ചിത്രീകരണം : രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 42
വേട്ടയിലെ നിയമങ്ങൾ

ഇവാൻ ലെനിന്റെയൊരു ചിത്രം വീടിന്റെ വീതിയുള്ള ചുമരിൽ വരയ്ക്കാൻ തുടങ്ങി.

ഡോ. ഇറീന കഥ പറഞ്ഞവസാനിപ്പിച്ചപ്പോൾ ക്രിസ്റ്റഫർ കണ്ടത് നേവയ്ക്കു മുകളിലൂടെ പറന്നുവരുന്ന ഒരൊറ്റ നക്ഷത്രത്തെയാണ്.

ഡോ. ഇറീനയ്ക്ക് നല്ല ഓർമയുണ്ടായിരുന്നു ആ കഥ. അച്ഛന്റെ പുസ്തകശേഖരത്തിൽ നിന്നുമാണ് അത് കിട്ടിയത്. ക്രിസ്റ്റഫറിനെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നതിന് ഏറെ വർഷങ്ങൾക്കു മുമ്പാണത്. ചില കഥകളും കവിതകളുമൊക്കെ എഴുതാൻ ശ്രമിക്കുന്ന കാലം.

രാത്രികളിൽ ഏറെ വൈകി വീട്ടിലെത്തുന്ന അച്ഛൻ ക്ഷീണിതനായി പുതച്ചിരിക്കുമ്പോഴാകും കഥയും കവിതയുമൊക്കെ എഴുതിയ ഡയറിയുമായി അടുത്തേക്ക് ചെല്ലുക. മകളുടെ മട്ടും ഭാവവും കാണുമ്പോൾ കാര്യം മനസ്സിലാകുന്ന അച്ഛൻ ചെറിയൊരു ചിരിയോടെ കൈനീട്ടും.

"എന്നിട്ടെപ്പോഴാണ് അത്രനാളും എഴുതിയതൊക്കെ കൂട്ടിയിട്ട് കത്തിക്കാൻ തീരുമാനിച്ചത്?" ക്രിസ്റ്റഫർ ചോദിച്ചു.

"ഐ. അറാമിലെവിന്റെ 'കാല്പാടു'കളെന്ന പുസ്തകം ഞാൻ നേരത്തേ വായിച്ചിരുന്നു. ‘വിനോദ’മെന്ന പേരിലുള്ള കഥയെഴുതിയത് അറാമിലെവാണെന്ന അറിവ് ഏറെ ഉന്മേഷം പകരുന്നതായിരുന്നു. ഒറ്റയിരുപ്പിന് ഞാനത് വായിച്ചുതീർത്തു. വടക്കൻ ഉറാൽസുകാരനായ ഈ എഴുത്തുകാരന് നായാട്ടുപാരമ്പര്യമുണ്ടായിരുന്നെന്നും വായിച്ചത് ഓർമ്മയുണ്ട്’’.

ഇറീന പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയായിരുന്നു ക്രിസ്റ്റഫർ.

"ഇനി ആ കഥ എവിടെനിന്നു് കണ്ടുപിടിച്ച് വായിക്കാനാണ്. എത്താനാകുന്ന വായനശാലകൾ, എഴുത്തുകാർ, ഉല്യാനവിന്റെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ - ഇങ്ങനെയുള്ള ഇടങ്ങളിലൊക്കെ ഞാൻ പോയിട്ടുണ്ട്. അവിടങ്ങളിൽ നിന്നൊന്നുമെനിക്ക് ആ കഥ കണ്ടെത്താനായില്ല. ഇനി എവിടെനിന്നെങ്കിലും അത് ലഭിക്കുമെന്ന് തോന്നുന്നുമില്ല. അല്ല, ഞാൻ ചോദിച്ചതിനുള്ള മറുപടി ഇറീന പറഞ്ഞില്ല?" ഇടതുവശത്തു കിടന്ന കസേര ഇറീനയ്ക്ക് അഭിമുഖമായിട്ടശേഷം ക്രിസ്റ്റഫർചോദിച്ചു. കുറച്ചുനാളായി നിർത്തിയിരുന്ന സിഗരറ്റ് വലി വീണ്ടും തുടങ്ങിയത് ക്രിസ്റ്റഫർ ഇറീനയോട് പറഞ്ഞിരുന്നില്ല.

