അധ്യായം 30
ഗോറ പ്രിയപ്പെട്ട ഗോറ
ലെനിൻ പ്രിയപ്പെട്ട രണ്ടു പേരെക്കുറിച്ചെഴുതിയ നിരീക്ഷണങ്ങളെക്കുറിച്ച് യാതൊരു വ്യാഖ്യാനവും നടത്താൻ ഇറീന ശ്രമിച്ചില്ല. അതെന്തുകൊണ്ടാണെന്ന് ക്രിസ്റ്റഫർ ചോദിച്ചതുമില്ല.
എത്രയൊക്കെ വിയോജിച്ചാലും ഗോൾഡൻബർഗ് ഏറെ പ്രിയപ്പെട്ടവനാണ് തനിക്കെന്നും ലെനിൻ രേഖപ്പെടുത്തിയിരുന്നു.
ലെനിനെ കണ്ട നിമിഷം ജനങ്ങൾ ആരവത്തോടെ ഒന്നിളകി. സൈനികരും നാവികരും തിരക്കിനെ വകഞ്ഞുമാറ്റി മുന്നോട്ടുനീങ്ങി. അതിനിടയിൽ നിന്ന ലെനിനും ക്രൂപ്സ്കയയും മറ്റുള്ളവരും ജനങ്ങൾക്കൊപ്പം നടക്കുകയാണ്. പെട്ടെന്ന് ഷ്കെയ്ഡെസെയും സ്കോബ്‌ലവും വന്ന് ലെനിന് ഹസ്തദാനം നല്കി.
'വരൂ', അവർ കാത്തിരിപ്പുമുറിയിലേക്ക് വിരൽചൂണ്ടി നടന്നു. ഒരു വിപ്ലവത്തിലൂടെ കടന്നുപോകാതെ ആർക്കും അതിന്റെ ശക്തിയും സൗന്ദര്യവും ഗാംഭീര്യവും അത്രപെട്ടെന്ന് മനസ്സിലാവില്ലെന്ന് ക്രൂപ്സ്കയയ്ക്ക് അപ്പോൾ തോന്നി.
ഒരു കവചിത വാഹനത്തിലേക്കാണ് ഇല്ലിച്ച് കയറിയത്. കുറേപ്പേർ മറ്റുവാഹനങ്ങളിലും. തൊട്ടുപിന്നാലെ ആഹ്ലാദപൂർവ്വം പിന്തുടർന്ന യുവാക്കളെയും തൊഴിലാളികളെയും നോക്കി ലെനിൻ ചിരിച്ചു.
"സോഷ്യലിസ്റ്റ് വിപ്ലവം നീണാൾ വാഴട്ടെ" തങ്ങളുടെ കൺകണ്ട വിപ്ലവകാരിയുടെ വാക്കുകൾ കേട്ട ജനങ്ങൾ അതിലുമുച്ചത്തിൽ അതേ വാചകം ആവർത്തിച്ചു.
"സോഷ്യലിസ്റ്റ് വിപ്ലവം നീണാൾ വാഴട്ടെ" പല കണ്ഠങ്ങളിൽ നിന്നും ആവേശകരമായ ആ വാക്കുകൾ ഉയരുകയും അവ നഗരച്ചുമരുകളിൽ പ്രകമ്പനം സൃഷ്ടിക്കുകയും ചെയ്തു.
വഴിയുടെ ഇരുപുറവും ആകാംക്ഷനിറഞ്ഞ കണ്ണുകൾ. അഭിവാദ്യ പ്രത്യഭിവാദ്യങ്ങൾ. പാർട്ടിയുടെ കേന്ദ്രകമ്മറ്റി അന്ന് ക്രസെസിൽസ്കോ മൻസിനിലെ ചെറിയ സൗകര്യങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. അവിടെ നടന്ന ചായസൽക്കാരത്തിനിടയിൽ ലെനിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനെത്തിയവരുടെ നീണ്ടനിര അവസാനിക്കാതെ തുടർന്നു.
ക്രൂപ്സ്കയ ഒറ്റയ്ക്കു മാറിനിന്നു. ഒരാൾ എങ്ങനെയാണ് മറ്റുള്ളവരുടെ വിശ്വാസവും പ്രതീക്ഷയും സ്നേഹവും സ്വന്തമാക്കുന്നതെന്ന് പറയാനാവില്ല. അതങ്ങ് സംഭവിക്കുകയാണ്. ജീവിതമെന്ന തുറുങ്കിലേക്ക് പ്രകാശമെത്തിക്കാൻ തനിക്ക് കഴിയുമെന്ന തോന്നലാണ് ലെനിൻ മറ്റുള്ളവർക്ക് പകർന്നത്. ഒരു പകൽനേരം കൊണ്ട് തന്റെ മനസ്സിലേക്കും ഈ മനുഷ്യൻ അതേ പ്രകാശം ഒഴുക്കിവിട്ടത് ക്രൂപ്സ്കയ ഓർത്തു.
സൈനികരും തൊഴിലാളികളും ബാൽക്കണിയിലേക്ക് നോക്കിനിന്നു. ഏതു നിമിഷവും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള ഒരാളെയാണ് അവർ അവിടെ കാണാൻ ആഗ്രഹിക്കുന്നതെന്ന് പരശ്ശതം നോട്ടങ്ങൾ വ്യക്തമാക്കുന്നുണ്ട്.
പെട്ടെന്നൊരാൾ കൈകൾവീശി പ്രത്യക്ഷനാകുന്നത് ജനങ്ങൾ കണ്ടു. ആ സംഭാഷണം തുടങ്ങിയപ്പോൾ ആരവം നിശ്ശബ്ദവുമായി. തങ്ങളുടെ ജീവിതത്തിലേക്കുള്ള പാതകളിൽ വായുവും ജലവും കൊണ്ടുവരുന്ന ഒരാളെയെന്നപോലെയാണ് അവർ ലെനിനെ നോക്കിയത്. ചുറ്റുമുള്ളവർ തന്റെ ചൂണ്ടുവിരലിലേക്കാണ് ശ്രദ്ധിക്കുന്നതെന്നും അവിടെനിന്നും പുതിയ നിശ്ചയങ്ങൾ സംഭവിക്കേണ്ടതുണ്ടെന്നും ലെനിന് അറിയാമായിരുന്നു. ഊണും ഉറക്കവും വെടിഞ്ഞ്; തല പുകച്ച്, ദുർഗ്ഗമപഥങ്ങളിലൂടെ സഞ്ചരിച്ച് മുന്നോട്ടുപോകുന്നത് വിലാപങ്ങളുടെ അർദ്ധരാത്രിയിൽ നിന്നുള്ള ജനങ്ങളുടെ വിടുതലിനുവേണ്ടിയാണെന്ന് ലെനിന് നിശ്ചയമുണ്ടായിരുന്നു.
അവിടെനിന്ന് ലെനിൻ എങ്ങോട്ടാണ് പോയത്? ഡോ. ഇറീന ചോദിച്ചു.
"അന്നാ ഇല്ലിനിഷെയുടെ വീട്ടിലേക്ക്’’, ക്രിസ്റ്റഫർ ക്രൂപ്സ്കയയുടെ ഡയറിക്കുറിപ്പുകളിൽനിന്നും ലഭിച്ച വിവരങ്ങൾ വിശദമാക്കി.
ഇറീനയ്ക്കും ലെനിന്റെ ആ സഹോദരിയെക്കുറിച്ചു കേട്ടു പരിചയമുണ്ടായിരുന്നു. ഇല്ലിച്ച് ഉറങ്ങുന്നതുമുണരുന്നതും, ആദ്യം കാണണമെന്ന് കുട്ടിക്കാലത്തേ നിർബന്ധമുണ്ടായിരുന്നു അന്നയ്ക്ക്. അത് സാധിക്കാതെ വരുമ്പോൾ കരച്ചിൽ തുടങ്ങുന്ന അന്നയെ അനുനയപ്പെടുത്താൻ അമ്മ മേരിയ നന്നേ പണിപ്പെട്ടിരുന്നതായും ഇറീനയോട് അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു.
സ്വന്തം കുട്ടികളെ മാത്രമല്ല അവരുടെ കൂട്ടുകാരെയും കേട്ടുകേൾവിയിലുള്ള കുട്ടികളെയും സ്നേഹിക്കുന്നതായിരുന്നു മേരിയയുടെ പ്രകൃതം - ആത്മഹത്യയ്ക്ക് മൂന്നുദിവസം മുമ്പ് അച്ഛൻ പറഞ്ഞത് ഇറീന മറന്നിട്ടില്ല.
അന്നാ ഇല്ലിനിഷെയുടെ വളർത്തുപുത്രനായിരുന്നു ഗോറ. അവൻ അമ്മാവന്റെ വരവ് ആലോഷിക്കാൻ തീരുമാനിച്ചിരുന്നു. നേരനന്തിരവൻ സ്നേഹിക്കുന്നതിലേറെയായിരുന്നു ഗോറയുടെ കരുതലുകൾ. അവൻ ക്രൂപ്സ്കയയ്ക്കുവേണ്ടി പ്രത്യേകതരം ജ്യൂസ് തയ്യാറാക്കി വച്ചിരുന്നു. പെങ്ങൾ ആങ്ങളയ്ക്കുവേണ്ടി ഒരുക്കിയിരുന്ന മുറിയുടെ മുന്നിൽ ഗോറ ഒരു ബാനർ തൂക്കിയിട്ടു. വെളുത്ത തുണിയിൽ ചുവന്ന അക്ഷരങ്ങൾ: ‘സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’ - ഇതു വായിച്ച് നിശ്ശബ്ദനായി ലെനിൻ ക്രൂപ്സ്കയയുടെ ചുമലിൽ തൊട്ടു. ഗോറയുടെ കവിളത്ത് തട്ടി ലെനിൻ ചോദിച്ചു:
"നിന്റേതാണോ ഈ കയ്യക്ഷരം?"
"അതെ", ഗോറ അഭിമാനത്തോടെ നിന്നു.
"നല്ല കൈപ്പട. നിന്നിൽനിന്നും ഇനിയും പുറത്തുവരേണ്ട ഒരു ചിത്രകാരനുണ്ട്" ഈ സംഭാഷണം കേട്ടുകൊണ്ടാണ് പെങ്ങൾ മുറിയുടെ വാതിൽ തുറന്നുവന്നത്.
"ഗോറ വരയ്ക്കുന്നതൊക്കെ ഒരു പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നെങ്കിലും അവയൊക്കെ ആദ്യം കാണുന്നത് ഉല്യാനവായിരിക്കണമെന്ന് അവന് നിർബ്ബന്ധമുണ്ടായിരുന്നു. എന്നെപ്പോലും അവയൊന്നും കാണിച്ചിട്ടില്ല" അന്ന പറഞ്ഞു.
ഗോറ ബാനറിന്റെ പിന്നിൽ മുഖം മറച്ചു.
"ഇവിടെ വാ. നീ അതൊക്കെ നിന്റെ അമ്മാവന് കാണിച്ചു കൊടുക്ക്" അന്ന പറഞ്ഞു.
അമ്മ വളർത്തുമകനെ വാത്സല്യത്തോടെ ചേർത്ത് പിടിച്ച് വ്ലജിമീറിനോടടുത്തു നിന്നു. അതിനിടയിൽ അപൂർവ്വസുഗന്ധമുള്ളൊരു പുതപ്പ് പെങ്ങൾ ആങ്ങളയുടെ ചുമലിലേക്കിട്ടു.
"നമ്മുടെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മണമാണ് ഈ പുതപ്പിന്", പെങ്ങൾ ആങ്ങളയുടെ താടിക്ക് തടവിക്കൊണ്ടാണത് പറഞ്ഞത്.
തൊട്ടപ്പുറത്തുള്ള ചുമരിൽ മേരിയയും നിക്കളെയേവിച്ചും മറ്റു സഹോദരങ്ങളുമൊന്നിച്ചുള്ള കുട്ടിക്കാലചിത്രം. അതിലേക്കു നോക്കി നിശ്ശബ്ദനായി തണുപ്പുള്ള മുറിയിലേക്ക് നടക്കുംമുമ്പ് ലെനിൻ പറഞ്ഞു; "ഗോറ, നിന്റെ ചിത്രങ്ങളെല്ലാം നാളെ രാവിലെ എനിക്ക് കാണണം."
ശരിയെന്നു തലയാട്ടി സമ്മതിച്ച് അമ്മയ്ക്കൊപ്പം ഗോറ അകത്തെ മുറിയിലേക്കു പോയി.
ഏറെ നാളുകൾക്കുശേഷം വീട്ടിലേക്കു വന്ന പ്രിയപ്പെട്ട സഹോദരനുവേണ്ടി അന്ന ഒരുക്കിയ മുറിയുടെ ഓരോ കോണിലേക്കും ക്രൂപ്സ്കയ നോക്കി. കുട്ടിക്കാലസ്മരണകളെ തിരികെ വിളിക്കുന്ന പല കൗതുകങ്ങളും ആ മുറിയുടെ മുക്കിലും മൂലയിലും കാണാനുണ്ടായിരുന്നു. സാഷ വായിച്ചതും, ഇല്ലിച്ചിന് സ്നേഹത്തോടെയെന്ന് എഴുതിയൊപ്പിട്ടു നല്കിയതുമായ ചില പുസ്തകങ്ങൾ അലമാരയിലടുക്കിവച്ചിരുന്നു. അമ്മ മേരിയയുടെ കണ്ണട, അച്ഛൻ ഇല്യയുടെ ഒരു പേന, ചില വോൾഗാതീര ചിത്രങ്ങൾ, പെങ്ങന്മാർക്കിടയിൽ ഒരു കുട്ടിക്കുറുമ്പനെപ്പോലെ നിൽക്കുന്ന ഇല്ലിച്ച് - അങ്ങനെ ആ രാത്രി മുഴുവൻ നോക്കിയിരിക്കാനും ഇടയ്ക്കൊന്ന് ചിരിക്കാനും നെടുവീർപ്പിടാനും, ക്രൂപ്സ്കയയുടെ കൈവിരൽ ഞെരിക്കാനുമൊക്കെ ഇല്ലിച്ചിനു വക നല്കുന്നത്ര ഗൃഹാതുരതകൊണ്ടാണ് ആ മുറി അലങ്കരിച്ചിരുന്നത്.
തൊട്ടടുത്ത ദിവസങ്ങളിൽ നടക്കേണ്ട ചില രാഷ്ട്രീയ നീക്കങ്ങളുടെ അവസാന മിനുക്കുപണികൾ നടത്തണമെന്നൊക്കെയാണ് ഇവിടേക്ക് വരുമ്പോൾ ലെനിൻ പറഞ്ഞിരുന്നത്. അതൊക്കെ മറന്ന്, ഒരേ കിടപ്പായിരുന്നു ആൾ, ആ രാത്രി മുഴുവൻ. ക്രൂപ്സ്കയ എന്തെങ്കിലുമങ്ങോട്ട് സംസാരിക്കാൻ ശ്രമിച്ചില്ല. നിശ്ശബ്ദതയ്ക്കും മൗനത്തിനും വാചാലതപോലെ വലിയ അർത്ഥമുണ്ടെന്ന് ലെനിനും ക്രൂപ്സ്കയയും തിരിച്ചറിഞ്ഞ രാത്രി കൂടിയായിരുന്നു അത്.
ലെനിനെ കൊട്ടാരത്തിൽ ക്ഷണിച്ചുകൊണ്ടു പോകുമ്പോൾ ക്രൂപ്സ്കയ ദൂരെനിന്നു ശ്രദ്ധിച്ചത് ഗോൾഡൻബർഗിനെയാണ്. ലെനിന്റെ ആത്മസുഹൃത്താണ് അയാൾ. ആശയപരമായി ഇരുപക്ഷത്തു നില്ക്കുമ്പോഴും അവർക്കിടയിൽ ആഴമുള്ള ആദരവും ബഹുമാനവും നിലനിന്നു. ജനാധിപത്യത്തിന്റെ സാദ്ധ്യതകളെയില്ലാതാക്കി ലെനിൻ ആഭ്യന്തരയുദ്ധത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നെന്നായിരുന്നു ഗോൾഡൻബർഗിന്റെ വിമർശനം. അങ്ങനെ പ്ലിഹനോവിന്റെ ദർശനങ്ങളിലേക്ക് നാൾക്കുനാൾ ബർഗ് അടുക്കുകയും ലെനിനോട് പരസ്യമായി വിയോജിക്കുകയും ചെയ്തു. മെൻഷവിക് സംഘാടനത്തിന്റെ മുഖ്യനിയന്ത്രിതാവായി മാറിയ ഗോൾഡൻബർഗ് വ്യക്തിബന്ധത്തിൽ ആശയങ്ങളുടെ ദൂരം പ്രകടിപ്പിച്ചില്ല.
ക്രൂപ്സ്കയ അന്നത്തെ ഡയറിയിൽ രണ്ടുപേരെക്കുറിച്ചാണ് പ്രത്യേകം പരാമർശിച്ചിരുന്നത്; അന്നാ ഇല്ലിനിഷെ, ഗോറ എന്നിവരെക്കുറിച്ചുള്ള ഇല്ലിച്ചിന്റെ ചില നിരീക്ഷണങ്ങളും ആ ദിനാന്ത്യക്കുറിപ്പുകളിൽ കാണാമായിരുന്നു.
... അന്ന ചില പക്ഷികളെപ്പോലെയാണ്. കടലിന്റെ എല്ലാ ക്ഷോഭങ്ങൾക്കു മുകളിലും നിരന്തരം പറക്കും. സ്വയം വിശപ്പോ ദാഹമോ അകറ്റണമെന്നുള്ള ചിന്തയൊന്നുമുണ്ടാവില്ല. ഒടുവിൽ തിരിച്ച് കൂട്ടിലെത്തുമ്പോൾ അവിടമാകെ ഉത്സവാന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്ന പല രുചിയുള്ള മത്സ്യങ്ങളെ ചുണ്ടിൽ കരുതിയിട്ടുമുണ്ടാകും. അസഹ്യമായ ഉള്ളെരിച്ചിലിനെ അവിടെവിട്ട് ഒരു മൂലയ്ക്ക് ഒതുങ്ങിയിരുന്ന് ചിറകുചിക്കും. ചുണ്ടുരയ്ക്കും. ഉറങ്ങും...
ഗോറ ആള് ജഗജില്ലിയാണ്. അവന്റെ ഉത്സാഹവും രാഷ്ട്രീയബോദ്ധ്യങ്ങളും ആരെയും ആകർഷിക്കുന്നതാണ്. അതിനേക്കാളൊക്കെ ആകർഷിച്ചത് ഗോറയുടെ ചിത്രങ്ങളാണ്. അവൻ വരച്ച ഓരോ ചിത്രത്തിലും റഷ്യയുടെ ജീവിതമുണ്ട്. രാഷ്ട്രീയമുണ്ട്. അന്നയ്ക്ക് എന്നെപ്പോലെ തന്നെ മക്കൾ ഉണ്ടായിട്ടില്ല. അതിനുവേണ്ടി ഞാൻ ൈവദ്യശാസ്ത്രാന്വേഷണത്തിനൊന്നും ഇത്രനാളായിട്ടും മുതിർന്നിട്ടില്ല.
അന്ന കാണാത്ത ഡോക്ടർമാർ കുറവാണ്. കഴിക്കാത്ത മരുന്നും വിരളം. പക്ഷേ ഇരുവർക്കും ഫലം ഒന്ന്. ഒന്നുറപ്പാണ്, ഗോറ അന്നയ്ക്ക് നല്ല അനന്തരാവകാശിയാകും.
എന്തുകൊണ്ടാണ് ആ ദിനങ്ങളിൽ മാത്രം ക്രൂപ്സ്കയയുടെ ഡയറിയിൽ ലെനിൻ ചിലത് എഴുതി താഴെ ഒപ്പിട്ടുവച്ചത്? ക്രിസ്റ്റഫർ ചോദിച്ചു.
ഡോ. ഇറീന അതിന് മറുപടി പറഞ്ഞില്ല.
‘…ചില കാര്യങ്ങൾക്കു മുന്നിൽ ആശ്ചര്യപ്പെട്ടുനിന്നിട്ടോ അത്ഭുതം കൂറിയതു കൊണ്ടോ കാര്യമില്ല. ചില ചോദ്യങ്ങൾക്ക് ഉത്തരം തേടിയതുകൊണ്ടുമായില്ല. ചിലത് ചിലപ്പോൾ ചിലയിടങ്ങളിൽ സംഭവിക്കുന്നു. അത്രമാത്രം’ - ഇറീന ജന്മദിനത്തിൽ വാങ്ങി നൽകിയ പുസ്തകത്തിലെഴുതിയ വരികൾ ഓർമ വന്നതോടെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ക്രിസ്റ്റഫറിനു തോന്നിയില്ല.
(തുടരും)