അധ്യായം 36
രക്തം ചിതറിയ നേരം
ഗില്ലിന്റെ കഥയിലെ ലെനിനെ മറക്കാനാവില്ലെന്ന് ക്രിസ്റ്റഫര്‍ റീഡ് നോട്ടുപുസ്തകത്തിലെഴുതിയത് വയലറ്റു നിറമുള്ള മഷികൊണ്ടാണ്.
എസ്. ഗില്‍ എഴുതിയ ഒരു പുസ്തകമുണ്ട്; ‘വി.ഐ. ലെനിനുമൊന്നിച്ച് ആറുവര്‍ഷങ്ങൾ’ എന്ന ആ പുസ്തകത്തിന് തീവ്രാനുഭവത്തിന്റെ ചൂരും ചൂടും പ്രവഹിപ്പിക്കാനായിട്ടുണ്ടെന്ന് പലരും പ്രശംസിച്ചിട്ടുള്ളതാണ്.
ആറുവര്‍ഷം ലെനിന്റെ ഡ്രൈവറായിരുന്നു സ്റച്യപ്പാന്‍ഗില്‍. അന്ന് ലെനിന്‍ ഓരോ ദിവസത്തെയും യാത്ര തുടങ്ങുന്നതുമവസാനിപ്പിക്കുന്നതും ഗില്ലിനൊപ്പമായിരുന്നു. ഗില്ലിന്റെ കണ്ണുകള്‍ ആ വര്‍ഷങ്ങളില്‍ ഏറ്റവുമധികം കണ്ടിട്ടുള്ളതും മറ്റാരെയുമായിരുന്നില്ല.
റഷ്യയില്‍ വിശപ്പ് ആന്തിപ്പറിക്കാനായുന്ന ഒരു ഹിംസ്രജന്തുവിനെപ്പോലെ കുതറിച്ചാടിക്കൊണ്ടിരുന്ന ദിവസങ്ങളായിരുന്നു അത്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നേറാന്‍ തൊഴിലാളികളും കര്‍ഷകരും യുദ്ധമുന്നണിയില്‍ നിലയുറപ്പിച്ച നാളുകള്‍. വി.ഐ. ലെനിന്‍ എവിടെ സംസാരിച്ചാലും അവിടങ്ങളിലൊക്കെ ജനം തടിച്ചുകൂടിക്കൊണ്ടിരുന്നു. പ്രതിവിപ്ലവകാരികളും ശത്രുപാളയവും ഏറ്റവും ഭയപ്പെട്ടതും നിശ്ശബ്ദമാകണമെന്ന് കരുതിയതും ലെനിന്റെ ശബ്ദമാണ്.
മറുപുറത്ത്, തന്നെ വകവരുത്താനുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നുണ്ടെന്ന് ലെനിനറിയാമായിരുന്നു. അതിനെ ചെറുക്കുന്നതിനുവേണ്ടി ചെറിയൊരു കൈത്തോക്കു പോലും ലെനിന്‍ സൂക്ഷിച്ചില്ല. ഗില്ലിനെയും അതിന് അനുവദിച്ചില്ല.
അജ്ഞാതനായ ഒരു ശത്രു പ്രിയപ്പെട്ട ലെനിന്റെ ജീവനുനേരെ പുറപ്പെട്ടിട്ടുണ്ടെന്ന തോന്നല്‍ ശക്തമായതോടെ മറ്റാരും കാണാതെ ഉടുപ്പിനുള്ളില്‍ ഒരു തോക്ക് ഗില്‍ എപ്പോഴും ഒളിച്ചുവച്ചു. ഏതു നിമിഷവും ഒരു കൈ അതിന്റെ കാഞ്ചിവലിക്കാനായി ഒരുക്കി വയ്ക്കുകയും ചെയ്തു. ലെനിനു നേരെ നിറയൊഴിക്കാന്‍ സ്വബോധമുള്ളവരാരും തയ്യാറാവില്ലെന്ന് ഗില്ലിന്റെ മനസ്സ് ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍ ആ വിരലുകള്‍ രണ്ടാമതൊന്നുകൂടി ചലിക്കില്ലെന്നും.
മിക്കല്‍സണ്‍ ഫാക്ടറിയുടെ വളപ്പിലേക്ക് കാര്‍ ഓടിച്ചു കയറ്റിയപ്പോള്‍ സ്റച്യപ്പാന്‍ ഗില്ലിനെന്തോ ഒരു പന്തികേടു തോന്നി. സാധാരണ ലെനിന്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ അല്ലെങ്കില്‍ കാര്‍ കാഴ്ചവട്ടത്തെത്തുമ്പോള്‍ സംഘാടകര്‍ ആവേശത്തോടെ നടന്നടുക്കാറുള്ളതാണ്. അന്ന്, അന്നു മാത്രം ആരെയും കാണാത്തതെന്തുകൊണ്ടെന്ന് തോന്നിയെങ്കിലും, ലെനിന്‍ കാറില്‍ നിന്നിറങ്ങി നടന്നപ്പോഴും, തണലില്‍ പാര്‍ക്കിംഗിനിടം നോക്കുമ്പോഴുമൊന്നും എന്തെങ്കിലും അപായകരമായത് സംഭവിക്കുമെന്ന് കരുതിയില്ല. പിന്നീട് ആഹ്ലാദത്തോടെ ചിലര്‍ വന്ന് ലെനിനെ സ്വീകരിച്ച് സമ്മേളനഹാളിലേക്ക് കൊണ്ടുപോകുന്നത് ഗില്‍ നോക്കിയിരുന്നു. അകത്തുനിന്നും തുടര്‍ച്ചയായ കരഘോഷം കേള്‍ക്കാന്‍ തുടങ്ങി.
ഇറക്കം കുറഞ്ഞ ജാക്കറ്റിട്ട ഒരു സ്ത്രീ പെട്ടെന്ന് ഗില്ലിന്റെ കാഴ്ചയിലേക്ക് വന്നു. അവളുടെ കയ്യില്‍ ഒരു ബാഗുണ്ടായിരുന്നു. നേരെ കാറിനടുത്തേക്കായിരുന്നു ആ സ്ത്രീയുടെ വരവ്. എന്തോ തന്നോട് ചോദിച്ചറിയാനാണ് അവളുടെ വരവെന്ന് ഗില്ലന് തോന്നി. 'ലെനിന്‍ വന്നിട്ടുണ്ടോ?' സ്ത്രീയുടെ ചോദ്യം കേട്ടപ്പോള്‍ ഗില്ലിന് അസ്വാഭാവികതയൊന്നും തോന്നിയില്ല. ഉത്തരം പറയുംമുമ്പ് രണ്ടു സ്ത്രീകള്‍ കൂടി പുറത്തേക്കിറങ്ങി വന്നു. തൊട്ടുപിന്നാലെ കുറേ തൊഴിലാളികളും കര്‍ഷകരും. അവരോട് ഗൗരവത്തിലെന്തോ സംസാരിച്ചുനില്ക്കുന്ന ലെനിന്‍. കൃത്യസമയത്ത് പ്രസംഗം തുടങ്ങുമെന്നതില്‍ ഗില്ലിനു് ആശ്വാസം തോന്നി. ലെനിന്‍ തിരിച്ചു വന്നാലുടന്‍ മടക്കയാത്രയ്ക്കായ് കാര്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തണമെന്നും ഗില്‍ മനസ്സിലുറച്ചു.
മയക്കം വിട്ടുണര്‍ന്നത് ആ കാലൊച്ച കേട്ടപ്പോഴാണ്.
“...വളരെ ശരിയാണ്. പലരും അന്യായമായി പലപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അതെല്ലാം നേരേയാക്കാം. സംശയിക്കണ്ട”, തന്റെയൊപ്പം നടന്ന സ്ത്രീകളോട് ഇങ്ങനെ പറഞ്ഞവസാനിപ്പിച്ച ലെനിന്‍ കാറിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ നടുക്കുന്ന ശബ്ദത്തില്‍ ആദ്യ വെടിപൊട്ടി.
ആള്‍ക്കൂട്ടം ചിതറിയോടി. ഡോര്‍ വലിച്ചുതുറന്ന് പുറത്തേക്കിറങ്ങിയ ഗില്‍ ലെനിനുനേരെ പാഞ്ഞുചെന്നു. അതിനിടയില്‍ രണ്ടാമത്തെ വെടിയും പൊട്ടി. കുറച്ചു മുമ്പ് ലെനിന്‍ വന്നിട്ടുണ്ടോയെന്നു ചോദിച്ച അതേ സ്ത്രീ വീണ്ടും ഉന്നം പിടിക്കുന്നത് ഗില്‍ കണ്ടു. തന്റെ കുതിച്ചുപായല്‍ കണ്ട് ഭയന്നിട്ടാകണം അവള്‍ തോക്ക് വലിച്ചെറിഞ്ഞ് ആള്‍ക്കൂട്ടത്തിലേക്കോടി മറഞ്ഞു.
ഗില്ലിന് മറ്റൊന്നുമാലോചിക്കാന്‍ കഴിഞ്ഞില്ല. രക്തത്തില്‍ കുഴഞ്ഞുകിടക്കുന്ന ലെനിന്റെ തല മടിയിലെടുത്തുവച്ച് ഗില്‍ നാലുപാടും നോക്കി. ഭയന്ന് നിശ്ചലരായി നോക്കിനില്ക്കുന്ന ജനക്കൂട്ടം. അസഹ്യമായ വേദന കടിച്ചമര്‍ത്തി തന്റെ മടിയില്‍ക്കിടക്കുന്ന ലെനിന്‍. അതിനിടയില്‍ ഒന്നുരണ്ടുപേര്‍ ഓടി അരികിലെത്തി. അവരുടെ സഹായത്തോടെ ലെനിനെ പിടിച്ചെഴുന്നേല്പിച്ചു. പിന്നെ കാറിലെ പതിവ് സീറ്റില്‍ കൊണ്ടിരുത്തി. പതുക്കെ കണ്ണുകള്‍ തുറന്ന ലെനിന്‍ എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
‘എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് പോകാം’, യോഗസംഘാടകരിലൊരാള്‍ തിടുക്കം കൂട്ടി. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഗില്ലിന്റെ ചുമലില്‍ പതുക്കെ തട്ടി ലെനിന്‍ ശബ്ദം താഴ്ത്തി പറഞ്ഞു; ‘വീട്ടിലേക്ക്, വേഗം വീട്ടിലേക്ക്’.
അത്രയും വേഗതയില്‍ ഗില്‍ കാറോടിച്ചിട്ടില്ല. ചുറ്റും പൊടിപടലമുയര്‍ന്നു. നോക്കി നില്ക്കുന്ന ആള്‍ക്കൂട്ടം അപ്പോഴേക്കുമാകെ ഇളകി മറിഞ്ഞുതുടങ്ങി. തങ്ങള്‍ക്കേറെ പ്രിയപ്പെട്ടവനായ വ്ലജിമീര്‍ ഇല്ലിച്ചിന് വെടിയേറ്റെന്ന വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ കാര്‍ കടന്നുപോയ വഴിയിലേക്ക് ഓടിയിറങ്ങാന്‍ തുടങ്ങി. ക്ഷീണിതനായി സീറ്റിലേക്ക് ചാരിക്കിടക്കുന്ന ലെനിനെ ഗില്‍ നോക്കി.
‘വീട്ടിലേക്ക്... വേഗം വീട്ടിലേക്ക്...’, ലെനിന്റെ ശബ്ദം ക്ഷീണിതമാകാന്‍ തുടങ്ങി.
രണ്ടുപേര്‍ കൂടി ലെനിനൊപ്പം കാറില്‍ കയറിയിരുന്നു. അവരെക്കുറിച്ച് ഉള്‍ക്കിടിലമുണ്ടാക്കുന്ന ചില സംശയങ്ങള്‍ തോന്നിയതോടെ ഗില്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. നേരത്തേ വെടിയുതിര്‍ത്ത സ്ത്രീയുടെ ഒപ്പക്കാരാണെങ്കിലോ അവര്‍? ആളൊഴിഞ്ഞ സ്ഥലമെത്തുമ്പോള്‍ യഥാര്‍ത്ഥമുഖം വെളിപ്പെടുത്തിയാലോ? അങ്ങനെ സംഭവിച്ചാല്‍ സ്വന്തം ജീവന്‍ വെടിഞ്ഞിട്ടാണെങ്കിലും ലെനിനെ രക്ഷിക്കണമെന്ന് ഗില്‍ നിശ്ചയിച്ചു. ഒരു കൈകൊണ്ട് സ്റ്റിയറിങ് തിരിക്കുമ്പോള്‍ മറുകൈ അയാള്‍ തോക്കില്‍ മുറുകെ പിടിച്ചു.
ലെനിന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പിന്നിലെ ആര്‍ച്ചിലൂടെ കാര്‍ അതിവേഗം അകത്തുകയറി. അതിനോടകം കാറില്‍ കയറിയ രണ്ടുപേരും ശത്രുക്കളല്ലെന്ന് ഗില്ലിന് മനസ്സിലായിരുന്നു. അവര്‍ കാര്‍ നിന്നപ്പോള്‍ ചാടി പുറത്തേക്കിറങ്ങി. ലെനിന്റെ ഇരുവശവും നിന്നു.
‘നടക്കാന്‍ ഞാന്‍ സഹായിക്കട്ടെ’, ഗില്‍ ചോദിച്ചു. ‘വേണ്ട, ഈ കോട്ടൊന്നൂരി തന്നാല്‍ മതി. എനിക്ക് നടക്കാനാകുന്നുണ്ട് ഗില്‍. നിങ്ങള്‍ പേടിക്കണ്ട. എനിക്കൊന്നും സംഭവിക്കില്ല’, വേദന കടിച്ചമര്‍ത്തി ലെനിന്‍ പറഞ്ഞു.
സഹോദരനെ കണ്ട് മരീയ ആകെ പരിഭ്രമിച്ചു. ശരീരത്തിലെ രക്തം മറ്റാരും കാണാതിരിക്കാന്‍ ലെനിന്‍ ശ്രമിച്ചു. ആയാസപ്പെട്ട് ഗോവണി കയറി. മുറിയിലെത്തിയതോടെ തളര്‍ന്ന് വ്ലജിമീര്‍ കട്ടിലിലേക്ക് വീണു. എന്താണ് സംഭവിച്ചതെന്ന് അതിനോടകം മരിയയ്ക്ക് മനസ്സിലായിരുന്നു.
ലെനിന്‍ കണ്ണുകളടച്ച് നീണ്ടുനിവര്‍ന്ന് കിടക്കുകയാണ്. മരിയ വെളുത്ത ഒരു കക്ഷണം തുണികൊണ്ട് സഹോദരന്റെ നെഞ്ചിലും കൈകളിലും പറ്റിപ്പിടിച്ചിരുന്ന രക്തം ഒപ്പിമാറ്റി. തണുത്ത വെള്ളം കുടിക്കാന്‍കൊടുത്തതോടെ ആള്‍ കൂടുതല്‍ ഉന്മേഷവാനായി.
ബോഞ്ച് ബ്രൂയേവിച്ചിനും വിനോക്കുറവിനും ഗില്‍ ഫോണ്‍ ചെയ്തു. സംഭവിച്ചതെന്താണെന്ന് കേട്ടനിമിഷം അവര്‍ പുറപ്പെടുകയാണെന്ന് പറഞ്ഞ് ഫോണ്‍ വച്ചു.
ആശുപത്രിയിലേക്കു പോകാന്‍ ലെനിന്‍ സമ്മതിച്ചില്ല. തനിക്കൊന്നും സംഭവിക്കില്ലെന്നു പറഞ്ഞ് കഠിനമായ വേദന സ്വയം സഹിക്കുകയാണ് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പ്രാഥമിക ചികിത്സ നല്കുന്നതിനായി തൊട്ടടുത്തുള്ള കെട്ടിടത്തില്‍ താമസിക്കുന്ന ഡോക്ടറെ വിളിച്ചുകൊണ്ടു വരാന്‍ മരീയ പടവുകളിറങ്ങിയോടി.
‘എനിക്ക് വേദനിക്കുന്നു. ഹൃദയം വല്ലാതെ നോവുന്നു’, ലെനിന്‍ ബോഞ്ച് ബ്രൂയേവിച്ചിനെയും വിനോക്കുറവിനെയും നോക്കി പറഞ്ഞു. അവര്‍ മുറിവുകളില്‍ അയഡിന്‍ പുരട്ടി. നീറ്റല്‍ സഹിച്ച് കണ്ണുകളച്ച് കിടന്ന ലെനിന്റെ കാല്‍വിരലുകള്‍ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.
‘ഇല്ല, നെഞ്ചില്‍ വെടിയുണ്ട തറഞ്ഞിട്ടില്ല. കൈത്തണ്ടയില്‍ മാത്രമാണ് മുറിവേറ്റിട്ടുള്ളത്’, ബ്രൂയേവിച്ച് പറഞ്ഞു.
ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു ലെനിന്‍ തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചു. വല്ലാതെ വിയര്‍ക്കുകയും നെറ്റിയില്‍ നേരിയ മഞ്ഞ നിറം പടരുകയും നോക്കിനില്ക്കെ അത് കൂടുതല്‍ കടുംമഞ്ഞയാകുകയും ചെയ്തു. അവിടെ കൂടിനിന്നവര്‍ പരസ്പരം നോക്കി. ലെനിന്‍ ജീവിതത്തോടു വിടപറയാന്‍ പോകുകയാണെന്ന ഭയം ഓരോരുത്തരുടെയും കണ്ണുകളില്‍ ഇരുട്ടുപടര്‍ത്തി.
വിവരമറിഞ്ഞെത്തിയവര്‍ ലെനിനെ കാണുന്നതിനായി തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. അവര്‍ക്കരികെയെത്തിയ ബോഞ്ച് ബ്രൂയേവിച്ച്, ലെനിനെ ഉടനെ കാണാനാവില്ലെന്നും അദ്ദേഹത്തിനിപ്പോള്‍ വിശ്രമമാണ് ആവശ്യമെന്നും പറഞ്ഞു. ഇതു കേള്‍ക്കുന്നതോടെ ജനങ്ങള്‍ പിരിഞ്ഞുപോകുമെന്നാണ് കരുതിയത്. അതുണ്ടായില്ല. അവര്‍ വിശപ്പും ദാഹവും മറന്ന് അവിടെയുള്ള പടവുകളിലും തണലിലും കാത്തിരിപ്പു തുടര്‍ന്നു.
ബ്രൂയേവിച്ചിന്റെ ഭാര്യ ഡോക്ടര്‍ വേര മിഹൈലൊവ്ന വെലീച്ചിക്കിനയും പ്രൊഫസര്‍ മിന്റ്സിനും ഒന്നിച്ചാണ് കാറില്‍ വന്നിറങ്ങിയത്. വേര പടവുകള്‍ ഓടിക്കയറി ലെനിനരികെയെത്തി. അധികമൊന്നും ആലോചിച്ചു നില്ക്കാതെ ബോധമറ്റു കിടന്ന ലെനിന്റെ നാഡിമിടിപ്പു നോക്കിയശേഷം വേര മോര്‍ഫിന്‍ കുത്തിവയ്പു നടത്തി. മരുന്നുള്ളില്‍ ചെന്ന നിമിഷം കണ്ണുകള്‍ തുറന്ന ലെനിന്‍ 'അതു നന്നായി'യെന്നു പറഞ്ഞ് വീണ്ടും ബോധരഹിതനായി. പിന്നാലെ ഇടതുകാലൊന്നുയര്‍ത്തി വച്ചു.
ക്രൂപ്സ്കയ വിവരമറിഞ്ഞെത്തുമ്പോള്‍ രാത്രിയായിരുന്നു. കൂടിനിന്നവരെ വകഞ്ഞുമാറ്റി ഇടംവലം നോക്കാതെ ലെനിന്റെ കിടക്കയ്ക്കരികെയെത്തിയ ക്രൂപ്സ്കയ എന്തെങ്കിലും സംസാരിക്കാനാവാതെ നിന്നു വിറച്ചു. ആ സമയത്ത് രണ്ടോ മൂന്നോ തവണ ലെനിന്‍ കണ്ണുകള്‍ തുറന്നു. ചുണ്ടുകളനങ്ങിയതല്ലാതെ ശബ്ദം പുറത്തുവന്നില്ല.
തൊട്ടുപിന്നാലെയെത്തിയ മിന്‍റ്സിന്‍ ഡോക്ടര്‍ വേരയുമായി എന്തൊക്കെയോ കൂടിയാലോചിച്ചശേഷം ലെനിനെ വിശദമായി പരിശോധിച്ചു തുടങ്ങി. കയ്യിലും കഴുത്തിലുമേറ്റ വെടിയുണ്ടകള്‍ അധികമാഴത്തിലേക്ക് ഇറങ്ങിപ്പോയിരുന്നില്ല.
‘ഇല്ല. ഒന്നും സംഭവിക്കില്ല. ഈ അസാധാരണ മനുഷ്യനെ ഞങ്ങള്‍ മരണത്തിന് വിട്ടുകൊടുക്കില്ല’, വേരയുടെ ചുമലില്‍ തട്ടിയ മിന്‍റ്സിന്‍ ബ്രൂയേവിച്ചിനെ നോക്കിയാണ് ഇങ്ങനെ പറഞ്ഞത്. ഇതു കേട്ടതോടെ ഗില്‍ നെടുതായൊന്ന് നിശ്വസിച്ച് പുറത്തേക്കിറങ്ങി.
ലെനിന്‍ നാലു ചിറകുകള്‍ വീശി റഷ്യയുടെ ആകാശങ്ങളില്‍ ഇനിയും പറക്കും. ബ്രൂയേവിച്ച് തൊട്ടടുത്തു നിന്ന വിനൊക്കുറവിനോട് ഇങ്ങനെ പറയുന്നതു കേട്ടതോടെ ഗില്ലിന് അത്രനേരം തോന്നിയ ഭയം ഇല്ലാതായി.
ഏറെ നാളുകള്‍ കഴിഞ്ഞിട്ടും ആ മുഖം ഗില്ലിന് മറക്കാനായില്ല. ലെനിന്‍ സുഖം പ്രാപിച്ചു തുടങ്ങിയ ദിവസങ്ങളിലൊന്നില്‍ ക്രൂപ്സ്കയയാണ് ആ സ്ത്രീയെക്കുറിച്ച് പറഞ്ഞത്. ഇല്ലിച്ചിനെ വെടിവച്ച ആ സ്ത്രീ; ഫാന്നി കപ്ലാനെന്നാണ് അവളുടെ പേര്. അവള്‍ ആള്‍ക്കൂട്ടത്തിനൊപ്പം ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ലെനിനു നേരേ അവള്‍ വെടിയുതിര്‍ക്കുന്നതു കണ്ട ചില കുട്ടികള്‍ വിളിച്ചു പറഞ്ഞു, അതാ ആ പോകുന്നവളാണ് നമ്മുടെ ലെനിനെ വെടിവച്ചതെന്ന്. ട്രാംലൈന്‍ തിരിവില്‍ വച്ച് ജനങ്ങള്‍ അവളെ പിടികൂടി. ചെക്കാന്‍ അവളെയും കൊണ്ട് ഇരുട്ടിലേക്ക് നടന്നു പോകുന്നതാണ് രോഷാകുലരായ തൊഴിലാളികള്‍ തുടര്‍ന്നു കണ്ടത്.
ജനങ്ങള്‍ അവള്‍ക്കു നേരെ പാഞ്ഞടുത്തപ്പോള്‍ ചെക്കാന്‍ വേണ്ട, ഇവളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു മാത്രം പറഞ്ഞു. ഭീകരപ്രവര്‍ത്തകരുടെ സംഘാംഗമായിരുന്നു അവള്‍. പെത്രഗ്രാദില്‍ വച്ച് ഉറിറ്റ്സ്കിയേയും വെലോദാര്‍സ്കിയെയും കൊലപ്പെടുത്തിയത് അവരായിരുന്നു.
മാസങ്ങള്‍ക്കുശേഷം വീണ്ടും ലെനിന്‍ മിക്കന്‍സണ്‍ ഫാക്ടറിയുടെ മൈതാനത്തെത്തി. ‘എങ്ങനെയുണ്ട് വ്ലജിമീര്‍?’, സ്ത്രീകള്‍ വിളിച്ചുചോദിച്ചു.
‘ഒന്നാന്തരം’, ലെനിന്‍ പഴയതിലേറെ ആവേശത്തോടെ അവര്‍ക്കു നേരെ നടന്നു.
(തുടരും)