അധ്യായം 28
തെന്നുവണ്ടിയിൽ
യുസേവിച്ച് തല പുറത്തേക്കിട്ട് ‘ലോകവിപ്ലവം നീണാൾ വാഴട്ടെ’ എന്ന് അത്യുച്ചത്തിൽ വിളിച്ചപ്പോൾ ലെനിൻ ഉറക്കെ ചിരിച്ചു. ആ ചിരി മറ്റുള്ളവരിലേക്കും പടർന്നു.
പല കാലങ്ങളിലെ ലെനിൻ യാത്രകളുടെ ഓർമയിൽ ഇറീനയും ക്രിസ്റ്റഫർ റീഡും സഹയാത്രികരായി.
ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമുള്ള മറുപടി ലെനിൻ ഒരിക്കൽ കൂടി വായിച്ചു. അവരുടെ മണ്ണിലൂടെ റഷ്യയിലേക്കു മടങ്ങാനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ളതായിരുന്നു ആ എഴുത്തുകൾ. സ്വീഡിഷ് പാസ്പോർട്ട് സൂക്ഷിക്കുന്നവർക്കും യാത്രാനുമതി ലഭിച്ചില്ല. അവരുടെ ഭാഷയറിയാത്തതാണ് കാരണമെന്നും വിശദമാക്കിയിരുന്നു. റഷ്യയിലേക്കു മടങ്ങാൻ എന്താണൊരു പോംവഴി? പല സാദ്ധ്യതകൾ ആലോചിച്ചെങ്കിലും ആർക്കും കൃത്യമായൊരുത്തരം പറയാനായില്ല.
ദിവസങ്ങൾക്കുശേഷം അതു സംഭവിച്ചു. റഷ്യയിലേക്കുള്ള തീവണ്ടി പിടിക്കാനായി റെയിൽവേ സ്റ്റേഷനിലുള്ളവരൊക്കെ തിടുക്കംകൂട്ടി പായുകയാണ്. അതിനിടയിൽ ലെനിനെ കണ്ട ചിലർഅത്ഭുതം തൂകിയ കണ്ണുകളുമായി നിന്നു. പലർക്കുമൊന്ന് ഹസ്തദാനം നല്കണമെന്നും സംസാരിക്കണമെന്നുമുണ്ട്. അതിനുള്ള ഒരുക്കം നടത്തുമ്പോഴേക്കും ലെനിൻ നല്ല ദൂരത്തിലെത്തിയിട്ടുണ്ടാകും.
അതിനിടയിൽ തിക്കും തിരക്കുമേറിക്കൊണ്ടിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരെന്ന മട്ടിൽ ലെനിൻ മുന്നിൽ വന്നവരോട് സംസാരിച്ചും ആവേശപൂർവ്വം കൈകളുയർത്തി വീശിയും നില്ക്കുകയാണ്. തീവണ്ടിയെത്താൻ വൈകുമെന്ന അറിയിപ്പിനൊപ്പം മുപ്പതുപേരുള്ള റഷ്യൻ സംഘത്തിലെ ഓരോരുത്തരുടെയും മുഖത്തെ പ്രസന്നഭാവം കണ്ട് മറ്റു രാജ്യങ്ങളിലുള്ളവർ നോക്കി നിന്നു. മറ്റുചിലർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മെൻഷവിക്കുകളുമായി മാനസികമായ സമാനത സൂക്ഷിക്കുന്നവർ അനിഷ്ടകരമായതെന്തോ കണ്ടതുപോലെ റഷ്യൻകൂട്ടത്തെ നോക്കിനില്ക്കുന്നുണ്ട്. ചുറ്റും നടക്കുന്ന കോലാഹലങ്ങളൊക്കെ സഹിച്ചു് യാതൊരീർഷ്യയും പ്രകടിപ്പിക്കാതെ ലെനിൻ ഫ്രിറ്റ്സ് പാറ്റണുമായി സംസാരിച്ച് നല്ല വെളിച്ചത്തിലേക്ക് മാറിനിന്നു.
ക്രൂപ്സ്കയയുടെ ഡയറിക്കുറിപ്പുകളിലൂടെ ക്രിസ്റ്റഫർ റീഡിന്റെ ചൂണ്ടുവിരൽത്തുമ്പ് സഞ്ചരിച്ചു.
എന്താണ് ഇറീന ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്? നോവലിലെ ചില അദ്ധ്യായങ്ങൾ വായിച്ചപ്പോഴും താൻ എഴുത്തിന്റെ ചുഴികളിൽ കുരുങ്ങി വേവുപിടിച്ചു നില്ക്കുമ്പോഴുമൊക്കെ ഇറീന നിരന്തരം പറഞ്ഞത് എഴുത്തുകാരന്റെ ഉള്ളുരുക്കത്തെക്കുറിച്ചാണ്. കറകളഞ്ഞ കമ്യൂണിസ്റ്റായ പിതാവ് മരണംവരെ പരാജിതനായ ഒരെഴുത്തുകാരന്റെ ആത്മസംഘർഷങ്ങളിൽ എരിയുന്നതാണ് താൻ കണ്ടിട്ടുള്ളതെന്നു പറയുമ്പോൾ ഇറീനയുടെ കണ്ണുകൾ കരകവിയുന്നതാണ് എപ്പോഴും കണ്ടിട്ടുള്ളത്. എന്റെ അച്ഛന്റെ പ്രതിബിംബമാകാൻ ക്രിസ്റ്റഫർ, ദയവായി നീ ശ്രമിക്കരുതെന്നും ഇറീന ഓർമ്മിപ്പിച്ചു.
"മൈക്കൽ ഉല്യാനവ് എന്തിനാണ് ആത്മഹത്യ ചെയ്തത്?" ക്രിസ്റ്റഫർ റീഡ് തീവണ്ടിയാത്രയിൽ, ഉല്ലാസഭരിതമായ ഒരു സായാഹ്നത്തിൽ ഡോ. ഇറീനയുടെ ഗോതമ്പുനിറമുള്ള മെല്ലിച്ചവിരലുകളിൽ പതുക്കെ തൊട്ടുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. നീണ്ടമൗനത്തിന്റെ കരയിൽ പരസ്പരം നോക്കിയിരുന്ന് രാത്രി പുലരുംവരെ അവർ യാത്ര തുടർന്നു. പുലർച്ചെ ഇറീനയ്ക്കു പങ്കെടുക്കേണ്ടിയിരുന്ന കുട്ടികൾക്കായുള്ള മനഃശാസ്ത്രക്ലാസിൽ പിൻനിരയിൽ ഒരു വിദ്യാർത്ഥിയുടെ ജിജ്ഞാസയോടെ ക്രിസ്റ്റഫർ ഇരുന്നു. ഉച്ചഭക്ഷണശേഷം മടങ്ങുമ്പോഴാണ് ഇറീന ക്രിസ്റ്റഫറിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.
"... ക്രിസ്റ്റഫർ, എന്റെ അച്ഛൻ മീഹയേൽ ഉല്യാനവിന് ആത്മഹത്യ ചെയ്യാൻ കഴിഞ്ഞത്; അല്ല അദ്ദേഹമതിനു നിർബന്ധിതനായതെന്തുകൊണ്ടാവും? മനഃശാസ്ത്രവിദ്യാർത്ഥിനിയായിരിക്കുമ്പോൾ സ്വയംഹത്യയെക്കുറിച്ചുള്ള എന്റെ ചിന്ത രാത്രികളെ ഉഷ്ണം കൊണ്ടു നിറച്ചിട്ടുണ്ട്. അമ്മ ആ നടുക്കത്തിൽ നിന്നും മുക്തയാകാതെ ഉറക്കം ഒരു വിദൂരസ്വപ്നമായി കണ്ട നാളുകളായിരുന്നു അത്!"
ചില നിശ്ശബ്ദതയെ അതിന്റെ സ്വാഭാവികമായ അന്ത്യത്തിനു വിടുന്നതാണ് നല്ലതെന്ന് ക്രിസ്റ്റഫറിന് തോന്നി. കരിവണ്ടിയുടെ ശബ്ദം ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.
ഇറീനയുടെ ശബ്ദം ഇത്രമാത്രം നേർത്ത് ക്രിസ്റ്റഫർ കേട്ടിട്ടില്ല. "നമ്മൾ പലതവണ സംസാരിച്ചിട്ടുള്ളതാണ് മിഹയിൽ ഉല്യാനവിനെക്കുറിച്ച്. റഷ്യയിൽ ബൽഷെവിക്കുകൾ അധികാരത്തിലെത്തുമെന്നും ഭൂമിയുടെ യഥാർത്ഥ അവകാശികൾ ഈ ആകാശം ചുവപ്പിക്കുമെന്നും മിഹയിൽ വിശ്വസിച്ചു. തൊഴിൽശാലകളിലും കൃഷിയിടങ്ങളിലും വിശ്രമമില്ലാതെ കയറിയിറങ്ങി വിപ്ലവത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. ലെനിനും ട്രോട്സ്കിയും റോസാലെക്സംബർഗുമൊക്കെയായി അച്ഛൻ ഗാഢമായ ബന്ധം സൂക്ഷിച്ചു. പിന്നെവിടെവച്ചാണ് സ്വന്തം മകളെയും ഭാര്യയെയും അക്ഷരങ്ങളെയും വിട്ട് ജീവിതമവസാനിപ്പിക്കാൻ മൈക്കൽ തീരുമാനിച്ചത്? എന്തായിരിക്കും അതിന്റെ യഥാർത്ഥ കാരണം?
തിരക്കുപിടിച്ച തീവണ്ടി മുറിയിൽ ഇറീനയും താനും മാത്രമാണുള്ളതെന്ന് ക്രിസ്റ്റഫറിനു തോന്നി. ഇനിയുള്ള ഒന്നരമണിക്കൂർ യാത്രയവസാനിക്കുമ്പോഴേക്കും മൈക്കലിന്റെ ആത്മഹത്യയെക്കുറിച്ച് ചോദിച്ചറിയണം. ഒരു മകൾ ഒരിയ്ക്കലും മറ്റൊരാളോട് അത് പറയാൻ ഇഷ്ടപ്പെട്ടെന്നു വരില്ല. ധീരനായ, ഏതൊരു പ്രതിസന്ധിയെയും അനായാസം അതിജീവിക്കുന്ന ഒരച്ഛനെയാണ് ഒരു മകൾ സ്വപ്നം കാണുന്നത്. പതറി നില്ക്കുന്ന കാലടികൾ താങ്ങിനിർത്താൻ ഭൂമിയുടെ ആഴത്തിൽനിന്നും ഉറപ്പുള്ളൊരു വേരായുയർന്നുവരുന്ന ഒരച്ഛനെയാണ് ഏതൊരു മകളും ഹൃദയത്തിൽ കൊണ്ടുനടക്കുന്നതും.
ഇറീനയുടെ അഴിഞ്ഞുവീണ കണ്ണടയെടുത്ത് തുടച്ച് നല്കുമ്പോൾ ആ കണ്ണുകളിലേക്ക് ക്രിസ്റ്റഫർ നോക്കി. ഇമനനഞ്ഞൂർന്നൊഴുകുന്നത് മറ്റാരും കാണാതിരിക്കാൻ ഇറീന ശ്രമിക്കുന്നുണ്ട്. മനഃശാസ്ത്രപാഠങ്ങൾ പലതും പറഞ്ഞ് മറ്റുള്ളവരുടെ മനോനില സമനിലയിലെത്തിച്ച് തിരികെ നല്കുന്നതിൽ ശ്രദ്ധാലുവാണ് എപ്പോഴും ഇറീന. പക്ഷേ, സ്വന്തം മനസ്സിന്റെ സഞ്ചാരം നിയന്ത്രിക്കാനാവാതെ ഉടൽ വിറയലോടെ ഇറീന പുറത്തേക്കു നോക്കിയിരുന്നു.
"എഴുത്തിലെ പരാജയഭീതിയായിരുന്നു എന്റെ അച്ഛനെ ജീവിതത്തിനുചുറ്റും വൃത്തം വരയ്ക്കാൻ പ്രേരിപ്പിച്ചത്. അതിനുള്ളിൽ കിടന്ന് ഞരങ്ങിയും മൂളിയും തലമുടി പിഴുതെറിഞ്ഞും കൈഞരമ്പുകൾ മുറിച്ചും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞ എത്രയെത്ര രാത്രികൾക്ക് ഞങ്ങൾ സാക്ഷിയായിട്ടുണ്ട്. എഴുതിയ കവിതകൾ സ്വയം വായിച്ച് തൃപ്തിവരാതെ ചീന്തി ജനാലയിലൂടെ പുറത്തേക്കെറിയുന്നതും ഞങ്ങൾ നോക്കി നിന്നിട്ടുണ്ട്.” ഇറീന.
"ഗോർക്കിയുമായി അടുപ്പമുണ്ടായിരുന്നില്ലേ അച്ഛന്?" ക്രിസ്റ്റഫർ.
"ഉണ്ടായിരുന്നു. ഗോർക്കിയെഴുതിയ കത്തുകൾ നിധിപോലെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചിരുന്നു. ലെനിന്റെ നിരവധി കത്തുകൾക്കൊപ്പം ഒരു ഫയലിലാണ് അത് കണ്ടെടുത്തത്. അച്ഛൻ എഴുതിയ ചില കവിതകൾ വായിച്ച് നല്ലതെന്നും വളരെ മികച്ചതെന്നുമൊക്കെ ഗോർക്കി എഴുതിയിട്ടുണ്ട്. എന്നു മാത്രമല്ല ലെനിന്റെ ഒരു കത്തിൽ വായനയ്ക്കും കവിതയെഴുത്തിനുമായി രാത്രികാലങ്ങൾ മാറ്റിവയ്ക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു" ഇറീന.
"ഈ രണ്ടുപേരുടെ സ്നേഹവും പ്രോത്സാഹനവും നേടാനായിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഒരു കവിതപോലും പ്രസിദ്ധീകരിക്കാൻ ശ്രമിക്കാതിരുന്നത്. എന്തുകൊണ്ടാവും കവിയെന്ന നിലയിൽ യാതൊരു സ്വീകാര്യതയ്ക്കുവേണ്ടിയും മുന്നിട്ടിറങ്ങാതിരുന്നത്?" ക്രിസ്റ്റഫർ സംശയിച്ചു.
"ചിലർ അങ്ങനെയാണ് ക്രിസ്റ്റഫർ. അവർപോലുമറിയാതെ അവരുടെ വിധിയിലേക്ക് നടന്നടുക്കും. എന്റെ അച്ഛന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ മരണത്തിന് പിന്നിൽ ചില സംശയങ്ങൾ എന്നും അവശേഷിക്കുന്നുണ്ട്." ഡോ. ഇറീന ചുറ്റും നോക്കി.
"ട്രോട്സ്കിയുമായുള്ള അടുപ്പം ഉപേക്ഷിക്കണമെന്ന് ഒരു രാത്രിയിൽ അച്ഛനു മുന്നറിയിപ്പുകൊടുത്തത് എന്റെ അമ്മാവനാണ്. അച്ഛൻ അതത്ര കാര്യമായെടുത്തില്ല. ലെനിന് വെടിയേറ്റ അതേ രാത്രിയിലായിരുന്നു അത്."
ഡോ. ഇറീനയുടെ കണ്ണുകളിൽ അത്രനാളും കാണാത്തൊരു ഭയം ക്രിസ്റ്റഫർ കണ്ടു.
"ഇല്ല, എന്റെ നോവൽ അങ്ങോട്ടേക്കെത്തിയിട്ടില്ല. ഇപ്പോൾ ഇറീന അതൊക്കെ വെളിപ്പെടുത്തിയാൽ എന്റെ എഴുത്തിനെ അത് ബാധിക്കുമെന്ന് തോന്നുന്നു. നമുക്ക് തുടർന്നുള്ള സംഭവങ്ങൾ മറ്റൊരു ദിവസം സംസാരിക്കാം." ക്രിസ്റ്റഫർ കുറച്ചുകൂടി ഇറീനയോടു ചേർന്നിരുന്നു.
"എവിടെവരെയാണ് ക്രിസ്റ്റഫർ നോവൽ എഴുതി നിർത്തിയത്." ഇറീന ചോദിച്ചു. പല വിതാനങ്ങളിൽ നിന്നും തന്നെ പേര് ചൊല്ലി വിളിക്കുകയും ഇടയ്ക്ക് മോളേ പൊന്നോമനേയെന്നൊക്കെയുള്ള സ്നേഹവചനങ്ങൾ ചൊരിഞ്ഞും നിന്ന അച്ഛന്റെ ഗന്ധത്തിൽനിന്നും ഡോ. ഇറീനയ്ക്ക് അത്രപെട്ടെന്ന് പുറത്തേക്കു കടക്കാനായില്ല.
"ലെനിനും ഇരുപത്തൊമ്പതുപേരുള്ള സംഘവും ജർമ്മനിയിലൂടെ കടന്നുപോകുന്നതിനെ മെൻഷെവിക്കുകൾ പ്രതിരോധിക്കാൻ ശ്രമിച്ചു. തീവണ്ടിയിൽ കയറിയശേഷം ലെനിൻ അലോസരമുണ്ടാക്കുന്നതെന്തോ മനസ്സിൽ കുരുങ്ങിയ മട്ടിലായി. ജനാലയ്ക്കരികെയുള്ള സീറ്റിൽ കുറച്ചുനേരത്തേയ്ക്ക് തന്നെയൊന്ന് വെറുതെ വിടൂ എന്ന മട്ടിലായിരുന്നു ആളിന്റെ ഇരുപ്പ്."
നോവലിന്റെ അവസാനമെഴുതിയ പാരഗ്രാഫ് ക്രിസ്റ്റഫർ ഓർത്തെടുത്തു. പെട്ടെന്ന് ഇറീനയുടെ മനസ്സ് ജർമ്മൻ റെയിൽവേസ്റ്റേഷനിലെത്തി.
"കാലത്തെയും ചരിത്രത്തെയും വിപ്ലവത്തെയും ചിലപ്പോൾ രേഖീയതയിൽ നിന്നും മോചിപ്പിക്കേണ്ടിവരും. ലംബം തിരശ്ചീനമായും തിരശ്ചീനം ലംബവുമായി മാറും. അതാണ് നോവലെഴുത്തിന്റെ സ്വാതന്ത്ര്യവും സത്യവും." ഇറീന പറഞ്ഞു.
ഇറീനയെ കേട്ടുകൊണ്ടിരുന്ന ക്രിസ്റ്റഫർ പതിവിലേറെ നിശ്ശബ്ദനായിരുന്നു. ജർമ്മനിയിലൂടെയുള്ള യാത്രയിൽ മുതിർന്ന പൗരരുടെ അഭാവം ലെനിന്റെ ശ്രദ്ധയിൽ വന്നു. ഭക്ഷണത്തിലും സംസാരത്തിലും ധാരാളികളായ ജർമ്മൻകാർ മറ്റുള്ളവരെ അധികം ശ്രദ്ധിക്കുന്ന പ്രകൃതക്കാരായിരുന്നില്ല. അവർ അവരുടേതു മാത്രമായ തീവണ്ടിയിൽ അന്യരാരോ കയറിയിറങ്ങുന്നെന്ന ഭാവത്തിലായിരുന്നു പെരുമാറിയത്.
സ്റ്റോക്ഹോം റെയിൽവേ സ്റ്റേഷനിലെ സ്വീകരണവും യോഗവും ലെനിന് പുതിയൊരുണർവ്വു നല്കിയതായി ക്രൂപ്സ്കയ ഡയറിയിൽ കുറിച്ചിരുന്നു. ഫ്രിറ്റ്സ് പ്ലാറ്റെണെയും റാദെക്കിനെയും റഷ്യയിലേക്ക് കടക്കാൻ അനുവദിക്കാത്തതിൽ ലെനിൻ ക്ഷുഭിതനായി. പോലീസ് ഉദ്യോഗസ്ഥന്റെ കർശനനിലപാടിനെ ലെനിൻ ചിരിച്ചുതള്ളി. ബൽഷെവിക്കുകളെ തടയാനുള്ള ശ്രമത്തിൽനിന്നും പോലീസ് പിൻമാറിയത് മേലുദ്യോഗസ്ഥന്റെ പരസ്യനിർദ്ദേശത്തെത്തുടർന്നായിരുന്നു. ലെനിന്റെ രൂക്ഷമായ നോട്ടം അതിനു കാരണമായിട്ടുണ്ടായിരുന്നു.
സ്വീഡനിൽ നിന്നും ഹിമസവാരിക്കുള്ള വണ്ടിയിൽ ലെനിനും സംഘവും ഫിൻലാൻഡിലേക്കു പ്രവേശിച്ചു. റഷ്യൻ സംഘത്തെമാത്രം നോക്കിയിരിക്കുകയായിരുന്നു ലെനിൻ.
(തുടരും)