ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 20
ഒരു തിരോധാനം

യുദ്ധത്തെയും റഷ്യയുടെ വിപ്ലവനാളുകളിലെ തൊഴിലാളികളുടെ ആവേശത്തെപ്പറ്റിയും ഓർത്തുകൊണ്ടിരുന്ന ക്രൂപ്സ്കായയുടെ ചുമലിൽ ഒരു കൈ വന്നുതൊട്ടു. ഇല്ലിച്ചിനൊപ്പം ക്രൂപ്സ്കായ കിടപ്പുമുറിയിലേക്ക് നടന്നു.

കാകിയായി സമയത്തെ മറികടക്കുകയായിരുന്നു ലെനിൻ.
വേനൽ വിയർക്കുന്ന നട്ടുച്ചയിൽ ഭക്ഷണത്തോട് യാതൊരു താല്പര്യവും കാണിക്കാതെ, എന്തെങ്കിലും എഴുതുകയോ വായിക്കുകയോ ചെയ്യാതെ സ്വന്തം നിഴലിലേക്കും പുറത്തെ വെയിലിലേക്കും നോക്കിയിരിക്കുമ്പോഴാണ് ക്രൂപ്സ്കായ അവിടേക്ക് കടന്നുചെന്നത്. ഉള്ളുലയ്ക്കുന്ന എന്തെങ്കിലും പ്രശ്നത്തിൽ കുരുങ്ങിനിൽക്കുമ്പോഴാണ് ലെനിനെ ഇങ്ങനെ അസ്വസ്ഥനായി കാണാറുള്ളത്. അല്ലാതുള്ള സമയത്തൊക്കെ മറ്റുള്ളവർക്കുകൂടി പകർന്നു നൽകാനുള്ള ഊർജ്ജം തന്റെ പോക്കറ്റിലുണ്ടെന്ന ഭാവത്തിലാണ് സംസാരവും പെരുമാറ്റവും.

കാഷയുടെ മണമടിച്ചാലുടൻ അടുക്കളയിലേക്ക് തിടുക്കത്തിൽ വരുന്നതാണ്. *കാഷ കഴിച്ച ഓർമ്മയിലുള്ള ആദ്യ ദിവസം, അമ്മയും പെങ്ങളും ഒറ്റയ്ക്കൊറ്റയ്ക്ക് അതുണ്ടാക്കുമ്പോൾ തോന്നാറുള്ള രുചിഭേദം, കൂട്ടറിയാത്തവർ പാകം ചെയ്യുമ്പോഴുണ്ടാകുന്ന പിഴ - ഇതെക്കുറിച്ചൊക്കെ ലെനിൻ വാചാലനാകും. ചില ദിവസങ്ങളിൽ പാചകമുറിയുടെ ഒരു കോണിലേക്ക് കസേര വലിച്ചിട്ടിരുന്ന് എന്തെങ്കിലും വായിക്കും. കാഷ കഴിക്കാൻ പോകുന്നെന്നറിയുന്നതു മുതൽ വയറ്റിൽ അത് ദഹിപ്പിക്കാനുള്ള ഒരുക്കം തുടങ്ങുമെന്ന് പറഞ്ഞത് ക്രൂപ്സ്കായ ഓർത്തു. ആ സമയത്ത് ഒരു വോഡ്ക കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാവില്ലെന്നും.

ക്രൂപ്സ്കായ ലെനിന്റെ അരികെയെത്തി. ആളിന്റെ ഉള്ളിൽ കിടന്ന് എന്തോ വല്ലാതെ കീറിമുറിയ്ക്കുന്നുണ്ട്. അതു പുറത്തു പറയുമോ എന്നുറപ്പൊന്നുമില്ല. പാർട്ടിയുടെ ഉന്നതാധികാരകമ്മിറ്റിയിലെ തീരുമാനങ്ങളോ തൊട്ടുപിന്നാലെ വരാൻ പോകുന്ന നീക്കങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടാറില്ല. ഒരിയ്ക്കൽ നെഞ്ചിൽ തലവച്ചു കിടക്കെ ക്രൂപ്സ്കായ ഇല്ലിച്ചിന്റെ ഹൃദയഭാഗത്ത് ചൂണ്ടുവിരൽ തൊട്ടു.
"രഹസ്യങ്ങളുടെ കടൽ!" ക്രൂപ്സ്കായ പറഞ്ഞു.
"അല്ല, കടലിന്റെ രഹസ്യങ്ങൾ" ഇല്ലിച്ച് തിരുത്തി.

കാണുന്ന നേരങ്ങളിൽ ഇല്ലിച്ച് ചെറുതായൊന്നു ചിരിയ്ക്കും. അതുണ്ടാകാതിരുന്നപ്പോൾ ക്രൂപ്സ്കായ തിരിച്ചുനടക്കാൻ തുടങ്ങി.
"മലിനോവ്സ്കിയെ വധിച്ചു!" ലെനിൻ

പാർട്ടിയിൽ കടന്നുകൂടുകയായിരുന്നു അയാളെന്ന് ആർക്കും വിശ്വസിക്കാനായില്ല. ദുമയിലെ ചെയർമാൻപോലും ആദ്യം അത് വിശ്വസിച്ചില്ല. പിന്നീട് പല സൂചനകളിലൂടെ മലിനോവ്സ്കിയുടെ നീക്കങ്ങൾ അവിശ്വസനീയമായിരുന്നെന്ന് പാർട്ടി കണ്ടെത്തി. തൊട്ടുപിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

ലെനിനും കേന്ദ്രകമ്മറ്റി നിയോഗിച്ച മൂന്നംഗ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അവർക്ക് മലിനോവ്സ്കിക്കെതിരായ തെളിവുകളൊന്നും കൃത്യമായി നിരത്താനുണ്ടായിരുന്നില്ല. ലെനിനും മലിനോവ്സ്കിയും ഏറെക്കാലം അടുത്തിടപഴകിയതിലൂടെ അവർക്കിടയിൽ സൗഹൃദത്തിന്റെ ഇഴയടുപ്പമുണ്ടായിരുന്നു. തെറ്റിന്റെ അളവ് ക്ഷമിക്കാനാവുന്ന തരത്തിൽ ലളിതമാണെങ്കിൽ അതിനുവേണ്ടി ശ്രമിക്കണമെന്ന് ലെനിൻ വിശദമാക്കി.

പാർട്ടിയുടെ കണ്ടെത്തൽ മലിനോവ്സ്കിയെ ഒരുതരത്തിലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നായിരുന്നു. മറ്റുള്ളവർ ആ തീരുമാനത്തിൽനിന്നും അണുവിടമാറാൻ ഒരുക്കമായിരുന്നില്ല.

കുറ്റം വിധിച്ചതോടെ മലിനോവ്സ്കി അപ്രത്യക്ഷനായി. നാടുവിട്ടെന്നാണ് ലെനിൻ പോലും വിശ്വസിച്ചത്. അങ്ങനെയാണ് പാർട്ടി അറിയിച്ചതും. അജ്ഞാതനായി എവിടെയൊക്കെയോ ജീവിച്ച മലിനോവ്സ്കി ഒക്ടോബർ വിപ്ലവത്തിന്റെ തൊട്ടുപിന്നാലെ റഷ്യയിൽ തിരിച്ചെത്തി. പ്രത്യാഘാതത്തെക്കുറിച്ച് ഒട്ടും ഭയമില്ലാതെ അധികൃതർക്കു മുന്നിൽ കീഴടങ്ങി. തനിക്കെതിരെ ചാർത്തിയിട്ടുള്ള കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് മലിനോവ്ക്സി ബോധവാനുമായിരുന്നു. സുപ്രീം ട്രൈബ്യൂണലിന്റെ നിലപാടെന്തായിരിക്കുമെന്ന് നല്ല ഉറപ്പും. ഒരു ദിവസം ലെനിനെ കാണാനെത്തിയ മലിനോവ്സ്കിയുടെ മുഖം ക്രൂപ്ക്സായയ്ക്ക് മറക്കാനായില്ല.

ഒരു ചാരന്റെ മുഖമായിരുന്നില്ല മലിനോവ്സ്കിയുടേത്. തെറ്റുകാരനാണെന്ന് തുറന്നു പറഞ്ഞ് ലെനിന്റെ മുന്നിൽ അയാൾ വികാരാധീനനായി മാറുമെന്നാണ് മറ്റുള്ളവർ കരുതിയത്. അതുണ്ടായില്ല. രഹസ്യങ്ങൾ ചോർത്തി വിരുദ്ധർക്ക് നൽകിയെന്ന് തനിക്കെതിരെ പാർട്ടിയുന്നയിച്ച ആരോപണത്തെപ്പറ്റി അയാൾ ആരോടും സംസാരിച്ചതുതന്നെയില്ല. ഏറെ നേരം ലെനിന്റെ മുഖത്തേക്ക് നോക്കിയിരുന്നശേഷം ഇനി ഒരിയ്ക്കലും ജീവിതത്തിൽ കാണാനിടവരില്ല എന്നുമാത്രം പറഞ്ഞ് പടവുകളിറങ്ങി നടന്നു.

അധികം വൈകാതെ വിധി നടപ്പിലാകുമെന്നറിയാമായിരുന്നിട്ടും അതെക്കുറിച്ചൊന്നും ഒരക്ഷരം പറയാൻ മലിനോവ്ക്സി ശ്രമിച്ചില്ല. അതിനുള്ള മാനസികാവസ്ഥയുണ്ടായിരുന്നില്ല.

സമരത്തീച്ചൂള ആളിപ്പടരുന്ന ദിവസങ്ങളായിരുന്നു തൊട്ടുപിന്നാലെ വന്നത്. പുതുതായി നിയമിതനായ ആഭ്യന്തരസഹമന്ത്രി മലിനോവ്സ്കി ഒരു പോലീസ് ചാരനാണെന്ന് ദുമയിലെ ചെയർമാന് വിവരം നല്കി. അതിലെവിടൊക്കെയോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ചിറമുറിച്ചു കടന്നിട്ടുണ്ടെന്ന് ചിലർ ലെനിനോട് പറഞ്ഞിരുന്നു. നേരിന്റെയും നുണയുടെയും ഇടയിലെവിടെയൊക്കെയോ ചതിയുടെ പതുങ്ങിയ കാലൊച്ച കേൾക്കുന്നുണ്ടെന്ന് ലെനിൻ വിശ്വസിച്ചു.

കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയാണ് താൻ നിരപരാധിയെന്ന് തെളിയിക്കേണ്ടത്. മലിനോവ്സ്കിയുടെ മാനസികനില തകർന്നതോടെ അതിനുള്ള ശ്രമമൊക്കെ അയാൾ ഉപേക്ഷിച്ചു. ലെനിനെ കണ്ടശേഷം പുറത്തേക്കു പോകുംമുമ്പ് നിശ്ശബ്ദനായി നിന്ന ആ മനുഷ്യന്റെ കണ്ണുകളിൽ തനിക്കരികിലേക്കുള്ള മരണത്തിന്റെ തുരങ്കവേഗം കുറഞ്ഞുവരുന്നതിന്റെ ഭയമായിരുന്നില്ല ഉണ്ടായിരുന്നത്. അയാൾകൂടി അറിഞ്ഞും അറിയാതെയും റഷ്യയിൽ പല കാലങ്ങളിൽ നടന്ന വധശ്രമങ്ങൾക്കു വിധേയമായവരിൽ നിരപരാധികൾ ധാരാളമുണ്ടായിരുന്നു. പലതിന്റെയും നേരുകൾ പുറത്തെത്തിയത് കാലമേറെ കഴിഞ്ഞാണെന്നു മാത്രം!

- ഇതെല്ലാം ഒരു ഡയറിയിൽ കുറിച്ചുവയ്ക്കണമെന്ന് ക്രൂപ്സ്കായ കരുതിയതാണ്. അപ്പോഴേയ്ക്കും യുദ്ധത്തിന്റെ കുളമ്പൊച്ച റഷ്യയെ ഒരു മിന്നൽ കാലത്തേക്ക് പ്രവേശിപ്പിച്ചിരുന്നു.

റഷ്യയുടെ പല വഴികളിലൂടെ സെന്റ്പീറ്റേഴ്സ് ബർഗിലേക്ക് തൊഴിലാളികൾ ഇരമ്പിയെത്തി. അവരുടെ വാക്കുകൾ രോഷാകുലവും പിന്നോട്ടില്ലെന്ന് സൂചിപ്പിക്കുന്നതുമായിരുന്നു. എതിരെ ഉയരുന്ന ഓരോ നാവും കൈയും മുറിച്ചുമുന്നേറുമെന്ന പ്രതിജ്ഞയെടുത്തതുപോലെയാണ് അവർ തെരുവുകളിലൂടെ മുന്നേറിക്കൊണ്ടിരുന്നത്.

ആ ദിവസങ്ങളിൽ വ്ലാദിമിർ പതിവിലേറെ അസ്വസ്ഥനായി. 12,000 പുട്ടിലേവ് തൊഴിലാളികൾ പാത നിറഞ്ഞ് നടക്കുകയാണ്. തൊഴിലാളികൾക്കു നേരെ പ്രകോപനം ഉണ്ടായാലുമില്ലെങ്കിലും വെടിവയ്ക്കാനുള്ള പദ്ധതിയുണ്ടെന്ന് ലെനിൻ അറിഞ്ഞിരുന്നില്ല. ദുമയിലെ ഡെപ്യൂട്ടിമാർക്ക് ലഭിച്ച രഹസ്യവിവരം അവർ പുറത്തുവിട്ടതുമില്ല.

ആദ്യം തോക്കിൻകുഴലിനു മുന്നിൽ നിർത്തി പോലീസ് തൊഴിലാളികളിൽ ചിലരെ ഭയപ്പെടുത്താൻ ശ്രമിച്ചു. അത് വിലപ്പോയില്ല. തോക്കിന്റെ മുന്നിൽ നൂറുകണക്കിന് പേർ നെഞ്ചുവിരിച്ച് നിർഭയരായി നില്ക്കുന്നതു കണ്ടതോടെ പോലീസ് മേധാവികൾ രോഷാകുലരായി. അവരിൽ ചിലർ ജനക്കൂട്ടത്തിനു നേരെ വെടിവച്ചു. പിന്നീടു സംഭവിച്ചതെന്താണെന്ന് അർദ്ധരാത്രി നേരത്താണ് പുറംലോകമറിയുന്നത്.

പോലീസിനെ നിലംതൊടാൻ ജനക്കൂട്ടം അനുവദിച്ചില്ല. തോക്കിന് മുന്നിൽ നിസ്സഹായരായി നെഞ്ചുപിളർന്നു വീണവരുടെ എണ്ണം അപ്പോഴൊന്നും തിട്ടപ്പെടുത്തിയതുമില്ല. മരണപ്പെട്ട പോലീസുകാരുടെ എണ്ണം ഭരണകൂടം പെരുപ്പിച്ചാണ് പുറത്തുവിട്ടത്.

ജൂലൈ 7. ഒന്നര ലക്ഷത്തോളം പേർ സെന്റ്പീറ്റേഴ്സ്ബർഗ് ലക്ഷ്യമാക്കി വരാൻ തുടങ്ങി. കാര്യങ്ങളുടെ ഗതി മാറുകയായിരുന്നു അപ്പോൾ. തൊഴിലാളികൾ പണിമുടക്കി, വിശപ്പ് സ്വയം സഹിച്ച് വരും തലമുറയ്ക്കുവേണ്ടി സ്വന്തം ജീവൻ റഷ്യൻ മണ്ണിൽ നിക്ഷേപിക്കാൻ ഒരുങ്ങിയുള്ള വരവായിരുന്നു അത്. ആ കുതിപ്പിനെ തടയാൻ ലെനിൻ ശ്രമിച്ചില്ല. പകരം അവരെ കൂടുതൽ രാഷ്ട്രീയവല്ക്കരിക്കുന്നതിനുള്ള ശ്രമം ആ ദിവസങ്ങളിൽ തുടർന്നു. ഉറക്കക്കുറവ് കൺതടങ്ങൾക്കു ചുവട്ടിൽ കറുത്ത വടുക്കളായി തെളിയാൻ തുടങ്ങിയതും ആ ദിവസങ്ങളിൽ തന്നെയാണ്.

ക്രൂപ്സ്കായ ഇങ്ങനെ എഴുതി: 'ഇന്ന് ആഗസ്റ്റ് 11. ഇത്രനാളും കണ്ട ലോകമല്ല ഇനി നാം ഇനി കാണാൻപോകുന്നത്. യുദ്ധത്തിന്റെ നിഴൽ വീണ ആകാശം. അവിടെ നരച്ച പല തുണ്ടുകളാവും കാണാൻ പോകുന്നത്. മനുഷ്യന്റെ; ലോകത്തെവിടെയുമുള്ള മനുഷ്യന്റെ ജീവിതത്തെ കീഴ്മേൽ മറിക്കുന്ന ഒന്നായി യുദ്ധം മാറാൻ പോകുകയാണ്. ഓരോ രാജ്യത്തെയും മനുഷ്യർ വന്യജീവികളോട് പൊരുതിയും പ്രകൃതിയോട് ഇണങ്ങിയും ചേർന്നുനിന്നുമാണ് ഇന്ന് കാണുന്ന ജീവിതക്കൂട്ട് നിർമിച്ചെടുത്തത്.

ആഗസ്റ്റ് ഒന്നിന് ജർമനി റഷ്യക്കെതിരെ പടനയിച്ചു. മൂന്നിന് ജർമനി ഫ്രാൻസിനെതിരെ തിരിഞ്ഞു. ബെൽജിയത്തിനെതിരെ തിരിഞ്ഞത് നാലിനാണ്. അതേ ദിവസം തന്നെ ബ്രിട്ടൻ ജർമനിയെ യുദ്ധമുഖത്തെത്താൻ വെല്ലുവിളിച്ചു. ആറാം തീയതിയായപ്പോഴേയ്ക്കും ഓസ്ട്രിയയും ഹംഗറിയും കൂടി റഷ്യൻ താവളങ്ങളിലേക്ക് പുറപ്പെട്ടു. പതിനൊന്നിന് ഓസ്ട്രിയ ഹംഗറിക്കെതിരെ അണിനിരന്നു'.

ക്രൂപ്സ്കായയുടെ ഡയറി ഇല്ലിച്ച് വായിക്കാറുള്ളതല്ല. അന്ന് യുദ്ധത്തിന്റെ ദിനങ്ങളിലെ ഭാര്യയുടെ വിശകലനവൈഭവം എങ്ങനെയുണ്ടെന്ന് നോക്കാനായി അത് തുറന്നു. ഒരു പേജിൽ ക്രൂപ്സ്കായയുടെ വാക്കുകൾക്കു താഴെ ലെനിൻ എഴുതി: 'യുദ്ധം വിപ്ലവപ്രവർത്തനത്തിന്റെ ഗതി മാറ്റിയെഴുതാൻ നമ്മെ പ്രേരിപ്പിക്കുന്നു. മുന്നിൽ വരാൻ പോകുന്ന പ്രതിസന്ധികൾക്ക് ഇനി മുതൽ മറ്റൊരു മുഖമായിരിക്കും. അധ്വാനിക്കുന്ന മനുഷ്യർ ഇനി കൂടുതൽ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടേണ്ടി വരും. ലോകം കീഴ്മേൽ മറിയുന്നതുപോലെ ഒരു ഞാണിൽ തൂങ്ങിയാടുമ്പോൾ നാം കൂടുതൽ ‍ജാഗ്രതയോടെ കരുക്കൾ നീക്കുകയാണ് വേണ്ടത്...'

ഒറ്റയ്ക്കിരുന്ന് ചതുരംഗം കളിച്ച് ആ ദിവസങ്ങളിൽ ലെനിൻ കളിയിൽ പുതിയ നീക്കങ്ങൾ എങ്ങനെ സാധ്യമാകുമെന്ന ചിന്തയിൽ മുഴുകി. ക്രൂപ്സ്കായ ഇടയ്ക്ക് ജ്യുസൂമായി വന്നതും തിരിച്ചിറങ്ങിപ്പോയതുമൊന്നും ആൾ കണ്ടതുതന്നെയില്ല.

യുദ്ധം അതിർത്തികളിൽ മാത്രമല്ല മനുഷ്യന്റെ മനസ്സിലും തീക്കടൽ തീർക്കുമെന്ന വാചകത്തിൽ ക്രൂപ്സ്കായയുടെ കണ്ണുകൾ തടഞ്ഞുനിന്നു. ഇത് എപ്പോൾ എഴുതിയതാണ്. ഈ മേശ കിടക്കുന്ന മുറിയിലേക്ക് പകലൊന്നും ലെനിൻ കടന്നുവന്നതുമില്ല.

ജൂലായ് 7. തെരുവ് മനുഷ്യസമുദ്രമായി മാറുന്നതും, ചിലർ അക്രമാസക്തമായ മുദ്രാവാക്യം മുഴക്കുന്നതും കേൾക്കാം. തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കണക്കുകൂട്ടലുകൾ തകരുകയായിരുന്നു. യുദ്ധത്തിന്റെ കരിമ്പുക ദേശങ്ങളുടെ അതിർത്തികളെ മറികടന്ന് മറുദേശങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഒട്ടും പ്രത്യാശ നിറയ്ക്കുന്നതായിരുന്നില്ല. ആ ദിവസങ്ങളിൽ ഇല്ലിച്ച് ദീർഘനേരം മൗനത്തിലാകുന്നതും. ഇടയ്ക്ക് ഉന്മേഷവാനായി ചിലതൊക്കെ എഴുതാൻ ശ്രമിക്കുന്നതും ക്രൂപ്സ്കായ കാണുന്നുണ്ടായിരുന്നു.

‘‘... ആയുധംകൊണ്ടും ആൾബലം കൊണ്ടും ശക്തരായ രാജ്യങ്ങൾ അതിർത്തികളിലേക്ക് സ്വയം പടനയിക്കുകയായിരുന്നില്ല. യുദ്ധവും സമാധാനവും ആദ്യം തുടങ്ങുന്നത് മനുഷ്യമനസ്സുകളിൽ തന്നെയാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഉന്നതനേതാക്കളിൽ പലരുടെയും ഹൃദയവും മസ്തിഷ്കവും യുദ്ധവെറിയുടെ തിമിംഗലങ്ങളെ ഭൂമിയിൽ നിക്ഷേപിക്കുകയാണ്. അധികാരം മനുഷ്യനെ എങ്ങനെ മാറ്റിത്തീർക്കുമെന്ന് പറയാനാവില്ല. ജർമ്മനിയിലും ഫ്രാൻസിലും ഇറ്റലിയിലും മാത്രമല്ല ഭൂമിയിലെവിടെയും അധികാരദുര പെരുത്തവർ നാശത്തിന്റെ വിത്ത് വിതറുക തന്നെ ചെയ്യും...’’

(*കാഷ - റഷ്യയുടെ ദേശീയഭക്ഷണം, കാഷ എന്നും പറയും)

തുടരും


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments