ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം: 39
ഒക്ടോബർ വിപ്ലവം

ക്രിസ്റ്റഫറിന്റെ മറുപടി കേട്ട ഇറീന പിന്നീടൊന്നും ചോദിച്ചില്ല. കഥ അതിന്റെ സാധ്യതകൾ തേടി മരുഭൂമികളിലും സമതലങ്ങളിലും സഞ്ചരിക്കുമെന്ന് എവിടെയോ വായിച്ചത് ഇറീനയ്ക്ക് ഓർമ്മ വന്നു.

തുപ്പകർച്ച അത്ഭുതപ്പെടുത്തുന്നതാണ്. പൂത്ത മരങ്ങളിലേക്കും ചെടികളിലേക്കും നോക്കി വ്ലജിമീർ ഇല്ലിച്ച് നിന്നു. ഏപ്രിലിന്റെ തുടക്ക ദിവസങ്ങളിലൊന്നായിരുന്നു അത്. വൈബോർഗിൽ നിന്നും പെത്രഗ്രാദിലേക്ക് ഇല്ലിച്ച് താമസം മാറിയിട്ട് അധികദിവസമായിരുന്നില്ല. റഷ്യയുടെ ഏതൊക്കെയോ ഉൾച്ചുമരുകളെ ഭേദിച്ച് ചില അദൃശ്യശബ്ദങ്ങൾ കടന്നുവരുന്നതുപോലെ തോന്നുന്നതായി ഇല്ലിച്ച് ക്രൂപ്സ്കയയോടു പറഞ്ഞത് നേരമ്പോക്കായിരുന്നില്ല. അങ്ങനെയൊരു ശബ്ദം കേൾക്കുന്നതായി മരീയയും റഹ്ജയും നേരത്തെ തന്നെ ക്രൂപ്സ്കയയോട് പറഞ്ഞിരുന്നു.

മാർഗരറ്റ് ഫോഫനവയുടെ വലിയ കെട്ടിടത്തിലാണ് ലെനിൻ അന്ന് താമസിച്ചിരുന്നത്. ചുറ്റും ബൽഷെവിക്കുകളായ തൊഴിലാളികൾ തിങ്ങിപാർത്തിരുന്ന ഇടം. ശരത്കാലമായപ്പോഴേക്കും ഫോഫനവയും കുടുംബവും നാട്ടിൻപുറത്തേക്കു പുറപ്പെട്ടു. വർഷത്തിലൊരിക്കലുള്ള പതിവുയാത്ര.

സുഹാനവയുടെ വീട്ടിൽ വച്ച് നടന്ന കേന്ദ്രക്കമ്മിറ്റിയിലാണ് ദീർഘനാളായി ലെനിൻ കരുപ്പിടിപ്പിച്ചുകൊണ്ടിരുന്ന സായുധവിപ്ലവമെന്ന ആശയം അവതരിപ്പിച്ചത്. ഇതുകേട്ട ചിലരുടെ കണ്ണുകളിൽ മഞ്ഞനിറം പാറി വീഴുന്നത് കാണാമായിരുന്നു.

വൈബോർഗിൽ നിന്നുള്ള ഗ്രാമീണത്തൊഴിലാളികൾ ലെനിൻപാഠങ്ങൾ അതിനോടകം ഹൃദയത്തിലേറ്റുവാങ്ങി കഴിഞ്ഞിരുന്നു. ലെനിനെ സന്ദർശിക്കുന്നവർക്ക് കർശന നിയന്ത്രണം നടപ്പിലാക്കിയ നാളുകളായിരുന്നു അത്. വേഷങ്ങളുടെ പകർന്നാടൽ ഏതു നിമിഷവുമെവിടെയും പ്രതീക്ഷിക്കാമെന്ന് മറ്റുള്ളവരെപ്പോലെ ലെനിനും മനസ്സിലാക്കി തുടങ്ങിയിരുന്നു.

അധികാരത്തിന്റെ വഴികൾ പൂവിരിച്ച നടപ്പാതകളാവില്ലെന്നും; ചിലത് പിടിച്ചെടുക്കാതെ കൈകളിലേക്ക് താനേവന്നുചേരുകയില്ലെന്നും വിവരിച്ചുകൊണ്ടുള്ള ദീർഘമായ കത്ത് ലെനിൻ ഫോഫനവയെ ഏല്പിച്ചു. തുടർന്നുള്ള രാത്രിയിൽ ആരും പ്രതീക്ഷിക്കാത്ത നേരത്ത് വിഗ്ഗ് ധരിച്ച് സ്മോൾനിയിലേക്കു പുറപ്പെട്ടു. ഇടയ്ക്കിടെ കോട്ടിന്റെ പോക്കറ്റിൽ നിന്നും വാച്ചെടുത്തുനോക്കി സമയമായിക്കൊണ്ടിരിക്കുന്നെന്ന് പറഞ്ഞത് സ്വന്തം ഹൃദയത്തോടു തന്നെയാണ്.

സെന്യഗോറവയും ക്രൂപ്സ്കയയുമൊന്നിച്ചാണ് സ്മോൾനിയിലേക്ക് പുറപ്പെട്ടത്. സാധാരണയുള്ള യാത്രാമാർഗ്ഗങ്ങളൊക്കെ അപകടം പതിയിരിക്കുന്നതായിരിക്കുമെന്ന് പുറപ്പെടും മുമ്പ് ഇല്ലിച്ച് പറഞ്ഞത് ക്രൂപ്സ്കയ മറന്നില്ല. പലയിടത്തും രഹസ്യപ്പോലീസും മെൻഷെവിക്കുകളും പലവേഷങ്ങളിൽ വേട്ടക്കണ്ണുകളുമായി ചുറ്റിക്കറങ്ങി. വകവരുത്താൻ പാകത്തിൽ ലെനിനെയോ അദ്ദേഹത്തിന് ശക്തിപകരുന്നവരെയോ ലഭിക്കണമെന്നതായിരുന്നു അവരുടെ മുഖ്യലക്ഷ്യം. അതിൽ നിന്നെല്ലാം രക്ഷനേടുന്നതിനുള്ള മായാസഞ്ചാരങ്ങൾ ഇല്ലിച്ചിന് അതിനോടകം ശീലമായിട്ടുണ്ടായിരുന്നു. ദീർഘനാളത്തെ സന്തതസഹവാസത്തിലൂടെ തനിക്കും അങ്ങനെയുള്ള യാത്രകൾ സാധ്യമാണെന്ന് ക്രൂപ്സ്കയ പറഞ്ഞപ്പോൾ സെന്യയുടെ നോട്ടം അവിശ്വസനീയത കലർന്നതായി.

വൈബോർഗ് ജില്ലയിൽ തണുപ്പേറിക്കൊണ്ടിരുന്നു. അതിനിടയിലൂടെ ഉറച്ച ചുവടുകൾ വച്ചു നടന്നുനീങ്ങിയ കേണലിനെയും സംഘത്തെയും അറസ്റ്റ് ചെയ്തു. എവിടെനിന്നൊക്കെയോ പുറപ്പെട്ട ശബ്ദങ്ങൾ ഒരു േകന്ദ്രബിന്ദുവിൽ ഒന്നിക്കുകയും കൂടുതൽ ശക്തിയോടെ പ്രതിധ്വനിക്കുകയും ചെയ്തു. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നുണ്ടായിരുന്നെങ്കിലും മറ്റെന്തൊക്കെയോ അസ്വാഭാവിക ചലനങ്ങൾ ആഴങ്ങളിൽ സംഭവിക്കുന്നതുപോലെ ക്രൂപ്സ്കയയ്ക്ക് തോന്നി. സ്മോൾനിയിലെത്തി ലോറിയിൽ നിന്നിറങ്ങുമ്പോൾ സെന്യയും അതുതന്നെ സൂചിപ്പിച്ചു.

ഓരോ ദൂതും പല വാതിലുകൾ തുറക്കുകയാണെന്ന് ലെനിൻ എഴുതിയത് വെറുതെയല്ല. റഷ്യയുടെ പല കോണുകളിൽനിന്നും വന്ന വാർത്തകൾ വിശകലനം ചെയ്തും വിപ്ലവത്തിന് ദിശാബോധം നല്കുന്ന രേഖകളെഴുതിയുണ്ടാക്കിയും ഉറക്കം കുറഞ്ഞ ദിവസങ്ങളായിരുന്നു അത്. തുടർന്നുള്ള മാസങ്ങളിൽ ബൽഷെവിക്കുകൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും രാഷ്ട്രീയമായി നടത്തേണ്ട മുന്നേറ്റങ്ങളെക്കുറിച്ചും ലഘുലേഖകൾ തയ്യാറാക്കുന്നതിനുവേണ്ടി ഇല്ലിച്ച് മാറ്റിവച്ചു.

ഫിൻലാൻഡിലേക്ക് ഒളിത്താവളം മാറ്റിയ ലെനിൻ ചില ഉറപ്പുകളിലെത്തി - വിജയിക്കാൻ വേണ്ടി മാത്രമുള്ള ചർച്ചകളായിരിക്കണം ബ്രിട്ടീഷ് - ജർമ്മൻ സാമ്രാജ്യത്വവാദികളുമായി നടത്തേണ്ടതെന്ന കാര്യത്തിൽ ഇനി രണ്ടഭിപ്രായം ഉണ്ടാവരുത്!

ഇങ്ങനെ എഴുതിയവസാനിപ്പിച്ച ഒരു ലേഖനം ഫോഫനവയാണ് കേന്ദ്രക്കമ്മിറ്റിക്കെത്തിച്ചു കൊടുത്തത്.

നഗരച്ചുമരുകളിൽ കാലൊച്ച പ്രകമ്പനം കൊണ്ടു. ടെലഗ്രാഫ് - ടെലിഫോൺ ഓഫീസുകൾ പെട്ടെന്ന് നിശ്ചലമാകുകയും ചെറിയൊരിടവേളയ്ക്കുശേഷം പ്രവർത്തനനിരതമാകാനും തുടങ്ങി. ലെനിൻ ആ ദിവസങ്ങളിൽ പലതവണ കാൾമാർക്സിനെ സ്വപ്നം കണ്ടതു് വെറുമൊരു തോന്നലായിരുന്നില്ല. നിർണ്ണായകമായ പല രാത്രികളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്.

ചില പുസ്തകങ്ങളിൽ നിന്നും മാർക്സും എംഗൽസും പ്രസന്നമായ ഭാവത്തിൽ ഇറങ്ങിവന്നുകൊണ്ടിരുന്നു. അവർ മൂവരും മണിക്കൂറുകളോളം തർക്കിക്കുകയും നിശ്ശബ്ദരായി യാത്രപറഞ്ഞു പിരിയുമായിരുന്നു പതിവ്. ഇതൊക്കെ വെറും തോന്നലുകളാണെന്ന് ക്രൂപ്സ്കയക്കറിയാം. ചില വിവരിക്കാനാവാത്ത ആശയങ്ങൾ‍ സ്ഫുടപാകമാകുന്നതിനിടയിൽ സംഭവിക്കുന്ന മോഹതീർത്ഥാടനങ്ങളാണ് ഇവയൊക്കെയെന്ന് ഒരിയ്ക്കൽ ക്രൂപ്സ്കയ പറഞ്ഞു! അതിനു മറുപടി പറയാതെ പുസ്തകറാക്കിനരികിലേക്കു നടക്കുകയും മാനിഫെസ്റ്റോ മറിച്ചുനോക്കുകയും ചെയ്തു ഇല്ലിച്ച്. "ചില തോന്നലുകളാണ് വലിയ യാഥാർത്ഥ്യങ്ങളെപ്പറ്റി നമ്മുടെ ശിരസ്സിൽ ഉന്നതമായ ഉദിപ്പുകൾ സൃഷ്ടിക്കുന്നത്. ചില ഭ്രാന്തൻ കല്പനകളാണ് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വെളിച്ചം നിറഞ്ഞ വഴിയിലേക്ക് നമ്മെ നയിക്കുക!" അന്ന് രാത്രിയിൽ ലെനിൻ ഡയറിയിൽ കുറിച്ചിട്ടതിങ്ങനെയാണ്.

ഒക്ടോബർ കലണ്ടറിലെ ആദ്യദിവസങ്ങളിൽ എന്തുകൊണ്ടാണ് ചുവന്നമഷികൊണ്ട് നക്ഷത്രചിഹ്നം വരച്ചതെന്ന് ക്രൂപ്സ്കയ ചോദിച്ചു. മറുപടി പറയുന്നതിനുപകരം ഡയറി തുറന്നു കാണിക്കുകയാണ് ഇല്ലിച്ച് ചെയ്തത്. ക്രൂപ്സ്കയ ആ ഡയറിയുടെ പേജുകൾ മറിച്ചുനോക്കി.

... ഒരിയ്ക്കൽ വിപ്ലവമാരംഭിച്ചു കഴിഞ്ഞാൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ എല്ലാ അർത്ഥത്തിലും അങ്ങേയറ്റം നിശ്ചയദാർഢ്യത്തോടെ നിങ്ങൾ ആക്രമണമഴിച്ചു വിടണം. ചെറുത്തുനില്പ് ഓരോ വിപ്ലവത്തിന്റെയും മരണമാണ്."

...നിങ്ങൾ ശത്രുവിനെ അത്ഭുതപ്പെടുത്താൻ ശ്രമിക്കുകയും അവന്റെ സൈന്യം ചിതറിക്കിടക്കുമ്പോൾ ഓരോ നിമിഷത്തെയും മുതലാക്കുകയും ചെയ്യണം."

...ശത്രുവിനെ കടന്നുപോകാൻ അനുവദിക്കുന്നതിലും നല്ലത് മരണമാണ്.

‘വിധി നിർണ്ണായകദിനങ്ങളെ’ന്ന തലക്കെട്ടിനു കീഴിലാണ് ലെനിൻ ഇങ്ങനെ എഴുതിയിരുന്നത്.

സായുധകലാപമെന്ന ലെനിന്റെ തീരുമാനത്തോട് സിനവീവും കമന്യേവും വിയോജിച്ചു. ഒരു പ്രത്യേക പ്ലീനറി വിളിച്ചുകൂട്ടിയശേഷം മുന്നോട്ടുള്ള ചുവടുകളെക്കുറിച്ച് നിലപാടെടുക്കാമെന്ന അഭിപ്രായത്തിൽ അവർ ഉറച്ചുനിന്നു. കാമനേവ് കേന്ദ്രകമ്മറ്റിയിൽ നിന്നും രാജിവച്ചുകൊണ്ടാണ് പിന്നീടുള്ള വിയോജിപ്പുകൾ രേഖപ്പെടുത്തിയത്.

മിലിട്ടറി റെവല്യൂഷനറി സെന്ററിൽ വച്ച് സ്റ്റാലിനെ കണ്ടതും സംസാരിച്ചതും ഇല്ലിച്ച് ക്രൂപ്സ്കയയോടു പറഞ്ഞത് തൊട്ടടുത്ത ദിവസമാണ്. അന്ന് ഫോഫനോവയുടെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. റഷ്യ, അതിന്റെ നട്ടുച്ചയിലെത്തുന്ന സൂര്യനോട് ഒരു നിമിഷം നിശ്ചലമാകാൻ പറയുമെന്നും സൂര്യൻ അതനുസരിക്കുമെന്നും ഇല്ലിച്ച് പറഞ്ഞത് വെറും വാക്കായിരുന്നില്ലെന്ന് ക്രൂപ്സ്കയയ്ക്ക് തോന്നി. റഷ്യയുടെ ആകാശങ്ങളിലേക്ക് പലദിശകളിൽ നിന്നും പക്ഷികൾ ചിറകടിച്ചുവരുന്നതായിരുന്നു ആ ദിവസങ്ങളിലെ തന്റെ പ്രഭാതസ്വപ്നങ്ങളെന്നും ക്രൂപ്സ്കയ ഓർത്തു. ജനങ്ങളിൽ ഭൂരിപക്ഷവും വിധിവിഹിതമാണ് പീഡിതജീവിതമെന്നു കരുതാതെ പാതനിറഞ്ഞുനടക്കാൻ തുടങ്ങിയ ദിവസങ്ങളായിരുന്നു അത്. വിതച്ചത് തങ്ങൾ കൊയ്യുമെന്നും വീണ്ടും വിതയ്ക്കുമെന്നുമുള്ള പ്രതീക്ഷ അവരെ കൂടുതൽ ഉത്സാഹികളാക്കിക്കൊണ്ടിരുന്നു.

സ്മോൾനിയിലേക്കുള്ള യാത്രയ്ക്കിടയിൽ ലെനിൻ പലതവണ സ്റ്റാലിനെ തിരക്കി. നേവാനദിക്കു കുറുകെയുള്ള പാലം അടച്ചതറിഞ്ഞപ്പോഴും ഇല്ലിച്ച് ചോദിച്ചത് ജോസഫ് സ്റ്റാലിനെക്കുറിച്ചാണ്.

ഇനിയുള്ള മുന്നേറ്റങ്ങളിൽ യാതൊരു ദാക്ഷിണ്യവുമില്ലാത്തതും ചടുലത നിറഞ്ഞതുമായ തീർപ്പുകളെടുക്കേണ്ടതായിവരും. ഒറ്റമനസ്സോടെ നീങ്ങേണ്ട സമയമാണിതെന്നു മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുന്നതിനും ഇല്ലിച്ച് ശ്രമിച്ചു. ഐനോ റെഹ്ജയോട് ചോദിച്ചപ്പോഴാണറിയുന്നത് യാതൊരു സൂചനയും നല്കാതെ, ആരുടെയും ശ്രദ്ധയിൽ പ്പെടാതെ ലെനിൻ സ്മോൾനിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞെന്ന്. അവിടേക്ക് പോകാൻ തയ്യാറായി ഹോഫനവയുടെ വീട്ടിലെത്താനുള്ള അറിയിപ്പു ലഭിച്ചകാര്യം ക്രൂപ്സ്കയ റെഹ്ജയോടു പറഞ്ഞില്ല.

താല്ക്കാലിക ഭരണകൂടം ഇല്ലാതായി. പുതിയ മാനിഫെസ്റ്റോ പുതിയ ഉത്തരങ്ങൾ നല്കി. സൈനികരും തൊഴിലാളികളും മിലിട്ടറി റെവല്യൂഷനറി കമ്മിറ്റിയും അടഞ്ഞ വാതിലുകൾ ജനങ്ങൾക്കു മുന്നിൽ തുറന്നിട്ടു. സർക്കാർ ഓഫീസുകളിൽ ഇരുന്ന കസേരകളുപേക്ഷിക്കാൻ മടിച്ചുനിന്നവർക്ക് പുറത്തേക്കുള്ള പാത വെട്ടിയൊരുക്കി. മറ്റുപോംവഴികളില്ലാതായതോടെ മനസ്സില്ലാമനസ്സോടെ അവർ ഇടനാഴികളിലൂടെ അപ്രത്യക്ഷരാകാൻ തുടങ്ങി. ചിലർ മടങ്ങിവരണമെന്ന് വ്യാമോഹിച്ചു. മറ്റുചിലർ അത് സാധ്യമല്ലെന്നു വിശ്വസിച്ചാണ് പടിയിറങ്ങി പോയത്.

വിന്റർപാലസിനു മുകളിൽ റഷ്യയിലെ ഭൂരിപക്ഷം മനുഷ്യരുടെയും നിഴൽച്ചിത്രങ്ങൾ തെളിഞ്ഞുവരുന്നത് ക്രൂപ്സ്കയ കണ്ടു. സോവിയറ്റ് യോഗത്തിലേക്ക് ലെനിൻ കടന്നുവരുന്നെന്നറിഞ്ഞതോടെ ജനങ്ങൾ ആഹ്ലാദചിത്തരാകാൻ തുടങ്ങി. ആത്മസ്ഥൈര്യത്തിന്റെ കാതലുള്ള വാക്കുകൾ അവർ ലെനിനിൽ നിന്നും കേൾക്കാൻ തുടങ്ങി.

തലച്ചോറിന്റെ വളവുകളും പിരിവുകളും ഉരുക്കിത്തൂവി പ്രകാശത്തിന്റെ അണയാവിളക്കുകൾ കൊളുത്തിവയ്ക്കാൻ ലെനിൻ ശ്രമിച്ചു. സാർ ഭരണകൂടവും കൊട്ടാരവും തൊട്ടടുത്തു വന്ന ചെങ്കനൽ നിറമുള്ള കാലം കണ്ട് പിട‍ഞ്ഞുണരാൻ തുടങ്ങിയ ദിവസങ്ങളായിരുന്നു കടന്നുപൊയ്ക്കൊണ്ടിരുന്നത്.

ഡോ. ഇറീന ക്രിസ്റ്റഫറിനെ നോക്കി. നോവൽ വായനയ്ക്കിടയിൽ എവിടെയെങ്കിലും രുചികേടുതോന്നിയാൽ നോക്കുന്ന നോട്ടമാണ് ഇറീനയുടേതെന്ന് ക്രിസ്റ്റഫിന് മനസ്സിലായി. അതെന്താണെന്നു ചോദിക്കും മുമ്പ് ഇറീന പറഞ്ഞു: "അല്ല ക്രിസ്റ്റഫർ, ഈ നോവലിൽ വിപ്ലവാനന്തരകാലത്തെക്കുറിച്ചും ഡിക്രിയെപ്പറ്റിയുമൊക്കെ പരാമർശമുണ്ടല്ലോ. ലെനിന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ദിവസങ്ങൾ; ഒക്ടോബർ വിപ്ലവത്തിന്റെ ദിനങ്ങൾ പിന്നിട്ടിരിക്കുന്നു.

വിപ്ലവാനന്തരകാല ലെനിനെ നോവലിലെവിടെയോ കണ്ടതായാണ് എന്റെ ഓർമ്മ" ഇറീന.

"അതൊരു കഥയിലെ ലെനിനാണ്. എന്റെ നോവൽ ഒരേ സമയം ലെനിന്റെ ജീവിതത്തെ ലംബമായും തിരശ്ചീനമായും അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്" ക്രിസ്റ്റഫർ മറുപടി പറഞ്ഞു.

ഇറീനയുടെ കണ്ണുകളിൽ സംശയത്തിന്റെ അലകൾ വന്നു നിറയുന്നത് ക്രിസ്റ്റഫർ കണ്ടു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments