അധ്യായം 41
അപൂർവ്വ പ്രണയം
“എന്തൊക്കെയോ ചിലത് എന്റെ നോവലിൽ സംഭവിക്കാനുണ്ട്. റഷ്യയിലെന്നല്ല ഭൂമിയിലെവിടെയും ഒരു പക്ഷേ ആരും അറിയാത്ത; അല്ലെങ്കിൽ അറിയാൻ അനുവദിക്കാതിരുന്ന ചിലതുകൂടി ഞാൻ എഴുതാൻ ശ്രമിക്കും. എന്റെ നോവലിനെ കൂടുതൽ ശ്രദ്ധേയമാക്കാൻ പോകുന്നത് അതായിരിക്കും’’. ക്രിസ്റ്റഫർ പറഞ്ഞു.
‘അങ്ങനെ തന്നെ ആവട്ടെ’.
ഇറീന പുറത്തേക്കിറങ്ങി.
'സമാധാനത്തിനുവേണ്ടി ഭൂമിയ്ക്കു വേണ്ടി' -
ഈ മുദ്രാവാക്യം റഷ്യയുടെ ഉൾഭിത്തികളിൽ അതിനോടകം മുഴങ്ങിക്കഴിഞ്ഞിരുന്നു. മെൻഷെവിക്കുകളും വലതുപക്ഷ സോഷ്യലിസ്റ്റ് റെവല്യൂഷനറികളും പ്രതിയോഗിനിരയിലുള്ളവരും പലതും പലതരത്തിൽ വ്യാഖ്യാനിച്ചു. ചിലർ അതിശയോക്തി കലർന്ന നിർവ്വചനങ്ങൾ കണ്ടെത്തി.
"ആ ദിവസങ്ങളിൽ എല്ലാ പ്രതീക്ഷയോടും ജനങ്ങൾ നോക്കിയത് ഇടയ്ക്കിടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള വി.ഐ. ലെനിനെയാണ്’’, ഡോ. ഇറീന പറഞ്ഞുനിർത്തിയപ്പോൾ തന്നെ ക്രിസ്റ്റഫറിൽനിന്നുള്ള മറുപടി വന്നു.
"യുദ്ധമുന്നണിയിലേക്ക് ലെനിൻ പലപ്പോഴും ഇറങ്ങിച്ചെന്നിരുന്നില്ലെന്ന ആരോപണം പില്ക്കാലത്ത് ചിലർ ഉന്നയിച്ചു!", ക്രിസ്റ്റഫർ
"അത് സ്വാഭാവികം. കെരെൻസ്കിയെയും സംഘത്തെയും തൂത്തെറിയുന്നതും മെൻഷെവിക്കുകളെ ആശയപരമായി പരാജയപ്പെടുത്തുന്നതും അത്ര നിസ്സാരകാര്യമായിരുന്നില്ല. ഇതു രണ്ടും സാധ്യമാക്കുന്നതിനു വേണ്ട ഉലകൾ ശിരസ്സിലും നഭസ്സിലും നിർമ്മിക്കുകയായിരുന്നു ഓരോ നിമിഷവും ലെനിൻ. ഒരു യുദ്ധം അല്ലെങ്കിൽ സമരം മുന്നേറണമെങ്കിലും വിജയിക്കണമെങ്കിലും അങ്ങനെയുള്ള മനുഷ്യർ അണിയറയിലും ഇരുട്ടിലും പതിയിരുന്ന് പ്രവർത്തിക്കേണ്ടിവരും. അതുതന്നെയാണ് ലെനിൻ ചെയ്തത്’’- ഇറീന ഇത്രയും വിശദമാക്കി കഴിഞ്ഞപ്പോൾ ക്രിസ്റ്റഫർ കസേരയിൽ നിന്നുമെഴുന്നേറ്റു.
അവർ നടന്ന് വെളിച്ചം അപ്പോഴും മങ്ങിയിട്ടില്ലാത്ത നേവാതീരത്തെത്തി. യൗവ്വനപരിരംഭണം നിറഞ്ഞ കാഴ്ചകളിലൂടെ നടക്കുമ്പോൾ ക്രിസ്റ്റഫർ പറഞ്ഞു: "ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള കാലം’’.
ഇറീന ചിരിച്ചു.
"അങ്ങനെയൊരു കാലത്തിന്റെ അതിർത്തി നാം കടന്നുകഴിഞ്ഞിരിക്കുന്നു’’.
"നോവൽ എങ്ങനെ അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചോ? ഇറീനയുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ട ക്രിസ്റ്റഫർ നടപ്പിന്റെ വേഗത കുറച്ചു. ഉറുമ്പിഴയുന്നതുപോലെയായി പിന്നീടുള്ള ചുവടുവയ്പ്.
ഒരു യുവാവും യുവതിയും ആലിംഗനച്ചൂടിൽ, നേവയിലേക്ക് ഇറങ്ങിനിന്ന് ചുറ്റിത്തിരിയുന്നതു കാണാം. വിഷാദത്തിന്റെ പുകച്ചുരുൾ വിഴുങ്ങിയതുപോലെ ഒറ്റപ്പെട്ട വൃദ്ധരായ സ്ത്രീകളും പുരുഷന്മാരും ജലദൂരങ്ങളിലേക്ക് നോക്കിയിരിക്കുന്നുണ്ട്.
"ഇല്ല, ഇപ്പോൾ ഒക്ടോബർ വിപ്ലവത്തിന്റെ മൂർച്ചയുള്ള പാതയിലെത്തി നില്ക്കുകയാണ് വ്ലജിമീർ ഇല്ലിച്ച് ഉല്യാനവ്. റഷ്യയിലെ ഭൂരിപക്ഷം മനുഷ്യരും, സ്ത്രീപുരുഷഭേദമില്ലാതെ, ആ നിഴലനക്കവും വാക്കും കാതോർത്താണ് ഉണരുന്നത്. മുന്നണിയിൽ മറ്റുപലരും ഉറങ്ങാത്ത കണ്ണുകളുമായി നിലയുറപ്പിച്ചിട്ടുണ്ടെന്നതു നേരാണ്. എങ്കിലും സാധാരണക്കാരായവർ ഉറ്റുനോക്കുന്നത് ലെനിൻ എന്ന ഒറ്റമരത്തിലേക്കാണ്’’, ഇറീന തുടർന്നു: "ഒക്ടോബർ വിപ്ലവത്തിന്റെ വിജയാനന്തരം കഥ അവസാനിപ്പിക്കാനാണോ പദ്ധതി? അത് ലെനിന്റെ സമഗ്രജീവിതം കടന്നുവരുന്ന ഒരു നോവലാവില്ല’’.
ഇറീന സംശയം ആവർത്തിച്ചു.
"റഷ്യയുടെ പശ്ചാത്തലത്തിൽ ലെനിന്റെ ജീവിതം കേന്ദ്രീകരിച്ച് ഒരു നോവലെഴുതുമെന്നാണ് പ്രസാധകനുമായുള്ള എന്റെ ഉടമ്പടി’’, ക്രിസ്റ്റഫർ.
"നിശ്ചയിച്ച വഴിയിൽനിന്ന് മാറി സഞ്ചരിക്കുന്നത് എഴുത്തിൽ സ്വാഭാവികമാണ്. മനസ്സിൽ വന്നുവീഴുന്ന ഇരുട്ടിനും വെളിച്ചത്തിനും പിന്നാലെ പോകാൻ വിധിക്കപ്പെട്ടവരാണ് എഴുത്തുകാർ. ജീവചരിത്രകാരന്റെ യാത്രാപഥമല്ല ഒരു നോവലിസ്റ്റിന്റേത്. ലെനിന്റെ ജീവിതാവസാനനാളുകൾ ചികയുമ്പോൾ ഒരു പക്ഷേ, ആരും പറയാത്ത ചിലത് എഴുത്തുകാരനെ തേടിയെത്തും. അതായിരിക്കും ഒരു പക്ഷേ ഈ നോവലിന്റെ ഹൈലൈറ്റ്സ്’’.
അവർ തിരിച്ചുനടന്നു.
"പാതിരിപ്പട്ടം പകുതിവഴിയിൽ വിട്ട് വിപ്ലവത്തിന്റെ പാതയിലേക്ക് വന്നയാളാണ് ജോസഫ് സ്റ്റാലിൻ. ആയിരങ്ങൾ ലെനിന്റെ ചുറ്റുമുണ്ടായിരുന്നു; റഷ്യൻ തെരുവുകളിലുണ്ടായിരുന്നു. വിപ്ലവത്തിന്റെ പ്രയത്നങ്ങളിൽ അവരുടെയൊക്കെ ചോര ഒഴുകിയിട്ടുണ്ട്’’.
ക്രിസ്റ്റഫറിന്റെ ശ്രദ്ധ ഇറീന മറ്റൊരു ദിശയിലേക്ക് ക്ഷണിച്ചു.
"അത്ഭുതം അതല്ല, എങ്ങനെയാണ് സ്റ്റാലിനെപ്പോലെയുള്ള ഒരു മനുഷ്യൻ ലെനിന് പ്രിയപ്പെട്ടവനായത്. ചരിത്രത്തിലെ വല്ലാത്തൊരു ഫലിതമോ ദുരന്തമോ ആയി മാത്രമേ ആ അടുപ്പത്തെ കാണാൻ കഴിയൂ’’.
നോവലെഴുത്തിനു വാങ്ങി വച്ച പുതിയ പേനയുടെ മുന ക്രിസ്റ്റഫർ പരുപരുത്ത ചുമരിലുരച്ച് പുറത്തേക്കു വലിച്ചെറിഞ്ഞതുകണ്ട് ഡോ. ഇറീന ചിരിച്ചു. തല ചുമരിൽ ഒന്നിലേറെ തവണ മുട്ടിച്ചുകൊണ്ട് ക്രിസ്റ്റഫർ തുടർന്നു.
"അതെ, ആ ചാർച്ചയാണ് എനിക്കും മനസ്സിലാകാത്തത്’’.
അര കുപ്പി വോദ്ക ബാക്കിയുണ്ട്. ഇറീന രണ്ടു ഗ്ലാസ്സുകളിൽ ഓറഞ്ചുനീരു പകർന്ന് ഐസ് കട്ടകൾ പൊട്ടിച്ചിട്ടു, "ഇതു കുടിക്ക്. ഞരമ്പുകളൊന്ന് അയഞ്ഞുവരട്ടെ’’.
ഇറീന ആലോചിച്ചത് ക്രിസ്റ്റഫറിനെ പെട്ടെന്ന് ക്ഷുഭിതനാക്കിയത് എന്താവുമെന്നാണ്. സ്റ്റാലിനെ സ്വന്തം സ്വപ്നഭൂമിയിൽ നിന്ന് ബഹിഷ്കരിച്ചു നിർത്തിയിരുന്നു ക്രിസ്റ്റഫർ ആ ചരിത്രരചനാ വേളയിലൊക്കെ. ആ പേര് പരാമർശിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ മാത്രം അതു ചെയ്തു.
എങ്ങനെയാണ് ലെനിന്റെ മനസ്സിൽ സ്റ്റാലിന് ഇടം ലഭിച്ചതെന്ന സന്ദേഹം ക്രിസ്റ്റഫർ റീഡ് സ്വയവും മറ്റുള്ളവരോടും നിരന്തരം ചോദിച്ചു. ഭൂരിപക്ഷം മനുഷ്യരും സ്റ്റാലിനെ പിന്നീട് അംഗീകരിച്ചില്ല. ട്രോട്സ്കിയെ സ്നേഹിക്കുന്നതുപോലെ സ്നേഹിച്ചതുമില്ല.
ഇരുവരും രാത്രിയായത് മറന്നു.
പകൽവെട്ടത്തിലേക്കാണ് ക്രിസ്റ്റഫറും ഇറീനയും ഉണർന്നത്. ഇമവെട്ടി തുറന്നപ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരാൾ അരികെയുണ്ടെങ്കിൽ തോന്നുന്ന ആനന്ദം അവർ അനുഭവിച്ചു. ആരാണ് ആദ്യം സംസാരിച്ചുതുടങ്ങുന്നതെന്ന സംശയത്തോടെ ഇറീന പുറത്തേക്ക് നോക്കി. നിശ്ശബ്ദതയുടെ തോടുടച്ചത് ക്രിസ്റ്റഫറാണ്.
അവർ പുറത്തേക്ക് ഇറങ്ങി അലക്ഷ്യമായി നടന്നു.
(തുടരും)