ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 50
സ്വപ്നദർശനം

ആ രാത്രി എഴുത്തുമുറിക്ക് പുറത്തുവന്ന ഡോ. ബെക്തറേവ് ചുമന്നു കൊണ്ടുവന്നത് ചരിത്രത്തിന്റെ ഗന്ധകപ്പുരയായിരുന്നു.

ഷ്യയുടെ ഓരോ ഞരമ്പിലും ദാരിദ്ര്യം അള്ളിപ്പിടിക്കാൻ തുടങ്ങിയത് പെട്ടെന്നായിരുന്നില്ല. ഗ്രാമീണർ ഒരിയ്ക്കലത് വിധിഹിതമാണെന്നു കരുതിയിരുന്നു. സമൃദ്ധി ഒരു കൂട്ടർക്ക് തീറെഴുതി നല്കിയിരിക്കുന്നതായി അവർ വിശ്വസിച്ചു.

ഒക്ടോബർ വിപ്ലവത്തിനുശേഷം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം കുറയുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. റെഡ് ആർമിക്ക് ധാന്യമെത്തിക്കുന്നതിലും അവരെ ജാഗരൂകരാക്കി നിലനിർത്തുന്നതിലും പ്രത്യേകശ്രദ്ധ വേണമെന്ന് ലെനിൻ ഓരോ ദിവസവും ഓർമ്മപ്പെടുത്തി. ജന്മിമാരും മേലാളന്മാരും പരാജയപ്പെട്ടെന്ന് ആരും കരുതരുതെന്നും, ഓരോ നിമിഷവും അവർ തിരിച്ചടിയ്ക്കുള്ള ഒരുക്കം നടത്തിക്കൊണ്ടിരിക്കുമെന്നും, നിരന്തരം പറഞ്ഞു. മറ്റൊരാളുടെ കൈപ്പടയിലെഴുതിയ ഒരു കുറിപ്പും ആ ഫയലുകളിലൊന്നിൽ സൂക്ഷിച്ചിരുന്നു.

ഡോ. ബെക്തറേവിനു മുന്നിൽ താൻ നിരന്തരം നടത്തുന്ന തുറന്നുപറച്ചിലിനെ കുറിച്ച് കുറിപ്പുകളിൽ ലെനിൻ അത്രയൊന്നും വാചാലനായില്ല. ക്രൂപ്സ്കയയാണ് ഏറെ വൈകിയിട്ടും ഉല്യാനവ് ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞു കിടന്നതായും റഷ്യയുടെ ഓരോ കോണിൽ നിന്നുമുള്ള വാർത്തകൾക്കായി ആകാംക്ഷാപൂർവ്വം കാത്തിരുന്നതായും എഴുതിയിട്ടുള്ളത്.

ഫോണിനടുത്ത് ഒരു കസേര വലിച്ചിട്ടിരിക്കും. പലർക്കും കമ്പിസന്ദേശങ്ങളയച്ച് മറുപടിക്ക് കാക്കും. കർഷകർക്കും തൊഴിലാളികൾക്കുമെതിരെ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന പഴയ സർക്കാർ മേധാവികളെ തിരശ്ശീലയ്ക്കു പിന്നിലേക്ക് പുകയ്ക്കണമെന്നായിരുന്നു സ്റ്റാലിന്റെ നിലപാട്. ലെനിൻ അതിനോട് യോജിച്ചില്ല. തന്റെ നോട്ടവും കാതുമെത്തി, റഷ്യ പുതിയ ചിറകിൽ പറന്നുയരുന്നത് കാണണമെന്നും ലെനിൻ ബെക്തറേവിനോട് പറഞ്ഞു, ഒരിയ്ക്കലല്ല, പലതവണ. അതിനു ശേഷം മാത്രമേ ആഗ്രഹിക്കുന്ന ചിരി തന്റെ മുഖത്ത് കാണാൻ കഴിയൂ എന്നും ഇടയ്ക്കിടെ ചില സ്വപ്നങ്ങൾ ഉള്ളുടയ്ക്കുന്നതാണെന്നും ലെനിൻ സൂചിപ്പിച്ചുകൊണ്ടിരുന്നു.

"ക്രിസ്റ്റഫർ, ഒക്ടോബർ വിപ്ലവത്തിനുശേഷം ഏഴുവർഷമാണ് ലെനിൻ ജീവിച്ചിരുന്നത്. അതു കഴിഞ്ഞ് മൂന്നുവർഷമായപ്പോൾ ഡോ. ബെക്തറേവും മരിച്ചു. റഷ്യൻ ജനതയുടെ സമ്പൂർണ്ണവിശ്വാസം നേടാനായിരുന്നു ജീവിച്ചിരുന്ന നാളുകളിലെ ലെനിന്റെ ശ്രമം. ഊണും ഉറക്കവുമില്ലാതെ നടത്തിയ ശ്രമവും അതിനുവേണ്ടിയായിരുന്നു. രോഗവും, ശാരീരികാവശതകളും തളർത്തിയെങ്കിലും മൂക്കിനു തൊട്ടുതാഴെ, അല്ലെങ്കിൽ ശിരസ്സിനു മുകളിൽ താനറിയാതെ പലതും സംഭവിക്കുന്നത് ലെനിൻ അറിയുന്നുണ്ടായിരുന്നു", ഡോ. ഇറീന.

എഴുത്തിൽ മറ്റാരെങ്കിലുമാണ് ഇങ്ങനെ ഇടപെട്ടിരുന്നതെങ്കിൽ ക്രിസ്റ്റഫറിന്റെ ക്ഷമകെടുമായിരുന്നു. അവരോട് അസഹിഷ്ണുതയോടെ പെരുമാറുകപോലും ചെയ്തേനേ. കരാറൊപ്പിട്ട ദിവസം മുതൽ ഇത്രനാളും നോവലിനെയും ലെനിന്റെ ജീവിതത്തെയും നിരന്തരം തന്നെപ്പോലെ തന്നെ പിന്തുടരാൻ ശ്രമിച്ചത് ഇറീന മാത്രമാണ്. പലതവണ നോവലെഴുത്തിൽനിന്നും പിന്മാറാൻ ശ്രമിച്ചപ്പോഴൊക്കെ ആയം തന്ന് കരകയറ്റിയതും ഇറീന തന്നെ.

"ഇനി എഴുത്തെങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ വ്യക്തത വരാത്തതാണ് പ്രശ്നം. പല കഥാകാരന്മാരുടെയും കഥകളിലൂടെ, സമകാലികരുടെ അനുഭവങ്ങളിലൂടെ ലെനിന്റെ ജീവിതത്തെ പിന്തുടരാനുള്ള ശ്രമമാണ് ഇതുവരെ നടത്തിയത്. അതിനുശേഷം എന്തെന്ന ചോദ്യമാണ് വീണ്ടും വീണ്ടും എഴുത്തുകാരനെ ഈ അങ്കലാപ്പിൽ പെടുത്തുന്നത്. അതിൽനിന്നാണ് യഥാർത്ഥത്തിൽ കരകയറേണ്ടതും. നോവലെഴുത്തിന്റെ ആദ്യ ദിവസങ്ങളിൽ ഞാൻ പറഞ്ഞതാണ് എന്നെക്കൊണ്ട് ഇതു സാധ്യമാകുമെന്ന് തോന്നുന്നില്ലെന്ന്. ഇപ്പോഴും എനിക്ക് അങ്ങനെ തന്നെ തോന്നുന്നു’’.

ക്രിസ്റ്റഫറിന്റെ സംഭാഷണം കേട്ട ഇറീന ഏറെ നേരം ഒന്നും സംസാരിച്ചില്ല. ചിലത് സംസാരിക്കാനുണ്ടെന്ന് ആ കണ്ണുകളിലേക്ക് നോക്കിയിരുന്നപ്പോൾ ക്രിസ്റ്റഫറിന് മനസ്സിലായി.

"ഡോ. ബെക്തറേവിന്റെ കുറിപ്പുകൾ, അദ്ദേഹവുമായി അടുപ്പമുള്ളവർ നൽകിയ വിവരങ്ങൾ - ഇതൊക്കെ ഭദ്രമായി ശേഖരിച്ച് തന്നത് ഞാൻ തന്നതാണെല്ലോ. അതിലൂടെ കടന്നു പോകുമ്പോൾ ലഭിക്കുന്ന വെളിച്ചം, വഴിത്തിരിവുകൾ - ഇതൊക്കെയാണ് നോവലിൽ ഇനി വരേണ്ടതെന്നു തോന്നുന്നു. റഷ്യയിൽ മാത്രമല്ല ലോകമെമ്പാടും കൂടുതൽ തിരിച്ചറിയുകയും വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ജീവിതമായിരിക്കും വ്ലജിമീറിന്റേത്. അതുകൊണ്ടുതന്നെ നോവലിലെ ചരിത്രവസ്തുതകൾക്ക് വിരുദ്ധമായതൊന്നും കടന്നുവരാതെ നോക്കുകയും വേണം’’, ഇറീന ചൂണ്ടുവിരൽ കൊണ്ട് മേശമേൽ ഒരു കഷണ്ടി തല വരച്ചു; ഒന്നല്ല പലയാവർത്തി അത് മാറ്റിവരച്ചു.

ഈ വിശദീകരണം കേട്ടശേഷം ക്രിസ്റ്റഫർ റീഡ് ഇറീനയോട് യാത്ര പറഞ്ഞു. അധികം തിരക്കില്ലാത്ത വഴിയിലേക്കിറങ്ങി നടന്ന ഇറീനയ്ക്ക് വെറുതെ നഗരം കണ്ടു നടക്കണമെന്നു തോന്നി. അച്ഛന്റെ പ്രായമുള്ളവരും അതിലും മുതിർന്നവരും എതിരെ നടന്നു വരുന്നതുനോക്കി നിന്നു.

വാർദ്ധക്യം മനുഷ്യരെ മാറ്റുന്നതെങ്ങനെയെന്ന് ചിന്തിച്ച് ഇറീന ഇടത്തേക്ക് തിരിഞ്ഞു.

എത്ര വേണമെങ്കിലും ഈ കാഴ്ചകൾ കണ്ട് നഗരപ്രദക്ഷിണം നടത്താം. മുന്നിൽ വരുന്ന മനുഷ്യരെ നോക്കി നില്ക്കാം. ഓരോ മനുഷ്യനും അവരുടേതുമാത്രമായ ഒരു ജീവിതമുണ്ട്. ഒന്നിച്ചു നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും. ഒരാളുടെയുള്ളിൽ അയാൾമാത്രം വസിക്കുന്നു. ഇതുപോലുള്ള ആലോചനകളാണ് അപ്പോൾ മനസ്സിലേക്ക് വന്നത്.
അച്ഛനോടൊപ്പം നടന്നവഴികൾ, ഇരുന്നിട്ടുള്ള സ്ഥലങ്ങൾ, ഒന്നിച്ചു കയറിയിട്ടുള്ള ഹോട്ടലുകൾ, പുസ്തകശാലകൾ - ഇതെല്ലാം ഈ നഗരത്തെ കൂടുതൽ സ്നേഹിക്കാൻ കാരണമാണ്. ഓരോരുത്തരും അവർക്ക് ഏറ്റവും പ്രിയപ്പെട്ടവർ നടന്നുപോയ വഴിയിലൂടെ പോകുമ്പോഴാണ് ചുറ്റുമുള്ള മരങ്ങളിൽ കാറ്റുണരാൻ തുടങ്ങുന്നത്. ഡോ. ഇറീന രാത്രി മുഴുവൻ നഗരത്തിലൂടെ യാതൊരു ലക്ഷ്യവുമില്ലാതെ നടക്കാൻ നിശ്ചയിച്ചു.

വാതിൽ തുറന്ന് അകത്തേക്കു കയറാൻ തുടങ്ങിയ ക്രിസ്റ്റഫർ റീഡ് കണ്ടത് തൊട്ടപ്പുറത്തെ ഇടനാഴിയിൽ മുഖം തിരിഞ്ഞിരിക്കുന്ന ഒരു മനുഷ്യനെയാണ്. മുറിയുടെ പൂട്ടിയ വാതിലിൽ അയാളുടെ മുഷിഞ്ഞ തുകൽസഞ്ചി ചാരിവച്ചിരിക്കുന്നു. പലപ്പോഴും ഇതുപോലുള്ള അപരിചിതർ അപ്രതീക്ഷിതമായ അനുഭവങ്ങളുടെ കൂട് തനിക്കുമമേൽ കുടഞ്ഞിട്ടുണ്ടെന്ന് ക്രിസ്റ്റഫർ ഓർത്തു. അവയിൽ ചിലത് രാപകലുകളെ വേട്ടയാടുന്നവയായി മാറിയിട്ടുണ്ട്. അപ്പോഴൊക്കെ ഇതുപോലുള്ള സന്ദർഭങ്ങളിൽ കണ്ടില്ല കേട്ടില്ലയെന്ന മട്ടിൽ പെരുമാറണമെന്നൊക്കെ നിശ്ചയിക്കും. പലപ്പോഴുമത് നടക്കാറില്ലെന്നു മാത്രം.

ക്രിസ്റ്റഫർ ആഗതന് ചുറ്റും ഒരുവട്ടം നടന്നു. ഇല്ല; തന്റെ തൊട്ടടുത്തു വന്നുനില്ക്കുന്നതാരാണെന്നോ അയാളുടെ ഉദ്ദേശ്യമെന്താണെന്നോ അറിയാനുള്ള യാതൊരാകാംക്ഷയും അയാൾക്കുണ്ടായിരുന്നില്ല. ഒന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിലായിരുന്നു അയാളുടെ ഇരുപ്പ്.

ചില മനുഷ്യർ, ചിലരുടെ ചിരി, സവിശേഷാനുഭൂതി ഉളവാക്കുന്ന ഗന്ധങ്ങൾ, ദീനമായ കാഴ്ചകൾ - ഇങ്ങനെ പലതും അറിയാത്ത ഭാവത്തിൽ മറികടന്നുപോകാൻ ക്രിസ്റ്റഫർ റീഡിന് സാധിക്കുമായിരുന്നില്ല. അതുതന്നെ അപ്പോഴും സംഭവിച്ചു. ആ മനുഷ്യനെ കടന്ന് മുറിയിലേക്ക് കയറിപ്പോകാൻ കഴിഞ്ഞില്ല.

ഒന്നല്ല പലതവണ ക്രിസ്റ്റഫർ തൊട്ടുമുന്നിലെത്തിയിട്ടും തലയുയർത്തി നോക്കാൻ അയാൾ കൂട്ടാക്കിയില്ല. നിലത്തു ചവിട്ടി ശബ്ദമുണ്ടാക്കിയിട്ടും, താക്കോൽ നിലത്തിട്ടെടുത്തിട്ടും അതു സംഭവിച്ചില്ല. ഒടുവിൽ ക്ഷമകെട്ട ക്രിസ്റ്റഫർ ചോദിച്ചു, "ആരാണ് നിങ്ങൾ?"

അയാൾ സാവകാശം തലയുയർത്തി നോക്കി.
കുഴിഞ്ഞ കണ്ണുകൾ. നീണ്ട നഖം, മുടി ഇടതൂർന്ന് വളർന്നുകിടന്നു. ചോദ്യം ആവർത്തിച്ച ക്രിസ്റ്റഫറിനെ നോക്കി അയാൾ തുരുമ്പുപിടിച്ച താക്കോൽക്കൂട്ടമെടുത്തു കുലുക്കിയശേഷം പറഞ്ഞു:
‘ഞാൻ വ്ലജിമീർ ബെക്തറേവ്’.

(തുടരും)


Summary: Dasvidaniya Lenin, Goodbye Lenin, Malayalam Novel by C Anoop. Chapter 50.


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments