ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം: 38
അദൃശ്യമനുഷ്യന്‍

വീണ്ടും കാണാമെന്നു പറഞ്ഞ് ക്രിസ്റ്റഫര്‍ റീഡ് പുറത്തേക്കിറങ്ങിയപ്പോള്‍ നതാലിയ ചോദിച്ചു; “ഇനിയും മറ്റൊരു പുസ്തകംകൂടി ലെനിനെക്കുറിച്ചെഴുതാന്‍ പദ്ധതിയുണ്ടോ?”
ക്രിസ്റ്റഫര്‍ റീഡ് മറുപടി പറഞ്ഞില്ല.

പെത്രഗ്രാദിലെ ലൈബ്രറിയിലേക്ക് നടക്കുമ്പോള്‍ ക്രിസ്റ്റഫറിന് ചില പ്രതീക്ഷകളുണ്ടായിരുന്നു. ലെനിന്‍ ഇവിടം സന്ദര്‍ശിച്ച ദിനങ്ങളെക്കുറിച്ചോ പലരിലൂടെ പലകാലങ്ങളില്‍ കൈമാറിയ വിവരങ്ങളില്‍ ചിലതെങ്കിലുമോ ചില കുറിപ്പുകളോ കണ്‍വെട്ടത്തേക്ക് അപ്രതീക്ഷിതമായി കടന്നുവരുമെന്നൊക്കെ ക്രിസ്റ്റഫര്‍ പ്രതീക്ഷിച്ചു.

പ്രസാധകനും ഇറീനയ്ക്കുമല്ലാതെ മറ്റാര്‍ക്കും ഈ നോവലിനെക്കുറിച്ചറിയില്ല. ലെനിന്റെ ജീവചരിത്രകാരനെന്ന നിലയില്‍ വായനക്കാര്‍ തന്നെ തിരിച്ചറിയാറുണ്ട്. റഷ്യയിലെ ഏതു ലൈബ്രറിയിലേക്കു കയറിച്ചെന്നാലും ഹൃദ്യമായ സ്വീകരണം ലഭിക്കാറുമുണ്ട്.

ഒരിയ്ക്കല്‍ ബല്‍ഷെവിക്കുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും നിലപാട് സ്വീകരിക്കുകയും കടന്നാക്രമിക്കുകയും ചെയ്ത കെരെന്‍സ്കിയുടെ മകളെ കണ്ടുമുട്ടിയത് ഓര്‍മ്മ വന്നു. അന്നവര്‍ പറഞ്ഞത് ലെനിന്‍ റഷ്യയുടെ ചരിത്രത്തില്‍ സൂര്യപ്രകാശമെത്തിച്ചു എന്നാണ്.

"അപ്പോള്‍ കെരന്‍സ്കിയോ?" ക്രിസ്റ്റഫര്‍. ചരിത്രത്തിന്റെ മാലിന്യമടക്കം ചെയ്ത പേടകത്തിനുള്ളില്‍ സ്വയം തളച്ചിടാന്‍ ശ്രമിച്ച് ചരിത്രത്തിന് പുറത്തേക്ക് വലിച്ചെറിയപ്പെട്ട സ്വന്തം പിതാവിനോടുള്ള വിയോജിപ്പിച്ച് അവള്‍ മറച്ചുവച്ചില്ല.

എതിരെ നടന്നുവന്ന സുന്ദരിയായ സ്ത്രീ. അവരാണ് ഈ ലൈബ്രറിയുടെ മേല്‍നോട്ടക്കാരിയെന്നു തോന്നി. നടന്നുവരുന്ന ഇടനാഴിയ്ക്കിരുപുറവുമുള്ള ഷെല്‍ഫിലും മേശപ്പുറത്തും അലക്ഷ്യമായി കിടന്ന പുസ്തകങ്ങള്‍ യഥാസ്ഥാനത്ത് വച്ച്, ചിലര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് അവരുടെ വരവ്.

