ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 29
ചിത്രങ്ങള്‍

ഏറെക്കാലം കഴിഞ്ഞിട്ടും മറക്കാനായില്ല അല്യോഷയുടെ ആ മെല്ലിച്ച വിരലുകള്‍. വ്രൂബെലിന്റെ ‘ഗന്ധര്‍വ്വനെ’ന്ന ചിത്രം സ്കെച്ച് ചെയ്തുകൊണ്ടിരിക്കുന്ന അല്യോഷ മരണത്തിനു തൊട്ടുമുമ്പ് താന്‍ ഓര്‍ക്കുന്ന ഏഴു മുഖങ്ങളിലൊന്നായിരിക്കുമെന്ന് ദ്രാബ്കിന്‍ ഡയറിയില്‍ എഴുതിയിരുന്നു.

വൈ. ദ്രാബ്കിന്റെ 'കറുത്ത റസ്കുകള്‍' എന്ന കഥ മറക്കാനാവുന്നതല്ല. ലെനിന്റെയും ക്രൂപ്സ്കയയുടെയും മനസ്സില്‍ കുട്ടികളെല്ലായ്പ്പോഴും  ഉല്ലാസഭരിതരായും ആഹ്ലാദചിത്തരായും കാണണമെന്ന സ്വപ്നം പ്രകാശച്ചുറ്റോടെ നിറഞ്ഞുനിന്നു. ദ്രാബ്കിന്‍ ലെനിനും ക്രൂപ്സ്കയയുമായി ഏറെ അടുത്തിടപെടുകയും അവരുടെ ഉള്‍ച്ചൂടനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ അങ്ങനെയൊരു കഥ സംഭവിക്കുമായിരുന്നില്ല.

കുട്ടികളുടെ കളിസ്ഥലമൊരുക്കിയശേഷമാണ് ദ്രാബ്കിന്റെ ശബ്ദം നേരെ വീണത്. അതുവരെ നരേദ്ഷ കന്‍സ്തഞ്ചീനവ്ന ഓരോ ദിവസവും കളിസ്ഥലനിര്‍മ്മാണത്തിന്റെ പുരോഗതിയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. കുട്ടികള്‍ക്കു നല്കിയ കളിപ്പാട്ടങ്ങളും ബ്രഷും ബലൂണുകളുമൊക്കെ എങ്ങനെയുള്ളതായിരിക്കണം, സാധാരണക്കാരായവരുടെ കുട്ടികള്‍ എത്താനിടയുള്ള ഈ കളിയരങ്ങുകളില്‍ എന്തൊക്കെ സജ്ജീകരണങ്ങള്‍ ഒരുക്കണം - ഇതെക്കുറിച്ചൊക്കെ ക്രൂപ്സ്കയയും അന്വേഷിച്ചുകൊണ്ടിരുന്നു.
അന്ന് ക്രൂപ്സ്കയ വീബര്‍ഗ് കൗണ്‍സിലിന്റെ സാംസ്കാരിക - വിദ്യാഭ്യാസവകുപ്പ് അദ്ധ്യക്ഷയായിരുന്നു. നരേഷ്ദ റഷ്യയുടെ ഭാവിയെക്കുറിച്ചും കുട്ടികളുടെ പുറംകാഴ്ചായാത്രകളെക്കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ടിരുന്നത് പലതും ക്രൂപ്സ്കയയുടെ സങ്കല്പങ്ങളാണെന്ന് ദ്രാബ്കിന് തോന്നിയത് വെറും തോന്നലായിരുന്നുമില്ല.

കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഓരോന്നായി ദ്രാബ്കിന്‍ മറിച്ചുനോക്കി. പുറത്ത് മഴ പെയ്തുകൊണ്ടിരുന്ന ഒരു മദ്ധ്യാഹ്നമായിരുന്നു അത്. കുട്ടികളുടെ മനസ്സിലെ റഷ്യന്‍ കാഴ്ചകള്‍, ജീവിതം- ഇതൊക്കെ എങ്ങനെയായിരുന്നെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രങ്ങളൊക്കെ. ഉയരുന്ന പുകച്ചുരുളുകള്‍, വീടുകള്‍, കൈകാലുകള്‍ നിവര്‍ത്തിപ്പിടിച്ച മനുഷ്യരൂപങ്ങള്‍ - ഇങ്ങനെ കുട്ടികള്‍ കണ്ട കാഴ്ചകളാണ് ഓരോ ചിത്രത്തിലും വരച്ചിരുന്നത്.
ദ്രാബ്കിന്‍ അത്ഭുതപ്പെട്ടത് അവസാനം കണ്ട രണ്ടുചിത്രങ്ങളിലൂടെ വീണ്ടും കണ്ണോടിച്ചപ്പോഴാണ്. മറ്റു ചിത്രങ്ങളൊന്നും രണ്ടാമതൊന്നുകൂടി കാണണമെന്ന തോന്നലുണ്ടാക്കിയവയായിരുന്നില്ല. കുട്ടിത്തമുള്ള, സ്വാധീനങ്ങള്‍ ലവലേശമില്ലാത്ത നൈസര്‍ഗ്ഗികമായ വരകളായിരുന്നു അവയില്‍ പലതും.

രണ്ടു ചിത്രങ്ങള്‍ക്കു താഴെ അല്യോഷ കല്യേനവെന്ന് അവ്യക്തമായി രേഖപ്പെടുത്തിയിരുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. കാഴ്ചയെ വലിച്ചടുപ്പിക്കുന്നൊരു മാന്ത്രികത ആ വരികളില്‍ മിഴിവാര്‍ന്നു നിന്നു. ചിത്രങ്ങളില്‍നിന്ന് ചില മാന്ത്രികപ്പറവകള്‍ വെള്ളിമേഘങ്ങളിലേക്ക് പറന്നുപോകുന്നതുപോലെ ദ്രാബ്കിന് തോന്നി. ഇരുചിത്രങ്ങളുടെയും നീലനിറത്തിനുമുകളില്‍ ചിത്രകാരന്‍ ഓരോ സമചതുരം വരച്ചിരുന്നു.
അല്യോഷയുടെ ചിത്രങ്ങള്‍ കണ്ടതു മുതല്‍ വല്ലാത്തൊരു ഭയം ഉള്ളില്‍ തൂങ്ങിനില്ക്കാന്‍ തുടങ്ങി. പൂക്കള്‍ കാഴ്ചയ്ക്ക് മാത്രമല്ല ഉള്ളിലും പല ഭാവങ്ങള്‍ പകരും. അല്യോഷയുടെ ചിത്രപ്പൂക്കള്‍ മറ്റെവിടെയും കാണാത്തവയായിരുന്നു.
സമചതുരമെന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ദ്രാബ്കിന് പിടികിട്ടിയില്ല. അക്കാര്യം അല്യോഷയോടു പറയുന്നതില്‍ യാതൊരു അനൗചിത്യവുമില്ലെന്ന് വിചാരിച്ചതാണ്. പിന്നീടത് വേണ്ടെന്നു വച്ചു. നാണം കുണുങ്ങിയായ അവന്‍ എന്തെങ്കിലും അനുകൂലമായോ പ്രതികൂലമായോ സംസാരിക്കുമെന്ന് പ്രതീക്ഷിക്കാനാവുമായിരുന്നില്ല.
പല വഴികളില്‍ മനസ്സു സഞ്ചരിക്കുമ്പോഴാണ് നരേദ്ഷ സംസാരിച്ചു തുടങ്ങിയത്. എത്രയും പെട്ടെന്ന് അല്യോഷയെ കാണണമെന്നും സംസാരിക്കണമെന്നും നരേദ്ഷ നിര്‍ദ്ദേശിച്ചു.
അവന്റെ വീട്ടിലേക്കു പോകാന്‍ തന്നെ ദ്രാബ്കിന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപോലുള്ള യാത്രകള്‍ പകരുന്ന ഊര്‍ജ്ജവും ചെറുതായിരുന്നില്ല. ചില പുതിയ മനുഷ്യര്‍, ജീവിതം, പ്രകൃതി - ഇങ്ങനെ മനുഷ്യന് നല്ല സ്വപ്നങ്ങള്‍ കാണാനുള്ള പലതും ഭൂമിയില്‍ മറഞ്ഞും തെളിഞ്ഞും കിടക്കുന്നതായി ദ്രാബ്കിന് തോന്നി.  
ഏതുനിമിഷവും ദ്രവിച്ചു നിലം പൊത്താനിടയുള്ള ഒരു കെട്ടിടത്തിന്റെ മുന്നില്‍ നില്ക്കുകയായിരുന്ന ദ്രാബ്കിന്‍ ഒരു കാലൊച്ച കേട്ടു. സമയം സന്ധ്യ കഴിഞ്ഞിട്ടുണ്ടാവണം. ഇരുട്ടിലൂടെ ആരൊക്കെയോ നടന്നുവരുകയും തിരിച്ചുപോകുകയും ചെയ്യുന്നത് വ്യക്തമായി കാണാം. തൊട്ടപ്പുറത്തുനിന്നും കേള്‍ക്കാന്‍ തുടങ്ങിയ ശബ്ദവും ആരവവും ഒരു ചൂതാട്ടകേന്ദ്രത്തെ അനുസ്മരിപ്പിച്ചു. അതേ വഴിയില്‍ ഒരു മദ്യശാലയുണ്ടെന്ന് മനസ്സിലാക്കാന്‍ ഒട്ടും ശ്രമം വേണ്ടിവന്നില്ല.

ഏറെ കാലത്തെ സൗഹൃദത്തില്‍ പ്രചോദിതരായവരെന്ന ഭാവത്തില്‍ ദ്രാബ്കിനും എതിരെ വന്ന ദസ്തയേവ്സ്കിയുടെ മുഖച്ഛായയുള്ള മനുഷ്യനും പരസ്പരം നോക്കിനിന്നു! ആഗതന്‍ പല ഭാവങ്ങളില്‍ ചിരിച്ചു. പിന്നെ പരുഷമായി നോക്കിയശേഷം നടന്നകന്നു.

ഏഴെട്ടുനിലകളുള്ള കെട്ടിടം മുന്നില്‍ പൗരാണികതയുടെ കൂമന്‍ കരച്ചിലോടെ നില്ക്കുന്നു. ചില നിലകളില്‍ നിന്നും ജീവിതത്തിലൊരിക്കലും കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നു. കരമസോവ് സഹോദരന്മാരിലേതെന്നു തോന്നിപ്പിക്കുന്ന ഭാവപ്പകര്‍ച്ചകളോടെ ചില കഥാപാത്രങ്ങള്‍ മരഗോവണിയിറങ്ങി വരുന്നുണ്ട്. ചിലര്‍ ഇടയ്ക്കുള്ള പടവുകളില്‍ നിന്ന് തര്‍ക്കിക്കുകയും പരസ്പരം വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. മറ്റുചിലര്‍ ഏകാന്തതയുടെ തീരത്തെന്നപോലെ ആരെയും ശ്രദ്ധിക്കുകയോ സംസാരിക്കുകയോ ചെയ്യാതെ നടന്നുപോകുന്നു. അതിലൊരു കഥാപാത്രത്തോട് ദ്രാബ്കിന്‍ ചോദിച്ചു:
"അല്യോഷ കല്യേനവിന്റെ വീടേതാണ്?"
മറുപടി പറഞ്ഞത് മുന്നില്‍ നിന്ന കഥാപാത്രമല്ല, ആ കഥാപാത്രത്തെ പിറപ്പിച്ച് വേവുപിടിച്ച ജീവിതത്തിന്റെ കനലടുപ്പിനു മുകളില്‍ ഇറക്കി വിട്ട സ്രഷ്ടാവു തന്നെയാണ്; "ദാ ആ കാണുന്നതാണ് കലേനൊവിന്റെ വീട്. ആ വാതിലില്‍ മുട്ടിയാല്‍ അവന്‍ തന്നെ വാതില്‍ തുറക്കും"
ദ്രാബ്കിന്‍ കേട്ടതതേപടി അനുസരിച്ചു.

തൊട്ടുമുന്നില്‍ കണ്ട വാതിലില്‍ സാവധാനം തട്ടിവിളിച്ചു. അകത്തുനിന്നും ഒരു കുഞ്ഞിന്റെ ഉറക്കം ഭംഗപ്പെട്ടുള്ള കരച്ചില്‍ കേട്ടുതുടങ്ങി. അധികമാകും മുമ്പ് വാതില്‍ തുറന്നു.
ആദ്യം കണ്ണില്‍പ്പെട്ടത് കീറിയ കരിമ്പടത്തില്‍ കിടന്നുറങ്ങുന്ന രണ്ടു കുട്ടികളെയാണ്. ഇളയത് ഇഴഞ്ഞുനീങ്ങി കരിമ്പടത്തിനു പുറത്തെത്തി കൈകാലുകളിട്ട് കുടഞ്ഞ് കരയുകയാണ്. ജനാലപ്പടിയില്‍ പുറത്തേക്കു നോക്കിയിരുന്ന അല്യോഷ തുറന്ന വാതിലിന്റെ ഒരു പാളിയില്‍ പിടിച്ച് ചെറിയൊരു സംശയത്തോടെ നിന്നു. സ്വയം പരിചയപ്പെടുത്തി പലതും ചോദിച്ച് ദ്രാബ്കിന്‍ കല്യേനവിനെ നോക്കിനിന്നു.

പന്ത്രണ്ട് വയസ്സാണ് അല്യോഷയ്ക്ക്. വീബര്‍ഗ് എന്ന ഗ്രാമം വിട്ട് അവന്‍ പുറത്തെവിടെയും പോയിട്ടില്ല. പൂക്കളെക്കുറിച്ചുള്ള അവന്റെ നിരീക്ഷണമാണ് ദ്രാബ്കിനെ ഏറെ അത്ഭുതപ്പെടുത്തിയത്. അത്രനാളും ഒരു പൂവ് അല്യോഷ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല. കഠിനമായ ചൂടും തണുപ്പുമില്ലാത്ത ചില പ്രഭാതങ്ങളിലും ചില സായാഹ്നങ്ങളിലും പൂക്കള്‍ പ്രിയപ്പെട്ട ഗാനങ്ങള്‍ ആലപിക്കുമെന്ന് അല്യോഷ വിശ്വസിച്ചു. യുദ്ധത്തില്‍ പിതാവ് മരണപ്പെട്ടതും അലക്കുജോലി ചെയ്ത് നാലുമക്കളെ പോറ്റുന്ന അമ്മയുമൊക്കെ അല്യോഷയെ വേദനിപ്പിക്കുന്നുണ്ടാകണം. അവന്‍ അതൊന്നും പുറത്തു കാണിച്ചില്ല. സമപ്രായക്കാരെപ്പോലെ സ്കൂളില്‍ പോകാന്‍ കഴിയാത്തതിലോ, ഉല്ലാസകരമായ ബാല്യകാലം നഷ്ടപ്പെടുന്നതിലോ അവന്‍ ഒട്ടും ഖേദിക്കുന്നതായി തോന്നിയതുമില്ല.
അല്യോഷയെക്കുറിച്ചു കേട്ട നരേദ്ഷ കൊന്‍സ്തന്തീനൊവ്നയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും കൈകള്‍ വിറയ്ക്കുകയും ചെയ്തു. അത്രയ്ക്ക് വികാരവായ്പുണ്ടായതെന്താണെന്ന് ദ്രാബ്കിന്‍ ചോദിക്കാനാഞ്ഞതാണ്. പിന്നീടത് വേണ്ടെന്നു വച്ചു. നരേദ്ഷ നിര്‍ബ്ബന്ധപൂര്‍വ്വം പറഞ്ഞതനുസരിച്ച് ദ്രാബ്കിന്‍ മത്തീല്‍ദ ഷെയീന്‍സ്കയയുടെ കൊട്ടാരത്തിലേക്ക് അന്നുതന്നെ പുറപ്പെട്ടു. ആ യാത്രയില്‍ വിസ്മയത്തോടെ നോക്കാന്‍ പ്രേരിപ്പിക്കുന്ന മത്തീല്‍ദയുടെ സൗന്ദര്യവും കൊട്ടാരത്തില്‍ അനുഭവിക്കാന്‍ പോകുന്ന സുഗന്ധവുമൊക്കെയായിരുന്നു മനസ്സില്‍.
സാര്‍ ചക്രവര്‍ത്തി സ്വന്തം വെപ്പാട്ടിക്കു നല്കിയ കൊട്ടാരത്തിലായിരുന്നു അന്ന് പാര്‍ട്ടി കേന്ദ്രക്കമ്മറ്റി ഓഫീസ്. അവിടെയാണ് ലെനിനും സംഘവും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കേട്ടതോടെ ഉള്ളില്‍ വല്ലാത്തൊരാവേശം വെമ്പിത്തുടങ്ങുന്നതുപോലെ ദ്രാബ്കിന് തോന്നി.

പെത്രഗ്രാദിലെ പ്രധാനനിരത്തുകളിലൊന്നില്‍, ചുവരില്‍ ഒരു ചിത്രം പതിച്ചിരുന്നു. കെരന്‍സ്കി പ്രജകളെ അഭിവാദ്യം ചെയ്യുന്ന ആ ചിത്രം വരച്ചതാരെന്ന് ചുവട്ടില്‍ എഴുതിവച്ചിരുന്നില്ല. ഒന്നുറപ്പായിരുന്നു. ഭയഭക്തി ബഹുമാനവും ആരാധനയും കലര്‍ന്ന മനസ്സുള്ള ഒരാളായിരുന്നു ആ ചിത്രരചയിതാവെന്നതില്‍ ഒട്ടും സംശയമുണ്ടായിരുന്നില്ല.
ദ്രാബ്കിന്‍ ചുറ്റും നോക്കി. പലയിടങ്ങളില്‍ കണ്ട ആള്‍ക്കൂട്ടങ്ങളിലെവിടെയെങ്കിലും ലെനിനെ  കാണാനായാല്‍ അല്യോഷ വരച്ച ഈ ചിത്രങ്ങള്‍ കാണിച്ച് പറയേണ്ടതൊക്കെ പറയണമെന്ന് മനസ്സിലുറപ്പിച്ചായിരുന്നു നടപ്പ്.
പെട്ടെന്ന് ദ്രാബ്കിന്‍ ആ കാഴ്ച കണ്ടു. വളരെ അയഞ്ഞ കോട്ടും അവിടവിടെയായി പിഞ്ഞിയ പാന്‍സും ധരിച്ച ഒരു വൃദ്ധന്‍. ക്ഷീണിതവും വിറയാര്‍ന്നതുമായ കൈകളുയര്‍ത്തി ബ്രഷ് ചുവന്ന നിറത്തില്‍ മുക്കിയെടുത്ത് കെരന്‍സ്കിയുടെ പ്രജാസ്നേഹം തുളുമ്പിയ മുഖം മായ്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് വൃദ്ധന്‍ തനിനാടന്‍ തെറിവാക്കുകള്‍ കൊണ്ട് കെരന്‍സ്കിയെ അഭിഷേകം നടത്തി. അന്ന് കെരന്‍സ്കി ആസൂത്രണം ചെയ്ത ആക്രമണത്തെ എതിരിട്ടു രക്തസാക്ഷിയായവരുടെ കൂട്ടത്തില്‍ ആ വൃദ്ധന്റെ പേരക്കുട്ടിയുമുണ്ടായിരുന്നെന്ന് പറഞ്ഞറിഞ്ഞത് ലെനിന്റെ മുന്നിലിരിക്കുമ്പോഴാണ്.  അതുകേട്ട ലെനിന്‍ യാതൊന്നും സംസാരിക്കാതെ ജനാലയ്ക്കല്‍ ചെന്നു നിന്നു. പെത്രഗ്രാദിലെ തൊഴിലാളികളുടെ പ്രതിഷേധമാര്‍ച്ച് അപ്പോഴും തുടരുകയായിരുന്നു.

പുറമെ നേവാനദി ശാന്തമായിരുന്നു. അകം തണുത്തുറഞ്ഞതിനാല്‍ മുകളിലേക്കു വന്നുകൊണ്ടിരുന്ന ശൈത്യച്ചുരുളുകള്‍ വായുവിലുയര്‍ന്നു. അവയില്‍ ചിലത് പീറ്റര്‍ - പോള്‍ ദുര്‍ഗ്ഗത്തിനഭിമുഖമായി നീങ്ങി. പുറത്തുനിന്നും ജനങ്ങളുടെ ആരവം ഇടവിട്ടിടവിട്ട് ഉയര്‍ന്നുകൊണ്ടിരുന്നു.

രണ്ടാം നിലയിലെ വിശാലമായ മുറിയില്‍ പുസ്തകങ്ങള്‍ക്കും മാസികകള്‍ക്കും പത്രങ്ങള്‍ക്കും നടുവിലുള്ള കസേരയില്‍ മറ്റൊന്നും ശ്രദ്ധിക്കാതെ എഴുത്തില്‍ മുഴുകിയിരിക്കുന്ന ലെനിന്‍. ഇടയ്ക്ക് തലയുയര്‍ത്തിയപ്പോള്‍ ദ്രാബ്കിനെ വീണ്ടും കണ്ടു. എഴുതിക്കൊണ്ടിരുന്ന ഒരു ഭാഗം തീര്‍ത്തശേഷം ലെനിന്‍ മുറിയിലൂടെ നടക്കുമ്പോള്‍ ദ്രാബ്കിനെ അഭിവാദ്യം െചയ്തു.
കെറ്റിലില്‍ നിന്നും ചായ രണ്ടു ഗ്ലാസ്സുകളിലേക്ക് പകര്‍ന്നശേഷം ഒരു തകരടിന്നില്‍ നിന്നും കുറച്ച് പൊടിഞ്ഞ റസ്കിന്റെ കഷണങ്ങള്‍ ഒരു പ്ലേറ്റിലേക്ക് കുടഞ്ഞിട്ടു.

"കാണട്ടെ അല്യോഷയുടെ ചിത്രങ്ങള്‍!" ലെനിന്‍
ദ്രാബ്കിന്‍ പൊതിഞ്ഞു സൂക്ഷിച്ച അല്യോഷ വരച്ച ചിത്രങ്ങള്‍ സഞ്ചിയില്‍ നിന്നും പുറത്തെടുത്തു ആകാംക്ഷാപൂര്‍വ്വം ലെനിന്‍ ആ ചിത്രങ്ങളിലേക്ക് നോക്കി. ഓരോ ചിത്രവും കാണുമ്പോള്‍ ആ മുഖം കൂടുതല്‍ കൂടുതല്‍ പ്രകാശമാനമാകുന്നത് ദ്രാബ്കിന്‍ കണ്ടു. മുറിയിലെ റോസ് നിറത്തിലുള്ള പട്ടുതുണികളിലേക്കും വെണ്ണക്കല്ലുകൊണ്ടു തീര്‍ത്ത മച്ചിലേക്കും നോക്കിയശേഷം ലെനിന്‍ എഴുന്നേറ്റു. ഇരുപോക്കറ്റുകളിലും കയ്യിട്ട് മുറിയില്‍ തലങ്ങും വിലങ്ങും നടന്നു.

"ത്‌സാറിന്റെ വെപ്പാട്ടിക്ക് സര്‍വ്വ ആനന്ദങ്ങളും അനുഭവിക്കാം. അതിനുവേണ്ടി അല്യോഷ കാലനോവിനെപ്പോലെയുള്ള കുട്ടികളുടെ ബാല്യം ഹോമിക്കേണ്ടി വരുന്നു" പകയുടെ നാഗശബ്ദമാണ് അപ്പോള്‍ ലെനിനില്‍ നിന്നും പുറത്തുവരുന്നതെന്ന് ദ്രാബ്കിന് തോന്നി. എല്ലാം ശരിയെന്ന ഭാവത്തില്‍ തലയാട്ടിയ ദ്രാബ്കിന്റെ കണ്ണുകളിലേക്ക് ലെനിന്‍ നോക്കി.

... പാവപ്പെട്ട കുട്ടികള്‍ക്ക് പട്ടണം സന്ദര്‍ശിക്കാനുള്ള അവസരമുണ്ടാകണം. അവരെ ഗ്രീഷ്മോദ്യാനം കാണിച്ചുകൊടുക്കണം. നമ്മുടെ കുട്ടികള്‍ക്ക് വായിക്കാന്‍ കഴിയുന്ന മികച്ച കുറേ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഗോര്‍ക്കിയോടു പറയണം. - ഇത്രയുമെഴുതിയ കടലാസ് ലെനിന്‍ ദ്രാബ്കിന് കൊടുത്തു.

ഏറെ തിരക്കുള്ള ദിവസമായിരുന്നു അതെന്ന് ലെനിന്റെ സംഭാഷണത്തില്‍ നിന്നും ദ്രാബ്കിന് മനസ്സിലായി. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ലെനിന്‍ പറഞ്ഞു: "ഞാന്‍ നാളെ ഫിന്‍ലാന്‍ഡിന് പോകും; ഒരാഴ്ചത്തേക്ക്. തിരിച്ചു വന്നാലുടനെ എനിക്ക് അല്യോഷയെ കാണണം"

സമ്മതം മൂളിയശേഷം ദ്രാബ്കിന്‍ പുറത്തേക്കിറങ്ങി. അപ്പോഴും പുറത്ത് തൊഴിലാളികളുടെ ആരവം കേള്‍ക്കുന്നുണ്ടായിരുന്നു.
രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ലെനിന്‍ പെത്രഗ്രാദിലേക്കു മടങ്ങിയെന്ന ദ്രാബ്കിന്‍ അറിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലൊന്നില്‍ രേദ്ഷ കൊന്‍സ്തന്തീ നൊവ്ന കുട്ടികളെയും കൊണ്ട് കാറ്റുകൊള്ളാന്‍ പുറപ്പെടണമെന്നു പറഞ്ഞപ്പോഴും ദ്രാബ്കിന് സംഭവിക്കാന്‍ പോകുന്നതെന്തായിരിക്കുമെന്ന് മനസ്സിലായില്ല.
ഫിന്‍ലാന്‍ഡ് റെയില്‍വേസ്റ്റഷനില്‍ കുട്ടികളുമായെത്തുമ്പോള്‍ അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു. കുട്ടികള്‍ക്ക് ഓരോ കഷണം ചുവന്ന തുണി വിതരണം ചെയ്തു. തുടര്‍ന്ന് നല്ല ചായയും കേക്കുകളും ചാമക്കഞ്ഞിയും സുലഭമായി ലഭിച്ചു. ഇതെല്ലാം ഒളിവിടങ്ങളിലിരുന്ന് ലെനിന്‍ നിര്‍ദ്ദേശിച്ചതാണെന്ന് ഏറെ വൈകിയാണ് ദ്രാബ്കിന്‍ അറിയുന്നത്.
അമ്പതോളം ദരിദ്രരായ കുട്ടികള്‍ക്ക് ആനന്ദത്തിന്റെ ഒരു ദിനമുണ്ടാവണമെന്ന് ലെനിന്‍ നിശ്ചയിച്ചിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് ഒരു തൊഴിലാളിയുടെ കുടിലില്‍ കഴിയുമ്പോഴും മറ്റുള്ളവര്‍ക്ക് അപ്രസക്തമെന്നു തോന്നാനിടയുള്ള ചെറിയ കാര്യങ്ങളില്‍പ്പോലും തന്റെ കണ്ണും കാതുമെത്തണമെന്ന് ലെനിന്‍ വിശ്വസിച്ചു. ഭൂമിയില്‍ ആയിരം പൂക്കള്‍ വിരിയണമെങ്കില്‍ മനുഷ്യമനസ്സില്‍ അതിലേറെ ചെടികള്‍ക്കു് വളരാനുള്ള തണലുണ്ടാകണമെന്നും കരുതി. നാലു മാസങ്ങള്‍ക്കുശേഷം കണ്ടപ്പോഴും ലെനിന്‍ ആദ്യം ചോദിച്ചത് അല്യോഷ്യയെക്കുറിച്ചാണ്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് 1920 ലാണ് മോസ്കോയിലെത്തിയ ദ്രാബ്കിന്‍ അല്യോഷയെ അന്വേഷിച്ചുചെന്നത്. സേനാവിഭാഗത്തില്‍ കംസമോള്‍ അംഗമായി അല്യോഷ കലോനോവ് സ്വയം ചേര്‍ന്നതാണ്. പള്‍ക്കോവയ്ക്കടുത്തുവച്ച് യുനേദിച്ചിന്റെ സംഘവുമായി അവന്‍ പടവെട്ടി മരിച്ചു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments