഷം ഇല്ലിച്ച് അതെക്കുറിച്ച് അധികം സംസാരിച്ചതുതന്നെയില്ല.
"ആരോഗ്യം നമ്മെ ഉത്ക്കണ്ഠപ്പെടുത്തേണ്ടതുണ്ടോ? പ്രത്യേകിച്ച് അത് നിലനിർത്തണമെങ്കിൽ പണം അത്യന്താപേക്ഷിതമായ സ്ഥിതിക്ക്. മരുന്ന്, ഭക്ഷണം, താമസം - ഇതൊക്കെ ലഭിച്ചാലല്ലേ നമുക്ക് മറ്റുപലതും ചെയ്തുതീർക്കാനാവൂ." ക്രൂപ്സ്കയ വളരെ പതുക്കെയാണ് ഇത്രയും പറഞ്ഞത്.
കോഹന്റെ ഓഫീസിലേക്ക് പുറപ്പെട്ടു. താമസസ്ഥലത്തുനിന്നുമിറങ്ങുമ്പോൾ ഇല്ലിച്ച് എഴുതി പകുതിയാക്കിയ ഒരു ലേഖനം മേശമേൽ നിന്നും പറന്നു് നിലത്തു ചിതറി കിടക്കുന്നത് ക്രൂപ്സ്കയ കണ്ടു. ഉച്ചഭക്ഷണം ടിഫിനിലേക്കെടുത്തു വയ്ക്കുമ്പോഴാണ് 'ഞാൻ സ്റ്റേഷൻ വരെ വരാം' എന്നുപറഞ്ഞ് ലെനിൻ പുറത്തേക്ക് നടന്നത്.
ഏഴെട്ടു പേജുള്ള ലേഖനം ഒരു പുസ്തകത്തിന്റെ താളുകൾ നിവർത്തി ഭദ്രമായി വയ്ക്കുന്നതിനിടെ ക്രൂപ്സ്കയ അവസാന പാരഗ്രാഫിലൂടെയൊന്നു കണ്ണോടിച്ചു. യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ലേഖനത്തിന്റെ അവസാനത്തെ പാരഗ്രാഫ്. വായനക്കാരിൽ ശുഭാപ്തിവിശ്വാസം പകരുന്നൊരു മാന്ത്രികത ലെനിന്റെ ആദ്യകാല പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും ചെറിയ കുറിപ്പുകളിൽപോലും കാണാനായിട്ടുണ്ട്. അത് പുതിയ ലേഖനത്തിലുമുണ്ടെന്ന് ക്രൂപ്സ്കയ പറഞ്ഞപ്പോൾ ലെനിൻ തല തടവിയൊന്ന് നോക്കി.
"ഈ ഷൂസ് വല്ലാതെ പഴകിയിട്ടുണ്ടല്ലോ?" നടപ്പിനിടയിൽ ക്രൂപ്സ്കയ പറഞ്ഞു. ഭാര്യയുടെ ചുമലിൽ പിടിച്ച് ഇടതു ഷൂ ഒന്നുയർത്തി നോക്കിയ ലെനിൻ വീണ്ടും നടന്നു. അടുത്ത തിരിവിലെത്തിയപ്പോൾ എതിരെ വന്ന വെട്ടിത്തിളങ്ങുന്ന പുതിയ ഷൂസ് ധരിച്ച ഒരു കൂട്ടം യുവാക്കളെ കണ്ടപ്പോൾ നിന്നു.
"എന്റെ ഷൂസ് മുമ്പേ നിർമിച്ചതുകൊണ്ടാകണം ആദ്യം തേഞ്ഞുതീർന്നത്"
"അല്ല; അതുകൊണ്ടാവില്ല. അവർ ഇല്ലിച്ചിനെപ്പോലെ കണക്കില്ലാത്ത ദൂരം നടക്കുന്നുമുണ്ടാവില്ല." ക്രൂപ്സ്കയയുടെ മറുപടി കേട്ട ലെനിൻ തെല്ലിട നിശ്ശബ്ദനായി. ഒന്നു ചിരിച്ചു. പിന്നെ ഒരു കഥ പറയാൻ തുടങ്ങി.
‘...നിരന്തരം ദുരിതങ്ങളുടെ പങ്കായം വീശിയ സ്വന്തം ജീവിതത്തെ ആ പാതിരി ഒരിയ്ക്കലും പഴിച്ചില്ല. സഭയുടെ ന്യായപ്രമാണങ്ങളിൽ സംശയാലുവായ അയാൾ ചില സന്ദർഭങ്ങളിൽ സ്വന്തം ആത്മാവിനു ശരിയെന്നു തോന്നിയ ചിലതൊക്കെ ആകസ്മികമായി തുറന്നുപറഞ്ഞു. അന്യരാരുമില്ലാത്ത സ്വകാര്യസദസ്സിൽ വച്ചായിരുന്നു പാതിരിയുടെ അകം പൊട്ടിയൊഴുകൽ. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചില സംശയങ്ങൾ പ്രകടിപ്പിക്കുക മാത്രമല്ല, അതൊരു അസംബന്ധസങ്കല്പമാണെന്ന് പുതിയ തലമുറക്കാരെ അദ്ദേഹം പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.
ഇതിനെല്ലാം കൂടിയുള്ള ശിക്ഷ മെത്രാൻ പാതിരിക്ക് വിധിച്ചു. കാലിന്റെയളവിനെക്കാൾ രണ്ടിഞ്ച് ചെറിയ ഷൂസുകൾ ധരിച്ച് മൂന്നു മാസം ജീവിക്കണമെന്നും തുടർന്നെന്തു വേണമെന്ന് അറിയിക്കാമെന്നുമായിരുന്നു മെത്രാന്റെ ശാസന…’
ക്രൂപ്സ്കയയ്ക്കുള്ള വണ്ടിവന്നതോടെ ലെനിൻ കഥ പറച്ചിൽ നിർത്തി. ശേഷഭാഗം തൊട്ടടുത്ത ദിവസത്തെ നടത്തത്തിൽ മറക്കാതെ പറയണമെന്നുറപ്പു വാങ്ങിയശേഷമാണ് ക്രൂപ്സ്കയ കോഹന്റെ ഓഫീസിലേക്ക് പുറപ്പെട്ടത്.
എന്തായിരിക്കും ഇപ്പോൾ ഇല്ലിച്ച് ആലോചിച്ചിട്ടുണ്ടാവുക? കാലിയായ പോക്കറ്റിൽ ഇരുകൈകളും തിരുകി അപരിചതരോടോ പരിചിതരോടോ എന്നൊന്നും വ്യത്യാസമില്ലാതെ ചെറിയൊരു ചിരി ചിരിച്ച് നടന്നുപോകുന്ന ഇല്ലിച്ച്. ആവശ്യങ്ങൾക്കൊന്നും പണം കയ്യിലില്ലാതെ വരുമ്പോൾ ഏറെ ദൂരം നടന്നോ സൈക്കിളിലോ യാത്ര ചെയ്യാൻ യാതൊരു മടിയുമില്ല പാവത്തിന്.
ക്രൂപ്സ്കയ ബസിലിരുന്ന് ലെനിനുനേരെ കൈവീശി.
അത്ര കായികാധ്വാനമൊന്നുമാവശ്യമില്ലെങ്കിലും കോഹന്റെ ഓഫീസിലേക്കുള്ള പോക്കുവരവും ജോലിയും തന്നെ കൂടുതൽ ക്ഷീണിതയാക്കുമോയെന്ന ആകുലത ഇല്ലിച്ചിനുണ്ടായിരുന്നു. ഏറെ സമയം ചെലവിട്ടെഴുതുന്ന ലേഖനങ്ങളിൽ പലതിനും കടലാസു ചെലവുപോലും ലഭിച്ചിരുന്നില്ല. ആരെങ്കിലും സഹായിക്കാൻ തയ്യാറായാൽ അത് സ്വീകരിക്കാൻ കൂട്ടാക്കുമായിരുന്നുമില്ല.
ഏത് ഔദാര്യത്തിനുപിന്നിലും ചില ഗൂഢമായ ലക്ഷ്യങ്ങൾ അജ്ഞാതമായി നില്ക്കുന്നുണ്ടാവുമെന്ന് ലെനിൻ ഒന്നല്ല പലതവണ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്നുണ്ടെന്നു മനസ്സിലാക്കിയ ഫെലിക്സ് കോഹൻ സാമ്പത്തിക ഞെരുക്കത്തിൽനിന്ന് കുറേയൊക്കെ വിടുതൽ നേടട്ടെയെന്ന് കരുതിയാകണം ഓഫീസ് സെക്രട്ടറിയായി തന്നെ നിയമിച്ചതെന്ന് ക്രൂപ്സ്കയയ്ക്കറിയാം. പണമായോ, വീട്ടുവാടകയടയ്ക്കുന്നതിലോ സഹായിച്ചാൽ ഇല്ലിച്ച് അത് സ്വീകരിക്കില്ലെന്ന് കോഹന് മനസ്സിലായിട്ടുണ്ടാകണം.
ക്രൂപ്സ്കയ വരുമെന്ന് മുൻകൂട്ടി കോഹൻ പാറാവുകാരനെ അറിയിച്ചിരുന്നു. സന്ദർശകബുക്കിൽ പേരെഴുതിയൊപ്പിട്ടശേഷം അകത്തേക്കു നടന്ന ക്രൂപ്സ്കയയെ നോക്കി അയാൾ ചിരിച്ചു.
"ലെനിന്റെ തികഞ്ഞ ആരാധകനാണ് ഞാൻ. അദ്ദേഹത്തിന്റെ ഭാര്യയെന്ന നിലയിൽ താങ്കളോടും ആ ആരാധന തുടരും", പാറാവുകാരൻ പറഞ്ഞു.
മറുചിരി ചിരിച്ച് ക്രൂപ്സ്കയ കോഹന്റെ ഓഫീസ് മുറിയിലേക്കുള്ള ഇടനാഴിയിലൂടെ പതുക്കെ നടന്നു.
പ്രവാസി ബെനിഫിറ്റ്സ് ഫണ്ട് ബ്യൂറോയിലെ ഓരോ ജീവനക്കാരും പ്രകടിപ്പിച്ചത് സ്നേഹവും ആദരവും. ചിലർ ലെനിൻ അടുത്തിടെ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹത്തെ വാനോളം പുകഴത്തി. റഷ്യയുടെ ഭാവി നിശ്ചയിക്കാൻ പോകുന്നതാണ് ലെനിന്റെ രാഷ്ട്രീയനിലപാടെന്ന് ചിലർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സാർഭരണകൂടത്തിലെ ചിലരുടെ ദുഷ്ചെയ്തികളെക്കുറിച്ച് ചിലർ ക്രൂപ്സ്കയയ്ക്ക് രഹസ്യവിവരം നല്കി. ലെനിന്റെ കാതിൽ ഇതൊക്കെ എത്തിക്കണമെന്ന് അവർ ഓർമ്മപ്പെടുത്തുകയും ചെയ്തു.
എന്താണ് നിർവ്വഹിക്കേണ്ട ജോലിയെന്ന് ചോദിക്കാനാണ് ക്രൂപ്സ്കയ ആ മുറിയുടെ വാതിൽക്കലെത്തിയത്. ഇടനാഴിയുടെ അറുതിയിൽ നിന്നും കോഹൻ നടന്നുവന്ന് പുറത്തേക്കു നോക്കിനില്ക്കുകയായിരുന്നു അപ്പോൾ. തിരിഞ്ഞപ്പോഴാണ് ഓഫീസ് മുറിയുടെ മുന്നിൽ പ്രിയ സുഹൃത്തിന്റെ ഭാര്യയെ കണ്ടത്. അതിനുമുമ്പ് പലതവണ കണ്ടിട്ടുണ്ടെങ്കിലും അടുത്തിടപഴകാനുള്ള അവസരമൊത്തുവന്നിട്ടില്ല.
സ്വയം പരിചയപ്പെടുത്താനായി മുന്നോട്ടുനടന്ന ക്രൂപ്സ്കയയ്ക്കു നേരെ കയ്യുയർത്തി കാണിച്ച കോഹൻ ചിരപരിചിത ഭാവത്തിൽ ചിരിച്ചു.
"എന്റെ ഊഹം ശരിയാണെങ്കിൽ ഞാൻ കരുതിയ ആൾ തന്നെയാണ് നിങ്ങൾ", കോഹൻ.
"അതെ, താങ്കൾ ഉദ്ദേശിച്ച ആൾ തന്നെ", ക്രൂപ്സ്കയ.
"വരൂ വരൂ, നിങ്ങൾ എത്തുമെന്നു പറഞ്ഞ സമയമാകുന്നതേയുള്ളൂ", കോഹൻ കൈനീട്ടി. ക്രൂപ്സ്കയ ഹസ്തദാനം നല്കിയശേഷം നിയമനം അറിയിച്ചുകൊണ്ടുള്ള കത്തെടുക്കാൻ ബാഗുതുറന്നു.
ഇരിപ്പിടത്തിലേക്ക് ക്രൂപ്സ്കയയെ കൊണ്ടുപോയതും ജോലികളെക്കുറിച്ച് വിശദീകരിച്ചതുമൊക്കെ കോഹൻ തന്നെയാണ്.
ഒരുമാസത്തെ ശമ്പളം മുൻകൂറായി നൽകാൻ അക്കൗണ്ട്സിൽ പറഞ്ഞശേഷമാണ് കോഹൻ അടിയന്തിരമായി തീർക്കേണ്ട ജോലികളിൽ മുഴുകിയത്.
-ഇതൊക്കെ കേട്ടപ്പോൾ ലെനിൻ ചിരിക്കുക മാത്രം ചെയ്തു. ക്രൂപ്സ്കയയുടെ ഇടതുവശം ചേർന്ന് നടന്ന ഇല്ലിച്ച് ആമുഖമൊന്നുമില്ലാതെ ആ കഥ പറഞ്ഞ് അവസാനിപ്പിച്ചു.
‘‘... മാർക്സിനു ലഭിച്ച ആ ശിക്ഷ പതുക്കെപ്പതുക്കെ അയാൾ ആസ്വദിക്കാൻ തുടങ്ങി. കാൽവിരലുകൾ മുറുകി വേദനിക്കാതെ എന്തെങ്കിലും ചെയ്യാനാവാത്ത അവസ്ഥയിലായി അയാൾ. മറ്റുവേദനകളൊക്കെ മറക്കാൻ വിരലുകൾ ഷൂസിനുള്ളിൽ ഞെരിഞ്ഞ നേരങ്ങളിൽ സാധിച്ചു. ഒരു വേദനയ്ക്ക് മറ്റൊരു വേദനയെ സംഹരിക്കാനാകുമെന്ന് മാർക്സ് പഠിച്ചത് ആ ശിക്ഷാകാലത്താണ്.’’
(തുടരും)