ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 45
യാത്രയ്ക്ക് മുമ്പ്

‘തിരശ്ശീലയ്ക്കു പിന്നിൽ നിന്ന സ്റ്റാലിന്റെ മുഖം, ഭയം പകരുന്ന തവിട്ടു നിറമുള്ള ആ മുഖം - അതെക്കുറിച്ച് പറയാതെ ഈ നോവൽ പൂർത്തീകരിക്കാനാവില്ല. അതിനുവേണ്ടിയാണ് ഈ നോവലെഴുത്തിലേക്ക് കാലം എന്നെ നിയോഗിച്ചിട്ടുണ്ടാവുക…’, ക്രിസ്റ്റഫറിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഡോ. ഇറീന ഒരു പുതിയ പേന ക്രിസ്റ്റഫറിനു നേരേ നീട്ടി.

ഡോ. ഇറീന പനിച്ചുവിറച്ചു. മരുന്നുകൾ കൊണ്ടൊന്നും പ്രയോജനം കണ്ടില്ല. ഇടയ്ക്ക് ഐസ് കട്ട പൊതിഞ്ഞ കോട്ടൺ നെറ്റിയിൽ അമർത്തിവയ്ക്കും. പതുക്കെ ശരീരോഷ്മാവ് കുറയും. ചെറിയൊരിടവേള കഴിയുന്നതോടെ വീണ്ടും തണുപ്പ് സഹിക്കാനാവാതാകും.

"നമുക്ക് ഡോക്ടറെ കണ്ടാലോ?" ക്രിസ്റ്റഫർ റീഡ് മറുതലയ്ക്കൽ വിറപൂണ്ട് സംസാരിക്കുന്ന ഇറീനയോട് ചോദിച്ചു.

"നോക്കൂ ക്രിസ്റ്റഫർ, ഇപ്പോൾ തന്നെ പ്രസാധകനുമായുണ്ടാക്കിയ കരാർകാലാവധി കഴിഞ്ഞിരിക്കുന്നു. അവരിൽനിന്നും ലഭിക്കാവുന്ന മുൻകൂർ തുക മാത്രമല്ല പതിനായിരം കോപ്പിയുടെ റോയൽറ്റിയും വാങ്ങിക്കഴിഞ്ഞു. അതോർമ്മയുണ്ടല്ലോ?"

അതിന് ക്രിസ്റ്റഫർ മറുപടി പറഞ്ഞില്ല.

"പനി മൂന്ന് അല്ലെങ്കിൽ നാലുദിവസം കൂടി ഇങ്ങനെ തുടരും. ശേഷം അതതിന്റെ നിശ്ചയിക്കപ്പെട്ട വഴിയിലൂടെ മടങ്ങിപോകും. അത്രതന്നെ’’, ഇറീന തുടർന്നു: "ഇങ്ങോട്ട് വരാനോ എന്നെ കാണാനോ തല്ക്കാലം ശ്രമിക്കണ്ട. ഇവിടെ നതാലിയും ആൽബിനയുമുണ്ട്. അവർ രണ്ടുപേരും കണ്ണിലെണ്ണയൊഴിച്ച് എന്നെ പരിചരിക്കുന്നുമുണ്ട്."

ക്രിസ്റ്റഫറിന് എന്തൊക്കെയോ ഇറീനയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. നോവൽ രചന അതിന്റെ അവസാനഘട്ടത്തിലാണ്. ഒക്ടോബർ വിപ്ലവം, ദേവാലയപ്രവേശം - ഇതൊക്കെ കഴിഞ്ഞിരിക്കുന്നു. ‘അനന്തരം ലെനിൻ’ എന്ന ചോദ്യത്തിനുത്തരമാണ് ഇനി അന്വേഷിക്കേണ്ടത്. അന്ത്യനാളുകളിൽ ലെനിനെ ബാധിച്ച ഭയസംഭ്രമങ്ങൾ എന്തൊക്കെയാണെന്നും.

ക്രിസ്റ്റഫർ എഴുത്തുമുറിയിൽ നിന്ന് ഒരു പേനയുടെ മുനകൂടി കുത്തിയൊടിച്ച് ജനാലയിലൂടെ പുറത്തേക്കു വലിച്ചെറിഞ്ഞു. പിന്നെ നോവലെഴുത്തിലേക്ക് തിരിച്ചുവന്നത് മൂന്നാം ദിവസമാണ്. അപ്പോഴേക്കും ഇറീനയുടെ പനി മാറിയിരുന്നു. ക്ലിനിക് തുറന്ന് ആദ്യരോഗിയെ പരിശോധിച്ച് മരുന്നെഴുതി കഴിഞ്ഞെന്ന് ഇറീന പറഞ്ഞത് കേട്ടതോടെ പുതിയൊരദ്ധ്യായത്തിന്റെ തുടക്കത്തിനു വേണ്ടി ക്രിസ്റ്റഫർ മഷി നിറച്ചു.

ഇല്ല, ഇറീനയെ കാണാതെ, സംസാരിക്കാതെ ഒരു വരിപോലും എഴുതാനാവില്ലെന്ന് ക്രിസ്റ്റഫറിന് തോന്നിത്തുടങ്ങി. എഴുത്തിന്റെ എരിച്ചിൽ നേരങ്ങളിലൊക്കെ മുമ്പേ നടന്നതും മൂർച്ചയുള്ള വാക്കുകളും അതിനേക്കാൾ മൂർച്ചയുള്ള വഴിത്തിരിവുകളും കൊണ്ട് നോവൽരചന മുന്നോട്ട് നയിച്ചതും ഇറീനയാണ്. നോവലിൽ കഥാനായകൻ സ്വന്തം ജീവിതനിയോഗം പൂർത്തിയാക്കിയിരുന്നു. അയാൾ പിന്നീടുള്ള വിധിയ്ക്കുവേണ്ടി കാത്തുനില്ക്കുകയാണ്. എന്തിന്റെയും യഥാർത്ഥ സ്രഷ്ടാവ് അതിന്റെ സുവർണ്ണദിവസങ്ങളുടെ മധ്യത്തിൽ നിന്ന് ഇറങ്ങിപ്പോകേണ്ടിവരുന്നത് വിധിയുടെ വലിയൊരു ചതുരംഗം കളിയാണ്. ലോകാന്തര നിയോഗവും.

ക്രിസ്റ്റഫർ റീഡിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. കോളിങ് ബെൽ കേട്ടപ്പോൾ നതാലിയയാണ് വാതിൽ തുറന്നതും ആളിനെ അകത്തേക്കു ക്ഷണിച്ചുകൊണ്ടുവന്നതും. രോഗിയുടെ വരവല്ലെന്നും സ്വകാര്യസന്ദർശനമാണെന്നും അവൾ മനസ്സിലാക്കി. അന്ന് കുറച്ചു നേരത്തെ തിരിച്ചുപോകാനുള്ള അനുവാദം വാങ്ങിയിരുന്ന നതാലിയ ക്രിസ്റ്റഫറിനെ സന്ദർശകമുറിയിലിരുത്തിയശേഷം ഇറീനയുടെ മുന്നിലെത്തി.

"പനി മാറിയെങ്കിലും വിശ്രമം വേണം. തണുപ്പിൽ ഇറങ്ങി നടക്കരുത്", ഇത്രയും പറഞ്ഞശേഷം ചിരിയോടെ നതാലിയ ക്ലിനിക്കിൽ നിന്നും പുറത്തേക്കിറങ്ങി. ക്രിസ്റ്റഫറുമായുള്ള ഇറീനയുടെ സൗഹൃദത്തിന്റെ ആഴവും അതിരും മനസ്സിലാക്കിയിട്ടുള്ളത് നതാലിയ മാത്രമാണ്.

പ്രിയപ്പെട്ട സുഹൃത്ത്, ഒരു നല്ല വായനക്കാരി, ലെനിന്റെ ജീവിതത്തിലെ ചുഴികളും മലരികളും കേട്ടും വായിച്ചും അറിഞ്ഞ ആരാധിക - ഇതൊക്കെയാണ് ക്രിസ്റ്റഫറിനെ ഡോ. ഇറീനയിലേക്ക് ചേർത്തുനിർത്തിയത്. ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിച്ച ഇറീന. ഒരു വിവാഹജീവിതം പരാജയപ്പെട്ട ക്രിസ്റ്റഫർ. സ്നേഹത്തിന്റെയും കരുതലിന്റെയും ആഴം അളക്കാനാവാത്തത്ര ഗാഢമായി വളരുന്നത് അവർ പരസ്പരം അറിയുന്നുണ്ടായിരുന്നു.

ക്രിസ്റ്റഫറിന്റെ ആകുലതകൾക്ക് മറുപടി പറയാതിരിക്കാൻ ഇറീനയ്ക്ക് കഴിയുമായിരുന്നില്ല. *സെർഗെയ് എസേനിന്റെയും വ്ലജിമീർ മയക്കോവ്സ്കിയുടെയും കവിതകൾ പോലെ മനസ്സിൽ നിന്നു മായാതെ നില്ക്കുന്നവയാണ് അവരുടെ ജീവഹത്യയും. വേറെയുമുണ്ട് മരണത്തെ സ്വയം പുൽകിയ എഴുത്തുകാർ. അധികാരത്തിന്റെ തീച്ചൂണ്ടകൊണ്ട് ഏറ്റിയില്ലാതാക്കിയ എത്രയെത്ര കലാകാരന്മാർ. മനുഷ്യമനസ്സിൽ മാറ്റത്തിന്റെ വിത്തും വിതയും സാധ്യമാക്കിയവർ. അവരെ ഇല്ലായ്മചെയ്യാൻ തിടുക്കം കൂട്ടിയവർ. അവരുടെ വലയത്തിൽ ചെന്നുവീഴുംമുമ്പ് സ്വന്തം ജീവിതത്തെ ഒരു പട്ടം പറത്തുന്നതുപോലെ ആകാശത്തേക്കുയർത്തി വിട്ട് കൈകൊട്ടി ചിരിച്ചവർ. അതിൽ ചിലരെങ്കിലും അവസാനനിമിഷം സ്വന്തം ജീവിതത്തെ തിരിച്ചുപിടിക്കണമെന്നു ചിന്തിച്ചിട്ടുണ്ടാകാതിരിക്കില്ല.

പല മുഖങ്ങൾ ഓർമയിലൂടെ അണിയണിയായി കടന്നുപോകാൻ തുടങ്ങി. ഇറീനയ്ക്കു മുന്നിൽ ഉള്ളുരുക്കമുള്ള മുഖഭാവത്തോടെ ക്രിസ്റ്റഫർ ഇരുന്നു. അയാൾ അനുഭവിക്കുന്ന ഉത്ക്കണ്ഠയും പിരിമുറുക്കവും ഇറീനയ്ക്കു മനസ്സിലാകുന്നുണ്ടായിരുന്നു.

ലെനിന്റെ ജീവചരിത്രകാരനെന്ന നിലയിൽ ലഭിച്ച സ്വീകാര്യത, അതിനുവേണ്ടി നടത്തിയ ഗവേഷണം, എഴുത്തിൽ പുലർത്തിയിട്ടുള്ള സത്യസന്ധത - ഇതൊക്കെ നോവലെഴുത്തിനെ സഹായിക്കുമെന്ന് പ്രസാധകനും ക്രിസ്റ്റഫറും വിശ്വസിച്ചു. അങ്ങനെയല്ല പിന്നീട് സംഭവിച്ചത്.

അത്രനാളും പ്രസിദ്ധീകരിച്ച നോവലുകൾ പലതും വായിച്ചു. അവിശ്വസനീയമായ വേഗതയിലാണ് ക്രിസ്റ്റഫറിന്റെ വായന. എല്ലാകാര്യത്തിലും അതാണ് പ്രകൃതം. ഭക്ഷണത്തിലും നടപ്പിലും സംസാരത്തിലും. അങ്ങനെ ഉണർന്നാൽ ഉറങ്ങുംവരെയുള്ള ഏതു കാര്യത്തിലും അത്ഭുതപ്പെടുത്തുന്ന വേഗതയാണ് ക്രിസ്റ്റഫറിനുള്ളത്. നോവലെഴുത്തിലേക്കു കടന്നപ്പോൾ ലെനിന്റെ യഥാർത്ഥ ജീവിതവും കഥകളും കെട്ടുകഥകളുമൊക്കെ ചേർന്ന് മനസ്സിന്റെ ദിശാസൂചി ഇടയ്ക്ക് എതിർദിശയിൽ കറങ്ങാൻ തുടങ്ങി. എഴുത്ത് വേദനയുടെ തിങ്ങലും വിങ്ങലുമായി.

അത്രനാളും വായനക്കാർ നിരന്തരം തേടിയെത്തിയ പല നോവലുകളും തിരഞ്ഞുപിടിച്ചു വായിച്ചു. അതോടെ നോവലെഴുത്തെന്ന ആശയം തന്നെ ഉപേക്ഷിക്കാൻ ക്രിസ്റ്റഫർ തീരുമാനിച്ചതാണ്. പ്രസാധകനുമായി തെറ്റിപ്പിരിയരുതെന്നു പറഞ്ഞ് ഓരോ തവണയും കരാറിലേക്ക് ക്രിസ്റ്റഫറിനെ തിരിച്ചുകൊണ്ടുവന്നത് ഇറീനയു‍ടെ നിർബന്ധമാവും.

ഒരിയ്ക്കൽ ക്രിസ്റ്റഫർ ആത്മഹത്യയെക്കുറിച്ച് സംസാരിച്ചു. മയക്കോവ്സ്കിയുടെ കവിതകളിലെ ചില ഭാഗങ്ങൾ വായിച്ചുകൊണ്ടിരിക്കെ പൊട്ടിച്ചിരിക്കുകയും മറ്റൊരിയ്ക്കൽ വിഷാദമഗ്നനാകുകയും ചെയ്ത ക്രിസ്റ്റഫറിന്റെ മനോനിലയെക്കുറിച്ച് ചില സംശയങ്ങൾ ഇറീനയ്ക്ക് തോന്നിയത് അന്നാണ്.

ആത്മഹത്യയിലേക്ക് സഞ്ചരിച്ച പലരുടെയും മുഖം ഇറീനയുടെ മനസ്സിലൂടെ കടന്നുപോയി. അതിനിടയിലൂടെ എപ്പോഴോ ഒരു മുഖം അവ്യക്തമായി കടന്നുപോകുന്നുണ്ടായിരുന്നു. ആ കണ്ണുകൾ കണ്ടപ്പോൾ അത് മറ്റാരുടേതുമല്ല ക്രിസ്റ്റഫറിന്റേതാണെന്നു തോന്നി. ആ നിമിഷമാണ് ക്രിസ്റ്റഫറിന്റെ കവിളിലും കണ്ണുകളിലും മാറിമാറി ഇറീന ഉമ്മവച്ചത്. ആത്മാവിൽ തൊടുന്നതായിരുന്നു ആ ഉമ്മ ഓരോന്നും.

നൂറുകണക്കിന് മനുഷ്യർ ജീവൻ ബലി നല്കേണ്ടി വരുമെന്നുറപ്പിച്ചാണ് ഒക്ടോബർ വിപ്ലവത്തിന് തിര നിറച്ചത്. അത് അവസാനദൗത്യം നിർവ്വഹിക്കുകയും ചെയ്തു. ശേഷമുള്ള ആറേഴുവർഷത്തെ ലെനിന്റെ ജീവിതമാണ് ഇനി നോവലിൽ വിവരിക്കേണ്ടതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതായിരിക്കും ഈ നോവലിന്റെ കാലാന്തരപ്രസക്തി നിർണ്ണയിക്കുന്ന ഘടകം.

ഡോ. ഇറീന ക്രിസ്റ്റഫർ റീഡിന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു.

പെട്ടെന്ന് ക്രിസ്റ്റഫറിന്റെ മുഖം തെളിഞ്ഞു. മനുഷ്യന്റെ കത്തുന്ന അനുഭവങ്ങളാണ് അവരെ ജീവിതത്തിന്റെ ചരടിൻ തുമ്പിൽ ഏകാകിയും ഖിന്നനുമാക്കുന്നത്. ലെനിന്റെ കുട്ടിക്കാലരാത്രികൾ, പുരോഹിതനായ മക്കായുടെ മുഖം, പ്രിയസഹോദരനായ സാഷയെ തൂക്കിലേറ്റിയത്, പുതിയ രാഷ്ട്രീയസ്വപ്നങ്ങളുമായി ലെനിൻ പീറ്റേഴ്സ്ബർഗിലെത്തിയത്, സാർ ചക്രവർത്തിമാരുടെയും രഹസ്യപ്പോലീസിന്റെയും നിരന്തരമായ വേട്ടയാടൽ, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം, സൈബീരിയയിലേക്കുള്ള നാടുകടത്തൽ, പുതിയ പാർട്ടിയും പത്രവും, വിപ്ലവശ്രമം, അതിന്റെ ആദ്യപരാജയം, വീണ്ടും ജർമ്മനിയിലേക്കും ജനീവയിലേക്കുമുള്ള പലായനം, ഒക്ടോബർ വിപ്ലവം, ചുവന്നനക്ഷത്രങ്ങളുടെ ആകാശം, അയൽരാജ്യങ്ങളുടെ പടപ്പുറപ്പാട്, ഏതെതിരിടലിനും അറുതിവരുത്താനുള്ള നിരന്തര നടത്തങ്ങൾ, റഷ്യൻ സൈനികത്തലവനായുള്ള ആരോഹണം, 1923 മാർച്ചിൽ രോഗബാധിതനായ ദിവസംവരെയുള്ള ഉറക്കമൊഴിഞ്ഞുള്ള കഠിനപ്രവർത്തനങ്ങൾ - ഇങ്ങനെ ജീവചരിത്രത്തിനുവേണ്ടി തയ്യാറാക്കിയ നോട്ടുപുസ്തകങ്ങൾ ഒരിയ്ക്കൽക്കൂടി ക്രിസ്റ്റഫർ മറിച്ചുനോക്കി.

1924 ജനുവരി 21.
ഡോക്ടർമാരുടെ തീവ്രപരിചരണങ്ങൾ കൊണ്ടൊന്നും രക്ഷിക്കാനാവാതെ വ്ലജിമീർ ഇല്ലിച്ച് ലെനിൻ മരിച്ചു.

ജീവചരിത്രം അവിടംകൊണ്ടവസാനിച്ചു. ഇറീന തുറന്നിട്ട വഴികളിൽ നിന്നും ലഭിച്ചതും ക്രിസ്റ്റഫർ തേടിപ്പിടിച്ചതുമായ ലെനിന്റെ ഏകാന്തതയും ഞെരുക്കവും. മരണത്തിനു തൊട്ടുമുമ്പുള്ള പത്ത് മാസങ്ങളിലെ ലെനിന്റെ നെടുവീർപ്പുകൾ.

ഡോ. ബെക്തറേവുമായുള്ള കണ്ടുമുട്ടലുകളും സംഭാഷണങ്ങളും നല്കുന്നത് ആ നാളുകളിൽ വ്ലജിമീർ ഇല്ലിച്ച് സഹിച്ചതിന്റെയും ക്ഷമിച്ചതിന്റെയും സത്യപ്രസ്താവനകളാണ്.

‘…അതെ ഇറീന, മരണത്തിനു തൊട്ടുമുമ്പുള്ള നാളുകളിൽ ലെനിൻ ഖേദിച്ചത് പല കാരണങ്ങളാലാണ്. അതിൽ പ്രധാനപ്പെട്ട സംഘർഷങ്ങളെല്ലാം പുറപ്പെട്ടത് ജോസഫ് സ്റ്റാലിനിൽ നിന്നും…’

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments