ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 27
ഒരു തീവണ്ടി യാത്രയിൽ

“എന്നാണ് ഇതുമാറ്റി മറ്റൊന്നു വാങ്ങുക?”
“അതിനിനിയും സമയമുണ്ടല്ലോ പ്രിയ സുഹൃത്തെ”
ലെനിൻ ലിയോനിദിനെ നെഞ്ചോടു ചേർത്തു.

ശൈത്യകാലത്തെ അതിശൈത്യമായിരുന്നു ആ ദിവസങ്ങളിൽ. അത് പതിവുള്ളതാണെങ്കിലും ആ വർഷം കൊടുംതണുപ്പ് നൽകി കോച്ചിവിറപ്പിച്ചിട്ടേ മടങ്ങൂ എന്ന ഭാവത്തിലാണ്. രാത്രിയും പകലും ഹിമക്കട്ട വന്നു മൂടിക്കൊണ്ടിരുന്നു. രണ്ടു കൈയും പോക്കറ്റിൽ തിരുകിയാണ് ലെനിന്റെ നില്പ്. വളഞ്ഞ മച്ചുള്ള ഓഫീസ് മുറിയുടെ ചുവരുകളിൽ നിന്ന് ഈർപ്പം ഇറ്റിയിറങ്ങുന്നത് കാണാം.
വെടിയുണ്ടയേറ്റു വിണ്ടുകീറിയ ചുമരുകളുള്ള ആയുധപ്പുര ഓഫീസ് മുറിയിൽ നിന്നു നോക്കിയാൽ കാണാം. ഒരു കൂറ്റൻ പരുന്തിനെ വഹിച്ചു നില്ക്കുന്ന ത്രോയിറ്റ്സ്കയ ഗോപുരത്തിന്റെ ഔന്നത്യം കുറയുന്നുണ്ടോയെന്ന് ചോദിച്ച ലെനിൻ സ്വയം മറുപടി പറഞ്ഞതിങ്ങനെ:
'മനേജ് കെട്ടിടനിരകളിൽ നിന്നു നോക്കാത്തതുകൊണ്ടാണ് അങ്ങനെയൊരു തോന്നൽ'
- ഇങ്ങനെയുള്ള ചോദ്യോത്തരവേളകൾ ഒരു വിഷയത്തിൽനിന്നും മറ്റൊരു വിഷയത്തിലേക്ക് മനസ്സിനെ പറിച്ചു നടാനുള്ള ലെനിന്റെ ഉപായമാണെന്ന് ക്രൂപ്സ്കയയ്ക്കും അടുത്ത ചില സുഹൃത്തുക്കൾക്കും മാത്രമേ അറിയാമായിരുന്നുള്ളൂ.
ചില പാവങ്ങൾ ലെനിന്റെ ഇതുപോലുള്ള ചോദ്യങ്ങൾ കേട്ട് അതിനോട് യോജിച്ചതായി പറയും. ത്രോയിറ്റ്സ്കായ ഗോപുരത്തിന് ഒരിയ്ക്കലും ഉയരം കുറയില്ല, കൂടുകയുമില്ലെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടേ അങ്ങനെയുള്ളവരെ ലെനിൻവിട്ടയയ്ക്കൂ. ആരു പറഞ്ഞാലും അത് യുക്തിഭദ്രവും യാഥാർത്ഥവുമാണെങ്കിൽ മാത്രമേ അംഗീകരിക്കാനാവൂ - ഈ നിലപാടാണ് ഓരോ സന്ദർഭങ്ങളിലെയും ലെനിന്റെ ആത്മപുസ്തകം.

ഏറെ ദിവസമായി പൂർത്തിയാക്കാൻ കഴിയാതിരുന്ന ഒരു നോവൽഅദ്ധ്യായം ക്രിസ്റ്റഫർ വായിച്ചു കേൾപ്പിച്ചു.
"ക്രിസ്റ്റഫർ; ഒരു നോവൽ, അതും ചരിത്രത്തിൽ തന്റേതുമാത്രമായ അടയാളങ്ങൾ നിക്ഷേപിച്ചു പോയ ഒരാളുടെ ജീവിതം കേന്ദ്രീകരിച്ചെഴുതുന്ന ഒരു നോവൽ എങ്ങനെയുള്ളതാവണമെന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നോ?" ഡോ. ഇറീന വോൾഗയിലേക്ക് പറക്കുന്ന പക്ഷികളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു. ക്രിസ്റ്റഫറിന്റെ കണ്ണുകളിൽ ആശങ്കയുടെ കടൽ പെരുക്കുന്നത് ഇറീന കാണുന്നുണ്ടായിരുന്നു.
പെട്ടെന്നൊരുത്തരം പറയാൻ ക്രിസ്റ്റഫറിന് കഴിഞ്ഞില്ല. ലെനിനെക്കുറിച്ചൊരു നോവലെഴുതുകയെന്ന ആലോചന ഒരിയ്ക്കലും തന്റെ മനസ്സിലൂടെ ജീവചരിത്ര രചനയ്ക്കുശേഷവും കടന്നുപോയിട്ടു തന്നെയില്ല.

റാദുഗ പബ്ലിക്കേഷൻസിൽ നിന്നും പിരിഞ്ഞുപോയ അലക്സിനെക്കുറിച്ച് യാദൃച്ഛികമായാണ് ഒരുനാൾ മോസ്കോ നഗരത്തിൽ വച്ച് ഓർമ്മ വന്നത്.
ലെനിന്റെ ജീവചരിത്രമെഴുതിക്കൊണ്ടിരുന്ന നാളുകളിലും പ്രസിദ്ധീകരണശേഷവുമൊക്കെ അലക്സുമായി നിരന്തരം കണ്ടുമുട്ടാറുണ്ടായിരുന്നു. ചില വൈകുന്നേരങ്ങളിൽ ഒന്നിച്ച് ഊരുചുറ്റാൻ പോകും. വോദ്കയുടെ ലഹരിച്ചൊരുക്കിൽ പോലീസിന്റെ പിടിയിൽ പെട്ടതും മറ്റും ഓർത്ത ഒരു സായാഹ്നത്തിലാണ് വീണ്ടും അലക്സ് മുന്നിൽ വന്നുനിന്നത്. റാദുഗ പബ്ലിക്കേഷൻസിനെക്കുറിച്ചോർക്കുമ്പോഴൊക്കെ അലക്സിന്റെ മുഖം  മനസ്സിലെത്തുക പതിവായിരുന്നു. എത്രയെത്ര വ്യത്യസ്തമായ പുസ്തകങ്ങളാണ് അലക്സ് വായനക്കാർക്കു മുന്നിലെത്തിച്ചത്. അവയിൽ പലതും മുക്തകണ്ഠം പ്രശംസ നേടുകയും ചെയ്തു.
ഇതൊക്കെ കേട്ടുകഴിഞ്ഞപ്പോൾ ഡോ. ഇറീന പറഞ്ഞു: "ക്രിസ്റ്റഫർ, അതൊക്കെ ഞാൻ കേട്ടുകഴിഞ്ഞ കാര്യങ്ങളാണ്. എനിക്കറിയേണ്ടത് ലെനിനെക്കുറിച്ചെഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ കാര്യം മാത്രമാണ്. അതിന്റെ സ്ഥലകാലങ്ങൾ, കഥാപാത്രങ്ങൾ, കഥയുടെ ഗതിമാറ്റങ്ങൾ, ചരിത്രപ്രസക്തി, കഥാന്ത്യം - ഇങ്ങനെ പലതുമറിയാൻ എനിക്ക് താല്പര്യമുണ്ട്. ഒരെഴുത്തുകാരിയായിരുന്നെങ്കിൽ ഞാൻ തീർച്ചയായുമെഴുതാൻ ശ്രമിക്കുന്നത് ക്രൂപ്സ്കയയെക്കുറിച്ചായിരിക്കും. ലെനിന്റെ എല്ലാ ചുവടുവയ്പുകളുടെയും ധൈഷണികപ്രവർത്തനങ്ങളുടെയും ഇന്ധനം ക്രൂപ്സ്കയയാണ് നല്കിക്കൊണ്ടിരുന്നത്.  അതു ചരിത്രം. അതത്ര കേൾക്കാറില്ലെന്നു മാത്രം"

ക്രിസ്റ്റഫറിന് കാര്യം മനസ്സിലായി. എങ്ങനെയാണ് ലെനിനെക്കുറിച്ചുള്ള നോവൽ വ്യത്യസ്തത പുലർത്താൻ പോകുന്നത്? ടോൾസ്റ്റോയ്, ദസ്തയേവ്സ്കി, ഗോർക്കി - അങ്ങനെയുള്ള മഹാരഥന്മാർ സ്വന്തം രക്തമുരുക്കി അതിൽ മുക്കിയെടുത്ത പേനകൊണ്ടെഴുതിയ ചരിത്രം സൃഷ്ടിച്ച നോവലുകൾ പലതുണ്ട്. അവയൊക്കെ ചിറകുകൾ വീശി ഭൂമിയിലെ പല ഭാഷകളിലേക്ക് പറന്നുകൊണ്ടിരിക്കുന്നു. അങ്ങനെയൊന്നായി തന്റെ നോവൽ മാറുമോയെന്ന ആധി പിടിമുറുക്കുന്ന നേരങ്ങളിൽ ഒരക്ഷരമെഴുതാനാവാതെ ഉറക്കം നഷ്ടപ്പെട്ട ദിവസങ്ങൾ സ്വന്തമാക്കാനായിരുന്നു തന്റെ വിധി.
ക്രിസ്റ്റഫർ ജീവനുള്ള മത്സ്യങ്ങളെ നോക്കിയിരുന്നു.
നോവലിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സംഭവിക്കേണ്ടതുണ്ട്. ഡോ. ഇറീന പറഞ്ഞുവരുന്നത് അതുതന്നെയാണെന്നും ക്രിസ്റ്റഫറിനറിയാം. വോൾഗ മുതൽ ക്രെംലിൻ വരെയുള്ള ജീവിതം, നാടുവിട്ടുപോകൽ, തിരിച്ചുവരവ്, ആശയസംഘർഷങ്ങൾ - ഇങ്ങനെയൊരു നേർരേഖ ലെനിന്റെ ജീവിതത്തിനുണ്ട്.

ക്രൂപ്സ്കയയെ കണ്ടുമുട്ടിയതിനുശേഷം അവർ ഭാര്യാഭർത്താക്കന്മാരായി ജീവിതം തുടങ്ങിയതും, ശേഷമുള്ള സംയുക്തസഞ്ചാരങ്ങളും, ഒക്ടോബർ വിപ്ലവത്തിനുശേഷമുള്ള റഷ്യ, സ്റ്റാലിന്റെ അധികാരവാഴ്ച, അതിനുശേഷമുള്ള ലെനിന്റെ മനംമാറ്റവും തിരിച്ചറിവുകളും, ഏകാധിപത്യത്തിന്റെ നിഴലനക്കവും വേരുറപ്പിക്കലും - ഇതുപോലുള്ള പല രേഖകളിലൂടെ എഴുത്ത് മുന്നോട്ടുപോകാൻ സാധ്യതയുണ്ട്. അവയിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കേണ്ടത് എഴുത്തുകാരൻ തന്നെയാണ്.

റഷ്യയിൽ പറയാൻ ഭയന്ന പലതുമുണ്ട്. പുറംലോകമറിയരുതെന്ന് നിർബന്ധമുണ്ടായിരുന്ന കാര്യങ്ങൾ. സൈബീരിയയിൽ മഞ്ഞ് പാളികൾ ഉരുകിയകലുമ്പോൾ കാണുന്ന സ്ഫടികചിത്രങ്ങൾപോലെ ചരിത്രം അടയാളപ്പെട്ടതാവണം ഈ നോവൽ. അത് പ്രസിദ്ധീകരിക്കാനാവാതെ എരിച്ചുകളയേണ്ടിവന്നാലും ആ ദൗത്യം നിർവ്വഹിക്കുമെന്നു തന്നെ ക്രിസ്റ്റഫർ റീഡ് ഉറപ്പിച്ചു. അതു കേട്ടപ്പോൾ ഡോ. ഇറീനയുടെ കണ്ണുകളിൽ അത്രനാളിനിടയിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള പ്രകാശം ഉദിച്ചു.
"തണുപ്പിന്റെ വിറയൻ വലയത്തിൽ നിന്നും ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളിൽനിന്നും റഷ്യ എങ്ങനെ രക്ഷപ്രാപിക്കും?" ക്രിസ്റ്റഫർ ചോദിച്ചു
"ആദ്യം പറഞ്ഞതിനെ മറികടക്കാൻ റഷ്യക്കാർക്ക് കഴിയുമെന്ന് ഓരോ വർഷവും അവർ തെളിയിക്കുന്നുണ്ട്. രണ്ടാമത്തേത് അത്ര നിസ്സാരമല്ലെന്ന കാര്യത്തിൽ സംശയമില്ല.” ഇറീന.

