ചിത്രീകരണം: രാജേഷ് ചിറപ്പാട്

ദസ്വിദാനിയ ലെനിൻ
Good bye Lenin

അധ്യായം 51
തെറ്റ്

“എനിക്കു പറ്റിയ തെറ്റ്; വലിയ തെറ്റ്- ഇങ്ങനെ ഒന്നുരണ്ടാവൃത്തി പറഞ്ഞശേഷമാണ് അന്ന് കാറിലേക്ക് കയറിയത്. അപ്പോഴത്തെ ആ വേദനയും ശബ്ദപ്പതർച്ചയും ഇപ്പോഴും എനിക്ക് മറക്കാനായിട്ടില്ല”; ഇത്രയും പറഞ്ഞുകഴിഞ്ഞതോടെ ഡോ. ബെക്തറേവ് ക്ഷീണിതനായി ചുമരിലേക്ക് ചാഞ്ഞു.

ആറേഴുവർഷങ്ങളിൽ ലെനിൻ നിശ്ശബ്ദനായിരുന്ന സന്ദർഭങ്ങൾ; ഉള്ളിലുരുണ്ടുകൂടിയ കാർമേഘപാളികൾ. ക്രൂപ്സ്കയ എഴുതിയ 'ലെനിന്റെ ജീവിത'മെന്ന പുസ്തകത്തിൽപോലും കാണാൻ കഴിയാത്ത മുഹൂർത്തങ്ങൾ - ഇവയെല്ലാം അറിയാൻഒറ്റവഴിയേ ക്രിസ്റ്റഫറിനു മുന്നിലുണ്ടായിരുന്നുള്ളൂ. ഡോ. ബെക്തറേവിനെക്കൊണ്ട് സംസാരിപ്പിക്കുക. ബെക്തറേവ് എഴുതിയ കുറിപ്പുകളിലൊന്നും കടന്നുവരാത്ത ചിലത് ചില തിരിവുകളിൽ ഉദ്വേഗഭരിതമായി ഒളിഞ്ഞിരിപ്പുണ്ട്. അവ ഓരോന്നായി ബെക്തറേവിൽനിന്നുതന്നെ നേരിട്ട് കേൾക്കാനാകുമെന്ന തോന്നൽ ക്രിസ്റ്റഫറിനെ കൂടുതൽ ഉന്മേഷവാനാക്കി.

ലെനിൻ മരിച്ചശേഷം മൂന്നുവർഷങ്ങൾ മാത്രമാണ് ഡോ. ബെക്തറേവ് ജീവിച്ചത്. ലെനിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനെന്ന് സ്വയം പറഞ്ഞുനടന്നില്ലെങ്കിലും മറ്റുള്ളവർക്കങ്ങനെയാണെന്ന് തോന്നിയിരുന്നു.

സ്റ്റാലിന്റെ ചില കിങ്കരന്മാർ പ്രച്ഛന്നവേഷധാരികളായി പലതവണ ക്ലിനിക്കിലും വീട്ടിലും ഡോ. ബെക്തറേവിനെ തേടി ചെന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ബർത ബെക്തറേവിനെ കണ്ട് ചില രഹസ്യങ്ങളുടെ ചുരുൾ നിവർത്താൻ ശ്രമിച്ചിട്ടുണ്ട്. അതൊന്നും ഫലം കാണാതെ വന്നതോടെ ചാരന്മാർ അർത്ഥഗർഭമായ മൗനത്തിൽതിരിച്ചുപോകുകയാണുണ്ടായത്.

ആ ഏഴുവർഷത്തെ ലെനിന്റെ ജീവിതവും അനുഭവങ്ങളും പ്രതികരണവും അറിയാനുള്ള ശ്രമമാണ് താൻ തീർച്ചയായും നടത്തേണ്ടതെന്ന് ക്രിസ്റ്റഫറിനുറപ്പുണ്ടായിരുന്നു.

മരണാനന്തരം ബെക്തറേവിന്റെ അതേ രൂപഭാവങ്ങളുള്ള ഒരാൾ തന്റെ എഴുത്തുമുറിയുടെ മുന്നിൽ പ്രത്യക്ഷനാകുക. എന്തും ചോദിച്ചോളൂ കൃത്യമായ ഉത്തരം പറഞ്ഞുതരാമെന്ന ആമുഖത്തോടെ കസേര വലിച്ചിട്ട് എഴുത്തുമേശയ്ക്കരികെ ഇരിയ്ക്കുക - ഇങ്ങനെ ഒരനുഭവം ജീവിതത്തിൽ ആദ്യമാണ്.

സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിൽ ഇതുപോലുള്ള നൂൽവലയ യാത്രകൾ സംഭവിച്ചതിനെപ്പറ്റി എഴുത്തുകാരിൽ ചിലരെഴുതിയിട്ടുള്ളത് ക്രിസ്റ്റഫർ റീഡ് ഓർത്തു. ഡോ. ബെക്തറേവ് നിർഭയമായി ചിലതൊക്കെ പറയുമെന്ന ഭാവത്തിലായിരുന്നു. മരിച്ചവർക്ക് മാത്രമേ ഭയത്തിന്റെ പുതപ്പ് വലിച്ചുമാറ്റാൻ കഴിയുമായിരുന്നുള്ളൂ. ജീവിച്ചിരിക്കുമ്പോഴാണ് ഭയം മുന്നിൽ വന്നുനില്ക്കാറുള്ളത്.

"... ജോൺ റിഡിനോട് വ്ലജിമീർ പറഞ്ഞതാണ് എനിക്ക് ഓർമ്മ വരുന്നത്..." ക്രിസ്റ്റഫറിന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്ന ഡോ. ബെക്തറേവ് സംസാരിച്ചു തുടങ്ങി.

... പത്തുവർഷം കഴിയുമ്പോൾ ജോൺ റീഡ്, നിങ്ങൾ കാണുന്നത് ഇന്നത്തെ റഷ്യയാവില്ല. ഇപ്പോൾ ചോദിച്ച ചോദ്യങ്ങളും സംശയങ്ങളുമൊന്നും അന്ന് നിങ്ങളെ ഭരിക്കാൻ നിങ്ങൾ തന്നെ അനുവദിക്കില്ല. വിപ്ലവം, മനുഷ്യനെ എവിടേയും ഒന്നായി കാണാൻ പഠിപ്പിക്കുന്ന തത്ത്വശാസ്ത്രമാണ്".
ധനവിനിയോഗം, ഭരണക്രമം - ഇതെക്കുറിച്ചൊക്കെ ലെനിൻ റീഡിന് വിശദമാക്കിക്കൊടുത്തു. അന്ന് വൈകുന്നേരം ഗോർക്കിയുമായി സംസാരിച്ചശേഷം ലെനിൻ ക്ലിനിക്കിലേക്ക് വരണമെന്നു പറഞ്ഞു. ഇത്ര വൈകിയതിനാൽ വിശ്രമിക്കുന്നതല്ലേ നല്ലതെന്ന് ക്രൂപ്സ്കയയും ഗോർക്കിയും പറഞ്ഞുനോക്കിയതാണ്. ഒന്നു നിശ്ചയിച്ചാൽ അത് നടപ്പിലാക്കാതെ മറ്റൊന്നിലേക്ക് തിരിയാൻ അനുവദിക്കുന്നതല്ല സ്വന്തം മനസ്സെന്നു പറഞ്ഞാണ് വ്ലജിമീർ അന്ന് യാത്ര തിരിച്ചത്.

രാത്രി ഏറെ വൈകുംവരെ ലെനിൻ നിശ്ശബ്ദനും ഇടയ്ക്കിടെ മാത്രം വാചാലനുമായി എന്റെ മുന്നിലിരുന്നു. ഇഷ്ടപ്പെട്ട ചില ഭക്ഷണവിഭവങ്ങൾ വരുത്തി. എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. എങ്കിലും ഒന്നുറപ്പായിരുന്നു. മൂന്നാമതൊരാൾ അറിയരുതെന്ന് നിർബന്ധമുള്ള ചിലത് പറയാൻ നിശ്ചയിച്ചിരുന്നു. രോഗം, മരണം, അനപത്യതാദുഃഖം - ഇങ്ങനെ മനുഷ്യനിയന്ത്രണങ്ങൾക്കതീതമായ ചില വേദനകൾആർക്കും എവിടെയും സംഭവിക്കാമെന്ന് ലെനിനും വിശ്വസിച്ചിരുന്നു."

ഇരുട്ട് പതിവിലും കനത്തു.
ഇടനാഴിയിലൊരില വീണാലറിയുന്നതുപോലെ നിശ്ശബ്ദത. ക്രിസ്റ്റഫർ റീഡ് ജനാല തുറന്നിട്ടു. തുകൽസഞ്ചിക്കുമേൽ വന്നിരുന്ന ഡോ. ബെക്തറേവ് ചോദ്യങ്ങൾക്കൊക്കെ ഒന്നൊന്നായി മറുപടി പറയാൻ തുടങ്ങി.

ആദ്യം അത്ഭുതമാണ് തോന്നിയത്. എങ്ങനെയാണ് ഒരാൾ മുന്നിലിരിക്കുന്ന മറ്റൊരാളുടെ മനസ്സ് ഇത്രമാത്രം ആഴത്തിൽ വായിച്ചെടുക്കുന്നതെന്ന തോന്നൽ കൂടിവന്നു. ചില അത്ഭുതങ്ങളെ അതിന്റെ വഴിക്കുവിടുകയാണ് നല്ലതെന്ന് തോന്നിയതോടെ ക്രിസ്റ്റഫർ റീഡ് കണ്ണും കാതും ഡോ. ബെക്തറേവിനു നല്കി നോക്കിയിരുന്നു.

"... സ്റ്റാലിനെ ഞാൻ മുൻനിരയിലെത്തിച്ചതല്ല. അയാൾ എത്തിയതാണ്. പരിചയപ്പെട്ട നാൾ മുതൽ ഏല്പിക്കുന്ന ദൗത്യമെന്തും അവിശ്വസനീയമായ വേഗതയിൽ, അത്ഭുതപ്പെടുത്തുംവിധം ചെയ്തു തീർക്കുന്നതായിരുന്നു അയാളുടെ രീതി. സാമ്പത്തിക സമാഹരണവും പത്രം നടത്തിപ്പും മെൻഷെവിക്കുകളുടെ രഹസ്യനീക്കങ്ങൾ കണ്ടെത്തി ചെറുക്കലുമൊക്കെ മറ്റാരെക്കാളും നന്നായി സ്റ്റാലിൻചെയ്തുതീർത്തു.

നിരന്തരമായ പലായനവും അധ്വാനവും ഏറെ തളർത്തിയപ്പോഴൊക്കെ വല്ലാത്തൊരൂർജ്ജമുണർത്തിക്കൊണ്ടാണ് സ്റ്റാലിൻ കടന്നുവന്നത്. അതാണ് എന്നെ പ്രധാനമായും ആകർഷിച്ച ഘടകം. ഇങ്ങനെയുള്ള ലെനിന്റെ വിശദീകരണം കേട്ടിരുന്നപ്പോൾ ഉള്ളിൽ തോന്നിയ സംശയങ്ങളൊന്നും ഞാൻ ചോദിച്ചില്ല. ഞാൻ ചോദിക്കാതിരിക്കില്ലെന്നു തോന്നിയ ചില സന്ദേഹങ്ങൾക്കുകൂടി ലെനിൻ മറുപടി പറഞ്ഞു.

.... പാതിരിമനസ്സിൽ നിന്ന് വിപ്ലവകാരിയിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല. പിന്നണിയിൽ നിന്നും ഉള്ളറകളിൽ നിന്നും പുറത്തുവന്ന നാൾ മുതൽ അയാൾ ശ്രദ്ധിച്ചത് എനിക്കു തൊട്ടരികെ നില്ക്കുന്നവരെയാണ്. അതിൽ ഞാൻ വിയോജിച്ചവരുമുണ്ടായിരുന്നു. ഒരു മുന്നേറ്റ ശ്രമത്തിൽ വ്യത്യസ്തമായ ആശയങ്ങളെ യോജിപ്പിച്ചു നിർത്താതെ വിജയം സാധ്യമല്ല. അതെപ്പറ്റി ഞാൻ പലതവണ സ്റ്റാലിനുമായി സംസാരിച്ചിട്ടുള്ളതാണ്. അപ്പോഴൊക്കെ തീർത്തും നിശ്ശബ്ദനായിരുന്നു സ്റ്റാലിൻ. എന്നാൽ എന്റെ മുന്നിൽനിന്നുമിറങ്ങി നടക്കുന്ന നിമിഷം മുതൽ അയാൾ മറ്റൊരാളായി മാറുന്നതിനെക്കുറിച്ച് ക്രൂപ്സ്കയപോലും ചില സൂചനകൾ നല്കിയിരുന്നു. അതെല്ലാം തോന്നലുകളല്ലാതെ മറ്റൊന്നുമാവില്ലെന്ന് ഞാൻ കരുതി. ഇന്ന് ഞാൻ കേൾക്കുന്നതും അറിയുന്നതുമൊന്നും കേവലം കേട്ടുകേൾവിയല്ലെന്ന് തീർച്ചയാണ്. റഷ്യൻ ജനത കാണാനാഗ്രിക്കാത്ത പലതും എന്റെ കാലശേഷം ബെക്തറേവ്, നിങ്ങൾ കാണേണ്ടി വരും..."

ഇളകിമറിഞ്ഞ ലെനിന്റെ മനസ്സിനു മുന്നിൽ ഡോ. ബെക്തറേവ് നിശ്ശബ്ദനായി.

'... കൊടും തണുപ്പിലും ക്ഷീണമറിയാതെ വ്ലജിമീർ എത്രദൂരം വേണമെങ്കിലും നടക്കാറുള്ളതാണ്. പക്ഷേ, അന്ന് വല്ലാതെ തളരുകയും വിയർക്കുകയും ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. സംസാരമവസാനിക്കുന്നതിനു തൊട്ടുമുമ്പ് ലെനിൻ പറഞ്ഞത് പിന്നാലെ സംഭവിക്കാൻ പോകുന്നതാണെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയതല്ല. വ്ലജിമീർ പറഞ്ഞത് ശരിയായിരുന്നു. മരണം; പതിഞ്ഞ ചുവടുകൾ വച്ച് തനിക്കു നേരെ നടന്നുവരികയും തൊട്ടരികെ കസേര വലിച്ചിട്ട് ഇരുന്നുകഴിഞ്ഞെന്നും പറഞ്ഞപ്പോൾ അത് അത്രമാത്രം സമീപസ്ഥമായതായി ഞാൻ വിശ്വസിച്ചില്ല.'

ഡോ. ബെക്തറേവിന്റെ കണ്ണുകൾ തിളങ്ങി. ക്രിസ്റ്റഫറിന് അങ്ങോട്ടൊന്നും ചോദിക്കാൻ തോന്നിയില്ല.

"അങ്ങനെ സംഭവിച്ചെന്നറിഞ്ഞ നിമിഷം എന്റെ കാഴ്ചയിൽ കറുത്ത നിറമുള്ളൊരു കടൽ പെരുത്തുവന്നു. ചിത്രങ്ങളിൽ പോലും കാണാത്ത പലതരം വന്യമൃഗങ്ങൾ അവിടെ നീന്തുകയും പുളച്ചുമറിയുകയും ചെയ്തു. ആ രാത്രി പിന്നീടൊരിക്കലുമെനിക്ക് സങ്കല്പിക്കാൻ കഴിഞ്ഞില്ല.

ഒരു മനുഷ്യൻ ഇത്രമാത്രം എഴുതുകയും വായിക്കുകയും ചിന്തിക്കുകയും പ്രവൃത്തിക്കുകയുമൊക്കെ ചെയ്തതോർക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കാനാവില്ല. ഏറെ നാളുകളിലെ വിശ്രമമില്ലായ്മയ്ക്ക് ശേഷമായിരിക്കും പെട്ടെന്നൊരു ദിവസം 'ഞാനെത്തി'യെന്ന ആമുഖത്തോടെ വ്ലജിമീർ എന്റെ ക്ലിനിക്കിലേക്ക് പലപ്പോഴും വന്നുകയറുന്നത്.

മരണത്തിനുമുമ്പ്, കൃത്യമായി പറഞ്ഞാൽ 1924 ജനുവരിയുടെ തുടക്കത്തിലൊരു ദിവസമാണ് ഞങ്ങൾ അവസാനമായി കണ്ടുമുട്ടിയത്. അന്ന് വ്ലജിമീർ പറഞ്ഞതും പറയാൻ ശ്രമിച്ചതുമൊക്കെ തുടർ നാളുകളിലോരോന്നായി റഷ്യയിൽ സംഭവിക്കുന്നതു കണ്ടപ്പോൾ എനിക്ക് യാതൊരത്ഭുതവും തോന്നിയില്ല.

(തുടരും)


സി. അനൂപ്​

നോവലിസ്​റ്റ്​, കഥാകൃത്ത്​. 30 വർഷമായി പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ. പ്രണയത്തിന്റെ അപനിർമ്മാണം, പരകായപ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയന്റെ പുച്ച, ഇ.എം.എസും ദൈവവും, രാച്ചുക്ക് (കഥാ സമാഹാരങ്ങൾ), വിശുദ്ധ യുദ്ധം (നോവൽ) ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം ( പീറ്റർമാരിസ് ബർഗിലെ തീവണ്ടി ) - യാത്രാവിവരണം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments