അധ്യായം 31
അകലങ്ങളിലെ നക്ഷത്രം
ലെനിനെ ദൂരെനിന്നു കാണുമ്പോൾതന്നെ സ്റ്റാലിൻ ചിരിച്ചുകൊണ്ട് അടുത്തേക്കുവരിക പതിവുകാഴ്ചയാണ്. ആ സമയത്തുണ്ടാകാറുള്ള വിനയവും ഔപചാരികതയും മറ്റെവിടെയും വച്ച് സ്റ്റാലിനിൽ ആർക്കും കാണാനായില്ല.
നിഗൂഢതയുടെ സമുദ്രചലനങ്ങൾ ആ മുഖത്ത് തെളിഞ്ഞുവരുന്നതും മറ്റുള്ളവർ കണ്ടു.
‘‘റഷ്യയെ കൃത്യമായി രേഖപ്പെടുത്തുകയും ജനങ്ങളുടെ ജീവിതത്തെ ഏറ്റവും ആഴത്തിലേക്കിറങ്ങിച്ചെന്ന് വിശകലനം ചെയ്യുന്നതുമായിരുന്നു ലെനിന്റെ വാക്കുകൾ. അത് പ്രസംഗത്തിലാണെങ്കിലും ലേഖനങ്ങളിലാണെങ്കിലും’’, ഇറീന പറഞ്ഞു.
‘‘അതെ, ആ ഇറുകിപ്പിടിക്കൽ സാധ്യമായതുകൊണ്ടാണ് ജനങ്ങൾ ലെനിന്റെ വാക്കുകളിൽ ഭാവിജാതകം വായിച്ചെടുത്തത്. ഇനി ലെനിന്റെ ആ നാളുകളിലെ പ്രസംഗങ്ങളുടെ ചില ഭാഗങ്ങൾ ശ്രദ്ധിക്കാതെ മുന്നോട്ടുപോകാനാവില്ല. 'The Life of Lenin'- ൽ ക്രൂപ്സ്കയ പരാമർശിച്ചിട്ടുള്ളതാണ് ഇത്’’, ക്രിസ്റ്റഫർ
ക്രിസ്റ്റഫറിന്റെ കണ്ണുകളിലേക്ക് ഇറീന നോക്കി: ‘‘നോക്കൂ, ഓരോ വാചകം പറഞ്ഞു കഴിയുമ്പോഴും ഞാൻ മൂളിയെന്നുവരില്ല. ശ്രദ്ധിക്കുന്നുണ്ടോ എന്ന സംശയത്തിൽ വായനനിർത്തി എന്നെത്തന്നെ നോക്കിയിരിക്കണമെന്നുമില്ല’’.
ഇതുകേട്ട ക്രിസ്റ്റഫർ വായന തുടർന്നു;
... അധ്വാനവർഗ്ഗത്തിന് യുദ്ധത്തിൽ താല്പര്യമില്ലെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പാരമ്പര്യത്താലും കബളിപ്പിക്കലാലും അവർ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴുമവർക്ക് രാഷ്ട്രീയമായ പരിചയമൊന്നുമില്ല. അക്കാരണത്താൽ പ്രശ്നങ്ങൾ ക്ഷമാപൂർവ്വം വിശദീകരിച്ചു കൊടുക്കുകയാണ് നമ്മുടെ ലക്ഷ്യം...
... ഞാനുൾപ്പെടെ നമ്മളിലെ നിരവധിപേർക്ക് ജനങ്ങളെ, പ്രത്യേകിച്ചും സൈനികരെ, അഭിസംബോധന ചെയ്യാൻ അവസരമുണ്ടായിട്ടുണ്ട്. എന്നാൽ വർഗ്ഗതാല്പര്യങ്ങളുടെ വീക്ഷണകോണിലൂടെ എല്ലാം അവർക്ക് വിശദീകരിച്ചു കൊടുത്തിട്ടുപോലും യുദ്ധം അവസാനിപ്പിക്കാനുള്ള നമ്മുടെ നിലപാടിനെക്കുറിച്ച് പൂർണ്ണമായും ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞിട്ടില്ല...
... നിയന്ത്രിക്കാൻ അധികാരം ആവശ്യമാണ്. പെറ്റിബൂർഷ്വാകളുടെ വ്യാപ്തിയേറിയ ജനസമൂഹത്തിനത് മനസ്സിലാവുന്നില്ലെങ്കിൽ അത് വിശദീകരിച്ചു കൊടുക്കാനുള്ള ക്ഷമ നമുക്കുണ്ടാകണം. ഒരു സാഹചര്യത്തിലും നാമവരോട് അസത്യം പറയരുത്...
... ഭൂമിയ്ക്കുമേലുള്ള സ്വകാര്യ ഉടമസ്ഥാവകാശം ഇല്ലായ്മ ചെയ്തേ മതിയാവൂ. ഭൂരിപക്ഷം ജനങ്ങളും അത് ആഗ്രഹിക്കുന്നതിനാൽ നമ്മുടെ ഒന്നാമത്തെ ദൗത്യമാണത്. ആ ലക്ഷ്യം കൈവരിക്കാൻ സോവിയറ്റുകൾ ആവശ്യമാണ്. പഴയ ഉദ്യോഗസ്ഥ ഭരണക്രമത്തിലൂടെ അത് സാധ്യമാവുകയില്ല..."
‘‘...ഉണർവ്വിലെ ഓരോ നിമിഷവും റഷ്യൻ ജനതയ്ക്കുവേണ്ടിയാണ് ഈ മനുഷ്യൻ ജീവിച്ചത്. പിറന്നുവീണ വാക്കുകളും ചിന്തകളുമൊക്കെ ഈ ജനതയ്ക്ക് പ്രയാണരഹസ്യങ്ങൾ പകർന്നുനല്കാൻ വേണ്ടിയായിരുന്നു’’ - ഒരിയ്ക്കൽ ഇറീന ഡയറിയിലങ്ങനെയെഴുതിയത് ക്രിസ്റ്റഫർ കണ്ടിട്ടുണ്ടായിരുന്നു.
1917 മെയ് മാസത്തിലെ ഒരു ദിവസമാണ് ഡയറിയിൽ ക്രൂപ്സ്കയ ലെനിൻ തയ്യാറാക്കിയ മിനിമം പ്രോഗ്രാമിന്റെ രൂപരേഖയെക്കുറിച്ചെഴുതിയിട്ടുള്ളത്.
ക്രൂപ്സ്കയ വാസിലിയേവ്സ്കി ദ്വീപിലേക്ക് പുറപ്പെട്ടത് 1917 ജൂൺ മാസത്തിൽ അതിശൈത്യമുള്ള അള്ളിപ്പിടിച്ച ഒരു പ്രഭാതത്തിലാണ്. പല ദിവസങ്ങളായി വിടാതെ പിന്തുടർന്ന പനി കിടുകിടുപ്പിച്ചപ്പോൾ യാത്ര മാറ്റിവയ്ക്കാൻ ഇല്ലിച്ച് പറഞ്ഞിരുന്നതാണ്.
‘‘വേണ്ട, തീരുമാനം മാറ്റണ്ട ഇല്ലിച്ച്, യാത്രയ്ക്കിടയിൽ പനി അതിന്റെ വഴി കണ്ടെത്തി മാറിപൊയ്ക്കൊള്ളും’’.
ക്രൂപ്സ്കയയുടെ ആത്മവിശ്വാസത്തോടെയുള്ള മറുപടി.
ലെനിൻ യൂണിയൻ ജില്ലാ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചു് ചുരുങ്ങിയ വാക്കുകളിൽ മറ്റുള്ളവരോട് വിശദമാക്കി. ഒരു വ്യക്തിയുടെയുള്ളിലെ മൗലികവ്യഗ്രതകൾക്ക് വിലങ്ങിടരുതെന്ന് മറ്റുള്ളവരോടു പറയുക മാത്രമല്ല, ജീവിതത്തിലത് നടപ്പിലാക്കാനും ലെനിൻ ശ്രമിച്ചിരുന്നു.
വസിലേയ്‌വ്സ്കി ദ്വീപിലെ ട്യൂബ്ഫാക്ടറി തൊഴിലാളികളെ കാണണമെന്നും അവരുടെ രാഷ്ട്രീയവും ജീവിതവും പഠിക്കണമെന്നും ലെനിൻ പറഞ്ഞു. അവിടെയൊക്കെ ഒന്നിച്ചുപോകണമെന്നും തീർച്ചപ്പെടുത്തിയതാണ്. ഇല്ലിച്ചിനൊപ്പം പെട്ടെന്നൊരു യാത്ര സാധ്യമാകില്ലെന്ന് തോന്നിയെങ്കിലും ക്രൂപ്സ്കയ അതു പുറത്തുപറഞ്ഞില്ല.
വസിലിയേവ്സ്കി ദ്വീപിലേക്കുള്ള യാത്രയെക്കുറിച്ചും അവിടെ കണ്ട മനുഷ്യരെക്കുറിച്ചും ക്രൂപ്സ്കയ വിശദമായി ഇല്ലിച്ചിനെഴുതി. ഒപ്പമുണ്ടായിരുന്ന ചിലർ പെത്രഗ്രാദിലേക്ക് മടങ്ങാൻ തിടുക്കം കൂട്ടിയെങ്കിലും അത് ചെവിക്കൊള്ളേണ്ടതില്ലെന്നാണ് ലെനിൻ മറുപടിയിലെഴുതിയത്. ട്യൂബ്ഫാക്ടറി തൊഴിലാളികളുടെ; അതിൽ അധികവും സ്ത്രീകളായിരുന്നു - ജീവിതവും പ്രശ്നങ്ങളും അവസ്ഥയും മനസ്സിലാക്കണമെങ്കിൽ അവർക്കൊപ്പം ജീവിക്കണം. ലെഫെർമെ ഫാക്ടറിയിലെ തൊഴിലാളികളെ ഒരു മാതൃകയായി കണ്ട് കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്. അതിന് അവരുടെയൊപ്പം തെരുവുകളിലും ജാഥകളിലുമൊക്കെ അണിചേരണം. ഏതു തരത്തിലുള്ള മുന്നേറ്റങ്ങളെയാണ് അവർ പിന്തുണയ്ക്കുന്നതെന്ന് മനസ്സിലാക്കണം.
ജില്ലാ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ ദ്വീപിനെ രാഷ്ട്രീയമത്സരങ്ങളുടെ വേദിയാക്കി മാറ്റുന്നതാണ് ക്രൂപ്സ്കയ പിന്നീട് കണ്ടത്. അതെക്കുറിച്ച് ലെനിനെഴുതുകയും അതിനുവന്ന മറുപടിയെക്കുറിച്ചും ക്രൂപ്സ്കയ ഡയറിയിൽ കുറിച്ചിട്ടുണ്ട്. അവ ഓരോന്നായി മറിച്ചുനോക്കിയ ക്രിസ്റ്റഫർ സ്വയം നേരിട്ട ചോദ്യം ലെനിനെക്കുറിച്ചുള്ള നോവലിൽ സാധാരണ കാണാറുള്ള ഒരു സ്ത്രീകഥാപാത്രമായി മാത്രം ക്രൂപ്സ്കയയെ അവതരിപ്പിച്ചാൽ മതിയാകുമോ എന്നതായിരുന്നു. ആ സന്ദേഹം ക്രിസ്റ്റഫർ ഡോ. ഇറീനയോട് പറഞ്ഞു:
‘‘ക്രിസ്റ്റഫർ, ലെനിന്റെ കുട്ടിക്കാലം മുതലുള്ള ജീവിതം ശ്രദ്ധിച്ചാൽ നമുക്കൊന്ന് മനസ്സിലാകും. അത് മറ്റാരിലും അധികം കാണാത്ത ഒരുതരം കാന്തികതയാണ്. അനുയായികളെയെന്നല്ല, എതിരുനില്ക്കുന്നവരെപോലും വശീകരിച്ച് സ്വന്തം നിഴൽവട്ടത്തിനകത്താക്കാനുള്ള ശക്തിയുണ്ട് ആ നോട്ടത്തിനും വാക്കുകൾക്കും’’, ഇറീന.
‘‘ശരിയാണ്. ക്രൂപ്സ്കയയെ കണ്ടുമുട്ടിയ നിമിഷം മുതൽ ലെനിൻ സ്വന്തം ശരീരത്തോടും മനസ്സിനോടും ഒട്ടിച്ചുചേർത്തു വച്ചു ആ പെണ്മയെ’’, ക്രിസ്റ്റഫർ.
‘‘ഒരിയ്ക്കൽ ക്രൂപ്സ്കയ പറഞ്ഞതായി ഒരു കഥയുണ്ട്’’, ഇറീന തുടർന്നു: ‘‘പുസ്തകങ്ങളിലൊന്നും വരാത്ത ഒരു കഥ’’.
‘‘എന്തായിരുന്നു അത്?" ആകാംക്ഷയാൽ ക്രിസ്റ്റഫറിന്റെ കണ്ണുകൾ തിളങ്ങി.
‘‘ആ കഥ ഇങ്ങനെയാണ്’’.
‘‘ലെനിന്റെ അച്ഛൻ ഇല്യ നിക്കളയേവിച്ച് ഒരു മാതൃകാധ്യാപകനായിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിയപ്പെട്ടവൻ. ചുറ്റുവട്ടത്ത് കൂടുതൽ സ്കൂളുകൾ തുടങ്ങുകയും വിദ്യാഭ്യാസത്തിന്റെ മഹത്വം പ്രചരിപ്പിക്കുകയുമാണ് തന്റെ ജന്മദൗത്യമെന്നു വിശ്വസിച്ച സാധുമനുഷ്യൻ.
മക്കായെപ്പോലുള്ള പാതിരിമാരുടെ വക്രതയ്ക്കും ഗോഗ്വാവിളികൾക്കും വിധേയപ്പെടുന്ന ഭർത്താവിനോട് ഭാര്യ മേരിയ അലക്സാണ്ട്നോവിന നിശ്ശബ്ദയായി മാത്രം പ്രതിഷേധിച്ചു. സാഷയ്ക്ക് മാത്രമല്ല മറ്റുമക്കൾക്കൊന്നും മക്കായെ ഇഷ്ടമായിരുന്നില്ല. മേരിയ അവർക്കു പറഞ്ഞുകൊടുത്തത് പിതാവിന് വേദനയുണ്ടാക്കുന്നതൊന്നും മക്കളിൽ നിന്നുണ്ടാകരുതെന്നാണ്.
ഒരു ഡോക്ടറുടെ മകളായ മരിയായെപ്പോലൊരമ്മയെ ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് ഇല്ലിച്ച് ക്രൂപ്സ്കയയോടു പലപ്പോഴും പറഞ്ഞിട്ടുണ്ട്’’.
ഇറീന കഥ പറഞ്ഞുനിർത്താൻ തുടങ്ങി.
“ഇത് കേവലമൊരു കഥയല്ലല്ലോ. ലെനിന്റെ കുട്ടിക്കാലജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്ന ആരും കേൾക്കാനിടയുള്ള വസ്തുതകളല്ലേ ഇവയൊക്കെ?" ക്രിസ്റ്റഫർ ഇറീനയെ ചൊടിപ്പിക്കും മട്ടിൽ പറഞ്ഞു.
പ്രകോപിതയാകുമ്പോഴാണ് ഇറീന ഉണർവ്വുള്ളവളായി തന്റെ സർഗ്ഗാത്മകത പുറത്തെടുക്കുന്നതെന്ന് ക്രിസ്റ്റഫറിനറിയാമായിരുന്നു.
ക്രിസ്റ്റഫറിന്റെ ശ്രമം മനസ്സിലാക്കിയ ഇറീന ആ കഥ തുടർന്നു: "ലെനിൻ ഒരമ്മക്കുട്ടിയായിരുന്നു. സാർ ചക്രവർത്തിമാരോടും പുരോഹിതന്മാരോടുമൊക്കെയുള്ള കലി അധികം തികട്ടിവരുന്നത് മക്കാ എന്ന ആ മനുഷ്യന്റെ മുഖം ഓർമ്മവരുമ്പോഴാണെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. മക്കാ മദ്യപിച്ചു ലക്കുകെട്ട രാത്രികളിൽ ജനാലയ്ക്കലിരുന്ന് അമ്മ േമരിയ അച്ഛനെ നോക്കുന്ന നോട്ടം എത്രകാലം കഴിഞ്ഞാലും മറക്കാനാവുന്നതല്ലെന്ന് പറഞ്ഞ് ലെനിൻ കൈഞെരിക്കുകയും പല്ലു ഞറുമ്മുകയും ചെയ്യുമായിരുന്നു’’.
ക്രൂപ്സ്കയയുടെ ഡയറിക്കുറിപ്പുകളിലില്ലാത്ത ചിലതു കേട്ടതോടെ ക്രിസ്റ്റഫറിന് ആവേശമായി. ഇനിയും ഇറീന പലതും പറഞ്ഞെന്നിരിക്കും. അത് നോവലിനെ കൂടുതൽ ജീവസ്സുറ്റതാക്കുമെന്നും ക്രിസ്റ്റഫർ പ്രതീക്ഷിച്ചു. പക്ഷേ പിന്നീടൊരക്ഷരമുരിയാടാതെ വോൾഗയിലെ കുഞ്ഞലകൾ നോക്കി ഇറീന ഒരേ ഇരുപ്പിരുന്നു.
1917- ലെ ഒരു രാത്രി. യുദ്ധവും വിപ്ലവവും സൃഷ്ടിച്ച സാമൂഹ്യമാറ്റങ്ങളെക്കുറിച്ചുള്ള ആലോചനകളുമെഴുത്തുമായി ലെനിൻ മുറിവിട്ടിറങ്ങാത്ത നാളുകളിലൊന്നായിരുന്നു അത്. തൊഴിലാളികളും സൈനികരുമായ നാല് ലക്ഷത്തോളം പേർ നടത്തിയ പ്രകടനം പുതിയ രാഷ്ട്രീയപ്രയാണങ്ങൾക്ക് തുടക്കം കുറിച്ചു. എല്ലാ അധികാരവും സോവിയറ്റുകൾക്ക് എന്നെഴുതിയ ബാനറുകളും പോസ്റ്ററുകളും ചുമരുകളെയാകെ ചുവപ്പിച്ചു. ചിത്രകാരന്മാർ പോരാട്ടത്തിന്റെയും വിപ്ലവത്തിന്റെയും സൂചകങ്ങളുള്ള ചിത്രങ്ങൾ കൊണ്ട് ഇരുപുറവും നിറച്ചാർത്തു തീർത്തു.
‘‘വൈബോഗ് ജില്ലാ കൗൺസിലിലേക്ക് ക്രൂപ്സ്കയ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ലെനിന്റെ പ്രതികരണമെന്തായിരുന്നു?" ഇറീന മറുപടി പറയുമെന്ന പ്രതീക്ഷയില്ലായിരുന്നെങ്കിലും ക്രിസ്റ്റഫർ ചോദിച്ചു:
‘‘അത് ലെനിന്റെയോ ക്രൂപ്സ്കയയുടെയോ തീരുമാനമായിരുന്നില്ലല്ലോ. പാർട്ടി തീരുമാനം അണികൾ നടപ്പിലാക്കുന്നു. അത്രമാത്രം. പാർട്ടിയുടെ നിലപാടുകളെ ജനാധിപത്യരീതിയിൽ മാത്രം തിരുത്താൻ ശ്രമിക്കണമെന്നായിരുന്നു ലെനിന്റെ നിലപാട്’’, ഇറീന ഇത്രയും പറഞ്ഞശേഷം ഇനിയൊരക്ഷരമുരിയാടില്ലയെന്ന മട്ടിൽ നിശ്ശബ്ദയായി. ചൂണ്ടുവിരൽ കൊണ്ട് ചുണ്ട് നെടുകെ അമർത്തിപ്പിടിച്ചു. ക്രിസ്റ്റഫറെ, മോനേ ജീവചരിത്രകാരാ, ലെനിന്റെ ജീവിതം നോവലാക്കാൻ അച്ചാരം വാങ്ങിച്ചവനേയെന്നൊക്കെയുള്ള സംഭാഷണങ്ങൾ നാവിലെത്തും മുമ്പ് ഇറീന വിഴുങ്ങി. പറയാൻ തോന്നുന്നതിൽ ചിലത് ചില നേരങ്ങളിൽ പറയാതിരിക്കുന്നതാണ് നല്ലതെന്ന പാഠം ഈ സമയങ്ങളിലൊക്കെ ഇറീന പരിശീലിച്ചുകൊണ്ടിരുന്നു.
"അതേക്കുറിച്ച് ക്രൂപ്സ്കയ എഴുതിയിട്ടുണ്ട്" - ഇത്രയും പറഞ്ഞ് ഇറീന എഴുന്നേറ്റു.
ഏറെ വർഷങ്ങളായി പലയിടങ്ങളിൽ ജീവിച്ചെങ്കിലും നാലാളുകൂടിയ സംഘത്തെപ്പോലും അഭിസംബോധന ചെയ്തു സംസാരിക്കാൻ ക്രൂപ്സ്കയ ശ്രമിച്ചില്ല.
പ്രാവ്ദയ്ക്കുവേണ്ടി ചിലപ്പോഴൊക്കെ എഴുതാൻ ലെനിൻ തന്നെ പറഞ്ഞിട്ടുണ്ട്. പത്രത്തിലെ സുഹൃത്തുക്കൾ ചില വിശേഷദിവസങ്ങളിൽ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ചെറിയ കുറിപ്പുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിനൊന്നും ക്രൂപ്സ്കയ മുതിർന്നിട്ടില്ല.
എഴുത്തും പ്രഭാഷണവുമൊക്കെ ലെനിനെയും ട്രോട്സ്കിയെയും സ്റ്റാലിനെയും പോലുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണെന്നും ക്രൂപ്സ്കയ പറയാറുണ്ട്. വൈബോഗ് ജില്ലാ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടശേഷം ജില്ലയിലെ സൈനികരുടെ ഭാര്യമാരുടെ ഒരു യോഗത്തിലാണ് ക്രൂപ്സ്കയ ആദ്യം സംസാരിച്ചത്. അത് മറ്റുള്ളവർക്കൊക്കെ ഹൃദ്യവും പുതിയ ചിന്തയുടെ വാതിലുകൾതുറക്കുന്നതുമായിരുന്നു.
ബൽഷെവിക്കുകളും മെൻഷെവിക്കുകളും അരാജകവാദികളുമൊക്കെയുണ്ടായിരുന്നു വൈബോഗിൽ. അവരെയൊക്കെ കൈകാര്യം ചെയ്യേണ്ടതും വ്യത്യസ്തമായ രീതിയിലായിരുന്നു. ഒരു മീറ്റിംഗിലൊരാൾ എല്ലാവരും തുന്നൽ പഠിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. വല്ലപ്പോഴും ഭർത്താവിന്റെ ഉടുപ്പിന്റെ ബട്ടൺ പിടിപ്പിക്കുന്നതിനുവേണ്ടി എല്ലാ സ്ത്രീകളും തുന്നൽ പഠിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചത് യുവാവായ ഒരു ബൽഷെവിക്കാണ്. ആ സമയത്തുണ്ടായ കോലാഹലം അനിയന്ത്രിതമായി. തന്മയത്വത്തോടെ ഇതുപോലുള്ള സന്ദർഭങ്ങളെയൊക്കെ മറികടക്കാൻക്രൂപ്സ്കയ പഠിച്ച പാഠശാലയായിരുന്നു വൈബോഗ് ജില്ലാ കൗൺസിൽ.
പീരങ്കിപ്പടയാളികളുടെ മാർച്ച് കണ്ട തൊഴിലാളികൾക്ക് ആവേശമടക്കാനായില്ല. അവരെ നോക്കി നില്ക്കുകയായിരുന്ന ക്രൂപ്സ്കയ ദൂരെ നില്ക്കുന്ന സ്റ്റാലിനെ ശ്രദ്ധിച്ചു. വരാൻ പോകുന്നത് പോരാട്ടത്തിന്റെ ദിനങ്ങളായിരിക്കുമെന്ന ഭാവമായിരുന്നു ലെനിന്റെ മുഖത്ത്. ബാൽക്കണിയിൽനിന്നുകൊണ്ടുള്ള ലെനിന്റെ അഭിസംബോധനയും, സദോവയ സ്ട്രീറ്റിലെ അശ്വഭടസേനാ പ്രകടനക്കാർക്കെതിരെയുള്ള വെടിവയ്പുമൊക്കെ കഴിഞ്ഞ് കേന്ദ്രക്കമ്മറ്റി ഓഫീസിലെത്തും വരെ ലെനിനും ക്രൂപ്സ്കയയ്ക്കുമൊപ്പം സ്റ്റാലിനുമുണ്ടായിരുന്നു.
(തുടരും)