"വിനോദം വായിച്ചു തീർത്തനിമിഷം ഞാൻ അത്രനാളും എഴുതിയതൊക്കെ വീടിന്റെ മുന്നിലെ വഴിയിൽ ചിതറിച്ചിട്ടു. നീണ്ടൊരു തുണിത്തിരിയുടെ രണ്ടറ്റത്തും തീ കൊളുത്തി എന്റെ കൈയക്ഷരങ്ങൾ പതിഞ്ഞ കടലാസുകൾക്കിടയിലേക്ക് വലിച്ചെറിഞ്ഞു. ഇത്രകാലവും പേന തുറക്കാൻ ഞാൻ ശ്രമിച്ചില്ല’’.

ഇറീനയുടെ ശബ്ദം ഇടറുന്നതുപോലെ ക്രിസ്റ്റഫറിനു തോന്നി.

"അതെ ക്രിസ്റ്റഫർ, എഴുതുന്നെങ്കിൽ ‘വിനോദ’മെന്ന കഥപോലൊന്ന് എഴുതാൻ കഴിയണം. അല്ലെങ്കിൽ എഴുത്തു നിർത്തണം. അതായിരുന്നു എന്റെ തീരുമാനം", ഇറീന.

"ആ കഥ വായിക്കാതെ ലെനിനെക്കുറിച്ചുള്ള നോവൽ പൂർത്തിയാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല." ക്രിസ്റ്റഫറിന്റെ സംസാരം കേട്ട് നിശ്ശബ്ദയായിരുന്ന ഇറീന പുറത്തേക്ക് നടന്നു. ഒപ്പം ക്രിസ്റ്റഫറും.

"കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ ആ കഥ പറയാം. കാണാപ്പാഠമാണ് എനിക്ക് ആ കഥയും കഥാപാത്രങ്ങളും", ഇറീന.

"കഥ തീരുംവരെ നമ്മൾ നടന്നുകൊണ്ടേയിരിക്കും’’, ക്രിസ്റ്റഫർ

"ക്രിസ്റ്റഫർ ഇടയ്ക്ക് കയറി ചോദ്യങ്ങൾ ചോദിക്കരുത്. അത് കഥ പറച്ചിലിന്റെ രസം കളയും’’, ഇറീന.

നേവ നദിയുടെ കരയിലേക്കായിരുന്നു അന്നത്തെയും നടത്തം. ഇടചേർന്ന് താഴ്ന്നു പറക്കുന്ന പക്ഷികളെ നോക്കിയിരുന്ന വൃദ്ധനായ ഒരാൾ ഇറീനയെ കണ്ട് ചിരിച്ചു. അയാൾ പരിചിതഭാവത്തിൽ നടന്നുവന്നാൽ ഇറീനയുടെ ശ്രദ്ധ അയാളിലേക്ക് മാറും. അറാമിലെവിന്റെ കഥ മറന്ന് ലെനിന്റെ കഥകളിലേക്കാവും പിന്നീടുള്ള പോക്ക്. വൃദ്ധൻ നോക്കിയതും ചിരിച്ചതുമൊന്നും ഇറീനയോട് പറയാതെ ക്രിസ്റ്റഫർ നടന്നു. നദിയുടെ കരയിൽ അധികം തിരക്കുണ്ടായിരുന്നില്ല.

ജില്ലാ നിർവ്വാഹകസമിതി ചെയർമാനെ തൊട്ടടുത്ത ദിവസം നേരിട്ടു ചെന്നു കാണണമെന്ന് ഇവാൻ വസിലിയേവിച്ച് അല്യാബിയെവിന് അറിയിപ്പു ലഭിച്ചു. അയാളുടെ ഭാര്യ മരീയ പെത്രോവ്നയ്ക്ക് അതോടെ സമാധാനം ഇല്ലാതായി. ഇവാനും ആകാംക്ഷ വർദ്ധിച്ചു. വേട്ടക്കാരനായ തന്നെ എന്തിനാവും ചെയർമാൻ കാണണമെന്നറിയിച്ചതെന്ന ചോദ്യം പരസ്പരം ചോദിച്ച് ഇവാനും ഭാര്യയ്ക്കും ഉറക്കം നഷ്ടപ്പെട്ടു.

ഗോതമ്പുചെടികൾക്കിടയിലെ കാടപ്പക്ഷികളുടെ പാട്ടുകേട്ട്, ബിർച്ചു മരങ്ങളിലിരുന്നു കരഞ്ഞ കാക്കക്കുഞ്ഞുങ്ങളെ നോക്കിയായിരുന്നു ഇവാൻ വാസിലിയെവിച്ചിന്റെ പുലർച്ചയിലെ യാത്ര. ചെയർമാന്റെ ഓഫീസിന് മുന്നിൽ നിന്നിരുന്ന പെൺകുട്ടിയെ തനിക്കു ലഭിച്ച എഴുത്ത് ഇവാൻ കാണിച്ചു. നീണ്ട നിര മറികടന്ന് പെൺകുട്ടി പെട്ടെന്ന് അല്യാബിയെവിനെ ചെയർമാന്റെ മുന്നിെലത്തിച്ചു.

നല്ല തിരക്കിലായിരുന്നു ചെയർമാൻ. വസിലിയേവിച്ചിനെ ചെറിയൊരു ചിരിയോടെ സ്വീകരിച്ചിരുത്തിയശേഷം റഷ്യയിൽ നിന്നും തൊട്ടടുത്ത ദിവസം വിശിഷ്ടനായ ഒരതിഥി വരുന്നുണ്ടെന്നും, വേട്ടയ്ക്ക് കാട്ടിലേക്ക് ഒപ്പം പോകണമെന്നും ചെയർമാൻ നിർദ്ദേശിച്ചു. ആരാണ് വരുന്നതെന്നു ചോദിച്ച ഇവാനോട് ചെയർമാൻ പറഞ്ഞു:
"നിങ്ങൾ കാണണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുള്ള ഒരാളായിരിക്കും നാളെ പുലർച്ചെ വീട്ടുമുറ്റത്തെത്തുക. തോക്കും വേട്ടനായയുമൊക്കെ തയ്യാറാക്കിയിരിക്കണം. അതിഥി നിങ്ങളെ കൂടുതൽ ഉത്തേജിതനാക്കുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാ ആശംസകളും’’.

തിരിച്ച് വീട്ടിലേക്കു നടക്കുമ്പോൾ അല്യാബിയെവിനു് അത്രയധികം ആകാംക്ഷയൊന്നും തോന്നിയില്ല. വീടെത്തി. ചെയർമാൻ പറഞ്ഞതു കേട്ട മരീയ ഭർത്താവിന് ചൂടുപാൽ നല്കിയശേഷം വീടും പരിസരവും വെടിപ്പാക്കാൻ തുടങ്ങി. സമോവറിനരികിൽ കിടന്ന പഴന്തുണിയും പിഞ്ഞാണങ്ങളുമെല്ലാം അകത്തെ കുടുസ്സുമുറിയിലേക്കു മാറ്റി.

"ഇവാൻ ആരാണ് വരാൻ പോകുന്നത്?" മരീയ.
"മൂരാച്ചികളായ ആരെങ്കിലുമാവും. ചിലപ്പോൾ എന്റെ സ്വസ്ഥത കെടുത്തുന്ന ഒരാൾ’’.
ഇവാൻ ചില പഴയ അനുഭവങ്ങൾ ഓർത്തു

ഇവാനും മരീയയും രണ്ടുദിക്കുകളിലേക്ക് നോക്കിയിരുന്നു. തണുപ്പ് അവരെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. രാത്രി പുലർന്നു. ഒരു പുതപ്പിനുള്ളിൽ അവർ ഉണർന്നു.

പൊടിപിടിച്ചൊരു കാർ വന്ന് നില്ക്കുന്നതു കണ്ട് അല്യാബിയെവ് മുറ്റത്തേക്കിറങ്ങി ചെന്നു. പുഞ്ചിരി നിറഞ്ഞ മുഖത്തോടെ വിശിഷ്ടാതിഥിയെ ഇവാൻ വീട്ടിലേക്ക് ക്ഷണിച്ചു: "വരൂ, ദയവായി അകത്തേക്കു വരൂ’’.

തവിട്ടുനിറത്തിലുള്ള ജാക്കറ്റും ബൂട്സും ധരിച്ച ദൃഢകായനായ ഒരാൾ കാറിൽനിന്നിറങ്ങി. ശേഷം പിന്നിലെ റോഡിലൂടെ നടന്നു നീങ്ങിയ കന്നാലിപ്പറ്റത്തെയും ചുറ്റുപാടിനെയും ശ്രദ്ധിച്ചു നിന്നശേഷം കാർ ഡ്രൈവറോട് എന്തോ ശബ്ദം താഴ്ത്തി പറഞ്ഞു. ഡ്രൈവർ മുറ്റത്തേക്ക് കാർ കയറ്റി ഒന്നിരപ്പിച്ച് നിർത്തി.

ആഗതനെ കണ്ടതു മുതൽ വസിലിയേവിച്ചിന് എവിടെയോ മുൻപരിചയമുള്ള ഒരാളെപ്പോലെ തോന്നി. സൗമ്യമായ 'സുഖമല്ലേ'യെന്ന ചോദ്യം കേട്ടപ്പോൾ തന്നെ മുമ്പ് വേട്ടയ്ക്ക് നഗരങ്ങളിൽ നിന്നും വന്നിട്ടുള്ള ഏമാന്മാരെപ്പോലെ മൂശേട്ടകളും മൂരാച്ചികളുമായവരുടെ ഗണത്തിൽ ഇന്നത്തെ അതിഥി പെടില്ലെന്ന് അല്യാബിയെവിന് തോന്നി.

"സഖാവ് ലെനിനല്ലേ?" അല്യാബിയെവ് സംശയത്തോടെ ചോദിച്ചു.
"അതെ സഖാവ് വസിലിയേവിച്ച്’’, ലെനിൻ തോക്ക് അരമതിലിൽ വച്ചു. ആഹ്ലാദത്തോടെ 'മരീയ'യെന്നു വിളിച്ചുകൊണ്ട് ഇവാൻ അകത്തേക്കോടി.
"ഒരു കപ്പ് ചായ എടുക്കട്ടെ സഖാവ് ലെനിൻ, അല്ലെങ്കിൽ നല്ല ചൂട് പാല് ഒരു ഗ്ലാസ്?"
"ചായ വേണ്ടെന്ന് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല ഇവാൻ’’, ലെനിൻ.

സമോവറിന് ചുറ്റുമിരുന്ന് ലെനിനും ഇവാനും മരീയയും ചായ കുടിച്ചു. അതുകഴിഞ്ഞ് ഇവാൻ വൈക്കോൽപ്പുരയിൽ ഒരുക്കിയ കിടക്കയ്ക്കരികിലേക്ക് ലെനിനെ കൂട്ടിക്കൊണ്ടുപോയി. പെട്ടെന്ന് വസ്ത്രം മാറി ലെനിൻ കിടന്നു. അരികെയുള്ള ബഞ്ചിൽ ഇവാനും.

അതിഥിയായെത്തിയിരിക്കുന്നത് ചില്ലറക്കാരനല്ല. ജനകീയ കമ്മിസാർ കമ്മീഷന്റെ ചെയർമാൻ. ബൽഷെവിക്കുകളുടെ തലതൊട്ടപ്പൻ. തൊട്ടടുത്ത പ്രഭാതത്തിൽ തുടങ്ങുന്ന നായാട്ടിനെക്കുറിച്ചോർത്ത്, ചുറ്റും നിറയുന്ന പക്ഷിക്കരച്ചിലുകൾ കേട്ട് ഇവാൻ കണ്ണുകളടയ്ക്കുമ്പോഴേക്കും ലെനിൻ നല്ല ഉറക്കം തുടങ്ങിയിരുന്നു.

വന്നിരിക്കുന്നത് ലെനിൻ തന്നെയാണെന്ന് ഇവാൻ പലതവണ നോക്കി ഉറപ്പു വരുത്തി.

പ്രഭാതത്തിൽ ലെനിനും ഇവാനും നായാട്ടുകോപ്പുകളുമായി പുറത്തേക്കിറങ്ങി. അക്സായ് അവർക്കു മുന്നിലും പിന്നിലുമായി ഓടിയും മണത്തും നടക്കുകയാണ്. പെട്ടെന്ന് താഴ്ന്നു പറന്ന അരയന്നങ്ങളെ നോക്കി ഇവാൻ തോക്കുചൂണ്ടി. ലെനിൻ അയാളെ തടയാൻ ശ്രമിച്ചു.

"വേണ്ട ഇവാൻ, ഇത്ര ചേലുള്ള അരയന്നത്തെ എങ്ങനെയാണ് വെടിവച്ചുകൊല്ലാൻ തോന്നുന്നത്?" ലെനിൻ തോക്കിൽ അമർത്തിപ്പിച്ചു.

പറിച്ചെടുത്ത ഒരാപ്പിൾ തിന്നുകൊണ്ട് ലെനിൻ ഇവാനെ നോക്കി. വലതുവശത്തുള്ള പച്ചതൂർന്നു വളർന്ന മരത്തോപ്പും ഇടതുവശത്തുള്ള പുൽപ്രദേശത്തിനും അരികിലൂടെ ഒഴുകുന്ന തിളക്കമുള്ള നദി. കോച്ചിപ്പിടിക്കുന്ന തണുപ്പിലൂടെ ലെനിനും വാസിലിയെവിച്ചും പതുക്കെ നടന്നു. എവിടെയോ തെരുതെരെ വെടിപൊട്ടുന്ന ശബ്ദം കേൾക്കാമായിരുന്നു. ദൂരെ പ്രാണൻ കളയുംവിധം കാട്ടുതാറാവുകൾ പലയിടങ്ങളിലേക്ക് ചിറകടിച്ചും നീന്തിയും അകന്നുപോകുന്നതു കാണാം.

വേട്ടക്കാലം തുടങ്ങുന്ന ദിവസം. ഞായറാഴ്ചയായതിനാൽ നായാട്ടുകമ്പമുള്ള നാട്ടുകാർ എല്ലാവരും സർവ്വസജ്ജരായി കാട്ടിലേക്കു കയറിയ ദിവസം കൂടിയായിരുന്നു അത്. മദ്യപിച്ച് ലക്ക് പകുതിയോ മുഴുവനായോ നഷ്ടപ്പെട്ടവരായിരുന്നു അവരിലധികം പേരും. ചിലർ തലങ്ങും വിലങ്ങും വെടിയുതിർത്തു. തൊട്ടപ്പുറത്തൊരു വെള്ളപ്പാത്ത ഇതൊന്നും ശ്രദ്ധിക്കാതെ മീൻപിടിച്ചു തിന്നുകൊണ്ടിരുന്നു. വാൽ ചുക്കാൻ പോലെ പിടിച്ച് വളഞ്ഞും പുളഞ്ഞും അത് പറന്നു. ഇടയ്ക്ക് ഇര പിടിയ്ക്കാനായി ഉൾച്ചുഴിയിലേക്ക് മുങ്ങാങ്കുഴിയിട്ടു.

ലെനിൻ രണ്ടു കുഴലുകളിലൂടെ വെടിയുതിർത്തു. പുള്ളിത്താറാവുകളിലൊന്ന് തോണിയ്ക്കരികെ വന്നുവീണു. മറ്റൊരെണ്ണം കറങ്ങി കറങ്ങി കൺവെട്ടത്തുനിന്നും ഓടി മറഞ്ഞു. മറ്റൊന്ന് വട്ടം കറങ്ങി തൊട്ടപ്പുറത്തു വന്നു.

ലെനിൻ വീണ്ടും തിര നിറയ്ക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽനിന്നും പ്രത്യക്ഷനായ നികിതയെന്ന അത്യാഗ്രഹി വെടിയേറ്റ താറാവിനെ തൂക്കിയെടുത്ത് ഓടിമറഞ്ഞു. അയാളെ നോക്കി ചിരിച്ചു നില്ക്കുന്ന ലെനിനെ അത്ഭുതത്തോടെ ഇവാൻ നോക്കിനിന്നു.

തൊട്ടടുത്ത വെടി പൊട്ടിയതും അക്സായ് തോണിയിൽ നിന്നിറങ്ങി ഓടിയകന്നതും ഒരുമിച്ചായിരുന്നു. അവൻ വെള്ളത്തിലേക്കെടുത്തു ചാടി. ലെനിന്റെ കണ്ണുകൾ പ്രഭാതവെയിലേറ്റു തിളങ്ങി. ഓർമകൾ പലനിറത്തിലുള്ള തൂവലുകൾപോലെ മനസ്സിൽ വന്നുവീഴാൻ തുടങ്ങി. കസാനടുത്തുള്ള കൊക്കൂഷ്കിനോയിൽ സഹോദരനൊപ്പം വേട്ടയാടാൻ പോയ ദിവസങ്ങൾ. മടങ്ങിച്ചെല്ലുമ്പോൾ അമ്മയോ മറ്റാരെങ്കിലുമോ വിളിച്ചുചോദിക്കും; നിങ്ങൾ എങ്ങനെയാണ് വേട്ടയാടിയതെന്ന്. ദിമിത്രി ഉരുളയ്ക്കുപ്പേരിപോലെ മറുപടി പറയും; ‘സമയത്തെ വേട്ടയാടുകയായിരുന്നു ഞങ്ങൾ. എന്താ, അടുത്ത തവണ പോകുമ്പോൾ ഒപ്പം കൂടുന്നോ?’
കൂട്ടച്ചിരിയായിരിക്കും അപ്പോൾ വീട്ടിൽനിന്നുമുയർന്നു കേൾക്കാനാവുക.

മങ്ങിയ ആകാശത്തിൽ സൂര്യൻ ഉദിച്ചു നിന്നു. തുടർച്ചയായി പക്ഷിക്കൂട്ടം ചിറകടിച്ചു വരുന്ന ശബ്ദം കേൾക്കാൻ തുടങ്ങി. കൃത്യസമയത്ത് ലെനിൻ നിറയൊഴിക്കുമെന്നു കരുതി ഇവാൻ തോണിപ്പടിയിൽ വിശ്രമിക്കുകയാണ്. അയാൾ നാലുപാടും പറക്കുന്ന പക്ഷികളെ കണ്ട് വിളിച്ചു പറഞ്ഞു: "തക്കസമയമാണ്. ഒന്നു രണ്ടെണ്ണത്തിനെയെങ്കിലും വെടിവച്ചിടൂ’’.
ലെനിൻ ഉച്ചത്തിൽ ചിരിച്ചു.
"വെള്ളതിത്തിരിപ്പക്ഷികൾ’’, ലെനിൻ.
"ആരും കാണുന്നില്ലല്ലോ സഖാവേ’’, അല്യാബിയേവിന്റെ മീശ വിറച്ചു.
"ബൽഷെവിക്കുകൾ മറ്റുള്ളവർക്ക് മാതൃകയാവണം. അനധികൃതമാണ്, തിത്തിരിപ്പക്ഷികളെ വേട്ടയാടുന്നത്. അതിനെന്നെ ഇവാൻ പ്രേത്സാഹിപ്പിക്കരുത്’’.

പൈൻ മരങ്ങൾക്കിടയിലെ സായാഹ്നവെയിലിലൂടെ ലെനിനും ഇവാനും നടന്നു. അതിനിടയിൽ കണ്ടുമുട്ടിയ രണ്ടു വൃദ്ധന്മാർ നല്കിയ മുന്തിയതരം കൂൺ ലെനിൻ ഇവാനെ ഏല്പിച്ചു. നല്ല മഴ തുടങ്ങുമെന്ന് മേലേയ്ക്കു നോക്കി ഇവാൻ പറഞ്ഞപ്പോൾ ലെനിൻ വേഗത്തിൽ നടക്കാൻ തുടങ്ങി.

വെടിവച്ചിട്ട പക്ഷികളെ രണ്ടായി പകുത്ത് നേർപകുതി ഇവാനു നല്കിയ ലെനിൻ ജീവൻ പോകാതിരുന്ന പക്ഷിയെ വരാന്തയിലേക്ക് മാറ്റിയിട്ടു.അതു കണ്ടുകൊണ്ടാണ് മരീയ പുറത്തേക്കിറങ്ങി വന്നത്. അവരുടെ കൈയിൽ ഒരു കുപ്പി പാലും ചുടുള്ള റൊട്ടിയുമുണ്ടായിരുന്നു.

ലെനിൻ സഞ്ചി കുടഞ്ഞ് നിലത്തേക്കിട്ടു. തോട്ടകളിലേക്കു നോക്കി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷയിൽ ഇവാനും മരീയയും പരസ്പരംനോക്കി നിന്നു.

"ഇതെടുത്തോളൂ ഇവാൻ. നമ്മുടെ രണ്ടുപേരുടെയും തോക്കുകൾക്ക് ഒരേ വാവട്ടമാണ്", ലെനിൻ പറഞ്ഞു.

"വേണ്ട ലെനിൻ, തിരക്കുകൾക്കിടയിൽ തിരവാങ്ങാൻ നേരം കിട്ടുമോ?"

ഇവാൻ എറ്റവും പ്രിയപ്പെട്ട ഒരാളെയെന്നപോലെ ലെനിനെ നോക്കിനിന്നു.

"കിട്ടും കിട്ടും. നോക്കൂ ഇവാൻ; വൈകാതെ മോസ്കോയിലേക്കു വരണം. മരീയയെയും കൂട്ടാൻ മറക്കണ്ട’’, ലെനിന്റെ ക്ഷണം കേട്ട ദമ്പതിമാർ തോളോടുതോൾ ചേർന്ന് നിന്ന് യാത്ര പറഞ്ഞു.

പുഞ്ചിരി നിറ‍ഞ്ഞ മുഖത്തോടെ ഒരിയ്ക്കൽക്കൂടിയൊന്നു തിരിഞ്ഞുനോക്കിയശേഷം ലെനിൻ കാറിൽ കയറാനായി മുന്നോട്ടു നടന്നു.

"ശരത്കാലത്ത് ആദ്യത്തെ മഞ്ഞുപൊഴിയുന്ന ദിവസങ്ങളിൽ വീണ്ടും വരണം", മരീയ.

ക്ഷണം സ്വീകരിച്ചെന്ന് പറഞ്ഞ് ഇവാന്റെ ചുമലിലൊന്ന് തട്ടി ലെനിൻ യാത്രയായി. കുലുക്കമൊന്നുമില്ലാതെ നീങ്ങുന്ന കാറിലേക്കു നോക്കി ഇവാനും മരീയയും ആശ്വാസത്തോടെ നിന്നു.

ഇവാനൊപ്പം നായാട്ടിനുണ്ടായിരുന്നത് ലെനിനാണെന്ന് നികിതയോടു പറഞ്ഞത് അയാളുടെ ഭാര്യയാണ്. അതു കേട്ടതോടെ ചകിതനായ നികിത കൗശലത്തിൽ സ്വന്തമാക്കിയ താറാവുമായി ഓടിവന്നു. അപ്പോഴേക്കും ലെനിൻ യാത്രയായിരുന്നു. അത്യാഗ്രഹത്തിന്റെ ഫലമാണ് നീ അനുഭവിക്കുന്ന ഈ കുറ്റബോധമെന്നു പറഞ്ഞ് ദാക്ഷിണ്യമില്ലാതെ ശകാരിച്ച് നികിതയെ ഇവാൻ തിരിച്ചയച്ചു.

ഒരു ഗ്ലാസ് നിറച്ച് പാലുമായി അരികിലേക്കു വന്ന ഭാര്യയോട് ഇവാൻ ചോദിച്ചു: "ലെനിനാണ് നായാട്ടിന് വന്നതെന്ന് ആരോടൊക്കെ പറഞ്ഞു?"
"കണ്ടവരോടൊക്കെ. മറ്റാർക്കും കിട്ടാത്ത ഭാഗ്യമായിരുന്നില്ലേ അത്. ആ മുഖം കണ്ടാലറിയാം ആള് ചെറിയ തരമല്ലെന്ന്’’.
മരീയ ആവേശത്തോടെ ഇവാനോടു ചേർന്നിരുന്നു.
"മോസ്കോയിലേക്ക് പോകുമ്പോൾ ലെനിനു കൊടുക്കാൻ കുറേ നല്ല കൂണുണ്ടാക്കുന്നുണ്ട്. അതിനുള്ള വിത്തുകൾ ഞാൻ കരുതിവയ്ക്കാൻ പോകുന്നു’’.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments