അധ്യായം 35
കഥയിലേക്കുള്ള ദൂരം
കഥയും ജീവിതവും തമ്മിലുള്ള ദൂരം കുറയുന്നത് ക്രിസ്റ്റഫർ റീഡ് കണ്ടു. റജിശേവിനെ പിന്തുടർന്ന ‘ലെനിൻ നിഴൽ’ തന്നെയും വിട്ടകലാതെ നില്ക്കുന്നത് ക്രിസ്റ്റഫർ കാണാൻ തുടങ്ങി.
‘പണ്ടു പണ്ടെ'ന്നൊരു കഥയുണ്ട്; ലെനിനെപ്പറ്റി. എന്തുകൊണ്ടാണ് എഴുത്തുകാരും സംഗീതജ്ഞരും ചിത്രകാരന്മാരുൾപ്പെടെയുള്ള സർഗ്ഗാത്മകമനസ്സുകൾ ആ ജീവിതത്തിനും ചര്യകൾക്കും സ്വപ്നങ്ങൾക്കുമൊപ്പം ആവേശപൂർവ്വം ഇങ്ങനെ സഞ്ചരിച്ചത്. മാർക്സ്, എംഗൽസ്, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, നെൽസൺ മണ്ഡേല, എബ്രഹാം ലിങ്കൺ - അങ്ങനെ ലോകാരാധന നേടിയവർ നിരവധി. അവരുടെ യാത്രാമുഖങ്ങളും വ്യത്യസ്തം.
ലെനിൻ റഷ്യൻ ഞരമ്പുകളിലെ രക്തപ്രവാഹമായ് മാറിയതെന്തുകൊണ്ടാണ്? മൃതിയെ മറികടന്നുയർന്ന സാന്നിദ്ധ്യമായി എന്തുകൊണ്ട് ലെനിൻ മാറി?
- ഇങ്ങനെയുള്ള ചോദ്യങ്ങൾ പല സന്ദർഭങ്ങളിൽ പലരോട് ചോദിച്ച ക്രിസ്റ്റഫർ റീഡിന് വ്യത്യസ്തമായ ഉത്തരങ്ങളാണ് ലഭിച്ചത്. ആദ്യം ഒരു ജീവചരിത്രരചനയ്ക്ക് അതായിരുന്നു വേണ്ടതും.
നോവൽ രചനയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയ ആദ്യദിവസങ്ങളിൽതന്നെ എൽ. റജിശേവ് എന്ന എഴുത്തുകാരന്റെ പുസ്തകങ്ങളുമായി മുറിയിൽ കയറി. ആദ്യദിവസം, ആജീവനാന്തം, പടത്തിൽ ഒരു തിരുത്ത് - തുടങ്ങിയ അദ്ദേഹത്തിന്റെ രചനകൾ തിരഞ്ഞുപിടിച്ചു വായിക്കണമെന്ന് മുമ്പ് കരുതിയതാണ്.
ഭാവനയായിരുന്നില്ല; യഥാർത്ഥസംഭവങ്ങളായിരുന്നു ആ എഴുത്തുകളെന്നും കേട്ടിട്ടുണ്ട്. ‘പണ്ടുപണ്ടെന്ന’ കഥ ഒരു സുഹൃത്താണ് ശ്രദ്ധയിൽപ്പെടുത്തിയത്. റജിശേവിന്റെ ആദ്യം വായിച്ച രചനയുമതായിരുന്നു.
"ക്രിസ്റ്റഫർ, ഈ കഥ (പണ്ടു പണ്ട്) വായിക്കാതെ പോകരുത്. മറ്റു കഥകളിൽ നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണിത്’’, വിക്ടോറിയയുടെ ഈ കുറിപ്പോടെ തപാലിൽ ലഭിച്ച കഥ വായിച്ചു തീർത്തിട്ടാണ് അടുത്ത കത്തുപൊട്ടിച്ചത്.
1941-ൽ ഫാഷിസ്റ്റുകളെ എതിരിടാൻ യുദ്ധമുന്നണിയിലേക്കുപോയ എഴുത്തുകാരനായിരുന്നു റജിശേവ്. 1929 മുതൽ എഴുത്തിൽ സജീവമായതാണ്.
'പിന്തുടരാൻ ഒരു കാൽപ്പാടെങ്കിലും മുന്നിലുണ്ടെങ്കിൽ നാം ഭാഗ്യവാന്മാരാണെന്ന് പറയേണ്ടി വരും. അതില്ലാത്തവരാണ് ഭൂമിയിൽ ഭൂരിപക്ഷവും. റഷ്യക്കാർ അക്കാര്യത്തിൽ ഭാഗ്യവാന്മാരാണ്. അവരുടെ ജീവിതത്തിൽ ആ കാല്പാടുകൾ മണ്ണിന്റെ തായ്‌വേരിലേക്കു പതിഞ്ഞു കിടക്കുന്നു. അതു നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.'
- റജിശേവിന്റെ ഈ വരികൾ ക്രിസ്റ്റഫർ ഒറ്റവായനയിൽ മനഃപാഠമാക്കി. ചിലരുടെ വാക്കുകൾ വായനക്കാരൻ പോലുമറിയാതെ ഹൃദയത്തിന്റെ അറകളെ കീഴടക്കുമെന്ന് പലപ്പോഴും ക്രിസ്റ്റഫറിന് തോന്നിയിട്ടുണ്ട്.
സിമോൻ പേത്രിക്ക് ആശുപത്രി വിടുന്ന ദിവസം. ആൾ പരലോകത്തേക്കുള്ള ചീട്ടുവാങ്ങിയെന്നു കരുതിയതാണ്. വെടിയുണ്ടയുടെ ഒരു ചീള് പുറത്തേക്കെടുക്കുമ്പോൾ ജീവൻ പോകുന്ന വേദനയുണ്ടായിരുന്നു. പതുക്കെപ്പതുക്കെ അതൊട്ടുമില്ലാതായി. ഏതു വേദനയും അങ്ങനെയാണ്. കാലപ്പഴക്കത്തിൽ നേർത്തുനേർത്തില്ലാതാവുന്ന ഒന്നാണ് മനുഷ്യവേദനകളെന്ന് സിമോൻ ഓർത്തു.
മുലകുടി മാറുന്നതിനുമുമ്പു് പന്നിക്കൊഴുപ്പ് തിന്നാൻ തുടങ്ങിയതുകൊണ്ടാണ് പേത്രിക്ക് ബലിഷ്ഠകായനായതെന്ന് മറ്റുള്ളവർക്ക് തോന്നിയിരുന്നു. അതു വെറുതെയായിരുന്നില്ല. അമ്മ പറയാറുണ്ടായിരുന്ന ഒരു വാചകം അയാൾ അടുപ്പക്കാരോട് പറയുകയും ചെയ്തു.
‘‘പന്നിക്കൊഴുപ്പും തേനും രുചിയുള്ളതു മാത്രമല്ല മനുഷ്യന്റെ കായശേഷി വർദ്ധിപ്പിക്കുന്നതുമാണ്. പന്നിക്കൊഴുപ്പിന്റെ കഷണങ്ങൾ ചട്ടിയിൽ കിടന്നു മൊരിയുന്നതോർത്താൽ ഇന്നും എന്റെ രോമങ്ങളോരോന്നുമെഴുന്നേറ്റുവരും’’.
ഇരമ്പിക്കടന്നുവന്ന ആംബുലൻസിന്റെ ശബ്ദം. വെടിയേറ്റു വീണിടത്തുനിന്നും സിമോനെ ആരോ എടുത്താശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യം ഒരു വിധം വീണ്ടെടുത്തപ്പോഴാണ് അധികൃതർ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് നല്കിയത്.
പേത്രിക്കിനു് മോസ്കോ നഗരം കാണണമെന്നു തോന്നി. ജർമ്മനിയുമായുള്ള യുദ്ധത്തിൽ മരിച്ച അച്ഛന്റെയും, ടൈഫസ് പനി വന്നു മരിച്ച അമ്മയുടെയും മുഖം മറക്കാൻ കഴിഞ്ഞില്ല. ഓരോ നിമിഷവും ഒരു ചുവട് മുന്നോട്ടു വയ്ക്കാൻ പറഞ്ഞതിനുശേഷമാണ് സ്വപ്നത്തിൽ നിന്നും അവർ തിരിച്ചുപോകാറുള്ളതും.
തുരുമ്പിന്റെ നിറമുള്ള ഇലകൾ. മങ്ങിയ വെയിൽ. ജാക്കറ്റ് കുത്തിക്കീറി തണുപ്പ് ശരീരത്തെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ആശുപത്രിയിൽ തൊട്ടടുത്ത കിടക്കയിലുണ്ടായിരുന്ന പ്രസ് തൊഴിലാളിയായ സഖാവ് ആൻട്രു മോസ്കോയുടെ ഹൃദയരേഖകൾ വരച്ചും എഴുതിയും നല്കിയത് പേത്രിക്ക് എടുത്തുനോക്കി. ആ നഗരത്തിന്റെ ഓരോ മുക്കും മൂലയും വരെ കൃത്യമായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
സിമോൻ പേത്രിക്ക് നഗരത്തിലെ തെരുവുകണ്ണാടിയുടെ മുന്നിൽനിന്നു. അതിന്റെ ചില ഭാഗങ്ങൾ ഉടഞ്ഞിരിക്കുന്നു. കാലപ്പഴക്കം മങ്ങലേല്പിച്ചിട്ടുമുണ്ട്. വഴിപോക്കർക്ക് സംതൃപ്തരായി യാത്രതുടരാൻ ആ കണ്ണാടിക്കാഴ്ചകൾ സഹായിക്കുമെന്നാണ് വിശ്വാസം. പേത്രിക്ക് സ്വന്തം ശരീരഭാഗങ്ങളിലേക്ക് നോക്കി. ക്ഷീണിതവും ദുർബ്ബലവുമായ ശരീരത്തിന് മേദസ്സുമുന്മേഷവും ലഭിക്കണമെങ്കിൽ പന്നിക്കൊഴുപ്പു കഴിക്കണം. തേൻ കുടിക്കണം. ഇതു രണ്ടും നല്കാൻ സ്വന്തം അമ്മയില്ലല്ലോ. അത് സംഘടിപ്പിച്ച് വീട്ടിലെത്തിക്കാൻ അച്ഛനും. അമ്മയും അച്ഛനുമില്ലാതാവുന്നതോടെ ഒരു മകന്റെ /മകളുടെ ജീവിതത്തിലെ വിസ്മയകാലമവസാനിച്ചെന്നു പറയാം. നഷ്ടങ്ങളുടെ ഓർമ്മകൾ ഇടയ്ക്കിടെ വന്നു മുട്ടാറുള്ള ഒരു ഒറ്റമുറിയാണ് പിന്നീടവരുടെ ജീവിതം. ഭൂപടത്തിലെ നദിപോലെ പേത്രിക്കിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
കണ്ണാടിയിലെ തന്റെ മുഖം വികൃതവും ഹതാശവുമാണ്. വളർന്നു തൂങ്ങിയ താടിരോമം. അത് കവിളിലെ കുഴി മറയ്ക്കാൻ സഹായിക്കുന്നുണ്ട്. വഴിയോരം ചേർന്നു നടക്കാൻ തുടങ്ങിയ പേത്രിക്കിന്റെ മുന്നിലൂടെ ഒരു കാർ കടന്നുപോയി. തൊട്ടുമുന്നിൽ ചെന്നുനിന്ന കാറിനു ചുറ്റും കുട്ടികൾ ഓടിക്കൂടി. മുതിർന്നവർ കൗതുകത്തോടെ കാറിലേക്കു നോക്കി നിന്നു.
രണ്ടു പേരുണ്ടായിരുന്നു ആ കാറിൽ. മേധാശക്തിയുള്ള നോട്ടമായിരുന്നു ഒരാളുടേത്. എവിടെ നിന്നാണ്, എങ്ങോട്ടാണ്, എന്തു ചെയ്യുന്നു - ഇങ്ങനെയുള്ള ചോദ്യങ്ങൾ ചെറുചിരിയോടെ ചോദിച്ചു ആഗതരിൽ ഒരാൾ.
മുറിവേറ്റശേഷം ചികിത്സ കഴിഞ്ഞ് ചുവപ്പുസേനയുടെ ഒരു ട്രാൻസിറ്റ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പോകുകയാണെന്ന് പേത്രിക്ക് പറഞ്ഞതുകേട്ടനിമിഷം കൂർത്ത തൊപ്പിവച്ച മനുഷ്യൻ കാറിൽനിന്നും പുറത്തേക്കിറങ്ങി. റഷ്യയുടെ അതിർത്തിയിലേക്കു പ്രവേശിച്ചുകഴിഞ്ഞ സൂര്യജ്വാലയെ മണ്ണിലേക്കെത്തിക്കുന്നവരിലൊരാളെ നോക്കുന്നതുപോലെയാണ് പേത്രിക്കിനെ അയാൾ നോക്കിയത്. ഇത്രമാത്രം സ്നേഹത്തോടെ ഒരാൾ തന്നെ നോക്കുന്നത് പേത്രിക്ക് അപൂർവ്വമായേ കണ്ടിട്ടുള്ളൂ.
ഇരുപത്തൊന്നു വയസ്സുള്ള പേത്രിക്കിനോട് സംസാരിച്ചതുമുഴുവൻ കൂർത്ത തൊപ്പിക്കാരൻ തന്നെയാണ്. ചികിത്സിച്ച ആശുപത്രിയെക്കുറിച്ച്, ജീവനക്കാരെക്കുറിച്ച്, ഡോക്ടറെക്കുറിച്ച്, വീടിനെക്കുറിച്ച്, റഷ്യയെക്കുറിച്ച് - അങ്ങനെ പലതും. പ്രിയപ്പെട്ട ഒരാളെ ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം കാണുമ്പോഴെന്നപോലെയാണ് കാറിന്റെ സൈഡ് സീറ്റിലിരുന്ന മനുഷ്യൻ സുഖാന്വേഷണം നടത്തിയത്.
യാതൊന്നുമാലോചിക്കാതെ പേത്രിക്ക് ആഗതർ വന്ന കാറിനെക്കുറിച്ച് ചിലത് ചോദിച്ചറിയാൻ ശ്രമിച്ചു.
"അല്ല, ഈ കാറിന്റെ മോഡലേതാണ്. എനിക്ക് കാറുകളെക്കുറിച്ച് മോശമല്ലാത്ത വിവരമുണ്ട്. അതുകൊണ്ട് ചോദിച്ചതാ"
കൂർത്ത തൊപ്പിയൊന്നിളക്കി തലയിൽ തിരികെ വച്ചശേഷം ഡ്രൈവറോട് അയാൾ പറഞ്ഞു, "അതു നിങ്ങളുടെ പണിയാ. കാറിനെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കേണ്ടത് നിങ്ങളുടെ മാത്രം ചുമതലയാ..."
ഡ്രൈവറൊന്നു ചിരിച്ചു.
"ഡെലോൺ ബെൽവിൽ. നല്ലൊന്നാന്തരം കാറാണ്. ഒന്നു നിർബന്ധമാണെന്നു മാത്രം! പെട്രോൾ. കണ്ണീരുപോലെയുള്ള പെട്രോളൊഴിച്ചില്ലെങ്കിൽ പിണങ്ങി വഴിയിൽ കിടന്നുറങ്ങിക്കളയും. പിന്നാരെങ്കിലും മാനഭംഗപ്പെടുത്തുമെന്നു തോന്നിയാലേ ഒന്നോടാൻ തുടങ്ങൂ"
കൂർത്ത തൊപ്പിക്കാരൻ ചിരി നിറഞ്ഞ മുഖവുമായാണ് അത്രനേരവും പേത്രിക്കിനെ നോക്കിയത്. യാത്രപറഞ്ഞു പിരിഞ്ഞശേഷം സിമോൻ അദമൊവിച്ച് പേത്രിക്ക് ആ കാറിനെയും അതിനുള്ളിലുണ്ടായിരുന്ന കഷണ്ടിത്തലക്കാരനെയും നോക്കി തല ചൊറിഞ്ഞു.
ഇരുവരുമൊന്നിച്ച് കാറിലേക്കെന്ന് പറഞ്ഞപ്പോൾ അതനുസരിക്കാനാണ് സിമോന് തോന്നിയത്.
വ്ലജിമീർ ഇല്ലിച്ച് ലെനിനാണ് കൂർത്ത തൊപ്പിവച്ചയാളെന്ന് പേത്രിക്കിന് അപ്പോഴും മനസ്സിലായില്ല.
ആ കാർ അവിടെനിന്നും നേരെചെന്നു നിന്നത്. ആശുപത്രിക്ക് മുന്നിലാണ്. പേത്രിക്കിന്റെ വസ്ത്രധാരണവും, ക്ഷീണിതാവസ്ഥയും, ക്ഷൗരം ചെയ്യാത്ത മുഖവും റഷ്യയോടുള്ള അഭിനിവേശവുമെല്ലാം ലെനിന്റെ മനസ്സിൽ സ്നേഹത്തിന്റെ പുതിയ ശിഖരങ്ങൾ വളർത്തി. അത് നോട്ടത്തെയും സംസാരത്തെയും രൂക്ഷമാക്കി.
ക്വാർട്ടർ മാസ്റ്റർ ലെനിനെ തിരിച്ചറിഞ്ഞു. ആ വരവിലെന്തോ പന്തികേടുള്ളതുപോലെ അയാൾക്കു തോന്നി. വളരെ പെട്ടെന്ന് പേത്രിക്കിനെക്കുറിച്ചാണ് ലെനിൻ പറഞ്ഞുവരുന്നതെന്നു മനസ്സിലാക്കിയ സൂപ്രണ്ട് ചില ന്യായങ്ങൾ നിരത്താൻ തുടങ്ങി. ആശുപത്രി നടത്തിപ്പ് കേമമാണെന്നും, ജീവനക്കാർ സ്തുത്യർഹമായ സേവനമാണ് നടത്തുന്നതെന്നും സ്ഥാപിക്കാനുള്ള ശ്രമം നടത്തിനോക്കി. അതൊന്നും വിലപ്പോവില്ലെന്ന് വളരെ പെട്ടെന്ന് അയാൾക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു.
"നോക്കൂ ക്വാർട്ടർ മാസ്റ്റർ, ജീവൻ വെടിയാൻ തയ്യാറായി പോരാടുന്ന നമ്മുടെ യഥാർത്ഥ വീരപുരുഷന്മാർ ആശുപത്രിയിൽനിന്ന് മുഷിഞ്ഞുനാറുന്ന കീറത്തുണികളും ധരിച്ച് ഇറങ്ങിപ്പോകുമ്പോൾ ഈ ബെൽറ്റുകളും തിളങ്ങുന്ന ബൂട്സുമെല്ലാം അണിഞ്ഞു നടക്കാൻ നിങ്ങൾക്ക് നാണമില്ലേ?"
ക്വാർട്ടർ മാസ്റ്റർ തർക്കിക്കാൻ നിന്നില്ല. ആശുപത്രിയിലെ ഓരോ വിഭാഗത്തിലും ചെന്ന് അവിടെയുള്ളവരോട് സംസാരിച്ച്, ചിലപ്പോൾ ശുണ്ഠിപിടിച്ച്, മറ്റുചിലപ്പോൾ പൊട്ടിച്ചിരിച്ച് ഏറെനേരം ലെനിൻ അവിടെ ചെലവിട്ടു.
റജിശേവിന് താനെഴുതിയ കഥ വായിക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. പേത്രിക്കെന്ന കഥാപാത്രത്തിലൂടെ പറയാൻ ശ്രമിച്ചത് ഭാവനയിൽ കടന്നുവന്ന ഒരു കഥാപാത്രത്തിന്റെ ജീവിതമോ അനുഭവങ്ങളോ ആയിരുന്നില്ല. തീവണ്ടിയാത്രയ്ക്കിടയിൽ യുവസൈനികനായ ഒരാൾ പറഞ്ഞത് അതേപോലെയെഴുതിവയ്ക്കുകയാണ് ചെയ്തത്. അതിനെ കഥയെന്ന് വിശേഷിപ്പിക്കുന്നതിനോട് റജിശേവിന്റെയുള്ളിലെ എഴുത്തുകാരൻ യോജിച്ചില്ല. റഷ്യക്കാരായ വായനക്കാർ ലെനിനെയും ആ ജീവിതത്തെയും ഒട്ടും ഭാവനകലർത്തി കണ്ടതുമില്ല. ഓരോ റഷ്യൻ ജീവിതത്തിന്റെയും ചുറ്റുവട്ടത്ത് ജലമായും വായുവായും മണ്ണായും സൂര്യപ്രകാശമായും പ്രത്യക്ഷമാകുന്നതൊക്കെ ലെനിന്റെ അദൃശ്യസാന്നിധ്യം കൊണ്ടാണെന്ന് വിശ്വസിക്കാനാണ് അവർ ഇഷ്ടപ്പെട്ടത്. റജിശേവിന്റെ കഥകള്‍ ക്രിസ്റ്റഫര്‍ പലതവണ വായിച്ചു.
(തുടരും)