ഇറീന നടന്നു. ആദ്യചുവടിൽ വിറച്ചുവീഴുമെന്നു തോന്നി. ഒരു  സിഗരറ്റ് കത്തിച്ചു. ജനാലയ്ക്കൽനിന്ന് പുറത്തേക്കു നോക്കുമ്പോൾ ക്രിസ്റ്റഫർ ഒരു മരച്ചുവട്ടിൽ ചെന്നു നില്ക്കുന്നത് ഇറീന കണ്ടു. പിന്നെ എഴുത്തുമുറിയിലേക്കു പോകുന്ന വഴിയിലൂടെ അയാൾ നടന്നു.
ടൈഫസ്! റഷ്യയുടെ ഹൃദയരേഖ തിരിച്ചു വരച്ച മഹാവ്യാധി. അന്ന് ലെനിന്റെ മാനസികാവസ്ഥ എന്തായിരുന്നു? റഷ്യയുടെ ആ കാലം എങ്ങനെ ലെനിനെ ബാധിച്ചു? ക്രിസ്റ്റഫർ റീഡ് ആ ദിവസങ്ങളിലൂടെ സഞ്ചരിച്ചു.
അനാഥമന്ദിരങ്ങളിൽ കൃത്യമായി വിറകെത്തുന്നില്ല എന്നറിഞ്ഞ നിമിഷം മുതൽ സ്വസ്ഥമായി ഒരിടത്തിരിക്കാൻ ലെനിനു കഴിഞ്ഞില്ല. വലതുകൈ പോക്കറ്റിൽ തിരുകിയും പുറത്തെടുത്തും, മേശമേൽ മുറുകെയിടിച്ചും മുറിയിൽ തലങ്ങും വിലങ്ങും നടന്ന നേരങ്ങൾ. ലോഹവ്യവസായത്തിലെ തൊഴിലാളികൾക്കുള്ള റേഷൻ വർദ്ധിപ്പിക്കണം; നാട്ടുമ്പുറ പള്ളിക്കൂടങ്ങളിലേക്കുള്ള പാഠപുസ്തകങ്ങൾ കൃത്യമായി എത്തിച്ചുകൊടുക്കണം, ഡിക്രിയെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കണം - ഇങ്ങനെ റഷ്യയുടെ ഓരോ ഞരമ്പുകളും രക്തപ്രവാഹമുള്ളതാക്കുന്നതെങ്ങനെയെന്ന ചിന്ത മാത്രമായിരുന്നു ലെനിനെ ആ ദിവസങ്ങളിൽ മുന്നോട്ടുനയിച്ചത്. എല്ലാം വിസ്മരിച്ചുള്ള കഠിനപ്രയത്നങ്ങൾ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നത് ലെനിൻ കാര്യമായെടുത്തില്ല. മറ്റുള്ളവർ അതെക്കുറിച്ചു പറഞ്ഞതൊന്നും ഗൗരവത്തിൽ കണ്ടതുമില്ല.



സ്കൂൾകുട്ടികൾ ഉപയോഗിക്കുന്ന പേനകൊണ്ട് വിലകുറഞ്ഞ കടലാസിൽ റഷ്യയുടെ ചരിത്രമെഴുതുകയായിരുന്നു ലെനിൻ. ഇടയ്ക്ക് തല ചൊറിഞ്ഞും പിറുപിറുത്തും ഷൂസ് നിലത്തുചവിട്ടി ശബ്ദമുണ്ടാക്കിയും ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെയുള്ള എഴുത്തുനേരങ്ങൾ. ഇടയ്ക്ക് കസേരയിൽ നിന്നും ചാടിയെണീറ്റ് ജനാലയ്ക്കലേക്കു നടന്ന് ജനസമുദ്രത്തെ അഭിമുഖീകരിച്ചു നില്ക്കുംപോലെ കൈയുയർത്തി വീശി സംസാരിച്ചു.

