ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 33
ഞാൻ ഇത്ര സുന്ദരനല്ല

ഫെദിൻ എഴുതിയിട്ടുണ്ടാകാനിടയുള്ള മറ്റ് കഥകൾകൂടി തേടിപ്പിടിക്കണമെന്നുറപ്പിച്ച് ക്രിസ്റ്റഫർ ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ ലെനിന്റെ ഓർമ്മച്ചിത്രങ്ങൾ അകലേയ്ക്കകലേക്ക് എറ്റിച്ചുകൊണ്ടുപോയി.

‘... ഒളിവുകാലജീവിതം ഇല്ലിച്ചിന് വിരസമോ ആയാസകരമോ ആയിരുന്നില്ലെന്ന് ക്രൂപ്സ്കയ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരാൾ ഭയന്നും സ്വാതന്ത്ര്യരഹിതനായും കഴിഞ്ഞപ്പോൾ ഏറ്റവും ക്രിയാത്മകമായ ജീവിതം നയിച്ചത്? യാതൊരു വിധത്തിലുള്ള ബാഹ്യവും ആന്തരികവുമായ സംഘർഷങ്ങളുമില്ലാതെ ഓരോ നിമിഷത്തിന്റെയും വിലയറിഞ്ഞ് ജീവിച്ച ഒരാളായി മാത്രമേ എന്റെ നോവലിൽ ലെനിൻ വെളിപ്പെടുകയുള്ളു. പലരും പല വിമർശനങ്ങളും പറഞ്ഞെന്നിരിക്കും. അതിൽ ശരിയും ശുദ്ധമായ അസംബന്ധവും ഉണ്ടായേക്കാം. അതൊന്നും എന്നെ ബാധിക്കുന്നില്ല...’
- ക്രിസ്റ്റഫർ റീഡ് എഴുതിയ ഡയറി ഡോ. ഇറീന വായിച്ചു.

‘… ലെനിൻ എന്തായിരുന്നെന്നതിനെപ്പറ്റി പലരിൽനിന്നും പലതിൽനിന്നും ലഭിക്കാവുന്ന വിവരങ്ങളൊക്കെ ക്രിസ്റ്റഫർ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവയൊക്കെ സ്വന്തം എഴുത്തുമുറിയിൽ കൈയെത്തും ദൂരത്ത് സൂക്ഷിച്ചിട്ടുമുണ്ട്. അതിൽ നിന്നൊക്കെ അകന്നുനില്ക്കുന്ന ഒരു ലെനിനുണ്ട്. ആ ലെനിനെയാണ് നോവലിൽ വായനക്കാർക്ക് ലഭിക്കേണ്ടത്. ടോൾസ്റ്റോയ്, ജോൺ റീഡ് തുടങ്ങിയവർ മാത്രമല്ല വെളിച്ചത്തിന്റെ ഒരു കണികപോലും വിതറാൻ കഴിവുള്ളവരെയൊക്കെ തന്നോടുചേർത്തു നിർത്താൻ ലെനിൻ ശ്രമിച്ചിരുന്നു. അങ്ങനെയുള്ള ലെനിനെയാകണം നോവലിൽ കാണേണ്ടത്. ഞാനെന്ന വായനക്കാരി ആഗ്രഹിക്കുന്നതും അതാണ്…’

- ഡോ. ഇറീന ഒരു ദിവസം കണ്ട് പിരിയുമ്പോൾ ക്രിസ്റ്റഫറിനുനേരെ ഒരു കടലാസ് നീട്ടി​; ‘ഇത് മുറിയിലെത്തിയശേഷം വായിച്ചുനോക്കുക. കഴിയുമെങ്കിൽ നോവലെഴുത്ത് മേശമേലെത്തുന്നതിനു തൊട്ടുമുമ്പ്’ - ഇങ്ങനെയൊരു കുറിപ്പായിരുന്നു അത്.

അന്ന് കുറച്ചുനേരം കൂടി ഇറീനയുമായി സംസാരിക്കണമെന്ന് ക്രിസ്റ്റഫർ ആഗ്രഹിച്ചതാണ്. തിടുക്കത്തിൽ തിരിച്ചുപോകാൻ തുടങ്ങിയ ഇറീന പറ‍ഞ്ഞു: ‘‘കെ. ഫെദിൻ എഴുതിയ ഒരു കഥ; 'ലെനിന്റെ പടമെ'ന്നാണ് ആ കഥയുടെ പേര്. അതൊന്നു വായിച്ചശേഷം വേണം എഴുത്തു തുടരാൻ’’.

അന്നും അതിന്റെ തൊട്ടടുത്ത മൂന്നുനാലു ദിവസങ്ങളിലും ക്രിസ്റ്റഫർ റീഡിന് എഴുത്തുമേശയ്ക്കരികിലെത്താൻ കഴിഞ്ഞില്ല. പ്രിയ സുഹൃത്തിന്റെ രോഗം മൂർച്ഛിച്ചതിനാൽ ഒപ്പം ആശുപത്രിയിലേക്ക് പോകുകയും കൂട്ടിരിക്കുകയും ചെയ്ത ദിവസങ്ങളായിരുന്നു അത്. ഇറീന നല്കിയ പേപ്പർ എവിടെയാണ് നഷ്ടമായതെന്നു പോലും ഓർമ്മയുണ്ടായിരുന്നില്ല.

ആശുപത്രിമുറിയിൽ വച്ചാണ് ഒരർദ്ധരാത്രിയിൽ ‘ലെനിന്റെ പടം’ ക്രിസ്റ്റഫറിന്റെ ശ്രദ്ധയിൽ വരുന്നത്. ലെനിന്റെ ജീവിതയാത്രയുടെ പല പടവുകളും കടന്ന് ഏതാണ്ടൊരാത്മവിശ്വാസം തോന്നിത്തുടങ്ങിയപ്പോഴാണ് ജീവചരിത്രമെഴുതാൻ തുടങ്ങിയത്. അന്നൊരുനാൾ സന്ദർശിച്ച ലൈബ്രറികളിലൊന്നിൽവച്ച് ഫെദിൻ എഴുതിയ ആ കഥ മുന്നിൽ വന്നതാണ്. പിന്നൊരിക്കൽ വായിക്കാമെന്ന് കരുതി മാറ്റിവച്ചിരിക്കുകയായിരുന്നു. പല കാലങ്ങളിൽ, കാരണങ്ങളാൽ അതും നടന്നില്ല. ചില കൃതികൾ അങ്ങനെയാണ് പ്രത്യേകിച്ചൊരു കാരണമില്ലാതെ വായനയിൽനിന്നും അകന്നുമാറിക്കൊണ്ടിരിക്കും.

എങ്ങനെയാണ് ഫെദിൻ ലെനിനെ അവതരിപ്പിക്കുന്നത്? ഇറീന കൂടെയുണ്ടായിരുന്നെങ്കിൽ മധുരശബ്ദത്തിൽ ആ കഥ കേൾക്കാമായിരുന്നു - ഇങ്ങനെയുള്ള പലവിധ ആലോചനകളിൽ ക്രിസ്റ്റഫർ റീഡ് ‘ലെനിന്റെ പടം’ നിവർത്തി.

ഷുമിലിയെന്ന ചെറുപ്പക്കാരനായ ചിത്രകാരനാണ് കഥയിലെ കേന്ദ്രകഥാപാത്രം. ജോലി ചെയ്യുന്ന പത്രമോഫീസിൽ നിന്നും വിളിച്ചതനുസരിച്ച് അയാൾതിടുക്കത്തിൽ വീടുവിട്ടിറങ്ങുകയാണ്. ചുറ്റുമുള്ള വീടുകളിൽ നിന്നും ചിലർ കൈവീശുകയും ചിരിക്കുകയുമൊക്കെ ചെയ്തെങ്കിലും അയാൾ അതൊന്നും കാര്യമായെടുത്തില്ല. ഒരു തികഞ്ഞ ലെനിൻ ഭക്തനാണ് ഷുമിലിൻ. ലെനിനെ നേരിട്ടുകണ്ട് ഒരു ചിത്രം വരയ്ക്കണമെന്നായിരുന്നു ആഗ്രഹം. പത്രത്തിന്റെ എഡിറ്റർ പറഞ്ഞതനുസരിച്ചാണെങ്കിൽ കോമിന്റേൺ കോൺഗ്രസ്സിൽ തീർച്ചയായും ലെനിനുണ്ടാകും. സദാ സമയവും ആൾ വിദേശപ്രതിനിധികളുമായും മറ്റും സംഭാഷണത്തിലായിരിക്കും. അതിനിടയിൽ വീണുകിട്ടുന്ന ഭാഗ്യമാണ് ഒരു ഫോട്ടോഗ്രാഫറെന്ന നിലയിൽ ഷുമിലിയന്റെ ഔദ്യോഗികഭാവിയെ നിർണ്ണയിക്കുന്നതെന്നും പത്രാധിപർ സൂചിപ്പിച്ചിരുന്നു.

ദീർഘനാളായി ആഗ്രഹിക്കുന്ന ഒരു ചിത്രം സ്വന്തം കാമറയ്ക്കു മുന്നിലെത്തുമ്പോഴാണ് ഒരു ഫോട്ടോഗ്രാഫറിന്റെ ഹൃദയം അഞ്ചു ലെൻസുകൾക്ക് സമാനമാകുന്നതെന്ന് ഷുമിലിൻ എഴുതിയിട്ടുണ്ട്; കാറൽ മാർക്സിന്റെ ഒരു അപ്രകാശിത ചിത്രത്തിനു ചുവട്ടിൽ.

സമ്മേളനമന്ദിരം ആരവം നിറഞ്ഞതായിരുന്നു. കോണിപ്പടികളിലും ഒറ്റപ്പെട്ട ഇടങ്ങളിലുമൊക്കെ വിദേശപ്രതിനിധികൾ ആതിഥേയരുമായി ഗൗരവത്തിൽ സംസാരിച്ചുനില്ക്കുകയാണ്. പോളണ്ടുമായുള്ള യുദ്ധം തുടരുന്നതിനെപ്പറ്റി, തോൽവി പിണഞ്ഞ പോളിഷ് പട്ടാളത്തെപ്പറ്റി, സോവ്യറ്റ് രാഷ്ട്രത്തിന്റെ കഷ്ടനഷ്ടങ്ങളെപ്പറ്റി, ശത്രുരാജ്യങ്ങളുടെ ഉപരോധത്തെപ്പറ്റി, പ്രതിനിധികൾ സ്കാൻഡിനേവിയ ചുറ്റി കടൽതാണ്ടി ആകാംക്ഷാപൂർവ്വം റഷ്യയിൽ എത്തിയതിനെപ്പറ്റി - ഇങ്ങനെ പലവിധത്തിലുള്ള സംഭാഷണങ്ങളായിരുന്നു അവിടെ കേൾക്കാനായത്. വലിയ വലിയ പ്രകാശഗോളങ്ങൾ ഭൂമിയിൽ തെളിയാൻ പോകുന്നെന്നതിന്റെ സൂചനകളായിരുന്നു എവിടെയും.

ഷുമീലിൻ ആദ്യമവിടെ പരിചയപ്പെട്ട കൂനുള്ള മനുഷ്യൻ ഒരു തയ്യൽക്കാരനായിരുന്നു. അയാളുടെ സംസാരം ശ്രദ്ധയോടെ കേട്ടുനിന്നശേഷം കാമറയും തൂക്കി ഗോവണി കയറി ഷുമിലിൻ അതിവേഗം നടന്നു.

ജനറൽ യുദേനിച്ചിന്റെ പട്ടാള ആക്രമണം പൈത്രഗ്രാദിൽ വച്ച് പ്രതിരോധിച്ചതിന്റെ അവശിഷ്ടങ്ങൾ അവിടവിടെയായി കാണാം. കിടങ്ങുകൾ, പലയിടത്തും തിട്ടുകൾ- ഇതിനെക്കുറിച്ചൊക്കെ വിദേശപ്രതിനിധിക്ക് വിശദീകരിച്ച് കൊടുത്ത് ഷുമീലിൽ മാറിനിന്നു. ജർമ്മൻകാരനായ ഒരു പ്രതിനിധിയുടെ ചിത്രം വരയ്ക്കണമെന്ന് ആലോചിച്ചെങ്കിലും അയാളുടെ സംശയങ്ങൾ കേട്ടപ്പോൾ പന്തിയല്ലെന്ന് തോന്നി.

ചില പ്രധാന കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നു പറഞ്ഞ് അവിടെനിന്നും തടിതപ്പി. മുറിയിലേക്കു മടങ്ങും വഴി ഓഫീസിൽ കയറിയ ഷുമീലിൻ കോമിന്റേൻ കോൺഗ്രസിലേക്കുള്ള പ്രത്യേക പാസ് വാങ്ങിവച്ചു. ചില പ്രത്യേക ബ്രഷുകളും നിറവും പൊതിഞ്ഞ് കാമറാബാഗിന്റെ പോക്കറ്റിൽ ഭദ്രമായി വച്ചു. താനെടുത്ത ലെനിന്റെ പല പോസിലുള്ള ഫോട്ടോകൾ മനസ്സിൽ ഒരു കൊളാഷായി രൂപപ്പെടുന്നതുപോലെ ഷുമീലിന് തോന്നി.

ഉഷ്ണം കുമിഞ്ഞ സമ്മേളനഹാളിലേക്ക് കയറി. ചൂട് അസഹ്യമായതോടെ പ്രതിനിധികളും ആതിഥേയരും പത്രമാസികകൾകൊണ്ട് വീശാൻ തുടങ്ങിയിരുന്നു. ഒരിരമ്പൻകാറ്റ് അടുത്തടുത്തു വരുന്നതു പോലെ തോന്നിയതിൽ അത്ഭുതമില്ല. എണ്ണാനാവാത്തത്ര കൈകളാണ് ഒരേസമയം മുന്നിൽ വീശിക്കൊണ്ടിരിക്കുന്നത്. ചിലർ കോട്ടുകളൂരി വീശുന്നുണ്ട്. പല കാരണങ്ങളാലാവാം അവിടമാകെ വല്ലാത്തൊരു ഉദ്വേഗം നിറഞ്ഞു നില്ക്കുന്നു. ഒന്നുയർന്നു നോക്കി. അധ്യക്ഷവേദി വ്യക്തമായി കാണാനാകുന്നുണ്ട്. ഡ്രോയിങ് ബുക്കിലേക്കും ബ്രഷുകളിലേക്കും ഒരിയ്ക്കൽക്കൂടി നോക്കി ഷുമീലിൻ യഥാസ്ഥാനത്തിരുന്നു.

പെട്ടെന്ന് വേദിയിലേക്കുള്ള വഴിയിൽ ഒരാരവമുയർന്നു കേൾക്കാൻ തുടങ്ങി. പ്രധാനികളിലാരുടെയോ വരവറിയിപ്പായിരുന്നു അത്. വിദേശപ്രതിനിധികളും സ്വദേശികളുമുൾപ്പെടുന്ന ഒരു സംഘം അവിടെ പ്രത്യക്ഷമായി. അവർക്കിടയിലേക്ക് കാർനേഷൻ പുഷ്പങ്ങൾ ചുവന്ന നക്ഷത്രങ്ങൾ പോലെ തുരുതുരെ വന്നു വീഴാൻ തുടങ്ങി. എതിരെ വരുന്ന കാറ്റിനെ വകവയ്ക്കാതെ ഒരു വശം ചരിഞ്ഞ് നടന്നുവരുന്നത് വ്ലജിമീർ ഇല്ലിച്ച് ലെനിൻ. ഉയരുന്ന കരഘോഷം ഒന്നവസാനിപ്പിക്കാനായി വേദിയിൽ നിന്ന് ലെനിൻ ചുറ്റുപാടും നോക്കി.

ഒച്ചയും ബഹളവും പതുക്കെ അവസാനിച്ചു. പോക്കറ്റിൽ നിന്നും ചില കടലാസുകൾ പുറത്തെടുത്ത ലെനിൻ പടവുകളിലൊന്നിലിരുന്ന് അവ വായിക്കാൻ തുടങ്ങി. പല കാമറകളിൽനിന്നും ഫ്ലാഷുകൾ മിന്നി. ചിത്രകാരന്മാർ ലെനിൻ വേദിയിലെത്തിയ ശേഷം വര തുടങ്ങാൻ കാത്തിരിക്കുകയാണ്. ഷുമീലിൻ ഒരു വലിയ തല ആദ്യം വരച്ചു. മറ്റൊരാളിലും കാണാത്ത എന്തൊക്കെയോ ചിലത് ഈ മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഷുമീലിന്റെയുള്ളിലെ ചിത്രകാരൻ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.

ലെനിനെ വേദിയിൽ കണ്ടപ്പോൾ തുടങ്ങിയ ബഹളം പെട്ടെന്നൊന്നും അവസാനിച്ചില്ല. കയ്യുയർത്തിയും, പോക്കറ്റിൽ നിന്നും വാച്ചെടുത്തു കാണിച്ചുമൊക്കെ നിശ്ശബ്ദരാകാൻ ചുറ്റുമുള്ളവരോടു ലെനിൻ പറയുന്നുണ്ട്. ആവേശം കയറിയവർ അതൊന്നും അനുസരിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ ലെനിൻ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നപോലെ കടലാസുകൾ ഓരോന്നായെടുത്ത് വായിക്കാൻ തുടങ്ങിയപ്പോഴാണ് ആ സ്നേഹാരവം അവസാനിച്ചത്.

ലോഹം ഉരുക്കിയൊഴിക്കുന്നതുപോലെയായിരുന്നു ലെനിന്റെ ശബ്ദം. ആവേശം നിറഞ്ഞ ആ വാക്കുകളോരോന്നും അവിടെ കൂടിയിരുന്നവരുടെ മനസ്സിലേക്ക് എരിയുന്ന ശിഖരംപോലെയാണ് ചെന്നുവീണത്.

ഷുമീലിൻ ലെനിനെ നോക്കിയിരുന്നു. വരയ്ക്കാൻ ശ്രമിച്ചു. പലപ്പോഴും സ്വയം മറന്ന് ആ ശബ്ദം മാത്രം കേട്ടു. ഇംഗ്ലണ്ടിലെ ബൂർഷ്വാഗവണ്മെന്റിന്റെ തെന്നൽരാഷ്ട്രീയത്തെ ലെനിൻ ഉരച്ചുകീറി. ഴകാരങ്ങൾക്കുപകരം ഉല്യാനവ് ഉപയോഗിച്ച റകാരോച്ചാരണം ആ സംഭാഷണത്തെ കൂടുതൽ ഹൃദയസാമീപ്യമുള്ളതാക്കുന്നതുപോലെയാണ് ഷുമീലിനു തോന്നിയത്.

ചുറ്റും നടക്കുന്നതിൽ നിന്നും ഇരമ്പങ്ങളിൽനിന്നും സ്വന്തം കാഴ്ചയെയും കേൾവിയെയും ഷുമിലിൻ പിൻവലിച്ചു. മനസ്സിൽ ലെനിന്റെ ചിത്രം മാത്രം. ഒരു കഴുകൻ ഭൂമിയിൽനിന്ന് ആകാശത്തെ ലക്ഷ്യമാക്കി പറക്കാൻ തുടങ്ങുന്നതിനെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രമാണ് മനസ്സിലാദ്യം പ്രത്യക്ഷമായത്. വരപ്പുസ്തകത്തിലേക്ക് സ്വയം മറന്ന് മനസ്സിലുള്ള ലെനിനെയും നേരിൽകണ്ട ലെനിനെയും വിവിധ നിറങ്ങളിൽ വരച്ചു തുടങ്ങിയ ഷുമീലിൻ ഇടയ്ക്ക് തലയുയർത്തി നോക്കി. കടലാസുകൾ ചുരുട്ടിപ്പിടിച്ച് മാക്സിംഗോർക്കിയ്ക്കൊപ്പം നടന്നുപോകുന്ന ലെനിൻ. ആൾക്കൂട്ടത്തെ വക‍ഞ്ഞ്, തട്ടുകയും മുട്ടുകയുമൊക്കെ ചെയ്തവർക്ക് മുഖം കൊടുക്കാതെ ഷുമീലിൻ വ്ലജിമീറിനു പിന്നാലെ ഓടി.

വീട്ടിലെ വരാന്തയിൽ ഒറ്റയ്ക്കു നടക്കുന്ന ഭാവമായിരുന്നു ലെനിന്റേത്. ഇടയ്ക്ക് കൈകൾ പോക്കറ്റിൽ തിരുകിയും മറ്റുചിലപ്പോൾ പിന്നിൽ കെട്ടിയും.

ഓക്കുമരക്കൊമ്പുകളും ചുവന്ന പനിനീർപ്പൂക്കളും കൊണ്ടുതീർത്ത ഒരു പുഷ്പചക്രം മുന്നിൽ. രക്തസാക്ഷിമണ്ഡപമെത്തിയ ലെനിൻ ഒരു നിമിഷം നിശ്ശബ്ദനായി നിന്നു. വീണ്ടും നടന്നു. തലങ്ങും വിലങ്ങും പായുന്ന ജനങ്ങൾ. അവരുടെയൊക്കെ ശ്രദ്ധാബിന്ദു താനാണെന്നറിയാമായിരുന്നിട്ടും അവരിലൊരാളെന്ന മട്ടിലാണ് ലെനിന്റെ നില്പ്.

ഷുമീലിൻ വേഗം നടന്നുചെന്ന് വരച്ച ചിത്രം ലെനിന്റെ മുന്നിലേക്ക് നീട്ടി. അങ്ങോട്ടെന്തെങ്കിലും ചോദിക്കുംമുമ്പ് ലെനിൻ പറഞ്ഞു: "ഇത്രമാത്രം സുന്ദരനല്ല ഞാൻ. ആ കഷണ്ടി അതേപോലെ വരയ്ക്കൂ. അതാണ് നല്ലത്. തോൾ ചെരിവ് ഒട്ടും കുറയ്ക്കണ്ട".

തോളോടു തോൾചേർന്ന് നടന്നകലുന്ന ലെനിനും ഗോർക്കിയും. ആ ചിത്രമൊന്ന് വരയ്ക്കാനായി ഷുമീലിൻ മറ്റൊരു കാൻവാസെടുത്ത് മുന്നിൽ കണ്ട പടവുകളിലൊന്നിൽ ചെന്നിരുന്നു. പിന്നീട് അതുവഴി കടന്നുപോയവരെയൊന്നും ഷുമീലിൻ കണ്ടില്ല.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments