അധ്യായം 34
പ്രച്ഛന്ന വേഷങ്ങൾ
ലെനിൻ കേന്ദ്രകമ്മിറ്റിക്കെഴുതിയ കത്ത് ക്രൂപ്സ്കയയ്ക്കു നേരെ നീട്ടി. മാർക്സിസവും വിപ്ലവവും എന്ന തലക്കെട്ടിലുള്ള ആ കത്ത് വായിച്ചു കഴിഞ്ഞപ്പോൾ ലെനിൻ പറഞ്ഞു; ‘നമുക്ക് വൈബോർഗിലേക്കുതന്നെ മടങ്ങാം’.
ഒട്ടും സമയം കളയാതെ ക്രൂപ്സ്കയ അതിനുള്ള ഒരുക്കം തുടങ്ങി.
പിത്രഗ്രാദിലെ ആ രാത്രിയിൽ ലെനിൻ വല്ലാതെ അസ്വസ്ഥനായിരിക്കുന്നതായി ക്രൂപ്സ്കയയ്ക്കു തോന്നി. ഒളിവിൽ കഴിയുന്നത് പുതുമയുള്ള കാര്യമല്ല. അങ്ങനെയുള്ള പല ദിവസങ്ങളിലും ക്രൂപ്സ്കയ ഒപ്പമുണ്ടായിരുന്നിട്ടുമുണ്ട്.
നേരമൊട്ടും നഷ്ടമാക്കാതെ വായനയിലോ എഴുത്തിലോ ആലോചനയിലോ ചർച്ചയിലോ സ്വയം മറന്നു മുഴുകുന്നതാണ് ശീലം. പിന്നെന്തുകൊണ്ടാണ് സുലിമോവിന്റെ വീട്ടിലെത്തിയിട്ടും ഭക്ഷണശേഷം വിശ്രമനേരമായിട്ടും ഇത്രമാത്രം അക്ഷമനായി ഇല്ലിച്ച് പുറത്തേക്കു നോക്കി നില്ക്കുന്നത്? ഇങ്ങനെയൊരു സ്ഥലത്ത് താമസിക്കുന്നുണ്ടെന്ന് ചാരപ്പോലീസ് മണത്തറിയുമെന്ന ഭീതിയൊന്നും തോന്നാനിടയില്ല.
"എന്താണ് ഇല്ലിച്ച്, എന്നോട് പറയാവുന്ന കാര്യമാണോ തലയിൽ പെരുക്കമുണ്ടാക്കുന്നത്?" ക്രൂപ്സ്കയയുടെ ചോദ്യം കേട്ട ലെനിൻ തലയിലമർത്തി തടവി തൊട്ടരികെയുള്ള കസേരയിലിരുന്നു.
"പ്ലഹനോവിന്റെയും കൂട്ടരുടെയും പ്രചാരണം എത്ര നിന്ദ്യമാണ്. ആശയപരമായ എതിരിടലിനെ ഞാനെന്നും സ്വാഗതം ചെയ്തിട്ടേയുള്ളൂ. പക്ഷേ, ഇതങ്ങനെയല്ല" ലെനിന്റെ ശബ്ദത്തിൽ ക്ഷോഭം തുളുമ്പി.
ക്രൂപ്സ്കയ കിടക്ക കുടഞ്ഞുവിരിയ്ക്കാനായി എഴുന്നേൽക്കുന്നതിനിടയിൽ ഇല്ലിച്ച് തുടർന്നു: "നമ്മുടെ സ്വാധീനം ജനങ്ങൾക്കിടയിൽ ആഴത്തിൽ സംഭവിച്ചിട്ടുണ്ടെന്നും അതത്ര പെട്ടെന്നില്ലാതാക്കാനാവില്ലെന്നും അവർ ഭയക്കുന്നുണ്ടാകണം’’.
ക്രൂപ്സ്കയ ഇല്ലിച്ചിനരികെയെത്തി.
യാതൊന്നും സംസാരിക്കാതെ ക്രപ്സ്കായയുടെ ചുമലിൽ പിടിച്ച് കിടക്കയിലേക്കു നടക്കുമ്പോൾ ചുമരിൽ തറച്ചിരുന്ന ഒരു കളിപ്പാട്ടം ഇല്ലിച്ച് ഊരിയെടുത്തു. പൊട്ടിച്ചിരിക്കുന്ന ഒരു നീർനായയുടെ ചിത്രത്തിനു മുന്നിലെ വെളിച്ചത്തിൽ ക്രൂപ്സ്കയ ആ കളിപ്പാട്ടം വാങ്ങിവച്ചു.
പ്ലിഹാനവ് മാത്രമല്ല എതിർക്കൂട്ടത്തിൽ പലരും രഹസ്യമായും പരസ്യമായും ലെനിന്റെ രാഷ്ട്രീയസാന്നിദ്ധ്യത്തെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ജർമ്മൻ ചാരനാണ് ലെനിനെന്നും, ഒറ്റുകാരുടെ പട്ടികയിൽ മുദ്രിതമാവേണ്ട നാമമാണതെന്നും അവർ പ്രചരിപ്പിച്ചു. സിനവീവ്, കമനേവ്, ലെനിൻ എന്നിവരെ അറസ്റ്റ് ചെയ്യാനുത്തരവിറങ്ങി. സൈനികർ ക്രസൻസ്കമാൻഷൻ കയ്യേറി. ഓരോ ദിവസവും റഷ്യയ്ക്കുള്ളിലെ മേഘമാലകളുടെ നിറം കൂടുതൽ ഇരുണ്ടുമൂടാൻ തുടങ്ങി.
ക്രൂപ്സ്കയ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. സാധാരണ ചെറിയ ചെറിയ ഭൂകമ്പങ്ങളെ ലെനിൻ കണക്കിലെടുക്കാറുള്ളതല്ല. രഹസ്യമായോ പരസ്യമായോ തന്നെക്കുറിച്ച് മറ്റുള്ളവർ കരുതുന്നതും പറയുന്നതുമെന്തെന്ന് ഗൗനിക്കാറുമില്ല. ഉണരുമ്പോൾ മുതൽ ഉറങ്ങുന്നതുവരെയുള്ള നേരങ്ങളിൽ ഓരോ നിമിഷവും ലക്ഷ്യത്തിലേക്കടുക്കാൻ ഒരു ചുവടുവയ്ക്കുക - അതു മാത്രമായിരുന്നു ലെനിന്റെ ലക്ഷ്യവും സ്വപ്നവും.
നെഞ്ചിൽ നല്ല ചൂടനുഭവപ്പെടുന്നുണ്ടായിരുന്നു. ബലിഷ്ഠമായ ആ കൈകൾക്കുള്ളിലമർന്ന് മുഖം മുഖത്തോടുചേർത്തു് കഴുത്തിൽ പതുക്കെ തലോടി ക്രൂപ്സ്കയ ഇല്ലിച്ചിനോട് കൂടുതൽ ചേർന്നു കിടന്നു. കാറ്റിന്റെ ഉറവയെ കൈക്കുമ്പിളിലൊതുക്കുംപോലെ ക്രൂപ്സ്കയയെ ശരീരത്തിന്റെ ഊഷ്മാവിലേക്ക് ചേർത്തു. തണുപ്പൻ പുതപ്പിനകത്ത് അവരുടെ നഗ്നശരീരങ്ങൾ അതിർത്തികൾ മായ്ക്കാൻ തുടങ്ങി.
ക്രൂപ്സ്കയയ്ക്ക് വിറച്ചു.
അമർത്തിയൊന്നു മൂളിയശേഷം ഇല്ലിച്ച് ക്രൂപ്സ്കയയുടെ ശരീരത്തോട് കൂടുതൽ ഒട്ടിച്ചേർന്നു.
ഏറെ വൈകിയാണ് തൊട്ടടുത്ത പ്രഭാതത്തിൽ ഇല്ലിച്ച് ഉണർന്നത്. കണ്ണുകൾ പതുക്കെ തുറന്ന്, ഒട്ടും അപരിചിതത്വമില്ലാത്ത ഒരിടത്തെന്നപോലെ പ്രാവ്ദയ്ക്കുവേണ്ടി തലേന്ന് തയ്യാറാക്കിയ കുറിപ്പ് വായിച്ചുകൊണ്ടിരുന്ന ക്രൂപ്സ്കയയുടെ കൈത്തണ്ടയിൽ ഇല്ലിച്ച് അമർത്തിയൊന്ന് പിടിച്ചു.
"ഇവിടെനിന്നു മാറണം. രഹസ്യപ്പോലീസ് അധികം വൈകാതെ ഇങ്ങെത്താൻ സാധ്യതയുണ്ട്". ഇല്ലിച്ച് പറഞ്ഞു. തല്ക്കാലം ഇവിടെത്തന്നെ തുടരാം; അതാണ് കൂടുതൽ സുരക്ഷിതമെന്ന് ക്രൂപ്സ്കയ പറഞ്ഞെങ്കിലും അതത്ര വിശ്വാസം വരാത്തതുപോലെ ലെനിൻ ക്രൂപ്സ്കയയെ നോക്കി.
"ശേഷം ഞാൻ വൈകിട്ട് തിരിച്ചുവന്നിട്ട്" ഇല്ലിച്ചിന്റെ നെറ്റിയിൽ ചുംബിച്ച് ക്രൂപ്സ്കയ പുറത്തേക്കിറങ്ങി. ആരും തിരിച്ചറിയുന്നവരായി പുറത്തുണ്ടായിരുന്നില്ല. ക്രൂപ്സ്കയ ആശ്വാസത്തോടെ ഇടത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.
കോടതിയിൽ പ്രത്യക്ഷപ്പെടാനുള്ള തീരുമാനം വൈകുന്നേരം ക്രൂപ്സ്കയയും മരീയയും തിരികെ വന്നപ്പോഴാണ് ലെനിൻ പറഞ്ഞത്. കോടതിയിൽ നിന്നും യാതൊരു നീതിയും ലഭിക്കില്ലെന്ന് സ്റ്റാലിൻ ഉറപ്പിച്ചു പറഞ്ഞു. അപകടകരമായ ചിലത് സംഭവിക്കുമെന്ന് ലെനിൻ ആ ദിവസം സിനവീവിനോടു പറയുകയും ചെയ്തതാണ്. തൊട്ടുപിന്നാലെ അവർ അവിടെനിന്നും അപ്രത്യക്ഷരായി.
വൈകാതെ ഒരു കേണലും സൈനികനും ക്രൂപ്സ്കയയെ തേടിയെത്തി. ചോദ്യം ചെയ്തു. അവർ മടങ്ങിയശേഷമാണ് ശ്വാസം നേരെ വീണത്. അവർ വീശിയിരുന്ന വലയിൽ നിന്നും ഇല്ലിച്ച് അത്ഭുതകരമായി രക്ഷപെട്ട കാര്യം അപ്പോൾ മാത്രമാണ് ക്രൂപ്സ്കയ ഉറപ്പിച്ചത്.
അന്നയുടെ വീട്ടിലാണ് അന്ന് ക്രൂപ്സ്കയ താമസിച്ചിരുന്നത്. ഇടയ്ക്കും മുറയ്ക്കും രഹസ്യപ്പോലീസ് ആ വീടിന്റെ വാതിലിൽ മുട്ടിവിളിച്ചു. ലെനിൻ എവിടെയുണ്ടെന്നായിരുന്നു അവർക്കറിയേണ്ടിയിരുന്നത്. അന്നയുടെ ഭർത്താവിനെയും ക്രൂപ്സ്കയയെയും അവർ നിരന്തരം ചോദ്യംചെയ്തുകൊണ്ടിരുന്നു.
ഭീതിയുടെ അന്തരീക്ഷം അവിടമാകെ നിലനിന്നു. അതിനിടയിലൂടെ ക്രൂപ്സ്കയ വൈബോർഗിലേക്ക് വണ്ടികയറി. പലയിടങ്ങളിലെത്തേണ്ട ലെനിന്റെ കുറിപ്പുകൾ പലരിലൂടെ ക്രൂപ്സ്കയയുടെ കൈകളിലെത്തി. തൊട്ടടുത്തദിവസം കാമനേവ് അറസ്റ്റ് ചെയ്യപ്പെട്ടു. ബൽഷെവിക്കുകളുടെ മുൻനിര നേതാക്കളെ വധശിക്ഷയ്ക്ക് വിധേയരാക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നു. പ്രാവ്ദയും, വോൾനയുമടച്ചുപൂട്ടാൻ അറിയിപ്പുകിട്ടി. ട്രോട്സ്കിയെയും ലുണാചാർസ്കിയെയും അറസ്റ്റ് ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ രൂക്ഷമാകുന്നത് ലെനിന് ബോദ്ധ്യമായി തുടങ്ങി.
ആ ദിവസങ്ങളിലൊന്നിൽ ഇല്ലിച്ച് ക്രൂപ്സ്കയയ്ക്കെഴുതി: "പിഴയ്ക്കാനിടയുള്ള നമ്മുടെ ചുവടുകൾക്കുവേണ്ടിയാണ് കണ്ണുകൾ തുറന്ന് അവർ കാത്തിരിക്കുന്നത്. ഉള്ളിലെ എല്ലാ വാതിലുകളും തുറന്നു വച്ച് നാം നീണ്ട പാതകളിലെ വെളിച്ചമണയാതെ സൂക്ഷിക്കേണ്ട സമയമാണിത്."
കെരെൻസ്കിയുടെ ഉള്ളിൽ പക ഒരു തിമിംഗലത്തെപ്പോലെ കുതറിമറിഞ്ഞു. സ്മോൾനിയിൽ ലെനിനുവേണ്ടി പീരങ്കിപ്പട കാവലേർപ്പെടുത്തിയത് അയാൾക്ക് സഹിക്കാനാവുമായിരുന്നില്ല. പരസ്യമായി ബൽഷെവിക്കുകൾക്കൊപ്പം നിന്ന പീരങ്കിപ്പടയെ പരസ്യമായി തന്നെ അപമാനിച്ച് നിർവ്വീര്യമാക്കാനുള്ള നിശ്ചയത്തിൽ നിന്നും കെരൻസ്കി പിൻമാറില്ലെന്ന് പ്രഖ്യാപിച്ചു. സ്ക്വയറിലേക്കു പൊയ്ക്കൊണ്ടിരുന്ന നിരായുധരായ പീരങ്കിപ്പടയാളികളുടെ ആത്മവീര്യം കെടുത്തുന്നതിന് അയാൾ നിരന്തരം ശ്രമിച്ചു.
ക്രൂപ്സ്കയയുടെ ഡയറിക്കുറിപ്പുകളിൽ ഏറ്റവും കൂടുതൽ വെട്ടലും തിരുത്തലുമുണ്ടായിരുന്നത് കെരൻസ്കിയെക്കുറിച്ചെഴുതുമ്പോഴായിരുന്നു. ചില വാക്കുകൾ പലതവണ മാറ്റാൻ ശ്രമിച്ചതിന്റെ അടയാളങ്ങൾ പലയിടത്തും കാണാം. ദുര മൂത്ത അധികാരത്തിന്റെ ഉഗ്രമൂർത്തിയെന്നർത്ഥം വരുന്ന വരികൾ പലയിടത്തും കാണാമായിരുന്നു.
കോൺണിലോവ് പെത്രഗ്രാദ് ലക്ഷ്യമാക്കി മുന്നേറാൻതുടങ്ങി. അടക്കാനാവാത്ത ആവേശത്തോടെ അവിടേക്ക് പാഞ്ഞെത്തിയത് വൈബോർഗ് ജില്ലയിലെ തൊഴിലാളികളാണ്. അവർ റഷ്യയുടെ പുതിയ രാഷ്ട്രീയസമവാക്യമാണ് എഴുതി ചരിത്രത്തിൽ ചേർക്കാൻ പോകുന്നതെന്നൊന്നും ആലോചിച്ചില്ല. ഭയക്കേണ്ടവർ ഭയക്കാൻ തുടങ്ങുകയും ഭയരഹിതരാകേണ്ടവർ അങ്ങനെയായി മാറുകയും ചെയ്ത ദിവസങ്ങളായിരുന്നു അത്.
റഡ്‌ലിവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇല്ലിച്ച് പെട്ടെന്ന് ഫിൻലാൻഡിലേക്കു പോകാൻ തീരുമാനിച്ചത് ക്രൂപ്സ്കയ അറിയുന്നത് ഏറെ വൈകിയാണ്. ഒരു ദൂതൻ വഴി കൊടുത്തയച്ച കത്ത് ലഭിച്ചപ്പോൾ 'സ്റ്റേറ്റും വിപ്ലവവും' എന്ന പുസ്തകം എഴുതി കഴിഞ്ഞിട്ടുണ്ടാകുമെന്ന് ക്രൂപ്സ്കയ കരുതി. എന്നാൽ ഫിൻലാൻഡിലെത്തിയ ശേഷമേ ആ പുസ്തകരചന തുടങ്ങുന്നുള്ളൂ എന്നും എത്രയും വേഗം അവിടേക്ക് പുറപ്പെട്ട് ഹെൽഡിങ് ഫോർഡിലെത്താനുമായിരുന്നു ക്രൂപ്സ്കയയെ അറിയിച്ചത്.
ഫിൻലാൻഡിലേക്കുള്ള ഇല്ലിച്ചിന്റെയും ക്രൂപ്സ്കയയുടെയും യാത്രയെക്കുറിച്ച് വായിച്ചപ്പോൾ ക്രിസ്റ്റഫർ റീഡും ഡോ. ഇറീനയും പരസ്പരം നോക്കി. "ഒരേ ലക്ഷ്യത്തിനുവേണ്ടി രണ്ടു ശരീരങ്ങളിലെ ഹൃദയങ്ങൾ നിലയ്ക്കാതെ മിടിക്കാൻ തുടങ്ങിയാൽ അത് ഫലപ്രാപ്തിയിലെത്താതിരിക്കില്ല." ഇറീന പറഞ്ഞ വാചകം അതേപോലെ നോവലിൽ ഉപയോഗിക്കുമെന്ന് ക്രിസ്റ്റഫർ ഡയറിയിൽ കുറിച്ചിട്ടു.
എങ്ങനെയാണ് ലെനിനും ക്രൂപ്സ്കയയും ഫിൻലാൻഡിലേക്കു കടന്നത്? ക്രൂപ്സ്കയ സ്വന്തം ഡയറിയുടെ ഏതെങ്കിലുമൊരു പേജിൽ അതെക്കുറിച്ചെഴുതിയിട്ടുണ്ടാവുമെന്ന് ഉറപ്പുണ്ടായിരുന്നു. നോവലിൽ ഏതെങ്കിലുമൊരു സന്ദർഭത്തിൽ ക്രിസ്റ്റഫർ തീർച്ചയായും അത് അവതരിപ്പിക്കുമെന്നും. ഒരദ്ധ്യായത്തിന്റെ പകുതിയിലെത്തിയപ്പോൾ ഇറീനയ്ക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. ഫിൻലാൻഡിലേക്കുള്ള രഹസ്യയാത്രയുടെ വിവരണമായിരുന്നു അത്.
വ്യാജപ്പേരിൽ സംഘടിപ്പിച്ച പാസ്പോർട്ടായിരുന്നു ലെനിന്റെയും ക്രൂപ്സ്കയയുടെയും കയ്യിലുണ്ടായിരുന്നത്. വൃദ്ധനായ ഒരു തൊഴിലാളിയുടെ വേഷത്തിലായിരുന്നു ലെനിന്റെ ആദ്യ ഫിൻലാൻഡ് യാത്ര. കീശയിലോ ബാഗിനുള്ളിലോ സംശയം ജനിപ്പിക്കുന്ന പേപ്പറുകളോ രേഖകളോ കരുതരുതെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ക്രൂപ്സ്കയയ്ക്കറിയാ മായിരുന്നു.
എഴുതിക്കൊണ്ടിരുന്ന കടലാസുകൾ പൊടുന്നനെ മടക്കി പോക്കറ്റിലിട്ട് ഇറങ്ങി നടക്കുക, ഒരേ വിഷയത്തെക്കുറിച്ച് പല കുറിപ്പുകൾ തയ്യാറാക്കി സൂക്ഷിക്കുക - ഇതൊക്കെ ഇല്ലിച്ചിന്റെ ഒഴിവാക്കാൻ കഴിയാത്ത ശീലങ്ങളായിരുന്നു. രഹസ്യപ്പോലീസിന്റെ പിടിയിൽപ്പെട്ടാൽ രക്ഷപെടാൻ അത്ര എളുപ്പമല്ലെന്ന് മറ്റാരെക്കാളും നന്നായി ഇല്ലിച്ചിനറിയാം. തൊട്ടുപിന്നാലെ ഫിൻലാൻഡിലെത്താൻ തയ്യാറായിരിക്കുന്ന ക്രൂപ്സ്കയയ്ക്ക് വ്യാജപാസ്പോർട്ടെത്തിച്ചശേഷം ലെനിൻ ഇങ്ങനെ എഴുതി: "വേഗം പുറപ്പെടണം. പ്രച്ഛന്നവേഷത്തിൽ. ആർക്കും എവിടെയും സംശയം തോന്നാത്തതുപോലെ വേണം സംസാരവും പെരുമാറ്റവുമെല്ലാം..."
ഹെൽസിങ് ഫോർഡിലായിരുന്നു ഫിൻലാൻഡിലെ ഇല്ലിച്ചിന്റെ താമസം. അവിടേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ് ക്രൂപ്സ്കയ. പുലർച്ചെ പുറപ്പെടുംമുമ്പ് ഏറെനേരം കണ്ണാടിയിൽ നോക്കിനിന്നു. ഈ പ്രച്ഛന്നവേഷമാണ് ഫിൻലാൻഡിലേക്ക് കടക്കാനേറ്റവും നല്ലതെന്ന് ഇല്ലിച്ച് എഴുതിയിരുന്നു. ഒരു വൃദ്ധയുടെ വേഷവും ഭാവവും ഉൾക്കൊണ്ട്, ശബ്ദമിണങ്ങുംവിധം ക്രമീകരിച്ച് ചിലതൊക്കെ സംസാരിച്ചുനോക്കി. അത്രയൊന്നും ഭാരമില്ലാത്ത തോൾസഞ്ചി ആയാസപ്പെട്ടെടുത്തുയർത്തി നോക്കി. 'ഇല്ല ആരു കണ്ടാലും ഒരു വൃദ്ധയല്ലെന്ന് സംശയിക്കില്ല.' ക്രൂപ്സ്കയ സ്വയം പറഞ്ഞു.
വൃദ്ധയായ ഒരു തൊഴിലാളിസ്ത്രീയുടെ മട്ടിലും ഭാവത്തിലും നടക്കുമ്പോൾ പോലീസിനോ മറ്റുള്ളവർക്കോ യാതൊരു സംശയവും തോന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇടയ്ക്ക് മുന്നിൽ വന്നിരുന്ന ഫിൻലാൻഡ് പോലീസുകാരൻ തുടർച്ചയായി പുകവലിക്കുകയും ഇടയ്ക്ക് പോക്കറ്റിൽനിന്നും ഒന്നുരണ്ടു ഫോട്ടോകൾ എടുത്ത് അതിലേക്ക് തറപ്പിച്ചുനോക്കുകയും ചെയ്തു. രഹസ്യവിവരം കിട്ടിയതനുസരിച്ച് വ്യാജപാസ്പോർട്ടിൽ യാത്ര ചെയ്യുന്ന തന്നെ അകത്താക്കാൻ വന്നതാവും പോലീസുകാരനെന്ന് ഉറപ്പിച്ചതാണ്. തന്റെ സ്റ്റേഷനാകും വരെ അയാൾ യാതൊന്നും ചോദിച്ചില്ല. പലതവണ കണ്ടെങ്കിലും അയാൾ ഇരുന്ന ഇരുപ്പിൽ നിന്നുമനങ്ങിയതുമില്ല.
കെരൻസ്കിയെന്ന മുറ്റൻ വൃക്ഷത്തെ കടപുഴക്കണമെങ്കിൽ എന്തൊക്കെയാണ് നാം ചെയ്യേണ്ടത്? ആ ദിവസങ്ങളിൽ അങ്ങനെയൊരു ചിന്ത മാത്രമേ ലെനിന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ഫിൻലാൻഡിലെ സൈനികരുടെയും നാവികരുടെയും തൊഴിലാളികളുടെയും ചെയർമാനായ സ്മിൽഗയ്ക്കെഴുതിയ കത്തിൽ അതെപ്പറ്റി വിശദമായി രേഖപ്പെടുത്തി.
(തുടരും)