ആരോ മുറിയിലേക്കു വരുന്നതിന്റെ കാലൊച്ച കേട്ട് ലെനിൻ നോക്കി. പ്രകാശമുള്ള ചിരിയുമായി ഒരാൾ. പെട്ടെന്ന് ലെനിൻ എഴുന്നേറ്റു. പ്രിയപ്പെട്ട ഒരാളെ ഗാഢമായി ആലിംഗനം ചെയ്യാനെന്ന മട്ടിൽ മുന്നോട്ടു നടന്നു. ലിയോനിദ് അലെക്സേയെവിച്ച് അത്ഭുതം കൂറിനിന്നു. പഴയ സുഹൃത്തായ തന്നെ കണ്ടതിലുള്ള ആഹ്ലാദം ലെനിന്റെ മുഖത്തും ചലനങ്ങളിലും ലിയോനിദ് കണ്ടു.
കാലമേറെയായി അവർ കണ്ടിട്ട്. എങ്കിലും ചില സ്നേഹവും സൗഹൃദവും സംഭവിച്ചുപോകുന്ന അകലങ്ങളെ മറികടന്ന് ചിറകുവിടർത്തി പറക്കും. വർഷങ്ങൾക്കു ശേഷമാണ് കാണുന്നതെങ്കിലും തലേന്നു രാത്രിയിൽ കണ്ടു പിരിഞ്ഞതുപോലെ തോന്നും. യാതൊരു പരിഭവവുമുള്ളിൽ വന്നു തിങ്ങില്ല.

ലിയോനിദ് കുറച്ചു ക്ഷീണിച്ചിട്ടുണ്ടല്ലോ? കണ്ണിന്റെ താഴെയുണ്ടായിരുന്ന ആ ചെറിയ കറുപ്പ് മുഖമാകെ പടർന്നിട്ടുമുണ്ട്. എന്താണിത്? സമയത്തിനും കാലത്തിനും ഭക്ഷണമൊന്നും കഴിക്കുന്നില്ലേ?" ലെനിൻ ആകുലതയോടെ ചോദിച്ചു.
എന്തു പറയണമെന്നറിയാതെ നിന്ന ലിയോനിദ്! വന്നിവിടെ കയറി കഴിഞ്ഞ് മേശയ്ക്കു കീഴിൽ കാലൊളിപ്പിക്കാൻ ശ്രമിച്ചതും ആകെ പരിഭ്രമിച്ചതുമൊക്കെ ലെനിൻ ശ്രദ്ധിച്ചിട്ടുണ്ടാകുമോ? ഇങ്ങനെയൊക്കെ ആലോചിച്ചു നില്ക്കേ ലെനിന്റെ സംസാരം ലിയോനിദ് അത്ഭുതത്തോടെ കേട്ടു.
"ശാസ്ത്രലോകത്തിന് തക്ക  സംഭാവനകൾ നല്കാൻ കഴിയണമെങ്കിൽ ബുദ്ധിയുണർന്നു പ്രവർത്തിക്കണം. മസ്തിഷ്കം ഉന്മേഷകരമാകണമെങ്കിൽ നല്ല ഭക്ഷണവും വിശ്രമവും കിട്ടണം. ഇതു രണ്ടും ലിയോനിദിന് ലഭിക്കുന്നുണ്ടെന്ന് തോന്നുന്നില്ലല്ലോ!"
"കാലം വിഷമംപിടിച്ചതല്ലേ വ്ലജിമീർ. ഇതൊക്കെ സഹിക്കാതെ വയ്യല്ലോ?" ലിയോനിദ് പറഞ്ഞു. കസേര കുറച്ചുകൂടി അടുത്തേക്ക് നീക്കിയിട്ട് ലെനിൻ ലിയോനിദിന്റെ കണ്ണുകളിലേക്ക് നോക്കി.
"എന്തെങ്കിലും പരാതിയുണ്ടോ?" ലെനിൻ.
"ഇല്ല വ്ലജിമീർ ഒന്നുമില്ല." ലിയോനിദ്
എന്തോ ഒന്നുകൂടി ലിയോനിദിനു പറയാനുണ്ടെന്നു തോന്നിയതോടെ ലെനിൻ കസേര കുറച്ചുകൂടി അടുത്തേക്ക് നീക്കി.

"സൈബീരിയയിലേക്കൊരു പഠനസംഘത്തെ അയയ്ക്കാനാകുമോ എന്നറിയാനാണ് ഞാൻ വന്നത്. 1908 ജൂൺ 30 ന് നടന്ന ആ സംഭവത്തെക്കുറിച്ച് വ്ലജിമീർ കേട്ടിട്ടുണ്ടാകണം. ശാസ്ത്രലോകത്തിനേറെ താല്പര്യമുള്ള സംഭവമാണത്. സൈബീരിയയിൽ തൈഗായിൽ ഉൽക്കാപിണ്ഡം വന്നുവീണത് വളരെ ഗൗരവത്തോടെ വേണം നാം കാണേണ്ടത്."
ജിജ്ഞാസയുടെ തിളക്കമുള്ള ലിയോനിദിന്റെ കണ്ണുകളിലേക്ക് നോക്കി ലെനിൻ ചിരിച്ചു.
"ഒരു ഉല്ക്കാപിണ്ഡം വന്നുവീണു എന്നതിനപ്പുറം എനിക്കൊന്നുമറിഞ്ഞുകൂടാ ലിയോനിദ്" സംഭാഷണം ഒന്നു നിർത്തിയശേഷം കസേര ലിയോനിദിന്റെ അരികിലേക്ക് വീണ്ടും നീക്കിയിട്ട് ലെനിൻ പറഞ്ഞു:
"ആ വർഷം കൂടി ഞാൻ മറന്നിരിക്കുന്നു!"
പ്രിയമുള്ളവരെ കണ്ടാൽ മറ്റെല്ലാം മറന്ന് എത്രനേരം വേണമെങ്കിലും സംസാരിക്കുന്ന പ്രകൃതമാണ് ലെനിന്റേത്. ഡോക്ടർമാരോട് വൈദ്യശാസ്ത്രത്തെക്കുറിച്ച്, അധ്യാപകരോട് വിദ്യാഭ്യാസത്തെക്കുറിച്ച്, പട്ടാളക്കാരോട് സൈനിക ജീവിതത്തെക്കുറിച്ച്, കർഷകരോട് കൃഷിരീതികളെക്കുറിച്ച് - അങ്ങനെ റഷ്യയുടെ അതിർത്തിക്കുള്ളിലെ മാത്രമല്ല ലോകാന്തരങ്ങളിലെ ഓരോ ചലനവും ലെനിൻ മനസ്സിലാക്കിയിരുന്നത് പ്രിയപ്പെട്ടവരിൽ നിന്നായിരുന്നു. ലിയോനിദ് അലെക്സേയെവിച്ചെന്ന് സ്നേഹപൂർവ്വം സംബോധന ചെയ്തു് ലെനിൻ തുടർന്നു:
"പല പുസ്തകങ്ങളിൽ തിര‍ഞ്ഞാലും കിട്ടാത്ത ശാസ്ത്രജ്ഞാനമാണ് ദാ, ഈ മസ്തിഷ്കത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, ദാഹമോ വിശപ്പോ കണക്കാക്കാതെ അരണ്ടവെളിച്ചത്തിലിരുന്ന് വായനയിലൂടെ നേടിയ ശാസ്ത്രപാഠങ്ങളുടെ ഈ പേടകത്തോടുള്ള എന്റെ ആരാധന ചെറുതല്ല."
‍ലിയോനിദിന് ലെനിൻ തന്നെ കളിയാക്കുകയാണോ എന്ന സംശയം തോന്നിയില്ല. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രയത്നത്തിൽ മറ്റുള്ളവരുടെ യത്നങ്ങളെക്കൂടി വിളക്കിച്ചേർക്കാനുള്ള ലെനിന്റെ കഴിവ് അപാരം തന്നെയാണ്. ഉല്ക്കാപിണ്ഡത്തെപ്പറ്റിയുള്ള പഠനത്തിനായി ഒരു സംഘം എത്രയുംപെട്ടെന്ന് സൈബീരിയയിലേക്ക് പോകേണ്ടതാണ്. അതിനാവശ്യമായ ചെലവുകൾ താങ്ങാൻ പര്യടനസംഘത്തിലുള്ളവർക്ക് കഴിവില്ല. ഇതേക്കുറിച്ചെങ്ങനെ വിശദമാക്കുമെന്ന സന്ദേഹത്തിൽ കുരുങ്ങി നില്ക്കുമ്പോൾ ശബ്ദം താഴ്ത്തി പേര് വിളിച്ചുകൊണ്ട് ലെനിൻ കസേരയിൽ നിന്നുമെഴുന്നേറ്റു.

"ഉല്ക്കാപിണ്ഡത്തെക്കുറിച്ചു പഠിക്കാൻ പുറംരാജ്യങ്ങളിൽ നിന്നും പല സംഘങ്ങളുമെത്തുമെന്നാണറിയുന്നത്." കോർഷുനവ് ലെനിന്റെ കണ്ണുകളിലേക്ക് നോക്കി. ലെനിൻ പോക്കറ്റിൽനിന്ന് തൂവാലയെടുത്ത് ഇടതുകൈകൊണ്ട് മുഖമൊന്നു തുടച്ചു.
"ഇല്ല, മറ്റുരാജ്യങ്ങളൊന്നും നമ്മുടെ രാജ്യത്തുവീണ ഉല്ക്കാപിണ്ഡത്തെക്കുറിച്ചു പഠിക്കാൻ വരേണ്ടതില്ല.. അവർക്ക് അതിനുള്ള അവകാശവുമില്ല. പറയൂ എന്തെല്ലാമാണ് നിങ്ങളുടെ യാത്രാസംഘത്തിന്റെ അടിയന്തരമായ ആവശ്യങ്ങൾ. അതൊക്കെ നിറവേറ്റേണ്ടത് ഏത് പരീക്ഷണകാലമാണെങ്കിലും രാജ്യത്തിന്റെ കടമയല്ലേ?" ലെനിൻ സന്ദേഹമേതുമില്ലാതെ പറഞ്ഞു.

ലിയോനിദിന്റെ മുഖം തെളിഞ്ഞു. ഉല്ക്കാപിണ്ഡപഠനത്തിനുവേണ്ടിവരുന്ന ചെലവുകളെപ്പറ്റി വ്യക്തമായൊരു മാർഗ്ഗേരേഖ തയ്യാറാക്കിയിരുന്നു. കൃത്യമായ മുൻധാരണയോടുമാത്രമേ ഈ ശാസ്ത്രമനസ്സ് ഓരോ ചുവടും നീക്കൂ എന്ന് ലെനിനും ഉറപ്പുണ്ടായിരുന്നു.
ചിലരങ്ങനെയാണ്. അവർ സ്വയം വിചാരിച്ചാൽപ്പോലും മലിനമായ പാതകളിലൂടെ സഞ്ചരിക്കാനാവില്ല. അശുദ്ധമായ രക്തം അവരുടെ ഹൃദയധമനികളിലേക്ക് ഒഴുക്കിവിടാനും കഴിയില്ല. അക്കൂട്ടത്തിലൊരാളാണ് തന്റെ സുഹൃത്തെന്ന് ലെനിൻ പറയാതെ പറയുന്നുണ്ടായിരുന്നു.
ലെനിൻ ലിയോനിദിന്റെ കയ്യിൽനിന്നും വാങ്ങിയ ലിസ്റ്റ് വിശദമായി വായിച്ചുനോക്കി. പതുക്കെപ്പതുക്കെ മുഖം വിഷാദമൂകവും നിരാശാഭരിതവുമാകുന്നത് ലിയോനിദ് കണ്ടു. പലതവണ ലെനിൻ ആ കടലാസ് മുകളിൽനിന്നും താഴേക്കും താഴെനിന്നും മേലേക്കും വായിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ലിയോനിദ് ചിലത് വിശദമാക്കണമെന്നുറച്ചു. ചെറിയ വിക്കലോടെയാണ് തന്റെ ശബ്ദം പുറത്തു വരുന്നതെന്നും.

"ഒരുപക്ഷേ ഈ ലിസ്റ്റ് കുറച്ചുകൂടി എനിക്ക് വെട്ടിച്ചുരുക്കാനായേക്കും."
ഇതുകേട്ട ലെനിൻ കസേരയിൽനിന്നും എഴുന്നേറ്റു. തലങ്ങും വിലങ്ങും നടക്കുന്നതിനിടയിൽ പരസ്പരം നോക്കിയതല്ലാതെ അവർ കുറേനേരം യാതൊന്നും സംസാരിച്ചില്ല.
ലിയോനിദാണ് ആ നിശ്ശബ്ദത മുറിച്ചത്.
“നോക്കൂ വ്ലജിമീർ, ഞങ്ങളുടെ പര്യടനസംഘം സൈബീരിയയിലേക്ക് പോകുക തന്നെ ചെയ്യും. ഉല്ക്കാപിണ്ഡത്തെപ്പറ്റി പഠിക്കും. നമ്മുടെ രാജ്യത്തിന്റെ പരാധീനതകൾ മനസ്സിലാക്കുന്നവരാണ് ഞങ്ങൾ.”
ഒറ്റശ്വാസത്തിലാണ് ലിയോനിദ് ഇത്രയും പറഞ്ഞത്. ഏറ്റവും പ്രിയപ്പെട്ട ഒരാളെന്ന പോലെ ലെനിന്റെ ശ്രദ്ധ മുഴുവൻ ആ ശാസ്ത്രജ്ഞന്റെ വാക്കുകളിൽ മാത്രമായിരുന്നു. തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെന്നും, ഇനി തീരുമാനം  വ്ലജിമീറിന്റേതാണെന്നുമുള്ള ഭാവത്തിലായിരുന്നു ലിയോനിദിന്റെ നോട്ടം.
“നിങ്ങൾ ചോദിച്ചതൊക്കെ പരിമിതമാണെന്നാണ് എന്റെ തോന്നൽ. ഇത്രയും പേർക്ക് സൈബീരിയയിലേക്ക് പോകണം. ഉല്ക്കാപിണ്ഡത്തെപ്പറ്റി പഠിക്കണം. ലിയോനിദ്, നിങ്ങൾ റഷ്യയുടെ ശാസ്ത്രമുന്നേറ്റത്തിലെ ഭാവിയുടെ കാവല്ക്കാരാണ്. ഈ ലിസ്റ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുമായി ആ തണുപ്പൻ കാടുകളിലേക്ക് പോകാനാകുമോ എന്നതു മാത്രമാണ് എന്റെ സംശയം!”
ലെനിൻ കോർഷുനോവിനെ തന്നെ നോക്കിയിരുന്നു.
"വ്ലജിമീർ, ഇത്രയും നല്കാൻ നമ്മുടെ രാജ്യത്തിനിന്ന് കെല്പുണ്ടോ? അതുണ്ടാവുമ്പോൾ ഇതിനപ്പുറം ഞങ്ങൾക്കു ലഭിക്കുമെന്നെനിക്കുറപ്പുണ്ട്."
ലിയോനിദ് കീറിപ്പൊളിഞ്ഞ ഷൂസ് ലെനിൻ കാണാതിരിക്കാനായി കാൽ മേശയുടെ കീഴിലേക്ക് നീക്കിവച്ചു.
"നിങ്ങൾ പോകുന്നു. ഉല്ക്കാപിണ്ഡത്തെപ്പറ്റി പഠിക്കുന്നു. റഷ്യയുടെ മേഘമാലകൾക്കിടയിൽ നിങ്ങൾ പറത്തിവിടാൻ പോകുന്ന പക്ഷികൾ സൗരയൂഥങ്ങളും ഗോളാന്തരങ്ങളും മറികടക്കും.
ലെനിന്റെ മുഖം തെളിഞ്ഞു. തിരിച്ചുപോകാനായെണീറ്റ സുഹൃത്തിനോടൊപ്പം പുറത്തേക്കു നടന്ന ലെനിൻ പോക്കറ്റിൽ നിന്നും കുറച്ചു മുഷിച്ച നോട്ടുകളെടുത്തു. എന്തിനെന്ന മട്ടിൽ നോക്കിയ ലിയോനിദിനോട് ലെനിൻ പറഞ്ഞു: "പുതിയൊരു ജോഡി ഷൂസ് വാങ്ങൂ. അങ്ങ് സൈബീരിയവരെ പോകേണ്ടതല്ലേ? കോച്ചിപ്പിടിക്കുന്ന തണുപ്പാണവിടെ. ഒരു നല്ല സ്വെറ്ററും വാങ്ങൂ."
ലിയോനിദിന്റെ കണ്ണുകൾ നിറഞ്ഞു. ലെനിന്റെ ഷൂസിലേക്കു നോക്കി ലിയോനിദ് ചോദിച്ചു:
“എന്നാണ് ഇതുമാറ്റി മറ്റൊന്ന് വാങ്ങുക?”
“അതിനിനിയും സമയമുണ്ടല്ലോ പ്രിയസുഹൃത്തേ!”
ലെനിൻ ലിയോനിദിനെ നെഞ്ചോടു ചേർത്തു.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments