അധ്യായം 49
കരിമ്പൂച്ചകൾ
ലെനിനെക്കുറിച്ച് മറ്റൊരാളുമറിയാത്ത ചില രഹസ്യങ്ങളാണ് ബെക്തറേവിന്റെ മുറിയിൽനിന്ന് ക്രിസ്റ്റഫറിന് ലഭിച്ചത്. അത് നോവലിൽ പുതിയ രേഖകൾ വരയ്ക്കാൻ തുടങ്ങി.
‘‘... എന്നേക്കാൾ പതിമൂന്ന് വയസ്സിന് ഇളപ്പമുണ്ടായിരുന്നു വ്ലജിമീർ ഇല്ലിച്ച് ഉല്യാനോവിന് .... " - ഇങ്ങനെ തുടങ്ങുന്നതായിരുന്നു ആ എഴുത്ത്. ലെനിന് ഏറ്റവും പ്രിയമുള്ള വയലറ്റ് നിറമുള്ള മഷിപ്പേന കൊണ്ട് ഡോ. ബെക്തറേവായിരുന്നു അതെഴുതിയിരുന്നത്. ഫ്രഞ്ച് ന്യൂറോളജിയുടെ തലതൊട്ടപ്പനായ ഷാർക്കേവിനെക്കുറിച്ചുള്ള ചില ലേഖനങ്ങളും കുറിപ്പുകളും സൂക്ഷിച്ചിരുന്ന ഒരു പെട്ടിയിലാണ് കത്ത് ഭദ്രമായി വച്ചിരുന്നത്.
രോഗങ്ങൾക്കോ പീഡനങ്ങൾക്കോ തകർക്കാനാവാത്ത ഒരു അവയവം സ്വന്തം ശരീരത്തിൽ സദാ പ്രവർത്തിക്കുന്നുണ്ട്. അതൊന്നുമാത്രം മതി ആയുസ്സിനെ ദൈർഘ്യമുള്ളതാക്കാനെന്ന് വ്ലജിമീർ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. തലയ്ക്കുള്ളിൽ ഇടയ്ക്കിടെ വന്നുനിറയുന്ന കടന്നൽമൂളൽ, ഉറക്കത്തിന്റെ ഒളിച്ചോട്ടം, അവിചാരിതമായ നേരങ്ങളിൽ തോന്നുന്ന അസഹനീയമായ ക്ഷീണം - ഇതൊന്നും ഇല്ലിച്ച് കാര്യമായെടുത്തില്ല.
വെടിവച്ചുകൊല്ലാനുള്ള ശ്രമം നടന്നതിനുശേഷം പോലും സുരക്ഷാമുൻകരുതലൊന്നും സ്വീകരിക്കാൻ ഒരുങ്ങിയതുമില്ല. അതെക്കുറിച്ചു ചോദിച്ചപ്പോഴൊക്കെ നെറ്റിയിൽ മൂന്ന് ചുളിവുകൾ കണ്ടതല്ലാതെ, ചിരിച്ചതല്ലാതെ മറുപടിയൊന്നും പറയാതെ നിശ്ശബ്ദനായി നോക്കിയിരുന്നതേയുള്ളൂ.
ക്രൂപ്സ്കയ എഴുതിയ ചില കുറിപ്പുകളെക്കുറിച്ചും ബെക്തറേവിന്റെ കത്തിൽ പരാമർശമുണ്ടായിരുന്നു. ജീവിതത്തെ ലെനിൻ എങ്ങനെയാണ് വെളിപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നവയായിരുന്നു അവ ഓരോന്നും.
ലെനിന്റെ ശമ്പളമുയർത്തി ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം പല സന്ദർഭങ്ങളിൽ നടന്നിട്ടുണ്ട്. മറ്റു വരുമാനമുള്ളവരും ജീവിതനിക്ഷേപങ്ങളുള്ളവരും നേതൃനിരയിൽ സാമാന്യം നന്നായി പുലരുമ്പോൾ കീറിയ കോട്ടും ഷൂസും മാറി വാങ്ങാൻ പോലും ലെനിൻ തിടുക്കം കാണിച്ചില്ല. സഹോദരിയുടെ വീട്ടിലും ഒളിത്താവളങ്ങളിലും ഓഫീസിലുമൊക്കെ ഒരേ മനസ്സോടെ ഇല്ലിച്ച് കഴിഞ്ഞു.
ചില നേരങ്ങളിൽ ലെനിനെ കോപാകുലനായും കാണാനായിട്ടുണ്ട്. അത് തന്റെ വരുമാനം വർദ്ധിപ്പിക്കാൻ നിശ്ചയിച്ചത് അറിഞ്ഞപ്പോഴും ചില നിലപാടുകൾ വ്യക്തി കേന്ദ്രീകൃതമായി മാറിയപ്പോഴുമായിരുന്നു.
ഒരിയ്ക്കൽ ക്രെംലിൻ കമാൻഡന്റ് ലെനിനെ കാണാനെത്തി. ദൂരെനിന്നു കണ്ടപ്പോൾ തന്നെ എന്തൊക്കെയോ കാലുഷ്യങ്ങൾ ഉള്ളിനെ ഇളക്കിമറിക്കാൻ തുടങ്ങിയ ഭാവം ലെനിനിൽ കാണാനായി. അതു മനസ്സിലാക്കിയ കമാൻഡന്റ് നിശ്ശബ്ദനായി നിന്നതല്ലാതെ അങ്ങോട്ടൊന്നും പറഞ്ഞില്ല. തിരിച്ചുപോകുമ്പോൾ പിന്നാലെ വാതില്ക്കൽ വരെ നടന്ന് ലെനിൻ കമാൻഡന്റിനെ രൂക്ഷമായൊന്നു നോക്കി.
"എന്റെ ശമ്പളം 500 ൽനിന്ന് 800 റൂബിളാക്കിയത് ഒട്ടും ശരിയായില്ല. ബ്രൂയേവിച്ചിന് ഞാൻ ഇതെക്കുറിച്ചെഴുതിയിരുന്നതാണ്. ദിവസങ്ങൾ പലതുകഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല. ഇത് നമ്മുടെ മുൻധാരണകൾക്ക് വിരുദ്ധമാണെന്നത് മറക്കണ്ട."
വിശപ്പ് എത്രനേരം അടക്കിവയ്ക്കാനും വ്ലജിമീറിന് കഴിഞ്ഞിരുന്നു. മറ്റുള്ളവരുടെ; വിശേഷിച്ച് കുട്ടികളുടെ ഒട്ടിയവയറും കരുവാളിച്ച മുഖവും വളരെപ്പെട്ടെന്ന് ആ മനസ്സിനെ തളർത്തുകയും ചെയ്തു. അതൊക്കെ ഇല്ലാതാകുന്ന ഒരു റഷ്യയാണ് വ്ലജിമീർ എപ്പോഴും സ്വപ്നം കണ്ടത്. അതിനുവേണ്ടിയുള്ള അഗ്നിപ്രയത്നങ്ങൾക്ക് നിയോഗിക്കപ്പെട്ടതാണ് താനെന്ന തോന്നലായിരുന്നു എപ്പോഴും വ്ലജിമീറിനെ നയിച്ചിരുന്നതും.
"അതൊക്കെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് ക്രിസ്റ്റഫർ. വിപ്ലവപ്രവർത്തനങ്ങളുടെ മുൻനിരയിൽ, സാഹസികമായ നിമിഷങ്ങളിൽ ലെനിനെ കണ്ടില്ലെന്ന പരാതി പറഞ്ഞവരുണ്ടല്ലോ. രാഷ്ട്രീയനിരക്ഷരരായ ഒരു ജനതയെ അപക്വമായ സമയത്ത് വിപ്ലവകാരികളെന്ന് ചാപ്പകുത്തി തെരുവിലിറക്കിയ ഒരാളെന്നു പറഞ്ഞവരുമുണ്ട്. ഇതൊന്നും റഷ്യയിലെ സാധാരണക്കാരായ മനുഷ്യർ വിശ്വസിച്ചില്ല. അവർ ലെനിനെ നഷ്ടപ്പെട്ടാൽ ഇല്ലാതാകുന്നത് കൃഷ്ണമണിയായിരിക്കുമെന്നും, കാഴ്ചയെ അത് ഇരുട്ടുമൂടിക്കുമെന്നും തിരിച്ചറിഞ്ഞിരുന്നു."
"ഇറീന എന്താണ് പറഞ്ഞുവരുന്നത്?" ക്രിസ്റ്റഫർ.
"നോവൽ ലെനിന്റെ അവസാനകാല ഏകാന്തതകളിലേക്കും ആരുമധികം ചികഞ്ഞുപോകാത്ത പിരിമുറുക്കങ്ങളിലേക്കുമാണ് ഇനി കടന്നുപോകേണ്ടത്’’.
ഇറീനയുടെ നിരീക്ഷണം ശരിയാണെന്ന് തോന്നിയ ക്രിസ്റ്റഫർ റീഡ് മേശപ്പുറത്തിരുന്ന ചുവന്ന ഫയലിന്റെ ചുവപ്പുനാടയുടെ കെട്ടഴിച്ചു.
ഡോ. ഷാർക്കേവിനെക്കുറിച്ചുള്ള ഡോ. ബെക്തറേവിന്റെ കുറിപ്പുകൾക്കിടയിൽ കണ്ട ചില തുണ്ടുകടലാസുകളിൽ നിന്നും ക്രിസ്റ്റഫർ റീഡിന് ചിലസൂചനകൾ മാത്രമാണ് ലഭിച്ചത്. ബെക്തറേവ് കടലാസ്സിന്റെ പല കോണുകളിൽ ചില അടയാളപ്പെടുത്തലുകൾ നടത്തിയിരുന്നു. ഏതാണ്ടൊരു വർഷത്തെ ഡോ. ഇറീനയുടെ അദ്ധ്വാനത്തിന്റെ ഫലമാണ് ഈ ഫയൽ. ഡോ. ബെക്തറേവ് പ്രിയപ്പെട്ട വ്ലജിമീറിനെക്കുറിച്ചെഴുതിവച്ചിട്ടുള്ള ഡയറിക്കുറിപ്പുകളും മുറിച്ചുവച്ചിട്ടുള്ള പത്രക്കഷ്ണങ്ങളും പലരുടെയും പല വടിവിലുള്ള കയ്യക്ഷരങ്ങൾ നിറഞ്ഞ കടലാസ്സുകളുമായിരുന്നു ആ ഫയലിൽ. അതിൽനിന്നു വേണം നോവലിൽ വിരാമമാകും മുമ്പുള്ള ചില അദ്ധ്യായങ്ങളെഴുതേണ്ടതെന്ന് ക്രിസ്റ്റഫർ ഉറപ്പിച്ചു.
ഡോ. ഇറീന യാത്ര പറഞ്ഞിറങ്ങിയശേഷം ക്രിസ്റ്റഫർ റീഡ് ഒരു വോദ്കയുമായി എഴുത്തുമുറിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. ബാൽക്കണിയിൽ നിന്നു നോക്കുമ്പോൾ അകലെനിന്നും ഇരുട്ടിലൂടെ നടന്നുവരുന്ന മൂന്നുപേരിൽ ഒരാൾ ലെനിനാണെന്ന് ക്രിസ്റ്റഫറിന് തോന്നി. അതേവേഷം, നടപ്പ്, ഉയരവും ഏതാണ്ടതുപോലെയാണ്. കൈകൾ കോട്ടിന്റെ പോക്കറ്റിൽ തിരുകിയാണ് നടപ്പ്.
എവിടെയാണെങ്കിലും ജനാല തുറന്നിട്ട് ഉറങ്ങുന്നതായിരുന്നു ലെനിന് പ്രിയം. ചില നേരങ്ങളിലത് മറ്റുള്ളവർക്ക് ഉറക്കമില്ലായ്മയായി മാറുകയും ചെയ്തിട്ടുണ്ട്. കെണിയിൽ നിന്ന് പുറത്തുവന്ന എലികളെപ്പോലെ ശത്രുപക്ഷം ചുറ്റും പരക്കംപായുമെന്ന് അറിയാമെങ്കിൽ കൂടി തനിക്കുചുറ്റും ഒരു ജനതയുടെ ഹൃദയസ്പന്ദനം കൊണ്ടുള്ള സുരക്ഷാകവചം നിലനില്ക്കുന്നതായി ലെനിൻ വിശ്വസിച്ചു. റെഡ് ആർമിക്കാരുടെ ഗാനാലാപനം മുഴങ്ങിക്കേൾക്കുന്നതാണ് തനിക്കേറെ ആനന്ദകരമായ പ്രഭാതമെന്ന് ലെനിൻ ഒന്നല്ല പലവട്ടം ക്രൂപ്സ്കയയോട് പറഞ്ഞിട്ടുണ്ട്.
'... സോവിയറ്റുകളുടെ അധികാരത്തിനായി നിലകൊള്ളുന്ന ഒരു മനുഷ്യനുവേണ്ടി ഞങ്ങൾ മരിക്കാനും ഒരുക്കമാണെന്ന്...' റെഡ് ആർമിക്കാർ പാടുമ്പോൾ ലെനിന്റെ മുഖത്ത് കാണാനായിട്ടുള്ള സംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതാണെന്നും ക്രൂപ്സ്കയ രേഖപ്പെടുത്തിയിരുന്നു.
ഡോ. ബെക്തറേവിനൊപ്പമുണ്ടായിരുന്ന നേരങ്ങളിൽ ലെനിൻ എന്തൊക്കെയാണ് പറഞ്ഞത്? പലതരം സംഘർഷങ്ങളെ എങ്ങനെയാണ് ലെനിൻ ആ നാളുകളിൽ നേരിട്ടത്?
ഒരാൾ എഴുതിക്കൊടുത്ത ഈ ചോദ്യത്തിനുള്ള ഉത്തരമെന്ന മട്ടിലാണ് ബെക്തറേവ് ഏഴെട്ടു പേജുള്ള മറുപടിക്കുറിപ്പ് സ്വന്തം കൈപ്പടയിൽ എഴുതിവച്ചിരുന്നത്. തന്റെ മരണശേഷം മാത്രം തുറക്കണമെന്നു പറഞ്ഞ് ലെനിൻ പാർട്ടിയുടെ ഉന്നതാധികാരക്കമ്മറ്റിക്കു നല്കിയതുപോലെയുള്ള ഒരു കത്തായിരുന്നു അത്.
"സംഭാഷണത്തിനിടയിൽ നീണ്ട ഇടവേളകൾ സംഭവിക്കുന്നത് ഞാൻ ആദ്യം മുതൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രോഗത്തെക്കുറിച്ച് അങ്ങനെ കാര്യമായ ഉത്ക്കണ്ഠയൊന്നും വ്ലജിമീറിനുണ്ടായിരുന്നില്ല. ഏതാണ്ട് മുപ്പതിലേറെ വർഷം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു കപ്പലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ചില നേരങ്ങളിൽ വ്ലജിമീറിന്റെ ശരീരചലനങ്ങൾ.
വൈകിയ രാത്രിയിൽ ക്ലിനിക്കിലെത്തുകയും ആമുഖമൊന്നുമില്ലാതെ സംസാരിച്ചുതുടങ്ങുകയും ചെയ്തപ്പോൾ ഞാൻ നല്ല കേൾവിക്കാരനായി.
ഇടയ്ക്കിടെ ചെവി വട്ടം പിടിച്ച് ചുറ്റും നോക്കിയ വ്ലജിമീർ പതിവില്ലാത്ത ഭാവത്തിൽ ഒരിയ്ക്കൽ പറഞ്ഞു: "നമ്മുടെ ചുറ്റും സംഭവിക്കുന്നതിൽ പലതും നമ്മൾ അറിയാതെ പോകുന്നുണ്ടോയെന്ന് ഞാൻ ഭയക്കുന്നു".
എന്റെ നിഴലിനൊപ്പം ഒരു കരിമ്പൂച്ച സദാ നടന്നുകൊണ്ടിരിക്കുന്ന ഒരു സ്വപ്നം കണ്ടാണ് ഞാൻ ഇന്നുപുലർച്ചെ ഉറക്കം ഞെട്ടിയുണർന്നത്. ലിയോൺ ട്രോട്സ്കി തന്ന പല മുന്നറിയിപ്പുകളും സൂചനകളും ശരിയായി മാറുകയാണെന്നു തോന്നും ചിലപ്പോൾ. അങ്ങനെ ആവാതിരിക്കട്ടെയെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ, നക്ഷത്രം നിറഞ്ഞ റഷ്യയുടെ ആകാശത്തിൽ അവയെ ഓരോന്നിനെയും അരിഞ്ഞു നിലത്തിടാനുള്ള കരുത്തോടെ ഒരു മൂർച്ച വട്ടംചുറ്റുന്നുണ്ട്. അത് സംഭവിക്കാത്ത ചിലതിന്റെ സൂചനയാണ്. എന്റെ നോട്ടം കടന്നുചെല്ലാൻ സാധ്യതയില്ലാത്ത ഇടങ്ങളിൽ ആ മൂർച്ച കൂടിവരികയാണ്. അത് മായ്ക്കാൻ അത്ര എളുപ്പമല്ലെന്ന് അടുത്ത കാലങ്ങളിൽ എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.
പുലരും വരെ ലെനിൻ വാതിൽതുറന്നിട്ട് പുറത്തേക്ക് നോക്കിയിരുന്നു. ഇരുട്ട് പതുക്കെ മാഞ്ഞ് പ്രഭാതമാകും വരെ ആ ഇരുപ്പ് തുടർന്നു. തണുപ്പ് മറ്റ് ദിവസങ്ങളേക്കാൾ ഇരട്ടിയായിരുന്നു അന്ന്.
(തുടരും)