ചില കാലങ്ങളിലെ പത്രങ്ങളും പുസ്തകങ്ങളുമൊക്കെയൊന്നു പരിശോധിക്കണമെന്നു പറഞ്ഞപ്പോള്‍ അവര്‍ മേല്‍വിലാസം ചോദിച്ചു. പേരുകേട്ടപ്പോള്‍ തന്നെ സ്ത്രീ ശബ്ദമുയര്‍ത്തി ചിരിക്കുകയും ക്രിസ്റ്റഫറിന്റെ ചുമലില്‍ സാമാന്യം നല്ല ശക്തിയില്‍ ഇടിക്കുകയും ചെയ്തു.

"എന്നെ മനസ്സിലായോ ക്രിസ്റ്റഫര്‍?"
ഇല്ല എന്ന് മുഖഭാഷയിലൂടെ മനസ്സിലാക്കിയ അവര്‍ തുടര്‍ന്നു; "ഞാന്‍ നിന്റെ അച്ഛന്റെ ഇളയസഹോദരന്റെ മകള്‍. നിന്നെക്കാള്‍ ഒരു വയസ്സിനു മൂപ്പ് മാത്രമുള്ള നതാലിയ’’.

ക്രിസ്റ്റഫറിന് വിശ്വസിക്കാനായില്ല. മുപ്പത്തഞ്ച് വര്‍ഷത്തിനപ്പുറമുള്ള നാളുകള്‍. അച്ഛനുമമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം വാടകയ്ക്കു താമസിച്ച പഴയ വീട്. വീടിന്റെ ഇടതുവശത്തുള്ള ചെറിയ മൈതാനം. തൊട്ടപ്പുറത്ത് പുല്ലുപിടിച്ചു കിടന്ന നിരത്ത്. മരത്തടികൊണ്ടുള്ള ചെറിയ കുറേ വീടുകളുടെ നീണ്ടനിര. ഇടയ്ക്കിടെ ഇഷ്ടിക കൊണ്ടുനിര്‍മ്മിച്ച വീടുകളും കാണാമായിരുന്നു. അവയിലൊന്നിലായിരുന്നു നതാലിയ അമ്മയോടൊപ്പം താമസിച്ചിരുന്നത്. പുലര്‍ന്നാലുടന്‍ തന്റെ വീട്ടിലേക്ക് ഓടി വരുന്ന പെണ്‍കുട്ടി. അവള്‍ നന്നായി കണ്ണുതുറക്കുന്നത് ഓട്ടം കഴിഞ്ഞിട്ടാവും. അവധിദിവസമാണെങ്കില്‍ കൂട്ടുകാരോടൊപ്പം വെയില്‍ വീഴും മുമ്പേ തുണികൊണ്ടുണ്ടാക്കിയ പന്തുമായി ക്രിസ്റ്റഫര്‍ മൈതാനത്തേക്കിറങ്ങും. ആണ്‍കുട്ടികള്‍ക്കൊപ്പം പന്തുകളിക്കാനിറങ്ങുന്ന തന്റേടിയായ ഏക പെണ്‍കുട്ടിയായിരുന്നു നതാലിയ.

അപരിചിതത്വത്തിന്റെ തോടുടഞ്ഞു. ക്രിസ്റ്റഫര്‍ ചിരിച്ചു. നതാലിയ പ്രകടിപ്പിച്ച ആഹ്ലാദം ക്രിസ്റ്റഫര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും അങ്ങോട്ടു ചോദിക്കും മുമ്പ് മുന്നോട്ടു വന്ന അതേ വേഗതയില്‍ പിന്നോട്ടു നടന്ന് ഒരു ഷെല്‍ഫിനരികെയെത്തി നതാലിയ നിന്നു. ആയാസത്തോടെ നാലഞ്ച് പുസ്തകങ്ങളെടുത്ത് സാവധാനം നടന്ന് ക്രിസ്റ്റഫറിനരികെയെത്തി: "ലെനിന്റെ ജീവചരിത്രത്തിന്റെ പല പതിപ്പുകള്‍." ക്രിസ്റ്റഫര്‍ അത്ഭുതത്തോടെ അവ നോക്കി. തന്റെ ശേഖരത്തില്‍ പോലുമില്ലാത്ത പല പതിപ്പുകള്‍.

നോവല്‍രചനയെപ്പറ്റി നതാലിയയോട് പറയണമെന്നു തോന്നിയതാണ്. അപ്പോഴൊക്കെ ശാസനാരൂപത്തില്‍ ഇറീന കണ്ണുരുട്ടി മുന്നില്‍ നിന്നു. ഒന്നല്ല പലതവണ ഇറീന പറഞ്ഞിട്ടുള്ളത് ക്രിസ്റ്റഫര്‍ ഓര്‍ത്തു.

"നോക്കൂ ക്രിസ്റ്റഫര്‍, പ്രസാധകന്‍ ഒരു പുസ്തകം ബെസ്റ്റ്സെല്ലറായി കഴിഞ്ഞാല്‍ അതിന്റെ വിജയത്തില്‍ അവരും പങ്കാളിയാണെന്ന് അവകാശപ്പെടും. അത് സ്വാഭാവികം. എന്നാല്‍‍ മറ്റൊരു കൂട്ടരുണ്ട്. ഒരു പുസ്തകത്തിന്റെ നട്ടെല്ലും നാഭിയുമവരാണെന്ന് അവകാശപ്പെടുന്നവര്‍. മറ്റാരോടും ഈ നോവലെഴുത്തിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. അഥവാ ആരോടെങ്കിലും അക്കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരെ വീണ്ടും ഓര്‍മ്മപ്പെടുത്തരുത്. ഇങ്ങോട്ടാരെങ്കിലും ചോദിച്ചാല്‍ അത്രയ്ക്കൊന്നും മുന്നോട്ടു പോയിട്ടില്ലെന്ന മട്ടില്‍ ഒഴിഞ്ഞുമാറി മറുപടി പറയുന്നതാണ് നല്ലത്’’.

ചിലരോടു മാത്രമാണ് ലെനിന്റെ ജീവിതം കേന്ദ്രപ്രമേയമായി നോവല്‍ എഴുതുന്ന കാര്യം ക്രിസ്റ്റഫര്‍ പറഞ്ഞിട്ടുള്ളത്. അവരില്‍ ആരും തന്നെ എഴുത്തുകാരോ പ്രസാധകരോ ആയിരുന്നില്ല. പലരും നോവലോ നാടകമോ കവിതയോ എന്തെഴുതിയാലും തങ്ങള്‍ക്കതില്‍ എന്തുകാര്യമെന്ന മട്ടിലാണ് പ്രതികരിച്ചതും. മറ്റാരോടും പറയരുതെന്ന ഇറീനയുടെ കര്‍ക്കശമായ ശാസന ക്രിസ്റ്റഫര്‍ ശിരസ്സാവഹിക്കുകയും ചെയ്തു.

ഇതുപോലുള്ള കാര്യങ്ങളില്‍ ഇറീനയാണ് എന്നും ശരി. ഭാവിയെ ദീര്‍ഘദര്‍ശനം ചെയ്യുകയും അതിന്റെ ചാരുത നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഇറീനയെപ്പോലെ നിപുണത തനിയ്ക്കില്ലെന്ന് ക്രിസ്റ്റഫറിന് പലപ്പോഴും തോന്നിയിട്ടുള്ളതുമാണ്.

"ലൈബ്രറിയില്‍ ലെനിനെപ്പറ്റിയുള്ള പുസ്തകങ്ങള്‍ പലതുമുണ്ട്. ലെനിന്റെ രചനകളും കുറവല്ല’’, നതാലിയ തുടര്‍ന്നു: "എനിക്ക് കേട്ടറിവുള്ള ചില ലെനിന്‍ കഥകളുണ്ട്. യഥാര്‍ത്ഥത്തില്‍ ആ കഥകളുള്ള പുസ്തകങ്ങള്‍ ഈ വലിയ ലൈബ്രറിയുടെ ഏതെങ്കിലുമൊരു കോണില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ മാറിയിരിക്കുന്നുണ്ടാകും. അല്ലെങ്കില്‍ ഏതെങ്കിലും വിരുതന്മാര്‍ ചൂണ്ടിക്കൊണ്ടു പോയിട്ടുണ്ടാകും’’.

‘‘എന്തുകൊണ്ടാണത്? ഒരു ലൈബ്രേറിയനെന്ന നിലയില്‍ ഒരൊറ്റ പുസ്തകത്തിന്റെ അപ്രത്യക്ഷമാകല്‍ പോലും അലോസരം തോന്നാന്‍ കാരണമാവില്ലേ?’’, ക്രിസ്റ്റഫര്‍ ചോദിച്ചു.

"ശരിയാണ്. ഒരു കഥ അല്ലെങ്കില്‍ നോവലോ കവിതയോ വായിച്ചു കഴിയുന്നതോടെ വായനക്കാരന്റെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ ഒരു അപ്രത്യക്ഷമാകല്‍ സംഭവിക്കും. മനസ്സില്‍ ആ പുസ്തകങ്ങള്‍ വാക്കുകളായും ഭാവനയായും രൂപാന്തരപ്പെടും. അതേസമയം ലൈബ്രറിയനെന്ന നിലയില്‍ ഞാന്‍ ഒരു പുസ്തകത്തിന്റെ അപ്രത്യക്ഷമാകലും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു കുഞ്ഞുപുസ്തകം കാണാതായാല്‍പ്പോലും എന്റെ ഉറക്കം നഷ്ടപ്പെടുന്നത് സ്വാഭാവികം’’, നതാലിയ വിശദീകരിച്ചു.

"ആ ലെനിന്‍ കഥകള്‍ വല്ലതും ഓര്‍മ്മയുണ്ടോ?" ക്രിസ്റ്റഫര്‍ നതാലിയയ്ക്കൊപ്പം കാന്റീനിലേക്കു നടക്കുമ്പോള്‍ ചോദിച്ചു. നതാലിയ ക്രിസ്റ്റഫറിനെ നോക്കി.

"ഒന്നല്ല പലത്, സമയം പോലെ ഞാനത് പറയാം’’.
ക്രിസ്റ്റഫര്‍ ആകാംക്ഷയോടെ നതാലിയയുടെ സംസാരം കേട്ടുകൊണ്ടിരുന്നു. കാന്റീനില്‍ അവിടവിടയായി ചിലര്‍ അടക്കത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചിലര്‍ നതാലിയയെ അഭിവാദ്യം ചെയ്ത് പുറത്തേക്കു നടന്നു.

"പഴഞ്ചന്‍ പട്ടാളക്കോട്ടിട്ട ഒരു വൃദ്ധനായിരുന്നു അത്. എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നു, എന്തിന് ജീവിക്കുന്നു എന്നൊന്നുമറിയാത്ത ഒരാള്‍. അയാളുടെ ജീവിതത്തിലേക്ക് പൗസ്തോവ്സ്കി എന്ന എഴുത്തുകാരന്‍ കടന്നുചെന്നു”, നതാലിയ.
ഒരു കഥയുടെ തുടക്കം ഓര്‍മ്മയിലേക്ക് തിരികെ വിളിച്ചു.
‘ഒരു ജീവിതകഥ’ എന്ന ആത്മകഥ പൗസ്തോവ്സ്കിയുടേതല്ലേ?"
ക്രിസ്റ്റഫറിന്റെ ചോദ്യം നതാലിയയ്ക്ക് അത്ര രുചിച്ചില്ല. എങ്കിലും പ്രിയബന്ധുവിനെ ദീര്‍ഘകാലത്തിനുശേഷം കണ്ടതിനാലും, ലെനിന്റെ ജീവചരിത്രകാരനെന്ന നിലയിലുമുള്ള സ്നേഹത്താല്‍ ക്ഷമിച്ച ഭാവത്തില്‍ നതാലിയ തുടര്‍ന്നു; "നോക്കൂ ക്രിസ്റ്റഫര്‍, അങ്ങനെയൊരു പുസ്തകം ആറു വാള്യങ്ങളിലായി പൗസ്തോവ്സ്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു മാത്രമല്ല, വടക്കന്‍കഥ, സുവര്‍ണ്ണനിറത്തിലുള്ള പനിനീര്‍പൂവ് - ഇങ്ങനെ നിരവധി രചനകള്‍. കന്‍സ്തന്‍ചീന്‍ പൗസ്തോവ്സ്കി സ്വന്തം രചനകള്‍ മുഴുവന്‍ സ്വാനുഭവങ്ങളാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്; ഭാവനയില്‍നിന്നും ഒരു കഥാപാത്രത്തെപ്പോലും താന്‍ എഴുതിയിയുണ്ടാക്കിയിട്ടില്ലെന്നും!"

കഥ പറയാന്‍ തുടങ്ങിയ നതാലിയയോട് അങ്ങോട്ടെന്തെങ്കിലും കയറി ചോദിക്കുന്നത് അത്ര പന്തിയല്ലെന്ന് ക്രിസ്റ്റഫറിനു തോന്നി; പറയാന്‍ തുടങ്ങിയ കഥയില്‍ നിന്നും വഴിമാറിപ്പോകാന്‍ ചോദ്യങ്ങള്‍ കാരണമാകുമെന്നും.

"... ബൊഗൊവയുടെ ആകാശം ചാരനിറം പൂണ്ടു കിടക്കുകയാണ്. വെളുത്ത മുടിയുള്ള കുട്ടികള്‍ ചെറിയ മൈതാനങ്ങളില്‍ കളിക്കുന്നുണ്ടെന്ന് പറയാം. ഓട്സ് പാടങ്ങളുടെ മര്‍മ്മരം കേട്ടുനടക്കാമെന്നതായിരുന്നു പുതച്ച് പുറത്തിറങ്ങുന്നവര്‍ക്കുള്ള ഏക രസം" - നതാലിയ കഥ തുടര്‍ന്നു.

ചിയഹവ് സന്ദര്‍ശിച്ചിട്ടുള്ള ഗ്രാമമായിരുന്നു ഇത്. ഇവിടെ പെട്ടെന്നൊരുനാള്‍ ഒരു വൃദ്ധന്‍ പ്രത്യക്ഷനായി. ആരോടും അത്ര സൗഹൃദം സ്ഥാപിക്കാതെ; ഒറ്റപ്പെട്ട്; കൂടുതല്‍ ഒറ്റപ്പെട്ട് ജീവിക്കാനിഷ്ടപ്പെട്ട ഒരു വൃദ്ധന്‍. പകല്‍ മുഴുവന്‍ അയാള്‍ പുഴക്കരയില്‍ ചെലവിടും. ചൂണ്ടയില്‍ ഇരകൊരുത്തിട്ട് താഴേക്കു നോക്കിയിരിക്കും. ഈ സമയത്ത് ആരെങ്കിലുമടുത്തുകൂടിയാല്‍ വൃദ്ധന്‍ തലയുയര്‍ത്തി നോക്കാന്‍പോലും കൂട്ടാക്കില്ല.

ത്‌സാറിസ്റ്റ് പട്ടാളത്തില്‍ ഉയര്‍ന്ന തസ്തികയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നതിനാല്‍ ചുറ്റുമുള്ളവര്‍ സംശയത്തോടെയാണ് വൃദ്ധനെ നോക്കിയത്. ക്രസീവിയമിച്ചയെന്ന പുഴക്കരയിലുള്ള വാടകവീടിന്റെ പരിസരത്തുനിന്ന് പലതരം മത്സ്യങ്ങളുടെ ഗന്ധം അയല്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരുന്നു.

എടുത്താല്‍ പൊങ്ങാത്ത വലിയ മത്സ്യങ്ങളായിരുന്നു വൃദ്ധന്റെ ചൂണ്ടയില്‍ കൊളുത്തിയിരുന്നത്. അവ ആര്‍ക്കും പങ്കുവച്ചു നല്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. അധികം വരുന്നവ മുറിച്ച് ചെറിയ കഷണങ്ങളാക്കി തിരിച്ച് പുഴയിലേക്കെറിയുന്നതിലായിരുന്നു വൃദ്ധന്റെ കൗതുകം.

ഒരു പഴയകോട്ടും ചാരനിറമുള്ള തൊപ്പിയും ധരിച്ച വൃദ്ധന്‍ നിശ്ശബ്ദത കട്ടകട്ടയായി വിഴുങ്ങിയതുപോലെ ജീവിച്ചു. പൈപ്പ് വലിച്ച്, ഒറ്റക്കോല്‍ ചൂണ്ട വെള്ളത്തിലേക്ക് വലിച്ചെറി‍ഞ്ഞ് വൃദ്ധന്‍ ഇടയ്ക്കൊക്കെ പിറുപിറുക്കുന്നതു കേള്‍ക്കാം. മറ്റാരെങ്കിലും അടുത്തുചെന്നാല്‍ എന്തിനാണ് തന്റെ ആഹ്ലാദകരമായ ഏകാന്തതയെ ഉടച്ചില്ലാതാക്കാന്‍ കടന്നുവന്നതെന്ന് ചോദിക്കാതെ ചോദിക്കും. രൂക്ഷമായി നോക്കും. അതിനപ്പുറം എന്തെങ്കിലും ചോദിച്ചാല്‍ കണ്ണുകളടച്ച് പൈപ്പ് വലിച്ചുകൊണ്ടിരിക്കും.

മൂന്നു ചൂണ്ടക്കൊല്‍കൊണ്ട് മീന്‍ പിടിക്കാന്‍ ശ്രമിച്ച പൗസ്തോവ്ക്സിയോട് വൃദ്ധന്‍ പറഞ്ഞത് ഇത്രമാത്രം: "ഒറ്റ ചൂണ്ട കൊണ്ട് വേണം ചങ്ങാതീ മീന്‍പിടിക്കാന്‍. എന്നാലേ മനസ്സിന് സമനില കിട്ടൂ. അല്ലെങ്കില്‍ ഞരമ്പുകളെ ഉലയ്ക്കാമെന്നു മാത്രം. ഒരേസമയം മൂന്നു ലക്ഷ്യങ്ങളിലേക്ക് മൂന്നു തോക്കുകളില്‍ നിന്നു വെടിവച്ചാല്‍ ഉന്നം തെറ്റും. നിങ്ങള്‍ക്കും അതുതന്നെയാണ് സംഭവിക്കുന്നത്. അതുകാണുമ്പോള്‍ തോന്നുന്ന വിഷമം ചെറുതല്ല!

എന്തോ സംശയം ചോദിക്കാനെത്തിയ യുവാവിന്റെ ചുമലില്‍ തട്ടി മറുപടി പറഞ്ഞശേഷം നതാലിയ ക്രിസ്റ്റഫറിനു നേരെ തിരിഞ്ഞു.

ക്രിസ്റ്റഫറിനറിയേണ്ടിയിരുന്നത് കഥയിലെ വൃദ്ധനായ പ്യോത്ര് സ്തെപ്പാനവിച്ചിനെക്കുറിച്ചായിരുന്നു. പൗസ്തോവ്സ്കിയുടെ ആ ഒരു കഥയൊഴിച്ച് മറ്റെല്ലാം വായിച്ചിട്ടുണ്ട്. ഒന്നല്ല പലതവണ.

പോളണ്ടിലെ ഒസൊവെറ്റ്സ് കോട്ടയുടെ തലവനായിരുന്ന വൃദ്ധന്‍ ലെനിനെ ഒറ്റത്തവണ മാത്രമാണ് കണ്ടിട്ടുള്ളത്. അത് അയാളുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റിമറിച്ചതെന്ന ക്രിസ്റ്റഫര്‍ റീഡിന്റെ ചോദ്യത്തിന് നതാലിയ പറഞ്ഞ മറുപടി ഇങ്ങനെ: ‘‘സാറിസ്റ്റ് ഭരണകൂടത്തിന്റെ നുകം നയിച്ചിരുന്ന വൃദ്ധന്‍ കാലാന്തരത്തില്‍ കഠിനമായ കുറ്റബോധത്തില്‍ അകപ്പെട്ടു. നീക്കിയിരുപ്പൊന്നുമില്ലാതെ ആത്മബലിയെന്നപോലെ പിച്ചതെണ്ടി ഏറെനാള്‍ ജീവിച്ചു. ആ ദിവസങ്ങളിലൊന്നില്‍ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയൊന്നും തന്റെ മുന്നിലില്ലെന്ന് അയാള്‍ തീരുമാനിച്ചതാണ്. അത് നടപ്പിലാക്കാനുള്ള സ്ഥലവും സമയവും നോക്കിയിരിക്കുമ്പോഴായിരുന്നു പ്യോത്തറിന്റെ മുന്നില്‍ ഒരാള്‍ വന്നുനിന്നത്.

ലിന്‍ഡര്‍ മരത്തിനു താഴെ ഒരു തുട്ടുകൂടി യാചനാപാത്രത്തില്‍ വീഴുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപരിചിതനായ ഒരാളുടെ വരവ്. വൈമാനികപരിശീലകരായ കുട്ടികളുടെ ‘കാഴ്ചബംഗ്ലാവില്‍ സൂക്ഷിക്കേണ്ട പുരാവസ്തു’ എന്നുള്ള പരിഹാസം കേട്ട് വൃദ്ധന്റെ കണ്ണുനിറഞ്ഞു പോയ ദിവസമായിരുന്നു അത്.

ആഗതന്റെ കുറിപ്പ് തന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്നൊന്നും പ്യോത്തര്‍ പ്രതീക്ഷിച്ചില്ല. യാചകനോടു തോന്നിയ അനുകമ്പകൊണ്ടുള്ള ചെയ്തികളെന്നു മാത്രമേ കരുതാന്‍ തോന്നിയതുമുള്ളു.

ആ അസാധാരണ മനുഷ്യന് ചില രോഗങ്ങളുടെ അലട്ടല്‍ കലശലായിരുന്നു. അതിന് ഡോക്ടര്‍മാര്‍ വിധിച്ച പതിവു നടപ്പിനിറങ്ങിയതാണെന്നു മാത്രം പറഞ്ഞവസാനിപ്പിച്ച് തണുത്ത കാറ്റിലൂടെ കോട്ടിന്റെ പോക്കറ്റില്‍ കൈതിരുകിവച്ച് അയാള്‍ സാവധാനം നടന്നകന്നു. ഉടനേ വൈമാനിക സ്കൂളിലെ കുട്ടികള്‍ തനിക്കുനേരെ ഓടിവരുന്നത് പ്യോത്തര്‍ കണ്ടു. അവര്‍ പറഞ്ഞപ്പോഴാണ് തൊട്ടുമുമ്പ് തനിക്കരികെ വന്നിരിക്കുകയും സംസാരിക്കുകയും ചെയ്തത് വ്ലജിമീര്‍ ഇല്ലിച്ച് ലെനിനാണെന്ന് വൃദ്ധന്‍ മനസ്സിലാക്കിയത്.

ദനിലേവ്സ്കിയെഴുതിയ 'അഗ്നിക്കിരയായ മോസ്കോ' എന്ന പുസ്തകം പ്യോത്തര്‍ എത്രതവണ വായിച്ചെന്ന് അയാള്‍ക്കുതന്നെ അറിയാമായിരുന്നില്ല. മരിക്കുമ്പോള്‍ തന്റെ നെഞ്ചില്‍ ഈ പുസ്തകം നിവര്‍ന്നിരിപ്പുണ്ടാകണമെന്ന് അയാള്‍ ആഗ്രഹിച്ചു. അങ്ങനെയൊരു സ്വപ്നം കണ്ട് പലതവണ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നിട്ടുണ്ടെന്നും വൃദ്ധന്‍ ഒരു തുണ്ടു കടലാസ്സിലെഴുതി വച്ചിരുന്നു. പലരോടും അത് പറയുകയും ചെയ്തു.

ലെനിന്‍ എഴുതി നല്കിയ കുറിപ്പ് സ്വന്തം സ്വപ്നപുസ്തകത്തില്‍ പ്യോത്തര്‍ സൂക്ഷിച്ചു. യാചനയുടെ രാപകലുകള്‍ നല്കിയ ആത്മനിന്ദയും സ്വയംഹത്യയ്ക്കുള്ള പ്രേരണയും വൃദ്ധനെ കൂടുതല്‍ പരീക്ഷീണനാക്കിക്കൊണ്ടിരുന്നു. ഏതുനിമിഷവും ഏതെങ്കിലുമൊരു തെരുവോരത്ത് വീണുമരിക്കുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. ഉറുമ്പുകള്‍ കണ്ണും കാതുമൊക്കെ കാര്‍ന്നു തിന്നുമെന്ന ഓര്‍മ്മയ്ക്കിടയിലാണ് വീണ്ടും അയാള്‍ ലെനിന്‍ നല്കിയ എഴുത്തിനെക്കുറിച്ച് ഓര്‍ത്തത്. ഒട്ടും വൈകാതെ ആ മേല്‍വിലാസം തേടി പ്യോത്തര്‍ നടന്നു.

മുറിയില്‍ വൃദ്ധന്‍ കണ്ട മനുഷ്യന്‍ മുഷിഞ്ഞുപിഞ്ഞിയ ആ കത്ത് വായിച്ചു. അയാളുടെ തിളക്കമുള്ള കണ്ണുകള്‍ കൂടുതല്‍ പ്രകാശമുള്ളതായി. പിന്നീട് നടന്നതൊന്നും പ്യോത്തറിന് വിശ്വസിക്കാനായില്ല.

ആദ്യഗഡു പെന്‍ഷന്‍ വകയില്‍ നല്ലൊരു സംഖ്യ, പുതിയൊരു കോട്ട്, പാവങ്ങളുടെ ഒരു കോപ്പി - ഇവ നല്കിയ ശേഷം വൃദ്ധനോട് അയാള്‍ പറഞ്ഞു: ‘‘നിങ്ങളെ സംരക്ഷിക്കേണ്ടത് രാജ്യമാണെന്ന് ഇല്ലിച്ച് എഴുതിയിട്ടുണ്ട്’’.

മൂടല്‍മഞ്ഞിന് കട്ടി കൂടിയിട്ടുണ്ടായിരുന്നു. വില്ലോമരങ്ങള്‍ക്കു താഴെ നിന്ന വൃദ്ധന്‍ കാല്‍ച്ചുവട്ടില്‍ തെളിയുന്ന നിഴലിലേക്ക് നോക്കി. തീവണ്ടിയെഞ്ചിന്റെ ശബ്ദം അടുത്തടുത്തു വന്നു. ആരാണ് നിങ്ങളെന്ന ചോദ്യം വൃദ്ധന് ചോദിക്കേണ്ടിവന്നില്ല. അതിനു മുമ്പ് നേരിട്ടു കണ്ട ആ മനുഷ്യനും, റഷ്യയില്‍ പലയിടത്തും കണ്ടിട്ടുള്ള ഫോട്ടോയും ഒരാളുടേതു തന്നെയായിരുന്നു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments