ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 37
ധ്രുവസഞ്ചാരങ്ങൾ

തോന്നലുകളിൽ നിന്നും തോന്നലുകളിലേക്കാണ് സ്വന്തം മനസ്സ് സഞ്ചരിക്കുന്നതെന്ന് ക്രിസ്റ്റഫർ ഓർത്തു. ഇറീനയുടെ മനസ്സും ശരീരവും സഞ്ചരിച്ചതും ഇരുധ്രുവങ്ങളിൽ. ഇരു വൻകരകളിൽ…

…അൻപത്തിനാലു വർഷത്തെ ജീവിതം. അതിനിടയിൽ റഷ്യയുടെ ആകാശം ചുവന്ന പക്ഷിച്ചിറകുകളാൽ നിറയുന്നതു കാണാൻ നടത്തിയ അഹോരാത്രപ്രയത്നങ്ങൾ. അങ്ങനെ പരിക്ഷീണനായ ഒരാൾ. പകരമില്ലാത്തവൻ.

ഇളകിയ ഷൂസും നരച്ച കോട്ടും ധരിച്ച് മനുഷ്യവേദനകളിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമാണ് ശുദ്ധവായു ശ്വസിക്കുന്നതെന്ന് വിശ്വസിച്ച ഒരാൾ. അയാളെക്കുറിച്ചുള്ള കഥകളും കെട്ടുകഥകളും നാടോടിപ്പാട്ടുകളുമൊക്കെ അതിഭാവുകത്വം നിറഞ്ഞവയാണെന്ന് പറഞ്ഞവരും വിശ്വസിച്ചവരും പ്രചരിപ്പിച്ചവരുമുണ്ട്. അവയ്ക്കെല്ലാമപ്പുറം ഭൂമിയുടെ തായ്‌വേരിനുമപ്പുറത്തേക്ക് വേരുകളാഴ്ത്തി മണ്ണിൻമുകളിലെ ജീവിതത്തിന്റെ നിത്യസങ്കടങ്ങളെ പിഴുതുമാറ്റാനുള്ളതായിരുന്നു ആ ജന്മസാഹസികതകൾ.

ലെനിന്റെ മരണനിമിഷത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ റഷ്യയിലെ ഏതാണ്ടെല്ലാ ഘടികാരങ്ങളും ഒരു നിമിഷം നിശ്ചലമാകുകയും, ചിലത് പിന്നീടൊരിയ്ക്കലും പഴയ വേഗം വീണ്ടെടുക്കുകയും ചെയ്തില്ല. അവസാനദിനങ്ങളിലെ ഏകാന്തതയും വേദനപകർന്ന രഹസ്യവാർത്തകളും ലെനിന്റെ മനസ്സിനെ കൂടുതൽ കൂടുതൽ നിശ്ശബ്ദതയിലേക്ക് മുക്കിക്കൊണ്ടിരുന്നു...

ഡോ. ഇറീന വിദ്യാർത്ഥിയായിരുന്ന കാലത്ത് ക്ലാസ്സുമുറിയിലിരുന്ന് കടലാസുമണം മാറാത്ത പുത്തൻ നോട്ടുപുസ്തകത്തിന്റെ ആദ്യത്തെ താളിലെഴുതിയത് വായിച്ച് ക്രിസ്റ്റഫർ റീഡ് അത്ഭുതപ്പെട്ടു.

‘‘നോക്കൂ... യഥാർത്ഥത്തിൽ ലെനിനെക്കുറിച്ചുള്ള നോവലെഴുതേണ്ടത് ഇറീനയാണ്. ഒരു ജീവചരിത്രഗ്രന്ഥത്തിനപ്പുറം എന്തെങ്കിലുമെഴുതാൻ എനിക്ക് കഴിയുമെന്നു തോന്നുന്നില്ല. എഴുതിയാൽത്തന്നെ അതൊരു മികച്ച പുസ്തകമാകുമെന്ന് വിശ്വസിക്കാൻ കഴിയുന്നുമില്ല’’.

എന്തുകൊണ്ടാണ് ക്രിസ്റ്റഫർ ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരാളെപ്പോലെ വീണ്ടും സംസാരിക്കുന്നതെന്ന് ഇറീന ആലോചിച്ചു. പ്രിയ സുഹൃത്തിന്റെ ചെലവേറിയ ചികിത്സയ്ക്കുള്ള പണം സംഘടിപ്പിക്കുന്നതിനാണ് ക്രിസ്റ്റഫർ ഈ എഴുത്തുപരീക്ഷണം സ്വയമേറ്റെടുത്തതെന്ന കാര്യം ശരിയാണ്. അത് പലതവണ ക്രിസ്റ്റഫർ പറഞ്ഞിട്ടുമുണ്ട്. തുടർന്നുള്ള നാളുകളിൽ ഒരു നല്ല സുഹൃത്തെന്ന നിലയിൽ ക്രിസ്റ്റഫറിനൊപ്പം, നോവലെഴുത്തിനൊപ്പം സഞ്ചരിക്കാനാണ് ഇറീന ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

"പ്രിയപ്പെട്ട ഇറീനാ, പലതവണ നമ്മൾ സംസാരിക്കുകയും തർക്കിക്കുകയും ചിലപ്പോഴെങ്കിലും ഇടഞ്ഞിറങ്ങിപ്പോകുകയും ചെയ്തിട്ടുണ്ട്. ഇതേ വിഷയം തന്നെയായിരുന്നു അപ്പോഴൊക്കെ നമുക്കിടയിലെ വിയോജിപ്പുകൾക്ക് കാരണം".

യാതൊന്നും മറുപടി പറയാതെ കണ്ണട ഒന്നൂരി തുടച്ച് തിരികെവച്ചശേഷം ഇറീന ക്രിസ്റ്റഫറിനെ നോക്കിയിരുന്നു.

തക്ക അവസരങ്ങളിൽ പ്രലോഭനം നല്കാൻ പ്രസാധകന് കഴി‍ഞ്ഞതുകൊണ്ടും പിന്തുടർന്നതുകൊണ്ടുമാണ് ക്രിസ്റ്റഫർ എഴുത്തിന്റെ ഈ സമതലങ്ങളും പീഡാനുഭവങ്ങളും ഇത്രയും പിന്നിട്ടതെന്ന് ഇറീനയ്ക്കറിയാം. ചിലപ്പോൾ ക്രിസ്റ്റഫർ എഴുത്തിൽനിന്നും പിന്മാറി, പ്രസാധകനുമായുള്ള ഉടമ്പടിയിൽനിന്നു തന്നെ ഒഴിവാകാനുള്ള ഉപായവും കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. അതുപോലുള്ള സന്ദർഭങ്ങളിൽ ഇറീന ഒറ്റമുറിയുള്ള വീട്ടിലേക്ക് ക്രിസ്റ്റഫറിനെ കൂട്ടിക്കൊണ്ടുപോകുകയോ അല്ലെങ്കിൽ ക്രിസ്റ്റഫറിന്റെ ഫ്ലാറ്റിലെത്തുകയോ ചെയ്തു. അപ്പോഴൊക്കെ മനസ്സിലാക്കിയിട്ടുള്ള ഒരു സത്യമുണ്ട്. ഒരു സ്ത്രീക്ക് അനുയോജ്യനായ പുരുഷനെ, ഒരു പുരുഷന് അനുയോജ്യയായ സ്ത്രീയെ കണ്ടെത്താനായാൽ വിരസമാകാത്ത രാപകലുകൾ പരസ്പരം പകർന്നു നല്കിക്കൊണ്ടിരിക്കാനാകുമെന്ന്, ശരീരത്തിന്റെ വർദ്ധിതമായ ഉഷ്ണത്തട്ടുകളെ തണുത്തുറഞ്ഞ ഹിമപാളിപോലെയാക്കാൻ കഴിയുമെന്ന്; അല്ലെങ്കിൽ വികാരങ്ങളുടെ സ്ഫടികക്കട്ടകളെ ഉരുക്കി നീലജലാശയത്തിലേക്ക് ഒഴുക്കിവിടാനാകുമെന്ന്!

വിവാഹം, കുടുംബം, കുട്ടികൾ, വീട് - ഇങ്ങനെയുള്ളവയിൽ തിങ്ങി ഞെരിയുന്നൊരു ജീവിതം സങ്കല്പത്തിലേക്ക് ഒരിയ്ക്കലും കടന്നു വരാത്തതെന്തെന്ന് ഡോ. ഇറീന പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അങ്ങനെയൊന്ന് സങ്കല്പിക്കുകയും സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുകയും ചെയ്ത ക്രിസ്റ്റഫർ അതിൽ തികഞ്ഞ പരാജയമാണെന്ന് സ്വയം മനസ്സിലാക്കാൻ രണ്ടുവർഷം പോലുമെടുത്തില്ല.

അതുകൊണ്ടുതന്നെയാകണം സ്വകാര്യസംഭാഷണങ്ങളിൽ കുടുംബമെന്ന തണൽമരത്തെ എപ്പോഴും ക്രിസ്റ്റഫർ തള്ളിപ്പറയുകയും ചിലപ്പോഴെങ്കിലും പരിഹസിക്കുകയും ചെയ്യുന്നത്. അതിനോട് പലപ്പോഴും തനിക്കുള്ള വിയോജിപ്പ് ഇറീന തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ഇറീനയ്ക്കൊപ്പം ക്രിസ്റ്റഫർ അന്ന് നടന്നത് വോൾഗയുടെ തീരത്തെ സായാഹ്നത്തിലേക്കാണ്. നല്ല തണുപ്പ് ചുറ്റിപ്പിടിച്ചതിനാൽ അവിടേക്ക് വന്നവരും വന്നുകൊണ്ടിരുന്നവരും കമ്പിളിപ്പുതപ്പിലോ സ്വറ്ററിലോ ശരീരത്തിന് അഭയം നല്കിയിരുന്നു. ചില വൃദ്ധദമ്പതികൾ പരസ്പരം കൈപിടിച്ച് നിശ്ശബ്ദരായി ജീവിച്ചുതീർത്ത ജീവിതത്തിന്റെ മധുരവും ചവർപ്പുമയവിറക്കിയാണ് നടക്കുന്നതെന്നു തോന്നിച്ചു.

"ക്രിസ്റ്റഫർ, നമ്മൾ ഈ പ്രായത്തിലെത്തുമ്പോൾ?" ഇറീന ചോദിച്ചു. ഒരു ഞാറപ്പക്ഷിയുടെ കരച്ചിലിലേക്കു കാതോർത്തു നിന്ന ക്രിസ്റ്റഫർ വൃദ്ധദമ്പതികൾക്കു നേരെ നടന്നു.

അവരുമായി പരിചയപ്പെട്ടു സംസാരിക്കാനാണ് ക്രിസ്റ്റഫറിന്റെ ഉദ്ദേശമെന്ന് ഇറീനയ്ക്ക് മനസ്സിലായി. കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും പിന്നിടുന്ന ഓരോ നിമിഷവും ഒരെഴുത്തുകാരന് രചനാവേളയിലെ കരുക്കളാണെന്ന് ഇറീന പറയാറുണ്ട്. ഒരു ജീവചരിത്രകാരന് അങ്ങനെയുള്ള ഓർമ്മകളെ തിരികെ വിളിച്ചതുകൊണ്ട് പ്രയോജനമുണ്ടാവണമെന്നില്ല. ഫിക്ഷനെഴുതുന്ന ഒരാൾക്ക് ഓർമ്മകൾ ഒരു സ്ഥിരനിക്ഷേപമാണ്. താല്ക്കാലിക നിക്ഷേപമല്ല.

"ഇന്നു രാത്രി നമ്മൾ ഒന്നിച്ചുറങ്ങുന്നു", ക്രിസ്റ്റഫർ ഇറീനയെ നോക്കി.
"ഇന്നെന്നല്ല, എന്നുമുറങ്ങാൻ ഞാൻ ഒരുക്കമാണ് ക്രിസ്റ്റഫർ തയ്യാറാണെങ്കിൽ" ഇറീന.
"എന്റെ വിവാഹബന്ധം തകർന്നു തരിപ്പണമായത് പലീന കാരണമല്ല. അവൾ വളരെ നല്ല സ്ത്രീയായിരുന്നു!" ക്രിസ്റ്റഫർ എന്താണ് പറഞ്ഞു വരുന്നതെന്ന് ഇറീനയ്ക്ക് മനസ്സിലായില്ല. ക്രിസ്റ്റഫറിനും പലീനയ്ക്കുമിടയിലെ പ്രശ്നമെന്തെന്ന് ഒരിയ്ക്കൽപോലും ഇറീന ചോദിച്ചിട്ടുമില്ല. ക്രിസ്റ്റഫർ പറഞ്ഞിട്ടുമില്ല. അതു പറയാനാണ് ക്രിസ്റ്റഫറിന്റെ ഭാവമെങ്കിൽ തനിക്കത് കേൾക്കാൻ താല്പര്യമില്ലെന്നു പറയണമെന്ന് തീരുമാനിച്ച് ഇറീന നടന്നു.

"നിരന്തര സാമീപ്യം മനുഷ്യരെ പരസ്പരം ആത്മീയമായൊരു നൂലിൽ ബന്ധിതരാക്കും. അത് അച്ഛനോടാണെങ്കിലും അമ്മയോടാണെങ്കിലും. പലീനയുടെ പിതാവ് ഒരു വൈദികനായതുകൊണ്ടാവണം അവൾ കിടപ്പറയിലേക്കു കയറുന്നതിനു മുമ്പുപോലും മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുകയും കുരിശുവരയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. എന്തിന്, ഒരു വോദ്ക കഴിക്കുമ്പോൾ പോലും ദൈവത്തിന് സ്തുതി പറഞ്ഞിട്ടേ ഗ്ലാസ് കൈകൊണ്ടു തൊടുമായിരുന്നുള്ളൂ. എനിക്കതൊന്നും യോജിക്കാനാകുന്ന കാര്യമായിരുന്നില്ല!" ക്രിസ്റ്റഫർ പറഞ്ഞുതുടങ്ങിയത് അവർ അകലാനും വേർപിരിയാനുമുണ്ടായ കാരണങ്ങളാണ്.

‘‘പലീനയ്ക്ക് പ്രാർത്ഥനയും ദൈവാഭിമുഖ്യവും കൈവന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ജനിച്ചുവീണ നിമിഷം മുതൽ കണ്ടതും കേട്ടതുമൊക്കെ സ്വാഭാവികമായും അവളെ സ്വാധീനിച്ചിട്ടുണ്ടാകും. അത് വേർപിരിയലിലേക്കെത്തിച്ചതാണ് എനിക്ക് മനസ്സിലാവാത്തത്?" ഇറീന.

കേൾക്കാനിഷ്ടപ്പെട്ടില്ലെങ്കിലും ക്രിസ്റ്റഫർ പറയുന്നത് തടയേണ്ടെന്ന് ഇറീന നിശ്ചയിച്ചു. ഇടയ്ക്കുമാത്രം ചിലതൊക്കെ പറയാനും.

"പൂർണ്ണനഗ്നയായി പലീന കിടക്കയിൽ നീണ്ടുനിവർന്ന് കിടക്കും. അവളുടെ കാൽനഖം മുതൽ കാതുവരെയുള്ള ശരീരത്തിന്റെ ലാവണ്യം ഞാൻ നോക്കിയിരിക്കും. എന്തുചെയ്യാം, എത്ര ശ്രമിച്ചിട്ടും എനിക്ക് അവളെ അതിന്റെ പൂർണാർത്ഥത്തിൽ പ്രാപിക്കാനായില്ല. പിതാവിന്റെ ദൈവദാസപരമ്പരയ്ക്ക് ഒരാൺകുഞ്ഞ് വേണമെന്ന ആലോചന മാത്രമേ പലീനയ്ക്കുണ്ടായിരുന്നുള്ളൂ.

ക്രിസ്റ്റഫർ പകുതിയെരിഞ്ഞു തീർന്ന സിഗരറ്റ് ഇറീനയിൽ നിന്നും വാങ്ങി പുകയൂതി നിശ്ശബ്ദനായിരുന്നു. പലതവണ നിശ്വസിച്ചു.

"അവളുടെ മുലകൾ മാത്രമല്ല ശരീരത്തിന്റെ ഓരോ മുനമ്പുകളും താഴ്‌വരകളും എനിക്ക് കുറ്റബോധം നല്കുന്ന മൂർച്ചകളായി", ക്രിസ്റ്റഫർ.

"ദൈവവിശ്വാസിയല്ലാത്ത ഒരാൾ ഇങ്ങനെയുള്ള തോന്നലുകൾക്ക് കീഴ്‌പ്പെടേണ്ടതുണ്ടോ ക്രിസ്റ്റഫർ? പലീന ബൈബിൾ വായിച്ചും ദൈവവചനങ്ങളുടെ അലംഘനീയതകളിൽ ഭയപ്പാടു സൂക്ഷിച്ചും വളർന്നവളാണ്. അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാമായിരുന്നില്ലേ?" ഡോ. ഇറീന

"പറ്റുമായിരുന്നില്ല. അപ്പോഴേക്കും അവൾ എന്നിലെ അവിശ്വാസിയെ സാത്താന്റെ പ്രതിരൂപമായി കാണാൻ തുടങ്ങിയിരുന്നു"

ക്രിസ്റ്റഫർ തണുത്ത കാറ്റിലൂടെ നടന്നു, ഒപ്പം ഇറീനയും.

"അന്ന് ക്ലാസ്സുമുറിയിൽ വച്ച് വ്ലജിമീർ‍ ഇല്ലിച്ച് ഉല്യാനവിനെക്കുറിച്ചെഴുതിത്തുടങ്ങിയത് പൂർത്തിയാക്കാൻ ശ്രമിച്ചില്ലേ?" ക്രിസ്റ്റഫർ ചോദിച്ചു. ഒന്നു ചിരിച്ച് സ്വന്തം കൈവിരലുകളിലൊന്നമർത്തിയെങ്കിലും ഇറീന ക്രിസ്റ്റഫറിന്റെ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.

"അപ്പോൾ നോവൽ നിന്നിടത്തുനില്ക്കുന്നതല്ലാതെ ഉദ്വേഗജനകമായ വഴിത്തിരിവിലൂടെ മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല. സുഹൃത്തിന്റെ ചികിത്സയ്ക്കുവേണ്ടി പ്രസാധകനിൽനിന്നും വാങ്ങിയ അഡ്വാൻസ് ചെറിയ തുകയല്ലെന്ന് ഓർമ്മയുണ്ടല്ലോ ക്രിസ്റ്റഫർ?"

ഇറീനയുടെ ചോദ്യം അത്ര സുഖകരമായി തോന്നാതിരുന്നതിനാൽ ക്രിസ്റ്റഫർ മറുപടി പറഞ്ഞില്ല.

"ദാ പിടിച്ചോ" ക്രിസ്റ്റഫർ

ക്രിസ്റ്റഫർ നഗരത്തിലെ തിരക്കൊഴിഞ്ഞ വഴികളിലേക്ക് നോക്കിയിരുന്നു. എങ്ങോട്ടാണ് പോകേണ്ടതെന്ന് ഇറീന ചോദിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഒന്നുരണ്ടു തിരിവുകൾ കടന്നുപോയതോടെ കാർ ഇറീനയുടെ ഫ്ലാറ്റിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.

കിടപ്പുമുറിയിൽ നല്ല തണുപ്പ്. കമ്പിളിയ്ക്കുള്ളിൽ കയറിക്കൂടിയ ക്രിസ്റ്റഫർ തന്റെ ശരീരത്തിന്റെ തീച്ചൂളയിൽ നിന്നും പ്രവഹിക്കുന്ന അഗ്നിഖണ്ഡങ്ങളാൽ ഇറീനയെ പുതപ്പിക്കുമെന്നു കരുതി.

പതുക്കെ ചൂടുപിടിച്ചു വന്ന മുറിയ്ക്കുള്ളിൽ നനഞ്ഞൊട്ടി ഇറീനയുടെ ചുണ്ടുകൾ തന്നെ നനച്ചുതോർത്തുന്നതായി ക്രിസ്റ്റഫർ സങ്കല്പിച്ചു.

"ഞാൻ നോവലിന്റെ മറ്റൊരുൾപ്പിരിവിലേക്ക് കടക്കുകയാണ്. ഇനി വഴിമുടക്കുകളൊന്നും എന്നിൽ സംഭവിക്കുമെന്നു തോന്നുന്നില്ല. കൃത്യം എവിടെവച്ച് നോവൽ അവസാനിപ്പിക്കണമെന്നെനിക്ക് ഇപ്പോൾ നിശ്ചയമുണ്ട്."

‘‘ക്രിസ്റ്റഫർ, ഇനി ഒൻപത് മണിക്കൂർ മറ്റൊന്നും ആലോചിക്കരുത്. എന്റെ ശരീരം. അതിന്റെ സാദ്ധ്യതകൾ. അതുമാത്രമായിരിക്കണം നിന്റെ മനസ്സിൽ. എനിക്കിനി ഒരു മണം മാത്രം. നിന്റെ പ്രാണൻ തിളച്ചു മറിഞ്ഞ് എന്റെ പ്രാണനാകുന്നതിനു വേണ്ടി ഇതാ ഞാൻ നിന്റെ കൈത്തണ്ടകൾക്കുള്ളിൽ ഇങ്ങനെ...’’

മുറിയിലെ ഇരുകിടക്കകളിൽ കിടന്ന ക്രിസ്റ്റഫറും ഇറീനയും. മനസ്സിന്റെ ചായലുകൾക്കൊപ്പം വഴങ്ങി വരാത്ത സ്വന്തം ശരീരത്തേക്കു നോക്കി ക്രിസ്റ്റഫർ. അവരുടെ ശരീരവും മനസ്സും സഞ്ചരിച്ചത് രണ്ട് കൈവഴികളിൽ.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments