ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 44
ദൈവം

തൊട്ടടുത്ത ദിവസങ്ങളിലെ ഓരോ നിമിഷത്തെയും ഹരിച്ചും ഗുണിച്ചും ഭാഗം വയ്ക്കുകയായിരുന്നു ഇല്ലിച്ചിന്റെ മനസ്സ്. ചേർന്നു കിടന്നപ്പോൾ ഉള്ളിലെ കലഹങ്ങൾ ക്രൂപ്സ്കയ വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.

സാർ ചക്രവർത്തിമാർ അന്ത്യവിശ്രമം കൊള്ളുന്ന ശവകുടീരങ്ങൾ. അവിടം പ്രകാശത്തിൽ തിളങ്ങിനിന്നു. ലെനിൻ അവിടേക്കു ചെന്നത് അപ്രതീക്ഷിത വേഗതയിലാണ്. ആ മുഖം ക്ഷുഭിതമായി കാണപ്പെട്ടു. എന്താണ് തൊട്ടടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷ ഓരോ കണ്ണുകളിലും.

ലെനിൻ തോക്കിന്റെ പാത്തികൊണ്ട് ആദ്യം കണ്ട ശവകുടീരം തല്ലിയുടച്ചു. തോക്കുതിരിച്ചുപിടിച്ച് മുനമൂർച്ചയാൽ രണ്ടാമത്തെ കുടീരവും കുത്തിപ്പൊട്ടിക്കാൻ തുടങ്ങി. അത്രനേരം ലെനിനെ മാത്രം നോക്കി നിന്ന ജനങ്ങൾ മുന്നിൽ കണ്ട ശവകുടീരങ്ങളോരോന്നായി തവിടുപൊടിയാക്കുന്നതുകണ്ട് പുരോഹിതന്മാർ ഭയചകിതരായി. അവർ പരസ്പരം ചേർന്നുനിന്ന് കുരിശുവരയ്ക്കുന്നതാണ് മറ്റുള്ളവർ പിന്നീട് കണ്ടത്. ചീഞ്ഞുപോകാതെ സൂക്ഷിച്ചിരുന്ന ശവശരീരങ്ങൾ പള്ളിയ്ക്കുള്ളിലേക്ക് ജനങ്ങൾ വലിച്ചിഴച്ചു. ദയയും ദാക്ഷിണ്യവുമർഹിക്കാത്ത നഗരപ്പരിഷകളെന്ന് ചിലർ ശവകുടീരങ്ങളെ നോക്കി പറഞ്ഞു.

നേവാനദിയിലേക്ക് തൊട്ടടുത്ത നിമിഷം ലെനിൻ വിരൽചൂണ്ടി. ആചാരവഴക്കങ്ങളോടെ മറവുചെയ്ത ശവശരീരങ്ങൾ ആർപ്പുവിളികളോടെ ജനങ്ങൾ നേവാനദിയിലേക്ക് കൊണ്ടുപോകുന്നതു കണ്ട് ചില പുരോഹിതന്മാർ തലയിൽ കൈവച്ചു. ചിലർ ജീവനോടെ നദിയിലേക്ക് വലിച്ചെറിയുമെന്ന് ഭയന്ന് നിശ്ശബ്ദരായി നിന്നു. എന്തുവിധിയാണ് ഓരോരുത്തരെയും കാത്തിരിക്കുന്നതെന്ന ചിന്തയിൽ ചില പുരോഹിതന്മാർ ദേവാലയത്തിന്റെ ഇടനാഴികളിലൂടെ ദൈവവചനങ്ങളുരുവിടാതെ രക്ഷപെടാൻ ശ്രമിച്ചു. ഇതു നോക്കിനിന്ന ലെനിന്റെ മുഖത്ത് ഓർമ്മയുടെ തീവണ്ടിപ്പാച്ചിൽ മിന്നായം പോലെ കടന്നുവന്നു. അവിടെ കണ്ട പുരോഹിതന്മാർക്കൊക്കെ മക്കായുടെ മുഖച്ഛായയാണെന്ന് ലെനിന് തോന്നി.

ദേവാലയത്തിൽനിന്ന് പുറത്തേക്കിറങ്ങിയ ലെനിൻ അതിനിടയിൽ മുന്നിൽ വന്ന പുരോഹിതന്മാരെയോ അനുചരന്മാരെയോ ശ്രദ്ധിച്ചില്ല. ചക്രവർത്തിമാരുടെ പരമ്പരകൾ ചെയ്ത നെറിയും നേരുമില്ലാത്ത സംഭവങ്ങൾ ഓരോന്നും ചറംപോലെ ലെനിന്റെ മനസ്സിൽ നിറയാൻ തുടങ്ങി.

പ്രിയപ്പെട്ട സാഷയുടെ മണമാണ്, രാത്രികാലങ്ങളിൽ അരണ്ട വെളിച്ചത്തിലിരുന്ന് സംശയങ്ങൾക്ക് മറുപടി പറയുന്ന പ്രിയപ്പെട്ട സഹോദരന്റെ മുഖമാണ്, അപ്പോൾ തന്നെ വട്ടം ചുറ്റുന്നതെന്ന് ലെനിന് തോന്നി. അമ്മയുടെ അന്നത്തെ ഭ്രാന്തുപിടിച്ച കരച്ചിൽ, സഹോദരിമാരുടെ വിങ്ങിപ്പൊട്ടൽ, അച്ഛന്റെ അഗാധമായ നിശ്ശബ്ദതയും നെടുവീർപ്പും - ഇതെല്ലാം ഒരു തുരങ്കത്തിലൂടെ മുന്നിലെത്തി നില്ക്കുന്നതും ലെനിൻ കണ്ടു.

എത്രയെത്ര അമ്മമാർ, ഭാര്യമാർ, കാമുകിമാർ, കുഞ്ഞുങ്ങൾ, സഹോദരങ്ങൾ - അവരൊക്കെ പ്രിയപ്പെട്ടവർക്കുവേണ്ടി തലയറഞ്ഞു കരഞ്ഞിട്ടും ചെവിക്കൊള്ളാത്ത ചക്രവർത്തിമാരും ചക്രവർത്തിനിമാരും.

പെൺകുട്ടികൾ വെളിച്ചം കടക്കാത്ത മുറികളിലേക്ക് ബന്ധനസ്ഥരായെത്തിയത് നഷ്ടപ്പെടാൻ പോകുന്നത് കന്യാകാത്വമോ ജീവൻ തന്നെയോ എന്നറിയാതെയാണ്. അവർ തൊഴുകൈയോടെ ചക്രവർത്തിമാരോട് കേണും താണും അപേക്ഷിച്ചു; തങ്ങൾക്ക് വലുത് ജീവനല്ല, സ്ത്രീത്വമാണെന്ന്. അതിന് കാതുകൊടുക്കാതെ ചക്രവർത്തിമാർ എട്ടുദിക്കും പൊട്ടുമാറ് അലറിച്ചിരിച്ചു. ചോരയിൽ കുതിർന്നു കിടന്ന പെൺകിടാങ്ങളെ തരിശിടങ്ങളിൽ വലിച്ചെറിഞ്ഞു. അപ്പോൾ കഴുകന്മാർ അവിടങ്ങളിലേക്ക് പറന്നിറങ്ങി വിശപ്പടക്കി.

ജനങ്ങൾ ഏതുനിമിഷവും തങ്ങൾക്കെതിരെ തിരിയുമെന്നും, കൊട്ടാരത്തിന്റെ കൊത്തളങ്ങൾ ലക്ഷ്യമാക്കി അവർ ഉയർന്നു വരുമെന്നുമുള്ള ഉൾഭയത്താൽ, ചക്രവർത്തിമാർ ഉറക്കം നഷ്ടപ്പെട്ടവരായില്ല. അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നും ഭൂമിയിലെ സർവ്വനിറങ്ങളും ഈ മതിലകത്തിനുവേണ്ടി സൃഷ്ടിച്ചതാണെന്നും അവർ വിശ്വസിച്ചു. ഒരിയ്ക്കലും നേരിയൊരു ചലനം പോലും ഈ ചുമരുകൾക്കുണ്ടാവില്ലെന്നും അവർ കരുതി.

ഉറക്കം വൈകുമെന്ന് തോന്നിയ ദിവസം. പങ്കെടുക്കേണ്ട ചില രഹസ്യയോഗങ്ങൾ, ആലോചനകൾ, ഇതൊക്കെ കഴിഞ്ഞപ്പോൾ പാതിരാ കഴിഞ്ഞു.

സെന്റ് പീറ്റർ ദേവാലയത്തിനുള്ളിൽ നിന്നും പുറത്തുനിന്നുമുള്ള വിവരങ്ങൾ ദൂതന്മാർ വഴി ലഭിച്ചുകൊണ്ടിരുന്നു. പുരോഹിതന്മാർ ചക്രവർത്തിമാരുടെ കാലം കഴിഞ്ഞെന്ന തിരിച്ചറിവിലെത്തിയതു പോലെയാണ് സംസാരിച്ചത്. ദൈവഹിതം പുതിയൊരു കാലമാഗ്രഹിക്കുന്നതാണെന്ന് ചില പുരോഹിതന്മാർ പറഞ്ഞതോർത്തപ്പോൾ ലെനിന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. സ്തുതി പാടാൻ വിധിക്കപ്പെട്ട ഈ വർഗ്ഗത്തെക്കുറിച്ചോർത്തപ്പോൾ സഹതാപമാണ് തോന്നിയത്. ഏറെ വൈകിയാണെങ്കിലും വീട്ടിലേക്ക് നടക്കുമ്പോൾ ഓർമ്മകൾ ഒപ്പം നടക്കുന്നതുപോലെ ലെനിന് ‍തോന്നി.

വാതിലിലെ മുട്ടു കേട്ടപ്പോൾ ക്രൂപ്സ്കയയ്ക്കുറപ്പുണ്ടായിരുന്നു അത് മറ്റാരുമാവില്ലെന്ന്. ഇല്ലിച്ചിനു പ്രിയപ്പെട്ട വിഭവമെന്തെങ്കിലും തയ്യാറാക്കണമെന്നോർത്തുകൊണ്ടാണ് വാതിൽ തുറന്നത്. ക്ഷീണത്തോടെ അകത്തേക്കു കയറിയ ഇല്ലിച്ച് കോട്ടൂരി അയയിലിട്ടു. സ്വന്തം ശരീരത്തേക്കുനോക്കി ദീർഘമായൊന്ന് നിശ്വസിച്ചശേഷം ലെനിൻ ആദ്യമൊന്നു കുളിക്കട്ടെയെന്ന് പറഞ്ഞ് ടവ്വലെടുത്തൊന്നു കുട‍ഞ്ഞു. ആ കണ്ണുകളിലേക്കു നോക്കിയപ്പോൽ എന്തൊക്കെയോ ചിലതവിടെ തടംതല്ലി നില്ക്കുന്നതു പോലെ ക്രൂപ്സ്കയയ്ക്ക് തോന്നി. അവിടെ ഓർമ്മയുടെ പെരുക്കം ഓളം തല്ലി നില്ക്കുന്നു. അങ്ങനെയുള്ള ദിവസങ്ങളിൽ പകൽനേരത്തിന്റെ ആയാസങ്ങൾ ഇല്ലാതാകുന്നതോടെ ഇല്ലിച്ച് കൂടുതൽ ഉന്മേഷവാനാകുമെന്ന് ക്രൂപ്സ്കയയ്ക്ക് തോന്നി.

ഇത്രവേഗം കാഷ തയ്യാറാക്കി തീൻമേശയിലെത്തിക്കാൻ കഴിയുമെന്ന് കരുതിയതല്ല. ഇല്ലിച്ചിനെത്ര വിശപ്പുണ്ടെങ്കിലും അത് പുറത്തുകാണിക്കാതിരിക്കാനറിയാം. ഒരു കോഫിയോ, ഒരു കഷ്ണം റൊട്ടിയോ കിട്ടിയാൽ മതി അഞ്ചുകൂട്ടം വിഭവങ്ങൾ കിട്ടിയ മട്ടിലായിരിക്കും സന്തോഷം പ്രകടിപ്പിക്കുക.

ഭക്ഷണം വിളമ്പിയത് ഇല്ലിച്ചാണ്. ആദ്യം പഴച്ചാറ് കുടിച്ചശേഷം താടിക്ക് കൈകൊടുത്ത് ക്രൂപ്സ്കയയെ തന്നെ ലെനിൻ നോക്കിയിരുന്നു. ദേവാലയത്തിൽ നടന്നതൊക്കെ ഈ നാവിൽ നിന്നു തന്നെ കേൾക്കാനാകുമെന്ന് ക്രൂപ്സ്കയ പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. അങ്ങനെയുള്ള കാര്യങ്ങളൊന്നും പറയാതെ കൈകഴുകി പാത്രങ്ങൾ യഥാസ്ഥാനത്തടുക്കിവയ്ക്കുന്നതിനിടയിൽ ക്രൂപ്സ്കയയുടെ കാതിലേക്ക് കുനിഞ്ഞ് ഇല്ലിച്ച് ചോദിച്ചു:

"നമുക്കൊന്ന് നടക്കാൻ പോയാലോ?"

സാർ ചക്രവർത്തിമാരും അനുചരവൃന്ദവും പുരോഹിതന്മാരും ഒരുക്കി വയ്ക്കാനിടയുള്ള കെണികളെക്കുറിച്ച് ക്രൂപ്സ്കയയ്ക്കറിയാം. പലതവണ ഇല്ലിച്ചിനെ കൊല്ലാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഒളിവിലും തെളിവിലും നിന്ന് മരണവ്യാപാരികൾ കടന്നുവരുമെന്ന തോന്നലോടെ ക്രൂപ്സ്കയ ഇല്ലിച്ചിനൊപ്പം നടക്കാനിറങ്ങി. പെട്ടെന്നാരും തിരിച്ചറിയാതിരിക്കാൻ ഒരു മഫ്ളർ കൊണ്ട് ഇല്ലിച്ച് തല മറച്ചിരുന്നു. കണ്ണുകൾ മാത്രമേ പുറത്തു കാണാനാകുമായിരുന്നുള്ളൂ.

ചെറിയ വ്യത്യാസത്തിലാണ് മരണത്തിൽ നിന്നും ജീവിതത്തിലേക്കുള്ള ഏഴാംപടവിലേക്ക് ഇല്ലിച്ച് തെറിച്ചുവീണിട്ടുള്ളത്. ആ പടവ് രക്തസ്നാതമായെങ്കിലും ജീവന്റെ അല നിശ്ചലമാകാതിരുന്നത് ഭാഗ്യമൊന്നുകൊണ്ടു മാത്രമാണ്.

ജഡങ്ങൾ ദയ അർഹിക്കുന്നുണ്ടെന്ന് അന്നുച്ചയ്ക്കാണ് ദരിയ ക്രൂപ്സ്കയയോടു പറഞ്ഞത്. ബൽഷെവിക്കും നിരീശ്വരനുമായ അയാൾ സാർചക്രവർത്തിമാരുടെ ശവശരീരങ്ങൾ കല്ലറയിൽ നിന്നും തോക്കിൻ കുഴൽ കൊണ്ട് കുത്തി പുറത്തിട്ടതിനോടും അഴുകിയതും അല്ലാത്തതുമായ ജഡങ്ങൾ നേവാനദിയിലേക്ക് വലിച്ചെറിഞ്ഞതിനോടും യോജിച്ചില്ല. തിന്മയ്ക്കെതിരെ യുദ്ധം ചെയ്യുന്നത് തിന്മകൊണ്ടാവരുതെന്നായിരുന്നു അയാളുടെ നിലപാട്. അക്കാര്യം ക്രൂപ്സ്കയ പറഞ്ഞപ്പോൾ പതിവിലേറെ നീണ്ട ഒരു ചിരിയാണ് ഇല്ലിച്ചിൽനിന്നും കേൾക്കാനായത്.

അങ്ങനെയുള്ള ചിരിയ്ക്കുപിന്നാലെ വ്യക്തമായൊരു വിശദീകരണം പറയുമെന്ന് ക്രൂപ്സ്കയയ്ക്കുറപ്പുണ്ടായിരുന്നു. അല്ലായിരുന്നെങ്കിൽ കടുത്ത നിശ്ശബ്ദതയാകുമായിരുന്നു മറുപടി.

ശരിയാണ്, ഇരുട്ടിനെ മറികടക്കാൻ ഇരുട്ടുകൊണ്ടാവില്ല. വെളിച്ചത്തെ മറയ്ക്കാൻ വെളിച്ചം കൊണ്ടും. ഇല്ലിച്ച് സ്വാഭാവികമായി സംഭാഷണം തുടങ്ങി.

ശത്രുക്കൾ മാരകമായ ആയുധങ്ങളുമായി ഇടംവലം പ്രത്യക്ഷരാകാൻ സാധ്യതയുണ്ടെന്ന് ക്രൂപ്സ്കയയ്ക്കറിയാമായിരുന്നു. അതൊന്നും കാര്യമാക്കാതെയുള്ള നടപ്പായിരുന്നു ഇല്ലിച്ചിന്റേത്. ദേവാലയത്തിൽ കടന്നുകയറി പുരോഹിതന്മാരെ വിലങ്ങുകളുടെ പ്രഹരശേഷി ബോധ്യപ്പെടുത്തിയതിൽ ബൽഷെവിക്കുകളിൽ പോലും വ്യത്യസ്ത നിലപാടുകൾ വന്നു.

ദൈവവും പുതിയ റഷ്യയും വിപ്ലവവുമൊക്കെ പുനർനിർവ്വചിക്കേണ്ടതുണ്ടെന്ന നിലാപാടായിരുന്നു ഇല്ലിച്ചിന്റേത്. അതെപ്പറ്റി സുനിശ്ചിതമായൊരു തീർപ്പിലേക്ക് ഈ ദിവസങ്ങളിൽ ലെനിൻ റഷ്യൻ ജനതയെ, വിശേഷിച്ച് ഒപ്പമുള്ളവരെ നയിക്കുമെന്ന് ക്രൂപ്സ്കയയ്ക്ക് ഉറപ്പുണ്ടായിരുന്നു.

സഹോദരനായ അലക്സാണ്ടർ വർഷങ്ങൾക്കുമുമ്പ് പറഞ്ഞതിൽ നിന്നും നെല്ലിട മാറിയുള്ള സഞ്ചാരം വേണമെന്ന് ഇക്കാലത്തിനിടയിൽ ഇല്ലിച്ചിന് തോന്നിയിട്ടില്ല. ദൈവം; അങ്ങനെയൊന്ന് ഭൂമുഖത്തില്ലെന്നും ഈ ആചാരങ്ങളെല്ലാം ബുദ്ധിമാനായ മനുഷ്യന്റെ സൃഷ്ടികളാണെന്നും വ്യക്തം. മതങ്ങൾ അതിന്റെ നീചമായ വിരലുകൾകൊണ്ട് ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന തിന്മകൾ ചെറുതായിരുന്നില്ല. പൗരോഹിത്യവും രാജാധികാരവും ചമച്ചുകൊണ്ടിരിക്കുന്നതെല്ലാം അവരുടെ സുഖങ്ങൾക്കുവേണ്ടിയുള്ള നിർവ്വചനങ്ങൾ മാത്രം. ഖനികളിലും മണ്ണിലും തുന്നൽശാലകളിലും എത്തുന്നതായിരുന്നില്ല ദൈവത്തിന്റെയും പൗരോഹിത്യത്തിന്റെയും കണ്ണുകൾ.

"ഇതൊക്കെ ജനങ്ങൾ വിശ്വസിക്കുമോ?" ക്രൂപ്സ്കയ
സ്വന്തം നെഞ്ചിൽ കൈവെച്ചുകൊണ്ടാണ് ലെനിൻ അതിനു മറുപടി പറഞ്ഞത്, "ഈ മിടിപ്പിനുറപ്പുണ്ട് എന്റെ ജനത എന്നെ അവിശ്വസിക്കില്ലെന്ന്’’.

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ കൂടുതൽ നിശ്ശബ്ദനായിരുന്നു ഇല്ലിച്ച്.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments