ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 43
ഒടിയുന്ന കുരിശ്

പിന്നിൽ ക്രിസ്തുവിന്റെ ശിരസ്സിലുണ്ടായിരുന്ന വെളിച്ചം കെട്ടു. കണ്ണുകളിൽ പ്രകാശമണയുന്നതുപോലെ പുരോഹിതന്മാർക്കു തോന്നി.

ഇരുട്ട് കാറ്റുപോലെ അവിടെമാകെ വീശാൻ തുടങ്ങി. ലെനിന്റെ ചുറ്റും ഒരു പ്രകാശവലയം രൂപപ്പെടുന്നത് മറ്റുള്ളവർ കണ്ടു.

വിന്റർ പാലസിനുമേൽ ആകാശം ചാരനിറം പൂണ്ടുകിടന്നു. പല നിറമുള്ള ചിറകുകൾ വീശി പക്ഷികൾ താഴ്ന്നും ഉയർന്നും പറക്കുന്നുണ്ട്. തെരുവായ തെരുവൊക്കെ മനുഷ്യരുടെ ആവേശം തുളുമ്പിയ കാലൊച്ച കേൾക്കാം. വാളും തോക്കുമേന്തി കുതിരപ്പുറത്തും പങ്കായവേഗത്തിലും വിന്റർ പാലസ് ലക്ഷ്യമാക്കി നീങ്ങുന്ന സൈനികരും വിപ്ലവകാരികളും. അവർക്കു മുന്നിൽ തിളക്കമുള്ള കണ്ണുകളുമായി ഒരാൾ; വ്ലജിമീർ ഇല്ലിച്ച് ലെനിൻ.

ചുറ്റും നിന്നവർ ലെനിന്റെ വാക്കുകൾക്കു വേണ്ടി ചുണ്ടിലേക്കും കുതിപ്പിനുവേണ്ടി കാൽപ്പാദത്തിലേക്കും ശ്രദ്ധിച്ചുകൊണ്ടിരുന്നു. പുറം മതിൽസുഷിരങ്ങളിലൂടെ എതിരിടലിന്റെ എയ്ത്തുകൾ ജനസഞ്ചയത്തിനും ലെനിനും നേരെ വന്നു. അതിനെ മറികടന്ന് അതിശയകരമായ വിജയപ്രവാഹങ്ങൾ ബൽഷെവിക്കുകൾ സ്വന്തമാക്കിക്കൊണ്ടിരുന്ന ദിവസമായിരുന്നു അത്.

വിന്റർപാലസിലേക്കുള്ള പടവുകൾ കയറിയ ജനങ്ങൾ ചുറ്റും കണ്ട പൂന്തോട്ടത്തിലൂടെ തലങ്ങും വിലങ്ങും ഓടുകയും ആരവം മുഴക്കുകയും ചെയ്തു. പല നിറത്തിലുള്ള പൂക്കൾ അവരുടെ കാൽപാദത്തിനു ചുവട്ടിൽ ഞെരിഞ്ഞമർന്നു. പൂച്ചെടികൾ ഉടഞ്ഞുചിതറി.

സാർ ചക്രവർത്തിയുടെ ഛായാചിത്രം ജനക്കൂട്ടത്തിനിടയിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തത് ലെനിനായിരുന്നു. പല വാക്കുകൾ കോർത്ത് അധികാരത്തിന്റെ നടുത്തളങ്ങളെ ഇരുട്ടറയുമായി ലെനിൻ ഉപമിച്ചു. സാർചിത്രങ്ങളുടെ പുറംചട്ടകൾ ചിതറിവീണു. അതിനു മുകളിലൂടെ സ്ത്രീകൾ റഷ്യൻ നാടോടിഗാനമാലപിച്ച് മുന്നേറി. ചുമരിലെ പല മുഖങ്ങളുള്ള ഘടികാരം നിലച്ചു. അലങ്കാരത്തിളക്കങ്ങളും, അപൂർവ്വങ്ങളിലപൂർവ്വമായ കൗതുകവസ്തുക്കളും, വിലമതിക്കാനാവാത്ത സ്ഫടികരൂപങ്ങളും ചിതറിവീണുകൊണ്ടിരുന്നു. നൂറ്റാണ്ടുകളുടെ പഴമയും സ്മരണയും ഇരമ്പുന്ന പലതും ജനങ്ങളുടെ ക്രോധാവേശത്തിൽ ഛിന്നഭിന്നമാകുന്നതു കണ്ട് ലെനിന്റെ മുഖം പ്രകാശപൂർണ്ണമായി. അവ ചരിത്രത്തിന്റെ മലിനത നിറഞ്ഞ ഇരുൾക്കയത്തിലേക്ക് തോണ്ടിയെറിഞ്ഞ് ലെനിൻ മുന്നേറിക്കൊണ്ടിരുന്ന ബൽഷെവിക്കുകൾക്ക് ഉത്തമമാതൃകയായി നിലകൊണ്ടു.

ലെനിൻ ചുറ്റും നോക്കി.
ഖനികളിൽ വിയർത്തുവെന്ത മനുഷ്യരുടെ കണ്ണുകളിലെ അണയാത്തിളക്കം. തൊഴിൽശാലകളിൽ ഇരുകാലികൾക്കുള്ള പരിഗണനപോലും ലഭിക്കാതെ രക്തം വിയർത്തു തൂകിയവരുടെ പ്രയാണം തടുക്കാനാവുന്നതായിരുന്നില്ല. ചാട്ടവാറിന്റെ ചുറ്റുപാടുകളിൽ നിന്നും വേദനയിറ്റിയിറങ്ങുന്നത് അവസാനിച്ചിട്ടില്ലെന്ന് അവർ തിരിച്ചറിയുന്നുണ്ട്. ഇരമ്പിമറിയുന്ന ചുവടുകൾക്കൊപ്പം എതിരെവരുന്ന എന്തിനെയും, ഏതു മായാപ്രയോഗത്തെയും അതിജീവിക്കാനാകുമെന്ന ദാഹാഗ്നിയുമായ് ലെനിൻ മുന്നിൽ നടന്നു.

‘‘സഖാക്കളെ, ലോകത്തുള്ള തൊഴിലാളികൾ നിങ്ങളുടെ ധീരതയെയും കർമ്മകുശലതയെയും ഒരു കാലത്തും വിസ്മരിക്കുകയില്ല. നിങ്ങൾ ഒരു പുതിയ രാഷ്ട്രത്തെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളിതാ ദരിദ്രന്മാരുടെ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. നിങ്ങളെ ഇതാ വിജയം ആലിംഗനം ചെയ്യുന്നു. ഇനിമേൽ കർഷകരുടെയും, തൊഴിലാളികളുടെയും സ്വാതന്ത്ര്യത്തെ നിഹനിക്കുന്ന നിയമങ്ങളൊന്നും ഈ നാട്ടിൽ ഉണ്ടാവുകയില്ല. സാർചക്രവർത്തിയും അനുചരന്മാരും കൈവശപ്പെടുത്തിയിരുന്ന ഭൂമി, ഇനിമേൽ വേലക്കാരുടെ വകയായിരിക്കുന്നു. വ്യവസായശാലകൾ, ബാങ്കുകൾ, റെയിൽവേകൾ - എന്നിവയെല്ലാം ഇനിമേൽ തൊഴിലാളികളുടെ വകയാണ്’’.

- ലെനിന്റെ വാക്കുകൾ ചിത്രശലഭങ്ങളെപ്പോലെ ഓരോ കാതിലുമെത്തി ചിറകുവിരിച്ചു. ആയിരം കുതിരകളെ കെട്ടിയ തേരിൽ വിദൂരമായ ആകാശപാളികളിൽ നിന്നും കാറ്റിൻവേഗയിൽ വന്ന് നിശ്ചലനാകുകയും, പിന്നെ മണ്ണിലേക്കിറങ്ങി വിജയത്തിന്റെ ചാലുകൾ കീറുകയും ചെയ്യുന്ന ആയിരം ഇല്ലിച്ചുമാരെ ജനങ്ങൾ കൺമുന്നിൽ കണ്ടു. അവർ പല പേരുകൾ മാറിമാറി വിളിക്കാൻ തുടങ്ങി.

ഇല്ലിച്ച്, വ്ലജിമീർ, ഉല്യാനവ്, ഇല്ലിച്ച, ലെനിൻ - ഇങ്ങനെ ഓരോരോ പേരുകൾ. അവയിലെ സ്നേഹവും കരുതലും ലെനിന് കൂടുതൽ ഊർജ്ജം പകർന്നു നല്കി. അത്ര നേരവുമുണ്ടായിരുന്നതിന്റെ ഇരട്ടിവേഗതയിൽ ലെനിൻ കൊട്ടാരത്തിന്റെ അകത്തേക്കുള്ള പടവുകളിറങ്ങി.

കൊട്ടാരത്തിനുള്ളിലെ ആഡംബരം നിറഞ്ഞ മുറികളിൽനിന്നും ഒറ്റുകാരും വേദപുസ്തകം നെഞ്ചോടടുക്കിപ്പിടിച്ചവരും പുകഞ്ഞ് പുറത്തേക്കു വന്നു. അവർ ആ മതിൽ കെട്ടുവിട്ട് പുറത്തേക്ക് പോകുന്നതിനും, മറുവെട്ടും ആയുധങ്ങളുമായി മടങ്ങിയെത്തുന്നതിനുമുള്ള തിടുക്കത്തിലായിരുന്നു. ജനങ്ങൾ അവരെ നേരിടുന്നതു നോക്കി പുഞ്ചിരിയോടെ ലെനിൻ നിന്നു.

പെട്ടെന്ന് ഒരു പറ്റം സ്ത്രീകൾ ഓടിവരുന്നത് ലെനിൻ കണ്ടു. ശരീരമാസകലം വിലപിടിപ്പുള്ള അലങ്കാരങ്ങൾധരിച്ച്, ഭയന്ന് തുറിച്ച കണ്ണുകളുമായി അവർ നടുത്തളത്തിൽ വന്ന് പകച്ചുനിന്നു. അവരിൽ ചിലരുടെ ഒക്കത്തിരുന്ന് കുഞ്ഞുങ്ങൾ നിലവിളിക്കുന്നുണ്ട്. പുറത്തേക്കുള്ള വഴികളെല്ലാമടഞ്ഞു കഴിഞ്ഞതായി സ്ത്രീകൾ വിളിച്ചു പറ‍ഞ്ഞു. അപ്പോൾ കൊട്ടാരത്തിന്റെ എടുപ്പുകളെ തകർക്കുവാനുള്ള ആവേശത്തിലായിരുന്നു തൊഴിലാളികളും സൈനികരും.

ലെനിൻ നിലവിളിക്കുന്ന കുട്ടികളെ നോക്കി മുന്നോട്ടു നടന്നു. എന്താണ് അടുത്ത നിമിഷം സംഭവിക്കുകയെന്ന ആകാംക്ഷയിൽ കിതച്ചുനില്ക്കുന്ന സ്ത്രീകൾ. അവർക്ക് നേരെ വാളോങ്ങാനും തോക്കുയർത്താനും തയ്യാറായി നിന്ന ജനക്കൂട്ടം. ലെനിൻ കരയുന്ന ഒരു കുട്ടിയ്ക്കു നേരെ കൈനീട്ടി. ആറോ ഏഴോ വയസ്സു തോന്നിക്കുന്ന ആ കുട്ടി കയ്യുയർത്തി മുന്നോട്ടാഞ്ഞു. ലെനിൻ ആ കുട്ടിയെ നെഞ്ചോടുചേർത്തു.

‘‘ഇവരെ സുരക്ഷിതമായി പുറത്തേക്കു പോകാൻ അനുവദിക്കൂ’’.

ലെനിന്റെ വാക്കുകൾ കേട്ട നിമിഷം ആൾക്കൂട്ടം പുറത്തേക്കുള്ള വഴിയൊരുക്കി. നിശ്ശബ്ദരായി. സ്ത്രീകൾ നടന്നുപോകുന്നതുനോക്കി നിന്ന ലെനിൻ തന്റെ മുഖത്തേക്കു നോക്കി ചിരിച്ച കുട്ടിയുടെ കവിളിൽ ഒരുമ്മ നല്കി. അവന്റെ അമ്മ അപ്പോഴേക്കും മുന്നോട്ടു നടന്നുതുടങ്ങിയിരുന്നു. അവർ തിരികെ വന്ന് അവന്റെ കൈപിടിച്ചു. ആ സ്ത്രീയുടെ മുഖത്ത് അത്രനേരമുണ്ടായിരുന്ന ഭയവും രോഷവും ഇല്ലാതായി. അവർ നന്ദി സൂചനയോടെ ലെനിനെ നോക്കിയശേഷം മുന്നേ പോയവർക്കൊപ്പമെത്താൻ തിടുക്കത്തിൽ നടന്നു.

ജനങ്ങൾ വീണ്ടും ആരവമുയർത്തി.

സെയിന്റ് പീറ്റർ ദേവാലയത്തിൽ തണുപ്പ് കച്ചമുറുക്കിനിന്ന പ്രഭാതം. സാർ ചക്രവർത്തിമാർ പ്രാർത്ഥനയ്ക്കെത്തുന്ന ഇടം. വില പിടിപ്പുള്ളതും കണ്ണഞ്ചിപ്പിക്കുന്നതുമായ വസ്തുക്കൾ കൊണ്ട് ദേവാലയത്തിന്റെ അകം മോടിപിടിപ്പിച്ചിരുന്നു. നിലത്ത് പലതരം നിഴലും വെളിച്ചവും വീഴുകയും അത് ചലിക്കുകയും ചെയ്തു.

ചക്രവർത്തിമാർ പ്രവേശിക്കുന്ന കവാടത്തിലൂടെ മറ്റാർക്കും കടക്കാനാകുമായിരുന്നില്ല. അങ്ങനെ സംഭവിച്ചാൽ ലഭിക്കുന്ന ശിക്ഷ കഠിനവും സങ്കല്പത്തിനപ്പുറവുമായിരുന്നു. തങ്ങൾ മറ്റെല്ലാ ജീവജാലങ്ങളെയും നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടവരാണെന്ന് ചക്രവർത്തിമാർ ഉദ്ഘോഷിച്ചു. സുഖങ്ങൾ, ആനന്ദം, രുചിഭേദങ്ങൾ - ഇതെല്ലാം ആദ്യമായും അവസാനമായും ചക്രവർത്തിമാർക്കുള്ളതാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിൽ അവർ കാലങ്ങളായി വിജയിച്ചുവന്നു. കൺവെട്ടത്തുവന്നവരും വരാത്തവരുമായ സുന്ദരിമാരെ അവർ കിടപ്പറയിലെത്തിച്ചു. കന്യകമാരും സ്ത്രീത്വവുമെല്ലാം ഒരു നിലവിളിയിലൊടുങ്ങുമ്പോൾ കൊട്ടാരത്തിലെ സംഗീതോപകരണങ്ങൾ ഉച്ചസ്ഥായിലായി.

ദൈവത്തിന്റെ തൂലികകൊണ്ടുള്ള രേഖകൾ പതിഞ്ഞ ശിരസ്സും കൈവെള്ളയുമാണ് തങ്ങളുടേതെന്ന് ചക്രവർത്തിമാർ അനന്തരതലമുറകളെ വിശ്വസിപ്പിച്ചു. വിഷപ്പൂക്കൾ കൊഴിച്ചിട്ട് റഷ്യയുടെ മണ്ണിൽ കാകോളം വർഷിക്കുന്ന മഹാവൃക്ഷമാണ് ഈ കൊട്ടാരവും അവിടെയുള്ള മനുഷ്യരുമെന്ന് ലെനിൻ സ്വകാര്യഡയറിലൊരിടത്തെഴുതിയിട്ടിരുന്നത് വെറുതെയായിരുന്നില്ല. കൊട്ടാരത്തിനോട് ലെനിന്റെയുള്ളിൽ തികട്ടി നിന്നിരുന്ന പകയും പ്രതികാരവും ചെറുതായിരുന്നില്ല.

നിഷിദ്ധമായ ആ വാതിലിലൂടെ ലെനിൻ ദേവാലയത്തിലേക്കു കയറി. മറ്റുള്ളവർ അത്ഭുതത്തോടും അവിശ്വസനീയതയോടുമാണ് ആ കാഴ്ച കണ്ടുനിന്നത്. ദൈവംപോലും അത്രനാളും ആ വാതിലിലൂടെ ചക്രവർത്തിമാർ മാത്രം നടന്നുവരുന്നതേ കണ്ടിട്ടുള്ളൂ. അവരുടെ നിഴൽ മാത്രമേ അനുഗമിച്ചിട്ടുള്ളൂ.

ദൈവത്തിന്റെ പ്രതിപുരുഷന്മാർ പരസ്പരം നോക്കി. എന്താണ് തൊട്ടടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷ അവരുടെ കണ്ണുകളിൽ തിളങ്ങി.

തൊപ്പിയൂരാതെ ലെനിൻ ദേവാലയത്തിന്റെ ഉൾപരവതാനിയിൽ ചവിട്ടി നടന്നു. പുരോഹിതന്മാർ ചക്രവർത്തിമാരെ സ്വീകരിക്കുമ്പോൾ ധരിക്കാറുള്ള സഭാവസ്ത്രത്തിൽ ലെനിന്റെ മുന്നിലെത്താൻ പലഭാഗങ്ങളിലൂടെ തിടുക്കം കൂട്ടി. ആരാണ് ആദ്യം ലെനിന് ഹസ്തദാനം നല്കുക, സ്വാഗതമോതി ആരാണ് വിശിഷ്ടമായ ഇരിപ്പിടത്തിലേക്ക് ആനയിക്കുക - തുടങ്ങിയ കാര്യങ്ങളിൽ പുരോഹിതസംഘം മത്സരാർത്ഥികളെപ്പോലെ പെരുമാറാൻ തുടങ്ങിയിരുന്നു.

ദേവാലയത്തിന്റെ ദിവ്യസ്ഥലത്തേക്ക് വേഗത്തിൽ നടന്ന ലെനിൻ പെട്ടെന്ന് നിന്നു. പലയിടങ്ങളിൽ നിന്നും പള്ളിമണികൾ മുഴങ്ങാൻ തുടങ്ങി. സുഗന്ധമവിടമാകെ പരന്നു. ധൂപക്കുറ്റികളിൽനിന്നും ചക്രവർത്തിമാർക്ക് പ്രിയങ്കരങ്ങളായ മണമാവും ചുറ്റും നിറയുക.

ലെനിൻ കടന്നുവന്നതോടെ അവിടമാകെ വിവിധതരം സുഗന്ധങ്ങൾ പരന്നു. അതിനിടയിൽ പ്രത്യക്ഷനാകുന്ന ഒരു മാന്ത്രികനെപ്പോലെ ലെനിൻ കാണപ്പെട്ടു. ആ മാന്ത്രികതയിൽ സ്വയം മറന്നുനില്ക്കുന്ന കാണികളായി പുരോഹിതർ.

തലയിലെ തൊപ്പിയൊന്നിളക്കിവച്ച് ലെനിൻ ചുറ്റും നോക്കി. ഒരു കൈയിൽ ബൈബിളും മറുകൈയിൽ പൊൻകുരിശുമായി പ്രധാന പുരോഹിതനായ ആർച്ച് ഡീക്കൻ വിനയസ്മിതനായി മുന്നിലേക്കു വന്നു. ഒരു നിമിഷം നിശ്ശബ്ദനായി നിന്ന പുരോഹിതൻ പ്രാർത്ഥനാനിരതനായെന്നപോലെ ആകാശത്തേക്കും ഭൂമിയിലേക്കുമൊന്ന് നോക്കി.

‘‘എല്ലാ ശക്തികളും ദൈവത്തിൽ നിന്നുമുണ്ടാകുന്നു എന്നാണ് രക്ഷകനായ യേശു പറഞ്ഞിട്ടുള്ളത്. ജന്മവും ജീവിതവും മരണവും എല്ലാം. അതിനാൽ ആ ജഗന്നിയന്താവിനോട് നാം കടപ്പെട്ടിരിക്കുന്നു. അവന്റെ ആളോഹരിയുള്ള വിഹിതം ലഭിക്കുന്നതുകൊണ്ടാണല്ലോ ഞാനും താങ്കളും പച്ച ജീവനോടെ ഇങ്ങനെ നില്ക്കുന്നത്’’.

ഇതിനിടയിൽ ആർച്ച് ഡീക്കൻ പലതവണ കുരിശുവരച്ചു. ദേവാലയവും പുരോഹിതന്മാരും ഇവിടെയുള്ള സ്ഥാവരജംഗമങ്ങളുമെല്ലാം തന്നെ അനുസരിക്കുമെന്ന മട്ടിൽ ആംഗ്യഭാഷകൾ പ്രകടിപ്പിച്ചു.

ലെനിന്റെ കണ്ണുകൾ തിളങ്ങി. കോട്ടിന്റെ പോക്കറ്റിൽനിന്നും കൈ പുറത്തെടുത്ത് ദേവാലയത്തിന്റെ തിളക്കങ്ങളിലേക്ക് വിരൽ ചൂണ്ടി. ഒരു നിമിഷം ഷൂസ് നിലത്തുരച്ച് ലെനിൻ പുരോഹിതനെ നോക്കി മുന്നോട്ടുനടന്നു. തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ആർച്ച് ഡീക്കൻ പകച്ച് നില്ക്കുകയാണ്. അത്രനാളും ഇങ്ങനെയൊരാളെക്കുറിച്ചു് കേട്ടിട്ടേയുള്ളൂ. ഇപ്പോൾ നേരെ കൺമുന്നിൽ.

ഉറക്കവും വിശ്രമവുമില്ലാതെ റഷ്യയിലെ ഓരോ മനസ്സിലും പല ഓർമ്മകൾ നല്കി ഊർജ്ജം പകരുന്ന മനുഷ്യനാണ് ദേവാലയത്തിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. ഇത് തീർച്ചയായും ദൈവത്തിന്റെ ലീലയല്ലാതെ മറ്റൊന്നുമല്ലെന്ന വിശ്വാസത്തോടെ ആർച്ച് ഡീക്കൻ തൊട്ടടുത്ത നിമിഷത്തിനായി കാത്തുനിന്നു.

ലെനിന്റെ മുഴങ്ങുന്ന വാക്കുകൾ കേട്ട് ആർച്ച് ഡീക്കൻ മാത്രമല്ല അവിടെയുണ്ടായിരുന്നവരെല്ലാം സ്തബ്ധരായി.

‘‘നിർത്തൂ ഈ തമാശകൾ. തൊഴിലാളികളുടെയും കർഷകരുടെയും ശക്തി ദൈവത്തിൽനിന്നല്ല വ്യവസായ ശാലകളിൽനിന്നും കലപ്പകളിൽനിന്നുമാണുണ്ടാകുന്നത്. ദൈവത്തെപ്പറ്റിയുള്ള അമ്മായിക്കഥകളെല്ലാം നിർത്തൂ. ജനങ്ങളുടെ ചിന്താശക്തിയെ കെടുത്തുന്ന ആ വിഷമധുരം ഇനി ഞങ്ങൾക്കു വേണ്ട. ദൈവം ഭൂമിയിലും ആകാശത്തും അതിനപ്പുറവും ഇല്ല’’.

ഡീക്കൻ ഭയസംഭ്രമങ്ങളാൽ പകച്ചുനിന്നു. ലെനിന്റെ വാക്കുകൾ കേട്ട ജനങ്ങൾ ആർത്തു വിളിച്ചു. ഒരു തവണ ലെനിൻ കൈയുയർത്തി കാട്ടിയതോടെ അവർ വീണ്ടും നിശ്ശബ്ദരായി.

‘‘താൻ പറയുന്ന ഒരു ദൈവമുണ്ടെങ്കിൽ അയാൾക്കു തന്നെ ഇപ്പോൾ സ്വയം രക്ഷിക്കാൻ കഴിയില്ല. നിങ്ങൾ സാറിന്റെ സ്തുതിപാഠകന്മാർ, തീൻപണ്ടങ്ങൾ, കുടിയന്മാർ. എടോ ആർച്ച് ഡീക്കൻ, ദൈവമുണ്ടെങ്കിൽ ഞാനീ പറയുന്ന ശകാരങ്ങൾക്ക് അയാൾ എന്നെ ശിക്ഷിക്കട്ടെ. നിങ്ങളെല്ലാം അന്ത്യനിമിഷത്തിലേ സത്യം മനസ്സിലാക്കുകയുള്ളൂ. അന്നു തീർച്ചയായും പശ്ചാത്തപിക്കും’’.

എന്തു ചെയ്യണമെന്നറിയാതെ പുരോഹിതന്മാരും കപ്യാന്മാരും ലെനിന്റെ അടുത്ത ചുവടെങ്ങോട്ടാണെന്നറിയാതെ മുൾമുനയിൽ നിന്നു. അവരെ ചുറ്റിനോക്കിയ ശേഷം പുരോഹിതന്മാർ മാത്രം കയറുന്ന പടവുകളിലേക്ക് ലെനിൻ കയറി.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments