അധ്യായം 32
ഒരു മരണം
ആ രാത്രിനടപ്പിന്റെ ഓർമയിൽ ജോൺ റീഡില്ലാതെ ലെനിനും ദങ്കുലവും അരണ്ട പാതയിലൂടെ നിശ്ശബ്ദതയെ തൊട്ട് ഏറെ ദൂരം നടന്നു.
അന്നാണ് ചില കഥകൾ ചരിത്രത്തിന്റെ മുന്നിൽ വച്ച കണ്ണാടിയാണെന്ന് ക്രിസ്റ്റഫർ എഴുതിയത്.
എസ്. ദങ്കുലവ് എഴുതിയ കഥ ക്രിസ്റ്റഫർ റീഡിനു ലഭിച്ചത് മാക്സിം ഗോർക്കിയുടെ ലൈബ്രറിയിൽ നിന്നാണ്. ലെനിനെക്കുറിച്ചൊരു നോവൽ എഴുതാമെന്ന് പ്രസാധകർക്കു വാക്കുകൊടുത്ത ശേഷം ആദ്യം പോയ സ്ഥലങ്ങളിലൊന്നായിരുന്നു അത്. തന്റെ ആഗമനോദ്ദേശ്യം വ്യക്തമാക്കിയപ്പോൾത്തന്നെ വായനശാലയിലുണ്ടായിരുന്ന വൃദ്ധൻ ആവേശത്തിലായി.
"നോക്കൂ സുഹൃത്തേ, എന്നെക്കൊണ്ടാകുന്നതൊക്കെ ഞാൻ ചെയ്തുതരാം. പക്ഷേ നിങ്ങൾ എനിക്കൊരുറപ്പുതരണം", വൃദ്ധൻ നിലത്തുമുട്ടാറായ താടി രണ്ടു മൂന്നായി കെട്ടിയൊതുക്കി.
‘എന്തുറപ്പ്?’ ക്രിസ്റ്റഫർ സംശയിച്ചു.
‘അല്ല, ഇവിടെ മറ്റാരുമില്ലേ?’
വൃദ്ധൻ അയാൾക്ക് സാധിക്കുമെന്നു കരുതാനാവാത്തവിധം ഉച്ചത്തിൽ ചിരിച്ചു.
‘ഇല്ല, മറ്റാരുമില്ല. ഞാൻ മാത്രമാണ് രാവും പകലും ഇവിടെയുള്ളത്. പിന്നെ ലിയോയുടെ വിചിത്രസ്വഭാവികളും സ്നേഹസമ്പന്നരും രാജ്യസ്നേഹികളുമായ കുറേ കഥാപാത്രങ്ങളും’.
ഈ കെഴവന് മുഴുവട്ടാണെന്ന് ക്രിസ്റ്റഫറിന് തോന്നി. അതുറപ്പിക്കുന്നതിനായാണ് ഇങ്ങനെ ചോദിച്ചത്.
‘എപ്പോഴാണ് ഈ ലൈബ്രറി തുറക്കുന്നത്?’
വൃദ്ധന്റെ ചിരി മുഴങ്ങി. അയാൾ വീണ്ടും അഴിഞ്ഞുവീണ താടി തിരുകിക്കെട്ടി.
‘നോക്കൂ, ആ വാതിലിലേക്കൊന്ന് നോക്കൂ ചെറുപ്പക്കാരാ. അവിടെ കുറ്റിയോ കൊളുത്തോ കാണുന്നുണ്ടോ?’
‘ഇല്ല’ ക്രിസ്റ്റഫർ
‘അതാണ്, സ്വന്തം ജീവിതം പോലെ ടോൾസ്റ്റോയ് സ്വകാര്യവായനശാലയും തുറന്നിട്ടിരിക്കുന്നു. അതിന്റെ പാറാവുമാത്രം എന്നെ ഏല്പിച്ചു. എന്റെ മരണാനന്തരം ചിതലുകൾക്കും വാൽമൂട്ടയ്ക്കും മറ്റ് ജീവികൾക്കുമുള്ള ഒരു പൊതുസത്രമായി ഇവിടം മാറും’.
ക്രിസ്റ്റഫറിന്റെ മുഖത്ത് തറച്ച നോട്ടം പിൻവലിക്കാതെ വൃദ്ധൻ ഇത്രയും കൂടി പറഞ്ഞു: "മനുഷ്യനും അവന്റെ എല്ലാ സ്ഥാവരജംഗമങ്ങൾക്കും മറികടക്കാനാവാത്ത വിധി" , പ്രവചനസ്വരത്തിൽവൃദ്ധൻ പറഞ്ഞു.
ക്രിസ്റ്റഫർ റീഡിന് വൃദ്ധനിൽനിന്നും നോവലിനാവശ്യമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയില്ലാതായി. മനസ്സിന് സമനില തെറ്റിയ ഒരാളുടെ എല്ലാ ചേഷ്ടകളും വൃദ്ധൻ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. എന്നുമാത്രമല്ല ടോൾസ്റ്റോയിയും താനുമായുള്ള കൂട്ടുചേരലിനെപ്പറ്റിയും ആഘോഷത്തെപ്പറ്റിയും രാവെളുക്കുംവരെയുള്ള വർത്തമാനത്തെപ്പറ്റിയുമൊക്കെ അയാൾ വാചാലനായി.
ക്രിസ്റ്റഫറിനറിയേണ്ടിയിരുന്നത് ദങ്കൂലവിനെക്കുറിച്ചായിരുന്നു. അയാളെഴുതിയ 'സുഹൃത്ത്' എന്ന കഥ പലയിടത്തും കണ്ടിട്ടുണ്ട്. പലതവണ വായിക്കാൻ തുടങ്ങിയതാണ്. അപ്പോഴൊക്കെ ഓരോരോ തടസ്സങ്ങൾ വന്നു. ദങ്കൂലൊവിന്റെ യഥാർത്ഥ പ്രശസ്തി 'സോവിയറ്റ് ലിറ്ററേച്ചർ' മാസികയുടെ മുഖ്യപത്രാധിപരെന്ന നിലയിലായിരുന്നു. എഴുതിയ മൂന്നു നോവലുകളും സാമാന്യം നന്നായി വായിക്കപ്പെട്ടിട്ടുണ്ട്.
'പാത' എന്ന പേരിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരം പല ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. ജീവിച്ച കാലത്തിന്റെ രേഖപ്പെടുത്തലെന്ന നിലയിൽ ഈ സമാഹാരത്തിലെ ‘സുഹൃത്ത്’ മാത്രമല്ല മറ്റെല്ലാ കഥകളും വായനക്കാരെ ആകർഷിച്ചിട്ടുള്ളവയാണ്. നല്ല കഥകളെന്ന് അവ ഖ്യാതി നേടുകയും ചെയ്തു.
‘ജോൺ റീഡും ലെനിനും സംസാരിച്ചു നടന്നുവരുന്ന കഥയുടെ തുടക്കം’- ക്രിസ്റ്റഫർ റീഡ് ഇത്രയും പറഞ്ഞു തീരുംമുമ്പ് മാന്ത്രികനെപ്പോലെ ശൂന്യതയിൽനിന്നും പിടിച്ചെടുത്തതെന്ന മട്ടിൽ ഒരു ചെറിയ പുസ്തകം വൃദ്ധൻ നീട്ടിപ്പിടിച്ചു. ‘ദാ, നിങ്ങൾ അന്വേഷിച്ചു നടന്ന ആ പുസ്തകം’, വൃദ്ധൻ കഥയുടെ ആദ്യ പാരഗ്രാഫ് അതിവേഗം വായിച്ചു.
‘അതെ, നിങ്ങൾ പറഞ്ഞത് തീർത്തും വാസ്തവമാണ്. ലെനിനും ജോൺ റീഡും അതീവഗൗരവത്തിൽ സംഭാഷണം നടത്തുന്നിടത്താണ് ഈ കഥയുടെ തുടക്കം. നിങ്ങളുടെ ഓർമ്മയെ ഞാൻ നമിക്കുന്നു’. സംസാരത്തിനിടയിൽ വൃദ്ധൻ ഒന്നു തുള്ളിച്ചാടി. സിഗരറ്റ് കൈവശമുണ്ടോ എന്ന് അയാൾ ആംഗ്യഭാഷയിൽ ചോദിച്ചു; അതേഭാഷയിൽ ഇല്ലെന്ന് ക്രിസ്റ്റഫർ റീഡും.
ക്രെംലിൻകുന്ന് നദിയിലേക്ക് ചരിഞ്ഞിറങ്ങുന്നിടത്തുള്ള വഴിയിലായിരുന്നു അപ്പോൾ അവർ. ചന്ദ്രൻ മോസ്കോ നദിയ്ക്കപ്പുറത്ത് തിളങ്ങി നില്ക്കുന്നു. നിശ്ശബ്ദതയിൽ പച്ചിലപടർപ്പുകളുടെ ശീതനിശ്വാസം. മൂടൽമഞ്ഞിന്റെ വെള്ളെഴുത്ത്. അതിനിടയിൽ റീഡിന്റെ നിർത്താതുള്ള സംഭാഷണം ശ്രദ്ധയോടെ കേൾക്കുകയും ഇടവേളയിൽ പ്രതികരിക്കുകയും ചെയ്താണ് ലെനിന്റെ നടപ്പും നില്പും.
അവർക്കിടയിലേക്ക് കടന്നുചെല്ലുന്നത് അനൗചിത്യമാകുമോ എന്നു തോന്നിയതിനാൽ കഥാകൃത്തായ ദങ്കുലവ് അല്പം പിന്നിലായി നടന്നു. റീഡിനെ അതിനുമുമ്പ് പലതവണ കണ്ടിട്ടുള്ളതാണ്. അറിവിന്റെയും വഴിമാറ്റചിന്തകളുടെയും ശിരസ്സാണ് ജോൺ റീഡിന്റേതെന്ന് അപ്പോഴൊക്കെ ദങ്കുലവിനു തോന്നിയിട്ടുമുണ്ട്.
കഥയിലേക്ക് പ്രവേശിക്കും മുമ്പ് ജോൺ റീഡിനെക്കുറിച്ച് ചിലതുകൂടി എഴുതണമെന്ന് ക്രിസ്റ്റഫറിന് തോന്നി. ദങ്കുലവ്; ലെനിനെയും ജോൺ റീഡിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എഴുതിയ കഥ ഒരിയ്ക്കൽകൂടി ക്രിസ്റ്റഫർ വായിച്ചു. അപ്പോഴേക്കും എന്തൊക്കെയോ കോക്രികാണിച്ചും ചിന്തിച്ചും ഏതു നിമിഷവും നിലംപരിശാകുമെന്ന് തോന്നിച്ച കസേരയിൽ വൃദ്ധൻ ഇരിക്കുന്നുണ്ടായിരുന്നു.
ജോൺ റീഡ് എഴുതിയ ‘ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ’ എന്ന പുസ്തകത്തിന്റെ അമേരിക്കൻ പതിപ്പിനുള്ള അവതാരികയിൽ ലെനിൻ എഴുതിയത് ക്രിസ്റ്റഫറിന് മാത്രമല്ല ഇറീനയ്ക്കും കാണാപ്പാഠമാണ്. അവർ ആ പുസ്തകത്തിൽ നിന്നും ചിലതൊക്കെ ഓർത്തെടുത്തു.
‘തൊഴിലാളിവർഗ്ഗ വിപ്ലവമെന്നുവച്ചാലെന്താണെന്നും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യമെന്നുവച്ചാലെന്താണെന്നും മനസ്സിലാക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളെ അത് സത്യസന്ധതയോടെയും അസാമാന്യമായ ഓജസ്സോടെയും വരച്ചുകാട്ടുന്നു. ലോകത്തെ പിടിച്ചുകുലുക്കിയ പത്തുദിവസങ്ങൾ ചരിത്രത്തിന്റെ നേർസാക്ഷ്യവും ജീവിതത്തിന്റെ തനിപ്പകർപ്പുമാണ്’.
അമേരിക്കയിൽ സ്ഥാപിതമായ കമ്യൂണിസ്റ്റുപാർട്ടിയുടെ അമരത്തുതന്നെയുണ്ടായിരുന്നു ജോൺ റീഡ്. 1917 ആഗസ്റ്റിൽ പെത്രഗ്രാദിലെത്തി. ഒക്ടോബർ വിപ്ലവത്തിന്റെ ആന്തരികവും ബാഹ്യവുമായ സ്പന്ദനങ്ങൾ നേരിട്ടറിയുന്നതിനും അതിന്റെ ഉഷ്ണവും ശൈത്യവും നിറഞ്ഞ തരംഗങ്ങൾക്കൊപ്പം ചേർന്നു നില്ക്കുന്നതിനും ജോൺ റീഡിന് സാധിച്ചു. വിവരണാതീതമായൊരു ഉൾച്ചാർച്ച റീഡും ലെനിനും തമ്മിൽ നിലനിന്നു. താൻ റഷ്യയിലേക്കു വീണ്ടും വരുന്നെന്ന് റീഡ് എഴുതിയപ്പോൾ താൻ ഹൃദയത്തിന്റെ ഒരറ തുറന്നുതന്നെ വച്ചിട്ടുണ്ടെന്നാണ് ലെനിൻ മറുപടി എഴുതിയത്.
ടൈഫസ് രോഗം റഷ്യയിൽ പടർന്നുപിടിച്ച ദിവസങ്ങളായിരുന്നു അത്. ജോൺ റീഡ് ഹൃദയത്തിൽ തെളിഞ്ഞ നക്ഷത്രങ്ങളുമായി ഈ മണ്ണിൽ വീണ്ടും വന്നിറങ്ങി. അമേരിക്കയുടെ ആകാശം കാന്തികമായ ആ നക്ഷത്രങ്ങൾ വിരിയാനുതകുന്നതല്ലെന്ന് റീഡിന് അതിനോടകം തോന്നിത്തുടങ്ങിയിരുന്നു. സമ്പന്നതയുടെ മുടിയിഴകളെ മാത്രമേ അമേരിക്ക പുൽകി സാന്ത്വനിപ്പിക്കൂ എന്നത് ഒരു വിചാരം മാത്രമല്ലെന്നും വിശ്വാസമായി മാറേണ്ടതുണ്ടെന്നും ജോൺ സ്വന്തം ഡയറിക്കുറിപ്പുകളിൽ ഒന്നിലേറെ താളുകളിലെഴുതിയതും ആ ദിവസങ്ങളിലാണ്.
ക്രെംലിനിൽ അടക്കം ചെയ്ത ജോൺ റീഡിന്റെ ഭൗതികശരീരത്തിലൂടെ ചുവപ്പിന്റെ അമരരേഖകൾ കടന്നുപോകുന്നത് കണ്ടതായി ചിലർ പറഞ്ഞുകേട്ടിട്ടുമുണ്ട്. ലെനിനെ ഏറെ ആകർഷിച്ചതും റീഡിലെ ഈ വിപ്ലവസ്പന്ദനമാകണം.
ഒപ്പമുള്ളത് ചില്ലറക്കാരല്ല. സാക്ഷാൽ ലെനിനും ജോൺ റീമാണ്. അവർക്കൊപ്പം നടക്കുന്ന ദങ്കുലവിന്റെ യഥാർത്ഥ അനുഭവമെന്ന നിലയിലാണ് 'സുഹൃത്ത്' എന്ന കഥ എഴുതിയിരിക്കുന്നത്. കഥയിലൊരിടത്ത് ഇങ്ങനെ പറയുന്നുണ്ട്: ‘ഞാൻ ലെനിനെപ്പറ്റി കേൾക്കുന്നതിനു മുമ്പുതന്നെ എനിക്കറിയാമായിരുന്നു അങ്ങനെയൊരാൾ ഭൂമിയിലേക്ക് വന്നേ തീരൂ എന്ന്. അദ്ദേഹം വരാതെ നിവൃത്തിയില്ലായിരുന്നു. എനിക്ക് ഇക്കാര്യം ശരിയ്ക്കും ബോദ്ധ്യമായിരുന്നു’.
റെഡ് സ്ക്വയറിലൂടെ നടക്കുകയാണ് കഥാകൃത്തും ലെനിനും ജോൺ റീഡും. സമരംകൂടാതെ ജീവിതത്തിലൊന്നും സംഭവിക്കുന്നില്ലെന്നു പറഞ്ഞ റീഡിന്റെ കണ്ണുകളുടെ ആഴവും വസ്ത്രധാരണത്തിലെ പ്രത്യേകതയും സംസാരത്തിലെ സവിശേഷമായൊരു വഴക്കവും മറ്റുള്ളവരെ വല്ലാതെ ആകർഷിക്കുന്നതായിരുന്നു. ഇവിടെവച്ചാണ് വിമോചനത്തിന്റെ പാതകൾ കിഴക്കോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ലെനിൻ അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞത്.
ദങ്കുലവ് കണ്ടുമുട്ടിയതിന്റെ തൊട്ടടുത്ത ദിവസം ജോൺ റീഡ് മോസ്കോ വിട്ട് അമേരിക്കയിലേക്ക് പോകുകയായിരുന്നു. ഒട്ടും ദൂരേക്കല്ല തൊട്ടടുത്തേക്കാണ് താൻ പോകുന്നത്, അപ്രതീക്ഷിതമായി തിരിച്ചുവരും, ലെനിന്റെ സ്വാധീനവലയത്തിൽനിന്ന് എനിക്ക് മോചനമില്ല - ഇങ്ങനെ പലതും പറഞ്ഞ് സൗഹാർദ്ദത്തിന്റെ വലിയൊരു പുതപ്പ് പുതപ്പിച്ചിട്ടാണ് റീഡ് പോകുന്നതെന്ന് ദങ്കുലവിന് തോന്നി.
സെപ്തംബർ ചൂടിൽ ഇലകളുഷ്ണിച്ച് അടർന്നു വീണുകൊണ്ടിരുന്നു. കിളുന്തിലകൾ ഉരുകിയമർന്നു. ലെനിന്റെ ഒരുദിവസം അവസാനിക്കുകയല്ല ആരംഭിക്കുകയാണ്. മച്ചിലെ വിളക്കണച്ച് മേശവിളക്കരികിലേക്ക് നീക്കി വയ്ക്കുന്ന സമയം. ഈ സമയത്തു മാത്രമാണ് ലെനിന്റെ ഉച്ചത്തിലുള്ള ചിരി മറ്റാരും കേൾക്കാത്തത്. അല്ലെങ്കിൽ സന്ദർശകമുറിയിലെത്തുന്നവരോടും ഫോണിൽ സംസാരിക്കുന്നവരോടും യാതൊരു മുൻവിധിയുമില്ലാതെ പൊട്ടിച്ചിരിക്കുന്നത് പതിവാണ്.
ചിലർ പറയും ഇല്ലിച്ച് ചിരിക്കുകയാണ്. ആൾ നല്ല മൂഡിലാണ് എന്നൊക്കെ. പക്ഷെ ചിരിമായാൻ അധികനേരമൊന്നും വേണ്ടെന്ന് അടുപ്പമുള്ളവർക്കറിയാം. സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും ഓടിയൊളിക്കുന്നവരേയും പ്രശ്നങ്ങളെ സമചിത്തതയോടും പ്രത്യയശാസ്ത്രപരമായും സമീപിക്കാത്തവരെയും ലെനിൻ ദാക്ഷിണ്യമേതുമില്ലാതെ ചോദ്യം ചെയ്യും.
‘ഇരിക്കൂ’, ലെനിൻ
ദങ്കുലവ് ചെറിയൊരു ചിരിയോടെ ലെനിന്റെ മുന്നിൽ ഇരുന്നു.
മേശവിളക്കിന്റെയുള്ളിൽ കടന്ന കാറ്റ് വെളിച്ചത്തെ ചലിപ്പിച്ചു. ആ നിഴലുകൾ ലെനിന്റെ കണ്ണടവച്ച മുഖത്ത് കാണാം. എന്തോ സഹികേട് ഉള്ളിൽ കിടന്നുലയ്ക്കുന്നുണ്ടെന്ന് വ്യക്തം. ദങ്കുലവ് ഇല്ലിച്ച് എന്താണ് പറയുന്നതെന്ന് കേൾക്കാൻ കാത്തിരുന്നു. മുറിയിൽ നടന്ന്, ജനാലയ്ക്കൽനിന്ന് പുറത്തേക്ക് നോക്കി ഏറെനേരം നിശ്ശബ്ദനായി നിന്ന ഇല്ലിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു: ‘ജോൺ റീഡിന് സുഖമില്ല. ടൈഫസ്’.
റീഡിന് മുപ്പത്തിമൂന്ന് വയസ്സല്ലേയുള്ളൂ. അത് ആശയ്ക്ക് വക നല്കുന്ന കാര്യമാണ്. പക്ഷേ, ആൾ ഹൃദ്രോഗിയാണ്. കടുത്ത ചുമ അതിന്റെ ലക്ഷണമായിരുന്നു!" ദങ്കുലവിന്റെ വാക്കുകൾ ലെനിന് വിശ്വസിക്കാനായില്ല. അസ്വസ്ഥനായി ലെനിൻ കസേരയിൽനിന്നെണീറ്റു.
മുറിയിൽ നിശ്ശബ്ദത നിറഞ്ഞു. തഴച്ചുവളർന്നു നിന്ന ചെടിച്ചട്ടിയിലേക്കു നോക്കിയ ലെനിൻ ഉന്മേഷരഹിതനായി ഏറെ നേരം നിന്നു. ഒരു പൈൻകമ്പെടുത്ത് ആ ചെടിയുടെ മൂട്ടിലെ മണ്ണിളക്കി.
‘ഭാര്യ വിദേശത്തുനിന്നും വന്നതുൾപ്പെടെ ആഹ്ലാദകരമായ പലതും കഴിഞ്ഞയാഴ്ച റീഡ് എനിക്കെഴുതിയിരുന്നു’.
ലെനിന്റെ തൊണ്ടയിടറുന്നതും കണ്ണുകൾ നനയുന്നതും അന്നാണ് ആദ്യമായി ദങ്കുലവ് കാണുന്നത്.
ആരായിരുന്നു ലെനിന് ജോൺ റീഡ്? അമേരിക്കയിൽ നിന്നുള്ള വിവരങ്ങൾ കൈമാറുന്ന ഒരാൾ മാത്രമോ? റഷ്യയോടും വിപ്ലവാശയങ്ങളോടുമുള്ള അയാളുടെ കൂറോ? - ഇതിനെക്കാളൊക്കെ ലെനിനിഷ്ടം ജോൺ റിഡിന്റെ ആത്മാർത്ഥതയും വശ്യതയാർന്ന പെരുമാറ്റവും ബുദ്ധിവൈഭവവുമായിരുന്നു.
ദിവസങ്ങൾക്കുശേഷം ദങ്കുലവ അർത്ഥരാത്രിയോടടുത്ത നേരത്ത് സന്ദർശകമുറിയിൽ വച്ച് ലെനിനെ കണ്ടു. ക്ഷീണിതനായിരുന്നു ലെനിൻ.
‘ജോൺ റീഡ് മരിച്ചു. ജനങ്ങൾക്ക് വിപ്ലവത്തിലേക്ക് വഴികാട്ടിക്കൊടുക്കുന്ന നിയമങ്ങളുണ്ട്. റീഡിന് ആ നിയമങ്ങൾ അറിയാമായിരുന്നു’.
ചെടിച്ചട്ടിയിലെ മണ്ണു കുത്തിയിളക്കിക്കൊണ്ട് ഇത്രയും പറഞ്ഞ് ലെനിൻ പുറത്തേക്കു നോക്കിനിന്നു. കണ്ണുകൾ നിറഞ്ഞുതൂവി.
ദങ്കുലവ് റെഡ് സ്ക്വയറിലൂടെ നടന്നു. ഒപ്പം ലെനിനും. ജോൺ ലോകം മുഴുവൻ സഞ്ചരിച്ചു. സമുദ്രങ്ങൾ താണ്ടി ഇവിടെത്തന്നെ വന്നുചേർന്നു.
‘എന്റെ പ്രിയ സ്നേഹിതൻ ക്രെംലിൻ മതിലരികിൽ അന്ത്യവിശ്രമം കൊള്ളട്ടെ’.
(തുടരും)